Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്താ ടീച്ചറേ ഇപ്പോൾ പെട്ടന്ന് ഓൺലൈനിലെ സഹായ അഭ്യർത്ഥനയോട് ഇത്രമാത്രം വിരക്തി? മാനവീകതയുള്ള ഓരോ മലയാളിയും പ്രളയക്കെടുതിയെ നേരിടാനായി സഹായമഭ്യർത്ഥിച്ച് ദിവസവും മൂന്നും നാലും തവണ ഓൺലൈനായി സഹായം അഭ്യർത്ഥിക്കേണ്ടിവന്ന നാളുകൾ കഴിഞ്ഞിട്ട് ഒരുവർഷം തികഞ്ഞില്ലല്ലോ ടീച്ചറേ? സർക്കാരിന്റെ കയ്യിൽ കാശുണ്ടായിരുന്നേൽ മുഖ്യമന്ത്രിയുമടക്കം സഹായ അഭ്യർത്ഥനയുമായി വിദേശത്ത് കറങ്ങിനടക്കേണ്ടി വരുമായിരുന്നോ? ജോമോൾ ജോസഫ് എഴുതുന്നു

എന്താ ടീച്ചറേ ഇപ്പോൾ പെട്ടന്ന് ഓൺലൈനിലെ സഹായ അഭ്യർത്ഥനയോട് ഇത്രമാത്രം വിരക്തി? മാനവീകതയുള്ള ഓരോ മലയാളിയും പ്രളയക്കെടുതിയെ നേരിടാനായി സഹായമഭ്യർത്ഥിച്ച് ദിവസവും മൂന്നും നാലും തവണ ഓൺലൈനായി സഹായം അഭ്യർത്ഥിക്കേണ്ടിവന്ന നാളുകൾ കഴിഞ്ഞിട്ട് ഒരുവർഷം തികഞ്ഞില്ലല്ലോ ടീച്ചറേ? സർക്കാരിന്റെ കയ്യിൽ കാശുണ്ടായിരുന്നേൽ മുഖ്യമന്ത്രിയുമടക്കം സഹായ അഭ്യർത്ഥനയുമായി വിദേശത്ത് കറങ്ങിനടക്കേണ്ടി വരുമായിരുന്നോ? ജോമോൾ ജോസഫ് എഴുതുന്നു

ജോമോൾ ജോസഫ്

ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചറോട് എളിയ അഭ്യർത്ഥന..

ഓൺലൈൻ വഴി ചികിൽസാസഹായം തേടി പണം തട്ടുന്നവർക്കെതിരേ നടപടി വരുമെന്നും, സർക്കാർ സംവിധാനത്തിന് കീഴിൽ ആവശ്യമായ ചികിൽസാ സഹായങ്ങൾ ഉണ്ടെന്നും ഒക്കെ ആരാഗ്യമന്ത്രിയുടെ പ്രസ്ഥാവന കണ്ടു. കൂടെ സഹായം നൽകേണ്ടവർ സർക്കാരിന് കീഴിലുള്ള ഏജൻസിക്ക് മാത്രമേ സഹായമായി പണം അയക്കാവൂ എന്നും, അതിന് നികുതിയിളവ് ഉണ്ട് എന്നും വായിച്ചു.

അല്ല ടീച്ചറേ, ടീച്ചർ മനോജ് വേഴ്‌സസ് കേരളസ്റ്റേറ്റ് എന്നൊരു കേസ് കേട്ടിട്ടുണ്ടോ? ആ കേസിൽ മനോജ് എന്താണ് കോടതിയിൽ ആവശ്യപ്പെട്ടതെന്ന് ടീച്ചർക്കറിയാമോ? തന്റെ രോഗത്തിനുള്ള ചികിൽസ എറണാകുളത്തെ അമൃത ആശുപത്രിയിൽ മാത്രമേയുള്ളൂ, ആ ചികിൽസക്ക് അമ്പത് ലക്ഷം രൂപ ചെലവ് വരും, ആ ചെലവ് സർക്കാർ നൽകണം എന്നതും ആയിരുന്നു മനോജിന്റെ ആവശ്യം. പണമില്ലാത്തതിന്റെ പേരിൽ ഒരാൾക്കും ചികിൽസക്കുള്ള അവസരം നഷ്ടപ്പെടരുത് എന്നും, മനോജിന്റെ ചികിൽസാ ചെലവ് സർക്കാർ വഹിക്കണം എന്നുമായിരുന്നു ആ കേസിൽ കേരള ഹൈക്കോടതിയുടെ വിധി.

അല്ല ടീച്ചറേ, കേരളത്തിലെ ജനങ്ങൾക്ക് ടീച്ചർ പറയുന്നത്ര നല്ല ചികിൽസാ സാഹചര്യം സർക്കാർ മേൽനോട്ടത്തിൽ ഉണ്ട് എങ്കിൽ മനോജിന് എന്തുകൊണ്ട് ചികിൽസാ ചെലവ് സർക്കാർ വഹിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു? കരൾ കിഡ്ണി ഹൃദയ രോഗങ്ങളുടെ ചികിൽസകൾക്കായി പാവപ്പെട്ടവർക്കായി എത്രയോ ചികിൽസാ സഹായ പരസ്യങ്ങൾ ഓൺലൈനിലും പ്രിന്റ്/വിഷ്വൽ മീഡിയകളിലും മിക്കദിവസങ്ങളിലും വന്നുകൊണ്ടിരിക്കുന്നു? സർക്കാർ ആശുപത്രികളിൽ ഇത്ര മെച്ചപ്പെട്ട സംവിധാനങ്ങൾ ഒരുക്കിയതുകൊണ്ടാണോ ടീച്ചറേ, പാവപ്പെട്ട രോഗികൾ അമൃതപോലുള്ള സ്വകാര്യ മെഡിക്കൽ കോളജുകളിൽ സ്വന്തം കിടപ്പാടം വരെ വിറ്റുപെറുക്കി ചികിൽസ തേടേണ്ടി വരുന്നത്? ഇവരൊക്കെ അവരുടെ ചികിൽസാ ചെലവ് വഹിക്കേണ്ട ബാധ്യത സർക്കാരിനാണ് എന്നാവശ്യപ്പെട്ട് മനോജിനെപ്പോലെ ഹൈക്കോടതിയെ സമീപിച്ചാൽ, എന്താകും സർക്കാരിന്റെ അവസ്ഥ പിന്നെ കേരള സർക്കാരിനെ സഹായിക്കാൻ ആര് വിചാരിച്ചാൽ നടക്കും?

എന്താ ടീച്ചറേ ഇപ്പോൾ പെട്ടന്ന് ഓൺലൈനിലെ സഹായ അഭ്യർത്ഥനയോട് ഇത്രമാത്രം വിരക്തി? മാനവീകതയുള്ള ഓരോ മലയാളിയും പ്രളയക്കെടുതിയെ നേരിടാനായി സഹായമഭ്യർത്ഥിച്ച് ദിവസവും മൂന്നും നാലും തവണ ഓൺലൈനായി സഹായം അഭ്യർത്ഥിക്കേണ്ടിവന്ന നാളുകൾ കഴിഞ്ഞിട്ട് ഒരുവർഷം തികഞ്ഞില്ലല്ലോ ടീച്ചറേ? സർക്കാരിന്റെ കയ്യിൽ കാശുണ്ടായിരുന്നു എങ്കിൽ സർക്കാരിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ജനങ്ങളും മുഖ്യമന്ത്രിയുമടക്കം ഓൺലൈൻ ഓഫ്‌ളൈൻ സഹായഅഭ്യർത്ഥനയുമായി രാജ്യത്തിനകത്തും പുറത്തും കറങ്ങിനടക്കേണ്ടി വരുമായിരുന്നോ? അന്ന് സർക്കാർ പ്രതിസന്ധിയിലായപ്പോൾ സഹായം ചോദിക്കുന്നതിൽ നാണക്കേടും നിയമവിരുദ്ധതയും ഒന്നും കണ്ടില്ലായിരുന്നോ?

ടീച്ചറേ, കേരളം ധാരാളം പാവപ്പെട്ടവരുള്ള നാടാണ്. പാവപ്പെട്ടതോ ആവറേജോ ആയ സാമ്പത്തീക സ്ഥിതിയുള്ള ഇത്തരം കുടുംബങ്ങളിൽ കൊള്ളാവുന്ന ഒരു അസുഖം ഒരാൾക്ക് വന്നാൽ ആ കുടുംബം അന്തം വിട്ട് നിൽക്കുന്ന നാടാണ് കേരളം. അന്തം വിട്ട് നിൽക്കുന്ന അത്തരം ആളുകളെ ഞാനടക്കമുള്ള മലയാളികൾ കണ്ടാൽ, ഓരോരുത്തരും അവരവരെ കൊണ്ട് ആകുന്ന സഹായം ചെയ്യും, എന്നിട്ടും കയ്യിലൊതുങ്ങുന്നില്ല എന്ന് വരുമ്പോൾ അടുത്ത സുഹൃത്തുക്കളോടും പരിചയക്കാരോടും സഹായിക്കാനായി അഭ്യർത്ഥിക്കും, എന്നിട്ടും പിടിവിട്ട കേസാണ് എങ്കിൽ ടീച്ചറേ, ജീവിതാവസ്ഥയും സാമ്പത്തീകാവസ്ഥയും പ്രതിസന്ധിയിലായ അവർക്കായി ഞാനടക്കമുള്ള മലയാളികൾ ഇനിയും റോഡിലിറങ്ങി കൈനീട്ടും. സോഷ്യൽ മീഡിയയിലൂടെയും ഓൺലൈനായും ഓഫ്‌ളൈനായും പരിചയമുള്ളരോടും അല്ലാത്തവരോടും സഹായം അഭ്യർത്ഥിക്കും, അവരോട് ആ കുടുംബത്തിന്റെ അവസ്ഥ പറഞ്ഞ് മനസ്സിലാക്കും. അതൊന്നും ഈ നാട്ടിൽ നടക്കില്ല എന്ന് പറഞ്ഞാൽ, ടീച്ചറുടെ പ്രസ്ഥാനവും പല പ്രതിസന്ധിഘട്ടങ്ങളിലും പലർക്കായും ബക്കറ്റുമായി ഇറങ്ങാറുള്ളത് ഇതേ നാട്ടിലല്ലേ ടീച്ചറേ? ആ ബക്കറ്റിൽ വീഴുന്ന ഓരോ നാണയത്തുട്ടും പ്രതിസ്ധിയിലാവരുടെ കൈകളിൽ എത്തിച്ചേരും എന്ന വിശ്വാസത്തിലല്ലേ ടീച്ചറേ ഓരോരുത്തരും ആ നാണയത്തുട്ടുകൾ ടീച്ചറുടെ കൂടെ പ്രസ്ഥാനത്തിന്റെ പ്രവർത്തകർ നീട്ടുന്ന ബക്കറ്റുകളിലേക്ക് നിക്ഷേപിക്കുന്നത്??

ടീച്ചറേ, ആ ബക്കറ്റുകളിൽ വീഴുന്ന നാണയത്തുട്ടുകൾക്കും, ഓൺലൈൻ സഹായഅഭ്യർത്ഥനയുടെ ഫലമായി പ്രതിസന്ധിയിലായ ഓരോ വ്യക്തിയുടേയും അക്കൗണ്ടിലേക്ക് വരുന്ന നാണയത്തുട്ടുകൾക്കും ഒരേ മൂല്യമാണ് ടീച്ചറേ. തട്ടിപ്പിന് സാധ്യത ബക്കറ്റിൽ വീഴുന്ന നാണയത്തുട്ടുകളിലും ഉണ്ട്, അക്കൗണ്ടുകളിൽ വീഴുന്ന നാണയത്തുട്ടുകളിലുമുണ്ട്. എന്നാൽ ബക്കറ്റിൽ വീഴുന്നതിനേക്കാൾ അക്കൗണ്ടബിലിറ്റിയും ഓഡിറ്റിങ് പവറും നിയമപരമായ കണ്ണുകളിലൂടെ നോക്കിയാൽ അക്കൗണ്ടിൽ വീഴുന്ന നാണയത്തുട്ടുകൾക്കല്ലേ ടീച്ചറേ? അങ്ങനെ വരുമ്പോൾ ബക്കറ്റ് പിരിവ് ആദ്യം നിർത്തിച്ചിട്ട് പോരേ ടീച്ചറേ, ഈ ഓൺലൈൻ സഹായം നിർത്തിക്കാൻ? ഒരു പ്രത്യേക ആവശ്യത്തിന് മാത്രമായി ടീച്ചറുടെ പ്രസ്ഥാനം പണം പിരിക്കുമ്പോൾ ബക്കറ്റ് പിരിവിൽ ലഭിക്കുന്ന നിശ്ചിത ആവശ്യത്തിലധികം തുക, ടീച്ചറുടെ പ്രസ്ഥാനം എന്താണ് ചെയ്യാറ്? ആ കുടുംബത്തിന്റെ മറ്റുകാര്യങ്ങൾക്കോ, അല്ലെങ്കിൽ സമാനമായ മറ്റ് ആവശ്യക്കാർക്കോ ഒക്കെ നൽകുകയല്ലേ ചെയ്യാറ്? ഇതൊക്കെ എന്തിന് ടീച്ചറുടെ പ്രസ്ഥാനം ചെയ്യണം? ഇതൊക്കെ ചെയ്യാനായി ടീച്ചറ് പറഞ്ഞ സർക്കാർ സംവിധാനങ്ങൾ നമ്മുടെ നാട്ടിലില്ലേ ടീച്ചറേ? അതുപോലെ സർക്കാർ രോഗികൾക്കായി എല്ലാ സൗകര്യവും ഉറപ്പുവരുത്തി കഴിഞ്ഞെന്നും സഹായം സർക്കാർ വഴി മതിയെന്നും ടീച്ചർ പറയുമ്പോൾ ടീച്ചറേ ഒരു ചോദ്യം, എന്തിനാണ് ടീച്ചറേ ടീച്ചറുടെ പ്രസ്ഥാനത്തിന്റെ യുവജന സംഘടന പൊതിച്ചോറ് വിതരണത്തിനായി പതിനായിരക്കണക്കിന് ചോറ്‌പൊതികളുമായി സർക്കാർ ആശുപത്രികളിലേക്ക് ദിവസവും ഉച്ചക്കും രാത്രിയും പോകുന്നത്? യുവജനസംഘടനയിൽ നിന്നും സർക്കാർ സംവിധാനത്തിലേക്കും സർക്കാർ സംവിധാനത്തിൽ നിന്നും രോഗികളിലേക്കും നൽകിയാൽ പോരേ ഈ ചോറുപോതികൾ

അപ്പോൾ പറഞ്ഞുവരുന്നത്, ആരായാലും തട്ടിപ്പ് നടത്തിയാൽ അത് കണ്ടെത്താനും സമൂഹത്തിൽ തട്ടിപ്പ് ഇല്ലാതാക്കാനുമുള്ള ബാധ്യത സർക്കാരിനുണ്ട്. ടീച്ചർ അതിനുമപ്പുറം കടന്ന് സർക്കാർ സംവിധാനത്തിലൂടെയല്ലാതെ ഒരു രോഗിയേയും സഹായിക്കരുത് എന്ന് പറയുമ്പോൾ, പ്രളയകാലത്ത് നമുക്ക് കിട്ടേണ്ട വിദേശസഹായം തടഞ്ഞ കേന്ദ്രസർക്കാരിന്റെ നടപടിയുമായി അടപടലം നീതിപുലർത്തുന്ന വാക്കുകളാകും ടീച്ചറേപ്പോലുള്ളവരുടെ നാവിൽ നിന്ന് വരുന്നതും. പിന്നെ ഞാനൊരു രോഗിക്ക് നൂറ് രൂപ സഹായം ചെയ്യണോ അതോ ആ പണം സർക്കാരിലേക്ക് തരണോ എന്നത് എന്റെ മാത്രം താൽപര്യമല്ലേ ടീച്ചറേ, അതിലിടപെടാൻ ടീച്ചർക്കോ മറ്റുള്ളവർക്കോ എന്തവകാശമാണ് ടീച്ചറേ ഉള്ളത്?

നബി 1 - വ്യക്തികളെ ടാർഗറ്റ് ചെയ്തുള്ള ആക്രമണങ്ങൾക്ക് സർക്കാരിന്റെ ഭാഗമായവരും ഈ പാർട്ടിയുടെ ഭാഗമായവരും കുടപിടിക്കരുത്, നീതിയും ന്യായവും മാനവീകതയുമാകണം ഇടതുസർക്കാരിന്റെ ഭാഗമായവരുടെ ഇടപെടലുകളിൽ വേണ്ടത്. (അല്ലേൽ ഇടതെന്നും വലതെന്നും നമ്മൾ എടുത്ത് പറയേണ്ടതില്ലല്ലോ)

നബി 2 - ടീച്ചറുടെ നല്ല നല്ല ഇടപെടലുകളിൽ നിന്നും വിഭിന്നമായി ഈ ഇടപെടലിൽ കല്ലുകടി ഫീൽ ചെയ്തതുകൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റ് എഴുതേണ്ടി വന്നത്, അവിവേകമായിപ്പോയി എങ്കിൽ ക്ഷമിക്കണം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP