Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലീഗും ബിജെപിയും ചേർന്നാൽ എന്താണ് പ്രയാസം? അന്ധമായ ബിജെപി വിരോധനത്തിന്റെ കാലം കഴിഞ്ഞില്ലേ?

ലീഗും ബിജെപിയും ചേർന്നാൽ എന്താണ് പ്രയാസം? അന്ധമായ ബിജെപി വിരോധനത്തിന്റെ കാലം കഴിഞ്ഞില്ലേ?

റമിസ് മുഹമ്മദ്

1990കൾ രാജ്യം കടന്നുപോയത് വളരെ വ്യക്തമായ വർഗീയ ചേരിതിരിവോടെ ആയിരുന്നു. ബാബറി വിഷയത്തിൽ കോൺഗ്രസ് മൃദുഹിന്ദുത്വം കാട്ടിയപ്പോൾ, അതിനും മുകളിൽ കടന്നു സംഘപരിവാർ തീവ്രഹിന്ദുത്വം കാട്ടാൻ എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി, രാജ്യത്തെ ജനങ്ങളെ വർഗീയമായി വിഘടിപ്പിച്ചു. രാജ്യത്ത് ചോരപ്പുഴ ഒഴുക്കി ബാബറിയുടെ അടിക്കല്ല് ഇളക്കി അവർ രാജ്യത്ത് ബിജെപി എന്ന സംഘപരിവാർ രാഷ്ട്രീയ ശക്തിയുടെ അടിത്തറ ഇട്ടു.

പിന്നീട് കണ്ടത് രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും ബിജെപി എന്ന രാഷ്ട്രീയശക്തി വർഗീയതയുടെയും മുസ്ലിം വിരുദ്ധതയുടെയും എല്ലാ സാധ്യതകളും ഉപയോഗിക്കുന്നതാണ്. ഇത് സമർത്ഥമായി ഉപയോഗിച്ച് അവർ അധികാരം കൈപ്പിടിയിൽ ഒതുക്കി. കോൺഗ്രസ് എന്ന പാർട്ടിയാകട്ടെ അഴിമതിയിൽ മുങ്ങിക്കൊണ്ടിരുന്നു. അങ്ങനെ ദേശീയപാർട്ടിയോടുള്ള പൊതുജന വികാരവും കൂടി ആയപ്പോൾ രാജ്യത്തിന്റെ ഭരണം വരെ അവരുടെ കൈകളിൽ എത്തി.

ഇന്ത്യയിൽ പല സംസ്ഥാനങ്ങളിൽ ബിജെപി എത്തിയപ്പോഴും കേരളം അവർക്കു ബാലികേറാ മലയായി നിന്നു. അതിനു കാരണങ്ങൾ പലതും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പോലെ ബ്രാഹ്മിൺ-ക്ഷത്രിയ വിഭാഗങ്ങൾ ഇല്ലാത്തതും കേരളത്തിലെ ശക്തമായ ഇടതുപക്ഷ സാന്നിധ്യവും കേരള ജനതയുടെ ബഹുസ്വരതയും അങ്ങനെ പല ഘടകങ്ങളായിരുന്നു.

ജനസംഘംത്തിന്റെ തുടക്കം മുതൽ നായർ സമുദായ വോട്ട് ബാങ്ക് അവരോടൊപ്പം നിന്നുപോന്നു എന്നകാര്യം ഒരു വസ്തുതയാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ ബിജെപിക്കു കിട്ടിയിരുന്ന 11% വോട്ടിൽ ഒരു 8% വരെ നായർ ബെൽറ്റിന്റെ പിൻബലത്തിൽ ആണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപി വളരെ പ്രതീക്ഷയോടെ ആണ് നേരിട്ടത്. കേന്ദ്രത്തിൽ ഭരണം ഉണ്ടായിട്ടും കേരളത്തിലെ കോൺഗ്രസ് സർക്കാറിന്റെ ഭാഗത്തു നിന്നും അഴിമതിയിൽ മുങ്ങിയ ഭരണം ആയിരുന്നിട്ടും ഇതിനൊക്കെ പുറമേ സർവപ്രതാപിയായ വെള്ളാപ്പള്ളിയുമായുള്ള ബാന്ധവവും അവർക്കു കുറെയേറെ പ്രതീക്ഷ നൽകി. പക്ഷെ, ഇതെല്ലാം ഉണ്ടായിട്ടും അവർക്കു 3 മുതൽ 4 ശതമാനം വരെ വോട്ടു മാത്രമേ കൂട്ടാൻ കഴിഞ്ഞുള്ളൂ.

ബിജെപി വളരെയേറെ പ്രതീക്ഷയോടെയാണ് കേരളത്തെ കാണുന്നതും അവർക്കു എങ്ങനെ എങ്കിലും കേരളത്തിൽ സാന്നിധ്യം അറിയിച്ചേ പറ്റൂ. അതിനു കടമ്പകൾ ഏറെയാണ്. എന്നാൽ, രാഷ്ട്രീയത്തിൽ എല്ലാ സാധ്യതകളും ആരായാം. യുഡിഎഫ് ഭരണത്തിൽ ലീഗിന്റെ അഞ്ചാം മന്ത്രി പദത്തിൽ തൊട്ട് തുടങ്ങിയ കല്ലുകടി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായ സിപിഐ വരെ ഏറ്റുപിടിച്ചു. ഒരു പക്ഷെ സംഘ പരിവാറിനേക്കാളും സിപിഐ ഈ വിഷയം കത്തിച്ചു നിർത്തുന്നതിൽ അവർ വിജയിച്ചു. അച്യുതാന്ദൻ സർക്കാരിലും പിണറായി സർക്കാരിലും സിപിഐയുടെ എല്ലാ മന്ത്രി മാരും ഒരേ സമുദായത്തിൽ നിന്നും ഉള്ളവർ ആയിരുന്നു. കേരള സമൂഹവും സിപിഐയും അതിൽ ജാതിമത ചിന്തകൾ കണ്ടില്ല.

ലീഗ് ജയിക്കുന്ന സീറ്റുകളിൽ ലീഗിതര യുഡിഎഫ് പാർട്ടികളുടെ ഭാഗത്തു നിന്നും വലിയ സംഭാവനകൾ ഉണ്ടാവാറില്ല. ലീഗിന്റെ സംഘടനാ സംവിധാനവും അവരുടെ ഉറച്ച വോട്ടുകളുമാണ്. അവരെ ജയിപ്പിക്കുന്നതു. എന്നാൽ, നേരെമറിച്ചു മലബാറിലെ മറ്റു കോൺഗ്രസ് മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയത്തിൽ ശക്തമായ ഘടകകക്ഷി എന്ന നിലയിൽ ലീഗ് സാന്നിധ്യം അവർ ഉറപ്പിക്കും.

ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മലപ്പുറം ഒഴികെയുള്ള എല്ലാ ജില്ലയിലും മുസ്ലിം സമുദായ വോട്ട് ഇടതുപക്ഷ പാർട്ടികളുടെ പെട്ടിയിൽ വീണു. ഒരർത്ഥത്തിൽ കേന്ദ്രത്തിൽ ബിജെപി തന്നെ ഈ വോട്ടുകൾ ഇടതുപക്ഷത്തിനു എത്തിച്ചു കൊടുത്തു. അതു ദാദ്രി കൊലപാതകത്തിലൂടെയും
അന്ധമായ മുസ്ലിം വിരോധത്തിലൂടെയും അതോടൊപ്പം സംഘപരിവാർ എന്ന ഭീകരതയെ കാട്ടി മുസ്ലിം സ്വത്വത്തെ ഭയപ്പെടുത്തി ഒപ്പം നിർത്തി ഇടതുപക്ഷം കിട്ടിയ അവസരം എല്ലാ രീതിയിലും മുതലെടുത്തു.

ഇനിയുള്ള കാലം കോൺഗ്രസ് അപ്രസക്തമാകുകയും അവരുടെ നിയമസഭ സാന്നിധ്യം 10 സീറ്റിൽ താഴെ ഒതുങ്ങുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായാൽ വർഷങ്ങൾ ആയി അധികാരം കൈയാളുന്ന മുസ്ലിംലീഗ് എന്ന പ്രസ്ഥാനത്തിന് അധികാരം ഇല്ലാതെ പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന സത്യത്തെ അവർ അംഗീകരിച്ചു പുതിയ ഒരു കൂട്ടുകെട്ടിന് നിർബന്ധിതരാകും. ഇതേ അവസരത്തിൽ നമ്മൾ ചേർത്ത് കാണേണ്ടതാണ് കേരളത്തിൽ എങ്ങനെയും അധികാരത്തിൽ എത്തുക എന്നുള്ള് ബിജെപിയുടെ രാഷ്ട്രീയവും. ഇതിന് മുന്നോട്ടു ഉള്ള നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഒരു ഘട്ടത്തിൽ അവർക്കും സംഘടനാ ശക്തിയുള്ള ഒരു ശക്തമായ പാർട്ടിയെ കിട്ടിയേ തീരൂ നല്ലൊരു ശക്തമായ രാഷ്ട്രീയ മുന്നണിക്ക്.

വർഗീയമുഖമുശള്ള ഈ രണ്ടു പാർട്ടികൾക്കും തങ്ങളുടെ ജനാധിപത്യ മുഖം പുൽകാൻ ഇതിലും നല്ലൊരു അവസരം ഇല്ല. രണ്ടു പേരും ചേർന്നുള്ള ഒരു മുന്നണി ആയി മത്സരിക്കുക എന്നുള്ളത് പശു വിഷയം ഉയർത്തി മുസ്ലിം ന്യൂനപക്ഷത്തെ ഭയത്തിന്റെ മുൾമുനയിൽ നിർത്തി അവരുടെ വോട്ടു വാങ്ങി എൽഡിഎഫ് എത്ര സമുദായ അംഗങ്ങളെ മന്ത്രിസഭയിൽ എടുത്തു എന്ന രീതിയിൽ ഉള്ള പ്രചാരണം ഇനി വരും വർഷങ്ങളിൽ ലീഗ് ശക്തമായി സമുദായ അംഗങ്ങൾക്കിടയിൽ നടത്താൻ ഇടയുള്ളതാണ്.

ലീഗുമായുള്ള സഖ്യത്തിന് ദേശീയ തലത്തിൽ ബിജെപി പച്ചക്കൊടി കാണിക്കുകയും ആർഎസ്എസ് തന്നെ ഇതിനു മുൻകൈ എടുക്കുന്ന സാഹചര്യവും തള്ളിക്കളയാൻ കഴിയില്ല. കാരണം വർഷങ്ങളായി ജനാധിപത്യ പ്രക്രിയയിൽ നിന്നും മുഖ്യധാരയിൽ നിന്നും അകലം പാലിച്ച ആർഎസ്എസ് ഇപ്പോൾ ശരിക്കും അധികാരത്തിന്റെ ചൂടും ചൂരും അറിഞ്ഞു പോയി. ഇനിയും രാജ്യത്തിന്റെ അധികാരകേന്ദ്രം തങ്ങൾ ആവണം എന്നുള്ള അവരുടെ ചിന്തകൾക്കു ബലം നൽകുന്ന നീക്കുപോക്കുകൾ അവർ രാജ്യത്ത് എല്ലായിടത്തും നടത്തും.

ഒരു പതിനഞ്ചു വർഷം മുൻപ് പത്തു പേര് കൂടിയിരുന്ന ഇടങ്ങളിൽ അതിൽ പെടാതെ എല്ലാരിൽ ഇന്നും ഒഴിഞ്ഞു മാറി. ആൽത്തറ പടിയിലോ ഇരുട്ടു വീണാൽ പുറത്തു ഇറങ്ങുന്നവരോ ആയിരുന്നു ആർഎസ്എസ് പ്രവർത്തകർ. എന്നാൽ ഇന്ന് സ്ഥിതി മാറി. പത്തു പേരുടെ കൂട്ടം ഉണ്ടെങ്കിൽ ആ പത്തു പേരിൽ മൂന്നു പേരെങ്കിലും ആർഎസ്എസുകാർ ആയിരിക്കും. അവർ നമ്മുടെ കൂട്ടുകാർ ആവാം അയൽവാസി ആവാം, നമ്മുടെ കൂടെ ഒരു വാഹനത്തിൽ സഞ്ചരിക്കുന്നവരും ആവാം. അത്രത്തോളം ഇപ്പോൾ അവരും കേരള സമൂഹത്തിന്റെ ഭാഗം ആയി കഴിഞ്ഞു.

അവർക്കു ഒരു ഉത്തരേന്ത്യൻ ശൈലി ഇതുവരെ കേരളത്തിൽ പ്രകടമല്ല. നിലവിൽ കേരള പൊതുസമൂഹത്തോട് ഒപ്പം നിന്നു പോകുന്ന രീതിയാണ് അവരുടേത്. ചില ഒറ്റപ്പെട്ട വിഷയങ്ങൾ ഒഴിച്ചു നിർത്തിയാൽ ലീഗിനും ബിജെപിക്കും കൈകോർക്കാൻ സാധിക്കുക തന്നെ ചെയ്യും. ജമ്മു കാശ്മീർ അതിനുള്ള ഒരു മോഡലായി നിലനിൽക്കുകയും ചെയ്യുന്നു. അങ്ങനെ ആയാൽ ഈ കൂട്ടുകെട്ടിന് ബലം നൽകുന്ന നേതൃത്വമാണ് ഇരു പാർട്ടിയുടെയും തലപ്പത്ത് ഇപ്പോഴുള്ളത്. ശ്രീ കുമ്മനം രാജശേഖരനും ശ്രീ കുഞ്ഞാലികുട്ടിയും. ഇരുവരും വളരെ മുൻപേ തന്നെ പല ഒത്തുതീർപ്പുകളിലും നീക്കുപോക്കുകളിലും പങ്കാളികളായവരാണ്.

രണ്ടുകൂട്ടരുടെയും ബദ്ധശത്രുക്കൾ സിപിഐ(എം) ആയതിനാലും പണ്ട് കോ-ലീ-ബി സഖ്യത്തിന്റെ അനുഭവം ഇതിനു ഭാവിയിൽ ആക്കം കൂട്ടാം. രണ്ടു കൂട്ടരുടേം അണികൾക്കുള്ള എതിർപ്പിനെ എങ്ങനെ മറികടക്കാം എന്നതുകും പ്രധാന പ്രശ്‌നം. പാർട്ടി അനുഭാവികളെ പറഞ്ഞു മനസിലാക്കാൻ നേതാക്കൾ ഏറെ പണിപ്പെടേണ്ടി വരുമെന്് മാത്രം. വരുംകാര രാഷ്ട്രീയത്തിൽ ചില അപ്രതീക്ഷിത പരീക്ഷണങ്ങൾ രൂപപെട്ടാൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP