Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

അധികാരം ഐഡിയോളേജി ആകുമ്പോൾ ഭരണവും സർക്കാർ അധികാരവും ഒരു കരിയർ ഓപ്ഷനാണ്; അവിടെ സർവ്വ രാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ എന്നത് മെയ് ഒന്നിന് ഓർത്തു ചൊല്ലി മറക്കേണ്ട പഴയ ചൊല്ലു മാത്രമാണ്; ബീഹാറിൽ നിന്നും ബംഗാളിൽ നിന്ന് വരുന്നവരെ തൊഴിലാളികൾ എന്നതിൽ ഉപരി ബംഗാളിയും ബീഹാറിയുമായാണ് സമൂഹം പോലും കാണുന്നത്; ആദർശങ്ങൾ അധികാര രൂപങ്ങൾ ആകുമ്പോൾ ആദർശങ്ങൾ ആവിയായിപ്പോകും; ജെഎസ് അടൂർ എഴുതുന്നു

അധികാരം ഐഡിയോളേജി ആകുമ്പോൾ ഭരണവും സർക്കാർ അധികാരവും ഒരു കരിയർ ഓപ്ഷനാണ്; അവിടെ സർവ്വ രാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ എന്നത് മെയ് ഒന്നിന് ഓർത്തു ചൊല്ലി മറക്കേണ്ട പഴയ ചൊല്ലു മാത്രമാണ്; ബീഹാറിൽ നിന്നും ബംഗാളിൽ നിന്ന് വരുന്നവരെ തൊഴിലാളികൾ എന്നതിൽ ഉപരി ബംഗാളിയും ബീഹാറിയുമായാണ് സമൂഹം പോലും കാണുന്നത്; ആദർശങ്ങൾ അധികാര രൂപങ്ങൾ ആകുമ്പോൾ ആദർശങ്ങൾ ആവിയായിപ്പോകും; ജെഎസ് അടൂർ എഴുതുന്നു

ജെ എസ് അടൂർ

ഡിയോളേജി എന്ന പദം ആദ്യമായി കേട്ടത് 1978 ലാണ് എന്നാണ് ഓർമ്മ. ഏഴാംക്ളാസ്സിലെ പരീക്ഷ കഴിഞ്ഞുള്ള അവധിക്കാണ് സി പി എം എല്ലാം ശനിയാഴ്ചയും നടത്തിയിരുന്ന സ്റ്റഡി ക്ലാസ്സിൽ പോകുവാൻ തുടങ്ങിയത്. ഞങ്ങളുടെ കടമ്പനാട് പഞ്ചായത്തിൽ കല്ലുകുഴി ജംക്ഷന് അടുത്തുള്ള ഒരു ടൂഷൻ സെന്ററിലായിരുന്നു ക്ലാസ്. 

പാർട്ടി സ്റ്റഡി ക്ളാസ്സുകൾ എടുത്തത് സഖാവ് ദാമോദരൻ ഉണ്ണിത്തനായിരുന്നു. അതിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞയാൾ ആയിരിന്നു.  ആ ക്ളാസുകൾ മുതലാണ് രാഷ്ട്രീയവും രാഷ്ട്രീയചരിത്രവും ഗൗരവമായി വായിക്കാൻ തുടങ്ങിയത്. അതു കൊണ്ടു തന്നെ ഗൗരവമായി രാഷ്ട്രീയം വായിക്കാൻ പ്രേരിപ്പിച്ച സി പി എം എന്ന പാർട്ടിയോട് ഒരു പ്രതേക സ്‌നേഹമുണ്ട്. അന്നും ഇന്നും ഏറ്റവും അടുത്ത ഒരുപാട് കൂട്ടുകാർ ആ പാർട്ടിയിലുണ്ട്.
അക്കാലത്തു സമത്വ സുന്ദരമായ കമ്മ്യുണിസ്റ്റ് സ്വർഗ്ഗ രാജ്യം സ്വപ്നം കാണുന്ന ചെറുപ്രായം. ടീനേജിൽ വളരെ തീവ്രമായിരുന്ന ജിജ്ഞാസ. കൈയിൽ കിട്ടുന്ന ഏത് പുസ്തകവും എല്ലാ ദിവസവും വായിച്ചു തീർക്കുന്ന വിജ്ഞാന കൗതുകം കൂടി വരുന്ന സമയം.
സോവിയറ്റ് നാട് മാസിക വായിച്ചു വായിച്ചു സമത്വ സുന്ദരമായ, എല്ലാവർക്കും എല്ലാമുള്ള സോവിയറ്റ് റഷ്യയിൽ എന്നെങ്കിലും പോകണം എന്ന് ആഗ്രഹം തോന്നിയ നാളുകൾ.
സ്റ്റഡി ക്ളാസ്സിന് പോകുമ്പോൾ നോട്ട് ബുക്കുമായാണ് പോയിരുന്നത് . അതിൽ കുറിച്ച് വച്ചിരുന്ന, പ്രിമിറ്റിവ് കമ്മ്യുണിസം, ഫ്യുഡലിസം, വ്യാവസായിക വിപ്ലവം, പിന്നെ സോഷ്യലിസം, അത് കഴിഞ്ഞ് പൊലീസും ഭരണ കൂടവും എല്ലാം കൊഴിഞ്ഞു പോകുന്ന സമത്വ സുന്ദരമായ ഭൂമിയിലെ സ്വർഗമായ കമ്മ്യുണിസം.

അതൊക്ക കേട്ടപ്പോൾ പണ്ട് സണ്ടേസ്‌കൂളിൽ പഠിച്ച ക്രിസ്തുവിന്റെ രണ്ടാംവരവിന് ശേഷമുള്ള ആയിരം ആണ്ടു വാഴ്ചയും, അത് പോലെ 'മാവേലി നാട് വാണീടും കാലം മനുഷ്യരെല്ലാരും ഒന്നും പോലെ ആമോദത്തോടെ വസിക്കും കാലം' പോലെയൊക്കെയുള്ള ഒരു സൂത്രം ആയിരിക്കും കമ്മ്യുണിസം എന്ന് ഒരു പന്ത്രണ്ടുകാരന് തോന്നി.  അതിനിടയിൽ ബൂർഷായെയും പെറ്റി ബൂർഷായെയും എല്ലാം തോൽപ്പിച്ചു പ്രോലിറ്റേറിയൻ വിപ്ലവം. അത് കഴിഞ്ഞ് തൊഴിലാളി വർഗ്ഗ സമഗ്രാധിപത്യത്തിൽ കൂടെ സോഷ്യലിസം. സോഷ്യലിസ്റ്റ് മക്കയായ മോസ്‌കോയും ബീജിംഗും ഒക്കെകാണാണം എന്ന് കലാശാലയ മോഹം തോന്നിതുടങ്ങിയത് പന്ത്രണ്ടു വയസ്സിലാണ്.  ഓരോ സ്റ്റഡി ക്ലാസ് കഴിയുമ്പോഴും വായിക്കേണ്ട പുസ്തകങ്ങളുടെ ലിസ്റ്റ് തരും. അങ്ങനെ ആദ്യം വായിച്ച രണ്ടു രാഷ്ട്രീയ പുസ്തങ്ങളാണ് കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോയും ഇ എം എസ്സിന്റ കേരളം മലയാളികളുടെ മാതൃ ഭൂമിയും.


അന്നൊക്കെ കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് എന്തു മാത്രം ആകാംഷയോടെയാണ്. 1848 ഇൽ മാർക്സും എൻഗൽസും കൂടി എഴുതിയ പുസ്തകം ആദ്യം വായിച്ചത് ഞങ്ങളുടെ വീടിന് തൊട്ടടുത്തുള്ള സത്യവാൻ സ്മാരക ഗ്രന്ഥ ശാലയിൽ നിന്നായിരുന്നു. വളരെ പഴകിയ പുസ്തകം . അത് കഴിഞ്ഞു പ്രഭാത് ബുക്ക് ഹൗസ് ന്റെ കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ വാങ്ങി വായിച്ചു അടിവരെ ഇട്ട് പഠിച്ചു. പിന്നീടാണ് പ്രോഗ്രെസ്സിവ് പബ്ലിക്കേഷനിൽ നിന്നും കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ ഇഗ്‌ളീഷ് വായിച്ചത്  മാനിഫെസ്റ്റയിലെ വാക്യങ്ങൾ പലതും അന്ന് മനപ്പാഠമാക്കി. അതിന്റെ ആദ്യവരി മനസ്സിൽ കയറിയത് ഇപ്പഴും അവിടെയുണ്ട് .


'A specter is haunting Europe-the specter of Communism. All the powers of old Europe have entered into a holy alliance to exorcise this specter; Pope and Czar, Metternich and Guizot, French radicals and German police spies.'
'The history of all hitherto existing osciety is the history of class struggles' 'Communism deprives no man of the power to appropriate the products of osciety: all that it does is to deprive him of the power to subjugate the labor of others by means of such appropriation' മാനിഫെസ്റ്റോയുടെ അവസാന വരികളിലെ ആഹ്വനം വായിക്കുമ്പോൾ അക്ഷരർത്ഥത്തിൽ കോരിത്തരിപ്പുണ്ടാകുമായിരിന്നു. കാരണം അന്നത് അത് പ്രത്യാശയുടെ കാഹള നാദമായി തോന്നി.

'Let the ruling classes tremble at a Communistic revolution. The proletarians have nothing to lose but their chains. They have a world to win. Workingmen of all countries unite!' അന്ന് കേട്ടിരുന്ന ' സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ചു ശക്തരാകുവിൻ ' അത്‌പോലെ ' നഷ്ട്ടപ്പെടുവാനില്ലൊന്നും ഈ കൈവിലങ്ങുകളല്ലാതെ, കിട്ടാനുള്ളത് പുതിയൊരു ലോകം നാം ഭരിക്കും ലോകം ' ഇതൊക്കെ കേൾക്കുമ്പോൾ എന്ത് ആവേശമായിരുന്നു. ഈ അവശേത്തിന്റ പശ്ചാത്തലം അടിയന്തര അവസ്ഥയോടുള്ള കഠിനമായ എതിർപ്പായിരുന്നു. അങ്ങനെയാണ് സി പി എമ്മിനോട് താല്പര്യം കൂടിയത്  ആ കാലത്ത് മൂലധനം ഒന്നാം വോളിയം വായിച്ചെങ്കിലും ഒരു പുണ്ണാക്കും മനസ്സിലായില്ല.  പക്ഷെ സഖാവ് ദാമോദരൻ ഉണ്ണിത്താൻ അതൊക്കെ മണി മണിയായി പഠിപ്പിച്ചു തന്നു.  ആ സ്റ്റഡി ക്ലാസ്സിലാണ് അദ്ദേഹം എന്തുകൊണ്ടു ഐഡിയോളേജി അഥവാ പ്രത്യയ ശാസ്ത്രം വർഗ്ഗ സമരത്തിന് അത്യാവശ്യമാണ് എന്ന് പറഞ്ഞു തന്നത്
വൈരുധ്യധിഷ്ഠിത സിദ്ധാന്തവും വർഗ്ഗ സമരവും സോഷ്യലിസവും മാനവിക സമത്വ മൂല്യങ്ങളും സാകല്യമായി മനുഷ്യനെക്കുറിച്ചും മനുഷ്യ അവസ്ഥയെകുറിച്ചും ചരിത്രത്തെയും പ്രകൃതി യെ കുറിച്ചുമൊക്കെയുള്ള വിചാരധാരയാണ് നമ്മുടെ പ്രത്യയശാസ്ത്രം എന്നാണ് പഠിപ്പിച്ചത്. ബൂർഷാ മുതലാളിത്ത പ്രത്യയശാസ്ത്രത്തിന് നേരെ വിപരീതമാണ്.
ഇതൊക്കെ ഒരു ടീനേജ്കാരന് വേദവാക്യം ആയിരുന്നു.

പക്ഷെ വേദപുസ്തകം വായിക്കുമ്പോൾ പോലും അതിനെകുറിച്ച് ചിന്തിച്ചപ്പോഴാണ് പുസ്തത്തിൽ പറയുന്നതും പള്ളിയിൽ നടക്കുന്നതും തമ്മിൽ വലിയ ബന്ധമില്ലന്നു മനസ്സിലാക്കിയത്. പള്ളിയിൽ ഏറ്റവും കൂടുതൽ പ്രസംഗിക്കുന്നവർ അതിനു കടക വിരുദ്ധമാണ് ജീവിക്കുന്നത് എന്ന് മനസ്സിലായി.പുസ്തകത്തിലെ ആദർശങ്ങൾ പ്രസംഗിച്ചിട്ട് ജീവിതത്തിൽ അതു പാലിക്കാതെ വരുമ്പോഴാണ് പുസ്തകത്തിലെ പശു പുല്ല് തിന്നില്ലന്നും പുസ്തകത്തിലെ പഞ്ചസാരക്ക് മധുരം ഇല്ലെന്നും മനസ്സിലാക്കിയത്.  അത് പോലെ കമ്മ്യുണിസ്റ്റ് എന്ന് അവകാശപെട്ട പലരും ജീവിതത്തിൽ മാടമ്പി അഹങ്കാരങ്ങളിൽ നിന്നും മാറിയില്ല എന്ന് കണ്ടറിഞ്ഞു. പ്രസംഗം ഇടത്തോട്ടും ജീവിതം വലത്തോട്ടുമായ ഒരുപാട് സാമൂഹിക യാഥാസ്ഥിതികർക്ക് കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോയും മാർക്‌സ് സ്വപ്നകണ്ട സ്വപ്നഭൂമിയുമൊന്നും വിഷയമേ ആയില്ല.
വേദ പുസ്തകത്തിലെ യേശു പാവങ്ങളുടെ യേശു ആയിരുന്നു. അധ്വാനിക്കുന്ന തൊഴിലാളിയായ അദ്ദേഹത്തോടൊപ്പം കൂടിയവരെല്ലാം മത്സ്യ തൊഴിലാളികളും വല നെയ്യുന്നവരും അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും പീഡിതരും ദുഃഖിതരും ആയിരുന്നു.
അധികാര അഹങ്കാരത്തിന്റെ ഐഡി യോളേജിയെ വിമർശിച്ച സ്‌നാപക യോഹന്നാന്റെ തലവെട്ടി. അധികാര അഹങ്കാരങ്ങൾക്കും പള്ളിയെ കച്ചവട സ്ഥലമാക്കുന്നതിനും എതിരെ പ്രതികരിച്ച യേശുവിനെ ക്രൂശിച്ചു  പക്ഷെ ഇന്ന് ആ ആദർശങ്ങൾ അധികാര രൂപങ്ങളായപ്പോൾ അവർ അവരുടെ പരീശ ഭക്തികൊണ്ടു യേശുവിനെ നിരന്തരം ക്രൂശിക്കുന്നു.  

എല്ലാ ആദർശങ്ങളും അധികാര രൂപങ്ങളാകുമ്പോൾ അവർ ആദ്യം മറക്കുന്നത് ആദർശമാണ്. ആദര്ശം അധികാരമാകുമ്പോൾ പിന്നീട് അഹങ്കാരാവുമ്പോൾ ആദര്ശം പറയുന്നവരെ ശത്രുക്കളാക്കും ശത്രുക്കൾക്കെതിരെ ഉന്മൂലന സിദ്ധാന്തമാണ് സംഘടിത മത ശക്തികളും രാഷ്ട്രീയ ശ്കതികളും അന്നും ഇന്നും ഉപയോഗിക്കുന്നത്. അങ്ങനെയാണ് ഗലീലിലയോയെ ജയിലിൽ അടച്ചത് . ചോദ്യം ചെയ്തവരെ സൈബീരിയൻ ജയിലിൽ അടച്ചിട്ട് നിശബ്ദമാക്കിയത്. ട്രോട്‌സ്‌കിയെ വധിച്ചത്.

മാർക്‌സിസവും റോസാ ലക്സബർഗും ഗ്രാംഷിയും ന്യൂ ലെഫ്റ്റും ഫ്രാങ്ക്ഫർട്ട് സ്‌കൂളും ഇ പി തോംസണും , ഏറിക് ഹോബ്‌സ്വാമും എല്ലാം ഗൗരവമായി വായിച്ചത് പൂനയിൽ വച്ചാണ്.
പിന്നീട് ഉണ്ടായ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ പലരും അക്കാഡമിക് മാർക്‌സിറ്റുകളോ പോസ്റ്റ് കമ്മ്യൂണിസ്റ്റുകളോ ആയിരുന്നു.  പക്ഷെ അന്നും ഇന്നും അലട്ടിയ പ്രശ്‌നം പുസ്തകങ്ങളിൽ നിന്നും അക്കാഡമിക് ഡിബെറ്റുകളിൽ നിന്നും അനുദിന ജീവിത അവസ്ഥയിൽ ലോകത്തു കാണുന്ന വൈരുധ്യങ്ങളും കാപട്യങ്ങളുമാണ്.  വേദപുസ്തത്തിൽ യേശു പറഞ്ഞ സ്‌നേഹം പലപ്പോഴും ഏറ്റവും കൂടുതൽ വറ്റിപോകുന്നത് അതിന്റ പേരിൽ ഉയർന്ന അധികാര പള്ളി മേടകളിലാണ്.

കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോയിൽ നിന്നും വളരെ വളരെ അകലെ വിപരീത ദിശയിലാണ് അതിന്റെ പേരിൽ ഉളവായ സംഘടിത സംഘ അധികാര രൂപങ്ങൾ. ലെനിൻ ഇല്ലാത്ത സെൻട്രലൈസ്ഡ് അധികാര ഘടനകൾ. മാർക്‌സിന്റെ ആദർശങ്ങൾ എന്നോ കൈമോശം വന്ന അഭിനവ മാർക്‌സിറ്റുകൾ  പള്ളി മേടകളിൽ യേശു ഇല്ലാത്തത് പോലെ അധികാര അകത്തളങ്ങളിൽ മാർക്സും എങ്കൽസും ഭിത്തിയിൽ വെറും ഫോട്ടോകൾ മാത്രമായി പരിണമിച്ചു. ഇന്ന് സ്മാർട്ട്‌ഫോണും ആപ്പും ഉള്ള പ്ലാറ്‌ഫോം ഇക്കോണമിയിൽ തൊഴിലാളികൾക്ക് അരിവാളും ചുറ്റികയും ആവശ്യ പണി ഉപകരണങ്ങൾ അല്ല. അതു അധികാര ചിഹ്നങ്ങളായി പരിണമിച്ചു.

യേശുവിനെ ക്രൂശിച്ച ക്രൂശിനെ റോമാ സാമ്രാജ്യം അധികാര ചിഹ്നം ആക്കിയത്‌പോലെ.
കഴിഞ്ഞ ഇരുപതുകൊല്ലങ്ങളിൽ പത്തൊഒമ്പതാം നൂറ്റാണ്ടിൽ ഉളവായ ജനായത്തം സോഷ്യലിസം കമ്മ്യുനിസം എല്ലാം വലിയ ആന്തരിക പ്രതിസന്ധികൾ നേരിടുകയാണ്.
ഇതിന് പല കാരണങ്ങളുണ്ട്. അതിൽ പ്രധാനം ഡിജിറ്റൽ വാർത്ത വിനിമയ വിപ്ലവമാണ്. ഇന്ന് മുകളിൽ നിന്ന് താഴോട്ടുള്ള പഴയ പ്രോപഗണ്ട മോഡൽ കലഹരണപെട്ടു. വാർത്ത വിതരണ വിനിമയങ്ങളുടെ മോണോപ്പളി മാറി.വിവരങ്ങൾ പലരീതിയിൽ പലയിടത്തു നിന്നും പറന്നു വന്നു എല്ലായിടത്തും എല്ലാ തലത്തിലും പരന്നൊഴുകുമ്പോൾ അതിനു തടയിടാൻ സംഘബല ശ്കതികൊണ്ടു മാത്രം സാധിക്കില്ല. ഡിജിറ്റൽ റെവലൂഷൻ കാലത്തു എല്ലാ പ്രൊപ്പഗാണ്ടയും പെട്ടന്ന് വിവര-വിജ്ഞാന ഒഴുക്കിൽ പെട്ടു അപ്രത്യക്ഷമാകുന്നു. സ്മാർട്ട് ഫോണിന്റെ യുഗത്തിൽ പഴയ പുസ്തകങ്ങൾ ബുക്ക് ഷെല്ഫുകളിൽ നിത്യ വിശ്രമത്തിലാണ്.
ഐഡിയോലജി അച്ചടിച്ച പുസ്തകവ്യാഖ്യാനത്തിൽ നിന്നും നീണ്ട പൊതു വാദങ്ങളിൽ നിന്നും മൈക്രോബ്ലോഗിംഗിന്റയും ഇൻസ്റ്റയുടെയും കാലത്തു ഐഡിയോളേജി കേൾക്കാൻ ആർക്കും ശ്രദ്ധ ക്ഷമയും, ക്ഷമത ഇല്ലാതെ വന്നു.


ഭരണവും അധികാരവും പ്രധാന ഉദ്ദേശമായപ്പോൾ, വിപ്ലവം നീണ്ട അവധിയിൽ നിത്യതയിൽ പ്രവേശിച്ചു.  മധ്യ വർഗ്ഗം മധ്യവർഗ്ഗത്തിന് വേണ്ടി മധ്യവർഗ്ഗ സംഘടന ബലത്തിൽ അധികാര താല്പര്യങ്ങൾ പഴകിയ ഐഡിയോളേജിയെ ചില്ല് അലമാരകളിൽ പൂട്ടിയിട്ടു.  ജനായത്തം കോർപ്പറേറ്റ് ശിങ്കിടി മുതലാളിത്തവും അവരുടെ ശിങ്കിടി മാധ്യമങ്ങളും ഹൈജാക്ക് ചെയ്തു.
പഴയ ജനായത്ത, സോഷ്യല്സ്റ്റ് ഐഡിയോളെജി എല്ലാം അകത്തു നിന്ന് ടോർപിഡോ ചെയ്തു.
ഇന്ന് സർവെലിയൻസ് യുഗമാണ് . എല്ലാവരെയും സദാ സമയം നോക്കി നോക്കി, അവർ എഴുതുന്നതും വായിക്കുന്നതും നോക്കി ഗണിച്ചു അവരുടെ ഭൂതവും ഭാവിയും നിർണ്ണയിക്കുന്ന അധികാരികൾകളും അവരുടെ സ്തുതി പാഠകരും ദല്ലാളുകളും ഉള്ളപ്പോൾ ജനായത്തം തന്നെ പ്രഹസനമാകുന്ന വല്ലാത്ത കാലം .

പഴയ ഐഡിയോളേജിയുടെ സ്ഥാനത്തു കൂടുതൽ കൂടുതൽ ഐഡന്റിറ്റി രാഷ്ട്രീയമാണ് കൂടുന്നത്. കൂട്ടുന്നത്.  ജാതിയും മതവും വർണ്ണ വിവേചനങ്ങളുമെല്ലാം വീണ്ടും ഉയർത്തി വോട്ടു നേടി എങ്ങനെയും ഭരണം പിടിക്കുക എന്നത് മാത്രമായിരിക്കുന്നു ലോകത്തിലെ മിക്കവാറും രാജ്യങ്ങളിലെ രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നത്.  1960 ഇൽ ഡാനിയൽ ബെൽ എഴുതിയ പുസ്തകമാണ് ഏൻഡ് ഓഫ് ഐഡിയോലജി എന്നത്. ആ പുസ്തകം വായിച്ചു, 1980 കളിൽ അതിനെ വിമർശിച്ചിട്ടുണ്ട്. അതിൽ പറയുന്നത് എങ്ങനെയാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ പല ആശയ മൂല്യ വ്യവസ്ഥകൾ പൂരിതമാകാൻ തുടങ്ങിയിരിക്കുന്നു എന്നാണ്.


ഇന്ന് അധികാരം ഐഡിയോലജി ആകുമ്പോൾ ഭരണ അധികാരത്തിൽ മുമ്പ് പറഞ്ഞതും പഠിപ്പിച്ചതുമായ ആശയ ആദര്ശങ്ങള്ക്കു നേരെ വിപരീതമാണ് ചെയ്യുന്നതെല്ലാം .
അതു ഒരു രാജ്യത്തോ ഒരു പാർട്ടിക്കോ മാത്രം സംഭവിക്കുന്ന ഒന്നല്ല. ഇടതു പക്ഷം എന്നവകാശപ്പെടുന്നവർ വലത്തോട്ട് പോകുമ്പോൾ ശ്രീലങ്കയിലെ ജെ വി പി യെ ഓർക്കുക.. ഇടതു പക്ഷമെവിടെ, ആരുടെ, ആർക്ക് വേണ്ടി എന്ന ചോദ്യങ്ങൾ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ പ്രധാന സമസ്യയാണ്.  ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ അവസ്ഥ പലതുകൊണ്ടും പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്നും ഇരുപതാം നൂറ്റാണ്ടിൽ നിന്നും വളരെ വിഭിന്നമാണ്. പഴയ കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചു കമ്മ്യുണിസ്റ്റ് ആകുന്നവർ വിരളം. ഇന്ന് ഭരണ അധികാര കരിയർ രാഷ്ട്രീയത്തിൽ വേണ്ടത് പ്രത്യയശാസ്ത്ര- ബോധ്യങ്ങളെക്കാൾ നേതാവിനോടും സംഘബലത്തോടുമുള്ള ലോയൽറ്റിയാണ് ഭരണ സന്നാഹത്തിലേക്കുള്ള വാതിലുകൾ തുറക്കുന്നത്.

കാരണം അധികാരം ഐഡിയോളേജി ആകുമ്പോൾ ഭരണവും സർക്കാർ അധികാരവും ഒരു കരിയർ ഓപ്ഷനാണ്. അവിടെ സർവ്വ രാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ എന്നത് മെയ് ഒന്നിന് ഓർത്തു ചൊല്ലി മറക്കേണ്ട പഴയ ചൊല്ലാണ്.  ഇന്ന് ബീഹാറിൽ നിന്നും ബംഗാളിൽ നിന്ന് വരുന്നവരെ തൊഴിലാളികൾ എന്നതിൽ ഉപരി ബംഗാളിയും ബീഹാറിയുമായാണ് സമൂഹം പോലും കാണുന്നത്.  എന്തായാലും ജോർജ് ഓർവെല്ലിന്റെ അനിമൽ ഫാമും, 1984 ഉം അതോടൊപ്പം ഡാനിയൽ ബല്ലിന്റ പുസ്തകവും ഒന്ന് കൂടി വായിക്കണം.  കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചിട്ടു കേരളത്തിൽ അതുമായി ബന്ധപ്പെട്ട എന്തെങ്കിലുമുണ്ടോ എന്നും ഒന്നുകൂടി നോക്കണം  ആദർശങ്ങൾ അധികാര രൂപങ്ങൾ ആകുമ്പോൾ ആദർശങ്ങൾ ആവിയായിപ്പോകും. ആദര്ശങ്ങള്ക്ക് ആദരാജ്ഞലികൾ അർപ്പിക്കാൻ ചിലരൊക്കെ തിരുശേഷിപ്പായി അവിടെയും ഇവിടെയുമൊക്കെയുണ്ട്.

അധികാരം ഐഡിയോളജി ആകുമ്പോൾ ഭരണ അധികാരത്തിന്റെ ആശ്രിത ഗുണഭോക്ത സ്തുതി പാഠകർക്ക് അധികാരത്തെ ചോദ്യം ചെയ്യുന്നവരെ ശത്രക്കളായി കണ്ട് അസഹിഷ്ണുതയോടെ നേരിടും.  അതു ഈസ്റ്റാമ്പൂളിൽ ആയാലും. മനീലയിൽ ആയാലും. ഡൽഹിയിൽ ആയാലും കേരളത്തിൽ ആയാലും.  ആദർശങ്ങളെ വീണ്ടെടുക്കുന്ന അധികാരത്തിനു അപ്പുറം ഉള്ള ഭൂമിക്കും ഭൂമിയിൽ ഉള്ള എല്ലാത്തിനും മനുഷ്യനും സമാധാനവും പ്രത്യാശകളും നൽകുന്ന പുതിയ ജനകീയ മൂല്യ രാഷ്ട്രീയം കണ്ടെത്തേണ്ടിയിരിക്കുന്നു കോവിടാനന്തര രാഷ്ട്രീയം ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ പുതിയ രാഷ്ട്രീയത്തിന്റെ ഈറ്റ് നോവ് കാലമായിരിക്കും. കാരണം മനുഷ്യ ചരിത്രത്തിൽ ഏറ്റവും പ്രതിസന്ധ കാലഘട്ടങ്ങളിലാണ് പുതിയ ആശയങ്ങളുടെയും മൂല്യ ആദർശങ്ങളുടെയും നാമ്പുകൾ വളരുന്നത്. മാറ്റങ്ങൾ എന്നും കൊണ്ടുവന്നത് സാധാരണ മനുഷ്യരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP