Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

ദേശീയ വിദ്യാഭ്യാസ നയം 50 വർഷത്തിനിടയിലെ ഏറ്റവും വിപ്ലവകരമായ തീരുമാനം; ആരോ എഴുതിക്കൊടുത്ത 'കാവിൽക്കരണം' 'കച്ചവടവൽക്കരണം' എന്നീ രണ്ട് വാക്കിലൊതുക്കി വിമർശിക്കുന്നതിൽ ഒരർത്ഥവുമില്ല; കുട്ടികളുടെ ഭാവി മുന്നിൽ കണ്ട് നന്നായി ഗൃഹപാഠം ചെയ്തു തയ്യാറാക്കിയ നയം; അംഗൻവാടിയിലെ ആയമാർക്കും നിശ്ചിത യോഗ്യത വേണമെന്ന് പറഞ്ഞതിനാണ് ശ്രീനിവാസനെതിരെ കേസെടുത്തത്; ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച് ജയിംസ് വടക്കൻ എഴുതുന്നു

ദേശീയ വിദ്യാഭ്യാസ നയം 50 വർഷത്തിനിടയിലെ ഏറ്റവും വിപ്ലവകരമായ തീരുമാനം; ആരോ എഴുതിക്കൊടുത്ത 'കാവിൽക്കരണം' 'കച്ചവടവൽക്കരണം' എന്നീ രണ്ട് വാക്കിലൊതുക്കി വിമർശിക്കുന്നതിൽ ഒരർത്ഥവുമില്ല;  കുട്ടികളുടെ ഭാവി മുന്നിൽ കണ്ട് നന്നായി ഗൃഹപാഠം ചെയ്തു തയ്യാറാക്കിയ നയം; അംഗൻവാടിയിലെ ആയമാർക്കും നിശ്ചിത യോഗ്യത വേണമെന്ന് പറഞ്ഞതിനാണ് ശ്രീനിവാസനെതിരെ കേസെടുത്തത്; ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച് ജയിംസ് വടക്കൻ എഴുതുന്നു

റിസർച്ചർ ജയിംസ് വടക്കൻ

'പുതിയ വിദ്യാഭ്യാസ നയം അംഗീകരിച്ചു - കാതൽ വാണിജ്യവത്ക്കരണവും വർഗീയതയും - ഉന്നത വിദ്യാഭ്യാസത്തിൽ നിന്നും നിർധനർ പുറത്താകും'. ഇന്നത്തെ ദേശാഭിമാനിയുടെ തലക്കെട്ടാണിത്. അപലപനീയം എന്ന് സിപി(എം) പോളിറ്റ് ബ്യൂറോ. ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവത്ക്കരണം ചെറുക്കണം എന്ന സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അതൊക്കെ ശരി. പക്ഷെ, ഞങ്ങളുടെ മക്കൾ വിദ്യാഭ്യാസ വാണിജ്യവൽക്കരണത്തിന്റെ ഭാഗമായ സ്വാശ്രയ കോളേജുകളിൽ പഠിക്കും. അവർ മിടുക്കരാകും എന്നു തെളിയിച്ചവരിൽ പ്രമുഖർ വി എസ് അച്യുതാനന്ദൻ പിണറായി വിജയൻ, രമേശ് ചെന്നിത്തല, പിന്നെന്തിന് 34 വർഷത്തിന് ശേഷം കാര്യമായ ഗ്രഹപാഠം നടത്തി രൂപീകരിച്ച 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തെ നിങ്ങൾ എതിർക്കണം. ഇങ്ങനെ എതിർക്കുന്ന നിങ്ങളിൽ ആർക്കെങ്കിലും സ്വന്തമായി 480 പേജുള്ള കരട് വിദ്യാഭ്യാസ നയം 2019 പഠിച്ചിരുന്നോ? ഇല്ല.

ആഗോളവൽക്കരണത്തേയും സ്വകാര്യവൽക്കരണത്തെയും എതിർക്കുന്നവർ എന്തിനും ഏതിനും വിദേശ കൺസൾട്ടൻസികളെ നിയമിക്കുന്നത്ര വൈരുദ്ധ്യം പക്ഷെ ഇവർ വിദ്യാഭ്യാസ മേഖലയിൽ കാണിക്കുന്നില്ല. 34 വർഷത്തിന് ശേഷമാണ് കേന്ദ്രവിദ്യാഭ്യാസ നയം പുതുക്കുന്നത്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഏറ്റവും പ്രസക്തമായ മാറ്റം 2, 3 വയസ്സുള്ള കുട്ടികളുടെ പരിപാലനമാണ്. 3 വയസ് മുതൽ കുട്ടികളെ പുതിയ നയത്തിൽ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതോടു കൂടി കൊച്ചു കുട്ടികളെ പകൽ സമയങ്ങളിൽ നോക്കുന്നതിനുള്ള മികച്ച ഔദ്യോഗിക സംവിധാനങ്ങളാണ് രൂപപ്പെടുന്നത്. ഈ സംവിധാനം നിലവിൽവരുന്നതോടെ കൂടുതൽ വനിതകൾക്ക് ജോലിക്ക് പോകാൻ സാധിക്കും. കുട്ടികളെ നോക്കാനായി ജോലിക്ക് പോകാതെ അഭ്യസ്തവിദ്യരായ വനിതകൾ ഏറെയുള്ള സംസ്ഥാനമാണ് കേരളം.

വനിതകൾക്കിടയിൽ ലേബർ പാർട്ടിസിപ്പേഷൻ റേറ്റ് എന്ന എൽപിആർ ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. എത്ര സ്ത്രീകൾ തൊഴിലെടുക്കുന്നു എന്ന സൂചികയാണ് എൽപിആർ. ദേശീയ ശരാശരി 25% ആണെങ്കിൽ കേരളത്തിൽ അത് കേവലം 15.4% മാത്രമാണ്. 'AFFORDABLE GOOD QUALITY CHILD CARE IS THE KEY ENABLING FACTOR INCREASING IN WORK FORCE എന്നതാണ് ആഗോള കണ്ടെത്തൽ'. ഈ ഒറ്റക്കാരണത്താൽ തന്നെ പുതിയ ദേശീയ വിദ്യാഭ്യാസ നയം മലയാളിക്ക് സ്വീകാര്യമാക്കേണ്ടതാണ്. അതിന് കാവിയുടെ നിറം നോക്കേണ്ടതില്ല.

നിലവിലെ നെറികെട്ട വിദ്യാഭ്യാസ നയത്തിനെതിരെയുള്ള എന്റെ ഒറ്റയാൻ പ്രതിരോധമാകും എന്റെ പേരിന് മുൻപിൽ ഞാൻ സ്വന്തമായി നൽകിയ പുതിയ പദവി. ബാരിസ്റ്റർ, സർ എന്നൊക്കെ കിട്ടുന്ന സ്ഥാന പേരു പോലെ തന്നെ പുതിയതായി രൂപീകരിച്ച സ്ഥാന പേരാണ് റിസർച്ചർ. ഏത് വിഷയത്തെപ്പറ്റിയും അടിസ്ഥാനപരമായി ജനങ്ങൾക്കുവേണ്ടി ഗവേഷണം നടത്തുന്നവരെ ഇനി റിസർച്ചർ എന്ന പദവിയിൽ പെടുത്തുക. വളരെ ആഴത്തിൽ ഗവേഷണം നടത്തുന്നവർക്ക് യൂണിവേഴ്സിറ്റികൾ നൽകുന്ന സ്ഥാനപ്പേരാണ് ഡോക്ടർ - Dr. പിഎച്ച്ഡി പ്രബന്ധം അവതരിപ്പിക്കുമ്പോഴാണ് ഡോക്ടറേറ്റ് കിട്ടുന്നത്. പക്ഷെ ആ ഗേവഷണം 99% കോഴ്സുകളിലും ഗവേഷകന്റെ പ്രബന്ധത്തിൽ മാത്രം ഒതുങ്ങും. അത്തരം ഗവേഷകന്മാരാണ് ജനങ്ങളുടെ പച്ചയായ ജനകീയ വിഷയങ്ങളിൽ ആഴത്തിൽ പഠനം നടത്തുന്ന ആരെങ്കിലും നാം റിസർച്ചർ എന്ന് ഇനി വിളിക്കുക. അവർക്ക് Dr. എന്നതിന് പകരം Rr. എന്ന് വേണമെങ്കിൽ പേരിന് മുന്നിൽ എഴുതാം.

കെഎസ്ആർടിസിയിലെ ഗവേഷണം നടത്താൻ 1996 മുതൽ ഞാൻ കോട്ടയം ഗവ. കോളജിലെ ഗവേഷണ വിദ്യാർത്ഥിയാണ്. ഇന്നും അങ്ങനെ തന്നെ. പക്ഷെ ഇതുകൊണ്ട് കാര്യമില്ലെന്ന് പിന്നീട് മനസിലായി. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം പഠിച്ചാൽ എന്റെ പ്രതിഷേധത്തിന്റെ ആഴം വായനക്കാർക്ക് മനസിലാകും. എതിർക്കാനായി മാത്രം മാറ്റങ്ങളെ എതിർക്കരുത്. എന്തിനും ഏതിനും കാലോചിതമായ പരിഷ്‌കാരം വേണം. 1948 - 49 ലെ ഡോ. എസ് രാധാകൃഷ്ണൻ (ഭാരതത്തിന്റെ രാഷ്ട്രപതി) അദ്യക്ഷനായ യൂണിവേഴ്സിറ്റി എഡ്യുക്കേഷൻ കമ്മിഷൻ ആയിരുന്നു ആദ്യ കേന്ദ്ര വിദ്യാഭ്യാസ നയം. പിന്നീട് 1851 ലെ ബി ജി ഖേറിന്റെ നേതൃത്വത്തിൽ ഉണ്ടായ പ്രൈമറി വിദ്യാഭ്യാസത്തെ സംബന്ധിച്ച് പഠിച്ച ഖേർ കമ്മിറ്റി.

1952 - 53 കാലഘട്ടത്തിൽ സെക്കന്ററി വിദ്യാഭ്യാസത്തെപ്പറ്റി പഠിച്ച മുതലിയാർ കമ്മിറ്റി.

1956 ലെ ഔദ്യോഗിക ഭാഗം കമ്മിഷൻ

1964 - 66 ലെ കോത്താരി വിദ്യാഭ്യാസ കമ്മിഷൻ

1968 ലെ ദേശീയ വിദ്യാഭ്യാസ നയം
1986 ലെ വിദ്യാഭ്യാസത്തെ സംബന്ധിച്ച ദേശീയ വിദ്യാഭ്യാസ നയം

2005 ലെ ദേശീയ കരിക്കുലം ഫ്രെയിം വർക്ക്

എന്നിവയായിരുന്നു ദേശീയ വിദ്യാഭ്യാസ മേഖലയിൽ നാളിതുവരെ നയരൂപീകരണ നീക്കങ്ങൾ.

രാജീവ് ഗാന്ധി സർക്കാരാണ് ഏറ്റവും ഒടുവിൽ വിദ്യാഭ്യാസ നയം പരിഷ്‌കരിച്ചത്.

ഇവരെ സഹായിക്കാൻ എത്തിയവർ അവരേക്കാൾ വിദഗ്ദരാണ്. അതിൽ ചിലരിവരാണ്.

Prof Anurag Behar
UICE CHancellor
Azim Premji Universigy

Prof P Ramarao
Chairman
Indian Institute of Science Bangalore

Mohandas Pai
Chairman
Manipal Global Education

Prof J S Rajput
Former Director
NCERT

Dr. D P Singh
Chairman
UGC

Prof N R Mahinia Menon
Legn Educta

Dr S Ayyappan
Agriculture Education

Dr B N Suresh
Engineram Education

കഴിഞ്ഞ 50 വർഷത്തിനിടയിൽ കേന്ദ്രത്തിലും സംസ്ഥാനത്തും കൊണ്ടുവന്ന ഏറ്റവും വിപ്ലവകരവും ജനങ്ങളെ മൊത്തത്തിൽ ബാധിക്കുന്നതുമായ രണ്ട് പരിഷ്‌ക്കരങ്ങൾ ഏതൊക്കെയാണെന്ന് ചോദിച്ചാൽ ആദ്യ റാങ്ക് ദേശീയ വിദ്യാഭ്യാസ നയത്തിന് തന്നെ. തൊട്ടടുത്ത് നിൽക്കുന്നത് ദേശീയ/സംസ്ഥാന തലങ്ങളിൽ കർഷകപാർട്ടികൾക്ക് വരെ നേതൃത്വം നൽകുന്ന കർഷകരായ നേതാക്കൾ പോലും വായിച്ചു നോക്കാത്ത എന്നാൽ ആഗോളതലത്തിൽ തന്നെ ഏറെ പ്രധാന്യത്തോടെ പഠനം നടത്തി 2018 - 2019 ൽ പുറത്തിറക്കയ 14 ഭാഗങ്ങളിലായി 2438 പേജുകളിലായി പ്രസദ്ധീകരിച്ച കർഷകരുടെ വരുമാനം ഇരട്ടിപ്പക്കൽ കമ്മിറ്റി റിപ്പോർട്ട്.

സാക്ഷരതയിലും ഉന്നത വിദ്യാഭ്യാസത്തിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്നതും പ്രൈമറി വിദ്യാഭ്യാസത്തിൽ പോലും സ്വകാര്യ മേഖലയ്ക്ക് ഭൂരിപക്ഷമുള്ളതുമായ കേരളത്തിൽ മാത്രം ആരും ചർച്ച ചെയ്യപ്പെടാതെ പോയ ഒരു വിഷയമായിരുന്നു 2019 ൽ തയ്യാറാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട്. 478 പേജുകളിലായി 25 അദ്ധ്യായങ്ങളിലായി രാജ്യത്തെ തന്നെ സമാദരണീയരായ വ്യക്തികൾ ചേർന്നുണ്ടാക്കിയ ഈ നയത്തെ ബിജെപി വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നു എന്നു പറഞ്ഞായിരുന്നു ഇടതുപക്ഷം എതിർത്തതെങ്കിൽ വിദ്യാഭ്യാസ മേഖലയിൽ നിർണായക സ്വാധീനമുള്ള ഇന്ത്യൻ മാനേജ്മെന്റുകളോ, എസ്എൻഡിപി, എൻഎസ്എസ് എന്നീ സമുദായ സംഘടനകളോ ദേശീയ വിദ്യാഭ്യാസ നയത്തെ വിശദമായി പഠിച്ചില്ല.

ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ളവരും വിദ്യാഭ്യാസ വിദഗ്ധരിൽ ഏറെപ്പേർ സ്വന്തം സമുദായത്തിൽ പെട്ടവരും സമുദായാംഗങ്ങളായ നിരവധി വൈസ് ചൈൻസിലർമാർ സ്വന്തമായിട്ടുള്ള കേരള കത്തോലിക്കാ സഭ പോലും ദേശീയ വിദ്യാഭ്യാസ നയത്തെ അതർഹിക്കുന്ന വിധത്തിൽ ചർച്ചക്കെടുത്തില്ല. കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന അദ്ധ്യാപകനേതാക്കളിലെ സ്വന്തം സമുദായക്കാരാകട്ടെ അവരുടെ അദ്ധ്യാപക യൂണിയൻ താല്പര്യം മാത്രം കണക്കിലെടുത്ത് തികച്ചു സങ്കുചിതമായ വിമർശനങ്ങൾ മാത്രമുയർത്തി. കത്തോലിക്കാ മെത്രാൻ സമിതിയിലെ ഒരു മെത്രാൻ പോലും ദേശീയ വിദ്യാഭ്യാസ നയം മൊത്തം വായിച്ചില്ല എന്നതാണ് അക്കാലത്ത് മനസിലാക്കാൻ സാധിച്ചത്. ആരോ എഴുതിക്കൊടുത്ത 'കാവിൽക്കരണം' 'കച്ചവടവൽക്കരണം' എന്ന രണ്ട് വാക്കിലൊതുക്കി അവരുടെ ദേശീയ വിദ്യാഭ്യാസ നയ വിമർശനം.

ടിഎസ്ആർ സുബ്രമണ്യത്തിന്റെ നേതൃത്തിൽ 2019ലെ ആദ്യ ബിജെപി വിദ്യാഭ്യാസ നയം വായിച്ച എനിക്കൊരു കാര്യ മനസിലായി. ഇനിയുള്ള കാലം കുട്ടികളെ തൊട്ടടുത്ത സാദാ പ്രൈമറി സ്‌കൂളുകളിൽ ചേർത്ത് പഠിപ്പിക്കുന്നതാണ് നല്ലത്. അതിന്റെ ഭാഗമായി 1970 കളിൽ പാലാ സെന്റ് വിൻസെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിച്ച ഞാനും അതേപോലെ തന്നെ സിബിഎസ് സി സ്‌കൂളിൽ വിട്ട വീടിനു തൊട്ടടുത്ത മുങ്കിൽ ലിറ്റിൽ ഫ്ലവർ സ്‌കൂളിൽ ഒന്നാം ക്ലാസിൽ ചേർത്തപ്പോൾ നാട്ടിൽ അതൊരു വിപ്ലവ ചർച്ചാവിഷയമായി. ഒത്തിരി പേർ എന്നോട് അതിന്റെ കാരണം അന്വേഷിച്ചു.

2019 - 2020 കാലഘട്ടത്തിൽ വരാനിരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിൽ വന്നേക്കാവുന്ന നയ മാറ്റങ്ങൾ അടിസ്ഥാനമാക്കി ഞാനൊരു റിസ്‌കിയായ തീരുമാനം എടുത്തു എന്ന മറുപടി നാട്ടിൽ ആർക്കും മനസിലായില്ല. പിന്നീട് നാട്ടിൽ കുറച്ച് പേർക്ക് അത് മനസിലായി. അതുകൊണ്ട് ഒരു കാര്യമുണ്ടായി. എന്റെ കൊച്ച് മക്കളെ 2018 ൽ ആ ലോക്കൽ സ്‌കൂളിൽ ചേർക്കുമ്പോൾ അവിടുത്തെ കുട്ടികളുടെ എണ്ണം 96 ആയിരുന്നു. ഏഴാം ക്ലാസുവരെയുള്ള ഒരു എയിഡഡ് യുപി സ്‌കൂൾ (അൺഎക്കണോമിക്) 2019 ൽ അത് 107 ആയി കൂടി. 11 പുതിയ കുട്ടികൾ. കൊറോണക്കാലത്ത് 2020 ൽ അത് 118 കുട്ടികളായി കൂടി.

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല. നാം ഏറെ സ്നേഹിക്കുന്ന, അല്ലെങ്കിൽ ഏറ്റവുമധികം സ്നേഹിക്കുന്ന സ്വന്തം കുട്ടികളുടെ ഭാവിയെ സംബന്ധിച്ച കാര്യങ്ങൾ നന്നായി ഗ്രഹപാഠം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയത്തെ കാവിവൽക്കരണം എന്നു പറഞ്ഞ് ആക്ഷേപിക്കാതെ അത് നന്നായി വായിച്ചു. എനിക്ക് മനസിലായ കാര്യങ്ങൾ നിങ്ങളെ അറിയിക്കുന്നു. സ്ഥാപിത താല്പര്യക്കാരനായ അദ്ധ്യാപക തൊഴിലാളി സംഘടനകൾ പറയുന്നത് കേൾക്കാതെ സാധ്യമായതൊക്കെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ പോയി ദേശീയ വിദ്യാഭ്യാസ നയം വായിക്കണം മനസിരുത്തി വായിക്കണം. എന്നിട്ട് പ്രതികരിക്കണം. വെറും വീട്ടമ്മമാരടക്കമുള്ള ശതകോടിവ്യക്തികളെ പുരോഗതിയിലേയ്ക്ക് ഉയർത്തുന്ന നിരവധി പരിഷ്‌ക്കാരങ്ങളാണ് പുതിയ നയത്തിലുള്ളത്.

2016 മെയ് 27 ന് മുൻ ക്വാബിനറ്റ് സെക്രട്ടറി ടിഎസ്ആർ സുബ്രഹ്മണ്യത്തിന്റെ അദ്ധ്യക്ഷതയിൽ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനുള്ള സമിതി റിപ്പോർട്ടു നൽകി. 30 വർഷത്തിന് ശേഷമായിരുന്നു രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയരൂപീകരണ നീക്കം നടന്നത്. ഈ റിപ്പോർട്ടിനെതിരെ വ്യാപകമായ വിമർശനങ്ങൾ വന്നതോടെ 2017 ജൂണിൽ അന്തിമ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനായി കസ്തൂരിഗംഗൻ കമ്മിറ്റി രൂപീകരിച്ചു. രാജ്യത്ത് കഴിഞ്ഞ 50 വർഷമായി തുടരുന്ന 10പ്ലസ് ടു സംവിധാനം അഴിച്ചു പണിയുന്നതോടൊപ്പം ബിരുദപഠനം വിശാലമാക്കാൻ നാലു വർഷത്തെ ബാച്ചിലർ ഓഫ് ലിബറൽ ആർട്സ് അടക്കമുള്ള വിപ്ലവ നടപടികളാണ് പുതിയ വിദ്യാഭ്യാസ നയത്തിലുള്ളത്.

നിലവിൽ പ്ലസ് ടു വരെയുള്ള രണ്ട് ഘട്ടത്തെ മാറ്റി സ്‌കൂൾ വിദ്യാഭ്യാസം നാല് ഘട്ടങ്ങളായി മൂന്നാം വയസ് മുതൽ 8 വയസ് വരെയുള്ള കുട്ടികൾക്കായി ഒന്നാം ഘട്ടം 8-11 പ്രായത്തിൽ രണ്ടാം ഘട്ടം എന്നിങ്ങനെയാണ് സ്‌കൂൾ വിദ്യാഭ്യാസം. അതായത് 5+3+3+4 പാഠ്യപദ്ധതി. പ്രീപ്രൈമറി സ്‌കൂൾ മുതൽ രണ്ടാം ക്ലാസ് വരെയാണ് ഒന്നാമത്തെ ഘട്ടത്തിൽ ഉൾപ്പെടുത്തുക. 3, 4, 5 ക്ലാസുകൾ രണ്ടാം ഘട്ടത്തിലും 6, 7. 8 ക്ലാസുകൾ അപ്പർപ്രൈമറി ഘടത്തിലും 9, 10, 11, 12 ക്ലാസുകൾ ഹൈസ്റ്റേജിലും ഉൾപ്പെടുത്തും.

ആദ്യത്തെ 5 വർഷങ്ങൾ കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും പഠനം സാദ്ധ്യമാകുന്ന വിധത്തിലാണ് തയ്യാറാക്കുന്നത്. ഏർലി ചൈൽഡ്ഹുഡ് കെയർ ആൻഡ് എഡ്യുക്കേഷൻ എന്ന വിഷയത്തിൽ നടന്ന ഗവേഷങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഈ ക്ലാസുകളിലെ പാഠ ഭാഗങ്ങൾ തയ്യാറാക്കുക. രണ്ട്മുതൽ എട്ടുവരെ വയസ് പ്രായത്തിലാണ് കുട്ടികൾ ഭാഷകൾ പഠിക്കുന്നത്. അക്കാലയളവിൽ ഒന്നിലധികം ഭാഷകൾ പഠിപ്പിക്കുന്നത് നേട്ടമുണ്ടാക്കും. ശാസ്ത്രവിഷയങ്ങൾ കുട്ടികളെ മാതൃഭാഷയിൽ പഠിപ്പിച്ചാൽ ആ അറിവുകൾ സാധാരണക്കാരുമായി പങ്കുവയ്ക്കാനും കൂടുതൽ ശാസ്ത്ര വിചിന്തനം നടത്താനും സാധിക്കുമെന്ന് തന്നെയാണ്.

സെക്കന്ററി സ്റ്റേജിൽ ഓരോ വർഷവും സെമിസ്റ്റുകളിലായി പഠനം പൂർത്തിയാകുകയും ചെയ്യും. പ്രീ യൂണിവേഴ്സിറ്റി ഇന്റർമീഡിയറ്റ്, ജൂണിയർ കോളേജ് എന്നിങ്ങനെ നിലനിൽക്കുന്ന സംവിധാനങ്ങളൊക്കെ പുതിയ നയത്തിന്റെ ഭാഗമായി ഹൈ സെക്കന്ററി വിഭാഗമായി മാറും. വളരെ വിപ്ലവകരമായ ഒരു സ്‌കൂൾ വിദ്യാഭ്യാസ മാറ്റത്തിന് ദേശീയ വിദ്യാഭ്യാസ നയം രൂപം നൽകിയിരിക്കുന്നതെന്ന കാര്യം നാം അംഗീകരിക്കണം. സങ്കുചിത ചിന്തകൾക്കപ്പുറത്ത് ലോകത്തിൽ വിദ്യാഭ്യാസ മേഖലയിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് നാം പഠിക്കണം. അല്ലാതെ കാവിവൽക്കരണം എന്നു പറഞ്ഞ് പിൻതിരിഞ്ഞ് നിൽക്കരുത്.

വിദ്യാഭ്യാസ നിലവാരം ആഗോളതലത്തിൽ അളക്കപ്പെടുന്ന അളവുകോലാണ് പിഐഎസ്എ. മൂന്ന് വർഷത്തിലൊരിക്കൽ ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും വിദ്യാർത്ഥികളെയും പഠന വിധേമാക്കിയിട്ടാണ് ഈ സർവേ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഏറ്റവും ഒടുവിൽ പിഐഎസ്എ സർവേ ഫലങ്ങൾ പുറത്തുവിട്ടത് 2018 ലാണ്. 2018 ലെ പിഐഎസ്എ സർവേയിൽ സിങ്കപ്പൂർ ജപ്പാൻ, എസ്റ്റോണിയ, വിൻലന്റ്, കാനഡ എന്നീ രാജ്യങ്ങളാണ് ആദ്യത്തെ നാല് റാങ്കുകൾ കരസ്ഥമാക്കിയത്.

ലോകോത്തര വിദ്യാഭ്യാസ വിദഗ്ധനും ഹാർവാർഡ് യൂണിവേഴ്സിറ്റി അദ്ധ്യാപകനുമായ പ്രൊഫ. ഹൊവാർഡ് ഗാർഡനർ ലോകത്തോട് പറയുന്നത് നിങ്ങൾ ഫിൻലന്റിലെ സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദാം പഠനവിദേയമാക്കുക. ലോകത്തിലെ ഏറ്റവും ഫലപ്രദമായ സ്‌കൂൾ വിദ്യാഭ്യാസം നൽകുന്നത് ഫിൻലന്റാണ് എന്നതാണ്. ഫിൻലന്റിൽ സ്‌കൂൾ വിദ്യാഭ്യാസം ആരംഭിക്കുന്നത് ഡെകെയർ, ഒരു വർഷ പ്രീ സ്‌കൂൾ (6 വയസ് വരെ), 9 വർഷത്തെ നിർബന്ധിത അടിസ്ഥാന വിദ്യാഭ്യാസം (7 വയസിൽ തുടങ്ങി 16 വയസിൽ അവസാനിക്കുന്നത്) പിന്നീട് നിർബന്ധിത സെക്കന്ററി ജനറൽ വൊക്കേഷണൽ വിദ്യാഭ്യാസം എന്നിങ്ങനെയാണ്. യുണൈറ്റഡ് നേഷൻസിന്റെ എഡ്യുക്കേഷൻ ഇൻഡെക്സിൽ ഫിൻലാൻഡാണ് ഒന്നാം സ്ഥാനത്ത്. 0.993 മാർക്കോടെ ഫിൻലാൻഡ് ഒന്നാം സ്ഥാനത്തെത്താൻ കാരണം അവരുടെ സ്‌കൂൾ വിദ്യാഭ്യാസ ശൈലിയാണ്.

സയൻസിലും കണക്കിലും വായനയിലും പിഐഎസ്എ സൂചികയിൽ ഒന്നാം സ്ഥാനത്ത് ഫിൻലാൻഡ് തന്നെയാണ്. കുട്ടികൾക്കായുള്ള പുസ്തകങ്ങൾ ഏറ്റവും കൂടുതൽ പ്രസിദ്ധീകരിക്കുന്നത് ഫിൻലാൻഡാണ്. ഫിൻലാൻഡിൽ നഴ്സറി സ്‌കൂൾ അദ്ധ്യാപകർക്കാണ് കോളജ് അദ്ധ്യാപകരെക്കാൾ കൂടുതൽ ശമ്പളം. ബിരുദാനന്തര ബിരുദവും കുട്ടികളെ നോക്കാനുള്ള മനസുണ്ടെന്ന് എഴുത്ത് പരീക്ഷയിലൂടെ കണ്ടെത്തിയാൽ മാത്രമെ ഫിൻലൻഡിൽ നഴ്സറി സ്‌കൂൾ അദ്ധ്യാപികയാകാൻ സാധിക്കൂ. (നമ്മുടെ നാട്ടിലെ അംഗൻവാടി) 3 വയസ്സുവരെ കുട്ടികളെ നോക്കുന്ന ഡെകെയറിൽ 12 കുട്ടികളെ മാത്രമാണ് ഒരു ക്ലാസിൽ അനുവദിക്കുന്നത്. ഇതിനായി ഒരു ടീച്ചറും രണ്ട് നഴ്സുമാരും ഉണ്ടായിരിക്കണം. 3 വയസ് മുതൽ 6 വയസ് വരെ ഒരു ക്ലാസിൽ 20 കുട്ടികളെ പ്രവേശിപ്പിക്കാം. കുട്ടികളിൽ 90% ബുദ്ധി വികസിക്കുന്നത് ആദ്യത്തെ 5 വയസ്സിനുള്ളിലാണെന്ന് ആഗോള തലത്തിലും ന്യൂറോളജിക്കൽ പഠനങ്ങൾ തെളിയിക്കുന്നു.

ദേശീയ വിദ്യാഭ്യാസ നയത്തിലെ ഏറ്റവും സ്വീകാര്യമായ ഭാഗവും ഇത് തന്നെ. നമ്മുടെ നാട്ടിലെ അംഗൻവാടികളുടെ അവസ്ഥയെപ്പറ്റി നാം വിശദീകരിക്കേണ്ടതില്ല. എത്ര പരിതാപകരമാണ് അവിടുത്തെ അവസ്ഥ. അവിടെ നിന്നാണ് നമ്മുടെ മിക്ക കുഞ്ഞുങ്ങളും വളരുന്നതെന്ന കാര്യം നാം മറക്കരുത്. ഏറ്റവും കൂടുതൽ പരിചരണം ലഭിക്കേണ്ട ബാല്യകാലത്താണാ നാം കുഞ്ഞുങ്ങളെ അവിടേയ്ക്ക് വിടുന്നത്. അംഗൻവാടിയിലെ ആയമാർക്ക് ലഭിക്കുന്നതോ പ്രതിമാസം 12000 രൂപയിൽ താഴെ. സഹായിക്ക് 6000 രൂപയും. ഒരു കുഞ്ഞിനെ സ്വന്തം വീട്ടിൽ നോക്കണമെങ്കിൽ നാം പ്രതിമാസം 15000 രൂപ ശമ്പളം നൽകണം. ഇത് പറഞ്ഞതിന്റെ പേരിലാണ് കുട്ടികളെ നോട്ട തൊഴിലാളി യൂണിയൻ നടൻ ശ്രീനിവാസനെതിരെ വനിതാകമ്മിഷൻ കേസെടുത്തത്. കഴിഞ്ഞ കാലഘട്ടങ്ങൾ അംഗങ്ങളും ചെയർ പേഴ്സൺ വരെ ആയിരുന്നവരും അവരുടെ മക്കളും അവരുടെ മക്കളെ തൊട്ടടുത്ത അംഗൻവാടിയിലാണോ അതോ പരിഷ്‌കൃത നഴ്സറിയിലാണോ വിടുന്നതെന്നും വെളിപ്പെടുത്തണം. വനിതാ കമ്മിഷന് മാന്യതയുണ്ടെങ്കിൽ ശ്രീനിവാസനെതിയുള്ള കേസ് പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP