Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202118Friday

കോവിഡ് പ്രതിരോധം: ഐ സി യു കിടക്കകൾ ഇല്ലാതാകുമ്പോൾ എന്ത് സംഭവിക്കും? മുരളി തുമ്മാരുകുടി എഴുതുന്നു

കോവിഡ് പ്രതിരോധം: ഐ സി യു കിടക്കകൾ ഇല്ലാതാകുമ്പോൾ എന്ത് സംഭവിക്കും? മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ഐ സി യു കിടക്കകൾ ഇല്ലാതാകുമ്പോൾ എന്ത് സംഭവിക്കും?

പാഠം രണ്ട്: ഇറ്റലി

ചൈനയിൽ നിന്നും കോവിഡ് 19 ആദ്യം പുറത്തെത്തിയ രാജ്യം അല്ല ഇറ്റലി. തായ്ലണ്ടിലും സിംഗപ്പൂരും ഒക്കെ അതിന് മുൻപ് തന്നെ ചൈനയിൽ നിന്നും കോവിഡ് എത്തിയിരുന്നു. രണ്ടായിരത്തി ഇരുപത് ജനുവരിഅവസാനം കേരളത്തിൽ കോവിഡ് എത്തിയ സമയത്ത് തന്നെയാണ് ഇറ്റലിയിൽ കോവിഡ് എത്തിയത്.

പക്ഷെ കോവിഡിന്റെ സംഹാര രൂപം പാശ്ചാത്യ മാധ്യമങ്ങൾ ആദ്യം നേരിട്ടറിഞ്ഞത് ഇറ്റലിയിൽ വച്ചാണ്. ഫെബ്രുവരിയിൽ പതുക്കെ പതുക്കെ മുകളിലേക്ക് വന്ന കേസുകൾ മാർച്ച് മാസം പത്തായതോടെ പ്രതിദിനം ആയിരം കേസുകൾക്ക് അപ്പുറത്തായി മരണം പ്രതിദിനം നൂറു കടന്നു.

ലോക്ക് ഡൗൺ

കേസുകൾ പതുക്കെ കൂടി വന്നെങ്കിലും ശക്തമായ ലോക്ക് ഡൗൺ നടപടികൾ ഇറ്റലിയിൽ ആദ്യം ഉണ്ടാകുന്നത് ഫെബ്രുവരി ഇരുപത്തി രണ്ടാം തീയതിയാണ്. വടക്കൻ ഇറ്റലിയിൽ പതിനൊന്നു മുനിസിപ്പാലിറ്റികളിൽ ഏതാണ്ട് അയ്യായിരം പേർക്ക് ഇറ്റലി ക്വാറന്റൈൻ പ്രഖ്യാപിച്ചു. പക്ഷെ കാര്യങ്ങൾ ഇതുകൊണ്ട് നിയന്ത്രണത്തിൽ ആയില്ല. മാർച്ച് എട്ടാം തീയതി ഇറ്റലിയിലെ ലൊമ്പാർഡി പ്രാവശ്യയിലും ഒമ്പതാം തിയതി രാജ്യം മൊത്തവും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു രാജ്യം മൊത്തം ലോക്ക് ഡൗണിലേക്ക് പോയത്. ആറു കോടി ആളുകൾ ലോക്ക് ഡൗണിൽ ആയി.

പക്ഷെ ചൈനയിലെ പോലെ ഒറ്റ ലോക്ക് ഡൗണിന് കൊറോണയെ നിയന്ത്രണത്തിൽ ആക്കാൻ സാധിച്ചില്ല, ഒന്നാമത്തെ തരംഗത്തിന് ശേഷം കൊറോണയുടെ രണ്ടും മൂന്നും തരംഗങ്ങൾ ഉണ്ടായി. അപ്പോഴൊക്കെ ശക്തമായ ലോക്ക് ഡൗൺ നടപടികൾ വേണ്ടിവരികയും ചെയ്തു. ഇപ്പോഴും പ്രതിദിനം അയ്യായിരത്തോളം കേസുകൾ ഇറ്റലിയിൽ നിന്നും വരുന്നുണ്ട്. പല നിയന്ത്രണങ്ങളും ഇപ്പോഴും നിലനിൽക്കുന്നു.

ഇറ്റലിയിൽ നിന്നുള്ള ഒന്നാമത്തെ പാഠം കോവിഡ് ഒറ്റയടിക്ക് തീർത്തുകളയാവുന്ന ഒന്നല്ല എന്നതാണ്. ഒരു കണക്കിന് അടിച്ചൊതുക്കുമ്പോൾ വീണ്ടും അത് തല പോക്കും, അപ്പോൾ വീണ്ടും കർശനമായ നിയന്ത്രണങ്ങൾ വേണ്ടി വരും. ഇതൊന്നും സാമ്പത്തികമായോ, രാഷ്ട്രീയമായോ മാനസികമായോ എളുപ്പമല്ല. പക്ഷെ തൽക്കാലം മറ്റു മാർഗ്ഗങ്ങൾ ഇല്ല.

നിറഞ്ഞു കവിയുന്ന ആശുപത്രികൾ

ഇറ്റലിയിലെ പൊതുവെ സമ്പന്നമായ പ്രദേശമാണ് ലൊമ്പാർഡി. ഇക്കാര്യം അവിടുത്തെ ആശുപത്രി സൗകര്യങ്ങളുടെ കാര്യത്തിലും പ്രകടമായിരുന്നു. ഇറ്റലിയിൽ ഏറ്റവും കൂടുതൽ ആശുപത്രി കിടക്കകൾ ഉള്ളത് ലൊമ്പാർഡി പ്രദേശത്താണ്. പക്ഷെ അതിവേഗത്തിൽ കൂടി വന്ന കോവിഡ് ആശുപത്രി സൗകര്യങ്ങളുടെ പരിധിക്കപ്പുറത്ത് പോയി. ചില പ്രദേശങ്ങളിൽ ലഭ്യമായ ഓരോ ഐ സി യു ബെഡിനും രണ്ടിൽ കൂടുതൽ ആവശ്യക്കാരുണ്ടായി. രോഗം ബാധിച്ചവരിൽ പത്തിലൊന്നു പേരിൽ കൂടുതൽ മരിക്കുന്ന നിലവന്നത് ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്കപ്പുറത്ത് കേസുകളുടെ എണ്ണം പോയതുകൊണ്ടാണ്.

ഇത്തരം സാഹചര്യങ്ങളിൽ ആർക്കാണ് ആശുപത്രി സൗകര്യങ്ങൾ ലഭ്യമാക്കേണ്ടത് എന്നതിന് മാർഗ്ഗരേഖകൾ ഉണ്ടാക്കേണ്ടി വന്നു.

(Clinical ethics recommendations for the allocation of intensive care treatments, in exceptional, resource-limited circumstances). ഉദാഹരണത്തിന് 'Age, comorbidities, and the functional status of any critically ill patient should carefully be evaluated. A longer and, hence, more 'resource-consuming' clinical course may be anticipated in frail elderly patients with severe comorbidities, as compared to a relatively shorter and potentially more benign course in healthy young subjects. The underlying principle would be to save limited resources which may become extremely scarce for those who have a much greater probability of survival and life expectancy, in order to maximize the benefits for the largest number of people. In the worst-case scenario of complete saturation of ICU resources, a 'first come, first served' criterion is not recommended, as it would ultimately result in denying access to ICU care to a large number of potentially curable patients.'
ആദ്യം വരുന്നവർക്ക് ആദ്യം ഐ സി യു ലഭ്യമാക്കുകയല്ല കുറച്ചു ദിവസം കൊണ്ട് സ്ഥിതി മെച്ചപ്പെടുകയും അതിന് ശേഷം കൂടുതൽ കാലം ജീവിക്കാൻ സാധ്യതയുള്ളവർക്കാണ് ഐ സി യു ക്ഷാമം ഉള്ള സാഹചര്യങ്ങളിൽ ഐ സി യു ലഭ്യമാക്കേണ്ടതെന്നാണ് ഒരു നിർദ്ദേശം. ഇതിൽ ഏറ്റവും ബുദ്ധിമുട്ടുള്ളത്

'A longer and, hence, more 'resource-consuming' clinical course may be anticipated in frail elderly patients with severe comorbidities, as compared to a relatively shorter and potentially more benign course in healthy young subjects' എന്ന നിർദ്ദേശം ആണ്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്. കൊറോണ കഴിയുമ്പോൾ ഏറെ ചർച്ച ചെയ്യാൻ പോകുന്ന ഒന്നാണ്. ഇത്തരം ചർച്ചകളും നിർദ്ദേശങ്ങളും തിരഞ്ഞെടുപ്പുകളും നാട്ടിൽ വേണ്ടി വരില്ല എന്ന് ആഗ്രഹിക്കുക'

ഇറ്റലിയിലെ രണ്ടാമത്തെ പാഠം ഒരു കാരണവശാലും നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കപ്പുറത്ത് രോഗികളുടെ എണ്ണം പോകാതെ നോക്കണം എന്നതാണ്. ഇപ്പോൾ കേരളത്തിലെ മരണ നിരക്ക് രോഗം ഉണ്ടാവുന്നവരുടെ ഇരുന്നൂറിൽ ഒന്നിലും താഴെയാണ്. പക്ഷെ രോഗികളുടെ എണ്ണം ആശുപത്രി സംവിധാനങ്ങളുടെ മുകളിൽ പോയാൽ മരണ നിരക്ക് പതിന്മടങ്ങോ അതിൽ കൂടുതലോ ആകും. അപ്പോൾ എത്ര കർശനമായ ലോക്ക് ഡൗൺ നടത്തി ആയാലും രോഗികളുടെ എണ്ണം ആശുപത്രി സൗകര്യങ്ങളുടെ പരിധിക്കകത്ത് നിർത്തിയേ പറ്റൂ. ആരെയാണ് മരണത്തിന് വിട്ടുകൊടുക്കേണ്ടത് എന്ന തീരുമാനം എടുക്കേണ്ട ആവശ്യം നമ്മുടെ ഡോക്ടർമാർക്ക് ഉണ്ടാകരുത്.

ആരോഗ്യ പ്രവർത്തകരുടെ മരണം

രണ്ടായിരത്തി ഇരുപത് ഏപ്രിൽ മാസം ആയപ്പോഴേക്ക് ഇറ്റലിയിൽ പതിനേഴായിരം ആരോഗ്യപ്രവർത്തകർക്ക് കോവിഡ് 19 രോഗബാധ ഉണ്ടായി. മൊത്തം രോഗം ബാധിച്ചവരിൽ ഏതാണ്ട് പത്തു ശതമാനം വരും ഇത് !. നൂറ്റി നാല്പത് ഡോകർമാരും മുപ്പത്തി അഞ്ചു നഴ്‌സുമാരും മരിച്ചു എന്നാണ് അന്നത്തെ കണക്കുകൾ സൂചിപ്പിച്ചത്. മിഡ്വൈഫ് തൊട്ട് ഫിസിയോതെറാപ്പിസ്റ്റ് വരെ മരണത്തിന് അകപ്പെട്ടു. ആരോഗ്യ പ്രവർത്തകരുടെ ആത്മഹത്യകളും ഇക്കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു.

കൊറോണയെപ്പറ്റി ശാസ്ത്രലോകത്തിന് ഏറെ അറിവില്ലാത്ത സമയത്താണ് ഇറ്റലിയിലെ ആരോഗ്യപ്രവർത്തകർക്ക് അതിനെ നേരിടേണ്ടി വന്നത്. അതിനവർ വലിയ വില നൽകേണ്ടി വന്നു എന്നത് കണ്ടല്ലോ. പക്ഷെ ഈ കാലത്ത് ഇറ്റലിയിൽ നിന്നും അനവധി ഡോക്ടർമാർ രോഗത്തെ പറ്റി, ചികിത്സയെപ്പറ്റി ഒക്കെ ജേർണലുകളിൽ പ്രസിദ്ധീകരിച്ചു. അത് വേണ്ടത്ര മുൻകരുതലുകൾ എടുക്കാനും രോഗത്തെ ശരിയായി നേരിടാനും മറ്റു രാജ്യങ്ങളിലെ ആരോഗ്യ പ്രവർത്തകർക്ക് സഹായമായി. ഏതൊരു പ്രതിസന്ധിയുടെ നടുക്കും പ്രധാന പാഠങ്ങൾ പഠിക്കുകയും പങ്കുവെക്കുകയും വേണം എന്നതൊരു പ്രധാന പാഠമാണ്.
സാങ്കേതിക വിദ്യകളുടെ പ്രയോഗം

കൊറോണയുടെ കാലത്ത് ആരോഗ്യം, തൊഴിൽ, വിദ്യാഭ്യാസം, വാണിജ്യം ഈ രംഗങ്ങളിൽ എല്ലാം അതി വേഗതയിൽ ഡിജിറ്റൈസേഷൻ ഉണ്ടായി. സർക്കാർ ഇതിനെ സജീവമായി പ്രോത്സാഹിപ്പിച്ചു. 'Digital solidarity ' എന്നൊരു പ്രോഗ്രാമിലൂടെ ലോക്ക് ഡൗണിൽ ഇരിക്കുന്നവർക്ക് സർക്കാരിലും പുറത്തുമുള്ള സേവനങ്ങൾ ഓൺലൈൻ ആയി ലഭ്യമാക്കാനുള്ള അനവധി പ്രോജക്ടുകൾ ഉണ്ടായി. ഇറ്റലിയിൽ 'Technological Innovation and Digitalization' എന്നൊരു മന്ത്രാലയം ഉണ്ടായത് കാര്യങ്ങൾ എളുപ്പമാക്കി. ഏതൊരു വെല്ലുവിളിയെയും അവസരങ്ങൾ ആക്കി മാറ്റാനുള്ള സാധ്യത ഉണ്ട്. കേരളത്തിലും സർക്കാരും ജനങ്ങളും തമ്മിലുള്ള എല്ലാ കൊടുക്കൽ വാങ്ങലുകളും ഓൺലൈൻ ആയി ചെയ്യാനുള്ള അവസരമാക്കി ലോക്ക് ഡൗൺ കാലത്തെ മാറ്റേണ്ടതാണ്. ആരോഗ്യ രംഗത്തും ജുഡീഷ്യറിയിലും ഒക്കെ നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്. പക്ഷെ ഏറെ സർക്കാർ സംവിധാനങ്ങൾ ഇപ്പോഴും പഴയ രീതിയിൽ ഉണ്ട്. ഇത് മാറ്റണം. ഡിജിറ്റൽ ട്രാൻസ്ഫർമേഷന് ഒരു മന്ത്രാലയം നമുക്കും വേണം.

ഗവേഷണം

കോവിഡ് കേസുകൾ കൂടിക്കൊണ്ടിരിക്കുകയും മരണങ്ങൾ ഏറെ നടക്കുകയും ചെയ്ത കാലത്ത് തന്നെ ഇറ്റാലിയൻ ഗവേഷകർ അവരുടെ നിരീക്ഷണങ്ങൾ പ്രസിദ്ധീകരിച്ച കാര്യം പറഞ്ഞിരുന്നല്ലോ. അതുപോലെ തന്നെ വാക്‌സിൻ ഗവേഷണവും ഇറ്റലിയിൽ നടന്നു. രണ്ടു വാക്‌സിനുകൾ ആണ് ഇറ്റലിയിൽ വികസിപ്പിച്ചിട്ടുള്ളത്, അതിന്റെ ട്രയലുകൾ നടക്കുന്നു.
ലോക ചരിത്രത്തിൽ തന്നെ ഏറ്റവും വേഗത്തിലാണ് കോവിഡിന് വാക്‌സിൻ കണ്ടെത്തിയത്. അനവധി രാജ്യങ്ങളിൽ ഒരേ സമയം നടന്ന ഗവേഷണം ആണ് ഇത് സാധ്യമാക്കിയത്. ആരോഗ്യ രംഗത്ത് ഗവേഷണത്തിന് എല്ലാവരും കൂടുതൽ പണം നിക്ഷേപിക്കണം, പരസ്പര സഹായം തുടരുകയും വേണം.

ആരോഗ്യ രംഗത്തെ പുതിയ നിക്ഷേപങ്ങൾ

ഒമ്പത് ബില്യൺ യൂറോ, ഏതാണ്ട് എഴുപത് ആയിരം കോടി രൂപയാണ് ഇറ്റലി പുതിയതായി ആരോഗ്യ രംഗത്ത് നിക്ഷേപിക്കുന്നത്. ഇത് കൂടാതെ യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് പതിനയ്യായിരം കോടി രൂപയുടെ പ്രോജക്റ്റ് ഇറ്റലിയിൽ തുടങ്ങുന്നു.

'3 500 new intensive therapy beds, 4 225 semi-intensive care beds, four mobile units with 300 intensive therapy beds, restructuring of 651 A&E departments, medical supplies and healthcare equipment, medical transportation, 9 600 additional healthcare staff (including temps), home care services and digital systems for remote patient monitoring.'
ഇതൊക്കെ പുതിയ പ്രോജക്ടിന്റെ ഭാഗമാണ്. ഇത് കൂടാതെ ഏതാണ്ട് രണ്ടു ലക്ഷം കോടി രൂപ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ആയി വേറെയും നീക്കി വച്ചിട്ടുണ്ട്.
ആരോഗ്യ രംഗത്തിൽ, വിദ്യാഭ്യാസവും ഗവേഷണവും ഉൾപ്പടെ നിക്ഷേപങ്ങൾ പലമടങ്ങ് ഇരട്ടിപ്പിക്കണം എന്ന സന്ദേശമാണ് കോവിഡ് നൽകിയിരിക്കുന്നത്. ഇനിയൊരിക്കലും രോഗികൾക്ക് കിടക്കയും ഓക്‌സിജനും ഇല്ലാത്ത കാലം ഉണ്ടാകരുത്.

സാമ്പത്തിക ഉത്തേജനം

നൂറ്റി തൊണ്ണൂറ്റി ആറു ബില്യൻ യൂറോയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് ആണ് ഇറ്റലി പ്രഖ്യാപിച്ചത്. (പതിനാറു ലക്ഷം കോടി രൂപ). ഇത് എവിടെയാണ് ചെലവാക്കുന്നത് എന്നതും ശ്രദ്ധിക്കണം.
EUR 74.3 billion is earmarked for a green revolution and ecologic transition.
EUR 48.7 billion will go toward digitalization and innovation.
EUR 27.7 billion will be invested in sustainable mobility and infrastructure.
EUR 19.2 billion is planned for education and research.
EUR 17.1 billion will foster gender equality.
EUR 9 billion will be invested in health care.

ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നത് ഹരിത സമ്പദ്വ്യവസ്ഥ ഉണ്ടാക്കാനും ഡിജിറ്റൽ ട്രാൻസ്ഫർമേഷനും വേണ്ടിയാണ്. ഒരു ദുരന്തവും ഓരോ അവസരങ്ങൾ ആക്കുന്നതിനെ പറ്റി ഞാൻ മുൻപ് പറഞ്ഞല്ലോ.

രണ്ടായിരത്തി ഇരുപതിൽ ഇറ്റലിയുടെ സമ്പദ്വ്യവസ്ഥ എട്ടു ശതമാനം ഇടിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക തകർച്ചയാണ് ഇത്. ഇറ്റലിയിൽ ഒന്നാമത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ദിവസം അവിടുത്തെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പതിനേഴ് ശതമാനമാണ് ഇടിഞ്ഞത്. പക്ഷെ അതിന് ശേഷം അത് പതുക്കെ മുന്നോട്ടു പോയി, കാര്യങ്ങൾ കൂടുതൽ നിയന്ത്രണത്തിൽ ആയതോടെ രണ്ടായിരത്തി ഇരുപത് മാർച്ച് മാസത്തിൽ നിന്നും അറുപത് ശതമാനം ഉയരത്തിലാണ് അവിടുത്തെ സ്റ്റോക്ക് മാർക്കറ്റ്. സമ്പദ് വ്യവസ്ഥ രണ്ടായിരത്തി ഇരുപതിൽ നാലുശതമാനം വളർച്ച നേടുമെന്നുള്ള വിശ്വാസത്തിലാണ് സ്റ്റോക്ക് മാർക്കറ്റിൽ നിന്നും നല്ല വാർത്തകൾ വരുന്നത്.

കോവിഡിന്റെ മൂന്നു തരംഗങ്ങൾ കഴിഞ്ഞെങ്കിലും ഇറ്റലി ഇപ്പോഴും പൂർണ്ണമായി അതിജീവിച്ചു എന്ന് പറയാൻ പറ്റില്ല. വാക്‌സിനേഷൻ നിരക്ക് ഇപ്പോഴും ഇരുപത് ശതമാനമേ ആയിട്ടുള്ളൂ, രണ്ടു ഡോസും കിട്ടിയവർ പന്ത്രണ്ടു ശതമാനവും. പക്ഷെ ഒന്നാം തരംഗത്തിൽ ഉണ്ടായ വലിയ ഷോക്ക് ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുക്കാൻ സർക്കാരിനെയും സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ എടുക്കാൻ ജനങ്ങളെയും തയ്യാറെടുപ്പിച്ചിട്ടുണ്ട്. വാക്‌സിനേഷൻ നിരക്ക് കൂടുന്നതോടെ ഈ വർഷത്തിൽ തന്നെ ഇറ്റലി കൊറോണയെ അതിജീവിക്കും എന്ന് കരുതാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP