Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊവിഡ് 19 നെതിരെയുള്ള പ്രതിരോധം അടിസ്ഥാനപരമായി ഒരു രാഷ്ട്രീയ പ്രവർത്തനമാണ്; ജനങ്ങളുടെ കൂട്ടായ അവബോധത്തിന്റെയും കൂട്ടായ ശാസ്ത്ര ബോധത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും അധികാരം ഉറപ്പിക്കുന്ന തരം രാഷ്ട്രീയം; ഈ പബ്ലിക് ഹെൽത്ത് മോഡലാണ് നമ്മുടെ ഇപ്പോൾ നമ്മുടെ ശക്തി; ആശുപത്രികളോ സാങ്കേതിക സൗകര്യങ്ങളോ അല്ല; ശരിയായ ദിശയിലാണ് നമ്മളെന്ന് വീണ്ടും തെളിയിക്കുന്നു: ജി ആർ സന്തോഷ് കുമാർ എഴുതുന്നു

കൊവിഡ് 19 നെതിരെയുള്ള പ്രതിരോധം അടിസ്ഥാനപരമായി ഒരു രാഷ്ട്രീയ പ്രവർത്തനമാണ്; ജനങ്ങളുടെ കൂട്ടായ അവബോധത്തിന്റെയും കൂട്ടായ ശാസ്ത്ര ബോധത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും അധികാരം ഉറപ്പിക്കുന്ന തരം രാഷ്ട്രീയം; ഈ പബ്ലിക് ഹെൽത്ത് മോഡലാണ് നമ്മുടെ ഇപ്പോൾ നമ്മുടെ ശക്തി; ആശുപത്രികളോ സാങ്കേതിക സൗകര്യങ്ങളോ അല്ല; ശരിയായ ദിശയിലാണ് നമ്മളെന്ന് വീണ്ടും തെളിയിക്കുന്നു: ജി ആർ സന്തോഷ് കുമാർ എഴുതുന്നു

ജി ആർ സന്തോഷ് കുമാർ

കുറെ ദിവസമായി പറയണം പറയണം എന്ന് വിചാരിക്കുന്നു. വൈദ്യശാസ്ത്രത്തിലെ ഒരു മേഖലയിലും ഒരു സ്‌പെഷ്യലിസ്റ്റോ, വിദഗ്ദനോ അല്ലാത്ത ഒരാളാണ് ഇത് എഴുതുന്നത്. വൈദ്യശാസ്ത്രം പഠിക്കാൻ അവസരം ലഭിച്ച ഒരു സാധാരണക്കാരൻ പറയുന്നതായി കരുതിയാൽ മതിയാകും. കൊവിഡ് 19 നെതിരെയുള്ള പ്രതിരോധം (വൈദ്യ ശാസ്ത്രപരമായ ഒരു ഇടപെടൽ എന്നതിനേക്കാൾ) അടിസ്ഥാനപരമായി ഒരു രാഷ്ട്രീയ പ്രവർത്തനമാണ്.

രാഷ്ട്രീയം എന്ന് പറഞ്ഞാൽ പാർട്ടി രാഷ്ട്രീയമല്ല. ഒരു സന്ദർഭത്തിന് മേൽ ജനങ്ങളുടെ കൂട്ടായ അവബോധത്തി ന്റെയും, കൂട്ടായ ശാസ്ത്രബോധത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും അധികാരം ഉറപ്പിക്കുന്ന തരം രാഷ്ട്രീയം.

അതിന് അനുഗുണമായ രണ്ട് മോഡലുകൾ നമുക്കുണ്ട്.

1. എത്രയോ വർഷങ്ങളായി രൂപപ്പെട്ട് വന്നതും ഫലപ്രദം എന്ന് തെളിയിക്കപ്പെട്ടതുമായ നമ്മുടെ പബ്ലിക് ഹെൽത്ത് മോഡൽ.

2. വികേന്ദ്രീകൃത ജനാധിപത്യത്തിനും /അതുവഴി ഗവർണൻസിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതും / പൊതു ആരോഗ്യ മേഖലയ്ക്ക് ഊന്നൽ നൽകുന്നതുമായ ഒരു ഭരണസംവിധാനത്തിന്റെ മാതൃക.

ഈ രണ്ട് മാതൃകകളെയും സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു 'Socio-Political Public Health Approach' (അങ്ങനെയാണോ അതിനെ പറയേണ്ടത് എന്നറിയില്ല. രാഷ്ട്രീയ പരിപ്രേക്ഷ്യത്തോടെയുള്ള പൊതുജനാരോഗ്യ സമീപനം എന്നാണ് ഉദ്ദേശിക്കുന്നത്) ഏതാണ്ട് സമഗ്രമായി വികസിപ്പിക്കാനും പ്രവർത്തന രംഗത്തേക്ക് കൊണ്ടുവരാനും കഴിഞ്ഞു എന്നതാണ് ഇപ്പോൾ കേരളം ഭരിക്കുന്ന ഗവണ്മെന്റിന്റെ സംഭാവന.

ആർദ്രം മിഷനെക്കുറിച്ച് ഞാൻ മനസിലാക്കുന്നത് അങ്ങനെയാണ് .

ആരോഗ്യ രംഗത്തെ എല്ലാ പ്രശ്‌നങ്ങളും ഇതിലൂടെ പരിഹരിക്കാൻ കഴിയും എന്നൊന്നും പറയാൻ കഴിയില്ല. പക്ഷെ പകർച്ചവ്യാധികളും / എപ്പിഡെമിക്കുകളും നിയന്ത്രിക്കാൻ ഈ സംയോജിത മാതൃക ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്.

കൂടുതൽ വ്യക്തമായ രീതിയിൽ ഇപ്പോൾ നമുക്കത് മുന്നിൽ കാണുകയും ചെയ്യാം.

ഞാൻ ഉറപ്പിച്ചു പറയുകയാണ് ഈ പബ്ലിക് ഹെൽത്ത് മോഡലാണ് നമ്മുടെ ഇപ്പോൾ നമ്മുടെ ശക്തി.

ആശുപത്രികളോ, ആശുപത്രികളിലെ സാങ്കേതിക സൗകര്യങ്ങളോ അല്ല.

ഇതിന്റെയർത്ഥം, നമ്മുടെ ആശുപത്രികൾ മോശമാണെന്നോ, അവിടെയുള്ള സൗകര്യങ്ങൾ കൂട്ടേണ്ട ആവശ്യമില്ലെന്നോ അല്ല. തീർച്ചയായും അവ അനിവാര്യമാണ്. കൂടുതൽ മികച്ച ഉപകരണങ്ങളും കൂടുതൽ മികച്ച അണുബാധ നിയന്ത്രണ സംവിധാനങ്ങളും നമ്മുടെ ആശുപത്രികളിൽ ഉണ്ടാവണം എന്ന കാര്യത്തിൽ തർക്കമില്ല. രോഗസംക്രമണത്തെ കുറിച്ച് നമ്മുടെ സാഹചര്യത്തിൽ നിന്നുള്ള ശാസ്ത്രഗവേഷണവും അന്വേഷണങ്ങളും എത്രയും വേഗം ആരംഭിക്കണമെന്ന കാര്യത്തിലും സംശയമില്ല. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഉയർന്ന വൈദ്യ വൈജ്ഞാനിക രംഗം ഉണ്ടാവണം എന്ന കാര്യത്തിലും തർക്കമില്ല.

പക്ഷെ, ഓർക്കുക, നമുക്ക് എത്ര മികച്ച ചികിത്സ സംവിധാനം ഉണ്ടെങ്കിലും, എത്ര മികച്ച ഗവേഷണ പ്രബന്ധങ്ങൾ പ്രസിധീകരിക്കപ്പെട്ടാലും, ശരിയായ ദിശയിയിലുള്ള ഒരു പബ്ലിക് മോഡൽ ഇല്ലെങ്കിൽ നമ്മുടെ ചികിത്സരംഗം കൊവിഡിന്റെ മുന്നിൽ പൂർണ്ണമായി തകർന്നുപോവും. അതാണ് അതിദ്രുതം അതിവ്യാപ്തിയിൽ നടക്കുന്ന ഈ രോഗസംക്രമണത്തിന്റെ സവിശേഷത.

അതുകൊണ്ട്,

ഒന്നാമതും പ്രതിരോധം
രണ്ടാമതും പ്രതിരോധം
മൂന്നാമതും പ്രതിരോധം

ഇതായിരിക്കണം നമ്മുടെ സമീപനം

ആശുപത്രികളെയും ഡോക്ടർമാരെയും നെഴ്‌സുമാരെയും നമ്മൾ പരമാവധി രക്ഷിച്ചു നിറുത്തുകയാണ് വേണ്ടത്. അവരിലേക്ക് രോഗാണു എത്തുന്നതിനെ പരമാവധി, കഴിവിന്റെ പരമാവധി ശക്തിയും ഉപയോഗിച്ച് തടയുക. രോഗാണു വൻതോതിൽ അവരിലേക്ക് എത്തിയാൽ നമ്മൾ തകർന്നു പോവും. രോഗത്തിന്റെ സങ്കീർണ്ണതകൾ ചികിത്സിക്കാൻ മാത്രമായി അവരെ എല്ലാ സുരക്ഷയോടും കൂടി സംരക്ഷിച്ചു നിറുത്തുക.

അതിനാൽ, നാം ഓർക്കേണ്ടത് ഇതാണ്.

കൊറോണ വൈറസിനെ നമ്മൾ കൈകാര്യം ചെയ്യെണ്ടത് പ്രധാനമായും കമ്മ്യൂണിറ്റി ലെവലിലാണ്.

ഞാൻ ഇത് പറയുന്നത് സാധാരണക്കാരായ ജനങ്ങളോടാണ്.

കാര്യങ്ങളെ ക്കുറിച്ച് ശരിയായ ഒരു ധാരണ യിലെത്താൻ സമയമായി.

Test, Early detection, Quarantine, Isolation, Social distancing, Social and Personal Hygiene എന്നിക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനമാണ് ഇനിയും വേണ്ടത്.

അത് കൂടുതൽ കൃത്യതയോടെയും, ശക്തമായി, ഒത്തുതീർപ്പുകളില്ലാതെയും തുടരണം.

രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം നമ്മൾ , ജനങ്ങൾ ഒന്നടങ്കം പങ്കെടുക്കുകയാണ് ഇനി വേണ്ടത്. അതായത് സമൂഹത്തിലെ ഓരോ വ്യക്തിയെയും ഒരു ഹെൽത്ത് വോളന്റിയർ ആയി മാറണം. രോഗപ്രതിരോധം എല്ലാ ജനങ്ങളുടെയും കൂട്ടു ചേർന്നുള്ള, ഒരേ സമയം എല്ലാവരും ഒത്തൊരുമിച്ചു ചെയ്യുന്ന ഒരു പ്രവർത്തനമായി മാറണം.
രാഷ്ട്രീയ സമരം എന്ന് പറയുന്നത് അതിനെയാണ്.

വിദേശത്തുനിന്നും, കേരളത്തിനു പുറത്തുള്ള സ്ഥലങ്ങളിൽ നിന്നും മലയാളികൾ ഒരു ദിവസം തിരിച്ചു വരും. ഒരു പക്ഷെ വൈസിന്റെ കൂടുതൽ തീവ്രമായ രണ്ടാം ഘട്ട തരംഗം ഉണ്ടാകാം.

എന്തായാലും, ഇപ്പോൾ കാണുന്ന പ്രതിരോധം ഇതേ ടെമ്പോയിൽ തുടരാൻ ഓരോ വ്യക്തിയും വൈറസ് എങ്ങനെ പടരുന്നു, എങ്ങനെ പ്രതിരോധിക്കാം എന്നിവയുടെ ശാസ്ത്രം മനസിലാക്കി അതിനനുസരിച്ച് പെരുമാറാൻ പഠിക്കണം. എത്രയും വേഗം.

രോഗപകർച്ചയുടെ നിരീക്ഷണത്തിൽ ജനങ്ങൾ പങ്കെടുക്കേണ്ട സമയം ആരംഭിക്കുകയാണ്. സമൂഹത്തെ ആ രീതിയിൽ പരിശീലിപ്പിക്കേണ്ടത് ആവശ്യമാണ്.

അതായത് നമുക്ക് ഒരു 'Community Action/ Behavior Model for Covid-19 Prevention' വേണം

വൈറസിന് മ്യൂട്ടേഷൻ സംഭവിക്കട്ടെ, എബോളയെപ്പോലെ തീവ്രരൂപം പ്രാപിക്കട്ടെ. അതിനെന്താണ്? ശരിയായ രീതിയിൽ അടിസ്ഥാന ശാസ്ത്രം പഠിക്കുകയും ഈ ശാസ്ത്ര തത്വങ്ങൾ നിങ്ങളുടെ ജീവതത്തിൽ പ്രയോഗിച്ച്, രോഗം ബാധിക്കാത്ത രീതിയിൽ പെരുമാറാനും, രോഗ പ്രതിരോധത്തെ കൂടുതൽ വ്യാപിപ്പിക്കാനും ശക്തമാക്കാനും തയ്യാറാവുമെങ്കിൽ എന്തിനാണ് നിങ്ങൾ മ്യൂട്ടെഷനെക്കുറിച്ച് ഭയക്കുന്നത്? ലോക് ഡൗൺ പിൻവലിച്ചാൽ എല്ലാം അവതാളത്തിലാകുമെന്ന് ആലോച്ചിച്ച് പരിഭ്രാന്തരാകുന്നത്?

കൊറോണ വൈറസും കൂടിയുള്ള ഒരു ലോകത്ത് ജീവിക്കാനുള്ള തന്ത്രങ്ങളാണ് നാം ഇനി അഭ്യസിക്കേണ്ടത്.

ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. കുറെ നാളായി പലതരം വിദഗ്ദന്മാർ കൊവിഡ് പ്രതിരോധത്തിനായി പലവിധ ഗണിത/സാങ്കേതിക മോഡലുകളെയും കുറിച്ച് പറയുന്നുണ്ട്. രോഗസംക്രമണം കഴിയും വരെ മോഡലുകൾ ഉണ്ടായിക്കൊണ്ടിരിക്കുകയും അതിനെക്കുറിച്ച് വലിയ വിശകലനങ്ങൾ നടക്കുകയും ചെയ്യും. അക്കാദമിക് തലത്തിൽ അതൊക്കെ നടക്കട്ടെ. നല്ലത് തന്നെ.

പക്ഷെ നമ്മൾ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു അക്കാഡമിക് വിഷയമോ, അപസർപ്പക കഥയോ അല്ല. നമ്മുടെ ജീവിതവുമായി ബദ്ധപ്പെട്ടുനിൽക്കുന്നതും പച്ചയായ യാഥാർഥ്യമായതും അനിവാര്യമായി നമ്മൾ നേരിടെണ്ടതുമായ ഒരു പ്രായോഗിക വിഷയമാണ്.

നമ്മുടെ ലക്ഷ്യം വൈറൽ സംക്രമണത്തിന്റെ മോഡൽ പണിഞ്ഞു കൊണ്ടിരിക്കുകയും കൊറോണ വൈറസിന്റെ ജാതകം നിരന്തരം ഗണിച്ചു കൊണ്ടിരിക്കുകയും ചെയ്യുക എന്നതല്ല. മറിച്ച്, തുടർച്ചയായ പ്രതിരോധത്തിന് വേണ്ടി സ്വയം വളരുന്ന ജീവനുള്ള ഒരു മാതൃകയുണ്ടാക്കുക എന്നതാണ്.

അതിൽ നിന്ന് വേണമെങ്കിൽ പുതിയൊരു രോഗസംക്രമണ മാതൃക വിദഗ്ദന്മാർ സൃഷ്ടിക്കട്ടെ.

ഇക്കാര്യത്തിൽ നമ്മൾ ഭാഗ്യവാന്മാരാണ്.

ശരിയായ ദിശയിലുള്ളത് എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്ന മികച്ച ഒരു പബ്ലിക്ക് ഹെൽത്ത് മോഡൽ ഇപ്പോൾ തന്നെ നമുക്കുണ്ട്.

അതിനെ ഒരോ ദിവസവും കൂടുതൽ കൂടുതൽ മിനുക്കി വെയ്ക്കുകയാണ് നാം ചെയ്യേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP