Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി മാസ്‌ക് നിർബന്ധമല്ല എന്ന് സർക്കാരുകൾ പറയും; അതിന്റെയർത്ഥം ഇനി ആരും മാസ്‌ക് ധരിക്കരുത് എന്നല്ല; മാസ്‌കിന് വിടയോ? ഡോ.എസ്.എസ്.ലാൽ എഴുതുന്നു

ഇനി മാസ്‌ക് നിർബന്ധമല്ല എന്ന് സർക്കാരുകൾ പറയും; അതിന്റെയർത്ഥം ഇനി ആരും മാസ്‌ക് ധരിക്കരുത് എന്നല്ല; മാസ്‌കിന് വിടയോ?  ഡോ.എസ്.എസ്.ലാൽ എഴുതുന്നു

ഡോ.എസ്.എസ്.ലാൽ

 തിരുവനന്തപുരം നഗരത്തിൽ ആദ്യ വർഷങ്ങളിൽ ഞാൻ പഠിച്ച ഒരു സർക്കാർ സ്‌കൂൾ ഉണ്ട്. നഗരത്തിലും ദാരിദ്ര്യം വളരെ സാധാരണമായിരുന്ന അക്കാലത്ത് എന്റെ സ്‌കൂളിൽ പ്രധാനമായും പാവപ്പെട്ട വീട്ടിലെ കുട്ടികളായിരുന്നു. ആ വർഷം സ്വാതന്ത്യദിന പരേഡിന്റെ ഭാഗമായി സ്റ്റേഡിയത്തിൽ നഗരത്തിലെ കുട്ടികളുടെ ചില കായിക പ്രകടനങ്ങൾ സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.

എന്റെ സ്‌കൂളിൽ നിന്ന് ഞാനുൾപ്പെടെ അൻപതോളം കുട്ടികൾ. പരേഡിന് മുമ്പ് നിരവധി ആഴ്ചകൾ പരിശീലനം. പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാവരും വെള്ള കാൻവാസ് ഷൂസ് വാങ്ങണമെന്ന് ഞങ്ങളെ പരിശീലിപ്പിച്ച പി.ടി അദ്ധ്യാപകൻ രാധാകൃഷ്ണൻ സർ പറഞ്ഞു. ഞങ്ങൾ ഏതാണ്ട് രണ്ടോ മൂന്നോ പേർ മാത്രമാണ് അതുവരെ ജീവിതത്തിൽ എപ്പോഴെങ്കിലും ഷൂസ് ധരിച്ചിട്ടുള്ളത്.

പിറ്റേ ദിവസം മുതൽ ഷൂസിടാതെ വന്നവരെ അദ്ധ്യാപകൻ വഴക്ക് പറയുകയും ഗ്രൗണ്ടിന് പുറത്ത് നിർത്തുകയും ഒക്കെ ചെയ്തു. ഒരു വിദ്വാൻ ആരുടെയോ കറുത്ത ഷൂസ് സംഘടിപ്പിച്ച് അതിൽ വെള്ള പെയിന്റടിച്ച് വന്നത് രാധാകൃഷ്ണൻ സർ കയ്യോടെ പൊക്കി. അത്യാവശ്യം ക്രൂരനായിരുന്ന അദ്ദേഹം കൂട്ടത്തിൽ തടിയനായ ആ കുട്ടിയെ അടിക്കാൻ കയ്യോങ്ങി. സ്‌കൂളിലെ 'എസ്‌ഐ' രാധാകൃഷ്ണൻ സർ ആയിരുന്നു. ആരെയും അടിക്കും. എന്നാൽ ഇത്തവണ കയ്യോങ്ങിയത് തർക്കങ്ങൾക്ക് വഴിയൊരുക്കിയെങ്കിലും ക്രമേണ കുട്ടികളെല്ലാം ഷൂ വാങ്ങി. പരിശീലനവും നന്നായി നടന്നു.

സ്വാതന്ത്ര്യദിനം കഴിഞ്ഞു. പരേഡും കഴിഞ്ഞു. അതിന് ശേഷം ഷൂസിടാത്തതിന് ആരെയും രാധാകൃഷ്ണൻ സാർ ചീത്ത പറഞ്ഞില്ല. അതുകൊണ്ട് ഇനിയാരും ഷൂസിടരുത് എന്ന നിയമവും സ്‌കൂളിൽ വന്നില്ല. പരേഡ് കഴിഞ്ഞതുകൊണ്ട് ജീവിതത്തിൽ ഇനി ഷൂസിടില്ല എന്ന് ഞങ്ങളാരും വാശിപിടിച്ചതുമില്ല. ആ പരേഡ് കാരണം ഷൂസ് പരിചയിച്ച ഞങ്ങൾ പലരും ഷൂസിടുന്നത് തുടർന്നു. ചിലർ ഇപ്പോഴും തുടരുന്നു.

ആദ്യമായി ജപ്പാനിൽ പോയത് 2005-ൽ ആണ്. അന്ന് ബാങ്കോക്കിൽ നിന്നും ടോക്കിയോയിലേയ്ക്കുള്ള വിമാനത്തിൽ ഒരുപാട് പേർ മാസ്‌ക് ധരിച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. പ്രത്യേകിച്ചും വൃദ്ധർ. പിന്നീട് ടോക്കിയോയിലെ തെരുവുകളിൽ മാസ്‌കിട്ട് നടക്കുന്ന ഒരുപാട് പേരെ കണ്ടു. ഫ്‌ളൂ പോലുള്ള പകർച്ചവ്യാധികൾ ഉള്ളവർ അവിടെയൊക്കെ മാസ്‌ക് ധരിക്കുന്നത് പതിവായിരുന്നു. മറ്റുള്ളവരിൽ നിന്ന് രോഗം കിട്ടാതിരിക്കാനും മാസ്‌ക് ധരിക്കും. വത്യസ്ത കാരണങ്ങളാൽ രോഗപ്രതിരോധശക്തി കുറവുള്ളവർ കഴിവതും മാസ്‌ക് ധരിക്കും. വിയറ്റ്‌നാമുൾപ്പെടെ മറ്റുചില ഏഷ്യൻ രാജ്യങ്ങളിലും പിന്നീട് ഇത് കണ്ടിട്ടുണ്ട്.

പറഞ്ഞുവന്നത്, കോവിഡ് വ്യാപനം കാര്യമായി കുറഞ്ഞതിനാൽ ഇനി മാസ്‌ക് നിർബന്ധമല്ല എന്ന് സർക്കാരുകൾ പറയും. അതിന്റെയർത്ഥം ഇനി ആരും മാസ്‌ക് ധരിക്കരുത് എന്നല്ല. മാസ്‌ക് വാങ്ങാൻ പണമില്ലാത്തവരെ ഉൾപ്പെടെ അനാവശ്യമായി ശിക്ഷിക്കാതിരിക്കാൻ വേണ്ടിക്കൂടിയാണത്. അല്ലാതെ മാസ്‌കിന് ആജീവനാന്ത വിലക്കല്ല.

നമ്മുടെ നാട്ടിലാണ് ലോകത്തെ ക്ഷയരോഗികളിൽ നാലിലൊന്നും. വായുവിലൂടെയാണ് ക്ഷയരോഗം പകരുന്നത്. ക്ഷയരോഗമുള്ളവർ ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ഒക്കെ ചെയ്യുമ്പോൾ ശ്വാസകോശത്തിൽ നിന്നും പുറത്ത് ചാടുന്ന ബാക്ടീരിയ മറ്റുള്ളവർക്ക് അണുബാധയുണ്ടാക്കാം. രോഗമുള്ളവർ മാസ്‌ക് ധരിച്ചാൽ ഫ്‌ളൂ മുതൽ ക്ഷയരോഗം വരെ സമൂഹത്തിൽ പടരുന്നത് തടയാൻ കഴിയും. എന്നാൽ കോവിഡ് വരുന്നതുവരെ നാട്ടിലെ സ്ഥിതി എളുപ്പമായിരുന്നില്ല. നാണക്കേട് കാരണം നമ്മൾ രോഗം വന്നാലും മാസ്‌ക് ധരിക്കില്ല. മറുവശത്ത് മാസ്‌ക്കിട്ടവനെ പൊലീസ് ഓടിച്ചിട്ട് പിടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

കോവിഡ് കാരണം നമ്മുടെ വൃത്തിശീലങ്ങളിൽ ഒരുപാട് നല്ല മാറ്റങ്ങൾ വന്നിട്ടുണ്ട്. അതിൽ പലതും തുടരുന്നത് നല്ലതാണ്. കോവിഡ് പോയാലും. കൈകൾ കഴുകുന്നതും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ മറ്റോ കൊണ്ട് മൂക്കും വായയും മറയ്ക്കുന്നതും ഒക്കെ നല്ല ശീലങ്ങളാണ്. വ്യാപകമായി ഈ ശീലം വന്നതുകൊകൊണ്ടു കൂടിയാണ് പലയിടത്തും കോവിഡ് കാലത്ത് ഫ്‌ളൂ രോഗത്തിന് കാര്യമായ കുറവുണ്ടായത്.

മാസ്‌ക് ധരിക്കാത്തവരെ ഇനി പൊലീസ് പിടിക്കില്ല എന്ന് പറഞ്ഞാൽ അതിന്റെയർത്ഥം മാസ്‌ക് ധരിക്കുന്നവരെ പൊലീസ് പിടിക്കുമെന്നല്ല. ശ്വാസത്തിലൂടെയും വായുവിലൂടെയും പകരുന്ന രോഗമുള്ളവരും പ്രതിരോധക്കുറവ് മൂലം അത്തരം രോഗങ്ങൾ കിട്ടാൻ സാധ്യതയുള്ളവരും ആൾക്കൂട്ടത്തിലും പൊതുസ്ഥലങ്ങളിലും തുടർന്നും മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. മാസ്‌ക് ധരിച്ചതുകൊണ്ട് അപകടമൊന്നും സംഭവിക്കില്ല. പൊലീസും പിടിക്കില്ല. ഉറപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP