Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202113Thursday

മനസ്സു പറയുന്നത്

മനസ്സു പറയുന്നത്

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2015 ഫെബ്രുവരി 22-ാം തീയതി രാത്രി 8 മണിക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ.

നമസ്‌കാരം യുവസുഹൃത്തുക്കളെ, 

ഇന്നത്തെ ദിവസം മുഴുവൻ ഒരുപക്ഷേ നിങ്ങളുടെ മനസ്സ് ക്രിക്കറ്റ്കളിയിൽ മുഴുകിയിരിക്കുകയായിരുന്നിരിക്കും. ഒരു വശത്ത് പരീക്ഷയെപ്പറ്റിയുള്ള ആതിയും മറുവശത്ത് ലോകകപ്പിനെക്കുറിച്ചുള്ള ഉത്കണ്ഠയും. നിങ്ങൾ ഇളയസഹോദരിയോട് പറയുന്നുണ്ടാകും, ഇടയ്ക്കിടയ്ക്ക് വന്ന് സ്‌കോർ അറിയിക്കണമെന്ന്. ചിലപ്പോൾ നിങ്ങൾക്ക് ഇങ്ങനെയും തോന്നുന്നുണ്ടാകും - സുഹൃത്തേ അല്പദിവസങ്ങൾക്കുശേഷം ഹോളി ആഗതമായേക്കും. പിന്നെ തലയിൽ കയ്യുംവച്ച് ഇരിപ്പാകും. ഹോളിയും വെറുതെ അങ്ങ് കടന്നുപോയോ എന്ന്. അപ്പോഴേക്കും പരീക്ഷ വന്നുകഴിഞ്ഞിട്ടുണ്ടാവും. തീർച്ച. എനിക്കറിയാം. അതിരിക്കട്ടെ. സുഹൃത്തുക്കളേ, ഞാൻ നിങ്ങൾക്ക് ബുദ്ധുമുട്ടുള്ള സമയത്ത് നിങ്ങൾക്കരികിൽ എത്തിയിരിക്കുകയാണ്. വളരെ നിർണ്ണായകമായ, വളരെ പ്രധാനപ്പെട്ട സമയമാണിത്. ആ സമയത്താണ് ഞാൻ എത്തിയിരിക്കുന്നത്. ഇങ്ങനെയുള്ള ചെറിയചെറിയ കാര്യങ്ങൾ പറയാനായി എത്തിയിരിക്കയാണ്. വളരെയേറെ പഠിച്ചുപഠിച്ച് ക്ഷീണിച്ചുപോയിരിക്കുമല്ലോ? അമ്മ വഴക്കുപറയുന്നു. അച്ഛൻ ശകാരിക്കുന്നു. അദ്ധ്യാപകർ ശാസിക്കുന്നു. എന്തെല്ലാം കേൾക്കണം. ഫോണവിടെവയ്ക്കൂ. വേണ്ട, ടി.വി. വയ്ക്കണ്ട, അണയ്ക്കൂ. എപ്പോഴും കമ്പ്യൂട്ടറിനു മുന്നിൽ കുത്തിയിരിപ്പാണോ? എല്ലാം നിർത്തിക്കോ. പോ! പോയിരുന്നു പഠിക്ക്. ഈ പല്ലവിയല്ലേ വീട്ടിൽ കേൾക്കുന്നത്. വർഷം മുഴുവൻ ഇതുതന്നെയാവും കേട്ടിട്ടുണ്ടാവുക. പത്തിലാണെങ്കിലും പന്ത്രണ്ടിലാണെങ്കിലും പരീക്ഷ പെട്ടെന്ന് കഴിഞ്ഞെങ്കിൽ നന്നായേനെ എന്ന് ചിന്തിച്ചിട്ടുണ്ടാവും. ഇതുതന്നെയല്ലേ നിങ്ങളും ഓർത്തത്. എനിക്കറിയാം നിങ്ങളുടെ മനസ്സിലിരുപ്പ്. അതുകൊണ്ടാണ് ഇന്ന് ഞാൻ നിങ്ങളോട് മനസ്സിലുള്ളത് പങ്കുവയ്ക്കാൻ വന്നത്.

ഇത് കുറച്ച് കട്ടിയുള്ള വിഷയമാണ്. ഇന്നത്തെ വിഷയത്തെക്കുറിച്ച് സ്വന്തം മകനോടോ മകളോടോ പറയാൻ കഴിയാതെപോയ കാര്യങ്ങൾ ഞാൻ പറയണമെന്നാവും മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. നിങ്ങളുടെ അദ്ധ്യാപകർ ആഗ്രഹിക്കുന്നത്; അവരുടെ വിദ്യാർത്ഥിക്ക് നേരായ മാർഗ്ഗം കാട്ടിക്കൊടുക്കാൻ ഉപകരിക്കുന്ന കാര്യങ്ങൾ ഞാൻ പറയുമെന്നാകും. സ്വന്തം വീട്ടിൽ നിന്നുകിട്ടുന്ന സമ്മർദ്ദം കുറയ്ക്കുന്നതരത്തിലുള്ള കാര്യങ്ങൾ ഞാൻ പറയുമെന്നാകും നിങ്ങൾ വിദ്യാർത്ഥികളും ആഗ്രഹിക്കുന്നത്.

ഞാൻ പറയാൻ പോകുന്ന വസ്തുക്കൾ ആർക്കൊക്കെ എത്രമാത്രം ഉപകരിക്കും എന്നെനിക്കറിയില്ല. എന്തായാലും എന്റെ യുവസുഹൃത്തുക്കളുടെ ജീവിതത്തിലെ നിർണ്ണായകമായ നിമിഷങ്ങളിൽ ഞാനും അവർക്കൊപ്പം ഉണ്ടായിരിക്കുന്നു എന്ന കാര്യത്തിൽ എനിക്കതിയായ സന്തോഷമുണ്ട്. എന്റെ മനസ്സിലുള്ളവ അവർക്കൊപ്പം ചേർന്ന് മൂളിക്കൊണ്ടിരിക്കുകയായിരുന്നു. അതു വെളിവാക്കുകയാണ് എന്റെ ഉദ്ദേശ്യം.

നല്ല പരീക്ഷ എങ്ങനെ ആയിരിക്കും എന്ന് പറയാനുള്ള ജ്ഞാനം എനിക്കില്ല. എങ്കിലും പരീക്ഷ എങ്ങനെ നന്നായി എഴുതാം? പരീക്ഷ എഴുതുന്നതിന്റെ രീതി എന്താണ്? ഏറ്റവും കൂടുതൽ മാർക്ക് നേടുന്നതിനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം എന്നൊക്കെ പറയാനുള്ള അവകാശം എനിക്കില്ല. കാരണം ഞാൻ ഇക്കാര്യത്തിൽ ഒരു സാധാരണ വിദ്യാർത്ഥിമാത്രമാണ്. ഞാനൊരിക്കലും എന്റെ ജീവിതത്തിലെ ഒരു പരീക്ഷയിലും മികച്ച വിജയം കൈവരിച്ചിട്ടില്ല. വെറുമൊരു സാധാരണക്കാരനെപ്പോലെയായിരുന്നു എന്റെ പഠനം. എന്റെ കൈപ്പടയാകട്ടെ വളരെ മോശപ്പെട്ടതും, ഒരുപക്ഷേ, ഇതുകൊണ്ടുതന്നെ ഞാൻ പലപ്പോഴും പിൻതള്ളപ്പെട്ടുകൊണ്ടിരുന്നു. കാരണം എന്റെ അദ്ധ്യാപകർക്ക് എന്റെ ഉത്തരക്കടലാസുകൾ വായിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. ശരി. ഇതെല്ലാം നിസ്സാരമായി കാര്യങ്ങൾ. അതിരിക്കട്ടെ, ഞാൻ ഇന്ന് നിങ്ങളോട് ഒരു കാര്യം പറയാനാണ് ആഗ്രഹിക്കുന്നത്.

നിങ്ങൾ പരീക്ഷയെ എങ്ങനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നിങ്ങളുടെ പരീക്ഷ നന്നാകുന്നത്. അധികമാളുകളേയും ഞാൻ കണ്ടിട്ടുള്ളത് അവർ ഇതിനെ തങ്ങളുടെ ജീവിതത്തിലെ പ്രധാന സംഭവമായി കരുതുന്നു എന്നതാണ്. കൂട്ടുകാരേ, ലോകം അങ്ങനെ അല്ല, അതുകൊണ്ട് ഒരിക്കലും ഇത്രയും പിരിമുറുക്കം അനുഭവിക്കാതിരിക്കുക. പിന്നെ നല്ല വിജയഫലം നേടാനുള്ള വാശി ഉണ്ടായിരിക്കണം. ദൃഢനിശ്ചയം ഉണ്ടായിരിക്കണം. എന്നാൽ പരീക്ഷ ഒരു ഭാരമാകാനും പാടില്ല. മാത്രമല്ല പരീക്ഷ, നിങ്ങളുടെ ജീവിതത്തിന്റെ മാറ്റുരയ്ക്കുന്ന ഒന്നല്ല. അങ്ങനെ ചിന്തിക്കേണ്ടതിന്റെ ആവശ്യവുമില്ല. നമ്മൾ തന്നെയല്ലേ പരീക്ഷയെ ഭാരമാക്കുന്നത്? വീട്ടിൽ അത് ഭാരമായി മാറുന്നതിന് ഒരു കാരണമുണ്ട്. അത് നമ്മുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടേയോ മകനോ മകളോ നമ്മുടെ മക്കളോടൊപ്പം പഠിക്കുന്നുണ്ടെങ്കിലാണ്.

നിങ്ങളുടെ മകനും നിങ്ങളുടെ ബന്ധുവിന്റെ മകനും പത്താം ക്ലാസ്സിലാണെങ്കിൽ നിങ്ങളുടെ മനസ്സ് എപ്പോഴും താരതമ്യം ചെയ്തുകൊണ്ടിരിക്കും; എന്റെ മകൻ അവരേക്കാൾ മുന്നിലാകണമെന്ന്. നിങ്ങളുടെ സുഹൃത്തിനേക്കാൾ അയാളുടെ മകനെക്കാൾ മുന്നിലായിരിക്കണം സ്വന്തം മകനെന്ന്. അതുതന്നെയാണ്, നിങ്ങളുടെ മനസ്സിലെ ഈ സ്വാർത്ഥചിന്തയാണ് നിങ്ങളിൽ പിരിമുറുക്കം സൃഷ്ടിക്കുന്നത്. സ്വന്തക്കാർക്കിടയിൽ സ്വന്തം മകന്റെ പേര് പ്രശസ്തമാകണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ല. പക്ഷേ, നിങ്ങളുടെ മകനെ ഈ ഒരു സാധാരണ മത്സരത്തിൽ കൊണ്ടെത്തിച്ചതെന്തിനെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ? ജീവിതത്തിലെ വലിയ വലിയ ഉയർച്ചകളെ, വ്യാപ്തിയെ അതുമായി ബന്ധിപ്പിക്കുവാൻ സാദ്ധ്യമല്ലേ? അയൽപക്കത്തെ ബന്ധുമിത്രാദികളുടെ കുട്ടികുളുമായി അവനെ എങ്ങനെ താരതമ്യപ്പെടുത്താനാവും? ഇതാണോ നിങ്ങൾക്ക് സന്തോഷം പകരുന്നത്? നിങ്ങൾ ഒന്നാലോചിച്ചുനോക്കൂ. തുല്യരായ ആൾക്കാരുമായി താരതമ്യം. അതുകാരണം നിങ്ങളുടെതന്നെ കുട്ടിയുടെ ജീവിതത്തെ ചെറുതായികാണുക. ഇത് എത്രമാത്രം ഉചിതമാണെന്ന് നിങ്ങൾ ഒന്നാലോചിച്ചുനോക്കൂ.

കുട്ടികളോട് സംസാരിക്കുമ്പോൾ മഹത്തായ സ്വപ്നങ്ങളെക്കുറിച്ച് സംസാരിക്കുക. ഉയർന്ന് പറക്കുന്നതിനെപ്പറ്റി സംസാരിക്കുക. എന്നിട്ട് നിങ്ങൾ നോക്കുക. മാറ്റങ്ങൾക്ക് തുടക്കമുണ്ടാകും. സുഹൃത്തുക്കളെ, നമ്മെ പ്രയാസപ്പെടുത്തുന്ന ഒരു കാര്യം. നാം നമ്മുടെ വളർച്ചയെ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തുന്ന പ്രകൃതക്കാരാണെന്നുള്ളതാണ്. നമ്മുടെ ഊർജ്ജം മുഴുവനും പരസ്പരമത്സരത്തിൽ ചോർന്നുപോവുകയാണ്. മത്സരം അനിവാര്യമായ മണ്ഡലങ്ങൾ ജീവിതത്തിലുണ്ടാകാം. നമ്മോടുതന്നെ അനുദിനം മത്സരിച്ചുകൊണ്ടിരിക്കുന്നതുപോലെ അത്രയും സ്വന്തം വളർച്ചയ്ക്ക് മത്സരം അഭികാമ്യമല്ല. നമ്മോടുതന്നെയുള്ള മത്സരം. നന്മകൾ ചെയ്യാനുള്ള മത്സരം. അതിവേഗം കൈവരിക്കാനുള്ള മത്സരം. അത്യധികം ചെയ്തു തീർക്കാനുള്ള മത്സരം. പുതിയ പുതിയ ഉയരങ്ങൾ കീഴടക്കുന്നതിനുള്ള മത്സരം..... നിങ്ങൾ നിങ്ങളോടുതന്നെ മത്സരിക്കുക. കഴിഞ്ഞുപോയ ഇന്നലെകളെക്കാൾ 'ഇന്ന്' കൂടുതൽ നന്മയുള്ളതായിത്തീരട്ടെ. ഇതിൽ മനസ്സ് കേന്ദ്രീകരിക്കുക. എന്നിട്ട് നോക്കൂ, ഈ മത്സരത്തിന്റെ മികവ് നിങ്ങൾക്ക് സങ്കല്പിക്കാൻപോലും കഴിയാത്ത അത്ര ഉയരങ്ങളിലാണ്. നാം വളരെ ആദരവോടെയാണ് കായികതാരം സെർജീ ബൂബ്ക്കയെ സ്മരിക്കുന്നത്. അദ്ദേഹം 35 തവണയാണ് സ്വന്തം റെക്കാർഡ് തിരുത്തിക്കുറിച്ചത്. അദ്ദേഹം സ്വയം പരീക്ഷയ്ക്ക് വിധേയനായിരുന്നു. തന്നെത്തന്നെ ഉരകല്ലിൽ മാറ്റുരച്ചുനോക്കിക്കൊണ്ടിരുന്നു. അങ്ങനെ പുതിയ ലക്ഷ്യം കൈവരിക്കുകയായിരുന്നു. നിങ്ങളും അത്തരത്തിൽ മുന്നേറിയാൽ, നിങ്ങൾ നോക്കിക്കോളൂ മുന്നോട്ടുള്ള പ്രയാണത്തിൽ നിങ്ങളെ ആർക്കും തടയാനാവില്ല.

യുവസുഹൃത്തുക്കളേ, വിദ്യാർത്ഥികളിൽതന്നെ പലതരക്കാരുണ്ട്. ചിലർ എത്ര പരീക്ഷകൾ വന്നാലും സ്ഥൈര്യം കൈവെടിയാറില്ല. അതിനെ ഗൗനിക്കാറേയില്ല. എന്നാൽ മറ്റു ചിലരുണ്ട് പരീക്ഷയുടെ സമ്മർദ്ദത്തിൽ അടിപ്പെട്ടുപോകും. മറ്റു ചിലർ വെട്ടപ്പെടാതെ വീടിന്റെ ഏതെങ്കിലും മൂലയിൽ പുസ്തകത്തിനകത്ത് പൂഴ്ന്നിരിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും പരീക്ഷ, പരീക്ഷതന്നെയാണ്. പരീക്ഷയിൽ വിജയിക്കേണ്ടതും ആവശ്യം തന്നെ. ഞാനും ആഗ്രഹിക്കുന്നത് അതുതന്നെയാണ്. നിങ്ങളും വിജയിക്കട്ടെ എന്ന്. എന്നാൽ നിങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ടാവും നാം വളരെയധികം ബാഹ്യകാരണങ്ങൾ തേടുന്നത്. നാം സ്വയം ആശയക്കുഴപ്പിത്തിലാകുമ്പോഴാണ് പുറമേയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നത്. തന്നിൽതന്നെയുള്ള വിശ്വാസം നഷ്ടപ്പെടുന്നത് ജീവിതത്തിൽ ആദ്യമായി പരീക്ഷ എഴുതുന്നതുപോലെയാണ്.

വീട്ടിൽ ആരെങ്കിലും ഉച്ചത്തിൽ ടി.വി. വയ്ക്കുമ്പോൾ അതിന്റെ ഉയർന്നശബ്ദം കേൾക്കുമ്പോൾ നമുക്ക് അരിശം തോന്നും. അമ്മ ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ടാകുമെങ്കിലും കോപിക്കുന്നുണ്ടാകും. എന്നാൽ, മറുവശത്ത് നമ്മുടെ ഏതെങ്കിലും കൂട്ടുകാരുടെ ഫോൺ വന്നാൽ മണിക്കൂറുകളോളം കാര്യം പറയാനുണ്ടാകും. നിങ്ങൾക്കു തോന്നുന്നില്ലേ, സ്വയം നിങ്ങൾ നിങ്ങളുടെ വിഷയത്തിൽതന്നെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന്.

കൂട്ടുകാരേ; സ്വയം അറിയുക എന്നത് വളരെ അത്യാവശ്യമാണ്. നിങ്ങൾ ഒരു കാര്യം ചെയ്താലും ഭാവിയെപ്പറ്റി ഒരുപാട് ചിന്തിക്കേണ്ട ആവശ്യമില്ല, നിങ്ങൾക്ക് ഒരു പെങ്ങളുണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തിന് ഒരു സഹോദരിയുണ്ടെങ്കിൽ അവൾ പത്താം ക്ലാസുപരീക്ഷ അല്ലെങ്കിൽ പുന്ത്രണ്ടാം ക്ലാസുപരീക്ഷ എഴുതുകയാണെങ്കിലോ അതല്ല എഴുതാൻ തയ്യാറെടുക്കുകയാണെങ്കിലോ നിങ്ങൾ കണ്ടിട്ടുണ്ടാകും പത്താംക്ലാസുപരീക്ഷയായാലും പന്ത്രണ്ടാം ക്ലാസുപരീക്ഷയായാലും പെൺകുട്ടികൾ അമ്മമാരെ ജോലിയിൽ സഹായിക്കാറുള്ളത്. അവർക്കുള്ളിൽ അത്തരത്തിൽ എന്തുതരം കരുത്താണുള്ളതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവർ അമ്മയെ വീട്ടുജോലിയിൽ സഹായിക്കുന്നതിനോടൊപ്പം പരീക്ഷയിൽ ഇന്ന് ആൺകുട്ടികളേക്കാൾ പെൺകുട്ടികൾ വളരെ മുന്നിൽ എത്തിപ്പെടുന്നുമുണ്ട്.

താങ്കൾ ചുറ്റുമൊന്ന് കണ്ണോടിച്ചുനോക്കുക. ബാഹ്യകാരണങ്ങളിൽ പ്രയാസപ്പെടേണ്ടതില്ലെന്ന് ബോദ്ധ്യമാകും. പലപ്പോഴും കാരണങ്ങൾ ഉള്ളിലാണ്. സ്വയം അവിശ്വാസം തോന്നാറില്ലേ. എങ്കിൽപ്പിന്നെ ആത്മവിശ്വാസം എവിടുന്നുകിട്ടും? അതുകൊണ്ടാണ് ഞാൻ എല്ലായ്‌പ്പോഴും പറയുന്നത് ആത്മവിശ്വാസക്കുറവുണ്ടെങ്കിൽ അന്ധവിശ്വാസത്തിന്റെ പിടിയിലകപ്പെടും. നമ്മൾ ബാഹ്യകാരണങ്ങൾ തെരഞ്ഞുകൊണ്ടിരിക്കുന്നു. അങ്ങനെ ബാഹ്യകാരണങ്ങളുടെ വഴി അന്വേഷിച്ചുകൊണ്ടിരിക്കുന്നു. കുറച്ചുവിദ്യാർത്ഥികൾ ഇങ്ങനെയാണ്. അവരെ ആരംഭശൂരന്മാരെന്നുവിളിക്കാം. ഓരോ ദിവസവും ഓരോ പുതിയ ചിന്ത ഓരോ ദിവസവും ഓരോ പുതിയ ആഗ്രഹം. ഓരോ ദിവസവും പുതിയ സങ്കലപം. പിന്നെ എല്ലാം മുളയിലേ നുള്ളി എറിയും. നിങ്ങൾ ആരംഭിച്ചിടത്തുതന്നെ നില്ക്കുകയും ചെയ്യും. എന്റെ വ്യക്തമായ വിശ്വാസം സുഹൃത്തുക്കളേ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആഗ്രഹങ്ങൾ ജലരേഖകളാണ്. നമ്മളെ നമ്മുടെ സുഹൃത്തുക്കളും അയൽപക്കക്കാരും മാതാപിതാക്കളും എല്ലാം പരിഹസിക്കും. അതുകൊണ്ടുതന്നെ ഞാൻ പറയും അഭിലാഷങ്ങൾ എല്ലായ്‌പ്പോഴും സ്ഥായിയായിരിക്കണം. ആഗ്രഹം സ്ഥിരതയുള്ളതാണെങ്കിൽ അത് സങ്കല്പമായി മാറും. സങ്കല്പം വ്യർത്ഥമാകില്ല. സങ്കല്പത്തിനൊപ്പം പുരുഷാർത്ഥം ചേരുന്നു. പുരുഷാർത്ഥം ചേരുമ്പോൾ സങ്കല്പം സിദ്ധി ആയി പരിണമിക്കുന്നു. അതുകൊണ്ടാണ് ഞാൻ പറയുന്നത്,

ആഗ്രഹം + സ്ഥിരത = സങ്കല്പം.
സങ്കല്പം + പുരുഷാർത്ഥം = സിദ്ധി

നിങ്ങളുടെ ജീവിതയാത്രയിലും സിദ്ധി നിങ്ങളുടെ കാൽതൊട്ടുവണങ്ങാൻ എത്തിച്ചേരും എന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ സ്വയം ഉപയോഗപ്പെടുത്തുക. നിങ്ങളുടെ സങ്കല്പത്തെ നിജപ്പെടുത്തുക. ആർക്കും മുന്നിലാകുന്നതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുക. സ്വയം നില്ക്കുന്നിടത്തുനിന്ന് മുന്നേറുന്നതിനെക്കുറിച്ച് ചിന്തിക്കുക. അതുകൊണ്ട് ദിവസവും സ്വന്തം ജീവിതത്തിന്റെ മാറ്റുരച്ചുകൊണ്ടിരിക്കുക. അതിനായി എത്ര വലിയെ ഉരകല്ലുകൊണ്ടുവന്നാലും ഒരു ബുദ്ധുമുട്ടുമുണ്ടാവില്ല.

അതുകൊണ്ട് സുഹൃത്തുക്കളേ, അന്യനൊരാൾ നമ്മുടെ മാറ്റുരയ്ക്കുന്നത് എന്തിനാണ്? മറ്റൊരാൾ നമ്മളെ പരീക്ഷിക്കുന്നത് എന്തിനാണ്? ശീലിക്കൂ. നമ്മൾ തന്നെ സ്വയം നമ്മളെ പരീക്ഷിക്കുന്ന ശീലമുണ്ടാക്കൂ.

ഓരോ ദിവസവും പരീക്ഷ നടത്തും. അപ്പോൾ കാണാം ഞാൻ ഇന്നലെ നിന്നിടത്തുനിന്ന് മുന്നോട്ടു പോയോ ഇല്ലയോ എന്ന്. ഇന്നലെ നേടിയതിൽനിന്ന് ഇന്ന് കൂടുതൽ നേടിയോ ഇല്ലോയോ എന്ന്. ഓരോ ദിവസവും ഓരോ നിമിഷവും സ്വയം മാറ്റുരച്ചുനോക്കുക്കൊണ്ടിരുന്നാലും പിന്നെ ജീവിതത്തിൽ ഒരിക്കലും ഒരു മാറ്റുരയ്ക്കലും മാറ്റുരയ്ക്കലായി തോന്നുകയേ ഇല്ല. ഓരോ ഉരകല്ലും നിങ്ങൾക്ക് സ്വയം തെളിയാനുള്ള അവസരമായി മാറും. സ്വയം തെളിയാനറിയുന്നവർ ഉരകല്ലുകളെ മറികടക്കുന്നു. അതുകൊണ്ട് ജീവിതപരീക്ഷയുമായി ചേർന്നു നില്ക്കുന്നവർക്ക് ക്ലാസ്സുമുറികളിലെ പരീക്ഷകൾ വളരെ സാധാരണമായി തോന്നാം. ആരെങ്കിലും ഇത്ര നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടാകുമോ എന്ന് എപ്പോഴെങ്കിലും നിങ്ങളും ചിന്തിച്ചിട്ടുണ്ടാകില്ല. അതൊന്ന് ഓർത്തുനോക്കൂ. സ്വയം വിശ്വാസം ഉണ്ടായിവരും. താങ്കൾ അതും ചെയ്തു ഇതും ചെയ്തു. കഴിഞ്ഞ വർഷം സുഖമില്ലായിരുന്നു, അപ്പോഴും ഇത്രയും നല്ല മാർക്കു വാങ്ങിയിരുന്നു. കഴിഞ്ഞ പ്രാവശ്യം മാമന്റെ വീട്ടിൽ കല്യാണമായിരുന്നു. ഒരാഴ്ചയോളം അവിടെ നഷ്ടമായി. അപ്പോഴും നല്ല മാർക്കു കിട്ടി. മുൻപാണെങ്കിൽ 6 മണിക്കൂർ ഉറങ്ങിയിരുന്നു. ഇല്ല ഇല്ല ഇനി 5 മണിക്കൂറേ ഉറങ്ങൂ എന്ന് കഴിഞ്ഞവർഷം താങ്കൾ തീരുമാനിച്ചു. എന്നിട്ട് അത് പ്രവർത്തിച്ചുകാണിക്കുകയും ചെയ്തു. ഇത് തന്നെയാണ് പറയുന്നത്, മോദീ നിങ്ങൾ വേറെ എന്ത് ഉപദേശം തരും? ''നിങ്ങൾ സ്വയം മാർഗ്ഗദർശികളായി മാറിയാലും.'' ശ്രീബുദ്ധൻ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. 'അത് ദദിധോ ഭവ:'

ഞാൻ വിശ്വസിക്കുന്നു, നിങ്ങളിലുള്ള പ്രകാശത്തെ തിരിച്ചറിയൂ നിങ്ങൾക്കുള്ളിലെ സാമർത്ഥ്യത്തെ തിരിച്ചറിയൂ. സ്വയം നിരന്തരം മാറ്റുരയ്ക്കുന്നവൻ പുതിയ പുതിയ ഉയരങ്ങൾ താണ്ടുകതന്നെ ചെയ്യും. മിക്കപ്പോഴും നമ്മൾ വിദൂരഭാവിയെക്കുറിച്ച് ചിന്തിക്കുന്നു. പലപ്പോഴും ഭൂതകാലത്തിൽ സ്വയം നഷ്ടമാകുകയും ചെയ്യുന്നു. സുഹൃത്തുക്കളേ പരീക്ഷാ സമയത്ത് അങ്ങനെ ചെയ്യാതിരുന്നാലും. പരീക്ഷാസമയമാണെങ്കിൽ നിങ്ങൾ വർത്തമാനകാലത്തുതന്നെ ജീവിക്കുന്നതായിരിക്കും നല്ലത്. ഏതെങ്കിലും 'ബാറ്റ്‌സ്മാൻ' കഴിഞ്ഞ പ്രാവശ്യം എത്ര സ്‌ക്കോറിന് പുറത്തായി എന്ന് ചിന്തിച്ചുകൊണ്ടിരിക്കുമോ? ഇല്ലെങ്കിൽ മുഴുവൻ പരമ്പരയും ജയിക്കുമോ, ഇല്ലയോ എന്ന് ചിന്തിക്കാറുണ്ടോ? കളിക്കളത്തിലിറങ്ങി ബാറ്റിങ് ചെയ്യുന്ന സമയത്ത് സെഞ്ച്വറി നേടുന്നതിനെക്കുറിച്ചും നേടാൻ കഴിയാത്തതിനെക്കുറിച്ചും ആലോചിക്കാറുണ്ടോ? ഇല്ല. എന്റെ അഭിപ്രായത്തിൽ നല്ല ബാറ്റ്‌സ്മാൻ അവന്റെ മുന്നിൽ വരുന്ന പന്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്ത പന്തിനെക്കുറിച്ച് ആലോചിക്കാറില്ല. മുഴുവൻ മാച്ചിനെക്കുറിച്ചും ആലോചിക്കാറില്ല. നിങ്ങളും നിങ്ങളുടെ മനസ്സ് വർത്തമാനകാലത്തുതന്നെ ഉറപ്പിച്ചു നിർത്തൂ. വിജയിക്കണമെങ്കിൽ, അതിന് ഒരൊറ്റമൂലിയേയുള്ളൂ; വർത്തമാനകാലത്ത് ജീവിക്കുക. വർത്തമാനകാലത്തോട് ചേർന്ന് നില്ക്കും. വർത്തമാനകാലത്തിനോട് പൊരുതുക. വിജയം നിങ്ങൾക്കൊപ്പം വരും.

എന്റെ സുഹൃത്തുക്കളേ, നിങ്ങൾ വിചാരിക്കുന്നുണ്ടോ? നിങ്ങളുടെ കഴിവു പ്രദർശിപ്പിക്കാനാണ് പരീക്ഷ നടത്തുന്നതെന്ന്. അതാണ് നിങ്ങളുടെ വിചാരമെങ്കിൽ അത് അബദ്ധമാണ്. ആർക്കാണ് നിങ്ങളുടെ കഴിവുകാണിച്ചു കൊടുക്കേണ്ടത്? നിങ്ങളുടെ കഴിവ് പ്രദർശിപ്പിക്കേണ്ടത് ആരുടെ മുന്നിലാണ്? പരീക്ഷ കഴിഞ്ഞ് പ്രദർശിപ്പിക്കാനുള്ളതല്ല മറിച്ച് സ്വയം കഴിവ് തിരിച്ചറിയാൻ വേണ്ടിയുള്ളതാണ് എന്ന് ചിന്തിച്ചുനോക്കൂ. ഈ മന്ത്രം നിങ്ങൾ സ്വായത്തമാക്കുന്നതോടെ നിങ്ങളുടെ ഉള്ളിൽ വിശ്വാസം വർദ്ധിച്ചുവരും. നിങ്ങൾ സ്വയം നിങ്ങളെ അറിയാൻ തുങ്ങും. ഒരു പ്രാവശ്യം നിങ്ങൾ നിങ്ങളുടെ അറിവും നിങ്ങളുടെ കരുത്തും അറിഞ്ഞുകഴിഞ്ഞാൽ പിന്നെ എപ്പോഴും നിങ്ങളുടെ കരുത്തിന് വളവും വെള്ളവും ഒഴിച്ചുകൊണ്ടിരിക്കും. കഴിവ് ഒരു പുതിയ സാമർത്ഥ്യമായി പരിവർത്തനം ചെയ്യപ്പെടും. അതുകൊണ്ട് പരീക്ഷയെ നിങ്ങൾ ലോകത്തിനെ കാണിക്കാനുള്ള ഒരു വെല്ലുവിളിയുടെ രൂപത്തിൽ എടുക്കാതിരിക്കുക. അതിനെ ഒരവസരമായി കാണുക. നമുക്ക് നമ്മളെത്തന്നെ മനസ്സിലാക്കാനും തിരിച്ചറിയാനും നമ്മളായി ജീവിക്കാനുമുള്ള ഒരവസരമാണിത്.

കൂട്ടരേ, ഞാൻ കാണുന്നുണ്ട് പലരും പരിഭ്രാന്തരായികാണപ്പെടുകയാണ്. പരീക്ഷാക്കാലത്ത്. ചിലരുടെ മനസ്സിലുള്ള പിരിമുറുക്കം - ഇന്ന് നല്ലൊരു ദിവസമായിട്ട് അമ്മാവൻ ആശീർവദിച്ചില്ലല്ലോ, വല്ല്യച്ഛൻ വിളിച്ച് ആശംസിച്ചില്ലല്ലോ, വല്ല്യേട്ടൻ ഒന്നു വിളിച്ചു കൂടിയില്ലല്ലോ. എനിക്കറിയില്ലാ, രണ്ട് മണിക്കൂർ ഇത്തരം സംഘർഷത്തിന്റെ വേളകളായിരിക്കും. നോക്കൂ അവൻ വിളിച്ചില്ലല്ലോ, അവളുടെ ഫോൺ വന്നില്ലല്ലോ, അയാൾ വിളിച്ച് ആശംസിച്ചില്ലല്ലോ, ആശംസാപുഷ്പങ്ങൾ കൊടുത്തയച്ചില്ലല്ലോ....

കൂട്ടരേ, നിങ്ങളിതിലൊന്നും വീഴരുത്. ഈ വിധകാര്യങ്ങളിലൊന്നും അകപ്പെട്ടുപോകരുത്. ഇതെല്ലാം പരീക്ഷ കഴിഞ്ഞ് ചിന്തിക്കാം. നിങ്ങൾ നിങ്ങളിൽത്തന്നെ വിശ്വാസമുണ്ടെങ്കിൽ ഇക്കാര്യങ്ങളൊന്നും കുറുകെ വരില്ല. എനിക്കു തോന്നുന്നത് ചിലരുടെ സ്വഭാവത്തിന്റെ കൂടെപ്പിറപ്പാണ് ഈ പിരിമുറുക്കം. ചിലപ്പോൾ കുടുംബസാഹചര്യമാകാം. പക്ഷേ, ഇങ്ങനെ വേവലാതിപ്പെടുന്നതിന്റെ പ്രധാന കാരണം നമുക്ക് നമ്മളെ വിശ്വാസമില്ലാതായിരിക്കുന്നു. നമുക്ക് എപ്പോഴാണ് നമ്മിൽ വിശ്വാസമുണ്ടാകുന്നത്. ഒന്നാമതായി നിങ്ങൾക്ക് ആ വിഷയത്തിൽ ഗ്രാഹ്യമുണ്ടായിരിക്കണം. വീണ്ടും വീണ്ടും ആവർത്തിച്ചു പഠിച്ചിട്ടുണ്ടാവണം. നിങ്ങൾക്ക് പൂർണ്ണവിശ്വാസമുണ്ടായിരിക്കും ആ വിഷയത്തിൽ വൈദഗ്ദ്ധ്യമുണ്ടായിരിക്കുമെന്ന്. നിങ്ങൾക്കുതന്നെ അറിയാം അഞ്ചോ ഏഴോ വിഷയങ്ങളിൽ രണ്ടോ മൂന്നോ എണ്ണത്തിൽ വേവലാതിയേ ഉണ്ടാവില്ലെന്ന്. ചിലപ്പോൾ ഒന്നു രണ്ട് തവണ അതുണ്ടായേക്കാം. പക്ഷേ, നിങ്ങൾക്ക് ആ വിഷയങ്ങളിൽ പ്രാവീണ്യമുണ്ടെങ്കിൽ നിങ്ങൾക്ക് ടെൻഷൻ ഉണ്ടാവില്ല. നിങ്ങൾ വർഷം മുഴുവൻ കഠിനാദ്ധ്വാനം ചെയ്തില്ലേ? ആ പുസ്തകങ്ങളെല്ലാം രാത്രിക്ക് രാത്രി വായിച്ചുതീർത്തു. ഇപ്പോൾ ഉറച്ച വിശ്വാസമുണ്ട് അത് പാഴായിപ്പോകില്ലെന്ന്, അത് നിങ്ങളുടെ ബുദ്ധിയിലും മനസ്സിലും എവിടൊക്കെയോ ഉണ്ടാകും. പരീക്ഷ എഴുതാനിക്കുമ്പോൾ അത് നിങ്ങളെ തേടിവരും. നിങ്ങൾ നിങ്ങളുടെ പഠിപ്പിൽ വിശ്വാസമർപ്പിക്കുക. നിങ്ങളുടെ അറിവിൽ വിശ്വാമുള്ളവരാകുക. നിങ്ങൾ ചെയ്ത അദ്ധ്വാനം അത് സഫലമാകുമെന്ന് വിശ്വസിക്കൂ. മറ്റൊരുകാര്യം, നിങ്ങളുടെ കഴിവുകളെക്കുറിച്ച് ആത്മവിശ്വാസമുണ്ടായിരിക്കണം. ചോദ്യം എത്ര കഠിനമായാലും ഞാൻ നന്നായി പരീക്ഷ എഴുതി ജയിക്കും എന്ന് നിങ്ങൾക്ക് തോന്നണം. അതിനുള്ള കഴിവ് നിങ്ങൾക്കുണ്ടാകണം. മൂന്ന് മണിക്കൂറിനുള്ള ചോദ്യപേപ്പർ മൂന്ന് മണിക്കൂറിനകം, രണ്ടുമണിക്കൂറിനുള്ളതാണെങ്കിൽ രണ്ടു മണിക്കൂറിനകം നിയതസമയത്തിനുള്ളിൽതന്നെ ജോലിപൂർത്തിയാക്കുമെന്ന ആത്മവിശ്വാസം നിങ്ങൾക്കുണ്ടാവണം. എനിക്ക് ഓർമ്മയുണ്ട്; നിങ്ങൾക്കും ഓർമ്മയുണ്ടായിരിക്കും. ഞാൻ പറഞ്ഞുതരാം. കൊച്ചുന്നാളിൽ നമ്മുടെ അദ്ധ്യാപകർ നമുക്കു പറഞ്ഞുതരുമായിരുന്നു, ലളിതമായ ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം എഴുതണമെന്ന്. നിങ്ങൾക്കും അങ്ങനെയൊക്കെ പറഞ്ഞുതന്നിട്ടുണ്ടാകണം. നിങ്ങൾ ഇത് ശരിക്കും പാലിക്കുന്നുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്.

സുഹൃത്തുക്കളെ, എന്റെ സൈറ്റിൽ പല നിർദ്ദേശങ്ങളും ധാരാളം അനുഭവങ്ങളും ലഭിച്ചിട്ടുണ്ട്. അതെല്ലാം ഞാൻ വിദ്യാഭ്യാസവകുപ്പിന് കൈമാറും. എന്നാൽ ചില കാര്യങ്ങൾ ഞാൻ ഇവിടെ എടുത്തു പറയാൻ ആഗ്രഹിക്കുന്നു. മഹാരാഷ്ട്രയിലെ മുംബൈയിലെ അണവ് മേഹതാ എനിക്ക് എഴുതിയിരിക്കുന്നത് ചില ആളുകൾ പരീക്ഷയെ ജീവന്മരണപ്രശ്‌നമായി കണക്കാക്കുന്നു എന്നാണ്. വാരണസിയിൽ നിന്നും വിനിത തിവാരി എഴുതിയിരിക്കുന്നത് പരീക്ഷയിൽ തോറ്റുപോയാൽ ലോകം മുഴുവൻ മുങ്ങിപ്പോയതുപോലെയാണത്രേ. പരീക്ഷാഫലം വരുമ്പോൾ ചില കുട്ടികൾ ആത്മഹത്യ ചെയ്യാറുണ്ട്. ഇത് ഏറെ വേദനാജനകമാണ്. ഈ കാര്യങ്ങളെല്ലാം അങ്ങകലെ നിങ്ങളുടെ കാതുകളിൽ എത്തുന്നുണ്ടാകും. എന്നാൽ ഇതിനുള്ള നല്ല മറുപടി മറ്റൊരു നല്ല വ്യക്തി എനിക്ക് അയച്ചുതന്നിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നും മിസ്റ്റർ ആർ. കമ്മത്ത്, അദ്ദേഹം നല്ല രണ്ടു വാക്കുകൾ തന്നിട്ടുണ്ട്. സ്റ്റുഡന്റ്‌സ് ''ബാരിയറാകരുത്'' വാര്യറാവുക. യോദ്ധാവാകുക. ചിന്തയിൽമുങ്ങിത്തപ്പുന്നവരാകരുത്. രണാങ്കണത്തിൽ പൊരുതുന്നവർ ആയിരിക്കണം. ഞാൻ മനസ്സിലാക്കുന്നത് നാം സത്യത്തിൽ ചിന്തയിൽ മുങ്ങിപ്പോകരുത് എന്നാണ്. വിജയത്തിലേക്കുള്ള ദൃഢനിശ്ചയവുമായി മുന്നേറണം. ഇത് ശരിയുമാണ്. ജീവിതം വളരെ ദൈർഘ്യമേറിയതാണ്. ഉയർച്ചകളും താഴ്ചകളും വന്നുകൊണ്ടേയിരിക്കും. ഇതിൽ ആരും മുങ്ങിപ്പോകുന്നില്ല. ചിലപ്പോഴൊക്കെ അനിഷ്ടകരമായ പരിണാമങ്ങൾപോലും മുന്നോട്ടുകുതിക്കാനുള്ള ആയമാണ് നൽകുന്നത്. ഒരു കാര്യം; പരീക്ഷാഹാളിൽനിന്നും പുറത്തിറങ്ങിയാൽ ഉടൻതന്നെ കണക്കുകൂട്ടാൻ തുടങ്ങുന്നു. പരീക്ഷ എങ്ങനെയുണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ, അച്ഛൻ, അമ്മ, ആരു കണ്ടാലും ചോദിക്കുന്നു. ഇന്നത്തെ പരീക്ഷ എങ്ങനെയുണ്ടായിരുന്നു? ഞാൻ കരുതുന്നു; കഴിഞ്ഞതൊക്കെ കഴിഞ്ഞു പ്ലീസ് അത് മറന്നേക്കുക. ഞാൻ അച്ഛനമ്മമാരോടും അപേക്ഷിക്കുന്നു. പ്ലീസ് തങ്ങളുടെ കുട്ടികളോട് പരീക്ഷ എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിക്കാതിരിക്കുക. പുറത്തുവരുമ്പോൾ അവരോട് പറയുക. നിന്റെ മുഖത്തൊരു വെളിച്ചം കാണുന്നു. പരീക്ഷ നന്നായി എഴുതിക്കാണുമെന്നു തോന്നുന്നല്ല. ആഹാ.... സബാഷ്.... നടക്കട്ടെ. നാളത്തേയ്ക്കുള്ള തയ്യാറെടുപ്പുകൾ നടക്കട്ടെ! ഇങ്ങനെ നല്ലൊരു മാനസികാവസ്ഥ സൃഷ്ടിക്കുക. സുഹൃത്തുക്കളെ, ഞാൻ നിങ്ങളോടും ഇതുതന്നെ പറയുന്നു. നിങ്ങൾ കണക്കുകൾ എല്ലാം കൂട്ടിക്കിഴിച്ച് നിങ്ങൾക്കു തോന്നുന്നു അച്ഛാ ഞാൻ രണ്ടെണ്ണം തെറ്റായിട്ടാണ് എഴുതിയത്. 6 മാർക്ക് കുറയും. നിങ്ങൾ എന്നോട് സത്യസന്ധമായി പറയു, നിങ്ങളുടെ അടുത്ത ദിവസത്ത പരീക്ഷയെ ഇത് പ്രതികൂലമായി ബാധിക്കില്ലേ? പിന്നെ എന്തിനാണ് നമ്മൾ ഇതിനായി സമയം പാഴാക്കുന്നത്? വെറുതെ എന്തിന് തല പുണ്ണാക്കുന്നു. പരീക്ഷ എല്ലാം തീർന്നതിനുശേഷം നിങ്ങൾക്ക് കുറ്റവും കുറവുമെല്ലാം കണ്ടുപിടിക്കണമെങ്കിൽ ആവാം. എത്ര മാർക്കു കിട്ടുമെന്നും എത്ര കിട്ടില്ലെന്നും പിന്നെ ചിന്തിക്കാം. ഓരോ പരീക്ഷ കഴിയുന്തോറും അടുത്ത പരീക്ഷയെപ്പറ്റിമാത്രം ചിന്തിക്കുക. കഴിഞ്ഞതെല്ലാം മറക്കുക. ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് ഇരുപതുശതമാനമല്ല പകുതി ഭാരവും ഒ ഴിഞ്ഞുകിട്ടും.

എന്റെ മനസ്സിൽ വേറെയും ചിന്തകൾ കടന്നുവരുന്നു. പക്ഷേ, എനിക്കറിയില്ല പരീക്ഷ ഇത്ര അടുത്തത്തി. നിങ്ങൾക്ക് എന്തെങ്കിലും ഉപയോഗമുണ്ടാവുമോ എന്ന്. പക്ഷേ എന്റെ അദ്ധ്യാപകസുഹൃത്തുക്കളോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. വിദ്യാലയങ്ങളിലെ മറ്റ് സുഹൃത്തുക്കളോടും പറയാൻ ആഗ്രഹിക്കുന്നകാര്യമിതാണ്. വർഷത്തിൽ രണ്ട് പ്രാവശ്യം ഓരോ ടേമിലും ഓരോ പ്രാവശ്യമെങ്കിലും പരീക്ഷോത്സവം സംഘടിപ്പിച്ചുകൂടേ? അതിൽ മനസ്സ് തണുപ്പിച്ച് ചിരിക്കാനുള്ള കവിസമ്മേളനങ്ങൾ എന്തുകൊണ്ട് സംഘടിപ്പിച്ചുകൂടാ? പരീക്ഷാ സംബന്ധിയായ കാർട്ടൂണുകൾ പ്രദർശിപ്പിച്ചുകൂടാ? എന്തുകൊണ്ട് നമുക്ക് പരീക്ഷാപ്പേടിമാറ്റാൻ ഉപന്യാസമത്സരങ്ങൾ നടത്തിക്കൂടാ? അല്ലെങ്കിൽ പ്രസംഗമത്സരം ആയിക്കൂടേ? പരീക്ഷയുടെ മന:ശ്ശാസ്ത്രപരമായ രൂപപരിണാമത്തെപ്പറ്റി സമവാദമോ പ്രഭാഷണമോ സംഘടിപ്പിക്കാമല്ലോ? എങ്കിൽ പരീക്ഷയെ മുന്നിൽ കാണുമ്പോഴുണ്ടാകുന്ന സംഭ്രമത്തിന് അറുതിവരുകയും പരീക്ഷ ഒരാഘോഷമായി മാറ്റുകയും ചെയ്യാം. അങ്ങനെ പരീക്ഷയ്ക്ക് പോകുമ്പോഴുള്ള അവസാന നിമിഷത്തിലെ ഉത്കണ്ഠയെപ്പറ്റി എനിക്കുള്ളതുപോലെ നിങ്ങളുടെ ആശങ്കയും ഒഴിവാക്കാം.

പക്ഷേ, അത് സ്വാഭാവികമായ പ്രക്രിയയാണ്. അതങ്ങ് നടന്നുകൊള്ളും. വേണമെങ്കിൽ പരീക്ഷയെപ്പറ്റിയുള്ള ഒരു ക്ലാസ്സുതന്നെ പാഠ്യപദ്ധതിയിലുൾപ്പെടുത്താം. ഇങ്ങനെ ഒരു സംഘർഷം കുഞ്ഞുമനസ്സിലുണ്ടാകുന്നതും നല്ലതിനല്ല.

കൂട്ടരേ, നിങ്ങളോടു ഞാൻ പറഞ്ഞതുപോലെയും അതിനേക്കാളേറെയും നിങ്ങളോട് പലരും പറഞ്ഞുകാണും. മാതാപിതാക്കളാകാം. അല്ലെങ്കിൽ നിങ്ങളുടെ അദ്ധ്യാപകരാകാം. അതുമല്ലെങ്കിൽ നിങ്ങളുടെ ട്യൂഷൻ ക്ലാസ്സിലുള്ളവരാകാം. പറഞ്ഞു കാണും. നിങ്ങൾ അറിഞ്ഞുംകാണും. ഞാൻ ഒരിക്കൽകൂടി ഇതെല്ലാം നിങ്ങളോട് പറഞ്ഞ് കൂടുതൽ കുരുക്കിട്ടുകുടുക്കുന്നില്ല. എനിക്ക് ഇത്രയും ഉറപ്പുതരാൻ കഴിയും. ഈ രാജ്യത്ത് പരീക്ഷ എഴുതാൻ പോകുന്ന ഓരോ കുട്ടികളും സന്തുഷ്ടരായിരിക്കണം. ആഹ്ലാദചിത്തരായിരിക്കണം. കളിച്ചുചിരിച്ചുകൊണ്ട് പരീക്ഷയ്ക്കായി അവർ പോകട്ടെ. നിങ്ങളുടെ സന്തോഷത്തിനായിട്ടാണ് ഞാൻ ഇത്രയധികം സംസാരിച്ചത്. നിങ്ങൾ നല്ല വിജയമാണ് കൈവരിക്കാൻ പോകുന്നത്. നിങ്ങൾ വിജയികളാവുകതന്നെ ചെയ്യും.

പരീക്ഷയുടെ ഉത്സവം സമാഗതമായിരിക്കുന്നു. ആഹ്ലാദത്തിമിർപ്പിൽ പരീക്ഷ എഴുതൂ. വിജയത്തിന്റെ ആനന്ദം ആസ്വദിക്കൂ. ആശങ്കാകുലമായ ഇന്നത്തെ അവസ്ഥയെ മാറ്റി മറിക്കുക. മാതാപിതാക്കളും അദ്ധ്യാപകരും ക്ലാസ്സുമുറികളും ചേർന്നുള്ള കൂട്ടായ്മയിലൂടെയാണ് ഇത് സാദ്ധ്യമാകേണ്ടത്.

പരിധികൾ ഉല്ലംഘിക്കുമ്പോഴുള്ള ആഹ്ലാദം എന്താണെന്നും വെല്ലുവിളികൾ ഏറ്റെടുക്കുമ്പോഴുള്ള ഉത്സാഹം എത്രയാണെന്നും അനുഭവിച്ചറിയുക. ഓരോ നിമിഷത്തേയും അവസരങ്ങളായി പരിവർത്തിപ്പിക്കുമ്പോഴുണ്ടാകുന്ന ആഹ്ലാദം നിങ്ങളറിയുക.

നോക്കൂ, ഈ ലോകത്ത് എല്ലാവരേയും സന്തോഷിപ്പിക്കാനാവില്ല. മുൻപ് എനിക്ക് കവിത എഴുതുന്ന ശീലമുണ്ടായിരുന്നു. ഗുജറാത്തി ഭാഷയിൽ ഞാൻ കവിതകൾ എഴുതിയിട്ടുണ്ട്. കവിത മുഴുവനായി ഞാൻ ഓർക്കുന്നില്ല. പക്ഷേ, ഞാൻ അതിൽ എഴുതി:

''വിജയിയാകുമ്പോൾ
അന്യരുടെ അസൂയയ്ക്ക് പാത്രമാവുന്നു
പരാജയുപ്പെടുമ്പോഴോ
വിമർശനശരങ്ങളും പാഞ്ഞുവന്നെത്തുന്നു.''

ഈ ലോകത്തിന്റെ തത്ത്വം ആവർത്തമാണ്. ഉരുണ്ടുകൊണ്ടേയിരിക്കുന്നു ചക്രം. നിങ്ങൾ വിജയിച്ചുകൊള്ളുക. അത് മറ്റുള്ളവരെ പരാജയപ്പെടുത്താനാകരുത്. വിജയികളാകൂ; നിങ്ങളുടെ സങ്കല്പരേഖകളെ മറികടന്നുകൊണ്ട് വിജയികളാകൂ; നിങ്ങളുടെ സ്വന്തം ആനന്ദത്തിനുവേണ്ടി. നിങ്ങൾക്കുവേണ്ടി. ജീവിക്കുന്നവരുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കുന്നതിനുവേണ്ടി. നിങ്ങൾ ഇതുപോലെ ആഹ്ലാദത്തിനെമാത്രം ലക്ഷ്യംവച്ചുകൊണ്ട് മുന്നേറുകയാണെങ്കിൽ എനിക്ക് വിശ്വാസമുണ്ട് കൂട്ടരേ നിങ്ങൾക്ക് ഉജ്ജ്വലമായ വിജയം കൈവരിക്കാൻ കഴിയും. അങ്ങനെ വന്നാൽ ഹോളിയുടെ ഉത്സാഹം നിങ്ങൾക്ക് അനുഭവിക്കാൻ പറ്റിയോ ഇല്ലയോ അമ്മാവന്റെ വീട്ടിലെ കല്ല്യാണത്തിന് പങ്കുചേരാൻ പറ്റിയോ ഇല്ലയോ കൂട്ടുകാരുടെ ജന്മദിനാഘോഷത്തിന് പങ്കെടുക്കാൻ പറ്റിയോ ഇല്ലോയോ അല്ലെങ്കിൽ ലോകകപ്പ് ക്രിക്കറ്റ് കാണാൻ പറ്റിയോ ഇല്ലയോ... ഇക്കാര്യങ്ങളെല്ലാം വ്യർത്ഥമായി തോന്നും.

നിങ്ങൾക്ക് ഇതുവഴി ലഭിക്കുന്ന സന്തോഷം പതിന്മടങ്ങ് നവോന്മേഷമാണ് പ്രദാനം ചെയ്യുന്നത്. നിങ്ങൾക്ക് എന്റെ മംഗളാശംസകൾ. നിങ്ങളുടെ ഭാവി എത്ര ഉജ്ജ്വലമാകുമോ അത്രയും ഭാസുരമാകും, ഭാരതത്തിന്റെ ഭാവിയും. ഇന്ത്യയുടെ ഭാഗധേയം നിങ്ങളാണ് നിർണ്ണയിക്കാൻ പോകുന്നത്. മകനായാലും മകളായാലും തോളോടുതോൾ ചേർന്നുനിന്ന് മുന്നേറാൻ പോകുന്നു.

വരൂ, പരീക്ഷയുടെ ഈ ഉത്സവം ആനന്ദോത്സവമായി ആഘോഷിക്കാം. അതിന് ഒരുപാട് ഒരുപാട് ആശംസകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP