Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202118Friday

തിരുവഞ്ചൂരിന്റെ പ്ലസ് പോയിന്റ് വ്യക്തിപ്രഭാവമാണ്; ഏതുസമയവും ആർക്കും പുള്ളിയെ കാണാം; അതിൽ പാർട്ടി ഒരു വിഷയമേ അല്ല; ഇതാണ് 700 വോട്ട് ഭൂരിപക്ഷം ഇടത് തരംഗം ആഞ്ഞടിച്ചിട്ടും 33000 ആകാനുള്ള പ്രധാന കാരണം; വോട്ടു വീഴ്‌ത്തുന്ന തിരുവഞ്ചൂർ സ്‌റ്റൈൽ: ജിതിൻ.കെ.ജേക്കബ് എഴുതുന്നു

തിരുവഞ്ചൂരിന്റെ പ്ലസ് പോയിന്റ് വ്യക്തിപ്രഭാവമാണ്; ഏതുസമയവും ആർക്കും പുള്ളിയെ കാണാം; അതിൽ പാർട്ടി ഒരു വിഷയമേ അല്ല; ഇതാണ് 700 വോട്ട് ഭൂരിപക്ഷം ഇടത് തരംഗം ആഞ്ഞടിച്ചിട്ടും 33000 ആകാനുള്ള പ്രധാന കാരണം; വോട്ടു വീഴ്‌ത്തുന്ന തിരുവഞ്ചൂർ സ്‌റ്റൈൽ: ജിതിൻ.കെ.ജേക്കബ് എഴുതുന്നു

ജിതിൻ.കെ.ജേക്കബ്

'മതേതര മണ്ഡലങ്ങളിൽ' ഒഴികെ കേരളത്തിൽ തിരഞ്ഞെടുപ്പ് ജയ പരാജയങ്ങൾ തീരുമാനിക്കുന്നത് നിഷ്പക്ഷമതികളായ വോട്ടർമാരാണ്. നിഷ്പക്ഷ വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്ന് സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം ആണ്. സിപിഎം നേതാക്കളെ കണ്ടിട്ടില്ലേ, കോൺസ്റ്റിപേഷൻ പിടിച്ച മാതിരിയാണ് അവരുടെ മുഖഭാവവും പെരുമാറ്റവും. കേരളത്തിലെ ബിജെപി നേതാക്കളുടെ കാര്യവും ഏറെക്കുറെ അങ്ങനെ തന്നെയാണ് എന്നാണ് തോന്നിയിട്ടുള്ളത്. പക്ഷെ സിപിഎം ന്റെ സംഘടനാ സംവിധാനം വളരെ കരുത്തുറ്റതും, പ്രൊഫഷണലും ആയതുകൊണ്ട് ആ കുറവ് അവർക്ക് മറ്റു പലതും കൊണ്ട് നികത്താനാകുന്നു.

അതേസമയം കോൺഗ്രസിന്റെ സംഘടനാ സംവിധാനം ദുർബലവും, യാതൊരു അച്ചടക്കവും ഇല്ലാത്തതും ആണ്. തിരഞ്ഞെടുപ്പ് സമയത്തതാണ് കോൺഗ്രസ്സുകാരെ നാട്ടിൽ പാർട്ടി പ്രവർത്തനം എന്ന് പറഞ്ഞു കാണുന്നത് തന്നെ. പക്ഷെ അവർ ഈ ദൗർബല്യം മറികടക്കുന്നത് കുറച്ചു നേതാക്കളുടെ വ്യക്തിപ്രഭാവം കൊണ്ടാണ്. ഇന്ത്യൻ പ്രസിഡന്റിനെ കാണുന്നതിലും പാടാണ് കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെ പാർട്ടിക്കാരല്ലാത്തവർക്ക് മുഖം കാണിക്കാൻ. അതിന് ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ സെക്രട്ടറി തുടങ്ങി എല്ലാ ലൊട്ടുലൊടുക്കിന്റെയും ശുപാർശയും മറ്റും വേണ്ടിവരും.

അതേസമയം നേരെ തിരിച്ചാണ് കോൺഗ്രസ് നേതാക്കളുടെ കാര്യം. ഏതൊരാൾക്കും പാർട്ടി ഭേദമന്യേ കാണാൻ കഴിയും. കോൺഗ്രസിലെ എല്ലാ നേതാക്കന്മാരും ഇങ്ങനെ ആണെന്നല്ല പറയുന്നത്, പക്ഷെ അങ്ങനെ ഉള്ള ചില നേതാക്കന്മാരുണ്ട്. അതിൽ ഒരാളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

2011 ൽ ആദ്യവട്ടം കോട്ടയത്ത് നിന്ന് വിജയിച്ചത് വെറും 711 വോട്ടിന്റെ ഭൂരിപക്ഷത്തിന് ആണെങ്കിൽ ഇടത് തരംഗം ആഞ്ഞടിച്ച 2016 ൽ തിരുവഞ്ചൂരിന്റെ വിജയം 33632 വോട്ടിന്റെ ഭൂരിപക്ഷം ആയിരുന്നു. മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ അല്ല തിരുവഞ്ചൂരിന്റെ പ്ലസ് പോയിന്റ്, മറിച്ച് വ്യക്തിപ്രഭാവം തന്നെയാണ്. ഏത് സമയവും ആർക്കും പുള്ളി Approachable ആണ്. അതിൽ പാർട്ടി ഒരു വിഷയമേ അല്ല.

ഔദ്യോഗിക ആവശ്യത്തിന് ഒരിക്കൽ അദ്ദേഹത്തിന്റെ ഓഫീസിൽ പോയി കണ്ടു. ഏറ്റവും ഹൃദ്യമായ സ്വീകരണം. ഔദ്യോഗിക വിഷയം സംസാരിച്ചതിന് ശേഷം എന്റെയും സഹപ്രവർത്തകന്റെയും പേഴ്‌സണൽ കാര്യങ്ങൾ അടക്കം അദ്ദേഹം ചോദിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ മണ്ഡലത്തിലെ വോട്ടർമാരല്ല ഞങ്ങൾ എന്നോർക്കണം. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കെ പുറത്ത് ആരോ നിൽക്കുന്നത് കണ്ട് അവരെ റൂമിലേക്ക് വിളിച്ചു. ഒരു ചേട്ടൻ മുറിയിലേക്ക് കടന്നുവന്നു. മകളുടെ കോളേജ് ഫീസ് ഇളവിന് വേണ്ടി സഹായം തേടി വന്നതാണ് ആ മനുഷ്യൻ. നേരത്തെയും വന്നു കണ്ടിരുന്നു എന്ന് സംസാരത്തിൽ നിന്ന് മനസിലായി. തിരുവഞ്ചൂർ ആ ചേട്ടനോട് പറഞ്ഞു 'ഫീസ് ഇളവ് ശരിയാക്കിയിട്ടുണ്ട്. കുറച്ചു കൂടി ഇളവ് ലഭിക്കാൻ നോക്കാം' അത് കേട്ടപ്പോൾ ആ ചേട്ടന്റെ മുഖത്തെ സന്തോഷം കാണണമായിരുന്നു.

എവിടെയെങ്കിലും എന്തെങ്കിലും പരിപാടിക്ക് പോകുമ്പോൾ സ്ഥലം എത്തുന്നതിന് അരകിലോമീറ്റർ മുമ്പ് പുള്ളി കാറിൽ നിന്നിറങ്ങി നടക്കാൻ തുടങ്ങും. അതിലെ പോകുന്ന എല്ലാവരുമായും സംസാരിക്കും. കൈവീശി കാണിക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന സമയങ്ങളിൽ മറ്റു പാർട്ടിക്കാരുടെ ബൂത്തുകളിൽ വരെ പോയി അവരോട് കുശലാന്വേഷണം നടത്തും. ഇതൊക്കെ കേൾക്കുമ്പോൾ ചിലരെങ്കിലും നെറ്റി ചുളിക്കുന്നുണ്ടാകും. പക്ഷെ ഇതാണ് 700 വോട്ട് ഭൂരിപക്ഷം ഇടത് തരംഗം ആഞ്ഞടിച്ചിട്ടും 33000 ആകാനുള്ള പ്രധാന കാരണമായി എനിക്ക് തോന്നിയത്.

സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം എന്നത് 'മതേതര' മേഖലകളിലും, പാർട്ടി ഗ്രാമങ്ങളിലും ഒഴികെ ഇപ്പോഴും വലിയൊരു ഘടകം തന്നെയാണ്. അത് പക്ഷെ അളക്കുന്നത് സ്ഥാനാർത്ഥിയുടെ കുട്ടിക്കാലത്തെ അല്ലെങ്കിൽ ഇപ്പോഴത്തെ ദാരിദ്ര്യം, കുടുംബമഹിമ, വിദ്യാഭ്യാസം, സ്വത്ത് ഇല്ലാത്തത് ഒന്നുമല്ല മറിച്ച് ജനങ്ങൾക്ക് എന്തിനും ഏതിനും കയ്യെത്തും ദൂരത്ത് ഉണ്ട് എന്നതും, എപ്പോഴും എന്തിനും സമീപിക്കാം എന്നുമുള്ള ആ ഒരു വിശ്വാസം ആണ്. അത് ആർജിച്ചെടുക്കാൻ കഴിഞ്ഞാൽ പിന്നെ ജനം വിജയിപ്പിച്ചുകൊണ്ടേയിരിക്കും. അവിടെ പാലം വലികൾക്കോ, അടിയൊഴുക്കുകൾക്കോ ഒന്നും ചെയ്യാനാകില്ല. ചിലപ്പോൾ അഴിമതിക്കാരൻ ആണെങ്കിൽ കൂടി ജനം കാര്യമാക്കില്ല.

സിപിഎംന് ധാർഷ്ട്യവും, ഗുണ്ടായിസവും ആണ് പ്രധാന പ്രശ്‌നം എങ്കിലും മികച്ച സംഘടനാ സംവിധാനം വഴി അവർ അത് കുറെയൊക്കെ മറികടക്കുന്നു. കോൺഗ്രസിന് അഴിമതിയാണ് പ്രശ്‌നം എങ്കിൽ നേതാക്കന്മാരുടെ വ്യക്തിപ്രഭാവം വഴി അവർ പിടിച്ചു നിൽക്കുന്നു. അതേസമയം കേരള ബിജെപിക്ക് ആകട്ടെ ഗ്രൂപ്പ് കളി കാരണം സംഘടനാ സംവിധാനവും കാര്യക്ഷമമല്ല, നേതാക്കന്മാർക്കാകട്ടെ ബിജെപി സംവിധാനത്തിന് പുറത്ത് കാര്യമായ വ്യക്തിപ്രഭാവവുമില്ല എന്നതാണ് പ്രശ്‌നം.

ക്വാളിറ്റി ഉള്ളവരെ മുന്നോട്ട് വരാൻ സമ്മതിക്കുകയുമില്ല. ഈ അടുത്ത കാലത്ത് ചെറിയ തോതിലെങ്കിലും അതിന് മാറ്റം വരാൻ തുടങ്ങിയിട്ടുണ്ട്. അതിന്റെ ഫലം അവർക്ക് തിരഞ്ഞെടുപ്പിൽ ലഭിക്കുകയും ചെയ്യും. ഒടുവിൽ കേട്ടത്:- തിരുവഞ്ചൂരിന്റെ പദയാത്ര പോകുന്നു. പുള്ളി എല്ലാവരെയും കൈവീശി കാണിക്കുന്നു, കടകളിൽ നിന്നവരെല്ലാം തിരിച്ചും കൈവീശുന്നു. പദയാത്ര കടന്നുപോയ ശേഷം അവിടെ നിന്ന രണ്ടുപേർ തമ്മിൽ സംസാരം, ' നിങ്ങൾ യുഡിഫ് ആണോ, ഏയ് യുഡിഎഫ് ഒന്നുമല്ല, പക്ഷെ തിരുവഞ്ചൂർ സാർ നല്ല മനുഷ്യൻ അല്ലേ, അതുകൊണ്ട് തിരിച്ചു കൈവീശിയതാണ്'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP