Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

നരേന്ദ്ര മോദിയെ തിരിച്ചറിയുക!

നരേന്ദ്ര മോദിയെ തിരിച്ചറിയുക!

രാണ് നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി? എന്നത് ഒരു ചോദ്യമാണ്. ആരെയും ആകർഷിക്കാൻ പോന്ന ശരീരഭാഷയും മൈക്കുകൾക്ക് മുന്നിൽ ജനങ്ങളെ ആകർഷിക്കുന്ന വാക്ചാരുതിയും വസ്ത്ര ധാരണത്തിൽ തന്റേതായ ട്രെൻഡുകൾ കൊണ്ടുവന്നതുമടക്കം നരേന്ദ്ര മോദിയെ, അല്ലെങ്കിൽ മോദി എന്ന രാഷ്ട്രീയക്കാരനെ നിർമ്മിച്ചെടുത്ത രാഷ്ട്രീയത്തെ കുറിച്ച് അറിവില്ലാത്തവർക്ക് മോദി എല്ലാം തികഞ്ഞവനാണ്. നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദത്തിലൂടെ രാജ്യത്ത് ഗുണപരമായ പലതുമുണ്ടാവുമെന്ന് ഇക്കൂട്ടർ തെറ്റിദ്ധരിക്കുന്നു. ഇവർ മനസിലാക്കുന്നില്ല, ആരാണ് നമ്മുടെ പ്രധാനമന്ത്രി കസേരയിലിരിക്കുന്ന വ്യക്തി എന്നത്.

നരേന്ദ്ര മോദിയെ വാർത്തെടുത്തത് രാഷ്ട്രീയ സ്വയം സേവക് സംഘ് അഥവാ ആർഎസ്എസ് ആണ്. വിവാഹ ബന്ധം ആർഎസ്എസ് പ്രചാരകനാവാൻ തടസമാവും എന്ന് മനസിലാക്കിയപ്പോൾ, അതുപോലും വേണ്ടെന്ന് വച്ച് ആർഎസ്എസിന്റെ മുഴുവൻ സമയ പ്രവർത്തകനായ വ്യക്തിയാണ് നരേന്ദ്ര മോദി. ആർഎസ്എസ് മുന്നോട്ട് വെക്കുന്ന ആശയങ്ങൾ പ്രകാശിപ്പിക്കാൻ കഴിവുള്ള വ്യക്തിയായതുകൊണ്ടാണ് അദ്ദേഹത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആക്കിയത്. നരേന്ദ്ര മോദി മുഖ്യമന്ത്രി പദത്തിലിരിക്കുമ്പോൾ ഗുജറാത്തിൽ സംഘടിപ്പിക്കപ്പെട്ട വംശഹത്യയാണ് അദ്ദേഹത്തിന് പ്രധാനമന്ത്രി പദം ലഭ്യമാക്കിയത്. ന്യൂനപക്ഷ വംശഹത്യ, ആർഎസ്എസിന്റെ അജണ്ടകളിലൊന്നാണ്. അത് മനോഹരമായി നരേന്ദ്ര മോദി നടപ്പിലാക്കി.

ആർഎസ്എസും രാഷ്ട്രീയവും മോദിയും

ഒരു സാംസ്‌കാരിക സംഘടനയാണ് ആർഎസ്എസ് എന്നാണ് പൊതുവിൽ പറയപ്പെടുന്നത്. രാഷ്ട്രീയവുമായി ആർഎസ്എസിന് ബന്ധമില്ലെന്നാണ് സർസംഘചാലക് മുതൽ ശാഖയിൽ പോകുന്നവർ വരെ പറയുക. ആർഎസ്എസ് രാഷ്ട്രീയ കക്ഷിയാണ് എന്ന രീതിയിൽ ചില വിവാദങ്ങൾ ഉയർന്നപ്പോൾ, 2000 ഫെബ്രുവരി 6ന് പുറത്തിറങ്ങിയ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ ഒരു മുഖപ്രസംഗം പ്രസിദ്ധീകരിക്കപ്പെട്ടു. ആർഎസ്എസ് ഒരു രാഷ്ട്രീയ കക്ഷിയല്ലെന്ന് അതിൽ വ്യക്തമാക്കി. ആർഎസ്എസിന്റെ ഭാരവാഹികൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ഭാരവാഹിയാകാൻ പാടില്ലെന്നും സംഘത്തിനും നേതൃത്വത്തിനും രാഷ്ട്രീയ ചിഹ്നങ്ങളില്ലെന്നും സംഘത്തിലെ അംഗങ്ങൾ രാഷ്ട്രീയാധികാരസ്ഥാനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നുമൊക്കെ ഇക്കൂട്ടർ അവകാശപ്പെടുന്നുണ്ട്. ദേശീയതയെ ഉണർത്തുന്ന എല്ലാ പ്രവർത്തനങ്ങളും ഉൾക്കൊള്ളാൻ ശ്രമിക്കുന്ന സാമൂഹ്യ സാംസ്‌കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് ആവർത്തിച്ചുകൊണ്ടേയിരിക്കുമ്പോഴാണ്, സംഘത്തിന്റെ പ്രചാരകനായ നരേന്ദ്ര മോദി പ്രധാനമന്ത്രി ആവുന്നത്. ആർഎസ്എസ് അംഗങ്ങൾ രാഷ്ട്രീയാധികാര സ്ഥാനങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന വാദവും അവർക്ക് രാഷ്ട്രീയ ചിഹ്നമില്ലെന്ന നിലപാടും ഇതിലൂടെ പൊളിഞ്ഞുവീഴുകയാണ്.

“നമ്മുടെ സ്വയം സേവക്മാരിൽ ചിലർ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നുണ്ടല്ലൊ. അവിടെ ആവശ്യാനുസരണം പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയും മുദ്രാവാക്യം ഉയർത്തുകയും വേണം. ഒരഭിനേതാവ് തന്റെ കഴിവുകൾ പരമാവധി പ്രകടിപ്പിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ, ചിലപ്പോൾ ചില സ്വയംസേവക്മാർ അഭിനേതാവ് എന്നതിനപ്പുറത്തേക്ക് എടുത്തുചാടി പോവുകയും അതിലൂടെ ഏൽപ്പിക്കപ്പെട്ട ജോലി പ്രയോജനരഹിതമായി തീരുകയും ചെയ്യുന്നു. അത് നല്ലതല്ല.”രാഷ്ട്രീയത്തിൽ നുഴഞ്ഞുകയറാനായി ചില വ്യക്തികളെ ആർഎസ്എസ് ചുമതലപ്പെടുത്തുന്നുണ്ട്. ജനസംഘമൊക്കെ ഉണ്ടാവുന്നതിന് മുമ്പ് രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയ പാർട്ടികളിൽ അവർ സംഘികളെ ഓന്തുകളെപ്പോലെ പറഞ്ഞുവിട്ടിരുന്നു. അത് വേണ്ടത്ര ഏശാത്ത സാഹചര്യത്തിലാണ് ബിജെപിയുടെ ആദ്യരൂപമായ ജനസംഘം ഉണ്ടാവുന്നത്. വൈകാതെ ജനസംഘം പൂട്ടി, ബിജെപി തുറക്കാൻ ആർഎസ്എസ് തയ്യാറായി. ആർഎസ്എസിന്റെ എക്കാലത്തെയും ശ്രേഷ്ഠനായ നേതാവായി പരിഗണിക്കപ്പെടുന്ന എം എസ് ഗോൾവാക്കർ രാഷ്ട്രീയത്തിൽ നുഴഞ്ഞുകയറാൻ ആർഎസ്എസ് നിയോഗിക്കുന്ന വ്യക്തികളെ കുറിച്ചും അവരിൽ നിന്ന് സംഘം പ്രതീക്ഷിക്കുന്നത് എന്താണെന്നതിനെ കുറിച്ചും പറയുന്നുണ്ട് : ' നാം സംഘടനയുടെ ഒരു ഭാഗമായി തീരുകയും അതിന്റെ അച്ചടക്കം സ്വീകരിക്കുകയുമാണെങ്കിൽ ഒരു പ്രത്യേക രീതി തെരഞ്ഞെടുക്കുന്നതിന് ജീവിതത്തിൽ സ്ഥാനമൊന്നുമില്ല. നിർദ്ദേശിക്കുന്നത് ചെയ്യുക. കബഡി കളിക്കാൻ നിർദ്ദേശിച്ചാൽ കബഡി കളിക്കുക. പൊതുയോഗം സംഘടിപ്പിക്കാൻ നിർദ്ദേശിച്ചാൽ അത് സംഘടിപ്പിക്കുക... അതുപോലെ വളരെയൊന്നും താൽപ്പര്യമില്ലെങ്കിലും രാഷ്ട്രീയത്തിലേക്ക് കടന്നുചെന്ന് പ്രവർത്തിക്കാൻ ചില സുഹൃത്തുക്കളോട് നാം ആവശ്യപ്പെട്ടു. വെള്ളമില്ലാത്തിടത്ത് മീൻ വളർത്തും പോലെ. എവിടെ വളർത്തണമെന്ന് തീരുമാനിക്കുന്നത് ഇവിടെ നിന്നാണ്. രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങാൻ ആവശ്യപ്പെട്ടാലും അവിടെ എതിർപ്പൊന്നുമുണ്ടാവുകയില്ല. അവരുടെ നിർണയാവകാശം അവിടെ ഒരു ഘടകമേ അല്ല.' 1954 മാർച്ച് 16ന് വാർധയിലെ ഒരു പ്രസംഗത്തിലാണ് ഗോൾവാക്കർ ഇത് പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ വേറൊരു ഭാഗം ഇങ്ങനെയാണ് : 'നമ്മുടെ സ്വയം സേവക്മാരിൽ ചിലർ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നുണ്ടല്ലൊ. അവിടെ ആവശ്യാനുസരണം പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയും മുദ്രാവാക്യം ഉയർത്തുകയും വേണം. ഒരഭിനേതാവ് തന്റെ കഴിവുകൾ പരമാവധി പ്രകടിപ്പിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ, ചിലപ്പോൾ ചില സ്വയംസേവക്മാർ അഭിനേതാവ് എന്നതിനപ്പുറത്തേക്ക് എടുത്തുചാടി പോവുകയും അതിലൂടെ ഏൽപ്പിക്കപ്പെട്ട ജോലി പ്രയോജനരഹിതമായി തീരുകയും ചെയ്യുന്നു. അത് നല്ലതല്ല.' ഗോൾവാക്കർ ഇത് പറയുന്നത് ബിജെപിയുടെ ആദ്യരൂപമായ ജനസംഘം രൂപീകരിക്കുന്നതിനും വർഷങ്ങൾക്ക് മുമ്പാണ്. ആർഎസ്എസാണ് സംഘപരിവാരപ്രവർത്തകരുടെ രാഷ്ട്രീയാധികാരി എന്ന് വെളിവാക്കുന്ന നിലയിൽ ആർഎസ്എസിന്റെ താളത്തിനൊത്ത് തുള്ളുന്ന നടന്മാർ മാത്രമാണ് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന സംഘികളെന്ന് ഗോൾവാക്കർ വ്യക്തമാക്കുന്നു. നരേന്ദ്ര മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായതും അവിടെ വംശഹത്യ സംഘടിപ്പിക്കപ്പെട്ടതും ഇപ്പോൾ മോദി പ്രധാനമന്ത്രി പദത്തിലെത്തിയതുമൊക്കെ ആർഎസ്എസ് നിശ്ചയിച്ച വഴികളിലൂടെയാണ്. സംഘത്തിന്റെ ഒരഭിനേതാവ് മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ആർഎസ്എസും ബിജെപിയും

ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് ബിജെപി എന്ന്, കേരളത്തിലെ ബിജെപി നേതാവ് കെ സുരേന്ദ്രൻ വരെ ചാനൽ ചർച്ചകളിലൂടെ പറയാറുണ്ട്. ആർഎസ്എസിന്റെ കൽപ്പനകൾക്കനുസരിച്ച് പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയല്ല ബിജെപി എന്ന് നിരന്തരം പ്രചരിപ്പിക്കുന്നത് ആർഎസ്എസ് പ്രവർത്തകർ തന്നെയാണ്. ആർഎസ്എസ് സർ സംഘചാലകിന്റെ നിർദ്ദേശവും പൊതു സമൂഹത്തോട് ഇത്തരത്തിൽ മാത്രമേ പറയാവു എന്നതാണ്. എന്നാൽ, ആർഎസ്എസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലൂടെ കടന്നുപോവുമ്പോൾ ഇവർ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണെന്നത് മനസിലാക്കാൻ സാധിക്കും. ആർഎസ്എസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കാൻ വേണ്ടി രൂപീകരിച്ച നാൽപ്പതിലേറെ സംഘടനകളെ കുറിച്ചുള്ള വിശദാംശങ്ങൾ; ആർഎസ്എസിന്റെ കേന്ദ്ര പ്രസിദ്ധീകരണശാലയായ ന്യൂഡൽഹി, ഝന്ദെവലനിലെ സുരുചി പ്രകാശൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'പരം വൈഭവ് കീ പാഥ് പർ' (പരമ വൈഭവത്തിന്റെ പാതയിലൂടെ) എന്ന പുസ്തകത്തിൽ, ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബിജെപി യെന്ന രാഷ്ട്രീയപാർട്ടിയുടെ പ്രധാന്യത്തെ കുറിച്ച് വിശദീകരിക്കുന്നു. എ ബി വി പി, യുവമോർച്ച, ഹിന്ദു ജാഗരൻ മഞ്ച് തുടങ്ങിയുള്ള സംഘടനകളെപറ്റിയും അതിൽ പ്രതിപാദിക്കുന്നുണ്ട്. പുസ്തകത്തിന്റെ ആമുഖത്തിൽ : ' സ്വയം സേവക്മാരുടെ വ്യത്യസ്ത തലങ്ങളിലുള്ള പ്രവർത്തനങ്ങളെ കുറിച്ചുള്ള ഹ്രസ്വമായ വിവരണം നൽകാൻ ഈ ഗ്രന്ഥത്തിൽ ശ്രമിച്ചിട്ടുണ്ട്. 1996 വരെയുള്ള ആർഎസ്എസിന്റെ സംഘടനാ ശൃംഘലയെ പറ്റിയും അതിന്റെ നിലവാരത്തെ പറ്റിയും ഈ ഗ്രന്ഥത്തിലുണ്ട്. സ്വയം സേവക്മാർ ഉൾപ്പെടെ ആർഎസ്എസിനെ മനസിലാക്കണമെന്നുള്ളവർക്ക് ഈ ഗ്രന്ഥം പ്രയോജനപ്രദമായിരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു' എന്ന് പറയുമ്പോൾ ആർഎസ്എസ് പ്രവർത്തകർ ഒരു പാഠപുസ്തകം പോലെ കരുതുന്ന ഈ പുസ്തകം പറയുന്നതാണ് സംഘികളുടെ കാഴ്ചപ്പാട് എന്ന് മനസിലാക്കാൻ സാധിക്കും. പുസ്തകത്തിൽ ആർഎസ്എസ് രൂപീകരിച്ച സംഘടനകളിൽ മൂന്നാമതായി വിശദീകരിക്കുന്നത് ബിജെപിയെ കുറിച്ചാണ്. ഈ പാർട്ടി രൂപീകരിക്കേണ്ടി വന്ന സാഹചര്യവും ആവശ്യകതയും അതിൽ വിശദമായി പ്രതിപാദിക്കുന്നു.

ഹിറ്റ്‌ലറും ആർഎസ്എസും നരേന്ദ്ര മോദിയും

ഹിറ്റ്‌ലറിന്റെ ഫാസിസത്തെയാണ് ആർഎസ്എസ് മാതൃകയാക്കുന്നത്. ആർഎസ്എസുകാർ ഛത്രപതി ശിവജിയെ കുറിച്ചൊക്കെ ഗീർവാണിക്കുമെങ്കിലും അവരുടെ വീരപുരുഷൻ ഹിറ്റ്‌ലറാണ്. ഏകാധിപത്യമാണ് ഹിറ്റ്‌ലറുടെ മുഖമുദ്ര. ആർഎസ്എസ്, ഗുജറാത്തിൽ സംഘടിപ്പിച്ചതുപോലുള്ള ന്യൂനപക്ഷ വംശഹത്യയെ, ഫാസിസ്റ്റ് പ്രയോഗങ്ങളെ ഉയർത്തിപ്പിടിക്കുന്നു. ആർഎസ്എസ് 1938ൽ പ്രസിദ്ധീകരിച്ച 'നാം അഥവാ നമ്മുടെ രാഷ്ട്രത്വം നിർണയിക്കപ്പെട്ടിരിക്കുന്നു' (we or our nationhood defined) എന്ന പുസ്തകം രചിച്ചത് സർ സംഘചാലക് ആയിരുന്ന എം എസ് ഗോൾവാക്കർ ആണ്. ഈ പുസ്തകത്തിൽ : 'ജർമ്മൻ വംശാഭിമാനം ഇന്നത്തെ ചിന്താ വിഷയമായി തീർന്നിരിക്കുന്നു. വംശത്തിന്റെയും അതിന്റെ സംസ്‌കാരത്തിന്റെയും സംശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി ജർമ്മനി രാജ്യത്തിലെ സെമെറ്റിക് വംശങ്ങളെ (യഹൂദന്മാരെ) ഉന്മൂലനം ചെയ്തുകൊണ്ട് ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. വംശാഭിമാനത്തിന്റെ ഉത്തുംഗമായ തലം ഇവിടെ പ്രകടമാക്കപ്പെട്ടിരിക്കുന്നു. വേരോളം വ്യത്യാസങ്ങളുള്ള വ്യത്യസ്ത വംശങ്ങൾക്ക് ഐക്യപ്പെട്ട് ഒന്നായി തീരൽ എത്രമാത്രം അസാധ്യമാണെന്നതും ജർമനി കാണിച്ചുതന്നു. ഹിന്ദുസ്ഥാനിൽ പ്രവർത്തികമാക്കാൻ, നമുക്ക് നേട്ടമുണ്ടാക്കാനായി പഠിക്കാനുള്ള ഒരു പാഠമാണിത്.' ഗോൾവാക്കർ പറയുന്നതിൽ അർത്ഥശങ്കയ്ക്കിടയില്ല. ഹിറ്റ്‌ലറുടെ ഏകാധിപത്യ ഫാസിസ്റ്റ് മാതൃക പിന്തുടർന്ന്, ഒരു ഹിന്ദുരാഷ്ട്രം രൂപപ്പെടുത്തണം എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. ആർഎസ്എസുകാരനാണ് എന്ന് ഇപ്പോഴും അഭിമാനത്തോടെ പറയുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തെയും ഫെഡറൽ സംവിധാനങ്ങളെയുമാണോ അംഗീകരിക്കുന്നത്? പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും മുമ്പ്, മോദി ആർ എസ് എസുകാരനായി സത്യ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. ആർഎസ്എസിന്റെ പ്രാർത്ഥനയാണ് അദ്ദേഹം നിരന്തരം ചൊല്ലുന്നത്. ആർഎസ്എസ് മുന്നോട്ട് വെക്കുന്നത് പച്ചയായ വർഗീയതയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി, ആർഎസ്എസിനെ തള്ളിപ്പറഞ്ഞില്ലെങ്കിൽ അദ്ദേഹം പ്രധാനമന്ത്രി പദമേറ്റെടുക്കുമ്പോൾ ചൊല്ലിയ സത്യപ്രതിജ്ഞ വെറുതെയാണെന്ന് പറയേണ്ടി വരും.പുസ്തകത്തിൽ ന്യൂനപക്ഷത്തെ ലക്ഷ്യം വച്ച് ഗോൾവാക്കർ വീണ്ടും പേന ചലിപ്പിക്കുന്നുണ്ട്. :'പഴക്കമേറിയ രാജ്യങ്ങൾ അവരുടെ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കുന്നുവെന്നത് ഓർമയിൽ സൂക്ഷിക്കുന്നത് നന്നായിരിക്കും. അവിടെയുള്ള ജനസമൂഹങ്ങളിൽ വ്യത്യസ്തമായ ഏതെങ്കിലും ഘടകങ്ങളെ അംഗീകരിക്കാൻ അവർ സന്നദ്ധരല്ല. കുടിയേറ്റക്കാർ അവരുടെ വേറിട്ട സംസ്‌കാരത്തെയും ദേശബോധത്തെയും കുറിച്ചുള്ള എല്ലാ ബോധവും ഉപേക്ഷിച്ച്, വൈദേശികമായ ഉൽപ്പത്തി മറന്ന്, പ്രധാന ജനവിഭാഗത്തിന്റെ അഥവാ ദേശീയ വംശത്തിന്റെ സംസ്‌കാരം, ഭാഷ, അഭിലാഷങ്ങൾ തുടങ്ങിയവ സ്വീകരിച്ച് അതിൽ ലയിക്കണം. അങ്ങനെ ചെയ്യാത്ത പക്ഷം കേവലം പുറത്തുനിന്നുള്ള അവർ, രാഷ്ട്രത്തിന്റെ കരുതലിൻ കീഴിൽ പ്രത്യേക സംരക്ഷണത്തിനുള്ള അർഹതയോ ഏതെങ്കിലും തരത്തിലുള്ള മുൻഗണനയോ അവകാശങ്ങളോ ഇല്ലാതെ കഴിയണം. അവർക്ക് മുന്നിൽ രണ്ട് വഴികളേ ഉള്ളു. ഒന്ന്, അവർ ദേശീയ വംശത്തിൽ ഇഴുകി ചേർന്ന് അതിന്റെ സംസ്‌കാരം സ്വീകരിക്കണം. രണ്ട്, ദേശീയവംശം അനുവദിക്കുന്നിടത്തോളം അതിന്റെ ദയാദാക്ഷിണ്യങ്ങളിൽ ജീവിക്കുകയും ദേശീയവംശം ആഗ്രഹിക്കുന്ന രീതിയിൽ രാജ്യം വിട്ടുപോവുകയും വേണം. ന്യൂനപക്ഷങ്ങളെ കൊണ്ടുള്ള പ്രശ്‌നം പരിഹരിക്കാനുള്ള ഒരേയൊരു മാർഗം ഇവയാണ്. യുക്തിസഹവും ശരിയുമായ പരിഹാരം അതുമാത്രമാണ്. എന്നാൽ മാത്രമേ ദേശീയ ജിവിതത്തെ ആരോഗ്യത്തോടെ, അസ്വാസ്ഥ്യ രഹിതമായി സൂക്ഷിക്കാൻ സാധിക്കു. ഒരു സ്റ്റേറ്റിനുള്ളിൽ മറ്റൊരു സ്റ്റേറ്റിന്റെ സ്വഭാവവും രാഷ്ട്രീയവും പുലർത്തുന്ന ജനസമൂഹം വികസിക്കുക എന്ന അപകടകരമായ അർബുദത്തിൽ നിന്നും രാഷ്ട്രത്തെ സുരക്ഷിതമായി നിലനിർത്താൻ അതിനേ സാധിക്കുകയുള്ളു.' ചുരുക്കി പറഞ്ഞാൽ രാജ്യത്ത് 'ഹിന്ദുമുസ്ലിം' ആയി 'ഹിന്ദുകൃസ്ത്യൻ' ആയി ജീവിക്കുക. അല്ലെങ്കിൽ രാജ്യം വിട്ടുപോവുക എന്നാണ് മുകളിൽ എഴുതിയതിലൂടെ ഗോൾവാക്കർ പറയുന്നത്. എം എസ് ഗോൾവാക്കറുടെ ഫോട്ടോ, രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ പൂജാമുറിയിലുണ്ട് എന്നത് വിസ്മരിക്കാൻ പാടില്ല.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വേരുകളെ കുറിച്ച് ഗവേഷണം നടത്തിയ ഇറ്റാലിയൻ ഗവേഷകൻ മാർസിയ കാസലോരി, ആർഎസ്എസ് നയിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് ഫാസിസ്റ്റ്, നാസിസ്റ്റ് പ്രയോഗങ്ങളോടുള്ള താൽപ്പര്യവും അവരുടെ നയങ്ങൾ ഫാസിസത്തിൽ നിന്ന് സ്വാംശീകരിച്ചതാണെന്നും വ്യക്തമാക്കുന്ന ഗവേഷണ പ്രബന്ധങ്ങൾ (Hinduthwas foreign tie up in the 1930's Archival Evidence) രചിച്ചിട്ടുണ്ട്. 'ഹിന്ദുത്വ ദേശീയതയുടെ വക്താക്കൾക്ക് ഫാസിസ്റ്റ് ആശയങ്ങളോടും പ്രയോഗങ്ങളോടും ഉണ്ടായിരുന്നത് സംഗ്രഹിച്ചെഴുതാൻ കഴിയാത്ത വിധം വിപുലവും വ്യപ്തിയുള്ളതുമായിരുന്നു. മുസോളിനി ഉൾപ്പെടെയുള്ള ഫാസിസ്റ്റ് ഭരണകൂടത്തിലുള്ളവരും ഹിന്ദുത്വ ദേശീയതയുടെ വക്താക്കളും തമ്മിൽ നേരിട്ടുള്ള ബന്ധം ഉണ്ടായിരുന്നു.' മാർസിയ കാസലോരി ആമുഖ കുറിപ്പിൽ തന്നെ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര പോലുള്ള ഇടങ്ങളിൽ ഇറ്റാലിയൻ ഫാസിസ്റ്റ് രീതികൾക്കും അതിന്റെ ഒറ്റയാൻ നേതൃത്വത്തിനും കൊടുത്ത അമിത പ്രാധാന്യത്തിലൂടെ ഫാസിസത്തെ യാഥാസ്ഥിക വിപ്ലവമായിട്ടാണ് നോക്കി കണ്ടത്. ഹിന്ദുത്വ രാഷ്ട്രീയത്തെ മുൻ നിർത്തി പ്രവർത്തിക്കുന്ന ചില നേതാക്കളുടെ മാത്രം വികാരമായിരുന്നില്ല അത്. അവർ ഫാസിസത്തെ ദൂരെ നിന്ന് നോക്കി കണ്ട് ആരാധിക്കുകയും ആസ്വദിക്കുകയുമായിരുന്നില്ല. ഫാസിസത്തിന്റ പ്രയോഗത്തെ കുറിച്ച് പഠിക്കാൻ വേണ്ടി ബി എസ് മുൻജെയെപോലുള്ളവർ ഇറ്റലിയിലേക്ക് പോയി.

1931 മാർച്ച് 19ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മുസോളിനിയുമായി ബി എസ് മുൻജെ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആസ്ഥാനമായ പാലാസോ വെൻസിയായിൽ വച്ചായിരുന്നു ആ കൂടിക്കാഴ്ച. മാർച്ച് 20നുള്ള മുൻജെയുടെ ഡയറിക്കുറിപ്പ് ഇങ്ങനെയാണ്. : ' ഞാൻ ഡോ. മുൻജെയാണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന് ഹസ്തദാനം നൽകി. എന്നെ കുറിച്ച് എല്ലാമറിയാവുന്ന അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ കുറിച്ചുള്ള സംഭാഷണം ശ്രദ്ധിക്കുന്നതായി തോന്നി. ഞാൻ യൂണിവേർസിറ്റി സന്ദർശിച്ചുവോ എന്ന് സീനിയർ മുസോളിനി ആരാഞ്ഞു. യുവാക്കൾക്ക് സൈനിക പരിശീലനം നൽകുന്നതിനാണ് എനിക്ക് താൽപ്പര്യമെന്നും സൈനിക സ്‌കൂളുകൾ സന്ദർശിക്കാനാണ് താൽപ്പര്യമെന്നും പറഞ്ഞു. ഇറ്റലിയിലെ സൈനീക സ്‌കൂൾ സന്ദർശിക്കാൻ സൗകര്യമൊരുക്കി തന്ന ഫോറിൻ ഓഫീസറോടും വാർ ഓഫീസറോടുമുള്ള കൃതജ്ഞത ഞാൻ അദ്ദേഹത്തോട് പങ്കുവച്ചു. രാവിലെയും വൈകുന്നേരവും ഞാൻ ബലില്ല എന്ന ഓർഗനൈസേഷൻ സന്ദർശിച്ചപ്പോൾ ഏറെ ആവേശഭരിതനായി എന്നും ഇറ്റലിയുടെ സമ്പദ് സമൃദ്ധിക്കും വികസനത്തിനും ഇത് ആവശ്യമാണെന്നും പറഞ്ഞു. ബലില്ലയെ കുറിച്ച്, അതൊരു ഫാസിസ്റ്റ് ഓർഗനൈസേഷനാണെന്ന് എന്ന് ആരോപിച്ചുകൊണ്ട് ഇറ്റലിക്കും താങ്കൾക്കും എതിരായി വരുന്ന വിമർശനങ്ങൾ ഇടക്കിടെ വർത്തമാന പത്രങ്ങളിൽ കാണാറുണ്ടെന്നും അവയിൽ പറയുന്ന രീതിയിൽ ഒന്നും തനിക്കിവിടെ കാണാനായില്ല എന്നും ഞാൻ പറഞ്ഞു. അപ്പോൾ ബെലില്ലയെ പറ്റിയുള്ള താങ്കളുടെ അഭിപ്രായമെന്താണ് എന്ന് സീനിയർ മുസോളിനി എന്നോട് ചോദിച്ചു. യുവർ എക്‌സലൻസി, അത് എന്നെ വളരെ ആകർഷിച്ചു. ഉയരാൻ ആഗ്രഹമുള്ളതും വളർച്ച പ്രാപിക്കുന്നതുമായ ഏതൊരു രാഷ്ട്രത്തിനും ഇത്തരം സംഘടനകൾ ആവശ്യമാണെന്ന എന്റെ മറുപടിയിൽ സീനിയർ മുസോളിനി ഏറെ സന്തുഷ്ടനായി. എനിക്ക് നന്ദി പറഞ്ഞുകൊണ്ട്, നിങ്ങൾക്ക് എല്ലാ വിജയവും ആശംസിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം എഴുനേറ്റും. തിരികെ മടങ്ങുന്നതിനായി ഞാനും എഴുനേറ്റു.'

ഡോ. മുൻജെയുടെ ഈ ഡയറിക്കുറിപ്പ് വ്യക്തമാക്കുന്നത് ആർഎസ്എസിന്റെ ഫാസിസത്തോടുള്ള ഇഴയടുപ്പത്തെയാണ്. മുൻജെ മാത്രമല്ല, വി ഡി സവർക്കറും ഹിറ്റ്‌ലറും മുസോളിനിയും മുന്നോട്ടുവച്ച നാസിസത്തെയും ഫാസിസത്തെയും ആരാധിച്ചിരുന്നു. പിന്തുടരാൻ വെമ്പൽകൊണ്ടിരുന്നു. 1938 ഒക്‌ടോബർ 14ന് ഹിറ്റ്‌ലർ നടത്തിയ യഹൂദവംശഹത്യയെ സവർക്കർ പിന്തുണച്ചു. ഇന്ത്യയിലെ 'മുസ്ലിംങ്ങൾ ഉയർത്തുന്ന ഭീഷണി' പരിഹരിക്കാൻ സവർക്കർ നിർദ്ദേശിച്ച പോംവഴി അത്തരത്തിലുള്ള വംശഹത്യ ആയിരുന്നു. : 'ജർമനിയിൽ യഹൂദരെ എന്താണ് ചെയ്തത്? ന്യൂനപക്ഷമായതിനാൽ അവരെ ജർമനിയിൽ നിന്ന് ഉന്മൂലനം ചെയ്തു. ഒരു രാഷ്ട്രം രൂപീകരിക്കുന്നത് അവിടെ താമസിക്കുന്ന ഭൂരിപക്ഷമാണ്...' 1940ൽ മധുരയിൽ ചേർന്ന ഹിന്ദുമഹാസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് സവർക്കറാണ്. അന്ന് അവിടെ സംസാരിച്ചപ്പോൾ : 'ഒരു നാസിയായതുകൊണ്ട് ഹിറ്റ്‌ലറെ നരാധമനായിട്ടോ, ജനാധിപത്യവാദിയെന്ന് സ്വയം വിശേഷിപ്പിക്കുന്നതുകൊണ്ട് ചർച്ചിലിനെ അർധദേവനായിട്ടോ കാണാൻ ന്യായമൊന്നുമില്ല. ജർമനിയുടെ ചുറ്റുപാടുകളിൽ നാസിസം ജർമ്മനിയുടെ രക്ഷകനാണ് എന്ന കാര്യം നിരാകരിക്കാൻ സാധിക്കില്ല...' ഇത്തരം പ്രസ്താവനകളിലൂടെ ഫാസിസത്തെയും ന്യൂനപക്ഷ വംശഹത്യയെയും ന്യായീകരിക്കാനും അത് ഹൈന്ദവ ദേശീയതയ്ക്ക് അത്യാവശ്യമുള്ള കാര്യമാണ് എന്ന് വരുത്തി തീർക്കാനും സവർക്കറിനെ പോലുള്ള സംഘികൾ പ്രയത്‌നിച്ചു.

വംശഹത്യ മോദിക്കും മുന്നേയുണ്ട്

കൃഷ്ണഗോപാൽ റസ്‌തോഗി, 1999-2004 കാലഘട്ടത്തിൽ കേന്ദ്രം ഭരിച്ചിരുന്ന എൻഡിഎ സർക്കാരിന്റെ കാലത്ത് മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് കീഴിലെ രണ്ട് കമ്മറ്റികളിൽ അംഗമായിരുന്നു. മുരളീമനോഹർ ജോഷിയായിരുന്നു അന്ന് വകുപ്പ് കൈയാളിയിരുന്നത്. ഇദ്ദേഹത്തെ കമ്മറ്റിയിൽ അംഗമാക്കുന്നതിനെ അമ്പതിലേറെ എം പിമാർ എതിർത്തെങ്കിലും നടപ്പിലായത് ആർഎസ്എസ് അജണ്ട തന്നെയാണ്. ഇദ്ദേഹം ഒരാത്മകഥ എഴുതിയിട്ടുണ്ട്. 'പ്രചാരക് ജീവൻ' (പ്രചാരകിന്റെ ജീവിതം). ആർഎസ്എസ് പ്രചാരക് ആയിരുന്ന കൃഷ്ണഗോപാൽ റസ്‌തോഗിയുടെ ആത്മകഥയ്ക്ക് ആമുഖം എഴുതിയത് ആർഎസ്എസ് സർസംഘചാലക് ആയിരുന്ന കെ എസ് സുദർശനനായിരുന്നു.

ഉത്തർപ്രദേശിന്റെ പടിഞ്ഞാറ് ഭാഗത്ത് അധിവസിക്കുന്ന മുസ്ലീങ്ങളെ വംശഹത്യ ചെയ്യാൻ ആർഎസ്എസ് ആവിഷ്‌കരിച്ച പദ്ധതിയെ കുറിച്ച് മുതിർന്ന ആർഎസ്എസ് പ്രചാരക് ആയിരുന്ന കൃഷ്ണഗോപാൽ റസ്‌തോഗിയുടെ ആത്മകഥയിലൂടെ സഞ്ചരിക്കുമ്പോൾ മനസിലാക്കാൻ സാധിക്കും. ഉത്തർപ്രദേശിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള റൂർക്കിക്കും ഹരിദ്വാരിനും ഇടയിലുള്ള പ്രദേശമായ കലിയറിൽ താമസിക്കുന്ന മുസ്ലീങ്ങളെ തുടച്ചുമാറ്റാൻ സായുധരായ ഹിന്ദുക്കളെ നേരിട്ട് നയിച്ച ആർഎസ്എസ് പദ്ധതിയെകുറിച്ച് ഒരു മനസ്ഥാപവുമില്ലാതെയാണ് കൃഷ്ണഗോപാൽ വിവരിക്കുന്നത്. : ' മുസ്ലീങ്ങൾ താമസിക്കുന്ന പഴക്കമുള്ള ഒരധിവാസകേന്ദ്രമാണത്. തോക്ക്, കഠാര, കുന്തം എന്നീ ആയുധങ്ങളുമേന്തി ഏത് സാഹചര്യത്തേയും നേരിടാൻ അവർ സജ്ജരായിരുന്നു. ചില ഹിന്ദു പ്രദേശങ്ങൾ ആക്രമിക്കാനുള്ള അവരുടെ ഉദ്ദേശത്തെ കുറിച്ച് മനസിലാക്കിയപ്പോൾ, അറിയപ്പെടുന്ന ചില ഗുണ്ടകൾ ഉൾപ്പെടെ ഇരുനൂറ്റിയമ്പതിലേറെ ആളുകളെ സംഘടിപ്പിച്ച് കലിയറിൽ കടന്നാക്രമണം നടത്തുകയായിരുന്നു ഞങ്ങൾ. അപ്പോൾ ഒരസാധാരണ സംഭവമുണ്ടായി. ഒരു വീട്ടിൽ ഞങ്ങൾ ആളുകളെ കൊന്നുകൊണ്ടിരിക്കെ, അതീവ സുന്ദരിയായ ഒരു ചെറുപ്പക്കാരിയെ ഞങ്ങളവിടെ കണ്ടു. എന്റെ നേതൃത്വത്തിലുള്ള അക്രമകാരികളിൽ മിക്കവരും കാമാതുരരായി തീർന്നു. ആ പെൺകുട്ടിയെ സ്വന്തമാക്കാൻ അവർ അന്യോന്യം പോരടിക്കുന്ന അവസ്ഥയുണ്ടായി. ആ സാഹചര്യം എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയാതെ ഞാൻ വിഷമിച്ചു. യഥാർത്ഥ കടമയിലേക്ക് അവരുടെ ശ്രദ്ധ തിരികെ കൊണ്ടുവരാൻ ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. ഞാനവരെ തെറിപറഞ്ഞ് ഭീഷണിപ്പെടുത്തിയെങ്കിലും അവരെന്നെ ശ്രദ്ധിച്ചില്ല. പൊടുന്നനെ ഞാനൊരു പരിഹാരം കണ്ടെത്തി. ഈ കുഴപ്പങ്ങൾക്കെല്ലാം കാരണമായ ആ പെൺകുട്ടിയെ ഉപയോഗശൂന്യമായ രീതിയിൽ വകവരുത്തണം. ഞാനെന്റെ തോക്കെടുത്ത് അവൾക്ക് നേരെ തുരുതുരാ നിറയൊഴിച്ചു. അവൾ മരിച്ചുവീണു. എന്റെ കൂട്ടാളികൾ നടുങ്ങിപ്പോയി. ആ മരണത്തോടെ അവർ അവരുടെ കടമ തുടർന്നു...'

ഗോൾവാക്കർ രചിച്ച, ആർഎസ്എസുകാരുടെ പ്രധാന ഗ്രന്ഥമായ 'വിചാരധാര'യിൽ , 'ആഭ്യന്തരഭീഷണികൾ' എന്നൊരധ്യായമുണ്ട്. അതിൽ മുസ്ലീങ്ങളെ ഒന്നാമത്തെയും കൃസ്ത്യാനികളെ രണ്ടാമത്തെയും ആഭ്യന്തര ഭീഷണികളായി ഗോൾവാക്കർ നിർണയിച്ചിരിക്കുന്നു. വിചാരധാരയിൽ അദ്ദേഹം എഴുതുന്നു. : 'രാജ്യത്തിനകത്ത് നിരവധി മുസ്ലിം പോക്കറ്റുകളുണ്ട്. ലഘു പാക്കിസ്ഥാനുകൾ. രാജ്യത്തിന്റെ പൊതു നിയമം ചില മാറ്റങ്ങളോട് കൂടിയേ അവിടങ്ങളിൽ നടപ്പിലാക്കാനാവു. തെമ്മാടികളുടെ ഇഷ്ടാനിഷ്ടങ്ങളാണ് അവിടങ്ങളിലെ അവസാന നാക്ക്. നേരിട്ടല്ലെങ്കിൽ പോലും, അതിനെ അംഗീകരിക്കുന്നത് നമ്മുടെ ദേശീയ ജീവിതത്തെ ഒന്നടങ്കം നശിപ്പിക്കാനുള്ള വഴി തുറന്നുകൊടുക്കലാണ്. ഈ രാജ്യത്ത് പാക്കിസ്ഥാൻ അനുകൂല ഘടകങ്ങളുടെ വ്യാപതിയേറിയ ശൃംഘലകളുടെ കേന്ദ്രങ്ങളായി ഈ പോക്കറ്റുകൾ പരിമണിച്ചിരിക്കുന്നു.... യഥാർത്ഥത്തിൽ സകല ഇടങ്ങളിലും പാക്കിസ്ഥാനുമായി ട്രാൻസ്മിറ്ററിലൂടെ നിരന്തരം സമ്പർക്കം പുലർത്തുന്ന മുസ്ലീങ്ങളുണ്ട്.' രണ്ടാം നമ്പർ ശത്രുക്കളായ കൃസ്ത്യാനികളെ കുറിച്ച് ഗോൾവാക്കർ ഇങ്ങനെയാണ് എഴുതിയിട്ടുള്ളത് : 'അവരുടെ പ്രവർത്തനങ്ങൾ ഹിന്ദുത്വത്തിന് ഭീഷണിയാണ്. അവർ ദേശവിരുദ്ധരാണ്. നമ്മുടെ രാജ്യത്ത് പാർക്കുന്ന കൃസ്ത്യാനികളായ മാന്യന്മാരുടെ ഉദ്ദേശ്യം മതപരവും സാമൂഹികവുമായ ക്രമം തകർക്കുക മാത്രമല്ല, വ്യത്യസ്ത പോക്കറ്റുകളിൽ, സാധ്യമെങ്കിൽ രാജ്യത്തുടനീളം, രാഷ്ട്രീയമേധാവിത്വം കൈവരിക്കുക എന്നതുമാണ്' മൂന്നാമത്തെ ഭീഷണിയായി ഗോൾവാക്കറും ആർഎസ്എസും കാണുന്നത് കമ്യൂണിസ്റ്റുകളെയാണ്. നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പുണ്യഗ്രന്ഥം പോലെ വിചാരധാര എന്നും വായിക്കുന്ന ഒരു മനുഷ്യനാണ്. അതിൽ പറയുന്ന കാര്യങ്ങളാണ് ആത്യന്തികമായി നടപ്പിലാക്കപ്പെടേണ്ടത് എന്നാണ് മോദി വിശ്വസിക്കുന്നത്.

ദേശീയപതാകയും മോദിയുടെ ആർഎസ്എസും

ആർഎസ്എസ് പ്രചാരകനായിരുന്ന നരേന്ദ്ര മോദി, തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നത് പോലും സംഘത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുകി, ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ആത്യന്തിക ലക്ഷ്യം പൂർത്തീകരിക്കാനാണ്. ആർഎസ്എസ് നിർദ്ദേശാനുസരണം ഗുജറാത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ നരേന്ദ്ര മോദി, ഇപ്പോൾ പ്രധാനമന്ത്രിയുമായി. 1925ൽ രൂപീകൃതമായതുമുതൽ ബ്രിട്ടീഷുകാർക്കെതിരായ രാജ്യത്തെ ജനങ്ങളുടെ ഒറ്റക്കെട്ടായുള്ള സമരങ്ങളെ ആർഎസ്എസ് എതിർത്തുപോന്നു. ദേശീയ പതാക രാജ്യത്തെ ജനതയുടെ ഐക്യത്തെയാണ് ഊട്ടിയുറപ്പിക്കുന്നത്. 1929ൽ ലാഹോറിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിന്റെ സമയത്ത്,
അഭിപ്രായ സമന്വയത്തിലൂടെ ത്രിവർണപതാക, ദേശീയ പ്രസ്ഥാനത്തിന്റെ പതാകയായി അംഗീകരിക്കപ്പെട്ട് കഴിഞ്ഞിരുന്നു. ലാഹോർ സമ്മേളനം പൂർണസ്വരാജ് ലക്ഷ്യമിട്ട്, 1930 ജനുവരി 26ന് സ്വാതന്ത്ര്യദിനമായി ആചരിക്കാനും ത്രിവർണപതാകയെ ആദരിക്കാനും രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു. എന്നാൽ, കോൺഗ്രസ് ആഹ്വാനത്തെ തള്ളിക്കൊണ്ട് ഭഗവത് സണ്ട(കാവിപതാക)യെ ആരാധിക്കാൻ ആർഎസ്എസ് സർസംഘചാലക് ആയിരുന്ന ഡോക്ടർ ഹെഗ്‌ഡേവാർ എല്ലാ ആർഎസ്എസ് ശാഖകൾക്കും നിർദ്ദേശം നൽകി. അന്നുമുതൽ ഇന്നുവരെ ആർഎസ്എസിന്റെ ഒരു ചടങ്ങിലും ത്രിവർണപതാകയോ, ദേശീയ പതാകയോ ഉപയോഗിക്കുന്നില്ല. മുൻ പ്രധാനമന്ത്രി വാജ്‌പേയും ഇപ്പോൾ നരേന്ദ്ര മോദിയും ദേശസ്‌നേഹത്തിന്റെ പേരിൽ ത്രിവർണപതാക ഉയർത്താൻ നിർബന്ധിതരാവുമ്പോൾ, ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാൻ വേണ്ടി മുരളീമനോഹർ ജോഷിയെ പോലുള്ള നേതാക്കൾ ലാൽചൗക്കിൽ പോയി ത്രിവർണപതാക ഉയർത്തുമ്പോൾ, ആർഎസ്എസ് ത്രിവർണ പതാകയെ ബഹുമാനിക്കുന്നു എന്ന് കാട്ടാൻ ഇപ്പോഴത്തെ സർസംഘ ചാലക് മോഹൻഭഗവത് ത്രിവർണ പതാക ഉയർത്തുന്ന ചിത്രം പ്രചരിപ്പിക്കുമ്പോൾ ആർഎസ്എസിന്റെ ആത്മാവ് ദാഹിക്കുന്നത് കാവി പതാകയുടെ ഉയർച്ചക്ക് വേണ്ടിയാണ്.

ആർഎസ്എസ് ദേശീയ പതാകയെ നിരാകരിക്കുന്നതിനുള്ള തെളിവുകൾ അവരുടെ നേതാക്കളുടെ സംസാരം തന്നെയാണ്. 1946 ജൂലായ് 14ന് നാഗ്പൂരിൽ വച്ച് ഗുരുപൂർണിമ ആഘോഷിക്കുമ്പോൾ ഗോൾവാക്കർ പറഞ്ഞത് : 'അവസാനം രാജ്യമൊന്നടങ്കം കാവി പതാകയ്ക്ക് മുന്നിൽ നമിക്കുമെന്ന് ഞങ്ങൾ ദൃഡമായി വിശ്വസിക്കുന്നു' എന്നാണ്. ആർഎസ്എസുകാരുടെ 'വിചാരധാര'യിൽ ഗോൾവാക്കർ ദേശീയ പതാകയെ കുറിച്ച് ഇങ്ങനെയാണ് എഴുതുന്നത് : ' രാഷ്ട്രത്തിന് വേണ്ടി നമ്മുടെ നേതാക്കന്മാർ പുതിയൊരു പതാകയുണ്ടാക്കി. എന്തുകൊണ്ടാണ് അവരങ്ങനെ ചെയ്തത്? അത് പ്രവാഹത്തിന്റെയും അനുകരണത്തിന്റേതുമായ ഒരു വിഷയമാണ്... മഹത്വപൂർണമായ ഒരു ഭൂതകാലമുള്ള, പ്രാചീനവും ശ്രേഷ്ഠവുമായ ഒരു രാഷ്ട്രമാണാ നമ്മുടേത്. അപ്പോൾ, നമുക്ക് നമ്മുടെ സ്വന്തമായ ഒരു പതാക ഉണ്ടായിരുന്നില്ലേ? ഈ ആയിരക്കണക്കിന് വർഷങ്ങളിൽ നമുക്ക് ദേശീയ ചിഹ്നമുണ്ടായിരുന്നില്ലേ? തീർച്ചയായും നമുക്കുണ്ടായിരുന്നു. പിന്നെന്തുകൊണ്ട് നമ്മുടെ മനസുകളിൽ ദൗർബല്യവും ശൂന്യതയും' ഇന്നും ആർഎസ്എസുകാർ ചോദിക്കുന്നത് ഇത് തന്നെയാണ്. കാവിപതാകയിൽ അഭിരമിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ സ്വപ്നംകണ്ടിരിക്കയാണ് സംഘികൾ. അവരുടെ സ്വപ്നം നരേന്ദ്ര മോദിയിലൂടെ യാഥാർത്ഥ്യമാവുമെന്ന് അവർ മലർപ്പൊടിക്കാരനെ പോലെ സ്വപ്നം കാണുന്നു.

ഭരണഘടനയെ നരേന്ദ്ര മോദി നോക്കി കാണുന്നത്

ആർഎസ്എസ് പ്രചാരകനായിരുന്ന നരേന്ദ്ര മോദി, രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുമ്പോൾ ഇതുവരെ അദ്ദേഹം പുലർത്തിയിരുന്ന സംഘിമനോഭാവം വലിച്ചെറിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. താനൊരു ആർഎസ്എസുകാരനാണ് എന്ന് വെളിപ്പെടുത്തുന്നതിൽ മോദി അൽപ്പം പോലും മടിക്കുന്നുമില്ല. നരേന്ദ്ര മോദിയുടെ ആർഎസ്എസ് എങ്ങിനെയാണ് ഇന്ത്യൻ ഭരണഘടനയെ നോക്കികാണുന്നത്? എം എസ് ഗോൾവാക്കറുടെ 'വിചാരധാര' അതിനുള്ള മറുപടിയും തരുന്നുണ്ട്. : 'വിവിധ പാശ്ചാത്യ രാജ്യങ്ങളുടെ ഭരണഘടനകളിലെ വ്യത്യസ്ത ആർട്ടിക്കിളുകൾ തുന്നിചേർത്തുണ്ടാക്കിയ ക്ലേശകരവും വിജായീതയുള്ളതുമായ ഒന്നാണ് നമ്മുടെ ഭരണഘടന. നമ്മുടെ സ്വന്തമെന്ന് വിളിക്കാവുന്ന യാതൊന്നും അതിലില്ല. നമ്മുടെ ദേശീയ ദൗത്യം എന്ത് എന്നത് പോലുള്ള മാർഗനിർദ്ദേശ തത്വങ്ങളെ കുറിച്ചോ ജീവിതത്തിൽ നമ്മുടെ കേന്ദ്രതത്വം എന്ത് എന്നതിനെ കുറിച്ചോ അതിൽ ഒരു പരാമർശമെങ്കിലുമുണ്ടോ? ഇല്ല.' ആർഎസ്എസ് ഭരണഘടനയ്ക്ക് പകരം ആഗ്രഹിച്ചത് മനുസ്മൃതിയായിരുന്നു. സ്ത്രീകളെയും ദളിതുകളെയും മൃഗങ്ങൾക്ക് തുല്യം നോക്കി കാണുന്ന മനുസ്മൃതിയിൽ നിന്നാണ് ഇന്നും ആർഎസ്എസിന്റെ തത്വങ്ങൾ ഉറവപൊട്ടുന്നത്. 1949 നവമ്പർ 30ന് പുറത്തിറങ്ങിയ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ എഴുതുന്നത് : 'നമ്മുടെ ഭരണഘടനയിൽ പ്രാചീന ഭാരതത്തിലെ അതുല്യമായ ഭരണഘടനാ വികാസത്തെ കുറിച്ച് പരാമർശമൊന്നുമില്ല. സ്പാർട്ടയിലെ ലിക്കർഗസിനും പേർഷ്യയിലെ സോലോണിനും വളരെ മുന്നാണ് മനുവിന്റെ നിയമങ്ങൾ എഴുതപ്പെട്ടത്. ഇന്നുമാ നിയമങ്ങൾ ലോകത്തിന്റെ ആഹ്ലാദത്തിനും ആദരവിനും പാത്രീഭവിക്കുന്നു. അനുസരണയും യുക്തിയുമാണ് അതിൽ നിന്നും ഉളവാകുന്നത്.' ഈ മനുസ്മൃതിയാണ് 1928ൽ ഡോ. ബി ആർ അംബേദ്കർ നർമദാ തീരത്ത് വച്ച് സ്വന്തം കൈകളാൽ അഗ്‌നിക്കിരയാക്കിയത്. ആർഎസ്എസ് നോക്കി കാണുന്നതിൽ നിന്നും വിഭിന്നമായാണ് ഞാൻ മനുസ്മൃതിയെ വീക്ഷിക്കുന്നത് എന്നോ, ആർഎസ്എസ് ഭരണഘടനയെ വ്യാഖ്യാനിച്ചത് പോലല്ല ഞാൻ വ്യാഖ്യാനിക്കുന്നത് എന്നോ മുൻ ആർഎസ്എസ് പ്രചാരക് ആയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നുവരെ വ്യക്തമാക്കിയിട്ടില്ല.

മോദിയുടെ ജനാധിപത്യവും മതേതരത്വവും ഫെഡറലിസവും

രാജ്യത്തിന്റെ ഭരണഘടനാ സമ്പ്രദായത്തെ പരസ്യമായി തള്ളിക്കളയുന്ന ആർഎസ്എസിന്റെ പ്രചാരകനാണ്
രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കുന്നത്. തീർച്ചയായും നരേന്ദ്ര മോദിക്ക് കൂറ് ആർഎസ്എസിനോടാണ്. അതിനാൽ തന്നെ ഭരണഘടനയും മതേതരത്വവും ഫെഡരളിസവും ഭയപ്പെടേണ്ടിയിരിക്കുന്നു. ഭാരതത്തോട് വിധേയത്വം പുലർത്താനാണ് ആർഎസ്എസ് രാജ്യത്തെ ന്യൂനപക്ഷങ്ങളോട് നിരന്തരം അട്ടഹസിക്കുന്നത്. എന്നാൽ, സംഘികൾ രാജ്യത്തിന്റെ ഭരണഘടനയോടും നിയമപരമായ സംവിധാനങ്ങളോടും വിധേയത്വം പുലർത്തുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ചൊല്ലികൊടുത്ത സത്യപ്രതിജ്ഞ ചൊല്ലുന്നതിനും മുന്നേ, മറ്റൊരു പ്രതിജ്ഞ ചൊല്ലി ഹൃദിസ്ഥമാക്കിയിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ആർഎസ്എസുകാരെല്ലാം ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധരാണ് : 'എന്റെ വിശുദ്ധ മതത്തിന്റെയും ഹിന്ദു സമൂഹത്തിന്റെയും ഹിന്ദു സംസ്‌കാരത്തിന്റെയും പരിപോഷണത്തിലൂടെ ഹിന്ദുവർഷയുടെ സർവ്വോന്മുഖമായ മഹത്വം നേടിയെടുക്കുന്നതിനായി ഞാൻ ആർഎസ്എസിൽ അംഗമായി തീരുന്നുവെന്ന് സർവ്വശക്തനായ ഈശ്വരനും എന്റെ പൂർവ്വികർക്കും മുന്നിൽ ഭയഭക്തിയോടെ പ്രതിജ്ഞ ചെയ്യുന്നു. ഈ ലക്ഷ്യം നേടുന്നതിന് വേണ്ടി എന്റെ ഹൃദയവും ആത്മാവും കൊണ്ട് എന്റെ ആയുഷ്‌കാലം മുഴുവനും ശ്രമിക്കുകയും സംഘിന്റെ പ്രവർത്തനങ്ങൾ ആത്മാർത്ഥതയോടും നിഷ്പക്ഷമായും പൂർത്തീകരിക്കുകയും ചെയ്യും. ഭാരത് മാതാ കീ ജയ്.' ആർഎസ്എസ് അംഗമാവുമ്പോൾ ചെയ്യേണ്ട ഈ പ്രതിജ്ഞയ്‌ക്കൊപ്പം ആർഎസ്എസ് കാര്യാലയത്തിൽ പോവുമ്പോഴും ശാഖയിൽ അനൗപചാരിക സന്ദർശനം നടത്തുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും ഈ പ്രാർത്ഥന ചൊല്ലുന്നുണ്ട്. 'സ്‌നേഹവാത്സല്യങ്ങളുള്ള മാതൃഭൂമി, ഞാൻ എന്നന്നേയ്ക്കും നിന്നെ നമിക്കുന്നു. അല്ലയോ ഹിന്ദുക്കളുടെ പ്രഭോ, നീയെന്നെ സൗഖ്യത്തോടെ വളർത്തി. അല്ലയോ വിശുദ്ധഭൂമി, നന്മയുടെ ശ്രേഷ്ഠയായ സൃഷ്ടാവേ, ഞാൻ എന്റെയീ ശരീരം നിനക്കായി സമർപ്പിക്കട്ടെ. ഞാൻ വീണ്ടും വീണ്ടും നിന്നെ നമിക്കുന്നു. അല്ലയോ സർവ്വശക്തേ, ഹിന്ദുരാഷ്ട്രത്തിലെ അവിഭാജ്യഘടകങ്ങളായ ഞങ്ങൾ ആദരപൂർവ്വം നിന്നെ വണങ്ങുന്നു. നിനക്കുവേണ്ടി ഞങ്ങൾ അര ചുറ്റിക്കെട്ടട്ടെ. ഹിന്ദുരാഷ്ട്രം സാധ്യമാവുന്നതിന് ഞങ്ങളെ അനുഗ്രഹിക്കു.' നിലവിലിരിക്കുന്ന മതേതര കാഴ്ചപ്പാടിനെ കുഴിച്ചുമൂടുക എന്നതാണ് ആർഎസ്എസ് പ്രചാരക് ആയിരുന്ന നരേന്ദ്ര മോദി എന്ന് സംഘിയുടെ ആത്യന്തിക ലക്ഷ്യം. ആർഎസ്എസിന്റെ പ്രതിജ്ഞയിൽ പറയുന്നത് പോലെ, സംഘിന്റെ പ്രവർത്തനങ്ങൾ ആത്മാർത്ഥതയോടെ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലെത്തിയിരിക്കുന്നത്.
ജനാധിപത്യവും ആർഎസ്എസിന്റെ കണ്ണിലെ കരടാണ്. ജനാധിപത്യ തത്വങ്ങൾ വലിച്ചെറിഞ്ഞ് രാജ്യത്ത് ഒരു ഏകാധിപത്യഭരണകൂടമുണ്ടാവണമെന്നാണ് ആർഎസ്എസ് നിരന്തരം ആവശ്യപ്പെടുന്നത്. 1940ൽ മദ്രാസിൽ വച്ച് സംഘടിപ്പിച്ച ആർഎസ്എസിന്റെ ഉന്നതാധികാര സമിതിയെ അഭിസംബോധന ചെയ്യുമ്പോൾ ഗോൾവാക്കർ പ്രഖ്യാപിച്ചത് : 'ആർഎസ്എസിനാൽ പ്രചോതിദമായ ഒരു പതാക, ഒരു നേതാവ്, ഒരു ആദർശം എന്ന ഹിന്ദുത്വയുടെ തീനാളം മഹത്വമേറിയ ഈ രാജ്യത്തിന്റെ ഓരോ, കോണുകളെയും പ്രകാശമാനമാക്കുന്നു...' എന്നാണ്. ഒരു പതാക, ഒരു നേതാവ്, ഒരു ആദർശം എന്ന മുദ്രാവാക്യം നാസിഫാസിസ്റ്റ് സംഘടനകളിൽ നിന്നാണ് ആർഎസ്എസ് കടംകൊണ്ടിട്ടുള്ളത്. അത് വിദേശമാണ് താനും.

ഹിന്ദുക്കളെ ഉന്മേഷവാന്മാരാക്കാനും സ്വന്തം സംരക്ഷണത്തിനായി അവരെ സംഘടിപ്പിക്കാനും വർഗീയ വിഷം വ്യാപരിപ്പിക്കേണ്ട കാര്യമില്ല. ഈ വിഷ വ്യാപനത്തിന്റെ ആത്യന്തികഫലമായി ഗാന്ധിജിയുടെ അമൂല്യമായ ജീവൻ ബലികഴിച്ച് രാജ്യം യാതന അനുഭവിക്കേണ്ടി വന്നിരിക്കുന്നു. ആർ എസ് എസിന് നേരെ സഹതാപത്തിന്റെ ഒരു തരിപോലും സർക്കാരിന്റെയോ, ജനങ്ങളുടെയോ ഭാഗത്ത് അവശേഷിക്കുന്നില്ല. യഥാർത്ഥത്തിൽ എതിർപ്പ് ശക്തമായിരിക്കുന്നു. ഗാന്ധിജിയുടെ വധത്തിന് ശേഷം ആർഎസ്എസുകാർ മധുരം വിതരണം ചെയ്തപ്പോൾ ജനങ്ങളുടെ എതിർപ്പ് കൂടുതൽ ശക്തമായി മാറി. ഇത്തരം ചുറ്റുപാടുകളുടെ അടിസ്ഥാനത്തിൽ ആർ എസ് എസിനെതിരെ നടപടിയെടുക്കാൻ സർക്കാർ നിർബന്ധിതമായി... അതിന് ശേഷം ആറ് മാസം കഴിഞ്ഞിരിക്കുന്നു. ഈ കാലയളവിനുള്ളിൽ സ്വയം വിമർശനാത്മകമായി ചിന്തിച്ച് ആർഎസ്എസുകാർ നേരായ മാർഗത്തിലെത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ, എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് നിങ്ങളുടെ പഴയ, അതേ നടപടികളിലേക്ക് മടങ്ങിപോവാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്നത് വളരെ വ്യക്തമാണ്.” ഈ കത്തെഴുതുമ്പോൾ വല്ലഭായ് പട്ടേൽ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാണ്.ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ സംവിധാനങ്ങളെയും ആർഎസ്എസ് അംഗീകരിക്കുന്നില്ല. 1961ൽ ചേർന്ന ദേശീയോദ്‌ഗ്രഥന സമ്മേളനത്തിന് വേണ്ടി ഗോൾവാക്കർ ഒരു കത്ത് അയച്ചിരുന്നു. അതിൽ : 'ഇന്നത്തെ ഫെഡറൽ സമ്പ്രദായത്തിലുള്ള ഭരണകൂടം വിഘടനവാദത്തിനായുള്ള താൽപ്പര്യമാണ് ജനിപ്പിക്കുന്നത്. വികേന്ദ്രീകരണത്തെ പരിപോഷിപ്പിക്കുന്ന ഫെഡറലിസം ഏക രാഷ്ട്രം എന്ന വസ്തുതയെ അംഗീകരിക്കാൻ വിസമ്മതിക്കുന്നു. അത് രാഷ്ട്രത്തിന്റെ തകർച്ചക്ക് വഴിവെക്കുന്നു. ഫെഡറലിസത്തെ കടപുഴക്കിയെറിഞ്ഞ് ഭരണഘടനയെ ശുദ്ധീകരിച്ച് ഏകതാനതാ സ്വഭാവമുള്ള ഒരു ഭരണകൂടം സ്ഥാപിക്കണം.'

മഹാരാഷ്ട്ര രൂപീകരണത്തിനെതിരായി ആർഎസ്എസ് ഒരു പ്രസ്ഥാനമായി മാറി. അതിനുള്ള പ്രധാനമായ കാരണം ഫെഡറലിസത്തോടുള്ള വെറുപ്പായിരുന്നു. ആർഎസ്എസ് രാഷ്ട്രീയേതരമായി, നിഷ്പക്ഷമായി നിൽക്കുന്ന സംഘടനയാണ് എന്ന് പറയാറുണ്ടെങ്കിലും മഹാരാഷ്ട്ര രൂപീകരണ വിരുദ്ധസമ്മേളനങ്ങളിൽ പലപ്പോഴും അധ്യക്ഷം വഹിച്ചത് രാഷ്ട്രീയേതര നാട്യം കളിച്ചിരുന്ന എം എസ് ഗോൾവാക്കർ തന്നെയായിരുന്നു. അത്തരമൊരു സമ്മേളനത്തിൽ വച്ച് ഗോൾവാക്കർ പറഞ്ഞത് : 'ഇന്ത്യക്ക് കേന്ദ്രഭരണമാണ് ഉണ്ടാവേണ്ടത്. ഭരണപരമായ വീക്ഷണ കോണിലൂടെ നോക്കുമ്പോൾ സ്റ്റേറ്റുകൾ അഡ്‌മിനിസ്‌ട്രേറ്റർ ഭരണപ്രദേശങ്ങളായിരിക്കണം' ഗോൾവാക്കർ പ്രസംഗത്തിനിടയിൽ ആവേശം പൂണ്ട് നടത്തിയ പ്രസ്താവമല്ല ഇത്. കാരണം ആർഎസ്എസുകാരുടെ പ്രിയപ്പെട്ട പുസ്തകമായ വിചാരധാരയിൽ 'ഏകതാനതാ സ്വഭാവമുള്ള ഒരു രാജ്യം ഉണ്ടാവണം' എന്ന തലക്കെട്ടിലുള്ള അധ്യായത്തിൽ : 'ഒരു സ്റ്റേറ്റിനുള്ളിൽ അതായത് ഭരണത്തിനുള്ളിൽ സ്വയം ഭരണാവകാശമുള്ളതോ അർദ്ധ സ്വയം ഭരണാവകാശമുള്ളതോ ആയ സ്റ്റേറ്റുകളെ തുരത്തിയെറിയാനും നമ്മുടെ ഭരണഘടനയിലെ ഫെഡറൽ സംവിധാനത്തെ കുറിച്ചുള്ള ചർച്ച എന്നന്നേക്കുമായി ആഴത്തിൽ കുഴിച്ചുമൂടാനുമുള്ള ഏറ്റവും പ്രധാനപ്പെട്ടതും പ്രായോഗികവുമായ നടപടി, നമ്മുടെ സമാധാനന്തരീക്ഷം തകർക്കുന്ന ചിതറികിടക്കുന്നതോ പ്രാദേശികമോ, വിഭാഗീയതയുള്ളതോ, ഭാഷാപരമോ ആയ സകലതിന്റെയും പൊടിപോലും അവശേഷിപ്പിക്കാത്ത തരത്തിൽ സമൂഹത്തെ മാറ്റി തീർത്തുകൊണ്ട്, ഏകരാഷ്ട്രം, ഏക സ്റ്റേറ്റ്, ഏക നിയമനിർമ്മാണ സഭ, ഉന്നതനായ ഒരു വ്യക്തി എന്ന് ഉദ്‌ഘോഷിക്കുന്നതാണ്.' ഈ വരികളിൽ കൂടി ഗോൾവാക്കർ കൃത്യമായ ആർഎസ്എസ് അജണ്ട തന്നെയാണ് മുന്നോട്ട് വെക്കുന്നത്.

രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് പ്രചാരകനെന്ന നിലയിൽ ഈ ആശയങ്ങളാണ് പ്രകാശിപ്പിച്ചിരുന്നത്. സംഘത്തിന്റെ ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായാണ് നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിൽ എത്തിയിരിക്കുന്നത്. അങ്ങനെയല്ല എങ്കിൽ നരേന്ദ്ര മോദി ആർഎസ്എസിനെ തള്ളിപ്പറയണം. അത് ഇതുവരെ ഉണ്ടായിട്ടില്ല.
മഹാത്മജിയുടെ മരണവും ആർഎസ്എസ് നിരോധനവും സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിക്കാനായി നരേന്ദ്ര മോദി യത്‌നിക്കുന്നത് പട്ടേലിന് ആർഎസ്എസിനോടുള്ള മൃദുസമീപനത്തെ മുൻ നിർത്തിയാണ്. കോൺഗ്രസിനുള്ളിലുള്ള ആർഎസ്എസ് മനസുകൾ ആദരിക്കപ്പെടേണ്ടതാണ് എന്ന കാഴ്ചപ്പാടാണ് ഈ നീക്കത്തിലൂടെ നരേന്ദ്ര മോദിയും സംഘികളും മുന്നോട്ട് വെക്കുന്നത്. കേരളത്തിൽ ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പോലുള്ള കോൺഗ്രസ് നേതാക്കൾ ആർഎസ്എസിന് അനുകൂലമായ മനോഭാവം പുലർത്തുന്നത് നരേന്ദ്ര മോദിയുടെ ഈ കാഴ്ചപ്പാട് മനസിലാക്കിയാണ്. ആർഎസ്എസുകാരുടെ ഇഷ്ടപുരുഷനായ സർദാർ വല്ലഭായ് പട്ടേലിന് ഗാന്ധിജിയുടെ വധത്തിന് ശേഷം ആർഎസ്എസിനെ സംരക്ഷിക്കാൻ സാധിച്ചില്ല. 1948 സപ്തംബർ 11ന് സർദാർ പട്ടേൽ ഗോൾവാക്കർക്ക് അയച്ച് കത്തിൽ എഴുതി, : 'ഹിന്ദുക്കളെ സംഘടിപ്പിക്കുന്നതും അവരെ സഹായിക്കുന്നതും പ്രവർത്തനത്തിന്റെ ഒരുവശമാണ്. എന്നാൽ, കഴിഞ്ഞകാലത്തെ കഷ്ടപ്പാടുകളുടെ പ്രതികാരമായി നിസഹായരായ സ്ത്രീപുരുഷന്മാരെയും കുട്ടികളെയും ആക്രമിക്കുന്നത് തികച്ചും വ്യത്യസ്തമായ കാര്യമാണ്.... ഇതിനൊക്കെ പുറമെ, തികഞ്ഞ വൈരാഗ്യ ബുദ്ധിയോടെയുള്ള, വ്യക്തിത്വവും അന്തസും മറികടന്ന് കോൺഗ്രസിനോടുള്ള എതിർപ്പ് മറ്റ് ജനവിഭാഗങ്ങൾക്കിടയിലും ഒരുതരം അസ്വസ്ഥത ഉളവാക്കിയിട്ടുണ്ട്. സംഘ് നേതാക്കളുടെ പ്രസംഗങ്ങളെല്ലാം വർഗീയ വിഷം നിറഞ്ഞുതുളുമ്പുന്നതാണ്. ഹിന്ദുക്കളെ ഉന്മേഷവാന്മാരാക്കാനും സ്വന്തം സംരക്ഷണത്തിനായി അവരെ സംഘടിപ്പിക്കാനും വർഗീയ വിഷം വ്യാപരിപ്പിക്കേണ്ട കാര്യമില്ല. ഈ വിഷ വ്യാപനത്തിന്റെ ആത്യന്തികഫലമായി ഗാന്ധിജിയുടെ അമൂല്യമായ ജീവൻ ബലികഴിച്ച് രാജ്യം യാതന അനുഭവിക്കേണ്ടി വന്നിരിക്കുന്നു. ആർഎസ്എസിന് നേരെ സഹതാപത്തിന്റെ ഒരു തരിപോലും സർക്കാരിന്റെയോ, ജനങ്ങളുടെയോ ഭാഗത്ത് അവശേഷിക്കുന്നില്ല. യഥാർത്ഥത്തിൽ എതിർപ്പ് ശക്തമായിരിക്കുന്നു. ഗാന്ധിജിയുടെ വധത്തിന് ശേഷം ആർഎസ്എസുകാർ മധുരം വിതരണം ചെയ്തപ്പോൾ ജനങ്ങളുടെ എതിർപ്പ് കൂടുതൽ ശക്തമായി മാറി. ഇത്തരം ചുറ്റുപാടുകളുടെ അടിസ്ഥാനത്തിൽ ആർഎസ്എസിനെതിരെ നടപടിയെടുക്കാൻ സർക്കാർ നിർബന്ധിതമായി... അതിന് ശേഷം ആറ് മാസം കഴിഞ്ഞിരിക്കുന്നു. ഈ കാലയളവിനുള്ളിൽ സ്വയം വിമർശനാത്മകമായി ചിന്തിച്ച് ആർഎസ്എസുകാർ നേരായ മാർഗത്തിലെത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ, എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് നിങ്ങളുടെ പഴയ, അതേ നടപടികളിലേക്ക് മടങ്ങിപോവാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്നത് വളരെ വ്യക്തമാണ്.' ഈ കത്തെഴുതുമ്പോൾ വല്ലഭായ് പട്ടേൽ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാണ്. അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് ഗാന്ധി വധത്തിന് പിന്നിൽ ആരാണുള്ളതെന്ന് മനസിലാക്കാൻ സാധിക്കും. സാങ്കേതികമായ കോടതിവിധികൾക്കപ്പുറത്തുള്ള സത്യാവസ്ഥയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്.

1948 ഫെബ്രുവരി 4ന് ആർഎസ്എസ് നിരോധിക്കപ്പെടാൻ കാരണം സംഘികളുടെ ദേശവിരുദ്ധ പ്രവർത്തനങ്ങളായിരുന്നു. ആർഎസ്എസിനെ നിരോധിച്ച് കൊണ്ട് പുറത്തിറങ്ങിയ സർക്കാർ വിജ്ഞാപനത്തിൽ പറയുന്നത്, : 'നമ്മുടെ രാജ്യത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുകയും അതിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതുമായ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികളെ വേരോടെ പിഴുതെറിയാനുള്ള നിശ്ചയദാർഡ്യം ഇന്ത്യ സർക്കാർ 1948 ഫെബ്രുവരി 2ന് പ്രമേയത്തിലൂടെ പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായി ആർഎസ്എസ് എന്ന സംഘടന നിയമവിരുദ്ധമാണെന്ന് ഇന്ത്യാ സർക്കാർ പ്രഖ്യാപിക്കുന്നു.' ഈ നിരോധനമേർപ്പെടുത്താനുള്ള കാരണങ്ങളെകുറിച്ചും സർക്കാർ തങ്ങളുടെ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്. : 'സംഘിന്റെ അംഗങ്ങൾ അനഭികാമ്യവും അപകടകരവുമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആർഎസ്എസിന്റെ അംഗങ്ങൾ കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും നിയമവിരുദ്ധമായി ആയുധങ്ങളും പടക്കോപ്പുകളും സമാഹരിക്കലുൾപ്പെടെ നിരവധി അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.' വിശംദാംശങ്ങൾ ഈ വിധത്തിൽ നീണ്ടുപോവുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന ആർഎസ്എസ് പ്രവർത്തകൻ എങ്ങിനെയാണ് മഹാത്മാഗാന്ധിയെ നോക്കി കാണുന്നത് എന്നത് വ്യക്തമാവുന്നു.

സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയാവാത്തവരുടെ രാജ്യഭരണം

ഹിന്ദുരാഷ്ട്രം എന്ന ഒറ്റ മുദ്രവാക്യം മുന്നോട്ടുവച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഇന്ത്യൻ ജനതയുടെ ഒറ്റക്കെട്ടായുള്ള സമരത്തെ നിരന്തരം ദുർബലപ്പെടുത്തിയ സംഘടനയാണ് ആർഎസ്എസ്. ഭാരതത്തിന്റെ ദേശീയത, പൈതൃകം എന്നൊക്കെ സംഘികൾ വലിയവായിൽ പറ.യുമെങ്കിലും രാജ്യത്തെ വൈദേശികർ കീഴടക്കിയപ്പോൾ സ്വാതന്ത്ര്യമെന്ന വാക്കുരിയാടാത്ത കൂട്ടരാണ് ഇവർ. നരേന്ദ്ര മോദി എന്ന ആർഎസ്എസുകാരൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി, ഭാരതത്തിന്റെ മഹിമകളെ പറ്റി വാക്‌ധോരണി മുഴക്കുമ്പോൾ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സംഘികൾ എന്തുചെയ്തു എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. വല്ലവനും സമരം നടത്തി നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ജനാധ്പത്യത്തിന്റെ പങ്കുപറ്റി ഇപ്പോൾ അധികാരത്തിൽ കയറിയിരിക്കുന്ന സംഘികൾക്ക് ഈ ചോദ്യങ്ങൾക്ക് ഉത്തരം തരാനുള്ള ബാധ്യതയുണ്ട്.

1947ന് മുമ്പ് ഇന്ത്യയുടെ മോചനത്തിന് വേണ്ടി ആർഎസ്എസ് നടത്തിയ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങൾ ഏതൊക്കെയാണ് ? സമരം നടത്തിയില്ലെങ്കിലും എം എസ് ഗോൾവാക്കർ ചിലത് പറഞ്ഞിട്ടുണ്ട്, സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ വിവിധ ഘട്ടങ്ങളിൽ ആർഎസ്എസ് സർസംഘ ചാലക് ആയിരുന്ന ഗോൾവാക്കർ പറഞ്ഞ വാക്കുകൾ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ദുർബലപ്പെടുത്താൻ മാത്രമാണ് ഉതകിയിട്ടുള്ളത്. : 'എല്ലായ്‌പ്പോഴും 'പതിവുള്ള' പ്രവർത്തനങ്ങളിൽ മുഴുകി കഴിയേണ്ടതിന്റെ ആവശ്യകതയ്ക്ക് മറ്റൊരു കാരണം കൂടിയുണ്ട്. കാലാകാലങ്ങളിൽ രാജ്യത്ത് ഉരുത്തിരിഞ്ഞു വരുന്ന സാഹചര്യങ്ങൾ മനസിൽ ചില അസ്വസ്ഥതകളൊക്കെ ഉണ്ടാക്കും. അത്തരമൊരസ്വാസ്ഥ്യം 1942ലുണ്ടായി. അതിന് മുൻപ് 193031ൽ അത്തരത്തിലൊരു പ്രസ്ഥാനമുണ്ടായി. ആ സമയത്ത് ഒട്ടനവധിപേർ ഡോക്ടർജിക്കടുത്തേക്ക് പോയി. (ഡോക്ടർ ഹെഡ്‌ഗേവാറാണ് ഡോക്ടർജി) ഈ പ്രസ്ഥാനം സ്വാതന്ത്ര്യം നേടിക്കൊടുക്കുമെന്നും നമ്മൾ കൂടി അണിചേർന്ന് മുന്നേറണമെന്നും ഈ പ്രതിനിധിസംഘം ഡോക്ടർജിയോട് അപേക്ഷിച്ചു. ആ സമയത്ത് ഒരു മാന്യൻ താൻ ജയിലിൽ പോകാൻ തയ്യാറാണെന്ന് ഡോക്ടർജിയോട് പറഞ്ഞു. അദ്ദേഹം ആ മാന്യനോട് തിരികെ ചോദിച്ചു, അപ്പോൾ നിന്റെ കുടുംബത്തെ ആര് സംരക്ഷിക്കും? രണ്ട് കൊല്ലത്തേക്ക് തന്റെ കുടുംബത്തിന് ആവശ്യമായ വിഭവങ്ങളും പിഴ ഒടുക്കേണ്ടിവന്നാൽ
അതിനായുള്ള തുകയും സംഭരിച്ചിട്ടുണ്ട് എന്ന് ആ മാന്യൻ ഡോക്ടർജിയോട് മറുപടി പറഞ്ഞു. അപ്പോൾ, ഇത്രയേറെ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിൽ രണ്ട് വർഷക്കാലം സംഘിന് വേണ്ടി മുഴുവൻസമയയും പ്രവർത്തനം നടത്താനാണ് ഡോക്ടർജി ആ മാന്യനോട് പറഞ്ഞത്. എന്നാൽ, വീട്ടിലേക്ക് മടങ്ങിപ്പോയ ആ മാന്യൻ ജയിലിൽ പോവുകയോ, സംഘിന് വേണ്ടി പ്രവർത്തിക്കുകയോ ചെയ്തില്ല.' ദേശസ്‌നേഹികളെ ഏത് വിധത്തിലാണ് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ നിന്ന് ആർഎസ്എസ് അകറ്റി നിർത്തിയത് എന്നതിന് ഈ വരികൾ യഥേഷ്ടമാണ്.

നിസഹരണ പ്രസ്ഥാനവും ക്വിററിന്ത്യാ സമരവും സ്വാതന്ത്ര്യസമര ചരിത്രത്തിലെ തിളക്കമുള്ള ഏടുകളാണ്. ആർഎസ്എസുകാരുടെ ഗുരുജി ഗോൾവാക്കർ ഈ സമരങ്ങളെ വീക്ഷിക്കുന്നത് ആരിലും അത്ഭുതമുളവാക്കും. : 'സമരത്തിന്റെ ഫലമായി മോശപ്പെട്ട പ്രതികരണങ്ങളാണുണ്ടാവുന്നത്. 1920ലെ പ്രസ്ഥാനത്തിന് ശേഷം ചെറുപ്പക്കാർ സമരോത്സുകരായി നേതാക്കൾക്ക് മേൽ ചെളിവാരിയെറിയാനുള്ള ശ്രമമുണ്ടായി. സമരത്തിന് ശേഷം പ്രതീക്ഷിക്കാവുന്ന പ്രതികരണമായിരരുന്നു അത്. ഇത്തരത്തിലുള്ള അനന്തരഫലങ്ങളെ നമുക്ക് ശരിയായി നിയന്ത്രിക്കാനാവില്ല. 1942ന് ശേഷം നിയമത്തെ കുറിച്ച് ചിന്തിക്കേണ്ടതില്ല എന്ന് ആളുകൾ ചിന്തിക്കാൻ തുടങ്ങി.' ആർഎസ്എസ് പറയുന്നത്, ഇന്ത്യക്കാർ ബ്രിട്ടീഷുകാരുടെ സ്വേച്ഛാപരമായ അടിച്ചമർത്തലുകളും അതിന് വേണ്ടിയുള്ള നിയമങ്ങളും അനുസരിക്കണമെന്നാണ്. 1942ൽ ഗോൾവാക്കർ പറഞ്ഞത് : '1942ലും അനേകം പേരുടെ മനസിൽ പ്രബലമായ വൈകാരിക സംഘർഷം മുളപൊട്ടി. അപ്പോഴും സംഘ് അതിന്റെ സ്ഥിരം പ്രവർത്തനങ്ങൾ തുടർന്നു. നേരിട്ട് യാതൊന്നും ചെയ്യേണ്ടതില്ലെന്ന് സംഘ് തീരുമാനിച്ചു.' ഈ പ്രസ്താവന വായിക്കുമ്പോൾ നേരിട്ടല്ലാതെ എന്തൊക്കെയോ ചെയ്‌തെന്ന് വ്യാഖ്യാനിക്കാനുള്ള സാധ്യതയുണ്ട്. പക്ഷെ, രാജ്യത്തിന്റെ ചരിത്രം ആർഎസ്എസിന്റെ സ്വാതന്ത്ര്യ സമരത്തിലെ 'ശ്രേഷ്ഠ'മായ ഏടുകളെ കുറിച്ച് പറയുന്നതേയില്ല. യഥാർത്ഥത്തിൽ ആർഎസ്എസിന് വിദേശഭരണമായിരുന്നു പഥ്യം. ഗോൾവാക്കറുടെ വാക്കുകളിൽ കൂടി അത് മനസിലാക്കാൻ സാധിക്കും. : 'സങ്കുചിത ചിന്താഗതിയുള്ള നേതാക്കൾ ബ്രിട്ടീഷുകാരുടെ രാജ്യാധികാരത്തെ എതിർക്കുന്നു' എന്ന് പറഞ്ഞത്, ബ്രിട്ടീഷുകാർ ഇന്ത്യവിട്ടുപോകാൻ തീരുമാനിച്ച 1947 മാർച്ചിൽ ആണ്. രാജ്യത്തിന്റെ പരാധീനതകൾ പ്രബലരായ വിദേശികളുടെ തലയിൽ കെട്ടിവെക്കുന്നത് ശരിയല്ലെന്നും രാജ്യത്തിനുമേൽ അധികാരം സ്ഥാപിച്ചിരിക്കുന്നവരോടുള്ള വിദ്വേഷത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നടപടികൾ ആരംഭിക്കുന്ന പ്രവണതയെയും ഗോൾവാക്കർ അപലപിച്ചു. 1960ൽ ഇൻഡോറിൽ നട്തതിയ പ്രസംഗത്തിൽ ഗോൾവാക്കർ പറഞ്ഞു : ' ബ്രിട്ടീഷുകാരെ പുറത്തേക്ക് വലിച്ചെറിഞ്ഞ് രാജ്യത്തെ സ്വതന്ത്രമാക്കുക എന്ന ആശയത്താൽ പ്രചോതിതരായി അനേകം പേർ പ്രവർത്തിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ ഔപചാരികമായ വിട്ടുപോകലിന് ശേഷം ഈ പ്രചോദനത്തിന് മങ്ങലേറ്റു. യഥാർത്ഥത്തിൽ ഇത്രയധികം പ്രചോദനത്തിന്റെ ആവശ്യക്ത ഉണ്ടായിരുന്നില്ല. മതത്തെയും സംസ്‌കാരത്തെയും പ്രതിരോധിക്കുന്നതിലൂടെ രാജ്യത്തെ സ്വതന്ത്രമാക്കാൻ നാം ചെയ്ത പ്രതിജ്ഞയെ കുറിച്ച് നാം ഓർമിക്കേണ്ടത് ആവശ്യമാണ്. ബ്രിട്ടീഷുകാരുടെ നിർഗമനത്തെ കുറിച്ച് അതിൽ ഒരു പരാമർശവുമില്ല.'

ഗോൾവാക്കർ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻഗാമിയായിരുന്ന ഡോ ഹെഡ്‌ഗേവാറും ബ്രിട്ടീഷ് ഭരണത്തെ മഹത്തായ ഒന്നായി കാണുകയാണുണ്ടായത്. ഹെഡ്‌ഗേവാറിന്റെ ഔദ്യോഗിക ജീവ ചരിത്രത്തിൽ : ' സംഘ് രൂപീകരിച്ചതിന് ശേഷം ഡോ. സാഹേബ് ഹിന്ദുസംഘടനകളെ ബന്ധപ്പെട്ട് മാത്രമേ പ്രസംഗിച്ചിട്ടുള്ളു. സർക്കാരിനെ കുറിച്ചുള്ള നേരിട്ടുള്ള പരാമർശങ്ങളൊന്നും നടത്തിയിട്ടില്ല.' എന്ന് പറയുന്നു. സി പി ദിഷികർ എഴുതി ആർഎസ്എസ് പ്രസിദ്ധീകരിച്ച സംഘ് വരീക്ഷ് കെ ബീജ്... എന്ന പുസ്തകത്തിലെ വരികളെ ആർഎസ്എസിന് തള്ളിപ്പറയാൻ സാധിക്കില്ല. ഹിന്ദുരാഷ്ട്രവാദക്കാരോട് മമത കാണിച്ചിരുന്ന പത്രങ്ങൾക്ക് സ്വാതന്ത്ര സമരക്കാലത്ത് ആർഎസ്എസ് സ്വാതന്ത്ര സമരത്തിന് വേണ്ടി നടത്തിയിട്ടുള്ള ഒരു പരിശ്രമം പോലും ജനങ്ങളുടെ സമക്ഷം വാർത്തയാക്കാൻ സാധിച്ചിട്ടില്ല. ഇതിൽ നിന്നും, സ്വതന്ത്ര ഭാരതത്തേക്കാൾ ആർഎസ്എസിന് ഇഷ്ടം ബ്രിട്ടീഷുകാരുടെ കീഴിലുള്ള ഭാരതമായിരുന്നു എന്ന് മനസിലാക്കാൻ സാധിക്കും.

ഇന്ന് സ്വാതന്ത്രം നേടിയ ഇന്ത്യയുടെ ഭരണത്തിന് നേതൃത്വം കൊടുക്കുന്നത് ആർഎസ്എസ് പ്രചാരക് ആയിരുന്ന ഒരു വ്യക്തിയാണ്. സ്വാതന്ത്ര്യസമരം വേണ്ടിയിരുന്നില്ല എന്ന സംഘിബോധം തന്നെയാണ് നരേന്ദ്ര മോദിക്ക് ഇപ്പോഴുമുള്ളത്.

ദ്വിരാഷ്ട്രവാദവും നരേന്ദ്ര മോദിയും

1906ൽ സ്ഥാപിതമായ മുസ്ലിംലീഗിന്റെ ദ്വിരാഷ്ട്രവാദത്തെ പരിപോഷിപ്പിക്കുകയാണ് ആർഎസ്എസ്. സംഘികളുടെ തത്വജ്ഞാനിയും മാർഗദർശിയുമായ വി ഡി സവർക്കാർ, ദ്വിരാഷ്ട്ര സിദ്ധാന്തം പ്രചരിപ്പിക്കുക മാത്രമല്ല, ക്വിറ്റിന്ത്യാ പ്രസ്ഥാനത്തെ തകർക്കുന്നതിന് വേണ്ടി മുസ്ലിംലീഗുമായി കൂട്ടുകൂടുകയും ചെയ്തു. കാൺപൂരിൽ ചേർന്ന ഹിന്ദുമഹാസഭയുടെ ഇരുപത്തിനാലാം സമ്മേളനത്തിൽ അദ്ദേഹം പ്രസംഗിച്ചത് ശ്രദ്ധിക്കൂ,: 'പ്രായോഗിക രാഷ്ട്രീയത്തിലും ന്യായമായി സന്ധി ചെയ്ത് മുന്നേറണമെന്ന് ഹിന്ദുമഹാസഭയ്ക്ക് അറിയാം. ക്ഷണം സ്വീകരിച്ച് ലീഗുമായി യോജിച്ച് ഐക്യമുന്നണി സർക്കാർ രൂപീകരിച്ച് സിന്ധ് ഹിന്ദുമഹാസഭ ഉത്തരവാദിത്തമേറ്റെടുത്തത് സമീപകാലത്താണ്. ബംഗാളിലെ കാര്യവും ഏവർക്കുമറിയാം. കോൺഗ്രസിന് അതുമായി ചേരുന്ന തന്ത്രങ്ങളുപയോഗിച്ച് മയപ്പെടുത്താൻ സാധിക്കാതിരുന്ന മുരത്ത ലീഗുകാർ പോലും മിസ്റ്റർ ഫസ്ലുൾ ഹഖ് പാക് പ്രധാനമന്ത്രിയായിട്ടുള്ള കൂട്ടുമന്ത്രിസഭയിലെ ഹിന്ദുമഹാസഭയുമായി ബന്ധം സ്ഥാപിച്ചതോടെ വളരെയധികം വിട്ടുവീഴ്ചയും ഇണക്കവുമുള്ളവരായി തീർന്നു. മാത്രമല്ല, നമ്മുടെ ഹിന്ദുമഹാസഭയുടെ പ്രഗത്ഭനായ നേതാവ് ഡോ. ശ്യാമപ്രസാദ് മുഖർജിക്കും നേതൃത്വമുണ്ടായിരുന്ന ആ സർക്കാർ, ഇരുവിഭാഗങ്ങൾക്കും ഗുണകരമായി ഒന്നിലേറെ വർഷക്കാലം അവിടെ ഭരണം നടത്തി. ഇതിനൊക്കെ ഉപരിയായി ഭൗതിക നേട്ടങ്ങളുണ്ടാക്കുന്നതിനല്ല, മറിച്ച്, പൊതുജന താൽപ്പര്യം മുൻനിർത്തി മാത്രം അധികാരകേന്ദ്രങ്ങൾ പിടിച്ചെടുക്കാൻ ഹിന്ദുമഹാസഭ ശ്രമിച്ചിട്ടുള്ളതായും തുടർന്നുള്ള സംഭവങ്ങൾ പ3കടമായി തന്നെ വെളിപ്പെടുത്തി.' ഈ വസ്തുതയെ തള്ളിപ്പറയാൻ ആർഎസ്എസിന് സാധിക്കില്ല. വി ഡി സവർക്കർ ആർഎസ്എസുകാരനല്ല എന്നൊന്നും സംഘികൾ പറയരുത്. ഹിന്ദുമഹാസഭയുടെ അധ്യക്ഷനായിരുന്ന വി ഡി സവർക്കറെ ആർഎസ്എസ് സ്ഥാപകനായിരുന്ന ഡോ.ഹെഡ്‌ഗേവാർ തന്റെ ബുദ്ധ്യോപദേശകനും തത്വജ്ഞാനിയും മാർഗനിർദ്ദേശിയുമായാണ് പരിഗണിച്ചിരുന്നത്. സവർക്കറുടെ ഔദ്യോഗിക ജീവചരിത്രകാരനായ ധനഞ്ജയ് കീർ എഴുതുന്നു, : 'രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന സന്നദ്ധ സംഘടന രൂപീകരിക്കുന്നതിന് മുമ്പ് അതിന്റെ വിശ്വാസം രൂപം ഭാവി എന്നിവയെ കുറിച്ച് സവർക്കറുമായി ഡോ. ഹെഡ്‌ഗേവാർ സുദീർഘമായ ചർച്ചകൾ നടത്തി.'ആർഎസ്എസിന്റെ വേരുകൾ സവർക്കറുടെ ഹിന്ദുത്വയിൽ ആഴ്ന്ന് കിടക്കുന്നതായി എർ എസ് എസ് നേതാവും നേരത്തെ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയുമായിരുന്ന എൽ കെ അദ്വാനിയും പറഞ്ഞിട്ടുണ്ട്.

ആർഎസ്എസുകാരനാണ് എന്ന് ഇപ്പോഴും അഭിമാനത്തോടെ പറയുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തെയും ഫെഡറൽ സംവിധാനങ്ങളെയും അംഗീകരിക്കുന്നുണ്ടോ? പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും മുമ്പ്, മോദി ആർഎസ്എസുകാരനെന്ന നിലയിൽ നിരവധി തവണ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ആർഎസ്എസിന്റെ പ്രാർത്ഥനയാണ് അദ്ദേഹം നിരന്തരം ചൊല്ലിക്കൊണ്ടിരിക്കുന്നത്. ആർഎസ്എസ് മുന്നോട്ടുവെക്കുന്ന ആശയങ്ങളെ സംബന്ധിച്ച് മുകളിൽ വിശദമായി പറഞ്ഞു കഴിഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രി, ആർഎസ്എസിനെ തള്ളിപ്പറഞ്ഞില്ലെങ്കിൽ അദ്ദേഹം പ്രധാനമന്ത്രി പദമേറ്റെടുക്കുമ്പോൾ ചൊല്ലിയ സത്യപ്രതിജ്ഞ വെറുതെയാണെന്ന് പറയേണ്ടി വരും.

(ഈ ലേഖനത്തിൽ പറയുന്നത് ലേഖകന്റെ അഭിപ്രായാമാണ്, മറുനാടൻ മലയാളിയുടെ നിലപാടല്ല- എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP