Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാന്തപുരം ഫാക്ടറും മണ്ണാർക്കാടും!

കാന്തപുരം ഫാക്ടറും മണ്ണാർക്കാടും!

കോങ്ങാട് മണ്ഡലത്തിൽ 2013 ൽ നടന്ന ഇരട്ടക്കൊലയുമായി ബന്ധപ്പെടുത്തി മണ്ണാർക്കാട് സിറ്റിങ് എം എൽ എയും ഈ തെരഞ്ഞെടുപ്പിൽ യു. ഡി .എഫ് പ്രതിനിധിയുമായ എൻ. ശംസുദീനെതിരെ കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവന മണ്ണാർക്കാട് ഒരു ചലനവും ഉണ്ടാക്കില്ല എന്നാണ് മണ്ണാർക്കാട് നിന്നുള്ള വിലയിരുത്തൽ . മണ്ണാർക്കാടുമായി ഒരു ബന്ധവുമില്ലാത്ത ഒരു വിഷയം, അതും സംഭവം നടന്ന് രണ്ടു വർഷത്തിനു ശേഷം കുത്തി പൊക്കി കൊണ്ട് വന്നതിൽ പൊതു ജനങ്ങൾക്കിടയിൽ തന്നെ അതൃപ്തിയുണ്ട്. പൊതു സമൂഹം ചർച്ച ചെയ്യുന്ന വിഷയങ്ങൾ ഇതൊന്നുമല്ല, ജനങ്ങൾ ചർച്ച ചെയ്യുന്നത് കഴിഞ്ഞ അഞ്ചു വർഷത്തെ എം എൽ എ യുടെ പെർഫോർമൻസും കാഴ്ചപ്പാടുകളുമാണ് . 

വലുപ്പത്തിൽ ആലപ്പുഴ ജില്ലയോളം വിസ്തൃതമായ ഈ മണ്ഡലത്തിൽ പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്നിരുന്ന പ്രശ്‌നങ്ങൾ നിരവധിയുണ്ടായിരുന്നു ഷംസുദീൻ അഞ്ചു വര്ഷം മുന്പ് മണ്ഡലത്തിൽ കാലു കുത്തുമ്പോൾ . ആദിവാസി , ഫോറസ്റ്റ് ജീവനക്കാർ , ഭൂരഹിതർ തുടങ്ങിയവരുടെ പ്രശ്‌നങ്ങൾ മുതൽ നഗര വികസനത്തിന് വിഘാതമായ തരത്തിൽ ഇടുങ്ങിയ റോഡുകൾ, കയ്യേറ്റങ്ങൾ മറ്റു അടിസ്ഥാന സൗകര്യങ്ങൾ എല്ലാം മണ്ണാർക്കാടിന്റെ വികസന സ്വപ്നങ്ങളുടെ മേൽ കരിനിഴൽ വീഴ്‌ത്തിയിരുന്നു .

അഞ്ചു വർഷങ്ങൾക്കിപ്പുറം ഓരോ മണ്ണാർക്കാട് നിവാസിയും തിരിഞ്ഞു നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് കാതലായ മാറ്റം തന്നെ മണ്ഡലത്തിൽ ഉണ്ടായതായി അവർക്ക് തന്നെ അറിയാം. . മണ്ണാർക്കാട് ടൗണിലേക്ക് കടക്കുമ്പോൾ ആദ്യം തന്നെ ശ്രദ്ധിക്കുന്നത് കുന്തിപ്പുഴ പാലമാണ്. കേരളത്തിൽ തന്നെ ഏറ്റവും വേഗതയിൽ പണി കഴിക്കപ്പെട്ട പലങ്ങളിൽ ഒന്നാണ് . ഖിലാഫത്ത് സമരക്കാരെ നേരിടാൻ ബ്രിട്ടീഷുകാർ നിർമ്മിച്ച ഒരു നൂറ്റാണ്ടിലേക്ക് കടക്കുന്ന പാലത്തെ ബലപ്പെടുത്തി അതിനോട് ചേർന്ന് തന്നെ മറ്റൊരു പാലവും നിർമ്മിച്ചു കൊണ്ട് ഒരു ഗർഭ കാലം കൊണ്ട് ഉയർന്ന പാലം നഗരത്തിലേക്കുള്ള ട്രാഫിക് ജാം തെല്ലൊന്നുമല്ല കുറച്ചത്.

ഒരു കുടുംബത്തിനു ശരാശരി ഒരേക്കർ വീതം ഭൂമി എന്ന കണക്കിൽ 517 ആദിവാസി കുടുംബങ്ങൾക്കായി മൊത്തം 586 ഏക്കർ ഭൂമി ഫോട്ടോ പതിച്ച രജിസ്ടർ രേഖകൾ സഹിതം കൈമാറിയത് ആ മേഖലയിൽ ഒരു വിപ്ലവകരമായ ചുവടു വെയ്‌പ്പായിരുന്നു . അട്ടപ്പാടിയിൽ പ്രഖ്യാപിച്ച കോളേജ് വെറും 9 മാസം കൊണ്ട് പ്രവർത്തനം ആരംഭിച്ചു . വിപുലമായ സൗകര്യങ്ങളുള്ള മറ്റൊരു കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നുണ്ട്. 300 സന്നദ്ധ പ്രവർത്തകരെയാണ് ആദിവാസി മേഖലയിലേക്ക് നിയോഗിച്ചിരിക്കുന്നത്. എല്ലാ ആദിവാസി കുടുംബങ്ങൾക്കും ബി പി എൽ കാർഡുകൾ നൽകിക്കഴിഞ്ഞു . ഇതൊക്കെ മണ്ണാർക്കാട്ടെ ആദിമ നിവാസികളായ ആദിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്ഷം എം. എൽ . എ അവർക്ക് സ്വന്തം ഊരിലെ ഒരാളെ പോലെ സുപരിചിതനായിരുന്നു. അത് ശംസുദീനെ തുണയ്ക്കുമെന്ന കാര്യത്തിൽ യു. ഡി. എഫിന് സംശയമില്ല.

357 ഗ്രാമീണ റോഡുകൾ നവീകരിക്കാനായതും മണ്ണാർക്കാട് ടൗണിലെ മണ്ണാർക്കാട് ടൗണിലെ 300 ൽ പരം കയ്യേറ്റങ്ങൾ കളക്റ്ററുടെ നേതൃത്വത്തിൽ പൊളിക്കാൻകഴിഞ്ഞതും മിനി ബൈപ്പാസ് ഗതാഗത യോഗ്യമാക്കാൻ കഴിഞ്ഞതും ,മണ്ണാർക്കാട് നഗരം തൊടാതെ ചരക്ക് വാഹനങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാൻ കഴിയുന്ന മേജർ ബൈപാസിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി ടെണ്ടർ വിളിച്ചതും എൻ. ശംസുദീന്റെ ഗ്രാഫ് ഉയർത്തി.

മണ്ണാർക്കാട് പഞ്ചായത്ത് നഗരസഭയായി ഉയർത്താൻ കഴിഞ്ഞതും വിദ്യാഭ്യാസ ജില്ലയാക്കി മാറ്റിയതും മുക്തകണ്ഠം പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഭരണ വിരുദ്ധ വികാരം മണ്ഡലത്തിൽ എങ്ങും ഇല്ലാത്തതും യു. ഡി. എഫിന്റെ സാധ്യതകൾ ഉയർത്തിയിട്ടുണ്ട്.

ഹിന്ദു , മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുടെ വോട്ടുകൾ ഏതാണ്ട് ഒരുപോലെ നിർണ്ണായകമായ മണ്ഡലത്തിൽ ഏതെങ്കിലും ഒരു സംഘടനയുടെ ഒറ്റപ്പെട്ട നിലപാടുകൾക്ക് പ്രസക്തിയില്ല എന്ന് തന്നെ പറയേണ്ടി വരും. പ്രത്യേകിച്ച് കാലാ കാലങ്ങളായി ഇടതിന് വോട്ടു മറിക്കുന്ന കാന്ത പുറം വിഭാഗത്തിന്റെ പ്രഖ്യാപനത്തിൽ പുതുമ ഇല്ലെന്നു രാഷ്ട്രീയം നിരീക്ഷിക്കുന്ന ആർക്കും അറിയുന്ന വസ്തുതയാണ് .
അതിനു പുറമേ മണ്ണാർക്കാട് മണ്ഡലത്തിൽ പോലുമല്ലാത്ത കല്ലാംകുഴി പ്രദേശത്തെ സംഭവങ്ങളിൽ എന്തിനു തങ്ങൾ തല പുകയ്ക്കണം എന്നാണ് ജന സംസാരം. മറ്റൊരു മണ്ഡലത്തിലെ തീർത്തും പ്രാദേശികവും കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അപ്പുറത്ത് മറ്റു മാനങ്ങളുള്ള ഒരു സംഭവത്തിന്റെ മറവിൽ ഒരു മത സംഘടന തങ്ങളുടെ ഈര്ഷ്യം തീർക്കുന്നതിൽ ജനങ്ങൾക്ക് എന്ത് താല്പര്യം എന്നാണ് എല്ലാവരും ചോദിക്കുന്നത്?

എം. എൽ . എക്കെതിരെ ആ സംഭവത്തിൽ നേരിട്ട് ബന്ധമുള്ളതായി എ. പി വിഭാഗം പോലും ആരോപണം ഉയർത്തിയിട്ടില്ല. ആകെയുള്ള ആക്ഷേപം പ്രതികളെ സംരക്ഷിച്ചു എന്നാണ്. എന്നാൽ പൊലീസും നിയമ വിദഗ്ദരും പറയുന്നത് ഈ ആരോപണം വസ്തുതയ്ക്ക് നിരയ്ക്കുന്നതല്ല എന്നതാണ്. കേസിലെ 27 പ്രതികളും കോടതി കയറി കൊണ്ടിരിക്കുകയാണ് ഇന്നും. പല പ്രതികളും 80 മുതൽ 90 ദിവസങ്ങൾ വരെ അകത്തു കിടക്കേണ്ടി വന്നവരാണ്. ഗൾഫിലേക്ക് കടന്ന പ്രതികളെ വരെ പൊലീസ് തിരികെ എത്തിച്ചു. യു. ഡി . എഫ് ഭരണത്തിൽ ഇരുന്നിട്ട് പോലും ഇക്കാര്യങ്ങളിൽ യാതൊരു വിധ ഇളവും ഒരു പ്രതികൾക്കും കിട്ടിയിട്ടില്ല. ഓരോ പ്രതികളും അവരവരുടെ നിലയ്ക്ക് കോടതിയെ സമീപിച്ച് ജാമ്യാപേക്ഷ നൽകിയതനുസരിച്ചു കോടതി ജാമ്യം നൽകുകയാണ് ഉണ്ടായത്. അത് കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ ആണ്. ഇക്കാര്യങ്ങൾ എല്ലാം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് നിയമവിടഗ്ദ്ടരും പൊലീസും ഭരണ കക്ഷിയുടെ ഇടപെടലുകൾ ഉണ്ടായിട്ടില്ല എന്ന് സ്ഥിരീകരിക്കുന്നത്.

പരമ്പരാഗത ക്രിസ്ത്യൻ, മുസ്ലിം , ഹിന്ദു വോട്ടു ബെൽട്ടുകളിൽ ഈ ആരോപണങ്ങൾ എശുകയില്ലെന്നു യു. ഡി. എഫ് നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിച്ചതും അതുകൊണ്ട് തന്നെ. കാന്തപുരം ഫാക്റ്റർ കാന്തപുരത്തിന്റെ ഒരു കൾട്ടിൽ മാത്രം ഒതുങ്ങും എന്നർത്ഥം. ഇടതു പക്ഷത്തെ പിന്തുണയ്ക്കുന്നവർക്ക് പോലും മറ്റൊരു ആക്ഷേപം ഉയർത്തികൊണ്ടുവരാൻ കഴിയാത്തത് പൊതു ബോധത്തെ സ്വാധീനിച്ചിട്ടുണ്ട്. എക്കാലത്തും മണ്ണാർക്കാടിന്റെ വിധി നിർണ്ണയിച്ച നിക്ഷപക്ഷരായ ജനങ്ങൾക്ക് ഈ ആരോപണങ്ങളിൽ താല്പര്യമില്ലാത്തതിനാൽ അവിടെ കാന്തപുരം ഫാക്റ്റർ ഫലിക്കാൻ സാധ്യത തെല്ലുമില്ല. കഴിഞ്ഞ തവണ പുതുമുഖമായിട്ട് പോലും 8000 ൽ പരം വോട്ടുകൾക്ക് വിജയിച്ച ശംസുദ്ദീന്റെ ഭൂരിപക്ഷം കാൽ ലക്ഷത്തോളം ഉയരുമെന്നാണു കരുതപ്പെടുന്നത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP