Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

കോൺഗ്രസിനെ വിമർശിച്ചു ഇല്ലാതെയാക്കിയാൽ കേരള രാഷ്ട്രീയത്തിന്റെ പുറമ്പോക്കിൽ പോലും ക്രിസ്ത്യാനികൾ കാണില്ല; കേരളത്തിൽ ബി ജെപിക്ക് വഴിവെട്ടുന്ന ക്രിസ്ത്യൻ സഭകൾ ക്രിസ്ത്യാനികൾക്ക് എതിരെ യൂപിയിലും ഒഡീഷയിലും ഗുജറാത്തിലും നടന്ന അക്രമണങ്ങൾ മറക്കരുത്: ജെ.എസ്.അടൂർ എഴുതുന്നു

കോൺഗ്രസിനെ വിമർശിച്ചു ഇല്ലാതെയാക്കിയാൽ കേരള രാഷ്ട്രീയത്തിന്റെ പുറമ്പോക്കിൽ പോലും ക്രിസ്ത്യാനികൾ കാണില്ല; കേരളത്തിൽ ബി ജെപിക്ക് വഴിവെട്ടുന്ന ക്രിസ്ത്യൻ സഭകൾ ക്രിസ്ത്യാനികൾക്ക് എതിരെ യൂപിയിലും ഒഡീഷയിലും ഗുജറാത്തിലും നടന്ന അക്രമണങ്ങൾ മറക്കരുത്: ജെ.എസ്.അടൂർ എഴുതുന്നു

ജെ.എസ്.അടൂർ

 ബിജെപി ക്കു വഴിവെട്ടുന്നവരോട്

കേരളത്തിൽ ഇപ്പോൾ ബിജെപി യുടെ മാഹാത്മ്യം ഒളിഞ്ഞും തെളിഞ്ഞും പറയുന്നു ക്രിസ്ത്യൻ പേരുകളുള്ള ഐഡികൾ ഫേസ് ബുക്കിലും വാട്‌സ്ആപ്പിലും കാണാം. ഈ നരേറ്റിവുകൾ പഠിച്ചാൽ അതിന്റ പിന്നിൽ ആരൊക്കയാണ്, എന്തുകൊണ്ടാണ് എന്ന് മനസിലാക്കാം.

അവരുടെയെല്ലാം ടാർഗറ്റ് എന്താണ് എന്നും.

മൂന്നു തരത്തിലുള്ള ക്രിസ്ത്യൻ പേരുള്ള പ്രൊഫൈലുകളാണ്.

1) സംഘപരിവാർ നടത്തുന്ന സോഷ്യൽ മീഡിയ വാർ റൂമിൽ നിന്നുള്ള ഫേക്ക് ഐഡികൾ

ഇവരെ എങ്ങനെ തിരിച്ചറിയാം? ക്രിസ്ത്യൻ പേരുകളിൽ മിക്കവാറും സ്‌പെല്ലിങ് തെറ്റുകൾ കാണും. ഉദാഹരണം : Peetar jhon, അല്ലെങ്കിൽ Agastene. അത്‌പോലെ വിചിത്രമായ പേരുകൾ. അവയുടെ എല്ലാം പ്രൊഫൈൽ ലോക്ക് ചെയ്തിരിക്കും. പ്രൊഫൈൽ ഫോട്ടോ കുരിശോ, അല്ലെങ്കിൽ നക്ഷത്രമൊ, യേശുവോ ഒക്കെ ആയിരിക്കും.

ഇവർ ക്രിസ്ത്യാനികളെകുറിച്ച് ആരു എന്ത് പറഞ്ഞാലും വെട്ടുകിളികളെപ്പോലെ ഓടിക്കൂടി തെറി വിളിക്കും. ഇവരിൽ യഥാർത്ഥ ക്രിസ്ത്യാനികൾ ഇല്ല.

2) ബിജെപി ന്യൂനപക്ഷ മോർച്ചയുടെ ക്യാമ്പയിൻ. ഇവർ സംഘിവൽക്കരിക്കപ്പെട്ട അമ്പതോ നൂറോ പേരുടെ ഗ്രൂപ്പാണ്. പക്ഷെ ഫേക്ക് ഐഡികൾ അടക്കം അതിന്റ നാലിരട്ടി ഉണ്ടെന്ന് തോന്നും

3) കഴിഞ്ഞ മൂന്ന് മാസം കൊണ്ട് കേരളകോൺഗ്രസ്സ് ജോസ്മാണി വിഭാഗം ഔട്ട്സോഴ്‌സ് ചെയ്തിരിക്കുന്ന ക്രിസ്ത്യൻ സോഷ്യൽ മീഡിയ ടീം

കത്തോലിക്ക സഭയിലെ ഒരു വിഭാഗത്തിന്റെ ഒത്താശയോട് കൂടിയാണത്. ഇവരുടെ എല്ലാം കാമ്പയിൻ ടാർഗറ്റ് കോൺഗ്രസ്സും യൂ ഡി എഫുമാണ്.

അവരുടെ നരേറ്റീവ് താഴെപറയുന്നവയാണ്

1) ക്രിസ്ത്യാനികൾ അസമത്വം നേരിടുന്നു

2) മുസ്ലിങ്ങൾ ക്രിസ്ത്യൻ വിരുദ്ധരാണ്. അവർ ലൗ ജിഹാദ് നടത്തുന്നു. ആയിരക്കണക്കിന് ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുന്നു. ഹലാൽ ബിസിനസ് കൊണ്ട് ക്രിസ്ത്യൻ ബിസിനസ് തകർക്കുന്നു.

3) മുസ്ലിം ലീഗ് ക്രിസ്ത്യൻ വിരുദ്ധരാണ്. അതിന് ഉദാഹരണം : ഹാഗി സോഫി എന്ന ഏറ്റവും പഴയ ക്രിസ്ത്യൻ പള്ളി 1453 ഇൽ മോസ്‌ക്ക് ആക്കി അത്തതൂർക്ക് മ്യൂസിയമയക്കിയ ഇപ്പോൾ മുസ്ലിം പള്ളിയാക്കിയതിനെ ന്യായീകരിച്ചു ചന്ദ്രിക പത്രത്തിൽ ഒരു ലേഖനം വന്നത്

4) അതുകൊണ്ട് മുസ്ലിം 'മത മൗലീക' വാദികളെ കൂടെകൂട്ടുന്ന കോൺഗ്രസ്സിന് വോട്ടു നൽകരുത്.

ഈ നാലാമത്തെ ലോജിക്കാണ് എ വിജയ രാഘവൻ ആവർത്തിച്ച് പറയുന്നത്. അത് തന്നെയാണ് ജോസ് മാണി കേരളാ കോൺഗ്രസ്സ് കത്തോലിക്കാ പ്രൊഫൈലുകളിലൂടെ സോഷ്യൽ മീഡിയ ക്യാമ്പയിൻ നടത്തുന്നത്.

എ വിജയ രാഘവൻ കേരളത്തിൽ ക്രിസ്ത്യാനികളുടെ ഇടയിലും ഹിന്ദുക്കളുടെ ഇടയിലും പലരുടെയും ഉള്ളിൽ ഉള്ള മുസ്ലിം വിരുദ്ധ മനോഭാവത്തെ വോട്ടാക്കാനുള്ള പുതിയ ഡിവൈഡ് ആൻഡ് റൂൾ തന്ത്രമാണ്.

ചങ്ങനാശ്ശേരി, കോട്ടയം, പാലാ, തൃശൂർ മേഖലയിൽ ഉള്ള കത്തോലിക്കാ സമുദായത്തെ മൈക്രോ ലെവൽ ടാർഗെറ്റിങ് നടത്തിയുള്ള സോഷ്യൽ മീഡിയ, വിസ്പറിങ് ക്യാമ്പയിനാണ്. ഇതു നടത്തുന്നത് ക്രിസ്ത്യാനികളെ പ്രതേകിച്ചു കത്തോലിക്കരെ മൈക്രോ ടാർഗറ്റ് ചെയ്തുള്ള രണ്ടു മെസ്സേജ് ആണ് : ഒന്ന് മുസ്ലിം ലീഗ് ക്രിസ്ത്യൻ വിരോധികൾ. രണ്ടു. മുസ്ലിം ലീഗാണ് കോൺഗ്രസ്സിനെ നയിക്കുന്നത്. അതുകൊണ്ട് യൂ ഡി എഫ് ന് വോട്ടു കൊടുക്കരുത്

ഇതു സി പി എം സംവിധാനം സ്‌പോൺസർ ചെയ്തു ജോസ് മാണി കേരള കോൺഗ്രസ്സ് വഴി നടത്തുന്ന അടവ് നയ ക്യാമ്പിനാണ്. അത് നടത്തുന്നത് സഭയിൽ ചിലരെ കോ ഓപറ്റ് ചെയ്തും അതെ സമയം അതെ നരേറ്റിവ് സോഷ്യൽ മീഡിയ വഴിയും ലോക്കൽ പാരിഷ് /ഫാമിലി ഗ്രൂപ്പുകൾ വഴി പരത്തിയുമാണ്.

മുസ്ലിം ലീഗിന് 9% ത്തോളം വോട്ടു കിട്ടിയപ്പോൾ കോൺഗ്രസിന് 28% ത്തോളം വോട്ടു കിട്ടി. കോൺഗ്രസ് mov മുസ്ലിം ലീഗാണ് കാര്യം നടത്തുന്നത് എന്നത് വാസ്തവ വിരുദ്ധമാണ്. പക്ഷെ ഒരു കാര്യം നൂറു പേർ നൂറു പ്രാവശ്യം പറഞ്ഞാൽ സോഷ്യൽ മീഡിയ ഇക്കൊ ചെമ്പറിൽ അത് പൊതു ധാരണയാകും. മുഖ്യധാര മാധ്യമങ്ങൾ ഏറ്റെടുക്കും.

മുകളിൽ പറഞ്ഞ ആദ്യ രണ്ടു ഗ്രൂപ്പുകൾ മുസ്ലിം വിരോധം കുത്തിവച്ചു ക്രിസ്ത്യാനികളുടെ ഇടയിൽ ബിജെപി അനുകൂല മനസ്ഥിതിയുണ്ടാക്കാൻ ശ്രമിക്കുന്നു. മൂന്നാമത്തെ ജോസ് മാണി ഗ്രൂപ്പ് മുസ്ലിം ലീഗ് വിരുദ്ധ നരേറ്റിവിലൂടെ കോൺഗ്രസ്സിനെ ടാർഗറ്റ് ചെയ്യുന്നു.

പക്ഷെ ഈ കാര്യങ്ങൾ മനസ്സിലാക്കാൻ കേരളത്തിലെ പൊളിറ്റിക്കൽ സോഷ്യോലെജി മനസ്സിലാക്കണം. അത് പോലെ പൊളിറ്റിക്കൽ ഇക്കൊണമിയും.

കേരളത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ അഞ്ചു ദിശകങ്ങളിൽ ഒരു സവർണ്ണ മേൽക്കോയ്മ സാമൂഹിക രാഷ്ട്രീയം രൂപപെട്ടു. അത് N-N-N എന്ന നമ്പൂതിരി, നായർ -നസ്രാണി ഹെജമണി ആയിരുന്നു. അത് അറിയണമെങ്കിൽ 1950 കളിലെ രാഷ്ട്രീയ പാർട്ടികളുടെയും ബിസിനസ് സംരഭങ്ങളുടെയും ഭൂ സ്വത്തിന്റെയും കണക്ക് പഠിച്ചാൽ മതി.

ഈ മേൽകോയ്മയെ ആദ്യം ചോദ്യം ചെയ്തത് എണ്ണത്തിൽ കൂടുതലായ ഈഴവ സമുദായമാണ്. കേരളത്തിൽ ആർ ശങ്കർ മുഖ്യമന്ത്രിയായപ്പോൾ മുതൽ കൂടിയ അസ്വസ്ഥത കൂടിയാണ് കോൺഗ്രസിൽ പുതിയ ക്രിസ്ത്യൻ വിഭാഗീയയുണ്ടായത്. അതിൽ പി ടി ചാക്കോയെ ടാർഗറ്റ് ചെയ്യുന്നു എന്ന വികാരത്തിലാണ് നായർ പിന്തുണയോടെ കേരള കോൺഗ്രസ് ഉണ്ടായത്.
കോൺഗ്രസ് ക്ഷീണിച്ച അവസ്ഥയിൽ സപ്തമുന്നണിയുണ്ടാക്കി മുസ്ലിം ലീഗിനെ ഘടക കക്ഷിയാക്കിയാണ് സി പി എം കേരളത്തിൽ ആദ്യമായി 1967 ഇ എം സി ന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്നത്. 1957 ഇൽ സിപിഐ മന്ത്രി സഭയായിരുന്നു.

അന്ന് നല്ലതായിരുന്ന മുസ്ലിം ലീഗ് ഇന്ന് വിജയരാഘവനും സി പി എം നും മത മൗലീക വാദികൾ ആയതു എന്തുകൊണ്ടാണ്?

1) അന്ന് മുസ്ലിങ്ങൾ സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹികമായും കേരളത്തിൽ പാർശ്വവൽക്കരിക്കപെട്ട സമൂഹം.

അതുകൊണ്ട് തന്നെ കേരളത്തിൽ വ്യവസ്ഥാപിതമായ 3 N മേൽക്കോയ്മക്കുള്ളിൽ ഒരു അക്കൊമെഡിറ്റിവ് രാഷ്ട്രീയമായിരുന്നു.

അന്ന് പൊതുവെ കമ്മ്യുണിസ്റ്റ് വിരുദ്ധരായിരുന്ന കത്തോലിക്ക/ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള കേരളകോൺഗ്രസ് സവർണ്ണ ജാതി നേതൃത്വമുള്ള സി പി എംനേ പിന്തുണക്കില്ല. അതിന് ബദലായാണ് വിമോചന സമര നേതാവ് ആയിരുന്ന വടക്കനച്ഛന്റെ പാർട്ടിയെ കൂടെകൂട്ടി സി പി എം വെല്ലിങ്ങ്ടണെ മന്ത്രിയാക്കി.

2) പക്ഷെ ഇന്ന് സ്ഥിതി മാറി. കേരളത്തിൽ 1987 മുതലാണ് സാമ്പത്തിക വളർച്ചയുണ്ടായത്.1987 മുതലാണ് കേരളത്തിൽ സെക്റ്ററിയൻ വിഭാഗ രാഷ്ട്രീയത്തിൽ നിന്നും മൃദു വർഗീയ രാഷ്ട്രീയത്തിന്റെ തുടക്കം. അത് അടവ് നയമാക്കിയത് ഇ എം എസ്.

എന്നാൽ 1990 കൾ മുതലുള്ള സാമ്പത്തിക വളർച്ചയിൽ അത് വരെ പാർശ്വവൽക്കരിക്കപെട്ട ഈഴവ സമൂഹവും മുസ്ലിം സമൂഹവും സാമ്പത്തികമായി വളർന്നു.

അതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന്. വിദ്യാഭ്യാസം കിട്ടിയ മുസ്ലിങ്ങൾ വലിയ തോതിൽ ഗൾഫിൽ പോയി പണം അയച്ചു. മക്കളെ പഠിപ്പിച്ചു. സാമൂഹിക - സാമ്പത്തിക രംഗങ്ങളിൽ മുന്നോട്ട് വന്നു.

രണ്ടു.ഗൾഫ് റെമിറ്റൻസിൽ വളർന്ന കേരള സാമ്പത്തിക രംഗത്തു സംരഭക ശീലമുള്ള ഈഴവർ സാമ്പത്തികമായി വളർന്നു. സാമ്പത്തിക വളർച്ചയും വിദ്യാഭ്യാസ വളർച്ചയും സാമൂഹിക വളർച്ചയും കൂടി

ഈഴവരുട സാമ്പത്തിക സാമൂഹിക വളർച്ചയിൽ സി പി എമിൽ തന്നെ ഈഴവ നേതൃത്വം വളർന്നു.

1960 കളിലെ പഴയ പാർശ്വവൽക്കരിക്കപ്പെട്ട മുസ്ലിം ലീഗിൽ നിന്നും സാമ്പത്തികവും വിദ്യാഭ്യാസപരമായും സാമൂഹികമായും മുന്നിലായ മുസ്ലിം ലീഗിനോട് അലോസരമുണ്ടാകുന്നതിന്റ പൊളിറ്റിക്കൽ സോഷ്യലെജി മനസ്സിലാക്കണം

കേരളത്തിലെ 3 N ഹെജമണി (സാമൂഹിക -രാഷ്ട്രീയ മേൽക്കോയ്മ ) കഴിഞ്ഞ ഇരുപത് വർഷങ്ങളിൽ മാറി മറിഞ്ഞു. ഈഴവ സമുദായവും മുസ്ലിം സമുദായവും കേരളത്തിലെ സാമ്പത്തിക -സാമുദായിക രാഷ്ട്രീയ മുഖ്യധാരയിൽ പ്രാബല്യം നേടി. രാഷ്ട്രീയമായി ശക്തിപ്രാപിച്ചു.

അതോടൊപ്പം 1992 ഇൽ ബാബറി മസ്ജിദ് തകർക്കലിന് ശേഷം കേരളത്തിൽ പുതിയ ഇസ്ലാമിസ്റ്റ് ന്യൂനപക്ഷ വർഗീയത വളർന്നതും ആഗ്രസ്സീവ് പോസ്റ്ററിങ്ങും ജന സംഖ്യ വർദ്ധനവുമെല്ലാം മറ്റു സമുദായങ്ങളി ലെ രാഷ്ട്രീയ പൊതുബോധത്തെ ബാധിച്ചു.

ഈഴവരുടെയും മുസ്ലിങ്ങളുടെയും സാമ്പത്തിക -സാമൂഹിക വളർച്ചയിൽ 3N അപ്പർഹാൻഡ് കുറഞ്ഞത് കേരളത്തിലെ പൊളിറ്റിക്കൽ സോഷ്യോലെജിയെ മാറ്റി മറിച്ചും.

1940കൾ മുതൽ 80കൾ വരെ ക്രിസ്ത്യൻ സമുദായം സാമൂഹികമായും വിദ്യാഭ്യാസപരമായും വളർന്നത് പോലെ 1990കൾ മുതൽ മുസ്ലിം സമുദായവും വളർന്നു. അത് സ്വാഭാവികമായി സംഭവിച്ച സാമൂഹിക പരിണാമമാണ്.

കേരളത്തിൽ ഇതു ഏറ്റവും അരക്ഷിതരാക്കിയത് നായർ - നസ്രാണി വിഭാഗങ്ങളെയാണ്.

നസ്രാണി വിഭാഗംസാമൂഹികമായും സാമ്പത്തികമായും ഏറ്റവും മുന്നിൽ നിൽക്കുന്നു എങ്കിലും രാഷ്ട്രീയമായി പാർശ്വവൽക്കരിക്കപ്പെടുന്നു എന്ന തോന്നൽ വ്യാപകമാണ്. അതിന് ഒരു കാരണം ഏറ്റവും കൂടുതൽ ബ്രയിൻ ഡ്രയിൻ (Brain drain ) ഉണ്ടായത് ക്രിസ്ത്യാനികൾക്കിടയിലാണ്. അവർ ഗ്ലോബലൈസ് ചെയതപ്പോൾ ലോക്കലിൽ ക്ഷീണിച്ചു.

പത്തനംതിട്ട ജില്ല ഉദാഹരണമാണ്. ക്രിസ്ത്യാനികൾക്ക് നെഗറ്റീവ് ഗ്രോത്താണ്. കാരണം നാല്പത് ശതമാനം ക്രിസ്ത്യാനീകൾ യൂറോപ്പ്, അമേരിക്ക, കാനഡ ഓസ്ട്രെലിയ, ന്യൂസിലാൻഡ് എന്നുവിടങ്ങളിൽ കുടിയെറി. ബാക്കി ഉള്ളവർ ഗൾഫിൽ.

കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടികളിലും കോൺഗ്രസ് പാർട്ടിയിലും ക്രിസ്ത്യൻ നേതാക്കളുടെ റോൾ കുറഞ്ഞു.ഉള്ളവർ പ്രായമായി.

അടുത്ത പത്തു കൊല്ലത്തിൽ കേരളത്തിൽ കൃസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള നേതാക്കൾ കോൺഗ്രസ്സിൽ ഇല്ലെന്നുള്ളത് ആ സമൂഹത്തിൽ രാഷ്ട്രീയ അരക്ഷിത ബോധം കൂട്ടിയെന്നുള്ളത് വാസ്തവമാണ്. കോൺഗ്രസിൽ നിന്ന് മാറി ചിന്തിക്കാൻ ക്രിസ്ത്യാനികൾക്ക് ഇടനൽകിയ സാഹചര്യമാണ്. We are taken for granted എന്ന ധാരണ ക്രിസ്ത്യാനികളിൽ വളർന്നിട്ടുണ്ട്

കമ്മ്യുണിസ്റ്റ് പാർട്ടികളിൽ നസ്രാണികൾക്ക് കപ്യാർ റോൾ പോലും കിട്ടില്ല എന്ന ധാരണയുമുണ്ട്.

കെ എം മാണിയുടെ വിയോഗം ഒരു ട്രാൻസിസിഷൻ പോയന്റാണ്. അൽഫോൻസ് കണ്ണന്തനാവും ജേക്കബ് തോമസും ബിജെപി യിൽ പോയത് അവർക്കു കോൺഗ്രസ്സിലോ, കമ്മ്യൂണിസ്‌റ് പാർട്ടികളിലോ സ്പേസ് കിട്ടില്ല എന്നതുകൊണ്ടാണ്.

കേരളത്തിലെ സോഷ്യോളെജിയിൽ തിരുവിതാകൂർ മേഖലയിൽ നായർ -നസ്രാണി സാമൂഹിക സാമ്പത്തിക താല്പര്യങ്ങൾ സമാനമാണ്. സവർണ്ണ മനസ്ഥിതി രൂഢ മൂലമാണ്. അതും ബിജെപി ചായ്വിന് കാരണമാണ്.

ഇപ്പോൾ എൽ ഡി എഫ് ന്റെ കൂടെ നിൽക്കുന്ന ജോസ് മാണി കേരളകോൺഗ്രസ് മാറുന്ന രാഷ്ട്രീയ കാലാവസ്ഥയിൽ ബിജെപി യുടെ കൂടെ പോകാൻ മടികാണില്ല. ഇന്ന് എൽ ഡി എഫ് നെ പിന്തുണക്കുന്ന ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങൾ സാമൂഹികമായി വലതു പക്ഷമാണ്. ഭൂരിപക്ഷം മത വിശ്വാസികളാണ്

മുസ്ലീങ്ങൾക്ക് മുസ്ലിം ലീഗുണ്ട്, കേരള കോൺഗ്രസ് ശിഥിലമായി തകർന്നു. കോൺഗ്രസിൽ ലീഡർഷിപ്പ് റോൾ കുറഞ്ഞു. കമ്മ്യൂണിസ്‌റ് പാർട്ടികളിൽ ഒരു റോളും ഇല്ല. ഇതൊക്കെയാണ് ക്രിസ്ത്യൻ സമൂഹത്തെ രാഷ്ട്രീയമായി കൂടുതൽ അരക്ഷിതരാക്കുന്നത്. ആ അരക്ഷിത ബോധത്തെ തല്ക്കാല രാഷ്ട്രീയത്തിൽ ലാഭമുണ്ടാക്കാനാണ് എൽ ഡി എഫ് കൊഴ മാണി എന്ന് വിളിച്ച കെ എം മണിയുടെ മകനെ കൂടെ കൂടിയത്. അത് രാഷ്ട്രീയ സിമ്പോളിസം മാത്രമാണ്.

നസ്രാണി സമൂഹത്തിന്റെ സാമൂഹിക -രാഷ്ട്രീയ അരക്ഷിത ബോധത്തെ ലോങ്ങ് ടെമിൽ മുതൽ എടുത്തു ഒരു നായർ -നസ്രാണി -ഈഴവ ചേരുവയുണ്ടാക്കി ഭരണം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന് ആദ്യം വഴി വെട്ടുന്നത് കേന്ദ്ര സർക്കാരിന്റെ സഹായം വേണ്ട സഭയും കേരള കോൺഗ്രസ്സ്മായിരിക്കും.

അതിന് വേണ്ടത് കോൺഗ്രസ് മുക്ത കേരളമാണ്. കോൺഗ്രസ് മുക്ത കേരളത്തിൽ അടിമുടി തകരാൻ പോകുന്നത് സി പി എം ആയിരിക്കും.

കേരളത്തിൽ കോൺഗ്രസ്സും ഇടതു പക്ഷ പാർട്ടികളും നിലനിന്നു ശക്തമാക്കേണ്ടത് കേരളത്തിന്റ മത സൗഹൃദത്തിനും സമാധാനത്തിനും ആവശ്യമാണ്.ക്രിസ്തീയ സഭകളും അരക്ഷിത ബോധം കൂടിയ ക്രിസ്ത്യാനികളും കേരളത്തിൽ ബിജെപി ക്ക് വഴിവെട്ടിയാൽ അവർ ഇരിക്കുന്ന കൊമ്പ് മുറിക്കുകയായിരിക്കും..

കോൺഗ്രസ്സിനെ വിമർശിച്ചു ഇല്ലാതെയാക്കിയാൽ കേരള രാഷ്ട്രീയത്തിന്റെ പുറമ്പോക്കിൽ പോലും ക്രിസ്ത്യനികൾ കാണില്ല.കേരളത്തിൽ ബിജെപി ക്ക് വഴിവെട്ടുന്ന ക്രിസ്ത്യൻ സഭകൾ ക്രിസ്ത്യാനികൾക്കെതിരെ യൂ പി യിലും ഒഡീഷ്സയിലും ഗുജറാത്തിലും നടന്ന അക്രമണങ്ങൾ മറക്കരുത്.

ഫാദർ സ്റ്റാൻ സ്വാമി 84 വയസിൽ ഇന്നും ജയിലിലാണ്. ആരാണ് ജയിലിൽ അടച്ചത്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP