Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാദ്ധ്യമ ഭീകരത: ഒരു അർണാബ് ഗോസ്വാമി അനുഭവം; ഒരു മാദ്ധ്യമപ്രവർത്തകന്റെ കത്ത്

മാദ്ധ്യമ ഭീകരത: ഒരു അർണാബ് ഗോസ്വാമി അനുഭവം; ഒരു മാദ്ധ്യമപ്രവർത്തകന്റെ കത്ത്

 ഞാനൊരു മാദ്ധ്യമപ്രവർത്തകനാണ്. നീതിപൂർവ്വം പ്രവർത്തിച്ചാൽ അഭിമാനിക്കാനും തലയുയർത്തിപ്പിടിച്ച് നടക്കാനും ഒരു മാദ്ധ്യമപ്രവർത്തകന് സാധിക്കും. ഞാൻ തലയുയർത്തി നടക്കുന്ന ഗണത്തിൽപ്പെട്ടവനാണ് എന്ന് അഭിമാനത്തോടെ അവകാശപ്പെടുന്നു. ഈ തൊഴിൽ ഞാൻ വ്യഭിചരിച്ചിട്ടില്ല. ഇതുപയോഗിച്ച് വഴിവിട്ട നേട്ടങ്ങളുണ്ടാക്കിയിട്ടില്ല. ചെയ്യുന്ന ജോലിക്ക് പ്രതിഫലം ശമ്പളം മാത്രം. അതുതന്നെ പലപ്പോഴും കൃത്യമായി കിട്ടിയിട്ടില്ല. പക്ഷേ, എന്റെ കൂട്ടത്തിലെ ചിലരുടെ ചെയ്തികൾ എന്റെ തല കുനിയുന്നതിനു കാരണമായിരിക്കുന്നു.

മാദ്ധ്യമപ്രവർത്തകർക്ക് നിഷ്പക്ഷരാവാൻ കഴിയില്ല. ശരിയുടെ പക്ഷത്താണ് ഞങ്ങൾ. ചിലപ്പോഴൊക്കെ സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ റോൾ മാദ്ധ്യമങ്ങൾ ഏറ്റെടുക്കുന്നത് അതിനാലാണ്. സർക്കാർ ചെയ്യുന്നത് ശരിയാണെങ്കിൽ അവരെ അനുകൂലിക്കുകയും പ്രതിപക്ഷം തെറ്റുചെയ്യുമ്പോൾ വിമർശിക്കുകയും ചെയ്യുന്നുണ്ടെന്നുള്ളതും കാണണം. എന്നാൽ, ഇപ്പോൾ എല്ലാ മാദ്ധ്യമപ്രവർത്തകരും ശരിയുടെ പക്ഷത്താണെന്നു പറയാനാവില്ല. ചിലരെങ്കിലും നഗ്‌നമായ പക്ഷപാതിത്വം പ്രകടിപ്പിക്കുന്നു, ആ പക്ഷം തെറ്റാണെങ്കിൽക്കൂടി. തങ്ങൾ നിൽക്കുന്ന പക്ഷം ശരിയാണെന്നു തെളിയിക്കാൻ എല്ലാ ദുഷ്പ്രവർത്തികളും ചെയ്യുന്നു. വാർത്താദൃശ്യങ്ങൾ അസ്ഥാനത്ത് എഡിറ്റ് ചെയ്ത് വിപരീതാർത്ഥം സൃഷ്ടിക്കുന്നു. മറ്റൊരു ദൃശ്യത്തിന്റെ ശബ്ദം സന്നിവേശിപ്പിച്ച് കൃത്രിമ തെളിവ് സൃഷ്ടിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ മാദ്ധ്യമപ്രവർത്തനം വ്യഭിചരിക്കപ്പെടുന്നു. പാവം ജനം ഇതുകണ്ട് അമ്പരന്നു നിൽക്കുന്നു.

മാദ്ധ്യമങ്ങൾ വിമർശനങ്ങൾക്ക് അതീതരല്ലെന്ന് ഞാൻ പറയുന്നു. മിക്കവാറുമെല്ലാ മാദ്ധ്യമപ്രവർത്തകരും ഇതുതന്നെ പറയും. പക്ഷേ, വേറാരെങ്കിലും വിമർശിക്കാൻ വന്നാൽ സംഘടിതമായി ഞങ്ങൾ അവന്റെ കട്ടയും പടവും മടക്കും. എന്തുചെയ്യാനാ, ഞങ്ങൾ ഇങ്ങനാണ് ഭായി. വിമർശനമെന്നാൽ സ്വയംവിമർശനം മാത്രമായി കണ്ടാൽ മതി. സ്വയംവിമർശനം എന്നത് പൂർണ്ണ അർത്ഥത്തിലല്ല. ഒരു മാദ്ധ്യമപ്രവർത്തകന്റെ ദുഷ്‌ചെയ്തിയെ മറ്റൊരു മാദ്ധ്യമപ്രവർത്തകൻ വിമർശിക്കുന്നു. ഒരേ മേഖലയിൽ നിന്നുള്ള വിമർശനമായതുകൊണ്ടു മാത്രം സ്വയംവിമർശനം. ഞങ്ങളുടെ കൂട്ടത്തിൽ വലിയൊരു വിഭാഗം സ്വയം 'വിശുദ്ധ പശു' ചമയുന്നുണ്ട്. അതൊരു മിഥ്യാധാരണയാണെന്ന് വിവരമുള്ളവർക്കറിയാം. വിവരദോഷം ഒരു കുറ്റമല്ലല്ലോ!

ജവാഹർലാൽ നെഹ്രു സർവ്വകലാശാലയിൽ ഫെബ്രുവരി 9, 11 തീയതികളിൽ ഉണ്ടായ സംഭവവികാസങ്ങൾ രണ്ടു മുഖ്യധാരാ മാദ്ധ്യമങ്ങൾ 'കൈകാര്യം' ചെയ്ത രീതിയാണ് മലർന്നുകിടന്നു തുപ്പാൻ എന്നെ പ്രേരിപ്പിച്ചത്. സീ ന്യൂസ്, ടൈംസ് നൗ എന്നീ വാർത്താചാനലുകലാണ് ഇവിടെ പരാമർശവിധേയം. ജെ.എൻ.യു. കാമ്പസിലുണ്ടായ ഒരു ഒത്തുചേരലിന്റെ ദൃശ്യങ്ങൾ ഈ രണ്ടു ചാനലുകളിലൂടെ വാർത്തയായി പുറത്തുവരികയും അതിന്റെ ഫലമായി ജെ.എൻ.യു. സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലാവുകയും ചെയ്തു. കനയ്യയെ ജയിലിലടയ്ക്കാൻ ഡൽഹി പൊലീസ് ആധാരമാക്കിയത് ഈ ചാനലുകളുടെ ദൃശ്യങ്ങളായിരുന്നു എന്നത് വിഷയത്തിന് ഗൗരവം വർദ്ധിപ്പിക്കുന്നു.

മാദ്ധ്യമവിമർശനം എന്നു പറയുന്നത് ഇരുതല മൂർച്ചയുള്ള വാളാണ്, വീശുന്നയാളിനും മുറിവേൽക്കാം. അതു മാദ്ധ്യമപ്രവർത്തകനാണെങ്കിലും ശരി. അതിനാൽത്തന്നെ കാര്യങ്ങൾ കഴിയുന്നത്ര വ്യക്തമായി പറയേണ്ടതുണ്ട്. ഡൽഹിയിലെ എന്റെ മാദ്ധ്യമപ്രവർത്തക സുഹൃത്തുക്കൾ, മാദ്ധ്യമ വാർത്തകൾ, ജെ.എൻ.യുവിലെ സുഹൃത്തുക്കൾ എന്നിവരിൽ നിന്നു മനസ്സിലാക്കിയതാണ് ഇക്കാര്യങ്ങൾ. നേരിട്ടു ബോദ്ധ്യപ്പെടാൻ ഞാൻ ഡൽഹി നിവാസിയല്ല. അതിന്റെ പരിമിതകളുണ്ടെന്ന് ആദ്യമേ സമ്മതിക്കട്ടെ.

പാർലമെന്റ് ആക്രമണക്കേസിൽ വധശിക്ഷയ്ക്കു വിധേയനാക്കപ്പെട്ട മുഹമ്മദ് അഫ്‌സൽ ഗുരുവിന്റെ അനുസ്മരണം ജെ.എൻ.യുവിൽ സംഘടിപ്പിക്കാനുള്ള തീരുമാനമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് തുടക്കമിട്ടത്. അഫ്‌സൽ ഗുരുവിന് നിയമപരമായ സംരക്ഷണവും നീതിയും ലഭിച്ചില്ലെന്ന് വിശ്വസിക്കുന്നവരാണ് അതിനു മുതിർന്നത്. അതു വലിയ പാതകവും രാജ്യദ്രോഹവുമാണെന്ന് ബിജെപിയോട് ആഭിമുഖ്യമുള്ള സംഘപരിവാര സംഘടനകൾ പറയുന്നു. അതു ചെയ്തവർ രാജ്യദ്രോഹികളാണെന്ന് അവർ മുദ്രകുത്തുന്നു. പക്ഷേ, അഫ്‌സൽ ഗുരുവിന് നിയമപരമായ സംരക്ഷണവും നീതിയും ലഭിച്ചില്ല എന്നു വിശ്വസിക്കുകയും പരസ്യമായി പറയുകയും പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന പി.ഡി.പിയുമായി ജമ്മു കശ്മീരിൽ അതേ ബിജെപി. ഭരണം പങ്കിടുന്നു എന്നത് വേറെ കാര്യം. അധികാരത്തിന്റെ അപ്പക്കഷണത്തിനു വേണ്ടി രാജ്യദ്രോഹികളുമായി ചേരാം! അതെന്തോ ആകട്ടെ, ഫെബ്രുവരി 9ന് ചേർന്ന യോഗത്തിന്റെ തുടർച്ചയായി വിഘടനവാദ മുദ്രാവാക്യങ്ങൾ ഉയർന്നു. അതു ജെ.എൻ.യുവിലെ വിദ്യാർത്ഥികൾ തന്നെ സ്ഥിരീകരിക്കുന്നുണ്ട്. പക്ഷേ, ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചവർ കാമ്പസിലുള്ളവർ ആയിരുന്നില്ലെന്ന് വിദ്യാർത്ഥികൾ ആണയിടുന്നുമുണ്ട്. ആ മുദ്രാവാക്യം വിളിയുടെ ദൃശ്യങ്ങളുണ്ട്. അതുവച്ച് ഒരാളെപ്പോലും കണ്ടെത്താനോ പിടികൂടാനോ ഡൽഹി പൊലീസിനായിട്ടില്ല.

അഫ്‌സൽ ഗുരു അനുസ്മരണം വിവാദമായതിനെത്തുടർന്ന് ജെ.എൻ.യു. വിദ്യാർത്ഥികൾ ഫെബ്രുവരി 11ന് ഒത്തുചേരുന്നു. കാര്യങ്ങൾ വിശദീകരിച്ച് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും എ.ഐ.എസ്.എഫ്. നേതാവുമായ കനയ്യ കുമാർ സംസാരിക്കുന്നു. അതിനു ശേഷം കനയ്യ മുദ്രാവാക്യങ്ങൾ വിളിച്ചുകൊടുക്കുന്നു. ആ മുദ്രാവാക്യങ്ങളുടെ പേരിൽ കനയ്യ രാജ്യദ്രോഹക്കുറ്റത്തിന് പിടിയിലുമായി. കനയ്യ പിടിയിലാവാൻ കാരണം അദ്ദേഹം വിളിച്ച ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളുടെ വാർത്ത. സീ ന്യൂസാണ് ഇതു പുറത്തുവിട്ടത്. ടൈംസ് നൗ അത് ഏറ്റെടുത്തു. ഡൽഹി പൊലീസിന് വേറെ തെളിവൊന്നുമില്ല. ചാനലുകളിൽ നിന്നു ശേഖരിച്ച ദൃശ്യങ്ങൾ മാത്രം.

ചാനലിൽ നിന്ന് ദൃശ്യങ്ങൾ തെളിവായി സ്വീകരിക്കുന്നത് പൊലീസിന്റെ പതിവാണ്. തിരുവനന്തപുരത്ത് ഹയർ സെക്കൻഡറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറിന്റെ മേൽ കെ.എസ്.യുക്കാർ കരിഓയിൽ ഒഴിച്ച വേളയിൽ പ്രതികളെ പിടിക്കാൻ പൊലീസ് ആശ്രയിച്ചത് ഇന്ത്യാവിഷനിൽ നിന്നു ശേഖരിച്ച ദൃശ്യങ്ങളാണ്. സംഭവം നടക്കുമ്പോൾ ഇന്ത്യാവിഷൻ ക്യാമറാമാനായിരുന്ന ബിനീഷ് നായർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. മറ്റു ചാനലുകൾ ഉപയോഗിച്ചതും ബിനീഷിന്റെ ദൃശ്യങ്ങളുടെ പകർപ്പ് തന്നെ. അതുപോലെ ഒരു നിരപരാധിയെ രക്ഷിക്കാനും വാർത്താ ക്യാമറാമാൻ പകർത്തിയ ദൃശ്യങ്ങൾ ഉപയോഗപ്പെട്ടിട്ടുണ്ട്. ഡൽഹി മാനഭംഗത്തിനെതിരായ പ്രതിഷേധത്തിനിടെ ഒരു പൊലീസുകാരൻ മരിക്കാനിടയായത് മർദ്ദനമേറ്റല്ല, മറിച്ച് ഹൃദയാഘാതത്തെ തുടർന്നാണ് എന്നു തെളിഞ്ഞത് ഇന്ത്യാവിഷനിലെ തന്നെ ബിബിൻ ജെയിംസ് പകർത്തിയ ദൃശ്യങ്ങളിലൂടെയാണ്. നെഞ്ചിൽ പിടിച്ചു കുഴഞ്ഞുവീണ പൊലീസുകാരനെ ആരോപണവിധേയനായ വ്യക്തി സഹായിക്കാൻ ശ്രമിക്കുന്ന ആ ദൃശ്യങ്ങളില്ലായിരുന്നുവെങ്കിൽ ഒരു നിരപരാധിയെ ഡൽഹി പൊലീസ് കൊലപാതകിയാക്കിയേനെ. നേരിട്ട് അറിയാവുന്ന കാര്യങ്ങൾ എന്ന നിലയ്ക്ക് മാത്രമാണ് ഇന്ത്യാവിഷനിലെ അനുഭവങ്ങൾ പങ്കുവച്ചത്. ഇതു പറഞ്ഞത് ദൃശ്യങ്ങൾ സ്വീകരിക്കുന്നതിൽ തെറ്റില്ല എന്നു പറയാൻ തന്നെ.

പക്ഷേ, ബാഹ്യസ്രോതസ്സുകളിൽ നിന്നു പൊലീസ് ശേഖരിക്കുന്ന ദൃശ്യങ്ങൾ ആധാരമാക്കി കേസെടുക്കുന്നതിനു മുമ്പ് സാധാരണഗതിയിൽ അതിന്റെ വിശ്വാസ്യത ബോദ്ധ്യപ്പെടാൻ ഫോറൻസിക് പരിശോധന നടത്താറുണ്ട്. ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് വക്രീകരിച്ചിട്ടില്ല എന്നു വ്യക്തമാകാൻ അതാവശ്യമാണ്. എന്നാൽ, ജെ.എൻ.യു. സംഭവത്തിൽ ഡൽഹി പൊലീസ് എന്തുകൊണ്ടോ അതിനു തയ്യാറായതായി തോന്നുന്നില്ല. അതിനാലാണ് ഇപ്പോൾ കനയ്യക്കെതിരായ രാജ്യദ്രോഹക്കുറ്റം തെളിയിക്കാനാവാതെ അവരുഴലുന്നത്. മറ്റാരുടെയോ നിർദ്ദേശപ്രകാരം നാടകമാടുമ്പോൾ ദൃശ്യങ്ങളുടെ കൃത്യത നോക്കാൻ ആർക്കാണു സമയം, അല്ലേ!

സീ ന്യൂസും ടൈംസ് നൗവും പുറത്തുവിട്ടതും കനയ്യ കുമാറിന്റെ രാജ്യദ്രോഹക്കുറ്റം തെളിയിക്കുന്നതിനായി പരിവാരക്കാർ വ്യാപകമായി പ്രചരിപ്പിച്ചതുമായ വീഡിയോ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്ന വിവരം ഒരു മാദ്ധ്യമപ്രവർത്തകനെന്ന നിലയിൽ എന്നെ ഞെട്ടിച്ചു. ഫെബ്രുവരി 11ന് നടന്ന ഒത്തുചേരലിനു ശേഷം കനയ്യയും കൂട്ടരും വിളിക്കുന്ന ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ സീ ന്യൂസ്, ടൈംസ് നൗ വീഡിയോകളിൽ കാണാം. എന്നാൽ, ദൃശ്യങ്ങൾ പൂർണ്ണമല്ല. ശബ്ദത്തിൽ ചെറിയ അവ്യക്തതയുമുണ്ട്.

ഹം ക്യാ ചാഹ്‌തെ ഹൈ ആസാദി
ഹക് ഹൈ ഹമാരാ ആസാദി
ഹം ലേക്കെ രഹേംഗെ ആസാദി
കശ്മീർ മാംഗെ ആസാദി
ഹം ലേക്കെ രഹേംഗെ ആസാദി

ഞങ്ങൾക്ക് വേണ്ടത് സ്വാതന്ത്ര്യം, ഞങ്ങളുടെ അവകാശം സ്വാതന്ത്ര്യം, സ്വാതന്ത്ര്യം ഞങ്ങൾ നേടിയെടുക്കും, കശ്മീർ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു എന്നിങ്ങനെ പോകുന്നു മുദ്രാവാക്യം വിളികൾ. ഇതിൽ ചുറ്റുമുള്ളവരും മുദ്രാവാക്യം വിളിക്കുന്നുണ്ട്. കനയ്യയുടേതായി വ്യക്തമായി കേൾക്കാവുന്നത് 'ഹം ലേക്കെ രഹേംഗെ ആസാദി' എന്ന വരി മാത്രമാണ് എങ്കിലും രാജ്യദ്രോഹത്തിന് കേസെടുക്കുന്നത് സ്വാഭാവികമായും അംഗീകരിക്കപ്പെടാം.

എന്നാൽ, അതേ സംഭവം മറ്റൊരു കോണിൽ നിന്നു ചിത്രീകരിച്ച ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നു. ദൃശ്യത്തിന് കൂടുതൽ സമയദൈർഘ്യം. കൂടുതൽ വ്യക്തമായ ശബ്ദത്തിൽ മുദ്രാവാക്യം വിളി കേൾക്കാം. ഇതിൽ പൂർണ്ണമായും മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നത് കനയ്യയാണ്. ചുറ്റുമുള്ളവർ മറുപടി മാത്രം വിളിക്കുന്നു.

ഭൂഖ്മരി സെ ആസാദി
സംഘ്‌വാദ് സെ ആസാദി
സാമന്ത്‌വാദ് സെ ആസാദി
പൂർജിവാദ് സെ ആസാദി
ബ്രാഹ്മണവാദ് സെ ആസാദി
മനുവാദ് സെ ആസാദി
ഹർ ദംഗായിയോം സെ ആസാദി
ഹം ലേക്കെ രഹേംഗെ ആസാദി
തും കുഛ് ഭി കർ ലോ ആസാദി
ഹൈ ഹക് ഹമാരി ആസാദി
ഹൈ ജാൻ സെ പ്യാരി ആസാദി

പട്ടിണിമരണത്തിൽ നിന്ന്, ആർഎസ്എസ്സിൽ നിന്ന്, ബ്രാഹ്മണവാദത്തിൽ നിന്ന്, മനുവാദത്തിൽ നിന്ന്, കലാപകാരികളിൽ നിന്ന് എല്ലാം ഞങ്ങൾ സ്വാതന്ത്ര്യം നേടും നിങ്ങൾ എന്തൊക്കെ ചെയ്താലും ഞങ്ങൾ സ്വാതന്ത്ര്യം നേടുക തന്നെ ചെയ്യും എന്നാണ് മുദ്രാവാക്യം. സ്വാതന്ത്ര്യം ഞങ്ങളുടെ അവകാശമാണ്, സ്വാതന്ത്ര്യത്തിന് ജീവനെക്കാൾ വിലയുണ്ട് എന്നും കനയ്യ വിളിച്ചുപറഞ്ഞു. ഈ വീഡിയോ ഇന്ത്യാ ടുഡെ ടിവി പുറത്തുവിട്ടു. പ്രൈംടൈമിൽ തന്നെയാണ് ഇന്ത്യാ ടുഡേയിലെ രാഹുൽ കമാൽ വീഡിയോ തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നത്.

എങ്ങനെയാണ് തട്ടിപ്പ് നടത്തിയത്. ഫെബ്രുവരി 11ന് കനയ്യ വിളിച്ച മുദ്രാവാക്യത്തിൽ നിന്ന് 'ഞങ്ങൾ സ്വാതന്ത്ര്യം നേടുക തന്നെ ചെയ്യും' എന്ന ഭാഗം അടർത്തിയെടുത്തു. അതിനൊപ്പം ഫെബ്രുവരി 9ന് നടന്ന അഫ്‌സൽ ഗുരു അനുസ്മരണത്തിനു ശേഷമുയർന്ന കശ്മീർ വിഘടനവാദ മുദ്രാവാക്യങ്ങൾ കൂട്ടിച്ചേർത്തു. വീഡിയോയിൽ ചുണ്ടനക്കം യോജിച്ചു വരുന്ന രൂപത്തിൽ ശബ്ദം ഒപ്പിച്ചെടുത്തു. സംഗതി ജോർ. പഴയ ടാം, ഇപ്പോൾ ബാർക് റേറ്റിങ് കൂട്ടാൻ ഇതിലേറെ വല്ലതും വേണോ? തട്ടിപ്പ് സംശയാതീതമായി തെളിയിക്കപ്പെട്ടു കഴിഞ്ഞിട്ടും ടൈംസ് നൗവിലെ അർണബ് ഗോസ്വാമിക്കും സീ ന്യൂസിലെ സുധീർ ചൗധരിക്കും ഒരു കൂസലുമില്ല. താൻ പിടിച്ച മുയലിന് മൂന്നു കൊമ്പ് എന്ന നില തന്നെ. അവർക്ക് ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുണ്ട്. അതിനു വേണ്ടി അവർ അപകടത്തിലാക്കിയത് രാജ്യത്തെ ഭാവിവാഗ്ദാനമായ ഒരു ചെറുപ്പക്കാരന്റെ ഭാവിയാണ്. കനയ്യ കുമാർ ഇന്ത്യൻ ഭരണഘടനയിൽ അചഞ്ചലമായ വിശ്വാസമുള്ളയാളാണ്. അതിനാൽത്തന്നെ ആ യുവാവ് രക്ഷപ്പെടുമ്പോൾ മനസ്സിലേക്കോടിയെത്തുന്നത് രണ്ടു വാക്കുകൾ'സത്യമേവ ജയതെ'.

മാദ്ധ്യമപ്രവർത്തക സമൂഹത്തിനാകെ അപമാനമാണ് ഈ അർണബ് ഗോസ്വാമി എന്ന് എന്റെ അഭിപ്രായം. വിയോജിക്കുന്നവരുണ്ടാവാം. വിരോധമില്ല. വിയോജിപ്പുകളോട് എനിക്ക് അസഹിഷ്ണുതയില്ല. ടെലിവിഷൻ എന്ന മാദ്ധ്യമത്തിന്റെ ശക്തി ഉപയോഗിക്കാൻ ടിയാനെ കഴിഞ്ഞിട്ടേ ആരെങ്കിലുമുള്ളൂ. പക്ഷേ, ശക്തിയുടെ ആ ഉപയോഗം ഭൂരിഭാഗം സമയത്തും ദുരുപയോഗമാവുന്നു എന്നതാണ് ദുരന്തം. ഇപ്പോൾ അർണബ് ഗോസ്വാമിയും സുധീർ ചൗധരിയുമെല്ലാം ടെലിവിഷൻ സ്റ്റുഡിയോയിൽ കയറിയിരിക്കുന്നത് മാദ്ധ്യമപ്രവർത്തകരായല്ല, മറിച്ച് ദൈവങ്ങളായിട്ടാണ്. അവിടെയിരുന്ന് മുഴുവൻ ജനങ്ങളുടെയും വിധി അവരെഴുതുന്നു. ഇവർ അവതരിപ്പിക്കുന്നത് വാർത്താ പരിപാടികളല്ല, മറിച്ച് റിയാലിറ്റി ഷോകളാണ്.

മാദ്ധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന തത്ത്വങ്ങളാണ് റേറ്റിങ്ങിനു വേണ്ടി അഭിനവ അർണബുമാർ കാറ്റിൽപ്പറത്തുന്നത്. ഏതൊരു കുറ്റവാളിയും കുറ്റം തെളിയിക്കുന്നതു വരെ നിരപരാധിയാണ്. ആ കുറ്റവാളിക്കെതിരായ കേസിന്റെ വിശദാംശങ്ങൾ വാർത്തയാക്കാം, അന്വേഷണത്തെക്കുറിച്ച് ചോദ്യങ്ങളുയർത്താം, പക്ഷേ, എല്ലാം നീതിപൂർവ്വകമായ പരിധിക്കുള്ളില്ലായിരിക്കണം. ഇവിടെ കോടതിയിൽ കേസെത്തും മുമ്പു തന്നെ വിചാരണയും ശിക്ഷാവിധിയുമൊക്കെ ടെലിവിഷൻ സ്റ്റുഡിയോയിൽ പൂർത്തിയാക്കുകയാണ് പതിവ്.

അർണബിനോട് എനിക്ക് വിരോധമൊന്നുമില്ല. പക്ഷേ, കഴിഞ്ഞ ദിവസം ടെലിവിഷൻ സ്റ്റുഡിയോയിലിരുന്ന് ടിയാൻ അഴിച്ചുവിട്ട ഭീകരത കണ്ടപ്പോൾ ഈ കുറിപ്പ് എഴുതിപ്പോയതാണ്. ചർച്ചയ്ക്കുള്ള അതിഥിയെന്ന പേരിൽ ഒരു ചെറുപ്പക്കാരനെ വിളിച്ചിരുത്തി ഭീഷണിപ്പെടുത്തുന്നു, കോളേജിലുള്ള പോലെ പ്രാകൃതമായി റാഗ് ചെയ്യുന്നു. തീവ്രവാദിയെന്നും രാജ്യദ്രോഹിയെന്നും മുദ്രകുത്തി ആ യുവാവിനെ വാ തുറക്കാൻ അനുവദിക്കാതെ അടിച്ചിരുത്തുന്നു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നു 'ദൈവത്തിന്റെ' നടപടി എന്നു മാത്രം മനസ്സിലായില്ല.

നമ്മൾ മാദ്ധ്യമപ്രവർത്തകർക്ക് വസ്തുതകളെക്കുറിച്ച് നല്ല ധാരണയുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. രാജ്യദ്രോഹക്കുറ്റം എന്താണെന്നതിനെക്കുറിച്ച് അർണബ് ഗോസ്വാമിയും സുധീർ ചൗധരിയും ഈ രാജ്യത്തെ മുതിർന്ന നിയമവിദഗ്ദ്ധരിൽ നിന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. പക്ഷേ, ഏതോ മേലാളന്മാർക്കു വേണ്ടി വായിട്ടലയ്ക്കുന്ന അർണബുമാരും സുധീർമാരും അറിയുന്നില്ല അവർ തീ കൊണ്ടു തല ചൊറിയുകയാണെന്ന്. മതത്തിന്റെയും ജാതിയുടെയും പേരിൽ ഇപ്പോൾ തന്നെ ഭിന്നിപ്പിക്കപ്പെട്ടിരിക്കുന്ന ഈ രാജ്യത്ത് രാജ്യസ്‌നേഹികളും രാജ്യദ്രോഹികളും എന്നൊരു പുതിയ വിഭജനം നടപ്പാക്കുകയാണ് തങ്ങളുടെ വാർത്താ ചാനലിലെ റിയാലിറ്റി ഷോയിലൂടെ ഇവർ ചെയ്യുന്നത്. പണ്ട് ബ്രിട്ടീഷുകാരൻ ഈ തന്ത്രം പയറ്റിയതിന്റെ ഫലമാണ് പാക്കിസ്ഥാനും ഇപ്പോൾ ഉണ്ടായിട്ടുള്ള വിവാദവും. ഇനി ഒരു വിഭജനം കൂടി താങ്ങാൻ ഭാരതമാതാവിന് ശേഷിയില്ല. പക്ഷേ, പണം മാത്രം ലക്ഷ്യമാകുന്നവർക്ക് എന്ത് ഭാരതം എന്ത് മാതാവ്!!

അർണബിന്റെയും സുധീറിന്റെയും ചെയ്തികൾ മാദ്ധ്യമപ്രവർത്തകരുടെയാകെ വിലയിടിച്ചിരിക്കുന്നു. മാദ്ധ്യമപ്രവർത്തകരെ കുരിശിൽ തറയ്ക്കാൻ കാത്തിരിക്കുന്നവർക്ക് ഇത് സുവർണ്ണാവസരം. എന്നോടും ആക്രോശിക്കാൻ വരുന്നവരുണ്ടാവും. അവരോട് ഒരു കാര്യം മാത്രം പറയാം.

ഞാൻ അർണബ് ഗോസ്വാമിയല്ല.
അർണബ് ഗോസ്വാമിയാകാൻ എനിക്കു ശേഷിയില്ല.
അർണബ് ഗോസ്വാമിയാകാൻ എനിക്കു താല്പര്യവുമില്ല.
രാജ്യദ്രോഹി ആയാലും അർണബ് ഗോസ്വാമിയാകില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP