Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

പുതിയ ആശയങ്ങൾ ശ്രദ്ധിക്കുന്ന ഒരാളാണ് ശിവശങ്കർ ഐഎഎസ്; അധികാരത്തിന്റെ ജാഡകൾ ഇല്ല, എല്ലാം അറിയാമെന്ന ഭാവമില്ല, ചുറ്റും ആൾക്കൂട്ടമില്ല; ഇന്നിപ്പോൾ അദ്ദേഹം വിവാദങ്ങളുടെയും മാധ്യമ വിചാരണകളുടെയും നടുവിലാണ്; ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോൾ ആണ് മൈത്രേയൻ ഐഎസ്ആർഒ ചാരക്കേസിന്റെ കഥ പറയുന്നത്: മുരളി തുമ്മാരുകുടി എഴുതുന്നു

പുതിയ ആശയങ്ങൾ ശ്രദ്ധിക്കുന്ന ഒരാളാണ് ശിവശങ്കർ ഐഎഎസ്; അധികാരത്തിന്റെ ജാഡകൾ ഇല്ല, എല്ലാം അറിയാമെന്ന ഭാവമില്ല, ചുറ്റും ആൾക്കൂട്ടമില്ല; ഇന്നിപ്പോൾ അദ്ദേഹം വിവാദങ്ങളുടെയും മാധ്യമ വിചാരണകളുടെയും നടുവിലാണ്; ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോൾ ആണ് മൈത്രേയൻ ഐഎസ്ആർഒ ചാരക്കേസിന്റെ കഥ പറയുന്നത്: മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

 മൈത്രേയൻ കഥ പറയുമ്പോൾ

ഴിഞ്ഞ പത്തുവർഷത്തിനിടക്ക് കേരളത്തിലെ അനവധി ഐഎ എസ് ഉദ്യോഗസ്ഥരെ അടുത്ത് പരിചയപ്പെടാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടുണ്ട്. അതിൽ പുതിയതായി വരുന്ന ഐ എ എസ് ട്രെയിനി മുതൽ ചീഫ് സെക്രട്ടറി വരെ ഉണ്ട്. പൊതുവെ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർ ഏറെ ആശയങ്ങൾ ഉള്ളവരും, പുതിയ സാങ്കേതിക വിദ്യകൾ അറിയുന്നവരും ആയിരിക്കും. പുതിയ ആശയങ്ങൾ കേൾക്കാനും സാങ്കേതിക വിദ്യകളെ പറ്റി അറിയാനും അവർക്ക് ഏറെ താല്പര്യവുമുണ്ട്.

നാളത്തെ കേരളത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിവുള്ള, സാധ്യതയുള്ള ആളുകൾ ആണ് ഇവർ എന്നതിനാൽ അവരോട് സംസാരിക്കാനുള്ള ഒരവസരവും ഞാൻ വെറുതെ കളയാറില്ല. പക്ഷെ ഉദ്യോഗസ്ഥർ കൂടുതൽ മുകൾ തട്ടിലേക്ക് പോകുന്തോറും പുതിയ ആശയങ്ങളോട് വിമുഖത കൂടുന്നു. റിട്ടയർ ആകാറാകുമൊഴേക്കും ഒരു വിവാദവും ഉണ്ടാകാതെ സമാധാനമായി പെൻഷൻ വാങ്ങുക, അത് കഴിഞ്ഞാലും എന്തെങ്കിലും ഒക്കെ ജോലികൾ തരമാക്കുക എന്നതിലായിരിക്കും ശ്രദ്ധ, അതുകൊണ്ട് പുതിയ കാര്യങ്ങൾ, പ്രത്യേകിച്ചും അല്പമെങ്കിലും റിസ്‌ക് ഉള്ള കാര്യങ്ങൾ ചെയ്യാൻ, ചെയ്യാൻ ശ്രമിക്കാതിരിക്കുക. ഇതാണ് പൊതു രീതി. അല്ലാത്തവർ ഇല്ല എന്നല്ല, കുറവാണ്.

അത്തരത്തിൽ ഏറ്റവും ഉയർന്ന തലത്തിൽ എത്തിയിട്ടും പുതിയ ആശയങ്ങൾ ശ്രദ്ധിക്കുന്ന ഒരാളാണ് ശ്രീ ശിവശങ്കർ ഐ എ എസ്.
ഇപ്പോൾ അദ്ദേഹത്തെ അറിയാത്തവരായി കേരളത്തിൽ ആരുമില്ലല്ലോ. ഞാൻ ആദ്യമായി അദ്ദേഹത്തെ പരിചയപ്പെടുന്നത് കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ഇലക്ട്രിസിറ്റി ബോർഡിലെ എൻജിനീയർമാരുടെ സംസ്ഥാന സമ്മേളനത്തിൽ സുരക്ഷയെ പറ്റി ഒരു സെമിനാറിന് പോയപ്പോൾ ആണ്. ബോർഡിൽ ഒരു വർഷം രണ്ടു ഡസനിലേറെ തൊഴിലാളികൾ ഷോക്കേറ്റ് മരിക്കുന്നു. ഇതൊക്കെ ഒഴിവാക്കാവുന്നതാണ്. എന്നിട്ടും ബോർഡിൽ ഒരു സേഫ്റ്റി ഡിപ്പാർട്ടമെന്റ് പോലും ഇല്ല. ഇതിനെ ഒക്കെ ഞാൻ രൂക്ഷമായി വിമർശിച്ചു, അദ്ദേഹം അതൊക്കെ കേട്ടിരുന്നു. പിന്നീട് എന്നെ വിളിച്ച് ഈ വിഷയങ്ങളെ പറ്റി വിശദമായി ചോദിച്ചു, അദ്ദേഹത്തിനാവുന്നത് ചെയ്തു. പുതിയ സാങ്കേതിക വിദ്യകൾ കൊണ്ട്, റോബോട്ടിക്സ് ഉൾപ്പടെ, കാര്യങ്ങൾ ചെയ്യാൻ സാധിച്ചാൽ എങ്ങനെയാണ് കൂടുതൽ സുരക്ഷ ഉണ്ടാക്കാൻ പറ്റുന്നത് എന്നൊക്കെ പിന്നീടും സംസാരിച്ചു.

അതിന് ശേഷം ഞാൻ അദ്ദേഹത്തെ പലപ്പോഴും കണ്ടിട്ടുണ്ട്. പുതിയ ഏതൊരാശയം ഉണ്ടെങ്കിലും അത് കേൾക്കാൻ അദ്ദേഹത്തിന് താല്പര്യമുണ്ട്. പോരാത്തതിന് ഓരോ തവണ കാണുമ്പോഴും കുറെ പുതിയ ആശയങ്ങൾ പറയും. കുറെ സ്വന്തം ആകും, കുറെ മറ്റുള്ളവരിൽ നിന്നും ലഭിക്കുന്നതാകും. ഓരോന്നിനെ പറ്റി പറയുമ്പോഴും അദ്ദേഹത്തിന് കൊച്ചു കുട്ടിയെ പോലെ ആവേശമാണ്.
സ്റ്റാർട്ട് അപ്പ് മിഷന്റെ കീഴിൽ നടത്തിയ ഒരു പരിപാടിക്ക് കളമശേരിയിൽ പോയപ്പോൾ ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. പുതിയ ആശയങ്ങളുമായി വരുന്ന വിദ്യാർത്ഥികൾ തൊട്ടുള്ളവരുടെ മധ്യത്തിലാണ് അദ്ദേഹം. അധികാരത്തിന്റെ ജാഡകൾ ഇല്ല, എല്ലാം അറിയാമെന്ന ഭാവമില്ല, ചുറ്റും ആൾക്കൂട്ടമില്ല. നിർമ്മിത ബുദ്ധി മുതൽ റോബോട്ടിക്സ് വരെയുള്ള വിഷയങ്ങളിൽ കേരളത്തിന്റെ സാധ്യതകളെ പറ്റി, കേരളത്തിലെ സ്റ്റാർട്ട് അപ്പ് എക്കോസിസ്റ്റത്തിൽ ഇന്നും ഒരു ബില്യൺ ഡോളർ കമ്പനി ഉണ്ടായി വരുന്നതിനെ പറ്റിയൊക്കെ അന്നും ആവേശത്തോടെ സംസാരിച്ചു.

ഇന്നിപ്പോൾ അദ്ദേഹം വിവാദങ്ങളുടെയും മാധ്യമ വിചാരണകളുടെയും നടുവിലാണ്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ, എത്ര സത്യം ഉണ്ട് എന്നൊന്നും അറിയാനുള്ള ഒരു യന്ത്രവും എന്റെയടുത്തില്ല. ഇതിൽ സത്യം എവിടെയാണ് എന്നൊക്കെ കാലം തെളിയിച്ചുകൊള്ളും, അതുകൊണ്ട് തന്നെ അക്കാര്യത്തിൽ ജഡ്‌ജെമെന്റൽ ആകേണ്ട ഒരു ഉത്തരവാദിത്തവും എനിക്കില്ല. നമ്മൾ ഇവിടെ ഒക്കെ തന്നെ ഉണ്ടല്ലോ. ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോൾ ആണ് മൈത്രേയൻ ഐ എസ് ആർ ഓ ചാരക്കേസിന്റെ കഥ പറയുന്നത്. അനുഭവങ്ങളിൽ നിന്നാണ്, കേട്ട് കേൾവികളിൽ നിന്നല്ല, മൈത്രേയൻ എപ്പോഴും സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ അതിനൊരു ശക്തിയുണ്ട്.

എങ്ങനെയാണ് ഒന്നുമില്ലായ്മയിൽ നിന്നും ഉണ്ടായ ഒരു കേസ് പൊലീസുകാർ, മാധ്യമങ്ങൾ, ശാസ്ത്രജ്ഞർ, രാഷ്ട്രീയക്കാർ ഇവരെല്ലാം കൂടി ഉരുട്ടി വലുതാക്കിയത്. എങ്ങനെയാണ് ഓരോരുത്തരും അവരുടെ വ്യക്തി താല്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ കുറച്ചു മനുഷ്യരുടെ ജീവിതത്തിന് മുകളിൽ റോഡ് റോളർ കയറിയത്, എങ്ങനെയാണ് മാധ്യമങ്ങളുടെ കഥമെനയലിൽ കേരളസമൂഹം വീണുപോയത് എന്നൊക്കെ മൈത്രേയൻ പറയുന്നു.

ഇപ്പോൾ വിവാദങ്ങളുടെ മറ്റൊരു പെരുമഴക്കാലത്ത്, മാധ്യമ വിചാരണയുടെ കാലത്ത്, മാധ്യമ കഥകളുടെ ഒഴുക്കിലും ചുഴിയിലും പെട്ട് ആളുകൾ നട്ടം തിരിയുന്ന കാലത്ത് മൈത്രേയന്റെ വാക്കുകൾ നമ്മൾ കേട്ടിരിക്കേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP