Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലാ കാര്യത്തിലും നമ്പർ വൺ എന്ന് മേനി പറയുന്ന നാട്ടിൽ ആംബുലൻസിൽ പോലും ഒരു സ്ത്രീക്ക് സുരക്ഷിതമായി ആശുപത്രിയിൽപോകാൻ സാധിക്കുന്നില്ലെങ്കിൽ ഇവിടെ എന്ത് കുന്തം പുരോഗമന ജനായത്ത രാഷ്ട്രീയമാണുള്ളത്? ആംബുലൻസ് പീഡനം : കേരളമേ ലജ്ജിക്കൂ! ജെ.എസ്. അടൂർ എഴുതുന്നു

എല്ലാ കാര്യത്തിലും നമ്പർ വൺ എന്ന് മേനി പറയുന്ന നാട്ടിൽ ആംബുലൻസിൽ പോലും ഒരു സ്ത്രീക്ക് സുരക്ഷിതമായി ആശുപത്രിയിൽപോകാൻ സാധിക്കുന്നില്ലെങ്കിൽ  ഇവിടെ എന്ത് കുന്തം പുരോഗമന ജനായത്ത രാഷ്ട്രീയമാണുള്ളത്? ആംബുലൻസ് പീഡനം : കേരളമേ ലജ്ജിക്കൂ! ജെ.എസ്. അടൂർ എഴുതുന്നു

ജെ എസ് അടൂർ

 ആംബുലൻസ് പീഡനം : കേരളമേ ലജ്ജിക്കൂ !

ആംബുലൻസിലെ സ്ത്രീ പീഡനം നമ്മൾ ഓരോരുത്തരെയും ലജ്ജിപ്പിക്കണം. കാരണം ഇതു ആദ്യമല്ല ഇങ്ങനെ നടക്കുന്നത്. വാളയാറിലെ കുഞ്ഞുങ്ങളുടെ രക്തം ഇപ്പോഴും ഈ ഭൂമിയിൽ നീതിക്കായ് നിലവിളിക്കുന്നു. 2019 ലെ കേരള പൊലീസിന്റെ കണക്കു പ്രകാരം ഓരോ മണിക്കൂറിലും കേരളത്തിൽ ഒരു സ്ത്രീയോ പെൺകുട്ടിയോ അതിക്രമങ്ങൾ നേരിടുന്നു. പൊലീസ് റിപ്പോർട്ട് ചെയ്തതിന്റെ എത്രയോ മടങ്ങാണ് റിപ്പോർട്ട് ചെയ്യപ്പെടാത്ത അക്രമങ്ങൾ.

കേരളം ഏതൊക്ക കാര്യത്തിൽ മുന്നിലാണ്? ലോകത്തിലെ ഒന്നാം സ്ഥാനം ചിന്തകർ ഭരിക്കുന്ന സംസ്ഥാനമാണെന്നാണ് പലരും അന്താരാഷ്ട്ര തലത്തിൽപോലും പറയുന്നത് എന്നത് പലരെയും സന്തോഷിപ്പിക്കുന്ന വാർത്ത. നീതി അയോഗിന് എസ് ഡി ജി ഇൻഡെക്‌സിൽ കേരളം ഒന്നാമത്. പക്ഷെ അതിൽ അഞ്ചാമത്തെ ലിംഗ സമത്വത്തിലാണ് (ജണ്ടർ ഇക്വലിറ്റി ) എന്നതിലാണ് കേരളത്തിന്റെ ഐറണി. കാരണം കേരളത്തിൽ സ്ത്രീ പുരുഷ അനുപാതം മുന്നിലാണ്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിൽ മുന്നിൽ തന്നെ . പക്ഷെ അങ്ങനെയുള്ള സ്ഥിതി വിവരക്കണക്കിന് നേരെ വിപരീതമായ അവസ്ഥയിലാണ് കേരളത്തിലേ കക്ഷി രാഷ്ട്രീയത്തിലും സമൂഹത്തിലുമുള്ള ആൺകൊയ്മ.

പലതിലും നമ്മൾ ഒന്നാമത് എന്ന് ഊറ്റം കൊള്ളുന്ന നാട്ടിലാണ് ഒരു ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന പെൺകുട്ടിക്ക് പോലും സുരക്ഷ ഇല്ലാത്തത്. അതും സർക്കാർ സംവിധാനത്തിന്റെ ഭാഗമായ ആംബുലെൻസിൽ കേരളത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള പീഡനങ്ങളും അക്രമങ്ങളും എല്ലാ വർഷവും കൂടുന്നു. കേരളത്തിൽ 2019ൽ മാത്രം 2076 ബലാൽസംഗ കേസുകളും 4579 മോളേസ്റ്റേഷൻ /സ്ത്രീ പീഡനം കേസുകളണ്. 224 സ്ത്രീകളെയാണ് തട്ടിക്കൊണ്ടു പോയിരിക്കുന്നത്. സ്ത്രീധന പീഡനങ്ങളും മരണവും കുറയുന്നില്ല. 2019 കേരള പൊലീസ് കണക്കു അനുസരിച്ചു 1113 പെൺകുട്ടികളാണ് ബലാൽസംഗം ചെയ്യപ്പെട്ടത്.

പൊലീസ് റിപ്പോർട് ചെയ്തത്. 2015 ഇൽ അത് 1256 റേപ്പ്. 3987. സ്ത്രീ പീഡനം. 2013 മുതലുള്ള പൊലീസ് കേസുകൾ പരിശോധിച്ചാൽ അറിയാം കേരളം എങ്ങനെയാണ് സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ 'പുരോഗമിച്ചതെന്നു'..ഇതാണ് കേരളത്തിന്റെ നികൃഷ്ടമായ അവസ്ഥ.
കേരളത്തിലേതു രോഗാതുരമായ പുരുഷാധിപത്യമുള്ള സമൂഹം മാത്രമല്ല പല തലത്തിൽ സിനിക്കലായി എല്ലാം കക്ഷി രാഷ്ട്രീയ ലെൻസിലൂടെ മാത്രം കാണുവാൻ സാധിക്കുന്നവർ.

കേരളമേ ലജ്ജ്ജിക്കൂ. !സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും ബലാത്സംഗങ്ങളും പീഡനങ്ങളും സ്ത്രീധനം പീഡനങ്ങളും കൊലപാതകങ്ങളും അത് പോലെ പെൺകുട്ടികൾക്ക് പോലും സുരക്ഷയില്ലാത്ത സമൂഹമായി മാറിയ നമ്മൾക്ക് എന്ത് നവോത്ഥാന മൂല്യങ്ങളാണ് ഉള്ളത്? ഇങ്ങനെയുള്ള നികൃഷ്ട പാതകങ്ങൾ നടന്നു ഇരുപത്തി നാലു മണിക്കൂർ കഴിയുമ്പോൾ മീഡിയ പുതിയ വിവാദങ്ങളുടെ പുറകെ പോകുമ്പോൾ കാര്യങ്ങൾ പഴയ പടി.

സർക്കാർ കാര്യങ്ങൾ മുറപോലെ. സ്ത്രീ കമ്മീഷനും മുറപോലെ. എന്തിനാണ് ശമ്പളവും വണ്ടിയും സർക്കാർ സന്നാഹങ്ങളും മൊക്കെയുള്ള നിഷ്ഫല കമ്മീഷൻ? കേരള സമൂഹമേ ലജ്ജിക്കുക !കേരളത്തിലെ സർക്കാരെ ലജ്ജിക്കുക. എല്ലാ കാര്യത്തിലും ഒന്നാമത് എന്ന് മേനി പറയുന്ന നാട്ടിൽ ആംബുലൻസിൽ പോലും ഒരു സ്ത്രീക്ക് സുരക്ഷിതമായി ആശുപത്രിയിൽപോകാൻ സാധിക്കുന്നില്ലെങ്കിൽ ഇവിടെ എന്ത് കുന്തം പുരോഗമന ജനായത്ത രാഷ്ട്രീയമാണുള്ളത്?

ഇതിന് സർക്കാർ മാത്രം അല്ല ഉത്തരവാദി. നമ്മൾ ഓരോരുത്തരും ഉത്തരവാദികളാണ്. നമ്മുടെ മൗനങ്ങൾ. അത് ദൂരെ എവിടെയോ സംഭവിക്കുന്നയോന്നാണെന്ന ധാരണകൾ. സ്ത്രീകൾക്ക് നേരെ വാക്കുകൾകൊണ്ടും നോക്കുകൾ കൊണ്ടും ആദ്യം അക്രമങ്ങൾ നടക്കുന്നത് വീട്ടിലാണ്. അത് നാട്ടിൽ അറിയുമ്പോൾ മാത്രമാണ് രോഗാതുരമായ പുരുഷ മേധാവിത്ത സമൂഹ മനസ്ഥിതി ഇടക്ക് ഇടക്ക് പുറത്തു വരുന്നത് ഒരു സമൂഹത്തിന്റെ ജനായത്ത സ്വഭാവത്തിന്റ അളവുകോൽ ലിംഗ സ്മത്വവും സ്ത്രീ പുരുഷ തുല്യതയുമാണ്.

കേരളത്തിൽ ജനായത്തത്തെകുറിച്ച് വാ തോരാതെ പ്രസംഗം കൂടുതൽ ഉണ്ടെങ്കിലും പ്രവർത്തിയിൽ നാം ഇപ്പോഴും പുരുഷ മേൽക്കോയ്മയും ഭോഗ ദാരിദ്ര്യവും അത്‌പോലെ ജാതി മത മനസ്ഥിതികളും കൊണ്ടു നടക്കുന്ന സെമി ഫ്യൂഡൽ സമൂഹമാണ്. അത് തിരിച്ചറിഞ്ഞു വീട്ടിലും നാട്ടിലും ജനായത്ത മൂല്യങ്ങൾ കൊണ്ടു വന്നില്ലെങ്കിൽ ഇരട്ടത്താപ്പ് രാഷ്ട്രീയവും വിരോധാഭാസം നിറഞ്ഞ ഒരു സമൂഹമായി നമ്മൾ കക്ഷി രാഷ്ട്രീയം മാത്രമാണ് രാഷ്ട്രീയം എന്ന ധാരണയിൽ ജീവിച്ചു മരിക്കും കേരളം മാറണമെങ്കിൽ മലയാളികളുടെ മനസ്സ് മാറണം. സ്ത്രീ തുല്യത തുടങ്ങേണ്ടത് വീട്ടിൽ നിന്നാണ്. അത് വളരെ കുറവ് ആയതുകൊണ്ടാണ് കേരളത്തിന്റെ അസംബ്ലിയിൽ പോലും സ്ത്രീകൾ കുറവാകുന്നത്
ആ സ്ഥിതി മാറണം. മാറ്റണം 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP