Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202106Friday

സത്യപ്രതിജ്ഞ ചെയ്യാൻ പേര് വിളിച്ചപ്പോൾ മുഖ്യമന്ത്രിയുടേത് പ്രത്യേക നടത്തമാണ്; അതി വേഗതയില്ലാതെ, അളന്നളന്നാണ് ഓരോ സ്റ്റെപ്പും; വിഷ്വലി സ്റ്റണ്ണിങ്ങായ സെറ്റപ്പിൽ ഗവർണറുടെ അടുത്തേക്ക് പോകുമ്പോൾ എന്തായിരുന്നിരിക്കാം മനസ്സിൽ? മുരളി തുമ്മാരുകുടി എഴുതുന്നു

സത്യപ്രതിജ്ഞ ചെയ്യാൻ പേര് വിളിച്ചപ്പോൾ മുഖ്യമന്ത്രിയുടേത് പ്രത്യേക നടത്തമാണ്; അതി വേഗതയില്ലാതെ, അളന്നളന്നാണ് ഓരോ സ്റ്റെപ്പും; വിഷ്വലി സ്റ്റണ്ണിങ്ങായ സെറ്റപ്പിൽ ഗവർണറുടെ അടുത്തേക്ക് പോകുമ്പോൾ എന്തായിരുന്നിരിക്കാം മനസ്സിൽ? മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ത്യപ്രതിജ്ഞാ ചടങ്ങ് കാണുകയായിരുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ ചടങ്ങാണ് ജനാധിപത്യലോകത്ത് ഭരണഘടനാനുസൃതമായി ജനങ്ങളെ ഭരിക്കാൻ ജനങ്ങൾ തിരഞ്ഞെടുക്കുന്നവർ അധികാരമേൽക്കുന്നത് എന്ന് ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. എനിക്കത് എത്ര തന്നെ കണ്ടാലും മതിയാവില്ല.

നമുക്ക് പരിചയമുള്ളതും ഏറെ പഴക്കമുള്ളതുമായ ജനാധിപത്യമാണ് ഇംഗ്ലണ്ടിലേത്. അവിടെ പക്ഷെ ഇത്തരത്തിൽ ഒരു ചടങ്ങില്ല. പാർലിമെന്റിൽ ഭൂരിപക്ഷ പിന്തുണയുള്ള ആൾ മുൻകൂട്ടി സമയം നിശ്ചയിച്ച് അവിടുത്തെ രാജ്ഞിയെയോ രാജാവിനെയോ കാണാൻ പോകുന്നു. കൂടിക്കാഴ്ച സ്വകാര്യമായതിനാൽ അവിടെ എന്ത് നടക്കുന്നു എന്നൊന്നും നമ്മൾ കാണില്ല. ഇംഗ്ലണ്ടിൽ എഴുതപ്പെട്ട ഒരു ഭരണഘടനയും ഇല്ലാത്തതിനാൽ രാജ്ഞിയെ കണ്ടു തിരിച്ചിറങ്ങി വരുമ്പോൾ, അങ്ങോട്ട് പാർലിമെന്ററി പാർട്ടി നേതാവായി പോയ ആൾ പ്രധാനമന്ത്രി ആയി എന്നാണ് ചട്ടം. കൊട്ടാരത്തിലേക്ക് സ്വകാര്യ വാഹനത്തിൽ പോകുന്ന ആൾ തിരിച്ചു വരുന്‌പോഴേക്ക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനം അവിടെ കാത്തുകിടപ്പുണ്ടാകും.

അമേരിക്കയിൽ പക്ഷെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത് വലിയ ചടങ്ങാണ്. പാർലിമെന്റ് കെട്ടിടമായ ക്യാപിറ്റോളിന് പിന്നിലെ ഗ്രൗണ്ടിലാണ് ചടങ്ങ് നടക്കുന്നത്. അതിന്റെ മതിലിനപ്പുറം കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന നാഷണൽ മാളിൽ ആളുകൾ വന്നു കൂടും. ബരാക് ഒബാമ പ്രസിഡന്റ് ആയപ്പോൾ പതിനഞ്ചു ലക്ഷത്തിലധികം ആളുകളാണ് ചടങ്ങ് വീക്ഷിക്കാൻ എത്തിയത്. സ്ഥാനാരോഹണ ചടങ്ങ് കഴിഞ്ഞാൽ അവിടെ നിന്നും പ്രസിഡന്റിന്റെ താമസ സ്ഥലവും ഓഫിസുമായ വൈറ്റ് ഹൗസിലേക്ക് നടന്നു പോകുക എന്നൊരു ചടങ്ങു കൂടിയുണ്ട്.

ഇത്തവണ കേരളത്തിലെ ചടങ്ങ് ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഒരു ചടങ്ങ് ആക്കേണ്ടതായിരുന്നുവെങ്കിലും രണ്ടാം തരംഗ കോവിഡ് പശ്ചാത്തലത്തിൽ ചുരുക്കിയാണ് നടത്തിയത്. എന്നാലും 'visually stunning' എന്നൊക്കെ പറയാവുന്ന ഒരു സെറ്റ് അപ്പ് തന്നെയായിരുന്നു അത്. ഇതുപോലൊന്ന് ഞാൻ ഇതിന് മുൻപ് കേരളത്തിൽ എന്നല്ല, ഇന്ത്യയിൽ തന്നെ കണ്ടിട്ടില്ല. സാരമില്ല, പത്താമത്തെ വാർഷികം ആകട്ടെ, പത്തുലക്ഷം ആളെകൂട്ടി പകരം വീട്ടാം.

സത്യപ്രതിജ്ഞ ചെയ്യാൻ പേര് വിളിച്ചപ്പോൾ മുഖ്യമന്ത്രി പതുക്കെ ഗവർണ്ണറുടെ അടുത്തേക്ക് ചെല്ലുകയാണ്. നമ്മുടെ മുഖ്യമന്ത്രിയെ നിങ്ങൾക്ക് അറിയാമല്ലോ. അതൊരു പ്രത്യേക നടത്തമാണ്. അതി വേഗതയില്ലാതെ, അളന്നളന്നാണ് ഓരോ സ്റ്റെപ്പും വെക്കുന്നതെന്ന് തോന്നും.
അഞ്ചു വർഷത്തെ ഭരണത്തിന് ശേഷം വീണ്ടും അടുത്ത അഞ്ചു വർഷത്തേക്ക് സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുക്കാൻ പോകുമ്പോൾ എന്തായിരുന്നിരിക്കണം ആ മനസ്സിൽ?

ഐക്യ കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ സംഭവിക്കാത്ത ഒന്നാണ് സംഭവിച്ചിരിക്കുന്നത്. അഞ്ചു കൊല്ലം ഭരിച്ച ഒരു മുന്നണിക്ക് വീണ്ടും ജനങ്ങൾ അവസരം നൽകുന്നു. ആ മുന്നണി അഞ്ചു വർഷം ഭരണനേതൃത്വം നൽകിയ അതേ ആളെത്തന്നെ നേതൃത്വം ഏൽപ്പിക്കുന്നു. ഇത്തരത്തിൽ ചരിത്രത്തിന്റെ നായകനാകാൻ കഴിഞ്ഞതിലുള്ള അഭിമാനമാകുമോ?

കേരളത്തിലെ ഒരു ഗ്രാമത്തിൽ തികച്ചും സാധാരണമായ ഒരു സാഹചര്യത്തിൽ വളർന്ന ആളാണ് മുഖ്യമന്ത്രി. അവിടെ നിന്നും കേരളത്തിൽ ചരിത്രമെഴുതുന്ന ഭരണാധികാരിയായുള്ള രാഷ്ട്രീയ യാത്ര. അതിന്റെ ഓർമ്മകൾ ആയിരിക്കുമോ? രാഷ്ട്രീയത്തിന്റെ ഏറ്റവും താഴെത്തട്ടിൽ നിന്നും പതുക്കെപ്പതുക്കെ ഉയർന്നു വന്ന ഒരാളാണ് മുഖ്യമന്ത്രി. തന്റെ രാഷ്ട്രീയ യാത്രയിലെ ചെറുതും വലുതുമായ ഓരോ പടവുകൾ ആയിരിക്കുമോ?
കഴിഞ്ഞ അഞ്ചു വർഷ ഭരണ കാലഘട്ടത്തിന്റെ പകുതിയും കേരളത്തിൽ ഇതിനു മുൻപില്ലാതിരുന്ന ദുരന്തങ്ങളുടെ കാലമായിരുന്നു. ഇനിയുള്ള അഞ്ചു വർഷമെങ്കിലും ദുരന്തങ്ങളില്ലാതെ വികസനത്തിൽ ശ്രദ്ധ ഊന്നി നാട് ഭരിക്കാൻ സാധിക്കുമോ എന്നായിരിക്കുമോ?

'വികസനവും കരുതലും' എന്ന മുദ്രാവാക്യത്തിൽ അധികാരത്തിൽ വന്ന ആളല്ല മുഖ്യമന്ത്രി എങ്കിലും കഴിഞ്ഞ സർക്കാരിന്റെ മുഖമുദ്ര തന്നെ കരുതലായിരുന്നു. പ്രളയകാലം മുതൽ കൊറോണക്കാലം വരെ കേരളത്തിലെ ജനങ്ങളിൽ ഒരിക്കലും അരക്ഷിതാവസ്ഥ ഉണ്ടാകാതെ, കേരളത്തിലെ ജനങ്ങൾക്കും, മറുനാടുകളിൽ നിന്ന് വന്നവർക്കും, വിദേശത്തുള്ള മലയാളികൾക്കും, എന്തിന് കേരളത്തിലെ തെരുവിൽ അലയുന്ന മൃഗങ്ങൾക്ക് വരെ അന്നത്തിന് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതി അറിഞ്ഞു പ്രവർത്തിച്ച മുഖ്യമന്ത്രിയാണ്. ഇനിയുള്ള അഞ്ചു വർഷം ഈ നാട്ടിലെ ഏറ്റവും സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന ചിന്തയാകുമോ?

ഏറെ വെല്ലുവിളികളുള്ള തിരഞ്ഞെടുപ്പായിരുന്നിട്ടും എളുപ്പ വഴിയിൽ ക്രിയ ചെയ്യാതെ, പുതുമുഖങ്ങൾക്ക് മത്സരിക്കാൻ അവസരം നൽകി ബഹുഭൂരിപക്ഷം മന്ത്രിമാരെയും പുതിയതായി നിയമിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുത്തിരിക്കുകയാണ്. ഈ കണക്കുകൂട്ടലുകൾ എങ്ങനെയായിരിക്കും പ്രതിഫലിക്കുക എന്ന ആശങ്കയോ പ്രതീക്ഷയോ ആയിരിക്കുമോ?ഐക്യകേരളം ഉണ്ടായതിന് ശേഷം കിട്ടിയിരിക്കുന്ന ചരിത്ര നിയോഗം ഒരു നവകേരള നിർമ്മിതിക്കായി എങ്ങനെ ഉപയോഗിക്കാം എന്ന ചിന്തയായിരിക്കുമോ?
എന്തായിരുന്നിരിക്കും ആ മനസ്സിൽ ?

എന്തായിരുന്നാലും അനവധി പുതുമുഖങ്ങൾ ഉള്ള പുതിയ മന്ത്രിസഭ ഏറെ പ്രതീക്ഷ നൽകുന്നതാണ്. ദുരന്തങ്ങൾ ഇല്ലാത്ത അഞ്ചുവർഷം ആണ് ഞാൻ ആശംസിക്കുന്നത്.ഇന്ന് മുഖ്യമന്ത്രിയുടെ പിറന്നാൾ ആണ്. പിറന്നാൾ ആശംസകൾ പ്രത്യേകം!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP