Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുറ്റപത്രം സമർപ്പിച്ചാൽ വീണ്ടും അകത്താകുമോ? 11-ാം പ്രതി ഒന്നാം പ്രതിയായാൽ എന്ത് സംഭവിക്കും? വീണ്ടും അറസ്റ്റ് ചെയ്യുമോ? അവസാനമായി ചോദിക്കട്ടെ സത്യത്തിൽ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടായിരിക്കുക? ദിലീപ് വധം ആട്ടക്കഥ ഒരു തിരക്കഥയുടെ ഭാഗം തന്നെ എന്ന് സുപ്രീംകോടതി അഭിഭാഷകൻ ചിന്തിക്കുന്നത് എന്തുകൊണ്ട്? അഡ്വ ശ്രീജിത്ത് പെരുമന എഴുതുന്നു

കുറ്റപത്രം സമർപ്പിച്ചാൽ വീണ്ടും അകത്താകുമോ? 11-ാം പ്രതി ഒന്നാം പ്രതിയായാൽ എന്ത് സംഭവിക്കും? വീണ്ടും അറസ്റ്റ് ചെയ്യുമോ? അവസാനമായി  ചോദിക്കട്ടെ സത്യത്തിൽ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടായിരിക്കുക? ദിലീപ് വധം ആട്ടക്കഥ ഒരു തിരക്കഥയുടെ ഭാഗം തന്നെ എന്ന് സുപ്രീംകോടതി അഭിഭാഷകൻ ചിന്തിക്കുന്നത് എന്തുകൊണ്ട്? അഡ്വ ശ്രീജിത്ത് പെരുമന എഴുതുന്നു

 

ദിലീപ് വധം ആട്ടക്കഥ നിറഞ്ഞാടുന്ന വേളയിൽ ചില യഥാർത്ഥ ചിന്തകളിലേക്ക് ..

ദിലീപ് കേസ് #ഇനിയെന്ത് ?

മറ്റേതൊരു ക്രിമിനൽ കേസുപോലെയും കുറ്റപത്രം സമർപ്പിച്ച് വിചാരണ നടത്തും. ഒന്നുകിൽ പ്രതികളെ ശിക്ഷിക്കും അല്ലെങ്കിൽ കുറ്റവിമുക്തരാക്കും.

> കുറ്റപത്രം എപ്പോൾ സമർപ്പിക്കും ?

ഒരു ക്രിമിനൽ കേസിൽ കുറ്റപത്രം എപ്പോൾ സമർപ്പിക്കണം എന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെയോ/സംഘത്തിന്റെയോ വിവേചന അധികാരത്തിന്റെ പരിധിയിൽ മാത്രം വരുന്ന കാര്യമാണ്. എന്നാൽ അന്വേഷണ സമയത് അറസ്റ്റിലാകുന്ന പ്രതികൾക്ക് ജാമ്യത്തിന്റെ കാര്യത്തിൽ ചില അവകാശങ്ങൾ കുറ്റപത്രം സമർപ്പിക്കപ്പെടുന്ന സമയത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കും.

> ദിലീപിനെ പതിനൊന്നാം പ്രതിയിൽ നിന്നും ഒന്നാം പ്രതിയാക്കുന്നത് കേസിനെ എങ്ങനെ ബാധിക്കും ?

പ്രത്യക്ഷത്തിൽ ദിലീപിനെതിരായുള്ള നീക്കമാണെങ്കിലും , വിചാരണവേളയിൽ ഈ സ്ഥാനമാറ്റം ദിലീപിന് അനുകൂലമായി മാറും എന്ന് നിയമപരമായി വിലയിരുത്താം. കുറ്റം ചെയ്യാൻ നേരിട്ട് പങ്കാളികളായ മറ്റു പ്രതികളെ മാറ്റി നിർത്തി ദിലീപിനെ ടാർജറ്റ് ചെയ്ത് ആക്രമിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമാണ് ക്രിമിനൽ ഗൂഢാലോചന കേസ് എന്നത് തെളിയിക്കാൻ ഇതിലൂടെ കൂടുതൽ അവസരം ദിലീപിന് ലഭിക്കും. ബഹുമാനപ്പെട്ട ഹൈക്കോടതി ദിലീപിന് ജാമ്യം നൽകിക്കൊണ്ട് പുറപ്പെടുവിച്ച വിധിന്യായത്തിൽ എടുത്തു പറയുന്നുണ്ട് ' ദിലീപിന് മാറ്റ് പ്രതികളെപോലെ കൃത്യത്തിൽ നേരിട്ട് പങ്കില്ല' എന്നും 'ജീവിതത്തിലിതുവരെ ഒരു ക്രിമിനൽ കുറ്റവും ചെയ്തിട്ടുണ്ടെന്നു പ്രോസിക്കൂഷൻ വരെ ആരോപിക്കുന്നില്ല' എന്നും . ആയതുകൊണ്ടുതന്നെ ഈ ഘട്ടത്തിൽ ജാമ്യം നല്കാമെന്നുമുള്ള നിരീക്ഷണവും, കുറ്റപത്രം സമർപ്പിക്കാൻ തീരുമാനിച്ചതിനു അഞ്ച് ദിവസങ്ങൾക്ക് മുൻപ് ജാമ്യം നൽകിയതും ചേർത്തു വായിക്കാം.

> പുതിയ തെളിവുകൾ കണ്ടെത്തി ദിലീപിനെ അറസ്റ്റ് ചെയ്യുമെന്ന് വാർത്തകളുണ്ടല്ലോ അതിന്റെ സത്യാവസ്ഥ എന്താണ് ?

നിയമത്തിന്റെ ബാലപാഠങ്ങൾ പോലും അറിയാതെ ചില തത്പര കക്ഷികൾ പ്രചരിപ്പിക്കുന്ന അസംബന്ധമാണത്. നിരവധി പ്രാവശ്യം മജിസ്ട്രേറ്റ് കോടതിയിലും, മൂന്നു തവണ ഹൈക്കോടതിയിലും ജാമ്യാപേക്ഷ സമർപ്പിച്ചതിനു ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിൽ എത്തിയ ശേഷമാണ് ജാമ്യം നൽകുന്നത് എന്ന് ബഹു കോടതി എടുത്തു പറഞ്ഞിരുന്നു. അപൂർവ്വങ്ങളിൽ അപൂർവമായ സാഹചര്യങ്ങളും, പ്രത്യേകതകളും ഈ കേസിനുണ്ടെന്നും ഒൻപത്തിലധികം ഗുരുതരമായ വകുപ്പുകൾ ദിലീപിനെതിരെ ചുമത്തിയിട്ടുണ്ടെന്നും, പ്രതി അതീവ സ്വാധീനമുള്ളയാളാണ് ജാമ്യം നൽകരുതെന്നും പ്രോസിക്കൂഷൻ വാദിച്ചിട്ടും വ്യവസ്ഥകളോടെ ബഹുമാനപ്പെട്ട ഹൈക്കോടതി നൽകിയ ജാമ്യം റദ്ദുചെയ്യണമെങ്കിൽ കോടതി നിഷ്‌കര്ഷിച്ച ജാമ്യ വ്യവസ്ഥകളിൽ ഏതെങ്കിലും ലംഘിക്കുകയോ, അല്ലെങ്കിൽ മറ്റേതെങ്കിലും ജാമ്യമില്ലാ ക്രിമിനൽ കേസിൽ ഉൾപ്പെടുകയോ ചെയ്യണം. നദി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇനി എന്തൊക്കെ പുതിയ മൊഴികൾ രേഖപ്പെടുത്തിയാലും, ആരോപണങ്ങൾ ഉന്നയിച്ചാലും ജാമ്യം റദ്ദുചെയ്യാൻ വ്യവസ്ഥയില്ല.

ഇനി അഥവാ അത്തരം ഒരു ഉദ്ദേശം പൊലീസിനുണ്ടായാൽ തന്നെ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ ദിലീപിന് ജാമ്യം റദ്ദുചെയ്യാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളുവാനും സാധിക്കും. അതുകൊണ്ടുതന്നെ വ്യാജ രേഖ ചമച്ചു, ഡോക്ടറും നേഴ്സും അങ്ങനെ പറഞ്ഞു, പണി വന്നിട്ടില്ല എന്നൊക്കെ പ്രചരിപ്പിച്ച് ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്ത് അറസ്റ്റ് ചെയ്ത് ജയിലിടുമെന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് പറയാതെ വയ്യ. ഇക്കാര്യത്തിൽ കൂടുതൽ മറ്റൊരു ആശങ്കകളും ,വ്യക്തതയും വേണ്ടതില്ല എന്ന് ചുരുക്കം. വിചാരണം സമയത്ത് മറ്റു പ്രതികളെ എന്നതുപോലെ ദിലീപിനെയും കോടതി സമൻസ് അയച്ചു വിളിക്കും. വിചാരണ സമയത് ഇനി അഥവാ കോടതിയിൽ ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കും മുങ്ങിയാൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കും അതാണ് വ്യവസ്ഥ.

> വിചാരണയുടെ അടുത്ത ഘട്ടം എങ്ങനെയാണ് ?

അത് ന്യായമായും ഉണ്ടാകുന്ന സംശയം. അല്പം വിശദമായി തന്നെ പറയാം. അതായത്. ഇന്ത്യൻ ക്രിമിനൽ നടപടി ക്രമമനുസരിച്ചാണ് ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതും വിചാരണ ചെയ്യപ്പെടുന്നതും. എന്നുപറഞ്ഞാൽ ഒരു കുറ്റകൃത്യം നടന്നാൽ അതാതു പ്രദേശത്തെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും ഇങ്ങനെ പറഞ്ഞാൽ മനസിലാവില്ല പോയന്റ് ടു പോയന്റ് പറയാം

1 പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കി കേസ് രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ക്രിമിനൽ കേസ് ജനിക്കുന്നു

2 അന്വേഷണം ആരംഭിക്കുന്നു .( പൊലീസോ മറ്റേതെങ്കിലും അന്വേഷണ ഏജൻസിയോ അന്വേഷിക്കുന്നു ) തെളിവുകളും, സാക്ഷികളും എല്ലാം ഈ ഘട്ടത്തിൽ ശേഖരിക്കുന്നു. ഈ സ്റ്റെപ്പിൽ തന്നെ ആവശ്യമായ പ്രതികളെയും അറസ്റ്റ് ചെയ്യുന്നു

3 അറസ്റ്റ് ചെയ്ത ആളുകളെ 24 മണിക്കൂറിനുള്ളിൽ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കുന്നു. ഒന്നുകിൽ ജാമ്യം നൽകുകയോ അല്ലെങ്കിൽ ജുഡീഷ്യൽ കസ്റ്റഡിയിലോ പൊലീസ് കസ്റ്റഡിയിലോ റിമാൻഡ് ചെയ്യുന്നു.

4 മജിസ്ട്രേറ്റ് കോടതി മുതൽ സുപ്രീം കോടതിവരെ ജാമ്യാപേക്ഷകൾ ഫയൽ ചെയ്യാം

5 കുറ്റപത്രം സമർപ്പിക്കപ്പെടുന്നു. അന്വേഷണം കഴിയുന്ന മാത്രയിൽ പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടത്തി പബ്ലിക് പ്രോസികൂട്ടർ അഥവാ വാദി ഭാഗത്തിന്റെ/സ്റ്റേറ്റിന്റെ വക്കീൽ മുഖാന്തരം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുന്നു.

പ്രഥമ ദൃഷ്ട്യാ കേസ് കണ്ടത്തിയില്ലെങ്കിൽ ഫൈനൽ റിപ്പോർട്ട് സമർപ്പിക്കുന്നു.

6 . കുറ്റപത്രത്തിലുള്ള വാദം കേൾക്കുന്നു. പ്രോസിക്കൂഷനും, പ്രതിഭാഗത്തിനും തുല്യമായി കുറ്റപത്രത്തിലെ ചാർജുകളിൽ തങ്ങളുടെ ഭാഗം പറയാനുള്ള അവസരം

7 . പ്രതിക്കെതിരെ കുറ്റം നിലനിൽക്കുന്നതല്ല എന്ന നിഗമനത്തിൽ എത്തിച്ചേർന്നാൽ അതിന്റെ കാര്യകാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട് പ്രതിയുടെ കുറ്റം ഡിസ്ചാർജ്/തള്ളുന്നു ചെയ്യുന്നു.

8 പ്രതിക്കെതിരെ കുറ്റം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്ന നിഗമനത്തിൽ എത്തിച്ചേർന്നാൽ ചാർജുകൾ ഫ്രെയിം ചെയ്യുന്നു.

9 . പ്രതിചേർക്കേപ്പെട്ട ആൾ കുറ്റസമ്മതം നടത്തിയാൽ അത് രേഖപ്പെടുത്തി വിവേചന അധികാരമുപയോഗിച്ച് പ്രതിയെ കുറ്റക്കാരനാണെന്നു കണ്ടെത്തും. പ്രതി കുറ്റം നിഷേധിക്കുകയാണെങ്കിൽ കേസ് വിചാരണയ്ക്കായി പോസ്റ്റ് ചെയ്യപ്പെടും

10 . പബ്ലിക് പ്രോസികൂട്ടർ പ്രോസിക്കൂഷൻ സാക്ഷികളെ വിസ്തരിക്കുന്നു, കൊടുത്താൽ രേഖകളും തെളിവുകളും കോടതിക്ക് കൈമാറുന്നു. തുടർന്ന് പ്രതിഭാഗം അഭിഭാഷകൻ പ്രോസിക്കൂഷൻ സാക്ഷികളെ ക്രോസ് എക്സാമിനേഷൻ നടത്തുന്നു അതായത് അവരെ വിശദമായി ക്രോസ് വിസ്താരം നടത്തുന്നു .

11 ക്രിമിനൽ നടപടി ക്രമം 313 പ്രകാരം പ്രതിയുടെ മൊഴി രേഖപ്പെടുത്തുന്നു. തെളിവുകളുടെയും സാഹചര്യങ്ങളെയും സംബന്ധിച്ചു പ്രതിക്ക് നൽകാനുള്ള മൊഴി.

12 . പബ്ലിക് പ്രോസികൂട്ടർ ക്രോസ് വിസ്താരം നടത്തിയ പ്രതിഭാഗം സാക്ഷികളെ പ്രതിഭാഗത്തിനു ആവശ്യമെങ്കിൽ വിസ്തരിക്കാം. ഒപ്പം പ്രതിഭാഗം തെളിവുകളും സമർപ്പിക്കുന്നു.

13 . പ്രതിഭാഗവും, വാദിഭാഗവും വിശദമായ വാദങ്ങൾ നടത്തുന്നു.

14 . അന്തിമ വിധി പ്രഖ്യാപിക്കുന്നു. ഒന്നുകിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റവിമുക്തനാക്കും അല്ലെങ്കിൽ കുറ്റവാളിയെന്ന് കണ്ടെത്തി ശിക്ഷ വിധിക്കും. ശിക്ഷയിൻ മേൽ വാദം കേട്ട് ശിക്ഷ വിധിക്കപ്പെടുന്നു. പ്രതിഭാഗം ശിക്ഷ സസ്പെന്റ് ചെയ്യാൻ അപേക്ഷ നൽകാവുന്നതാണ് . ശിക്ഷ സസ്പെന്റ് ചെയ്താൽ ജാമ്യ ബോണ്ട് നൽകി പുറത്തിറങ്ങാൻ അല്ലെങ്കിൽ ശിക്ഷ അനുഭവിക്കുക.

മനസിലാക്കാൻ വേണ്ടി ലളിതമായ ഭാഷയിൽ പറഞ്ഞതാണ് . ദിലീപിന്റെ കേസ് ഇപ്പൊ നാലാമത്തെ സ്റ്റേജിൽ മാത്രമാണ്. അടുത്ത കുറ്റപത്രം .

> എത്രസമയത്തിനുള്ളിൽ വിചാരണം തീർക്കണം ?

കൃത്യമായ സമയക്രമം എവിടെയും പറയുന്നില്ല എങ്കിലും, എത്രയും വേഗം റേപ്പ് കേസുകളിലെ വിചാരണകൾ തീർക്കണമെന്ന് സുപ്രീം കോടതി തന്നെ വിവിധ കോടതികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹി സംഭവത്തിന് ശേഷം പ്രത്യേക അതിവേഗ ഓടതികൾ ഇത്തരം കേസുകൾ വിചാരണ ചെയ്യുന്നതിനായി സ്ഥാപിച്ചു വരുന്നുണ്ട്. കൊലപാതക കേസുകളിൽ ശ്രീരാം നശിപ്പിക്കപ്പെടുകയാണെങ്കിൽ ബലാത്സംഗ കേസുകളിൽ ഇരയുടെ മനസ്സും ആത്മാവും നശിപ്പിക്കപ്പെടുകയാണെന്നും അതുകൊണ്ടു തന്നെ കേസ് അനന്തമായി നീടന്നുപോകുന്നത് നീതി നിഷേധമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല നിലവിലെ ഈ കേസിൽ എല്ലാ പ്രതികളും സാക്ഷികളും സ്വാധീനമേറിയ സിനിമ മേഖലയിൽ നിന്നുള്ളവരായതിനാൽ എത്രയും പെട്ടന്ന് പ്രത്യേക കോടതി സ്ഥാപിച്ചു വിചാരണ നടത്താന് പ്രോസിക്കൂഷനും പൊലീസുമാവശ്യപ്പെടുന്ന പക്ഷം പ്രത്യേക കോടതിയിൽ അതിവേഗം കേസിന്റെ വിചാരണ നടക്കാൻ സാധ്യതയുണ്ട്.

> അപ്പോൾ ഈ നടക്കുന്ന പ്രചാരണങ്ങളും, ചർച്ചകളും എല്ലാം കെട്ടുകഥകളാണ് അല്ലേ ?

അതെ, ചാനൽ റേറ്റിങ്ങുകൾ കൂട്ടാനും, നാലാളറിയുന്ന പണമുള്ള ഒരാളെ കുറ്റം പറയാനും താഴ്‌ത്തികെട്ടാനും, വീണു കിടക്കുമ്പോൾ ചവിട്ടാനും നമ്മൾ നടത്തുന്ന വൃഥാ ശ്രമങ്ങൾ മാത്രമാണിത്. നിയമം നിയമത്തിന്റെ വഴിക് പൊയ്‌ക്കൊണ്ടേയിരിക്കും. പൊലീസ് ഇതുവരെ നടത്തിയ എല്ലാ കണ്ടെത്തലുകളും, സാക്ഷിമൊഴികളും, തെളിവുകളുമെല്ലാം പ്രതിരോധത്തിനായി വിചാരണ തുടങ്ങുമ്പോൾ പ്രതിഭാഗത്തിനു ലഭിക്കും അപ്പോൾ മാത്രമേ കാര്യങ്ങളിൽ ഒരു വ്യക്തത വരികയുള്ളു. അതുവരെ പൊലീസിൽ നിന്നും ലഭിക്കുന്ന തുമ്പുകളും സംശയങ്ങളും സങ്കൽപ്പങ്ങളും വെച്ച് ഇങ്ങനെ ചർച്ചകൾ നടന്നുകൊണ്ടേയിരിക്കും.

-------- ------------- -----------

കഥ #ഇതുവരെ

ആരാണ് പൾസർ സുനി എന്ന സുനിൽകുമാർ ?
---------------------------------------------------------------------------

> എറണാകുളം പെരുമ്പാവൂർ സ്വദേശിയും കൂലിപ്പണിക്കാരനായ സുരേന്ദ്രന്റെ മകൻ പേര് സുനിൽ കുമാർ

> ചെറുപ്പത്തിലേ മോഷണം തൊഴിലാക്കിയ സുനിൽ കുമാർ , സ്റ്റാവും കൂടുതൽ മോഷ്ടിച്ചിരുന്നത് ബജാജ് പൾസർ ബൈക്കുകളായിരുന്നതിനാലാണ് 'പൾസർ സുനി ' എന്ന പേര് വന്നത്

> മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു എന്ന് അച്ഛൻ സുരേന്ദ്രൻ പറയുന്നു.

> 28 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്

> 21 വ്യാജ സിംകാർഡുകളും , ഫോണുകളുമുണ്ട്.

> ബസ്സിൽ വെച്ച് യാത്രക്കാരനെ മുളകുപൊടി എറിഞ്ഞു കവർച്ച നടത്താൻ ശ്രമിച്ച പ്രമാദമായ കേസിലെ മുഖ്യ പ്രതി

> പ്രയാപൂർത്തിയാകാത്ത സമയത്തു ശിക്ഷിക്കപ്പെട്ട ജുവനൈൽ ഹോമുകളിൽ കിടന്നിട്ടുണ്ട്.

> പിടിച്ചുപറി, മോഷണം, ക്വട്ടേഷൻ പ്രവർത്തനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി കേസുകളാണ് വിവിധ സ്റ്റേഷനുകളിൽ സുനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

> അഞ്ച് വർഷം മുമ്പ് മലയാളത്തിലെ മുൻനിര നിർമ്മാതാവും നിലവിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റമായ ജി സുരേഷ് കുമാർ തന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതി

> സിനിമയിലെ രണ്ട് നടിമാരെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതി

> റിയൽ എസ്റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടുകളും വസ്തുതർക്കങ്ങൾ വേണ്ടി ഇടനിലക്കാരനായും ഗുണ്ടയായും പൾസർ സുനിയെ സിനിമ മേഖലയിൽ പ്രവർത്തിച്ചു

> ചലച്ചിത്രമേഖലയിലുള്ളവർക്ക് ലൈംഗിക ആവശ്യങ്ങൾക്ക് സ്ത്രീകളെ തരപ്പെടുത്തി കൊടുക്കുന്നതിനും സിനിമാ ലൊക്കേഷനുകളിലെ പ്രധാന ഇടനിലക്കാരനായും പ്രവർത്തിച്ചു.

> സഹോദരിയുടെ വിവാഹത്തിന് പോലും വീട്ടിൽ വൈയിട്ടില്ല, 15 വർഷമായി താൻ മകനുമായി മിണ്ടിയിട്ടില്ലെന്നും അച്ഛൻ സുരേന്ദ്രൻ പറയുന്നു.

> സിനിമാ നടിമാരോടും, സ്ത്രീകളോടും അമിതമായ ലൈംഗിക താത്പര്യമുണ്ടായിരുന്നു

> സിനിമയിൽ അസിസ്റ്റന്റായാണ് ജോലി ചെയ്യുന്നത് എന്നാണ് സുനി നാട്ടിലും വീട്ടിലും എല്ലാരോടും പറഞ്ഞിരുന്നത്.

മേൽ വിവരിച്ചത് പുറത്തുവന്ന വാർത്തകൾ മാത്രമാണ് പുറത്തു വരാത്ത അനേകം കേസുകളും ഇയാളുടെ പേരിലായുണ്ട്. ഇതൊക്കെ അറിഞ്ഞിട്ടാണോ അതോ അറിയാതെയാണോ സിനിമാ മേഖലയിൽ വർഷങ്ങളായി പൾസർ സുനി എന്ന ക്രിമിനൽ വിഹരിച്ചത് ? മൂന്നു നടിമാരെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ചയാൾ അതെ സമയം തന്നെ പ്രമുഖ നടന്മാരുടെയും ഡ്രൈവറായും, ഡ്രൈവേഴ്‌സ് അസോസിയേഷൻ ഭാരവാഹിയായുമൊക്കെ സിനിമയിൽ നിറഞ്ഞു നിന്നു ? എം എൽ എ കൂടിയായ മുകേഷിന്റെ ഡ്രൈവറായി പ്രവർത്തിച്ചു ? ആരാണ് സുനിലിനെ സഹായിച്ചുകൊണ്ടിരുന്നവർ ? സുനിലിനോട് എന്തായിരുന്നു സിനിമാ പ്രവർത്തകർക്കുള്ള കടപ്പാട് ?

ഇതിനുള്ള ഉത്തരം തേടുന്നതിനോടൊപ്പം ഇതിൽ പ്രതിചേർക്കപ്പെട്ട പതിനൊന്നാം പ്രതിയെ കുറിച്ചും അറിയണം..

ആരാണ് ഗോപാലകൃഷ്ണൻ എന്ന ദിലീപ് ?
------------------------------------------------------------------

> ഗോപാലകൃഷ്ണൻ പത്മനാഭൻ പിള്ള എന്നാണു ശരിയായ പേര്, സിനിമയിൽ ദിലീപ് എന്ന പേറി പ്രസിദ്ധനായി

> 1967 ൽ എറണാകുളം ജില്ലയിലെ എടവനക്കാട് ജനനം, എറണാകുളം മഹാരാജാസിൽ നിന്നും ചരിത്രത്തിൽ ബിരുദ്ധം.

> മിമിക്രി ആർട്ടിസ്‌റ്, നടൻ, ഗായകൻ, നിർമ്മാതാവ്, സഹ സംവിധായകൻ, ബിസിനസ് മാൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലയിൽ മലയാളികൾക്ക് സുപരിചിതൻ.

> കലാഭവനിൽ മിമിക്രി ആർട്ടിസ്റ്റായി തുടങ്ങി കമലിന്റെ വിഷ്ണുലോകം എന്ന സിനിമയിൽ സഹ സംവിധായകനായി പിന്നീട് 140 ൽ കൂടുതൽ സിനിമകളിൽ നായകനായും മറ്റു വേഷങ്ങളിലും അഭിനയിച്ചു.

> കേരളത്തിലെ കുടുംബ പ്രേക്ഷരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻ . നാല് സംസ്ഥാന സർക്കാർ പുരസ്‌ക്കാരങ്ങൾ ഉൾപ്പെടെ 43 ഓളം അവാർഡുകൾ.

> കേരളത്തിലങ്ങോളമിങ്ങോളം നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ലക്ഷക്കണക്കിന് രൂപ സ്വാന്തനം കയ്യിൽ നിന്നും മുടക്കി അശരണർക്ക് വീടും ഭക്ഷണവും എത്തിച്ചു.

> ഇതാണ് നാം മലയാളികൾക്ക് ദിലീപ്. ഇന്നേവരെ യാതൊരു ക്രിമിനൽ കേസിൽ പ്രതിചേർക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാത്ത ഒരിന്ത്യൻ പൗരൻ.
------------------------------------------------------------------------------

ഇക്കാര്യങ്ങൾ വായനക്കാരുടെ മനസിലിരിക്കട്ടെ, നമുക്ക് സംസാരിച്ചു തുടങ്ങാം....

1 മ്മടെ പ്രമുഖ കേസ് എന്തായീ വക്കീലേ , മനസിലായില്ലേ ദിലീപ് കേസ് ? മ്മക്ക് ഇന്നും ഒരു എത്തും പിടീം കിട്ടീട്ടില്ല എന്തൊക്കെയാ നടന്നതെന്ന് ?

ഇങ്ങക്ക് എന്നല്ല ഭൂരിപക്ഷം ജനങ്ങൾക്കും മനസിലായിട്ടില്ല സത്യത്തിൽ എന്താ നടന്നതെന്ന്. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് നമ്മുടെ പ്രിയ നടിയെ ഷൂട്ടിങ് കഴിഞ്ഞു വരുന്ന വഴി അങ്കമാലിക്കടുത്തു വെച്ച് തട്ടിക്കൊണ്ടുപോകുകയും ശാരീരികമായി ആക്രമിച്ചു എറണാകുളത്തുള്ള നടൻ ലാലിന്റെ വീടിനു സമീപം ഉപേക്ഷിക്കുകയും ചെയ്ത ദാരുണമായ സംഭവമുണ്ടാകുന്നത്. തുടർന്ന് ലാലും ഒരു എം എൽ എ യും ചേർന്ന് പൊലീസിനെ വിളിക്കുകയും ബലാത്സംഗത്തിനും, തട്ടിക്കൊണ്ടുപോകലിനുമുൾപ്പെടെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

2 . ഈ സംഭവം മ്മക്ക് അറിയാം പാത്രത്തിൽ വായിച്ചിട്ടുണ്ട്, ചോദിച്ചത് അതിനു ശേഷം നടന്ന അറസ്റ്റും കാര്യങ്ങളെയും കുറിച്ചാണ് ?

തുടർന്ന്
#ഫെബ്രുവരി 17

കേസിലെ പ്രതിയായ മാർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നു.
മാർട്ടിനായിരുന്നു വാഹനം ഓടിച്ചിരുന്നത്.

#ഫെബ്രുവരി 19
നടിയെ ആക്രമിച്ച കേസിൽ രണ്ടുപേർകൂടി പൊലീസ് പിടിയിലാകുന്നു. കൃത്യത്തിന് ശേഷം സുനിയെ രക്ഷപെടാൻ സഹായിച്ച ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരാണ് പിടിക്കപ്പെട്ടത്.

3 . സിനിമാ മേഖലയിലെ ഒരു പ്രമുഖ നടിയായിട്ടുപോലും സിനിമാക്കാരൊന്നും പ്രശനമുണ്ടാക്കിയില്ലേ ?

ആദ്യം ഒന്ന് പരുങ്ങിയെങ്കിലും ഫെബ്രുവരി പത്തൊമ്പതിനു അതായത് രണ്ടു പ്രതികളെ കൂടി പിടിച്ച ദിവസം സിനിമാക്കാരെല്ലാവരും കൂടെ താരസംഘടനയായ അമ്മ, ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക, മാക്ട, തുടങ്ങി എല്ലാ സംഘടനകളുടെയും പങ്കാളിത്തത്തിൽ ഇരയ്ക്ക് വേണ്ടി കൊച്ചി ദർബാർ ഗ്രൗണ്ടിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അടുത്ത ദിവസം ഫെബ്രുവരി 20 ന് സംഭവത്തിൽ നാലാമനായി തമ്മനം സ്വദേശി മണികണ്ഠൻ പിടിയിലായി.

4 . അപ്പോൾ പൾസറിനെ എപ്പോഴാ പൊക്കിയത് ?

അത് വല്യ കഥയാ, അതായത് വീരശൂര പരാക്രമികളായ കേരളാ പൊലീസിന് പൾസറിന്റെ തുമ്പു പോലും കിട്ടാതെ ഇരുട്ടിൽ തപ്പിക്കൊണ്ടിരിക്കുമ്പോഴായിരുന്നു വക്കീലിനെയൊക്കെ സെറ്റ് ചെയ്തതിനു ശേഷം തന്റെ കൂട്ടാളി വീജേഷിനോടൊപ്പം ഫെബ്രുവരി 23 ന് കോടതിയിൽ കീഴടങ്ങാനെത്തിയത് . കോടതിക്കുള്ളിൽ കടന്ന പൾസറിനെ ജഡ്ജ് ശാപ്പിടാൻ പോയ ടൈമ് നോക്കി പൊക്കി കേരള പൊലീസ് കരുത്ത് തെളിയിച്ചു. പാവം ജഡ്ജി അന്ന് ഫുഡ് അടിക്കാൻ പോകാൻ വൈകിയിരുന്നേൽ കാണായിരുന്നു കളി. റാങ്കിങ്ങിൽ സ്‌കോട്ട്‌ലൻഡ് യാർഡ് പൊലീസിന് ശേഷമുള്ള രണ്ടാം സ്ഥാനം അപ്പൊ നഷ്ടപ്പെട്ടേനെ !

5 . അതുകൊള്ളാം.. എന്തായാലും പൾസറിനെ കിട്ടിയല്ലോ, പിന്നീട് ഇതുകൊട്ടേഷനാണ് അല്ല എന്നൊക്കെ ആരാ പറഞ്ഞത് ?

പൾസർ സുനി ക്വോട്ടേഷനാണെന്നോ അല്ലെന്നോ എന്നൊന്നും ആരോടും പറഞ്ഞില്ല. എന്തൊക്കെയോ തീരുമാനിച്ചുറച്ചതുപോലെയീയിരുന്നു പെരുമാറ്റങ്ങൾ. ചോദ്യം ചെയ്ത ശേഷം പൾസറിനെയും പ്രതികളെയുമെല്ലാം ജുഡീഷ്യൽ കസ്റ്റഡിയിൽ അതായത് ജയിലിലേക്ക് റിമാൻഡ് ചെയ്തു . ഈ സമയം അന്വേഷണം നടത്തി സുനിയുടെ അടുപ്പക്കാരിയായ ഷൈനി എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ തിരിച്ചറിയൽ പരേഡിൽ കൃത്യം ചെയ്തത് സുനിയും കൂട്ടരുമാണെന്ന് ഇരയായ നടി തിരിച്ചറിഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിനും മെമ്മറി കാർഡിനുമായ് പൊലീസ് സുനിയുടെ തെളിവെടുപ്പുകൾ നടത്തി ആ കേസിൽ കുറ്റപത്രം സമർപ്പിച്ചു.

6 . ങേ, കുറ്റപത്രം സമർപ്പിച്ചാൽ കേസന്വേഷണം തീരൂലേ?

ശരിയാണ് കുറ്റപത്രം സമർപ്പിച്ചാൽ പൊലീസ് അന്വേഷണമോ അല്ലെങ്കിൽ മറ്റേതെങ്കിലും അന്വേഷണ ഏജൻസികളുടെ അന്വേഷണമായാലും തീരും പിന്നീട് പ്രോസിക്കൂഷന്റേതാണ് ജോലി. എന്നാൽ ഈ കേസിൽ ആ കുറ്റപത്രത്തോടെ കേസ് തീർന്നില്ല.

7 . അതെന്താ ഈ കേസിൽ മാത്രം അങ്ങനെ ?

അതാണ്, അതായത് നാല് മാസക്കാലം കേസന്വേഷിച്ച കുറ്റപത്രം നൽകിയ കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ പൾസർ സുനി എഴുതി എന്ന് പറയപ്പെടുന്ന ഒരു കത്ത് പുറത്ത് വരുന്നൂ. ഒന്നര കോടി രൂപ തന്നില്ലെങ്കിൽ നദിയെ ആക്രമിച്ചതുമായ് ബന്ധപ്പെട്ട് ദിലീപിന്റെ പേര് പുറത്തു പറയുമെന്ന് ആ കത്തിൽ പൾസർ സുനി ഭീഷണിപ്പെട്ടുത്തുന്നു. പഴയ ക്വോട്ടേഷന്റെ കാര്യവും കത്തിൽ എടുത്തു പറയുന്നു. കൂടാതെ ദിലീപിന്റെ വാഹനത്തിന്റെ നമ്പർ കോഡായി ഉപയോഗിച്ചിരുന്നു

8 . ജയിലിൽ നിന്നും അങ്ങെനെ കത്തയക്കാൻ സാധിക്കുമോ ?

സാധിക്കും, അനുവദിക്കപ്പെടുന്ന സമയത്തു ജയിൽ സൂപ്രണ്ടിന്റെ മുൻകൂർ അനുമതിയോടു കൂടെ ജയിലിൽ നിന്നും ഔദ്യോദിക സീലോടുകൂടെ ലഭിക്കുന്ന പേപ്പറിൽ എഴുതി സൂപ്രണ്ടിന്റെ അനുമതിയോടെ അത് പരിശോധിച്ചതിനു ശേഷം പുറത്തേക്ക് കൊടുത്തയക്കാം.

9 . ഓഹോ അങ്ങനെയെങ്കിൽ പൾസർ സുനി ദിലീപിനെ ഭീഷണിപ്പെടുത്തി എഴുതിയ കത്ത് എന്തുകൊണ്ടാണ് ജയിൽ സൂപ്രണ്ടോ, അധികൃതരോ ശ്രദ്ധിക്കാതിരുന്നത് ?

അതാണ് സംശയം എങ്ങനെയാണ് ഒരു ക്രൈമിനെ കുറിച്ച് പ്രതിപാദിക്കുന്ന കത്ത് ഔദ്യോദിക സ്റ്റാമ്പോടുകൂടെ പുറത്തേക്ക് വന്നതും അതുപയോഗിച്ചു ഭീഷണിപ്പെടുത്തിയ ശേഷം മാധ്യമങ്ങൾക്ക് നൽകിയതും. മാത്രവുമല്ല ഒന്നാന്തരം ക്രിമിനലും, സാധാരണക്കാരനായ സുനി ഒരു അഭിഭാഷൻ എഴുതുന്നതുപോലെ വളരെ വളരെ കൃത്യമായി ഒരു ഭീഷണി കത്ത് എഴുതിയത്. തീർച്ചയായും കൃത്യമായ ഒരു ഉപദേശമോ, അസിസ്റ്റൻസോ കിട്ടാതെ അത്തരം ഒരു കത്തെഴുതാൻ സുനിക്ക് സാധിക്കില്ല.

10 . അപ്പോൾ നാദിർഷയെ സുനി വിളിച്ചെന്നു പറയുന്നതോ ?

അതെ, അതിലേക്കാണ് വരുന്നത് . ദിലീപിന്റെ അടുത്ത സുഹൃത്തും, ബിസിനസ് പാർട്ണറുമായ നാദിർഷയെയും, ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെയും ജയിലിൽ നിന്നും പൾസർ സുനി വിളിച്ചു ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്നു എന്ന കാര്യം നാദിർഷായും, അപ്പുണ്ണിയും ജൂൺ 24 നു ദിലീപിനെ അറിയിക്കുന്നു.

11 . അറിഞ്ഞപ്പോൾ ദിലീപെന്നതു ചെയ്തു ?

തന്നെ ബ്‌ളാക്ക്‌മെയിൽ ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ടെന്ന അറിഞ്ഞ ദിലീപ് കാര്യകാരണസഹിതം സംസ്ഥാന പൊലീസ് മേധാവിയോട് പരാതി പറഞ്ഞു. കൂടാതെ ജയിലിൽ നിന്നും സുനി നാദിർഷയെ വിളിച്ചത് നാദിർഷ റെക്കോർഡ് ചെയ്യുകയും. പ്രസ്തുത ഓടി റെക്കോർഡുൾപ്പെടെ ഡി ജി പിയുടെ വാട്‌സാപ്പിലേക്ക് മെസേജ് ചെയ്യുകയും ചെയ്തു.

11 . ആ പരാതിയിൽ ഡിജിപി എന്ത് നടപടി എടുത്തു ?

സംഗതി ഗൗരവമുള്ളതാണെന്നും, ഇനി വിളിച്ചാൽ അതും റെക്കോർഡ് ചെയ്ത അയച്ചുതരണമെന്നും കൂടാതെ ഒരു പരാതി എഴുതി നൽകണമെന്നും ദിലീപിനോട് ആവശ്യപ്പെട്ടു.

12 . എന്നിട്ട് ദിലീപ് പരാതി എഴുതികൊടുത്തോ ?

കൊടുത്തു അടുത്ത ദിവസം തന്നെ ഷൂട്ടിങ് കഴിഞ്ഞു വന്നു എല്ലാ വിഷാദശാംശനങ്ങളും ചൂണ്ടികാണിച്ചു പൊലീസിൽ പരാതി നൽകി.

13 . പക്ഷെ 20 ദിവസം കഴിഞ്ഞിട്ടാണ് പരാതി കിട്ടിയത് എന്നാണല്ലോ പൊലീസ് പറയുന്നത് ?

ആരുപറഞ്ഞു, ഡിജിപി ലോക്‌നാഥ് ബെഹ്റ തന്നെ ദിലീപിന്റെ പരാതി സുനി നാദിർഷയെ വിളിച്ചതിന്റെ അടുത്ത ദിവസം തന്നെ താന് എന്ന് സ്ഥിതീകരിച്ചിട്ടുണ്ട്. മാത്രവുമല്ല വാട്‌സാപ്പ് മെസേജ് വന്നു എന്നും സമ്മതിക്കുന്നുണ്ട് . പിന്നെങ്ങനെയാ പൊലീസ് അമ്മാതിരി വർത്തമാനം പറയുക.

14 . വാട്‌സാപ്പ് മെസേജ് പരാതിയായി കണക്കാക്കാൻ പറ്റില്ല എന്നാണല്ലോ പൊലീസ് പറയുന്നത് ?

ആരുപറഞ്ഞു, സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ അമേരിക്കയിലിരുന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനയച്ച വാട്‌സാപ്പ് മെസേജ് പൊതു താത്പര്യ ഹര്ജിയായി പരിഗണിക്കണമെന്ന കേസ് ഇപ്പോൾ കോട്ടൈയുടെ പരിഗണയിലാണ്. മാത്രവുമല്ല വാട്‌സാപ്പ് മെസേജുകൾ തെളിവുകളായി എടുത്തു വിധിന്യായങ്ങൾ പോലും കോടതികൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഡൽഹി ഹൈക്കോടതി കേസിലെ കക്ഷികൾക്ക് വാട്‌സാപ്പിലൂടെ ഉത്തരവുകൾ അയച്ചു വാർത്തകളിൽ വന്നിരുന്നു. സമൻസുകളും, മറ്റു നടപടിക്രമങ്ങളും വാട്‌സാപ്പിലൂടെ നൽകിയ സംഭവങ്ങളും ഡൽഹിയിലും ചെന്നൈയിലും രാജസ്ഥാനിലും ഏറ്റവും ഒടുവിൽ ചന്ദീഗഢിലും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സവാട്‌സാപ്പിലെ നൽകിയ ഒരു സുപ്രധാന കേസിലെ റെക്കോർഡ് പരാതിയായി സ്വീകരിക്കപ്പെടുക തന്നെ വേണം.

15 . ദിലീപിന്റെ പരാതിയിൽ എന്തെങ്കിലും നടപടികൾ എടുത്തോ ?

ജൂൺ 26 ദിലീപിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന കേസിൽ പൾസർ സുനിയുടെ സഹതടവുകാരനായ വിഷ്ണു അറസ്റ്റിലായി. എന്നാൽ ആ കേസിൽ പ്രത്യേകം കേസെടുത്ത അന്വേഷിക്കാൻ പൊലീസ് തയ്യാറായില്ല.

16 . അതിനു ശേഷമാണോ ദിലീപിനെ ചോദ്യം ചെയ്യുന്നത് ?

അതെ ജൂൺ 28 ദിലീപിനെയും നാദിർഷയേയും 13 മണിക്കൂർ പൊലീസ് ചോദ്യം ചെയ്യുന്നു. എന്നാൽ അറസ്റ്റ് ചെയ്യാനുള്ള നീക്കം അവസാന നിമിഷം പൊലീസ് തീരുമാനം മാറ്റി ദിലീപിനെ വെളിയിൽ വിടുന്നു.

17 . 13 മണിക്കൂർ ചോദ്യം ചെയ്യലോ ?

അതെ അതെ, അന്വേഷണത്തിന് നേതൃത്വം നൽകുന്ന കശ്യപിനെ പോലും ഒഴിവാക്കിയാണ് എഡിജിപി സന്ധ്യ പൊലീസ് ക്ലബിൽ വെച്ച് മാരത്തോൺ ചോദ്യം ചെയ്യൽ നടത്തിയത്. എന്നിട്ട് അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു.

18 . എന്നിട്ടെന്താ അറസ്റ്റ് ചെയ്തത്, പൊലീസ് മേധാവി അനുമതി കൊടുത്തില്ലേ ?

അതാണ് വലിയ രസം,13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനെ സംസ്ഥാന പൊലീസ് മേധാവി തള്ളിപ്പറഞ്ഞു. ഗിന്നസ് ബുക്കിൽ കയറിപ്പറ്റാൻ വേണ്ടിയാകരുത് ചോദ്യം ചെയ്യലെന്നും, കേസിന്വേഷണത്തിന്റെ നേതൃത്വം വഹിക്കുന്ന ആളെ ഒഴിവാക്കി എന്തിനാണ് ചോദ്യം ചെയ്തതെന്നും അദ്ദേഹം ചോദിക്കുകയും നീരസം പ്രകടിപ്പിക്കുകയും ചെയ്തു.

19 . എന്നിട്ടെങ്ങനെയാണ് അറസ്റ്റ് നടന്നത് ?

തൊട്ടടുത്ത ദിവസങ്ങളിൽ സംസ്ഥാന പൊലീസ് മേധാവിയോട് ദിലീപിനെ അറസ്റ്റ് ചെയ്യുമോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ, തങ്ങളുടെ കൈവശം അറസ്റ്റ് ചെയ്യാൻ പാകത്തിന് ഒരു തെളിവുകളുമില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

20 . ഈ സമയത്തു മറ്റു സിനിമാക്കാർ ഇടപെട്ടില്ലേ ?

ഇരയേയും വേട്ടക്കാരനെന്ന് ആരോപിക്കപ്പെട്ട ദിലീപിനെയും ഒരുപോലെ സംരക്ഷിക്കുമെന്ന വിചിത്ര നിലപാടുമായി 'അമ്മ'. മാധ്യമപ്രവർത്തകർക്കുനേരെ 'അമ്മ' അംഗങ്ങളുടെ ക്ഷോഭ പ്രകടനം. അമ്മയിലെ മുതിർന്ന അംഗങ്ങൾ സംസാരിക്കുമ്പോൾ മാധ്യമപ്രവർത്തകർക്കുനേരെ കൂക്കിവിളിച്ച് അഭിനേതാക്കളുടെ കൂട്ടം. 'അമ്മയുടെ' നിലപാട് പൊതുസമൂഹത്തിന് മുന്നിൽ പരിഹാസ്യമാകുന്നു. നാനാഭാഗത്തുനിന്നും 'അമ്മയുടെ' വിചിത്ര നിലപാടിനും മാധ്യമപ്രവർത്തകരോടുള്ള സമീപനത്തോടുമുള്ള വിമർശനമുയരുന്നു.

21 . പിന്നീടെന്തു സംഭവിച്ചു ?

ഈ കാലയളവിൽ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നും സെൻകുമാർ വിരമിച്ചു. ആ സ്ഥാനത്തേക്ക് ബെഹ്റ വരികയും ദിലീപിനെ അറസ്റ്റു ചെയ്യുമെന്നുള്ള അഭ്യൂഹം മാധ്യമങ്ങളിൽ നിറയുകയും ചെയ്തു. ഒടുവിൽ ജൂലൈ 10 ഇന്നുരാവിലെ ദിലീപിനെ രണ്ടാമത് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തി സിനിമയിലെ ക്ലൈമാക്സ് സീനുകളെ വെല്ലുന്ന രീതിയിൽ പ്രമുഖന്റെ അറസ്റ്റ്.

22 . എന്തൊക്കെയായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ ?

ഈ കേസിലെ മാസ്റ്റർ മൈൻഡും , മുഖ്യ സൂത്രധാരനും ദിലീപാണെന്നും, നടിയെ ആക്രമിച്ചു നഗ്‌ന ദൃശ്യങ്ങൾ പകർത്താൻ ക്വൊട്ടേഷൻ നല്കിയതാണെന്നും അതിനുള്ള തെളിവുകളും തങ്ങളുടെ കൈവശമുണ്ടെന്നും ആരോപിച്ചായിരുന്നു അറസ്റ്റ് . ബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, പ്രകൃതി വിരുദ്ധ പീഡനം, നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിക്കൽ, ക്രിമിനൽ പ്രേരണ ഉൾപ്പെടെ അതി ഭീകരമായ വകുപ്പുകളും ഉപവകുപ്പുകളും ചാർത്തി പതിനൊന്നാം പ്രതിയായി അവരോധിക്കുന്നു.

23 . എന്നിട്ട് ജയിലിലാക്കിയോ ?

അടുത്ത ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം പതിനാലു ദിവസത്തേക്കു ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

24 . ജാമ്യം ?

അന്നുതന്നെ പ്രഗത്ഭ ക്രിമിനൽ അഭിഭാഷകൻ അഡ്വ രാംകുമാർ സാർ മുഖേന അങ്കമാലി കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും നിരസിച്ചു. തുടർന്ന് അടുത്ത ദിവസം ദിലീപിനെ തളിവെടുപ്പുകൾക്കായി രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ കൊടുത്തു.

25 . തെളിവെടുപ്പെന്നു വച്ചാൽ എന്തോന്നാ ?

ഗൂഢാലോചന നടന്നു എന്ന് ആരോപിക്കപ്പെടുന്ന സ്ഥലങ്ങളിൽ കൊണ്ടുപോയി സ്ഥലം സ്ഥിതീകരിച്ചു തെളിവായി രേഖപ്പെടുത്തുക. അപ്രകാരം അബാദ് പ്ലാസ ഹോട്ടൽ, തൃശൂരിലെ ഹോട്ടൽ, ലൊക്കേഷൻ, ക്ലബ് ഇന്നിവിടെ എത്തിച്ചു തെളിവെടുത്തു.

26 . എന്നിട്ട് എന്തെങ്കിലും തെളിവ് കിട്ടിയോ ?

എന്തോന്ന് കിട്ടാൻ സുനിയുടെ കൂടെ അവിടെ കണ്ടു ഇവിടെ കണ്ടു എന്നല്ലാതെ ഒരു ചുക്കും എവിടെന്നും കിട്ടീല.

ഹൈക്കോടതിയിൽ പ്രോസികൂഷൻ മുന്നോട്ടു വയ്ക്കുന്ന വാദങ്ങൾ ഇങ്ങനെ

1 . ഏറ്റവും പ്രധാനപ്പെട്ട തെളിവുകളും, വിശദശാംശങ്ങളും തുറന്ന കോടതിയിൽ അന്വേഷണം അവസാനിക്കാത്ത ഈ ഘട്ടത്തിൽ പറയാനാവില്ല. അവ സീൽ ചെയ്ത കവറിൽ കോടതി മുൻപാകെ സമർപ്പിച്ചിരിക്കുന്നു.

2 നടിക്കെതിരായ ആക്രമണത്തിന്റെ മുഖ്യആസൂത്രകൻ ദിലീപാണ്.
ദിലീപിനെതിരെ ഒരുപാട് തെളിവുകളുണ്ട് (19 എണ്ണം തുടങ്ങി 35 ഉം ദിവസങ്ങൾ കഴിയുന്തോറും ഇപ്പൊ കൂടി കൂടി 223 ഓളം തെളിവുകളും കൈവശമുണ്ട്)

3 . ദിലീപും പൾസർ സുനിയും തമ്മിൽ നാലിൽ കൂടുതൽ പ്രാവശ്യം നേരിൽ കണ്ടിട്ടുണ്ട്. ഗൂഢാലോചന നടത്തിയിട്ടുണ്ട്.

4 . നിരവധി തവണ ഇരുവരും ഒരേ ടവർ ലൊക്കേഷനുകളിൽ ഒരുമിച്ചെത്തിയിട്ടുണ്ട്. ഫോണിലും ബന്ധപ്പെട്ടിട്ടുണ്ട്.

5 . ഭാര്യ കാവ്യ മാധവന്റെ ഡ്രൈവറുടെ മൊഴിയും ദിലീപിന് എതിരാണ്.

6 . കീഴടങ്ങുന്നതിന് മുൻപ് കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ സുനി എത്തിയിരുന്നു. ദിലീപ് 25000 രൂപ കാവ്യ വഴി സുനിക്ക് നൽകി.

7 .കേസിൽ 15 പേരുടെ രഹസ്യമൊഴിയെടുത്തു. 223 തെളിവുകളും 168 രേഖകളുമുണ്ട്.

8 . മൊബൈലും സിംകാർഡും നശിപ്പിച്ചതായി പ്രതി പറഞ്ഞെങ്കിലും അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല. പ്രതി രക്ഷപെടാൻവേണ്ടിയാണ് ഇങ്ങനെ പറഞ്ഞത്. മൊബൈൽ ഫോണും സിംകാർഡും കണ്ടെത്തേണ്ടതുണ്ട്.

9 . ഒന്നര കോടി രൂപയ്ക്ക് 2013 ലാണ് കവട്ടേഷൻ നൽകിയത്. നടിയുടെ നഗ്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ടു.

10 . തൃശൂർ ടെന്നീസ് ക്ലബ്ബ് ജീവനക്കാരൻ ദിലീപിനെയും പൾസർ സുനിയെയും ഒരുമിച്ച് കണ്ടിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. മുദ്രവച്ച കവറിൽ കേസ് ഡയറി പ്രോസിക്യൂഷൻ കോടതിക്ക് കൈമാറുകയും ചെയ്തു.

11 .കാക്കനാട് ജയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോടാണ് ദിലീപ് കുറ്റവാളിയാണെന്ന കാര്യം സുനി വെളിപ്പെടുത്തിയയത്. അതിനാൽ പൊലീസുകാരനെ സാക്ഷിയാക്കിയിട്ടുണ്ട്.

12 . പതിനഞ്ചു പേരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. നാല് സാക്ഷികളുടെ വിശദശാംശങ്ങളുണ്ട്.

ദിലീപിന് വേണ്ടി നടത്തിയ വാദങ്ങൾ ഇങ്ങനെ

1 . ഒന്നാം പ്രതിയായ പൾസർ സുനിയും ദിലീപും കണ്ടതിന് തെളിവില്ല, പിന്നെന്ത് ഗൂഢാലോചന 

ദിലീപും കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയും ഒരേ ടവർ ലൊക്കേഷനിൽ ഒരുമിച്ചു വന്നെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ നേരിട്ടു കണ്ടില്ലെങ്കിൽ നിലനിൽക്കുന്നതല്ല ഗൂഢാലോചന.

2 . ഒരേ ടവർ ലൊക്കേഷന് കീഴിൽ ആയിരക്കണക്കിന് ആളുകൾ വരാം. നാല് മുതൽ ആറ് കിലോമീറ്റർ ദൂരപരിധിയിൽ ഒരേ ടവർ ലൊക്കേഷനാണ്. അതിനാൽ തന്നെ ആരും ഒരേ സമയം അതിനു കീഴിൽ വരാം.

3 . പൾസർ സുനിയുടെ ഒരു ഫോൺ കോളോ, സന്ദേശമോ, എന്തിനേറെ ഒരു മിസ്സ്ഡ് കോളോ ഇതുവരെ ദിലീപിന്റെ ഫോണിലേക്ക് വന്നിട്ടില്ല. പൊലീസിനു ലഭിച്ച ഒമ്പതു മൊബൈൽ ഫോണുകളിൽ നിന്ന് സുനിയുടെ ഒരു കോൾ പോലും ദിലീപിനു പോയിട്ടില്ല. നാലു വർഷം ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കിൽ ഒരിക്കലെങ്കിലും വിളിക്കണ്ടേയെന്നും പ്രതിഭാഗം ചോദിക്കുന്നു.

4 . സുനിയെ ഇതുവരെ ജീവിതത്തിൽ നേരിട്ട് കാണുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല.

5 . സ്വന്തമായി കാരവാനും, ഹോട്ടലും, കാറും എല്ലാമുള്ള ദിലീപ് എന്തിന് പുറത്ത് ആൾക്കൂട്ടത്തിൽ വച്ച് എല്ലാവരും കാണുന്ന തരത്തിൽ സുനിയുമായി ഗൂഢാലോചന നടത്തണം.

6 . സ്വന്തമായി ഫ്ളാറ്റുകളും, വിവിധ ബിസിനസ് സ്ഥാപനങ്ങളുള്ള ദിലീപ് എന്തിന് ഒരു ക്വൊട്ടേഷന്റെ തുകയായ മെമ്മറി കാർഡ് ഭാര്യയുടെ കടയിലേക്ക് കൊടുത്തയാക്കാൻ നിർദ്ദേശിക്കും.

7 . പൾസർ സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ വിവരം ഡിജിപിയെ അറിയിച്ചതാണ്. പരാതി നൽകാൻ 20 ദിവസം വൈകിയെന്ന പൊലീസ് നിലപാട് തെറ്റാണ്.

8 . അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെയാണ് എഡിജിപി ബി.സന്ധ്യ തന്നെ ചോദ്യം ചെയ്തത്. നടി മഞ്ജുവാരിയരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുള്ള ബന്ധത്തെപ്പറ്റി താൻ പറഞ്ഞപ്പോൾ ചോദ്യം ചെയ്യൽ പകർത്തിയിരുന്ന കാമറ എഡിജിപി ഓഫ് ചെയ്തു .

9 . ദിലീപുമായി ശത്രുതയുണ്ടെന്നോ ഗൂഢാലോചനയിൽ ദിലീപിന് പങ്കുണ്ടെന്നോ നടിയുടെ മൊഴിയിൽ തന്നെ പറയുന്നില്ല.

10 . ജയിലിൽ നിന്നുള്ള കത്ത്. ജയിയിലായിരുന്നപ്പോൾ സുനി ദിലീപിന് കത്ത് എഴുതിയെന്നത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്. ഒന്നരക്കോടി തനിക്കു ദിലീപ് വാഗ്ദാനം ചെയ്തുവെന്നാണ് സുനിയുടെ ആരോപണം. അങ്ങനെയാണെങ്കിൽ പണം നൽകി കേസ് ഒതുക്കാൻ ശ്രമം നടക്കില്ലേ.

11 . നടിയുമായി ബന്ധമുള്ളവർ കേസിലെ നിലവിലെ സാക്ഷികൾ ആക്രമിക്കപ്പെട്ട നടിയുമായി ബന്ധമുള്ളവരാണ്. ക്വട്ടേഷനാണെന്ന് നടി ആദ്യമേ തന്നെ മൊഴി നൽകിയിരുന്നു. എന്നിട്ടും ഇതേക്കുറിച്ച് പൊലീസ് അന്വേഷിച്ചില്ല. ആരെയെങ്കിലം സംശയമുണ്ടോയെന്നു പോലും നടിയോട് ചോദിച്ചില്ലെന്നും ഇത് മറ്റൊരെയോ രക്ഷിക്കാനുള്ള ശ്രമമല്ലേ.

12 . പൊതുജന വികാരം ദിലീപിന് എതിരാക്കി. അറസ്റ്റ് ചെയ്യപ്പെട്ട ശേഷം പൊതുജന വികാരം ദിലീപിനു എതിരേയാക്കാൻ പൊലീസിന്റെ ഭാഗത്തു നിന്നു തന്നെ ബോധപൂർവ്വമുള്ള ശ്രമം നടന്നു. ഭൂമി കൈയറ്റം, ഹവാല എന്നീ ആരോപണങ്ങൾ താരത്തിനു നേരേ ഉണ്ടായെങ്കിലും അന്വേഷിച്ചപ്പോൾ ഇതിൽ കഴമ്പില്ലെന്നു തെളിയുകയും ചെയ്തു. ഗൂഢാലോചനയുടെ തെളിവാണ് ഇത്.

13 .തിയേറ്റർ ഉടമയും സംവിധായകനും ദിലീപിനോട് ശത്രുതയുള്ള തിയേറ്റർ ഉടമയും പരസ്യസംവിധായകനായ വ്യക്തിയും ശക്തമായ നീക്കങ്ങൾ നടത്താൻ കഴിവുള്ളവരാണ്.

14 . ദിലീപിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനാണ് പൾസർ സുനി എന്ന സുനിൽകുമാർ ശ്രമിക്കുന്നതു .

15 കൊച്ചിയിലെ ഹോട്ടലിൽവച്ചു ഗൂഢാലോചന നടത്തിയെന്ന പൊലീസ് വാദവും തെറ്റാണ്. 2013ലെ അമ്മ താരനിശയുടെറിഹേഴ്‌സൽ നടക്കുമ്പോൾ സുനി അവിടെ വന്നിരിക്കാം. എന്നാൽ പൾസർ സുനിയെ തനിക്കു മുഖപരിചയം പോലുമില്ലാ.

16 . മറ്റു വാദ മുഖങ്ങൾ

27. മനസിലായി, ഒരു കാര്യ കൂടെ ഹൈക്കോടതിയിൽ ആദ്യം നൽകിയ ജാമ്യ വിധിയിൽ ദിലീപ് കുറ്റക്കാരനാണെന്നു കണ്ടെത്തി എന്നൊക്കെ വർത്തയുണ്ടായിരുന്നല്ലോ ?

നിയമത്തിന്റെ ബാലപാഠങ്ങൾ പോലും അറിയാത്തവർ പടച്ചുവിട്ട വ്യാജ വാർത്തകളാണവ. ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഈ വാർത്തകൾ സൃഷ്ട്ടിച്ച സംശയങ്ങളായിരുന്നു ആളുകൾ ഉന്നയിച്ചവയിൽ കൂടുതൽ.

'ദിലീപ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി അതുകൊണ്ടു ജാമ്യം നൽകാതെ ജയിലിലടച്ചു ' എന്നതാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. പൊതുവിൽ വിധി പ്രതിക്ക് എതിരാണെങ്കിലും വിചാരണ പോലും ആരംഭിക്കാത്ത കേസിൽ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രതി കുറ്റക്കാരനാണെന്നു എങ്ങനെ കോടതിക്ക് പറയാൻ സാധിക്കും ?

അപ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യം കോടതി വിധിയിൽ എന്തുപറഞ്ഞു എന്നതാണ് .
പറയാം

പതിനൊന്നു പേജുള്ള വിധിന്യായത്തിൽ ഒരിടത്തുപോലും പ്രഥമ ദൃഷ്ട്യാ യായോ അല്ലാതെയോ പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തി എന്ന് പറയുന്നില്ല. മറിച്ച് പ്രോസിക്കൂഷന്റെ വാദങ്ങൾ പ്രോസിക്കൂഷൻ 'allege'ചെയ്യുന്നു അഥവാ ആരോപിക്കുന്നൂ എന്ന വാക്കുകൾ ഉപയോഗിച്ചതിന് ശേഷം മാത്രമാണ് കേസിന്റെ വിവരണങ്ങളും പ്രതിയുടെ പങ്കിനെക്കുറിച്ചും പറയുന്നത്.

എന്നാൽ നമ്മുടെ മാധ്യമങ്ങൾ സൗകര്യപൂർവ്വം allegedly/alleged/ alleging അഥവാ ആരോപിക്കുന്നു എന്ന വാക്കിനെ അങ്ങ് മുക്കി. ഇതാ കോടതി പറയുന്നൂ എന്ന രീതിയിലാക്കി മാറ്റി.

വിധിന്യാത്തിലെ പതിനാറാമത്തെ ഖണ്ഡികയിൽ പറഞ്ഞ വാക്കുകളും വളച്ചൊടിച്ചു 'The above facts osw that , prima facie there are materials to suspect the involvement of the petitioner in the crime' അഥവാ

'പ്രോസിക്കൂഷന്റെ വാദത്തിൽ നിന്നും വസ്തുതകളിൽ പ്രഥമദൃഷ്ട്യാ പ്രതിക്ക് അഥവാ പരാതിക്കാരന് ഈ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നു
സംശയിക്കാവുന്നതാണ്.'എന്നാണ്.

എന്നാൽ ഈ വാർത്ത സൗകര്യപൂർവ്വം suspect അഥവാ സംശയിക്കുന്നു എന്ന വാക്കു ഉപയോഗിക്കാതെ പ്രതി പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തി എന്ന് പ്രചരിപ്പിച്ചത് വിചാരണയുടെ ഈ ഘട്ടത്തിൽ പൊതുജനങ്ങളുടെ മനസ്സിൽ തെറ്റിദ്ധാരണകളും മുൻവിധിയും സൃഷ്ടിക്കുകയും നീതിയുക്ത വിചാരണയെ സ്വാധീനിക്കുന്നതുമാണ്. അത്തരം പ്രവർത്തികൾ പാടില്ല എന്ന് നിരവധി കേസുകളിൽ സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും സംശയയാതീതമായി പറഞ്ഞുവച്ചിട്ടുള്ളതാണ്. 16, 17, 18, 19 തുടങ്ങിയ ഖണ്ഡികയിലാണ് ജാമ്യം നൽകാത്തതിന്റെ കാരണങ്ങൾ കോടതി വ്യക്തമാക്കുന്നത്
അപൂർവ്വമായ, ഹീനമായ, ഗുരുതര ഗൂഢാലോചനയുള്ള, ക്രൂരമായി നടപ്പിലാക്കിയ ഗൗരവകരമായ കേസാണെന്നും, ഒരു സ്ത്രീക്കെതിരെ വൈരാഗ്യത്തിന്റെ പേരിൽ ക്രിമിനലുകളെ വെച്ച് മാനഭംഗപ്പെടുത്തിയതും കോടതി ഗൗരവകരമായ് കാണുന്നു. അതുകൊണ്ടു തന്നെ ഇത്തരം കേസുകളിൽ ജാമ്യം നൽകാൻ കഴിയില്ല.

സംഭവത്തിലെ പ്രധാന തെളിവും, ഇരയുടെ ജീവനു തന്നെ ഭീഷണിയായതുമായ ലൈംഗികാക്രമണം ചിത്രീകരിച്ച മെമ്മറി കാർഡ് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഏതെങ്കിക്കും പ്രതികൾ ആ മെമ്മറി കാർഡ് കണ്ടെത്തുന്നതിൽ നിന്നും അന്വേഷണ ഏജൻസിയെ തടസപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യാൻ സാധ്യതയുള്ളതിനാൽ ജാമ്യം നൽകാനാവില്ല.

പരാതിക്കാരൻ അഥവാ പ്രതി ഒരു പ്രമുഖ സിനിമ നടനായായതിനാലും, സിനിമയുടെ നിർമ്മാണ വിതരണ മേഖലകളിൽ പ്രവർത്തിക്കുന്ന ആളായതിനാലും ഒരു തിയെറ്റർ സ്വന്തമായുള്ളയാളും ഈ മേഖലയിൽ ശക്തമായ കാമാൻഡും സ്വാധീനവും ഉള്ളയാളായതിനാലും സിനിമാ മേഖലയിൽ നിന്നുതന്നെയുള്ള സാക്ഷികളെ സ്വാധീനിക്കാനും, ഭീഷണിപ്പെടുത്തുവാനും സാധ്യതയുള്ളതിനാൽ അന്വേഷണത്തിന്റെ ഈ തുടക്ക ഘട്ടത്തിൽ ജാമ്യം നൽകുവാൻ സാധിക്കില്ല.

തത്വത്തിൽ ഇതാണ് ജാമ്യപേക്ഷ നിരസിക്കാനുള്ള കാരണങ്ങൾ. പ്രോസിക്കൂഷൻ വാദങ്ങൾ കോടതി അംഗീകരിച്ചു എന്നുതന്നെ പറയാം പക്ഷെ അതൊരിക്കലും ദിലീപിനെ പ്രഥമദൃഷ്ട്യാ കുറ്റക്കാരനായി പ്രഖ്യാപിച്ചു ഹൈക്കോടതി ജയിലിൽ അടച്ചു എന്നൊക്കെ പറഞ്ഞു പരത്തുന്നത് കോടതിനടപടികളെ influence ചെയ്ത് നീതിയുക്ത വിചാരണയെ തടസപ്പെടുത്തലുമാണ്.

28. കാര്യങ്ങൾ ഏറെക്കുറെ മനസിലായി , എങ്കിലും ഒരു സംശയം ദിലീപിനെതിരെ ഒരു ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ ?

തീർച്ചയായും, അങ്ങനെ ഒരു ചിന്ത അടുത്തകാലത്തായി വളരെ കലശലായി എന്റെ മനസിലുണ്ട്. അതിനു ചില അടിസ്ഥാനങ്ങളുമുണ്ട്. സെലിബ്രറ്റിയായ ഒരാൾക്കെതിരെ ഒരു ക്രിമിനൽ കേസുണ്ടാകുകയും പ്രതിചേർക്കപ്പെടുകയും അറസറ്റ് ചെയ്യപ്പെടുകയും ചെയ്തതിനു ശേഷം ഇതുവരെ മലയാളികൾക്ക്അ മുന്നിൽ വരാതിരുന്ന ചില കച്ചവടക്കാർ പൊടിപ്പും തൊങ്ങലും വെച്ചുള്ള ആരോപണങ്ങളുമായി മാധ്യമങ്ങളിലൂടെ നിറങ്ങിനടനാണ് എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. അതെ പറഞ്ഞുവരുന്നത് അവരെ കുറിച്ച് തന്നെയാണ് ലിബർട്ടി ബഷീർ ബൈജു കൊട്ടാരക്കര, ആലപ്പി അഷറഫ്, ഒരു റിട്ടയേർഡ് എസ്‌പി, അങ്ങനെ ചില കേന്ദ്രങ്ങൾ നിരന്തരം ദിലീപിന്റെ സ്വകാര്യതയെ പോലും മാനിക്കാതെ വായിലൂടെ മലം തല്ലിക്കൊണ്ടിരുന്നു.

29 . അതുശരിയാണ് ആ ഒരു സമയത് ഏതു ചാനൽ നോക്കിയാലും അവർ തന്നെയായിരുന്നു വിഷയം ദിലീപും. അല്ല മറ്റൊരു സംശയം ഇത്തരത്തിൽ വിദ്വെഷം പ്രചരിപ്പിച്ചതിന് മാധ്യമങ്ങൾക്കും പങ്കില്ലേ ?

തീർച്ചയായും ചില ഓണലൈൻ മാധ്യമങ്ങൾ, മാധ്യമങ്ങൾ എന്ന് തന്നെ അവരെ വിളിക്കാൻ പാടുണ്ടോ എന്നാണെന്റെ സംശയം അവർ നിരന്തരം നിർഭയം ദിലീപിന്റെ ഭാര്യയേയും, അമ്മയെയും, മകളെയും, മുൻഭാര്യയെയും, മറ്റെല്ലാ ബന്ധുജനങ്ങളെയും ആക്ഷേപിക്കുന്ന തരത്തിലും അപമാനിക്കുന്ന തരത്തിലുമുള്ള പച്ച കള്ളങ്ങളും, ഇക്കിളി കഥകളും, മസാലക്കഥകളും പടച്ചു വിട്ടുകൊണ്ടിരുന്നു. ഇതിനിടയിൽ നിവർത്തിയില്ലാതിരുന്ന മുഖ്യധാരാ മാധ്യമങ്ങളും ഒരുവേള അതെല്ലാം ഏറ്റുപിടിച്ചു. ദിലീപിന്റെ സാമൂഹ്യ ജീവിതം അപ്പാടെ തകർക്കുന്ന തരത്തിലായിരുന്നു പിന്നീടുള്ള പ്രചാരണം. സ്വകാര്യതയ്ക്ക് ഒരു പ്രാധാന്യവും കൊടുക്കാതെയുള്ള അത്തരം പ്രചാരണങ്ങൾ ഒരുവേള എല്ലാ പരിധികളും ലംഘിച്ചു കോടതിയികളെ തന്നെ സ്വാധീനിക്കുന്ന ഘട്ടത്തിലേക്ക് വരെ എത്തി .

30 . ഗൂഢാലോചനയുണ്ടെന്ന മഞ്ജുവാര്യരുടെ ആരോപണവും, ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ സഭയിലെ പ്രഖ്യാപനവും എങ്ങനെയാണ് കൂട്ടി വായിക്കുന്നത്?

അതെ അതിലും ഒരു വൈരുധ്യമുണ്ട്. അതായത് പീ സി ജോർജ്ജ് സാർ പറയുന്നതിനോട് ഞാൻ പൂർണ്ണമായും യോജിക്കുകയാണ്. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഈ സംഭവം നടന്നതിന് ശേഷം ഉയർന്നുവന്ന ഗൂഢാലോചന എന്ന ആരോപണം ശക്തമായിത്തന്നെ നിയമസഭയിൽ നിഷേധിച്ചിരുന്നു. സംഭവത്തിൽ യാതൊരു വിധ ഗൂഢാലോചനയില്ലെന്നും എല്ലാ പ്രതികളെയും പിടിച്ചെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ സംഭവത്തിൽ ഏറ്റവും ആദ്യം ഗൂഢാലോചന എന്ന കാര്യം പ്രഖ്യാപിച്ചത് ദിലീപിന്റെ മുൻ ഭാര്യ കൂടിയായിരുന്ന മഞ്ജു വാര്യർ ആയിരുന്നു. എങ്ങനെയാണ് മുഖ്യമന്ത്രിക്ക് പോലും ലഭിക്കാത്ത ഗൂഢാലോചനക്കാര്യം മഞ്ജുവാര്യർക്ക് മനസിലായത് എന്ന ചോദ്യം ഇന്നും പ്രസക്തമാണ്.

31 അമ്മയ്ക്ക് വുമൺ കളക്ടീവ് എന്ന പേരിൽ മകൾ പിറന്നല്ലോ ഇതിനിടയിൽ ?

യെസ്, സിനിമയിലെ സ്ത്രീജനങ്ങൾ ഇതിലും വലിയ പ്രതിസന്ധികളിലൂടെ പോയപ്പോഴൊന്നും ഇല്ലാതിരുന്ന ഒരു അരക്ഷിത ബോധം പെട്ടന്ന് നടിമാരിൽ പൊട്ടിമുളച്ചത് ഈ സംഭവത്തോടെയായിരുന്നു. അത്തരത്തിൽ സ്ത്രീ സംരക്ഷണത്തിനായി ഉയർന്നുവന്ന സംഘടനയെ സുസ്വാഗതം ചെയ്യുകയും ചെയ്യുന്നു . എന്നാൽ ചില ചോദ്യങ്ങൾക്ക് അവിടെയും ഉത്തരമില്ല എന്നതാണ് സത്യം. വുമൺ കളക്റ്റ്ടീവ് ഇൻ മലയാളം സിനിമ എന്ന പേരിൽ സംഘടനയുണ്ടാക്കുന്നു തുടർന്ന് മുഖ്യമന്ത്രിയെ കണ്ടു സെൽഫിയെടുത്ത് ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നു. നദി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് മുഖൈമന്ത്രിക് പരാതി നൽകുന്നു. അതെ തുടർന്നാണ് മുഖൈമന്ത്രി പഴയ നിലപാട് മാറ്റി ഗൂഢാലോചനയുണ്ട് എന്ന നിഗമനത്തിൽ എത്തിയത്. ചുരുക്കി പറഞ്ഞാൽ സ്വന്തം വകുപ്പിന് കീഴിലുള്ള പൊലീസ് കണ്ടത്തിയതിനും അപ്പുറത്തെ കാര്യങ്ങൾ വുമൺ കളക്റ്റ്ടീവ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരിക്കുന്നു. അതിനു ശേഷം നാളിതുവരെ ഈ സംഘടന മറ്റൊരു വിഷയത്തിൽ ഇടപെടുകയോ, എന്തെങ്കിലും സമരങ്ങൾ നടത്തുകയോ, ചെയ്തിട്ടില്ല. അതായത് കേവലം ദിലീപിനെ അറസ്റ്റു ചെയ്യുക എന്ന ഉദ്ദേശ്യലക്ഷ്യത്തിലാണ് സംഘടനാ പിറവിയെടുത്തത് എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല എന്നർത്ഥം.

32 . അപ്പോൾ ഇരയാക്കപ്പെട്ട നടിക്ക് നീതി കിട്ടേണ്ട എന്നാണോ പറഞ്ഞു വരുന്നത് ?

നമ്മുടെ സാമാന്യ ബോധത്തിന് ഇനിയും ഉൾക്കൊള്ളാൻ സാധിക്കാത്തത്രയും ക്രൂരമായ ഒരു സംഭവമാണ് നടന്നത്. മരണതുല്യം അപമാനം മനസ്സിനും, ശരീരത്തിനും ഏൽക്കേണ്ടിവന്ന ആ സ്ത്രീയോടൊപ്പമാണ് ഞാൻ അന്നും ഇന്നും എന്നും ഉണ്ടാകുക. ഈ കൃത്യം ചെയ്തതിൽ ദിലീപിനെന്നല്ല എന്റെ അച്ഛന് പങ്കുണ്ടെങ്കിൽ പോലും അവർക്ക് നിയമത്തിന്റെ അങ്ങനെയറ്റമുള്ള കഠിനമായ ശിക്ഷ നൽകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.

33. പ്രതികൾ ആരായാലും ശിക്ഷിക്കപ്പെടണം , ഗൂഢാലോചനയുണ്ടെങ്കിൽ തെളിയിക്കപ്പെടണം അല്ലെ ?

സംശയമില്ല തുതന്നെ അതേസമയം ഒരു അഭിഭാഷകൻ എന്ന നിലയിൽ ചില കാര്യങ്ങൾ കാണാതിരിക്കുവാനും സാധ്യമല്ല. അതായത് മുൻവിധികളോടെയുള്ള ജനങ്ങളുടെ ഈ വിഷയത്തിലെ തീവ്രവും സഭ്യമല്ലാത്തതുമായ അഭിപ്രായ പ്രകടനങ്ങളും, മാധ്യമ വിചാരണകളും നിയന്ത്രിക്കേണ്ടിയിരിക്കുന്നു. സമൂഹത്തിലെ കുറ്റവാളികളെ തുറന്നുകാട്ടുന്നതിൽ മാധ്യമങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ടെങ്കിലും വിചാരണയ്ക്ക് ശേഷം ആത്യന്തികമായി നീതിന്യായ കോടതികളുടെ വിധി വരുന്നതുവരെ സംഭവത്തിൽ പ്രതിചേർക്കപ്പെടുക മാത്രം ചെയ്ത ആരെയും തേജോവധം നടത്താതിരിക്കുക, മസാല കഥകൾ മെനഞ് അപമാനിക്കാതിരിക്കുക എന്നത് പരിഷ്‌കൃത സമൂഹത്തിലെ മാന്യതയുടെയും മനുഷ്യത്വത്തിന്റെയും , മനുഷ്യാവകാശങ്ങളുടെയും ഭാഗമാണ്.

വിചാരണയ്ക്ക് ശേഷം ദിലീപിനെതിരെ ചാർത്തപ്പെട്ട ക്രിമിനൽ ഗൂഢാലോചന 120 B of IPC എന്ന കൃത്യം സംശയാതീതമായി തെളിയിക്കപ്പെടുകയാണെങ്കിൽ രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിലെ സമാനതകളില്ലാത്ത സംഭവമായിരിക്കും അത്. ബലാൽസംഗം ചെയ്യാൻ ക്വോട്ടേഷൻ നൽകുക എന്നത് രാജ്യത്തിതുവരെ തെളിയിക്കപ്പെടാത്ത അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണ്. അതുകൊണ്ടുതന്നെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാനാവശ്യമായ തെളിവ് നിയമ പ്രകാരമുള്ള തെളിവുകൾ അത്യന്താപേക്ഷിതമാണ്. ഇത്തരം കേസുകളിൽ ഗൂഢാലോചന തെളിയിക്കുന്നത് ചെയിൻ ഓഫ് എവിഡൻസുകളെ ബന്ധപ്പെടുത്തിയായിരിക്കും. ഗൂഢാലോചനകുറ്റം തെളിഞ്ഞാൽ മാത്രമേ ദിലീപിനെതിരെ നിലവിൽ ചാർജ്ജ് ചെയ്യപ്പെട്ട ബലാൽസംഗം ഉൾപ്പെടെയുള്ള മറ്റെല്ലാ കുറ്റങ്ങളും നിലനിൽക്കുകയുള്ളൂ. അതായത് 120 B എന്ന പീനൽ വകുപ്പ് പ്രകാരം ഗൂഢാലോചനയിൽ ഉൾപ്പെട്ട ഏതൊരാളും അതിലെ എഗ്രിമെന്റ് പ്രകാരം ചെയ്യപ്പെട്ട ഏതൊരു കുറ്റവും ചെയ്ത പ്രതിക്ക് തുല്യമായ കുറ്റം ചെയ്തതാകുന്നു.

കേവലം ഹോട്ടൽ ബില്ലുകളും , സെൽഫി ചിത്രത്തിൽ പതിഞ്ഞ ഫോട്ടോകൾ കൊണ്ടും , ഫോൺവിളികളുടെ രേഖകൾ കൊണ്ടും മാത്രം പ്രോസിക്കൂഷന് ഇതിലെ കുറ്റകരമായ ഗൂഢാലോചന തെളിയിക്കാൻ സാധിക്കില്ല എന്ന് സാരം. 120 ബി എന്ന വകുപ്പ് സംശയാതീതമായി തെളിയിക്കാനുള്ള ബാധ്യതയും ഉത്തരം കേസുകളിൽ പ്രോസിക്കൂഷനുണ്ട്. ദിലീപിന്റെ നിലവിലെ കേസിൽ പത്തൊൻപത് തെളിവുകൾ കിട്ടിയെന്നൊക്കെ പൊലീസ് വീമ്പടിക്കുമ്പോഴും പക്ഷെ ഇത് കോടതി ഓഫിസർമാരായ അഭിഭാഷകർക്ക് കൈമാറി വിചാരണചെയ്യപ്പെടുമ്പോൾ നനഞ്ഞ പടക്കങ്ങളായ് മാറാനുള്ള സാധ്യതകൾ ഏറെയാണ്.

ഒരു കുറ്റാന്വേഷണവുമായ് ബന്ധപ്പെട്ട നടക്കുന്ന സാധാരണ നടപടിക്രമം മാത്രമാണ് അറസ്റ്റ് എന്നത്. അതിലേറെ സാധാരണമായ നടപടിയാണ് ജുഡീഷ്യൽ കസ്റ്റഡിയിലേക്കോ പൊലീസ് കസ്റ്റഡിയിലേക്കോ ഒരാളെ റിമാൻഡ് ചെയ്യുക എന്നത്. എന്നാൽ കടുകുമണിയോളം ഇഴകീറി ന്യായാന്യായങ്ങൾ പരിശോധിച്ചു വിചാരണ ചെയ്തു വിധി പ്രസ്താവം നടത്തുക എന്നതാണ് ആ കുറ്റത്തിന്റെയും കുറ്റവാളിയുടെയും ഗതിവിഗതികൾ തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ വിചാരണ തുടങ്ങുന്നതിനും മുൻപ് കേവലം അന്വേഷണ ഘട്ടത്തിൽ മാത്രം നിൽക്കുന്ന ഒരു കേസിലെ കുറ്റാരോപിതനെ ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി കല്ലെറിഞ്ഞു കൊല്ലുന്നതുപോലെ മാധ്യമ വിചാരണകളും , തെരുവ് വിചാരണകളും, നടത്തി , പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ കുറ്റക്കാരനായി പ്രഖ്യാപിച്ചു അന്ത്യകൂദാശനടത്തുന്നത് നിയമവാഴ്ചയും ജനാധിപത്യവും നിലനിൽക്കുന്ന ഒരു നാടിനു ഒട്ടും ഭൂഷണമല്ല.

സിനിമാ സ്‌നേഹികളുടെ പൊതുബോധം നിയമ പ്രക്രിയയുമായ് കൂട്ടിക്കുഴച്ച് വായിക്കുന്നവരാണ് അടിസ്ഥാന രഹിതമായ വാർത്തകൾ പടച്ചു വിടുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നത്.

ഒന്നുമില്ലായ്മയിൽ നിന്നും സ്വപ്രയത്‌നം കൊണ്ട് വളർന്ന ഒരാളാണ് ദിലീപെന്ന നടൻ . ഇത്രയും ഫ്‌ലെക്‌സിബിൾ ആയ മറ്റൊരു നടനുണ്ടോ എന്നുപോലും സംശയകരമാണ് എന്ന് പറയാം. മലയാളിയെ ഇത്രയധികം എന്റർറ്റെയിൻ ചെയ്ത ഒരാൾ ഒരു നിമിഷം കൊണ്ട്കുറ്റക്കാരനാകുന്നതിനു മുൻപ് ആരുമല്ലാതാവുന്നതിൽ സന്തോഷിക്കുന്നതും ആഹ്ലാദിക്കുന്നതും എത്രത്തോളം ശരിയാണ് എന്നത് ഓരോരുത്തരും സ്വയം ആലോചിക്കേണ്ട വസ്തുതയാണ്.l
അബ്ദുൽ നാസർ മദനി സാഹിബാണെങ്കിലും, അജ്മൽ കസബാണെങ്കിലും ദിലീപാണെങ്കിലും കുറ്റാരോപിതരെ കുറ്റക്കാരാക്കരുത്. ഒരിക്കലും തിരിച്ചെടുക്കാനോ പരിഹാരം ചെയ്യാനോ ആകാത്തത്രയും വലിയ കുറ്റമാണ് അപ്രകാരം നാം ചെയ്യുന്നത്.

തെറ്റുകൾ മനുഷ്യസഹജമാണെന്നു തിരിച്ചറിയാത്തവരാണോ സമ്പൂർണ്ണ സാക്ഷരതരുടെ നാട്ടിലുള്ളത് എന്ന് തോന്നിപ്പോകുന്നൂ പലപ്പോഴും.

നിക്ഷ്പക്ഷമായൊരു അന്വേഷണം നടക്കട്ടെ , അത് സംശയാതീതമായി വിചാരണയിലൂടെ തെളിയിക്കപ്പെടട്ടെ എന്നിട്ടാകാം നാം പൊതുജനങ്ങളുടെ ശിക്ഷ നടപ്പാക്കൽ. അതൊരു പ്രകൃതി നീതിയാണ്., അതുവരെ ക്രൂരതകൾക്കിരയായ ആ പെൺകുട്ടിയോടൊപ്പം, സർവ്വവിധ പിന്തുണയും നൽകി നിൽക്കാം നമുക്ക്.

കഴിഞ്ഞ ദിവസങ്ങളിൽ ഇതുപോലെ പൊതുബോധം ഉണർന്ന ലിംഗ ഛേദന കേസിനെ കുറിച്ച് ഈ ഘട്ടത്തിൽ ഓർക്കുന്നത് നല്ലതായിരിക്കും കാരണം ഫെമിനിസ്റ്റ് അമ്മായിമാർ മുതൽ പിണറായി വിജയൻ വരെ ലിംഗം മുറിക്കാൻ ആഹ്വാനം നൽകുകയും ചാനൽ അകത്തളങ്ങൾ കലിതുള്ളി ചർച്ചചെയ്യപ്പെടുകയും ചെയ്ത സംഭവത്തിൽ ഇര തന്നെ മൊഴിമാറ്റി പറഞ്ഞിരിക്കുന്നു. സ്വാമി ഉപദ്രവിച്ചിട്ടില്ല എന്ന് പറയുന്നൂ... ഈ ഘട്ടത്തിൽ അന്ന് സ്വാമിയെ അപമാനിക്കുകയും ലിഗത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെ മാധ്യമങ്ങളിൽ നൽകി അപമാനിക്കുകയും ചെയ്ത മാന്യന്മാരും മാന്യകളും ആ കുറ്റാരോപിതന് നഷ്ട്ടമായ അഭിമാനം തിരികെ നൽകുമോ സാധിക്കുമോ നിങ്ങൾക്കതിനു ? സരിതയുടെ വാക്കുകേട്ട് ഒബി വാനുമെടുത്ത് ഉമ്മൻ ചാണ്ടിയുടെ തുണ്ട് സി ഡി തപ്പി തത്സമയം ക്യാമറയുമായി കോയമ്പത്തൂർക്ക് പോയ കേസിന്റെ അവസ്ഥയെന്താ ? മാപ്പു പറയുമോ ആ വയോധികനായ മുന്മുഖ്യമന്ത്രിയോട് നിങ്ങൾ ?

34. കാര്യങ്ങൾ വ്യക്തമാണ്, എങ്കിലും അവസാനമായി ചോദിക്കട്ടെ സത്യത്തിൽ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടായിരിക്കുക എന്നാണു താങ്കൾ കരുതുന്നത് ? ചോദ്യം വ്യക്തിപരമാണ് കേട്ടോ ?

പറയാം എന്നാൽ ചോദ്യം പോലെ തന്നെ മറുപടിയും വ്യക്തിപരമാണ് കേട്ടോ,

1. യുവനടിയെ ആക്രമിക്കാൻ നടൻ വൻതുക വാഗ്ദാനം നൽകി ക്വട്ടേഷൻ കൊടുത്തു.

ഇതാണ് സത്യമെങ്കിൽ കരാർ പ്രകാരമുള്ള തുക കൊടുത്ത് സേഫ് ആയി നിൽക്കാനല്ലെ നടൻ ശ്രമിക്കുക. പറഞ്ഞ തുക കൊടുക്കാതെ അപകടത്തിൽ പെടാൻ മാത്രം മണ്ടനോ, കൊടുക്കാൻ പണമില്ലാത്തവനോ അല്ല ഈ ജനപ്രിയൻ. ഇനി ജയിലിൽ ആയ സ്ഥിതിക്ക് പണം കൊടുക്കാൻ പറ്റിയില്ലെങ്കിൽ തന്നെ അക്കാര്യത്തിൽ ക്വട്ടേഷൻ നൽകിയ ആൾക്കുള്ള തടസങ്ങൾ അറിയാത്തയാളാണോ ക്രിമിനലായ ആ പ്രതി? നടൻ പ്രതിയായാൽ ആ പണം എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നറിയാവുന്ന അയാൾ ജയിലധികൃതർ വായിക്കുമെന്നറിഞ്ഞിട്ടും ഇത്തരമൊരു കത്ത് അയക്കുമോ? നടന് പങ്കുണ്ടെങ്കിൽ ജയിലിൽ നിന്നുള്ള ഈ അപകടസൂചന അറിഞ്ഞയുടൻ പ്രതിയുമായി ബന്ധപ്പെട്ട് അനുനയിപ്പിക്കുകയല്ലെ ചെയ്യുക? ഇപ്പോൾ ചെയ്യുന്ന പോലെ പ്രകോപിപ്പിക്കുമോ? അരി ഭക്ഷണം കഴിക്കുന്ന ആർക്കും മനസിലാവുന്ന കാര്യമല്ലെ ഇത്?

2. മറ്റു 'പ്രമുഖർ' നടനെ കുടുക്കാൻ ചെയ്യിപ്പിച്ച ക്രൂര കൃത്യം!

ഈ സൂചിപ്പിക്കപ്പെട്ടവരെല്ലാം അത്രക്കും ക്രൂര മനസുള്ളവരല്ല, വിശ്വസിക്കാൻ കൊള്ളാത്ത പാരമ്പര്യമുള്ള പ്രതിയെ ഇക്കാര്യത്തിന് ഉപയോഗിക്കാൻ മാത്രം വിഡ്ഢികളുമല്ല. ആരോപണ വിധേയനായ നടനും ഇത് വിശ്വസിക്കുന്നില്ല. 'മറ്റു പ്രമുഖർ' തയാറാക്കിയ പദ്ധതിയായിരുന്നെങ്കിൽ തിരക്കഥയനുസരിച്ച് ആദ്യം കോടതിയിൽ ഹാജരാക്കിയപ്പോൾ തന്നെ പ്രതി ആരോപണ വിധേയനായ നടന്റെ പേര് വിളിച്ചു പറയുമായിരുന്നു.

3. ഇത്തരമൊരു അക്രമമേ നടന്നിട്ടില്ല! ഒരു തരത്തിലും തോൽപ്പിക്കാൻ കഴിയാത്ത വിരോധമുള്ള ഒരാളെ തോൽപ്പിക്കാൻ ഒരു ക്രിമിനലുമായി ചേർന്നു നടത്തിയ നാടകം!

ഈ നടി അതിനും മാത്രം വലിയ 'നടി'യല്ല. മാന്യയായ ഒരു സ്ത്രീയും തന്നെ മാനം ഹനിക്കുന്ന ഇത്തരമൊരു മൊഴി നൽകില്ല. കാറിൽ നിന്നു ലഭിച്ച തെളിവുകളും ഈ സാദ്ധ്യത തള്ളി കളയുന്നു.

4. നടന്റെ മറ്റു ശത്രുക്കൾ നടനു വേണ്ടിയെന്ന് വിശ്വസിപ്പിച്ച് നടന്റെ അറിവോ സമ്മതമോ കൂടാതെ കൃത്യം ചെയ്യിപ്പിക്കുക. എന്നിട്ട് പണം കൊടുക്കാതെയും സഹായമെത്തിക്കാതെയും പ്രകോപിപ്പിക്കുക. പ്രതിയുടെ കത്ത് ആത്മാർഥതയോടെയാണെങ്കിൽ ഇത്തരമൊരു സൂചന നൽകുന്നുണ്ട്.

ഒരു സാധ്യതയാണത്. അങ്ങനെയാണെങ്കിൽ പ്രതി ആ സത്യം പെട്ടെന്നു പറയില്ല. കിട്ടിയ അഡ്വാൻസും ഇനി ഭീഷണിപ്പെടുത്തി വാങ്ങാനുള്ള തുകയും അയാൾ വേണ്ടെന്നു വക്കില്ല. ഇനി പ്രതി അത് വെളിപ്പെടുത്തിയാൽ ആ ചതിയന്മാർ നടനെ അക്കാര്യവുമായി ബന്ധപ്പെടുത്തുകയും ചെയ്യും. നടന്റെ പരിചയത്തിലുള്ളവരാണെങ്കിൽ നടന്റെ നിരപരാധിത്വം ജനം ആദ്യം വിശ്വസിക്കുകയില്ല എന്ന അപകടമുണ്ട്. പക്ഷെ, വൈകാതെ സത്യം പുറത്തുവരും.

5. അന്തംവിട്ട ക്രൂരനായ പ്രതി ഭീഷണിപ്പെടുത്തി പണം തട്ടാൻ ദുർബലയായ ഒരു താരത്തോട് ചെയ്ത ക്രൂരത. പ്രതീക്ഷിച്ചതിനു വിരുദ്ധമായി അവർ പരാതിപെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തപ്പോൾ രക്ഷപെടാൻ പിറകിൽ ക്വട്ടേഷൻ ഉണ്ടെന്ന് പറയുക. പ്രമുഖ നടന്റെ പേരിൽ സംശയമുണ്ടെന്ന് അറിഞ്ഞപ്പോൾ ബുദ്ധിമാനായ ഒരു സഹതടവുകാരന്റെ (നിയമ വിദ്യാർത്ഥി? അല്ലെങ്കിൽ ഒരു പത്രക്കാരൻ (കാരണം കത്തിലെ വിദഗ്ധ അവതരണ രീതി) സഹായത്തോടെ നടത്തിയ ഒരു ബ്ലാക്ക് മെയിലിങ്ങ് തന്ത്രം.

ഇതാണ് ഏറ്റവും കൂടുതൽ സാധ്യതയുള്ള കാര്യം. ആയിരം നിരപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന് വ്യവസ്ഥയുള്ള ഈ നാട്ടിൽ ഒരു തെളിവു പോലുമില്ലാതെ ഒരാൾ ക്രൂശിക്കപ്പെടുമ്പോൾ നമുക്ക് നോക്കി നിൽക്കാനേ കഴിയുന്നുള്ളൂ എന്നത് സങ്കടകരമാണ്.

(ഈ ലേഖനത്തിനലെ അഭിപ്രായങ്ങൾ മറുനാടൻ മലയാളിയുടേതല്ല. ലേഖകന്റെ മാത്രമാണ്-എഡിറ്റർ)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP