Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

ഒരാൾ വിവാഹം കഴിക്കണോ, വേർപെടുത്തണോ, ആരുടെ കൂടെ ഉറങ്ങണം,. വെള്ളമടിക്കണം,. ഡാൻസ് ചെയ്യണം എന്നത് അവരവരുടെ സ്വാതന്ത്ര്യവും അവകാശവുമാണ്; അതിൽ നാട്ടുകർക്കും മീഡിയക്കും എന്ത് കാര്യം? പ്രശ്‌നം ഭരണ -സ്വജന പക്ഷപാതങ്ങളുടെ അധികാര ഇത്തിൾ കണ്ണികളാണ്; എല്ലാ പ്രശ്‌നങ്ങൾക്കും കേന്ദ്രവും മോദിയുമെന്ന സ്ഥിരം പല്ലവിയാണ്; 'ചെന്നായ വരുന്നേ, ചെന്നായവരുന്നേ' എന്ന് വിളിച്ചുകൂവി അധികാര ഇത്തിൾകണ്ണി രാഷ്ട്രീയം കളിക്കുന്നു: ജെ എസ് അടൂർ എഴുതുന്നു

ഒരാൾ വിവാഹം കഴിക്കണോ, വേർപെടുത്തണോ, ആരുടെ കൂടെ ഉറങ്ങണം,. വെള്ളമടിക്കണം,. ഡാൻസ് ചെയ്യണം എന്നത് അവരവരുടെ സ്വാതന്ത്ര്യവും അവകാശവുമാണ്; അതിൽ നാട്ടുകർക്കും മീഡിയക്കും എന്ത് കാര്യം? പ്രശ്‌നം ഭരണ -സ്വജന പക്ഷപാതങ്ങളുടെ അധികാര ഇത്തിൾ കണ്ണികളാണ്; എല്ലാ പ്രശ്‌നങ്ങൾക്കും കേന്ദ്രവും മോദിയുമെന്ന സ്ഥിരം പല്ലവിയാണ്; 'ചെന്നായ വരുന്നേ, ചെന്നായവരുന്നേ' എന്ന് വിളിച്ചുകൂവി അധികാര ഇത്തിൾകണ്ണി രാഷ്ട്രീയം കളിക്കുന്നു: ജെ എസ് അടൂർ എഴുതുന്നു

ജെ എസ് അടൂർ

സ്വർണ്ണവും മസാലയും ഒന്നുമല്ല പ്രശ്‌നം. ഇന്ത്യയിലും കേരളത്തിലും കള്ളക്കടത്തും. ഒളിഞ്ഞുള്ള കള്ളക്കടത്ത് -മാഫിയ സർക്കാർ ഉന്നതരുമായുള്ള രാത്രി ബന്ധങ്ങളും പുതിയതല്ല. എന്തായാലും അതു കസ്റ്റംസ് സർക്കാർ കാര്യം മുറപോലെ കൊണ്ട് പോകും. കുറെ നാൾ മീഡിയയിൽ ഓടും . പിന്നെ അതു ഒതുക്കി തീർക്കും. ആളുകൾ മറക്കും. മീഡിയ പുതിയ വാർത്തകളിൽ ജ്യൂസും മസാലയും നോക്കി പോകും. ഇതു തുടങ്ങിയിട്ട് എത്രയോ കാലമാകുന്നു. കൂടത്തായി മസാല കഥകൾക്ക് എന്ത് സംഭവിച്ചു എന്ന് ഇപ്പോൾ നാട്ടുകാർക്കും മീഡിയക്കും ഓർമ്മയില്ല. പക്ഷെ കേരളത്തിലെ സർക്കാരിന് സ്വർണ്ണവും ആയിട്ട് എന്ത് കാര്യം? അതിനു തെളിവ് ഇല്ല. അതു കൊണ്ട് സ്വർണവും കസ്റ്റംസും മസാലയും വിഷയം അല്ല. ഒരാൾ വിവാഹം കഴിക്കണോ, വേർപെടുത്തണോ, ആരുടെ കൂടെ ഉറങ്ങണം, വെള്ളമടിക്കണം, ഡാൻസ് ചെയ്യണം എന്നത് അവരവരുടെ സ്വാതന്ത്ര്യവും അവകാശവുമാണ് . അതിൽ നാട്ടുകർക്കും മീഡിയക്കും എന്ത് കാര്യം.? നിർഭാഗ്യവശാൽ മീഡിയക്ക് മാത്രം അല്ല മസാല ആവശ്യം . രാഷ്ട്രീയ പാർട്ടികൾക്ക് അധികാരത്തിനു അപ്പുറം ഐഡിയോളേജി ഇല്ലാത്തതുകൊണ്ട് മസാലമയ ക്യാമ്പയിൻ കൊണ്ട് എന്ത് ചെയ്യന്നു എന്നത് നാലഞ്ചു വർഷം മുമ്പ് കണ്ടതാണ് . നാട് നീളയുണ്ടായിരുന്ന അങ്ങനെയുള്ള നാലാകിട രാഷ്ട്രീയ വ്യവഹാരമാണ് പ്രശ്‌നം.

ഇവിടെ പ്രശ്‌നം സർക്കാരിന്റെ വിവിധ ഇടങ്ങളിൽ പടർന്നു കയറിയിരിക്കുന്ന ഭരണ -സ്വജന പക്ഷപാതങ്ങളുടെ അധികാര ഇത്തിൾ കണ്ണികളാണ് . ഇരട്ടതപ്പുകളാണ് . പ്രസംഗവും പ്രവർത്തിയും തമ്മിൽ കൂടി വരുന്ന അന്തരമാണ് . തീക്കട്ട എന്ന് മേനി നാറ്റിക്കുന്നവരുടെ മൂക്കിന് താഴെ ഉറുമ്പ് അരിച്ചിട്ടും അവരറിയില്ല എന്നു പറയുന്നതാണ് . പ്രശ്‌നം അക്കൗണ്ടിബലിറ്റിയുടെ അഭാവമാണ്. പ്രശ്‌നം 'ഇടതു പക്ഷം' 'മാർക്‌സിസം ' 'കമ്മ്യുണിസം ' എന്ന് അവകാശവാദങ്ങൾ നടത്തിയിട്ട് നിയോലിബറലിസം അനുദിനം പ്രവർത്തികമാക്കി പ്രൈസ്വാട്ടർ കൂപ്പർ കെ പി എം ജി പോലുള്ള ബഹുരാഷ്ട്ര കമ്പിനികള്കക്ക് ഔട്ട്സോഴ്‌സിങ് പതിവാക്കുന്നതാണ് . പ്രശ്‌നം സ്പ്രിക്ളർ എന്ന കമ്പനിയില്ലെങ്കിൽ ഇവിടെ മോഡലിങ് നടക്കില്ല, ആകാശം ഇടിഞ്ഞു വീഴും എന്ന് വാദിക്കുന്ന പ്രത്യയശാസ്ത്രം വിശാരദന്മാരാണ്
പ്രശ്‌നം സ്വന്തം കണ്ണിലെ കോലുകൾ കാണാതെ കേരളത്തിൽ ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങൾക്കും കേന്ദ്രവും നരേന്ദ്രമോദിയും മാത്രമാണ് എന്ന സ്ഥിരം പല്ലവിയാണ്. മരത്തിൽ കയറി ഇരുന്നു 'ചെന്നായ വരുന്നേ, ചെന്നായവരുന്നേ ' എന്ന് വിളിച്ചു കൂവി ആളെ പേടിപ്പെടുത്തി കണ്ണിൽ പൊടിയിട്ട് സൗകര്യമായി കാര്യങ്ങൾ നടതുന്നതാണ്.
അധികാര ഇത്തിൾകണ്ണി രാഷ്ട്രീയം.

സർക്കാരിന്റെ പുറകിൽ പലയിടത്തും പല രീതിയിൽ ഓപ്പറേറ്റ് ചെയ്യുന്ന പവർ പാരസൈറ്റ്‌സും പവർ കാർട്ടൽ ലോബിയുമാണ് . അതു വിവിധ തലത്തിൽ ull ഉദ്യോഗസ്ഥർ -മീഡിയ, ആശ്രിത ഗുണഭോക്ത നെറ്റ്‌വാർക്കാണു  സർക്കാരിൽ നിന്നും പല തരത്തിൽ ഒളിഞ്ഞും തെളിഞ്ഞുമുള്ള വരുമാനം . കൺസൾട്ടൻസി. കോണ്ട്രാക്റ്റ് ജോബ്. വിവിധ കമ്മീഷനുകളിൽ ജോലി . പലതരം അക്കാദമി അക്കൊമഡേഷൻ. മുകളിൽ തൊട്ട് താഴെ വരെ സർക്കാർ ചെലവിൽ പല തരം ഉപദേശികൾ. സർക്കാർ നിഷ്ഫല ഗവേഷണ സ്ഥാപനങ്ങളിൽ അടിത്തൂൺ പറ്റിയവർക്ക് ജോലി. ഇങ്ങനെ ഒരു വലിയോരു സർക്കാർ ആശ്രിത ഗുണഭോക്ത വൃന്ദമാണ് പേട്രൺ ക്ലയന്റ് രാഷ്ട്രീയ മോഡലിന്റ പ്രവർത്തന സ്വഭാവം.

ഈ പേട്രൺ -ക്ലയന്റെ നെറ്റവർക്കാണ് കാര്യങ്ങൾ നടത്തുന്നത്. അവരുടെ താഴെകിടയിളുള്ള ഗുണകാംഷികളാണ് സർക്കാർ എന്ത് തോന്നിയവാസം കാണിച്ചാലും അതിനു സ്തുതി ഗീതം പാടി കൈകൊട്ടിയും പലപ്പോഴും പച്ചക്കള്ളം പറഞ്ഞും സർക്കാരിനെ ചോദ്യം ചെയ്യുന്നവരെ തെറി പറഞ്ഞും സാമൂഹിക മാധ്യമങ്ങളിൽ രാപ്പകൽ പ്രവർത്തിക്കുന്നത്. അതിൽ തന്നെ ചിലർ ഒളിഞ്ഞും തെളിഞ്ഞും സർക്കാരിൽ നിന്ന് ഒളിഞ്ഞും തെളിഞ്ഞും പണം പറ്റുന്നവരാണ്.
എന്താണ് പ്രശ്‌നം?

1) സർക്കാരിന്റെ പല ഭാഗത്തും പല സ്ഥാപനങ്ങളിലും യാതൊരു യോഗ്യത മാനദണ്ഡമോ, അനുഭവം പരിചയമോ ഇല്ലാത്തവരെ പല രീതിയിൽ പുറം വാതിലൂടെ തള്ളി കയറ്റുന്നു.
ഇങ്ങനെ അവരോഹിച്ച കൺസൽട്ടന്റ് /കോണ്ട്രാക്റ്റ് സ്റ്റാഫ്/കമ്മ്യൂണിക്കേഷൻ /പി ആർ എന്നുവരെകുറിച്ച് ലിസ്റ്റ് പുറത്തു വിട്ടാൽ അറിയാം ആരൊക്ക എവിടൊക്കെ ആരുടെയൊക്കെ സില്ബന്ധികളായി സർക്കാർ ഖജനാവിൽ നിന്ന് പണം പറ്റുന്നത് എന്ന്.
2).ഇപ്പോൾ വിവാദത്തിൽ ആയിരിക്കുന്ന സ്ത്രീയെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. അങ്ങനെ ഭരണ അധികാരത്തിന്റെ ഓരങ്ങളിൽ ഗുണഭോക്താക്കൾ പലതുണ്ട് . ഇപ്പോഴും ഇതിന് മുൻപും.
ഇതിൽ പ്രധാന പ്രശ്‌നം മൂന്നാണ്
a) അകൗണ്ടബിലിറ്റിയും സുതാര്യതയും ഇല്ലാത്തത്.
b)സ്വജന പക്ഷപാതം ഭരണ തലത്തിൽ നടക്കുന്നത്
c)ഒളിഞ്ഞും തെളിഞ്ഞുമുള്ള അഴിമതി -സ്ഥാപിത താല്പര്യങ്ങളുടെ ഇത്തിക്കണ്ണികൾ അധികാരത്തിന്റെ അകത്തളങ്ങളിൽ പോലും സജീവമാകുന്നത്.
ഒരു ജോലിക്ക് ആവശ്യമായ ഒരു വിദ്യാഭ്യാസയോഗ്യതയോ ആ മേഖലയിൽ പൂജ്യം അനുഭവം പരിചയമോ എന്തെങ്കിലും മികവോ ഇല്ലാത്ത ഒരു വ്യക്തി (അതു ആരോ ആയിക്കോട്ടെ )യെ ഒറ്റ രാത്രി കൊണ്ട് നിയമിക്കുന്നതിൽ ഒട്ടും സുതാര്യതയോ അക്കൗണ്ടബിലിറ്റിയോ ഇല്ലന്നതാണു ആദ്യ പ്രശ്‌നം.

കേരളത്തിൽ ഏറ്റവും പ്രധാനപെട്ട വകുപ്പാണ് ഐ ടി വകുപ്പ്. അതിന്റ കിഴിൽ പല സ്ഥാപന സംരഭക പ്രവർത്തനങ്ങളുടെ. സ്പേസ് പാർക്കിൽ ഓപ്പറേഷൻ മാനേജരെ നിയമിക്കുമ്പോൾ, അതിനു കൃത്യമായി ടെമ്‌സ് ഓഫ് റഫറൻസ് വേണം, ഓർഗനൈസേഷൻ സ്ട്രക്ച്ചർ വേണം, ഓരോ നിയമനത്തിനും ഉള്ള യുക്തി ഭദ്രത വേണം, ബജറ്റ് പ്ലാൻ വേണം. ആ തസ്തിക പരസ്യപെടുത്തണം.

ഇതൊന്നും ഇല്ലാതെയാണ് വെറും പന്ത്രണ്ടാം ക്ളാസും അല്പം ഗുസ്തിയും അറിയാവുന്ന ഒരാളെ ഒരു പ്രധാന പുതിയ സംരഭത്തിൽ ഓപ്പറേഷൻ മാനേജരായി ഒരു നടപടി ക്രമമോ മാനദണ്ഡംമോ പാലിക്കാതെ രാക്ക് രാമായനം നിയമിച്ചത്. അവർക്കു സ്പെയ്സ് പാർക്കുമായി എന്ത് ബന്ധം? അങ്ങനെ ഒരു ജോലിക്ക് അതുപോലെ ഉള്ള രംഗത്ത് അനുഭവ പരിചയം, കുറഞ്ഞത് എഞ്ചിനറിയിങ് എം ബി എ ബിരുദവും വേണ്ടതാണ്.  ഇവിടെ തടി തപ്പാൻ നോക്കുന്നത് എങ്ങനെ? അവരെ കണ്ടെത്തിയത് കൺസൾട്ടിങ് കമ്പിനിയാണ്. അതു തന്നെയാണ് പ്രശ്‌നം. സർക്കാർ ഭരിക്കുന്നത് കൺസൾട്ടിങ് കമ്പിനികളാണോ? അതോ സർക്കാർ പല കമ്പനികളും ചെയ്യുന്നത് പോലെ ഹെഡ് ഹണ്ടിങ് ഏജൻസികളെ നിയമിച്ചാൽ പോരെ? സിവിൽ സർവീസ് പി എസ് സി പരീക്ഷയൊന്നും ആവശ്യം ഇല്ലല്ലോ?

3) സർക്കാർ ഔട്‌സോഴ്‌സിങ് ബിസിനസ് ആർക്കു വേണ്ടി, ആരാൽ ചെയുന്നതാണ് ഈ കൺസൾട്ടൻസി ഏർപ്പാട്. പണ്ട് ചിലർ പറഞ്ഞിരുന്നത് കൺസൾട്ടിങ് കമ്പിനികൾ നമ്മുടെ വാച്ചു നോക്കി നമ്മൾക്ക് പവർപോയിന്റിൽ സമയം പറഞ്ഞു മനസ്സ്‌സിലാക്കുന്ന കൂട്ടരാണ് എന്നാണ് . ഉച്ചക്ക് മൂന്നു മണി എന്ന് പറയുന്നതിന് പകരം. 15 hrs എന്നോ അതിനു അനുസരിച്ചുള്ള gmt യോ പറഞ്ഞു തരും  കൺസൾട്ടിങ് രംഗം നല്ലതു പോലെ അറിയാവുന്ന ആളാണ്. സാധാരണ കണ്‌സള്ട്ടന്‌സിനെ നിയമിക്കുന്നത് പ്രൊജക്റ്റ് പ്രോപ്പ്‌സൽ ഉണ്ടാക്കുക ഇന്‌സ്ടിട്യൂഷനാൽ പ്ലാൻ ഉണ്ടാക്കുക, ഇവാല്യൂവേഷൻ നടത്തുക എന്നിവയോക്കയാണ്.

നിയോ ലിബറൽ പോളിസിയുടെ ഭാഗമായാണ് സർക്കാരിൽ പലതും പ്രൈവറ്റ് കൺസൾട്ടിങ് കമ്പനികൾക്ക് ഔട്ട് സോഴ്‌സ് ചെയ്യാൻ തുടങ്ങിയത്. ഇന്ന് ഇന്ത്യയിലെ പ്രൈസ്വാട്ടർ കൂപ്പർ മുതലായ വലിയ കൺസൾട്ടിങ് കമ്പിനിയുടെ കറവ പശുക്കളാണ് സംസ്ഥാന കേന്ദ്ര സർക്കാരുകൾ.  

ഈ കൺസൾട്ടിങ് കമ്പനികൾ റിട്ടയർ ചെയ്ത എ എ എസ് /ഐ പി എസ് ഉദ്യോഗസ്ഥരെ ഫുൾ ടൈ ഡയരക്ടർമാരായി വലിയ ശമ്പളത്തിൽ നിയമിക്കുന്നു. പലരും വളരെ ലോ പ്രൊഫൈൽ അഡ്വവൈസർമാരായി ലക്ഷങ്ങൾ വാങ്ങും. ഇവർ നിലവിലുള്ള ഉന്നത ഉദ്യോഗസ്ഥ രാഷ്ട്രീയ വൃന്ദത്തെ പല രീതിയിൽ കൂടെകൂട്ടും  ഇങ്ങനെയുള്ള കണ്‌സള്ട്ടസി കമ്പനികളുടെ മുകളിൽ കോടികൾ ശമ്പളം വാങ്ങുന്ന ഐ എം എൽ നിന്നോ ഐ ഐ ടി യിൽ നിന്നോ വിദേശ യൂണിവേഴ്‌സിറ്റിയിൽ നിന്നോ ബിരുദമുള്ള പ്രൊഫെഷണൽ മാന്യന്മാർ. താഴെ തട്ടിൽ പബ്ലിക് പോളിസി, ഗവർണൻസ് മേഖലയിലോ ഡിഗ്രി ഉള്ളവരോ അല്ലെങ്കിൽ എം ബി എ ഉള്ളവരോ ആണു. അവർക്കു അറുപതിനായിരം മുതൽ ഒന്നര ലക്ഷമാണ് പ്രതിമാസം സൗകര്യം.

സാധാരണ കൺസൾട്ടിങ് എജെന്‌സികൾ പലപ്പോഴും നേരിട്ട് കൈക്കൂലി കൊടുക്കില്ല. പക്ഷെ മന്ത്രിമാർക്കും കുടുംബ അംഗങ്ങൾക്കും വേണ്ട ബിസിനസ് ക്ലാസ്സ് സ്വദേശ, വിദേശ യാത്രകൾ. ഉന്നത ഉന്നതോദ്യസ്ഥർക്കും കുടുമ്പത്തിനും വേണ്ടി ബിസിനസ് -പ്ലെഷർ ട്രിപ്പ് (കൺസൾട്ടേഷൻ എന്ന പേരിൽ. ഒരു ദിവസം രണ്ടു മണിക്കൂർ മീറ്റിങ് ബാക്കി ഒരാഴ്ച ഹോളിഡേ
പലപ്പോഴും ചെറിയ കണ്‌സള്ട്ടസിക്ക് അകത്തു കയറി കോടി കണക്കിന് വലിയ കോൺട്രാക്റ്റുകൾ സംഘടിപ്പിക്കുക എന്നതാണ് മാർക്കറ്റിങ്.

പ്രളയ സമയത്ത് എന്തോ വലിയ സംഭവം നടക്കുന്നു എന്ന നിലക്കാണ് കെ പി എം ജി സൗജന്യമായി കേരളത്തിലെ പ്രളയ അനന്തര പദ്ധതി തയ്യാറാക്കും എന്ന് കൊട്ടി ഘോഷിച്ചു. അതിനു ഭരണ ന്യായീകരണ സ്തുതി ഗീതക്കാർ പറഞ്ഞത് വിദേശ ഫണ്ടിങ് ഏജൻസികളിൽ നിന്ന് ഫണ്ടിന് വേണ്ടി പ്രൊഫെഷണൽ കൺസൾട്ടിങ് കമ്പിനികൾ വേണം എന്നാണ് .
അതു പരസ്യമായി വാദിച്ചത് നിയോ ലിബറലിസത്തെ നാഴികക്ക് നാൽപതു വട്ടം വിമർശിക്കുന്ന 'ഇടതു പക്ഷ മാർക്‌സിസ്റ്റ് ' മന്ത്രിയാണ്.

എവിടെയാണ് കെ പി എം ജീ യുടെ വിശ്വ വിഖ്യാതമായ 'പ്രൊഫെഷണൽ ' റിപ്പോർട്? അവർ ഏത്ര ആയിരം കോടി ഫണ്ട് കൊണ്ട് വന്നു? അവർ ഏതോ മഹത്വം എന്ന മട്ടിൽ അവതരിപ്പിച്ച ഇപ്പോൾ സർവ്വ സാധാരണമായ 'ക്രൗഡ് സോഴ്സിംഗിൽ 'കൂടി പതിനായിരം കോടി കിട്ടിയോ?
ഫണ്ട് കിട്ടിയത് സർക്കാരിന് അല്ല. സർക്കാർ കെ പി എം ജി ക്ക് ഫ്രീ ഗുഡ് വിൽ മാർക്കറ്റിങ് ചെയ്തു എന്ന് മാത്രം അല്ല. അവർക്കു പുതിയ കോൺട്രാക്റ്റും നമ്മുടെ പേരിൽ സർക്കാർ കടം വാങ്ങിക്കുന്ന പണം കൊടുത്തുള്ള പ്രൊജക്റ്റ് കൺസൾട്ടൻസിയും
എന്ത് ആത്മ വിശ്വാസത്തോടെയാണ് പ്രളയ സമയത്ത് വലിയ പ്രൊഫെഷൽ കൺസൾട്ടിങ് കമ്പനി കേരളത്തെ സൗജന്യമായി സഹായിക്കും എന്ന് പറഞ്ഞത്. എന്താണ് സംഭവിച്ചത്?
ഇടതുപക്ഷമെന്നും മാർക്‌സിസം എന്നും കമ്മ്യുണിസ്റ്റ് എന്നും അവകാശപ്പെടുന്ന സർക്കാർ മേലന്മാരാണ് നിയോലിബറൽ അപ്പോസ്തലന്മാരായി തൊട്ടതിനും പിടിച്ചതിനുമൊക്കെ കണ്‌സള്ട്ടസിങ് കമ്പിനികളെയും കൺസൽട്ടന്റ് മാരെയും നിയമിക്കുന്നത്. സർക്കാർ കൊടുത്ത കണ്‌സള്ട്ടസികളുടെ ഒരു കോസ്റ്റ് ബെനിഫിറ്റ് അനാലിസിസ് നടത്തിയാൽ അറിയാം ഈ പവർ കാർട്ടലുകൾ എങ്ങനെയാണ് ഓപ്പറേറ്റ് ചെയ്യുന്നത് എന്ന്

4) പറയുന്നതും പ്രവർഹിക്കുന്നതിലും തമ്മിലുള്ള ഇരട്ടതാപ്പു. പ്രസംഗത്തിൽ ആദർശം പ്രവർത്തിയിൽ തിരിച്ചു. സംഗതി പിടിക്കപ്പെടുമ്പോൾ തടിയൂരാൻ ആളിനെ മാറ്റുക. ആദ്യം നടന്നത് വ്യവസായ വകുപ്പിലെ ബന്ധു നിയമനം. പ്രശ്‌നമായി. ആളെ മാറ്റി. മന്ത്രിയെ മാറ്റി. അതു അന്വേഷിച്ച ഉദ്യോഗസ്ഥൻ വഴിയാധാരമായി. മന്ത്രി കൂളായി തിരിച്ചു വന്നു. 

രാത്രിയിൽ പൂച്ചകുട്ടി വിളിച്ച മന്ത്രി പോയി. എല്ലാം സെറ്റിൽ ചെയ്തു തിരിച്ചു വന്നു
വേറൊരു സുന്ദര സുമുഖൻ മന്ത്രിയുടെ ബന്ധു നിയമനം. പ്രശ്‌നമായി ആളെ മാറ്റി തടി ഊരി .
ഇപ്പോൾ വീണ്ടും വിവാദം. ആളെ മാറ്റി തടിയൂരാനാണ് വീണ്ടും ശ്രമം..
ഇതൊക്ക കാണാമറയത്തു നിന്ന് വെളിച്ചത്തിൽ വന്നത്. അല്ലാതെ എത്രയുണ്ട്?
പ്രശ്‌നം അതു തന്നെയാണ് . ഇതിൽ ഒരു പാറ്റേൺ ഉണ്ട്. അതു കാണിക്കുന്നത് സർക്കാർ ആശ്രിത ഗുണഭോക്ത നെറ്റ്‌വർക്കിനെ എല്ലാ തലത്തിലും nepotism പ്രാവർത്തികം ആക്കുന്നു എന്നതാണ് . അതിൽ ചിലത് വെളിച്ചത്തിൽ വരുമ്പോൾ ആളെ മാറ്റി തടിയൂരുന്നതും കണ്ണിൽ മണ്ണിട്ടുള്ള സൂത്രപ്പണിയാണ് . എന്നിട്ട് ഗിരി പ്രഭാഷണം നടത്തും .

5) ഒന്നാമതായി അറിയറണ്ടത് സ്പേസ് പാർക്കിൽ സി ഇ ഓ ഇല്ലാത്തപ്പോൾ ആരാണ് സി ഇ ഓ ചുമതല.? ഐ ടി സെക്രട്ടറി. ആരാണ് ഐ ടി സെക്രട്ടറി? തുടക്കം മുതൽ, 2916 മെയ് കേരള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി?
ആരോടാണ് 'കൺസൾട്ടിങ് ' ഏജൻസി രാക്ക് രാമായനം നിയമിച്ച ഓപ്പറേഷൻ മാനേജർ റിപ്പോർട് ചെയ്തത്. മുഖ്യ മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന അതിപ്രധാന പദവിയും ഐ ടി സെക്രട്ടറി എന്ന ഏറ്റവും പ്രധാന തസ്തികയും വഹിക്കുന്ന ഉദ്യോഗസ്ഥൻ
ഇവിടെ സ്‌പേസ് പാർക്കിന്റ ഓപ്പറേഷൻ മാനേജർ ആണോ പെണ്ണോ എന്നത് പ്രശ്‌നം അല്ല. പ്രശ്‌നം കോൺഫ്‌ളിക്റ്റ് ഓഫ് ഇന്ററസ്റ്റ് ഉണ്ടോ എന്നതാണ്? ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയോ എന്നതാണ്.

പ്രശ്‌നം എന്താണ് ? രാക്ക് രാമയനം ഒരാളെ ഒരു വിദ്യാഭ്യാസ യോഗ്യതയോ ആ രംഗത്ത് അനുഭവ പരിചയവും ഇല്ലാത്ത ഒരാളെ കൺസലിറ്റൻസി കമ്പനി റെക്കേമെന്റ് ചെയ്തു എന്ന ഉഡായിപ്പിൽ നിയമിക്കുന്നു. അവരുടെ ഇന്നലെ വരെയുള്ള ജോലിയിൽ ഒരു പരാതിയും പ്രശ്‌നവും ഇല്ലാതെ, ഒരു ഷോ കോസ് നോട്ട്‌സ് പോലും ഇല്ലാതെ ഒരൊറ്റ രാത്രിയിൽ പുറത്താക്കുന്നു. ഇതിൽ രണ്ടിലും നൂറു ശതമാനം പ്രൊഫെഷണൽ എത്തിക്‌സ് ഇല്ല. അക്കൗണ്ടബിലിറ്റി ഇല്ല.
ഇപ്പോഴത്തെ ഓപ്പറേഷൻ മാനേജർ തസ്തികയിൽ അവർ എന്തെങ്കിലും ക്രമക്കേടുകൾ കാണിച്ചോ? അവർക്കു നേരെ എന്തെങ്കിലും ചാർജ് ഷീറ്റ് ഉണ്ടോ? അവർക്കു എതിരെ തെളിയിക്കപെടാത്ത ആരോപണം മാത്രമാണ് ഉള്ളത്. അങ്ങനെയുള്ള ഒരാളെ മാറ്റുന്നത് ' അച്ഛൻ കിണറ്റിൽ ഇല്ലന്ന് പറയുന്ന ' കഥയിലെ കുട്ടിയുടെ നിഷ്‌ക്കളങ്കയാണ്.

മുഖ്യ മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെമാറ്റിയതുകൊണ്ട് മാത്രം തീരുന്നതല്ല അധികാര ഇത്തിൾകണ്ണി രാഷ്ട്രീയ സംസ്‌കാരം. അതു എൽ ഡി എഫ് കാണിച്ചാലും യു ഡി എഫ് കാണിച്ചാലും എൻ ഡി എ കാണിച്ചലും ജനങ്ങളെ എന്നും വിഡ്ഢികളാക്കുവാൻ സാധിക്കില്ല.
6)സർക്കാരിന്റെ സിംഹ ഭാഗം ബജറ്റും ചെലവാക്കുന്നത് ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാനാണ്. കേരളത്തിൽ പല വകുപ്പിലും പല കോർപ്പറേഷനിലും ആഴ്ചയിൽ പത്തു മണിക്കൂർ ജോലി പോലും ഇല്ലാതെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ ഉണ്ട് . അവർക്കു വേണ്ട ട്രെയിനിങ് കൊടുത്തു അവശ്യ അനുസരണം പുനർ വിന്യസിക്കുന്നതിന് പകരം എല്ലായിടത്തും കൺസൾട്ടൻസ് ആയും കോണ്ട്രാക്റ്റ് എന്ന പേരിലും സ്വന്തക്കാരെ കയറ്റി വച്ചു നമ്മുടെ പേരിൽ കടം വാങ്ങി ശമ്പളം കൊടുക്കുന്ന ഏർപ്പാട് ആണു പ്രശ്‌നം.

സർക്കാർ പബ്ലിക് റിലേഷൻ ഡിപ്പാർട്ട്‌മെന്റിൽ അനവധി ഉദ്യോഗസ്ഥർ ഉള്ളപ്പോൾ എന്തിനാണ് ഒമ്പതു സില്ബന്ധികളെ ഒരു ഫേസ് ബുക്ക് /ട്വിറ്റെർ അക്കൗണ്ടിന് വേണ്ടി നിയമിക്കുന്നത്. അതാണ് പ്രശ്‌നം entrenched nepotism.
7)കേരള ചരിത്രത്തിൽ ഒരു മുഖ്യ മന്ത്രിക്ക് ഇത്രയും അധികം ഉപദേശകരുണ്ടാകുന്നത് ആദ്യമായാണ്. അവരുടെ എണ്ണം ചിലപ്പോൾ മന്ത്രി മാരുടെ എണ്ണത്തെക്കാൾ കൂടുതൽ ആയിരിക്കും .
ഈ കഴിഞ്ഞ നാലു കൊല്ലം ഇവർ എന്ത് ഉപദേശമാണ് കൊടുത്തത്? അവരുടെ ഒരു ബേസിക് അസ്സസ്‌മെന്റ് നടത്തിയോ.?
ഇവിടെ ഒരു മുന്നോക്ക കമ്മീഷൻ ക്യാബിനെറ് പദവിയും വണ്ടിയും പേഴ്സനൽ സ്റ്റാഫും വണ്ടിയും അധികാര സന്നാഹങ്ങളും
ഉണ്ടെല്ലോ? എന്താണ് ഈ കംമീഷൻ സർക്കാരിനും ജനങ്ങൾക്കും ചെയ്തത്? പണ്ട് വി എസ് ' കൽതുറങ്കിൽ ' അടച്ചു അഴിമതിക്കാരൻ എന്ന് മുദ്ര കുത്തിയ ആൾക്ക് എന്തിന്റെ 'ഉപകാര സ്മരണയിലാണ് ' കാര്യങ്ങൾ ചെയ്തത് എന്ന് 2015-16 ലെ കേരള രാഷ്ട്രീയത്തിലെ കാര്യങ്ങളുടെ പിന്നാമ്പുറങ്ങൾ അറിയാവുന്നവർക്കറിയാം.
ഇവിടെ ക്യാബിനറ്റ് പദവിയുള്ള ഫുൾ ഫ്‌ളെജേഡ് ഭരണ പരിഷ്‌കാര കമ്മീഷൻ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റ ഭാഗമായി ആദ്യമായി നിയമിച്ചു.എന്ത് സംഭവിച്ചു? ഒന്നും സംഭവിച്ചില്ല. ജനങ്ങളുടെ നികുതിപണത്തിൽ നിന്ന് ഒരുപാടു കോടി പോയത് അല്ലാതെ ഒന്നും സംഭവച്ചതായി അറിയില്ല. അവർ സമർപ്പിച്ച റിപ്പോർട്ടിന് എന്ത് സംഭവിച്ചു?
സർക്കാരിന്റെ ഡൽഹി ക്യാബിനറ്റ് ഉദ്യോഗസ്ഥൻ ഇതു വരെ എന്ത് കാര്യമാണ് ഡൽഹിയിൽ ചെയ്തത്?
ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്.


ചോദ്യങ്ങൾ ചോദിക്കാതെ നിവർത്തിഇല്ല.
സർക്കാരിന്റെ ആശ്രിത -ഗുണഭോക്ത -ശിങ്കിടി നെറ്റ്‌വർക്കിനും സ്തുതി പാഠകർക്കും ഇതൊന്നും ഇഷ്ടപ്പെടുകയില്ല.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി മണിയടിച്ച അന്തരാഷ്ട്ര തലത്തിൽ അംഗീകാരം കിട്ടിയവരെപ്പറ്റി പറയാൻ നിങ്ങൾക്ക് ഉളുപ്പില്ലേ എന്ന് ചോദിക്കും
ചോദ്യങ്ങൾ ചോദിച്ചാൽ ധർമ്മപുരിയിൽ പ്രജാപതി വാഴ്‌ത്തുകാർക്ക് ഇഷ്ട്ടമല്ല.
അതു കൊണ്ട്.
ഇൻക്വിലാബ് ഇൻക്വലാബ് സിന്ദാബാദ്.
തൊഴിലാളി വർഗ്ഗ ജനാധിപത്യം നീണാൾ വാഴട്ടെ.
പ്രൈസ്വാട്ടർ കൂപ്പർ നമ്മുടെ സഖാക്കൾ.
നമ്മൾ ഭരിക്കും നമ്മൾ ജയിക്കും.
വിപ്ലവം അടുത്താണ്.
എല്ലാം ശരിയായി. എല്ലാ നിവർത്തിയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP