Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരള ടൂറിസവും മദ്യനയവും ഒരു വിലയിരുത്തൽ: ബാർ ഹോട്ടലുകളും, സ്മാർട് കാർഡുകളും...

കേരള ടൂറിസവും മദ്യനയവും ഒരു വിലയിരുത്തൽ: ബാർ ഹോട്ടലുകളും, സ്മാർട് കാർഡുകളും...

പിണറായി വിജയൻ സർക്കാരിന്റെ മദ്യനയം മലപ്പുറം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ പ്രഖ്യാപിക്കുമെന്നും, അത് സംസ്ഥാനത്തെ വിനോദ സഞ്ചാര വ്യവസായത്തെ രക്ഷിക്കാൻ തക്ക വിധത്തിൽ ചില ഇളവുകളോടെ ആയിരിക്കുമെന്നും, ഒടുവിൽ പുറത്തു വരുന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഏകദേശ ധാരണയായി കഴിഞ്ഞു.

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മാത്രമായും, വിദേശികൾക്ക് മാത്രമായി കാർഡുകൾ ഉൾപ്പെടയുള്ള സൗകര്യം ഏർപ്പെടുത്തി, പ്രത്യേക ടൂറിസം സോണുകളിൽ ബാറുകൾ അനുവദിക്കുക തുടങ്ങിയ പല വാർത്തകളും ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധയിൽ പെട്ടു. യഥാർത്ഥത്തിൽ ചെയ്യേണ്ടത് എന്താണ്?

മലയാളിയെ നാണം കെടുത്തിയ മദ്യത്തിലെ കള്ള കണക്കുകൾ

കേരള ടൂറിസം എന്ന ഇന്ത്യയിലെ ഒരേ ഒരു ടൂറിസം സൂപ്പർ ബ്രാൻഡിന്റെ വിജയഗാഥ തികച്ചും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലോകോത്തര മാതൃക ആയിരുന്നു. കേരളത്തിലെ ടൂറിസം മേഖലയുടെ വളർച്ചയുടെ പ്രധാന കാരണം തുടക്കം മുതൽ പൊതുജന - സ്വകാര്യ പങ്കാളിത്തത്തോടെ, രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരേ സ്വരത്തിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി തുടർന്നു പോന്ന വികസന സമീപനം ആയിരുന്നു കേരളത്തിൽ ടൂറിസം മേഖലയിൽ നിലവിൽ ഉണ്ടായിരുന്നത് . ഒരു വ്യവസായ മേഖലയുടെ വളർച്ച മാത്രമായിരുന്നു ഇതിന്റെ ഒരേ ഒരു ലക്ഷ്യവും, മാർഗവും അന്തർലീനമായ മുദ്രാവാക്യം.

ഇന്ത്യയിൽ മറ്റൊരിടത്തും കാണാത്ത ഒരു വികസന കൂട്ടായ്മ ആയിരുന്നു ഇത്. മലയാളികളായ ചെറുതും, ഇടത്തരത്തിലും ഉള്ളതായ സംരംഭകരുടെ കഠിനാധ്വാനം ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കിയ നെറികെട്ട തീരുമാനം എന്ന് മാത്രമേ ബാറുകളുടെ അടച്ചു പൂട്ടലിനെ വിലയിരുതാനാവൂ. മറ്റു പല സംസ്ഥാനങ്ങളും നിരവധി തവണ ശ്രമിച്ചിട്ടും പരാജയപ്പെട്ട കേരള ടൂറിസം മോഡൽ ഇപ്പോഴും ഉയർത്തെഴുന്നെൽക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനുള്ള ഊർജ്ജം പുതിയ സർക്കാർ ഭരണ സാരഥ്യം ഏറ്റേടുത്ത ഉടനെ തന്നെ ഈ രംഗത്തുള്ളവർക്ക് നൽകി കഴിഞ്ഞു.

കേരളത്തിലെ നിലവിലുള്ള മദ്യ നയം പുനഃരവലോകനം ചെയ്യാൻ പിണറായി വിജയൻ സർക്കാർ തയ്യാറാകുന്നു എന്നുള്ള ഗവർണറുടെ നയപ്രഖ്യാപനത്തിന് ശേഷം സുധീരൻ ആവശ്യപ്പെട്ട ജനകീയ റഫറന്റം എന്ന ആവശ്യം, യഥാർത്ഥത്തിൽ കേരളീയ സമൂഹം പുച്ഛിച്ചു തള്ളേണ്ടതാണ്. കാരണം ഇതേ ആവശ്യം അത്തരമൊരു തീരുമാനത്തിന് മുൻപ് അദ്ദേഹത്തിന് മുൻപിൽ വച്ചിരുന്നു. കേരളത്തിലെ അടച്ചു കിടക്കുന്ന 280 ബാറുകൾ യാതൊരു കാരണ വശാലും തുറക്കാൻ അനുവദിക്കില്ല എന്ന് കെ പി സി സി പ്രസിഡന്റ് ആയി നിയമിതനായ ഉടനെ തന്നെ നിലപാടെടുത്ത സുധീരനോട് കേരളത്തിലെ ടൂറിസ മേഖലക്ക് അത്തരമൊരു തീരുമാനം ഉണ്ടാക്കുന്ന മുഴുവൻ ആഘാതങ്ങളുടെയും കണക്ക് കാര്യകാരണ സഹിതം ഈ ലേഖകൻ തന്നെ നേരിട്ട് സമർപ്പിച്ചുരുന്നു. അതിനുള്ള ന്യായമായ പരിഹാര നിർദ്ദേശങ്ങളും വ്യക്തമാക്കി കൊടുത്തിരുന്നു.

മദ്യ ഉപയോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന വിപത്തുകളെ ഒട്ടും കുറച്ചു കാണാതെ ബാറുകളെ ടൂറിസവുമായി കൂട്ടി കുഴക്കാതെ കാണണമെന്ന് ഈ രംഗത്തെ വിദഗ്ധരും, വ്യവസായികളും നേരിൽ കണ്ടു പറഞ്ഞപ്പോഴും അതിന്റെ അർത്ഥ വ്യാപ്തി മനസ്സിലാക്കാൻ സുധീരന് കഴിഞ്ഞില്ല എന്നതാണ് കേരളം ഏറെ പ്രതീക്ഷയോടെ കണ്ട ഒരു രാഷ്ട്രീയ നേതാവിന്റെ ദയനീയ പരാജയത്തിന്റെ ആകെ തുക. അതിനുള്ള തിരിച്ചടി ബാലറ്റ് പേപ്പറിലൂടെ കാണിച്ചു കൊടുത്തിട്ടും ഇനിയും മുട്ടു ന്യായങ്ങൾ പറഞ്ഞു നടക്കുന്ന ഇത്തരം നിലപാടുകളെ ആണ് സമൂഹം തിരിച്ചയേണ്ടത്.

പക്ഷെ അപക്വമായ ഒരു സർക്കാർ തീരുമാനം തകർത്തു കളഞ്ഞത് ഭാവി കേരളത്തിന്റെ വിലപ്പെട്ട നിരവധി വർഷങ്ങളെയാണ്. നിരവധി വർഷങ്ങൾ കൊണ്ട് പടുത്തുയർത്തിയ ഒരു വ്യവസായ മേഖലയെ ആണ്. ഈ രംഗത്തെ ആയിരകണക്കിന് സംരംഭകരുടെ, വിയർപ്പിന്റെയും, കഠിനാധ്വാനത്തിന്റെയും, സ്വപ്നങ്ങളുടെയും മേൽ കരി നിഴൽ വീഴ്‌ത്തിയ ഒരു തീരുമാനമായിരുന്നു അത്.

ബാർ പൂട്ടിയതുകൊണ്ട് ആരെങ്കിലും പൂർണമായും മദ്യപാനം നിർത്തിയതായി ഇതുവരെ അറിവില്ല. (ആരെങ്കിലും നിർത്തിയിട്ടുണ്ടാകാം. അറിവിലില്ല എന്നാണു പറഞ്ഞത്. നിർത്താനുള്ള സാദ്ധ്യത ഇല്ല എന്നും ഉദ്ദേശിക്കുന്നു.) നേരെ മറിച്ച് സർക്കാർ കണക്കുകൾ പ്രകാരം വിൽപനയിലും വരുമാനത്തിലും സർവകാല റെക്കോർഡ് തിരുത്തുകയും ചെയ്തിരിക്കുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ ഉണ്ടായ മദ്യ വിൽപ്പനയും, ഉപഭോഗവും സർവ കാല റെക്കോഡ് ആയിരുന്നു എന്ന് സമ്മതിക്കാൻ മദ്യ നിരോധനത്തെ അനുകൂലിക്കുന്ന സുധീരാധികൾ തയ്യാറാകണം. 11,577.29 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ വിറ്റഴിച്ചത്. അത് വഴി സർക്കാർ ഖജനാവിലേക്ക് നികുതി ഇനത്തിൽ 9787.05 കോടി മുതൽ കൂട്ടായി. മദ്യ നിരോധനം വരുന്നതിന് മുൻപ് ഇത് യഥാക്രമം 9,353.74 കോടിരൂപയും, 7,577.77 കോടി രൂപയുമായിരുന്നു. സകലമാന വിദേശ മദ്യ ചില്ലറ വിൽപ്പന ശാലകളും തുറന്നു വെച്ചുകൊണ്ട് അന്ന് വരെ പ്രവർത്തിച്ചു കൊണ്ടിരുന്ന ബാറുകളിലെ വീര്യം കൂടിയ വിദേശമദ്യം മാത്രം നിരോധിച്ച തുഗ്ലക്ക് മോഡൽ പരിഷ്‌കാരം.

ടൂറിസം വികസനവും ബാറുകളും കൂട്ടിക്കുഴയ്ക്കണ്ട


ഈ പ്രശ്‌നങ്ങൾക്ക് ഒരു ശ്വാശത പരിഹാരം എത്രയോ വർഷങ്ങൾ ആയി ടൂറിസം രംഗത്തെ വിദഗ്ദർ തന്നെ മുന്നോട്ട് വച്ചിരുന്നു. കേരളത്തിലെ ടൂറിസം വികസനത്തെ മുൻനിർത്തി തുടങ്ങിയ ഈ വിവാദങ്ങൾ തീർക്കാൻ നിരോധനത്തിന് മുൻപ് പ്രവർത്തിച്ചിരുന്ന ബാറുകളെ രണ്ട് വിഭാഗങ്ങൾ ആയി തരം തിരിക്കണം. ഹോട്ടൽ വിത്ത് ബാർ, ബാർ വിത്ത് ഹോട്ടൽ എന്നിങ്ങനെ. അതിന് കർക്കശമായ ചില മാനദണ്ടങ്ങളും നിശ്ചയിക്കണം.

ഒന്നാമത്തേത് വെറും ബാറുകൾ മാത്രമായി പ്രവർത്തിക്കുന്നവ ( BAR with Hotel) . ഇങ്ങനെയുള്ള ബാറുകളിൽ റെസ്‌ടോറന്റ്‌റ് ( ഭക്ഷണശാല ) പേരിനു മാത്രമായിരിക്കും പ്രവർത്തിക്കുന്നത്. മറ്റു അനുബന്ധ സൗകര്യങ്ങൾ ഒന്നും തന്നെ ഇവിടെ നില നിർത്തുന്നില്ല .

രണ്ടാമത്തെ വിഭാഗം മികച്ച നിലയിൽ താമസസൗകര്യവും, അതിനോട് അനുബന്ധിച്ച്, റെസ്‌ടോറന്റ്‌റ്, കോണ്ഫിറൻസ് ഹാളുകൾ, സ്വിമ്മിങ് പൂൾ, കോഫി ഷോപ്പ്, സുവനീർ ഷോപ്പ് തുടങ്ങിയ അതിഥികളുടെ സൗകര്യാർത്ഥം ഒരുക്കുന്ന ബാറും, റെസ്‌ടോറന്റും. എല്ലാം ചേർന്നത്. ( Hotel with BAR) .

രണ്ടാമത്തെ വിഭാഗം ഹോട്ടലുകളിൽ നിന്നും റൂം വാടകയോടൊപ്പം പിരിച്ചെടുക്കുന്ന ആഡംബര നികുതിയും, ഭക്ഷണത്തോടൊപ്പം പിരിച്ചെടുക്കുന്ന നികുതിയും ( VAT) സർക്കാരിന് ലഭിക്കുന്നു. പ്രമുഖ ടൂറിസം സങ്കേതങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇത്തരം സ്റ്റാർ ക്ലാസ്സിഫൈഡ് ഹോട്ടൽ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ നിന്നും വിദേശ നാണ്യ വിനിമയവും നടക്കുന്നു.

സ്റ്റാർ ക്ലാസ്സിഫിക്കേഷൻ കിട്ടാൻ ( അത് ത്രീ ആയാലും ഫൈവ് സ്റ്റാർ ആയാലും ) ചുരുങ്ങിയത് 10 മുറികൾ ഉണ്ടായാൽ മതി. ഇങ്ങനെയുള്ള ഹോട്ടലുകൾ മദ്യം മാത്രം വിറ്റാണ് ലാഭം ഉണ്ടാക്കുന്നത്. ടൂറിസം ആവശ്യത്തിന് സഞ്ചാരികൾക്ക് മുറികൾ വാടകയ്ക്ക് കൊടുത്ത് കച്ചവടം നഷ്ടമില്ലാതെ കൊണ്ട് പോകണമെങ്കിൽ ചുരുങ്ങിയത് 30 മുറികളും, നന്നായി കൊണ്ടു നടക്കുന്ന ഭക്ഷണ ശാലയും ഇതോടൊപ്പം ഉണ്ടാവണം. ഒരു ത്രീ സ്റ്റാർ ഹോട്ടൽ മുറിയുടെ ചുരുങ്ങിയ വാടക 2500 രൂപയായി ദിവസം നിശ്ചയിക്കുകയും വേണം. അതിലും താഴെ മുറി വാടകയുള്ളവയെ, ഒന്നും രണ്ടും നക്ഷത്ര പദവികളിലേക്ക് മാറ്റാൻ പറ്റുന്ന തരത്തിൽ കേന്ദ്ര നിയമത്തിൽ ഇളവ് വരുത്താൻ കേന്ദ്ര ടൂറിസം മന്ത്രാലയത്തിൽ സമ്മർദം ചെലുത്തണം. അടുത്ത കാലം വരെ സർക്കാർ ഉടമസ്ഥതലയിലുള്ള കോവളത്തെ സമുദ്ര ഹോട്ടൽ ടു സ്റ്റാർ ഹോട്ടൽ മാത്രമായിരുന്നു എന്നോർക്കുക.

കേരളത്തിൽ നിലവിൽ ഇന്ത്യടൂറിസം മന്ത്രാലയം അംഗീകരിച്ച 385 സ്റ്റാർ ഹോട്ടലുകളിൽ തന്നെ 20 മുറികളിൽ അധികമുള്ളത് 184 എണ്ണം ഹോട്ടലുകൾ മാത്രം. ബാക്കിയുള്ള 201 സ്റ്റാർ ക്ലാസ്സിഫൈഡ് ഹോട്ടലുകളും വെറും മദ്യ കച്ചവടത്തിന് മാത്രമായാണ് കേന്ദ്ര സർക്കാർ അംഗികാരം നേടിയതെന്ന് ചുരുക്കം.

കേരളത്തിൽ ഇനി ബാർ ലൈസൻസ് കൊടുക്കുന്നത് ചുരുങ്ങിയത് 30 മുറികൾ ഉള്ളതും, 75 പേരിൽ കുറയാതെ ആളുകൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ പറ്റുന്ന റെസ്‌ടോറണ്ട്, കേരളീയ കരകൗശല വസതുക്കൾ വിൽക്കുന്ന സുവനീർ ഷോപ്പ് എന്നിവയും ഉള്ള കേന്ദ്രടൂറിസം മന്ത്രാലയം അംഗികരിച്ച (അത് രണ്ടോ, മുന്നോ, നാലോ, അഞ്ചോ ആയിക്കോട്ടെ ) നക്ഷത്ര ഹോട്ടലുകൾക്ക് മാത്രമേ കൊടുക്കൂ എന്ന് തിരുമാനിച്ചാൽ, കൂണുകൾ പോലെ പൊട്ടി മുളച്ചു വരുന്ന ബാർ ഹോട്ടലുകൾക്ക് തടയിടാൻ പറ്റും.

അതിനോടൊപ്പം ഒരു കാര്യം കൂടി ശ്രദ്ധിക്കണം, ഈ ഹോട്ടലുകൾ ചുരുങ്ങിയത് ആഡംബര നികുതിയിനത്തിൽ ഒരു വർഷം 15 ലക്ഷം രൂപയും, ഭക്ഷണ നികുതിയിനത്തിൽ ചുരുങ്ങിയത് അഞ്ചു ലക്ഷം രൂപയും സർക്കാരിന് കൊടുക്കുന്നതായിരിക്കണം. അങ്ങനെ വരുമ്പോൾ സർക്കാരിന് കൂടുതൽ വരുമാനം ഈ മേഖലയിൽ നിന്നും കിട്ടും. ഇതിനോടൊപ്പം വേറൊരു പരിഷ്‌കാരം കൂടി കൊണ്ട് വരാവുന്നതാണ്. നിലവിലുള്ള ബാർ ലൈസൻസ് ഫീസ് ആയ 25 ലക്ഷം എന്നത് 30 ലക്ഷം ആയി ഉയർത്തുക. ഭക്ഷണ നികുതിയിനത്തിലും, ആഡംബര നികുതിയിനത്തിലും ആയി വർഷാവർഷം സർക്കാരിന് ചുരുങ്ങിയത് 15 ലക്ഷം രൂപ അടക്കുന്നവർക്ക്, ആ തുക ലൈസൻസ് ഫീസ് ഇനത്തിൽ അടുത്ത വർഷം കുറച്ചു കൊടുക്കുക. അങ്ങിനെയാണെങ്കിൽ വരുമാന വർദ്ധനയും, പതുക്കെ, പതുക്കെ മദ്യ ഉപഭോഗവും കുറച്ചു കൊണ്ട് വരാൻ പറ്റും. യഥാർത്ഥ ഹോട്ടൽ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും, ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ട്-ഹോട്ടൽ രംഗത്തിന് ഉണർവേകാനും ഇത് സഹായിക്കും എന്ന് തീർച്ച.

ബാർ ലൈസൻസ് കൊടുക്കുന്നത് സ്വന്തമായി കെട്ടിടവും സ്ഥലവും ഉള്ളവർക്ക് മാത്രമായിരിക്കണം. നിലവിൽ നിരവധി ബാറുകൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിലവാരം ഉയർത്താൻ പൈസ ചെലവാക്കാൻ ബാർ ഉടമകൾക്ക് മടിയാണ്.

ദൂരപരിധി കോവളം, കുമരകം, തേക്കടി,മുന്നാർ, ബേക്കൽ തുടങ്ങിയ പ്രമുഖ ടൂറിസം കേന്ദ്രങ്ങളിലും, തിരുവനന്തപുരം, കൊച്ചി നഗര പരിധിയിലും ഒഴിവാക്കണം. പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങൾ ഉൾപ്പെടുത്തി കഴിഞ്ഞ എൽ ഡി എഫ് സർക്കാർ കൊണ്ടു വരാൻ ഉദ്ദേശിച്ചിരുന്ന പ്രത്യേക ടൂറിസം സാമ്പത്തിക സോൺ ഇരുപതോളം പ്രമുഖ ടൂറിസം കേന്ദ്രങ്ങളിൽ എത്രയും പെട്ടെന്ന് നടപ്പിൽ വരുത്തണം.

ബാർ ലൈസൻസ് അനുവദിക്കാൻ സംസ്ഥാന തലത്തിൽ എക്‌സൈസ് കമ്മിഷണർ, ടൂറിസം ഡയറക്ടർ, ഭക്ഷ്യ സുരക്ഷാ കമ്മിഷണർ, ടൂറിസം -ഹോട്ടൽ വ്യവസായ രംഗത്തെ പ്രതിനിധികൾ, മാധ്യമ പ്രതിനിധികൾ തുടങ്ങിയ ഉന്നതാധികാര സമിതിയും, എല്ലാ വർഷവും, അല്ലെങ്കിൽ എന്തെങ്കിലും പരാതിയോ, പ്രശ്‌നങ്ങളോ ഉണ്ടാവുകയാണെങ്കിൽ ഉടനടി പരിശോധനക്ക് വിധേയ മാക്കാൻ പറ്റിയ തരത്തിൽ ജില്ല കളക്ടർ അധ്യക്ഷനായ സമിതിയും ഉണ്ടാകണം. ഈ കമ്മിറ്റിയിലും ടൂറിസം -ഹോട്ടൽ വ്യവസായ - മാധ്യമ രംഗത്തെ പ്രതിനിധികൾ ഉൾപ്പെടണം. ടൂറിസം രംഗത്തെ പ്രതിനിധിയെ കോണ്‌ഫെവഡറേഷൻ ഓഫ് കേരള ടൂറിസം ഇന്റസ്റ്റ്രിയും, ഹോട്ടൽ വ്യവസായത്തെ പ്രതിനിധികരിച്ച് ആ മേഖലയിലെ സാങ്കേതിക വിദഗ്ദനും, മാധ്യമ രംഗത്തെ പ്രതിനിധിയെ ആതാതു ജില്ലകളിലെ പ്രസ് ക്ലബ്ബും തിരുമാനിച്ചാൽ കാര്യങ്ങൾ കൂടുതൽ സുതാര്യവും, എളുപ്പവും ആകും. ജില്ലാ തലത്തിലുള്ള കമ്മിറ്റി ശുപാർശ ചെയ്യുന്നതനുസരിച്ച് മാത്രം എല്ലാ വർഷവും നിലവിലുള്ള ബാറുകളുടെ ലൈസൻസ് പുതുക്കി നൽകിയാൽ മതി എന്ന് സംസ്ഥാന മദ്യ നയത്തിൽ തന്നെ പറയണം.

വെറും ഒരു ബാർ നടത്താൻ പത്തിൽ താഴെ തൊഴിലാളികൾ മതി. പക്ഷെ ഒരു വലിയ ഹോട്ടൽ നടത്തണമെങ്കിൽ ചുരുങ്ങിയത് 50 തൊഴിലാളികൾ എങ്കിലും വേണം. അവരെയെല്ലാം കേരളത്തിലെ സമഗ്രമായ തൊഴിൽ നിയമത്തിന്റെ പരിധിയിൽ കൊണ്ട് വരികയും വേണം.

അതിന്റെയൊക്കെ അടിസ്ഥാനത്തിലായിരിക്കണം പുതിയ മദ്യനയം കൊണ്ടു വരേണ്ടത്. പഴയ നയം തുടരേണ്ടതുണോ എന്നു തീരുമാനിക്കേണ്ടത്, അത് കേരളത്തിന്റെ സാമൂഹിക - സാമ്പത്തിക മേഖലകളിൽ എങ്ങനെയൊക്കെ ദൂര വ്യാപകമായി ബാധിക്കും എന്ന് വിശദമായി പഠിച്ച്, ഈ പഠനങ്ങൾ പരസ്യപ്പെടുത്തി പൊതുചർച്ചകളിലൂടെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. അത് വരെ തളർന്നു കിടക്കുന്ന, കോടികളുടെ മുതൽ മുടക്ക് ഒരു സുപ്രഭാതത്തിൽ അനിശ്ചിതത്തിലേക്ക് തള്ളി വിട്ട്, ഇന്ന് ബാങ്കുകളുടെയും, കേരള ഫിനാൻഷ്യൽ കോർപറേഷൻ, .തുടങ്ങിയ സാമ്പത്തിക സ്ഥാപങ്ങളുടെയും ജപ്തി ഭീഷണി നേരിടുന്ന ബാറുകളെ പ്രവർത്തിക്കാൻ അനുവദിക്കണം.

സ്മാർട്ട് കാർഡും പുതിയ മദ്യനയത്തിൽ പരീക്ഷിക്കാം

മദ്യ ഉപയോഗത്തിന് വയസ്സ് പൂർത്തിയായ ഏതൊരാൾക്കും ലഭ്യമാക്കുന്ന തരത്തിൽ ഒരു സ്മാർട് കാർഡ് സിസ്റ്റം കൊണ്ട് വരിക. അഞ്ഞൂറ് രൂപ വാർഷിക ഫീസ് ഈടാക്കി കൊണ്ട്, ഒരു വ്യക്തിയുടെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയ ഒരു ഇലക്ൾട്രോണിക്ൾ കാർഡ് വിപണിയിൽ ഇറക്കുക. ഓരോ വ്യക്തിക്കും ഒരു ദിവസം അല്ലെങ്കിൽ ഒരു മാസം വാങ്ങാവുന്ന, അല്ലെങ്കിൽ ഉപഭോഗിക്കാവുന്ന മദ്യത്തിന്റെ അളവ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായ മനുസരിച്ചു നിശ്ചയിക്കുക. 21 വയസ്സു മുതൽ 35 വയസ്സ് വരെയുള്ളവരെ ഒരു വിഭാഗത്തിലും, 35 മുതൽ 60 വയസ്സുവരെയുള്ള വരെ മറ്റൊരു വിഭാഗത്തിലും, 60 വയസ്സിന് മുകളിലുള്ളവരെ മൂന്നാമത്തെ വിഭാഗത്തിലും ഉൾപ്പെടുത്തുക. അതിനനുസരിച്ചുള്ള മദ്യം മാത്രം നൽകുക. പട്ടാളത്തിലെ ഉദ്യോഗസ്ഥർക്ക് നൽകുന്ന ക്വട്ട പോലെ ഒരു സംവിധാനം.

ഇപ്പോൾ മദ്യ നിരോധനം നിലവിലുള്ള ഗുജറാത്തിൽ വിനോദ സഞ്ചാരികൾക്ക് നൽകുന്നത് പോലെയോ, ചില അറബ് രാജ്യങ്ങളിൽ വിദേശികളായ ഉദ്യോഗാർത്ഥികൾക്ക് നൽകുന്ന കാർഡ് പോലെയോ ഇതിനെ രൂപ കൽപ്പന ചെയ്യാം.

കേരളത്തിൽ ഇതു നടപ്പിലാക്കാനും എളുപ്പമാണ്. പ്രത്യേകിച്ചും നാം ജീവിക്കുന്ന ഈ ആധുനിക കാലഘട്ടത്തിൽ. വിവര സാങ്കേതിക വിദ്യ ഇത്രയധികം ദൈനം ദിന ജീവിതത്തിൽ ഇപ്പോഴേ ഉപയോഗിക്കുന്ന കേരളീയ സമൂഹത്തിൽ അതിന് മികച്ച പ്രതികരണം ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. സർക്കാരിന്റെ വരുമാനം പതിന്മടങ്ങു വർദ്ധിക്കും. കണക്കുകൾ കൃത്യമായി ലഭിക്കും. ഭാവിയിൽ മദ്യ വർജ്ജന സമൂഹം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ഇതിലും പറ്റിയ ഒരു മാർഗവും ഉണ്ടാകില്ല.

സ്മാർട് കാർഡ് രെജിസ്‌ട്രേഷൻ , വിതരണം, പുതുക്കൽ എല്ലാം എക്‌സൈസ് വകുപ്പിനെയോ, സമാനമായ ഒരു സർക്കാർ സംവിധാനത്തിലോ നടപ്പിലാക്കുക. ബീവറേജസ് കോർപ്പറേഷനെ മദ്യ വിതരണവും വിൽപ്പനയും മാത്രം ഏൽപ്പിക്കുക.

കാർഡ് കേരളത്തിൽ ജീവിക്കുന്ന ആർക്കും ലഭ്യമാക്കണം. ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ പോയിന്റ് ഓരോ കാർഡിനും ഏർപ്പെടുത്തണം. കൂടുതൽ ഉപയോഗിക്കുന്നവരെ കണ്ടെത്തി ഡി അഡിക്ഷൻ നടത്താനായി ബോധവൽക്കരണം നടത്തണം. സർക്കാർ ഉദ്യോഗസ്ഥരുടെ കാർഡിലെ പോയിന്റ് നില അടിസ്ഥാനത്തിൽ പ്രൊമോഷൻ, ട്രാൻസ്‌ഫെർ തുടങ്ങിയവക്ക് അർഹരാക്കണം. കൂടുതൽ ചർച്ചകൾക്ക് ഇത്തരമൊരു സംവിധാനം വിധേയമാക്കിയാൽ കൂടുതൽ നല്ല നിർദ്ദേശങ്ങൾ ലഭിക്കാനുള്ള സാദ്ധ്യതയും ലേഖകൻ കാണുന്നു.

മദ്യ വർജ്ജനം, മലയാളിയുടെ മദ്യപാന ശീലം, മദ്യപാനികളെ പറ്റിയുള്ള ചില കള്ള കണക്കുകൾ, അബദ്ധ ധാരണകൾ ഒക്കെ ഇനി വരും ദിനങ്ങളിൽ കൂടുതലായി പറയാം

സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗവും, മുതിർന്ന പത്രപ്രവർത്തകനുമായ ലേഖകൻ ടൂറിസം ഇന്ത്യ മാസികയുടെ എഡിറ്ററും, പബ്ലിഷെറുമാണ്. കേരളത്തിലെ ടൂറിസം മാധ്യമ രംഗത്തെ തുടക്കകാരിൽ ഒരാളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP