Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

കോർപ്പറേറ്റ് സാമ്രാജിത്വത്തിന്റെ മൂലധനം മത വർഗീയത; രണ്ടും കൈകോർക്കുമ്പോൾ ഇന്ത്യയിൽ വളരുന്നത് നവഫാസിസം; ഇത് ഇന്ത്യയുടെ പരമ്പരാഗത ദേശീയതാ ഉള്ളടക്കത്തെ പൊളിച്ചെഴുതുന്നു; ജനാധിപത്യത്തെ വിഴുങ്ങുന്ന കേർപ്പറേറ്റിസത്തെ കുറിച്ച്

കോർപ്പറേറ്റ് സാമ്രാജിത്വത്തിന്റെ മൂലധനം മത വർഗീയത; രണ്ടും കൈകോർക്കുമ്പോൾ ഇന്ത്യയിൽ വളരുന്നത് നവഫാസിസം; ഇത് ഇന്ത്യയുടെ പരമ്പരാഗത ദേശീയതാ ഉള്ളടക്കത്തെ പൊളിച്ചെഴുതുന്നു; ജനാധിപത്യത്തെ വിഴുങ്ങുന്ന കേർപ്പറേറ്റിസത്തെ കുറിച്ച്

സ്വതന്ത്രാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ സാന്പത്തിക ദുന്തത്തിന്റെ നടുക്കുന്ന ഓർമകൾക്ക് ഒരു വർഷം തികയാനിരിക്കുകയാണ്. സാന്പത്തിക വ്യവഹാരങ്ങളിൽ മാത്രം കടന്നുവരാവുന്നതോ ചർച്ച ചെയ്യപ്പെടേണ്ടതോ ആയ ഒന്നല്ല നവംബർ എട്ട്. ഒരു ജനതയുടെ പ്രതികരണ ബോധത്തിന്റെയും രാഷ്ട്രീയ സാക്ഷരതയുടെയും കൃത്യമായ വിലയുരുത്തപ്പെടെലിന്റെ കൂടി ദിവസമായിരുന്നു. ഭരണാധികാരികളാൽ നാം കബളിപ്പിക്കപ്പെടുകയും രാജ്യം ഒന്നടങ്കം ഒരു മണ്ടൻ പരിഷ്‌കരണത്തിൽ നെട്ടോട്ടമോടുകയും ഉണ്ടായി. തെരുവിലിറങ്ങേണ്ട ജനത വിധേയപ്പെടലിന്റെ അപകടകരമായ മാതൃക സൃഷ്ടിക്കുകയായിരുന്നു. എ.ടി.എമ്മിലെയും ബാങ്കിലെയും വരികൾക്കിടയിൽ നിന്ന് ഒരിക്കൽ പോലും മുദ്രാവാക്യങ്ങൾ ഉയർന്നു കേട്ടതേയില്ല.

ഇതോടെ രാജ്യത്തെ പ്രതിപക്ഷം കൂടുതൽ ദുർബലമാവുകയും ചെയ്തു. തെണ്ണൂറുകളിലെ മുതലാളിത്വത്തിന്റെ കടന്നുവരവിനേക്കാൾ അപകടകരമായ രീതിയിൽ ആ ഒറ്റ ദിവസത്തോട് കൂടി ഇന്ത്യൻ പൊതു ജീവിതം തച്ചുതകർക്കപ്പെടുകയായിരുന്നു. ആരാണ് ഭരിക്കുന്നത്
ആരാണ് ഭരിക്കപ്പെടുന്നത് എന്ന ചോദ്യം നമ്മുടെ ബൗദ്ധിത മണ്ഡലത്തിൽ സജീവമായി ഉയർന്ന് കേൾക്കുന്നുണ്ട് എന്നതാണ് നോട്ട് നിരോധനം ആകെക്കൂടി ബാക്കിവെക്കുന്നത്.

Stories you may Like

ഇറ്റാലിയൻ ചിന്തകനായിരുന്ന അന്റോണിയോ ഗ്രാംഷിയാണ് ഫാസിസത്തിന്റെ ഉള്ളടക്കം മുതലാളിത്വമാണെന്ന് പറഞ്ഞു വെച്ചത്. മുസോളിനിയുടെ ഇറ്റലിയെക്കുറിച്ച് ഗ്രാംഷിയുടെ ഈ നിർവചനം ഇന്ത്യൻ പശ്ചാത്തലത്തിൽ പുലർന്നിരിക്കുകയാണ്. മുതലാളിത്വത്തിന്റെ ഭീകര രൂപമാണ് ഇന്ത്യൻ ഫാസിസമെന്ന് പറയേണ്ടിയിരിക്കുന്നു. എം.എസ് ഗോൾവാൾക്കറുടെ വിചാര ധാരക്കപ്പുറത്തേക്ക് പടർന്നു പന്തലിച്ചിരിക്കുന്ന കോർപ്പറേറ്റ് സ്വാമ്യാജ്യമാണത്. അതിന്റെ മൂലധനം മത വർഗീയതയാണ്. നുണയിൽ നിന്ന് ഊർജം സ്വികരിക്കുകയും ചോരയിൽ വളരുകയും ചെയ്യുന്ന ഇന്ത്യൻ ഫാസിസം മൈക്രോസ്‌കോപ്പിക്ക് മാനിപ്പുലേഷന്റെ പുത്തൻ രീതിശാസ്ത്രമാണ് ഇന്ത്യൻ ജനാധിപത്യത്തിൽ സ്വീകരിക്കുന്നത്.

ഒരു പക്ഷെ ഹിറ്റ്‌ലറുടെ ജർമനിയിലോ മുസോളിനിയുടെ ഇറ്റലിയിലോ ഫ്രാങ്കോയുടെ സ്‌പെയിനിലോ പോലും ഇത്തരം ഭീകരമായ ഒരു സമാന്യ വത്കരണം നടന്നിട്ടുണ്ടാവില്ല. അതുകൊണ്ട് തന്നെ ക്ലാസിക്കൽ ഫാസിസത്തിന്റെ നിഴൽ രൂപമല്ല അതിന്റെ മൂർത്തി ഭാവമാണ് നാം ഇന്ത്യയിൽ ഇപ്പോൾ കണ്ട് കൊണ്ട് ഇരിക്കുന്നത്. കേവലമായ ഒരു മതരാഷ്ട്ര വാദമാണ് ആർ എസ് എസ്സിന് ഉള്ളത് എന്ന പഴകിദ്രവിച്ച വാദം പുതിയ കാലത്ത് തിരിത്തുവായിക്കപ്പെടേണ്ട ഒന്നാണ്. ഇന്ന് അത് കേർപ്പറേറ്റ് താൽപര്യങ്ങൾ കൂടി ഇഴചേർന്നാണ് നിലകൊള്ളുന്നത്. പെട്ടെന്നുണ്ടായ നോട്ട് നിരോധനവും ജി.എസ്.ടിയുമൊക്കെ ലക്ഷ്യം വെച്ചത് രാജ്യത്തിന്റെ സാന്പത്തിക വളർച്ചയല്ല  കോർപ്പറേറ്റ് സമൂഹത്തിന്റെ വളർച്ചയായിരുന്നു എന്നതാണ് വാസ്തവം.

കൊള്ളയടിക്കപ്പെട്ടത് കള്ളപ്പണക്കാരുടെ അലമാരകളായിരുന്നില്ല രാജ്യത്തെ കോടിക്കണക്കിന് വരുന്ന ദരിദ്ര നാരായണന്മാരുടെ പോക്കറ്റായിരുന്നു. 2008 ലെ ആഗോള സാന്പത്തിക പ്രതിസന്ധിയിൽ പോലും കുലുങ്ങാതിരുന്ന ഇന്ത്യൻ സാന്പത്തിക വ്യവസ്ഥ
നോട്ട് നിരോധനത്തോടെ കീഴ്‌മേൽ മറിഞ്ഞത് ഭരണകൂടത്തിന്റെ കോർപ്പറേറ്റ് വത്കരണത്തിന്റെ ഫാസിസ്റ്റ് രീതികൾ മൂലമാണ്. എല്ലാവർക്കും ബാങ്ക് അക്കൊണ്ട് അനിവാര്യമാണ് എന്ന പേരിൽ എല്ലാം കേന്ദ്രീകൃതമായി ബാങ്കിങ് മേഖലയിൽ കൂട്ടിക്കെട്ടുകയും അതുവഴി രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ പൊതുജീവിതം നിയന്ത്രിക്കാം എന്ന കണക്കു കൂട്ടലായിരുന്നു ഭരണകൂടത്തിന്. ആഗോള
സാന്പത്തിക തകർച്ചയുടെ കാലത്ത് ഇന്ത്യൻ എക്കോണമിയിൽ അത് കാര്യമായി പ്രതിഫലിക്കാതിരുന്നതിന്റെ മുഖ്യ കാരണം ഇന്ത്യൻ പൊതു ജീവിതം ബാങ്കിങ് മേഖലയുമായി അത്ര സജീവമായ ഒരു ബന്ധമല്ല നിലനിന്നിരുന്നത് എന്നതായിരുന്നു.

അത്‌കൊണ്ട് തന്നെ ഓഹരി വിപണികളിലെ വലിയ മാറ്റങ്ങൾ പോലും ഇന്ത്യൻ പൊതുജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കിയതേയില്ല. അത് കോർപ്പറേറ്റ് സൊസൈറ്റിയിൽ മാത്രമാണ് പ്രതിഫലിക്കപ്പെട്ടത്. എന്നാൽ ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്. ക്യാഷ് ലെസ് എക്കോണമി എന്ന പുതിയ വാദവും ബാങ്കിങ് മേഖലയിലെ തട്ടിപ്പിന്റെ പുതിയ രൂപമാണ്. സർവീസ് ചാർജ് എന്ന പേരിൽ ഉപഭോക്താവിൽ നിന്ന് ഈടാക്കുന്ന തുക
പേപ്പർ ട്രാൻസ്സാക്ഷനെക്കാളും ഉയർന്ന തോതിലായിരിക്കും. ആദ്യം എല്ലാം സൗജന്യമായി നൽകുകയും അത് അനിവാര്യമായി വരുന്ന പക്ഷം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉപഭോക്താവിനെ കൊള്ളയടിക്കുകയും ചെയ്യുന്ന മുതലാളിത്വത്തിന്റെ പതിവു രീതികൾ തന്നെയാണ് ഇവിടെയും ആവർത്തിക്കപ്പെടുക.

കേന്ദ്രീകൃതമായ ഒരറ്റ നികുതി എന്നത് ഒരു വ്യാജ പ്രചരണമായിരുന്നു എന്നതാണ് ജി.എസ്.ടി നടപ്പാക്കിയപ്പോൾ നാം തിരിച്ചറിയുന്നത്. സത്യത്തിൽ അത് എക്കണോമികലായ ഒരു കബളിപ്പിക്കാലായിരുന്നു. ജി എസ് ടിയുടെ മറപിടിച്ചു മാർക്കറ്റിൽ വലിയ കൊള്ളയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏറെക്കാലത്തെ ചർച്ചകൾക്കൊടുവിൽ കൊട്ടിഘോഷിക്കപ്പെട്ട് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട ജി.എസ്.ടിയിലൂടെ സാധാരണക്കാരന് ലഭിച്ചത് ഇരുട്ടടി മാത്രമായിരുന്നു. ജി.എസ്.ടി കൂടി വന്നതോടെ പൊതുജീവിതം കൂടുതൽ ദുസ്സഹമായിട്ടുണ്ട്. അതിനിടയിലാണ് പാചകവാതക സബ്‌സിഡി കൂടി നിർത്തലാക്കാൻ പോകുന്നു എന്ന വാർത്തകൾ വന്നു തുടങ്ങിയത്. നിരന്തരമായ ഇന്ധന വിലവർധനയും കൂടി ആയതോടെ പൊതു മാർക്കറ്റിൽ വലിക്കയറ്റം പിടിച്ചു നിർത്താൻ കയിയാതെ വന്നിട്ടുണ്ട്. ഈ രീതിയിൽ ഇന്ത്യൻ സാന്പത്തിക വ്യവസ്ഥ എത്രകണ്ട് മുന്നോട്ട് പോകുമെന്നത് കണ്ടറിയേണ്ടതാണ്.

സാന്പത്തിക ശാസ്ത്രജ്ഞനിൽ നിന്ന് ചായക്കടക്കാരനിലേക്ക് പ്രധാനമന്ത്രി പദം എത്തിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് വിശ്വസിക്കുന്നതാണ് വലിയ അബദ്ധം. ഇതൊരു സാമന്യ വത്കരണത്തിന്റെ ഫലം കൂടിയാണ്. മോദി ഇഫക്ട് എന്നത് മോദി ഭരണ കാലത്ത് മാത്രം സംഭവിക്കുന്നതായ ഒന്നല്ല. ആസൂത്രിതമായ കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമായി സ്വാഭാവികമായി രൂപപ്പെടുന്നതാണ്. ഇന്ധന വിലനിർണ്ണയ അധികാരം വിട്ടു നൽകിയും ആധാർ പദ്ധതി കൊണ്ടുവന്നും മന്മോഹൻ സിങ്ങ് ഭരണകൂടമാണ് ഈ കോർപ്പറേറ്റ് വത്കരണം
തുടങ്ങി വെച്ചത് എന്നത് മറന്നുകൂടാ. പ്രതിപക്ഷത്തിരിന്നു കൊണ്ട് ഇതിനെതിരെ പ്രതികരിക്കുന്നതിന് സ്വീകാര്യത കിട്ടാതെ പോയതും ഇക്കാരണങ്ങളാൽ കൊണ്ടാണ്. അതുകൊണ്ടാണ് രാഷ്ട്രീയ ചിന്തകർ കോൺഗ്രസിന്റെ വിദൂര ഭാവിയിൽ പോലും ഉള്ള തിരിച്ചു വരവ് പ്രതീക്ഷിക്കാതിരിക്കുന്നത്.

ബിജെപി ഭരണകൂടം കേന്ദ്രത്തിൽ ഒരു വർഷം പൂർത്തിയായ അവസരത്തിൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ദൂരം ഒരു പശുവിന്റേതാണ് എന്നായിരുന്നു പ്രമുഖ ചരിത്രകാരനായ ഇർഫാൻ ഹബീബിന്റെ പരിഹാസ്യം. ഈ പരിഹാസ്യത്തിന്റെ യുക്തി
ബോധത്തെ കൃത്യമായി നിർവചിക്കാവുന്ന രീതിയിൽ ഇന്ന് ഇന്ത്യൻ ഫാസിസം അതിന്റെ പൂർണ്ണതയോടെ നമുക്കുമുന്നിൽ അവതരിക്കപ്പെട്ടിട്ടുണ്ട്. പശു ദൈവം മാത്രമല്ല അത് ഒരു മാർക്കറ്റ് കൂടിയാണ് എന്നതാണ് കോർപ്പറേറ്റ് ഭരണകൂടത്തിന്റെ ഫാസിസ്റ്റ്
സ്വഭാവത്തിന്റെ മൂല കാരണം. മതവർഗീയതയിലൂടെ മാർക്കറ്റിന് മേൽ നിയന്ത്രണമേർപ്പെടുത്തുക വഴി പൊതു മാർക്കറ്റിനെ ഹൈജാക്ക് ചെയ്യുകയാണ് കോർപ്പറേറ്റ് മാർക്കറ്റ്. രണ്ടാം യു.പി.എ സർക്കാറിന്റെ എഫ്.ഡി.ഐ പദ്ധതിയും ഇത്തരത്തിലുള്ള ഒന്നായിരുന്നു. ലക്ഷ്യം ഇന്ത്യൻ സന്പത്ത് വ്യവ്‌സഥയുടെ നാല്പത് ശതമാനത്തോളം വരുന്ന അസംഘടിത മേഖലയുടെ കച്ചവടം പൂട്ടിക്കുക എന്നതായിരുന്നു. മോദീ ഭരണത്തിൽ ഇത് കൂറേ കൂടി പ്രത്യക്ഷത്തിൽ കാണുന്നുണ്ട്.

ഇതിന്റെ ഫലങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ. മാർക്കറ്റിൽ മത്സരങ്ങൾ കുറയുന്നതോടേ ഒരു കോർപ്പറേറ്റ് കംമ്പോള സംസ്‌കാരം രൂപപ്പെടുകയും അത് ഭീകരമായ വിലക്കയറ്റത്തിലേക്കായിരിക്കും ഇന്ത്യയെ കൊണ്ട് പോവുക. ഇതോടെ ഇപ്പോൾ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയ പൊതുവിതര സന്പ്രദായം മെല്ല നിർത്തി വെക്കുകയും ചെയ്യും. ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പോലുള്ള കോൺഗ്രസ് ഭരണകാലത്തെ എല്ലാ ക്ഷേമ പദ്ധതികളും പൂർണ്ണമായും പരാജയപ്പെടുത്തുക എന്ന ബിജെപി സർക്കാറിന്റെ പുതിയ രാഷ്ട്രീയ നയവും കൂടിയാവുമ്പോൾ രാജ്യം പട്ടിണിയിലേക്കായിരിക്കും ചുവടു വെക്കുക. ഒരു ഭാഗത്ത് കോർപ്പറേറ്റ് സമൂഹം തടിച്ചു കൊഴുക്കുകയും മറ്റൊരു ഭാഗത്ത് സിവിൽ സമൂഹം മെലിഞ്ഞുണങ്ങുകയും ചെയ്താൽ അത് മൊത്തം സാന്പത്തിക സന്തുലിതാവസ്ഥ തന്നെ തകർക്കും.

തലതിരിഞ്ഞ സാന്പത്തിക പരിഷ്‌കാരങ്ങളാണ് ഇപ്പോൾ സംഭവിച്ച ആഭ്യന്തര ഉൽപാദന വിപണിയിലെ തകർച്ചക്ക് കാരണം എന്ന നിരീക്ഷണവും തെറ്റാണ്. ഇത് അബദ്ധത്തിൽ സംഭവിച്ചതായ ഒന്നല്ല. കാലാകാലങ്ങളായി ഇന്ത്യൻ ഭരണതലത്തിൽ ദൃശ്യമായും അദൃശ്യമായും ഇടപെട്ടു കൊണ്ടിരിക്കുന്ന കേർപ്പറേറ്റ് ഫാസിസത്തിന്റെ പ്രതിഫലനമാണ്.

ഒരു പക്ഷെ അതിന് ചെറിയ തോതിലെങ്കിലും പ്രതിരോധം തീർത്തത് ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്താണ് കൃത്യമായി പറഞ്ഞാൽ അടിയന്തരാവസ്ഥ കാലത്താണെന്ന് പറയേണ്ടി വരും. ഇവിടെയാണ് നമ്മൾ ഫാസിസത്തിന്റെ രണ്ട് രൂപങ്ങൾ തമ്മിലുള്ള വൈരുദ്ധ്യങ്ങളെ
പരിചയപ്പെടുന്നത്. അടിയന്തരാവസ്ഥക്ക് ഫാസിസ്റ്റ് സ്വഭാവം കൈവന്നിരുന്നെങ്കിലും സൂക്ഷ്മാർത്ഥത്തിൽ അത് കോർപ്പറേറ്റ് താൽപര്യങ്ങളെക്കാളും ജനകീയ താൽപര്യങ്ങളെയാണ് പരിപോഷിപ്പിച്ചത്. പ്രിവിപഴ്‌സ് നിർത്തലാക്കിയും ബാങ്കുകൾ ദേശസാൽകരിച്ചും ഇന്ദിരാ ഗാന്ധി നടപ്പാക്കിയ പരിഷ്‌കാരങ്ങൾ പിൽകാലത്ത് നമ്മുടെ സാന്പത്തിക മേഖലയെ കെട്ടുറപ്പുള്ളതാക്കി. അക്കാലത്ത് ഇന്ദിരാഗാന്ധിയുടെ സാന്പത്തിക ഉപദേശകരിൽ മിക്കവരും ഇടതുപക്ഷചിന്താഗതിക്കാരായ പഴഞ്ചന്മാരണ് എന്ന ആക്ഷേപം ഉണ്ടായിരുന്നു. അവർക്ക് സോവിയേറ്റ് താൽപര്യങ്ങാളാണ് ഉണ്ടായിരുന്നതെന്നും മുതലാളിത്ത ശക്തികൾ പ്രചരിപ്പിച്ചു. എങ്കിലും അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളിൽ പോലും ഇന്ദിരാഗാന്ധിയുടെ സാന്പത്തിക പരിഷ്‌കാരങ്ങൾക്ക് വലിയ പ്രതിപക്ഷ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാൽ ഇന്ദിരക്ക് ശേഷം രാജീവ് ഗാന്ധിയുടെ ഭരണത്തിലാണ് പുത്തൻ സാന്പത്തിക നയം എന്ന പേരിൽ സാന്പത്തിക ഘടന പൊളിച്ചെഴുതിയതും കേർപ്പറേറ്റ് വത്കണം സജീവമായി ആരംഭിക്കുന്നതും പിന്നീട് നരസിംഹറാഹു സർക്കാറിന്റെ കാലമായപ്പോയേക്കും അത് ഉഗ്രരൂപത്തിൽ തെളിയുകയും ചെയ്തു. അക്കാലത്ത് കേർപ്പറേറ്റ് വത്കരണത്തിന് ചുക്കാൻ പിടിച്ച അന്നത്തെ ധനമന്ത്രിയായിരുന്ന മന്മോഹൻ സിങ്ങിനെ പിന്നീട് പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യനാക്കിയതും അദ്ദേഹത്തിന്റെ സാന്പത്തിക പരിഷ്‌കാരങ്ങളായിരുന്നു

ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തിയ ഒന്നാം യു.പി.എ സർക്കാർ നടപ്പാക്കിയ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും പ്രധാനമന്ത്രി ഗ്രാമ് സധക് യോജനയും വിവരാവകാശ നിയമവുമൊക്കെ സർക്കാറിന്റെ ജനകീയ പ്രതിച്ഛായ ഉയർത്തിയിരുന്നു. എന്നാൽ രണ്ടാം യു.പി.എ സർക്കാറിന്റെ കാലമായപ്പോയേക്കും ടു.ജി സ്‌പെക്ട്രവും കോമൺവെൽത്ത് അഴിമതിയും കൽക്കരി കുംഭകോണവുമടക്കം അഴിമതിയുടെ ഘോഷയാത്ര തന്നെ ആരംഭിക്കുകയും പൊതുമേഖലയിൽ സ്വകാര്യവൽകരണം തുടരുകയും ചെയ്തു. ഇന്ധന വില നിയന്ത്രണാധികാരം എണ്ണകമ്പനികൾക്ക് വിട്ടു നൽകിയതോടെ കേർപ്പറേറ്റ് സേവ അതിന്റെ ഔന്നിത്യത്തിൽ എത്തി നിന്നു. പിന്നീട് എൻ.ഡി.എ സർക്കാർ ഭരണം ഏറ്റെടുത്തതോടെ ഇന്ധന വില നിർണ്ണയാധികാരം പൂർണ്ണമായും സ്വകാര്യമേഖല കയ്യടക്കി വെക്കുകയുമുണ്ടായി. നരേന്ദ്ര മോദി അധികാരത്തിൽ എത്തുന്നതിനു തൊട്ട് മുന്പ് ഓഹരി വിപണയിൽ ഉണ്ടായ മുന്നേറ്റവും രത്തൻ ടാറ്റയും അദാനിയുമടക്കമുള്ള കോർപ്പറേറ്റ് സമൂഹം പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തതും വരാനിക്കുന്ന കേർപ്പറേറ്റ് ഭരണത്തിന്റെ സൂചനയായിരുന്നു

ഇടക്കാലത്ത് ഭരണകൂടത്തിന്റെ ഫാസിസ്റ്റ് സമീപനങ്ങൾക്കേറ്റ വലിയ തിരിച്ചടിയായിരുന്നു സ്വകാര്യത മൗലിക അവകാശമാണ് എന്ന സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ചിന്റെ വിധി. രാജ്യത്തെ പൗരാവകാശ പ്രവർത്തനങ്ങൾക്ക് വലിയ ഒരളവിൽ ഊർജം നൽകിയ വിധി ആധാർ അടക്കമുള്ള വിശയങ്ങളിൽ നില നിൽകുന്ന കേസുകളുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റമുണ്ടാക്കും. വ്യക്തിയുടെ ഏറ്റവും വലിയ സ്വകാര്യതയായ കണ്ണിന്റെ കൃഷ്ണമണിക്ക് ചുറ്റുള്ള ആവരണവും (ഐറിസ്) ഫിഗ്ഗർ പ്രിന്റുമടക്കം എല്ലാ സ്വകാര്യ വിവരങ്ങളും പന്ത്രണ്ട് അക്ക നംബറിലേക്ക് ചുരുക്കി യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ ടെലികോം കമ്പനികൾക്കും മറ്റു സ്വകാര്യ ഏജൻസികൾക്കുമടക്കം പങ്കുവെക്കേണ്ടി വരുന്നതിന്റെ സുരക്ഷാ പ്രശ്‌നങ്ങളെക്കാളും വിധി സർക്കാറിന്റെ ഒളിഞ്ഞു നോട്ട സ്വഭാവത്തെയായിരുന്നു ചർച്ച ചെയ്തത്. പൗരനെ കൃത്യമായി സെൻസർ ചെയ്യപ്പെടുക എന്ന ഭരണ രീതിയെ പ്രത്യക്ഷത്തിൽ ഇത് തടയുമെങ്കിലും കേർപ്പറേറ്റ് നിരീക്ഷണ വലയത്തിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് കഴിയണമെന്നില്ല. ടെലികോം കമ്പനികളുടെ സ്വകാര്യതാ നയത്തിൽ ഇതുവരെ കോടതിയോ സർക്കാറോ ഇടപെട്ടിട്ടുമില്ല മാത്രമല്ല ഭരണകൂടം അതിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ആധാർ പദ്ധതിയുടെ മാസ്റ്റർ ബ്രെയിനും ഇൻഫോസിസിന്റെ സ്ഥാപകരിലൊരാളുമായ നന്ദൻ നിലേക്കനിക്ക് ബാംഗ്ലൂർ പോലെയുള്ള ഒരു ഐ.ടി നഗരത്തിൽ കേൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചിട്ട് പോലും പാർലമെന്റിലെത്താൻ കഴിയാതെ വന്നത് ഭരണകൂടത്തെ യാതൊരു തരത്തിലും സ്വാധീനിച്ചതേയില്ല. കോൺഗ്രസിനെക്കാളും സാങ്കേതികമായി അത് നടപ്പാക്കുന്ന ബിജെപി സർക്കാറിന്റെ പ്രവർത്തനങ്ങൾ ഇതിനെ സാധൂകരിക്കുന്നതാണ്.

കേർപ്പറേറ്റിസവും കമ്മ്യൂണലിസവും കൈകോർക്കുന്നതാണ് ഇന്ത്യയിൽ ഇപ്പോൾ വളർന്നു കൊണ്ടിരിക്കുന്ന നവ ഫാസിസം. ഇത് ഇന്ത്യയുടെ പരന്പരാഗതമായ ദേശീയതാ ഉള്ളടക്കത്തെ പൊളിച്ചെഴുതുകയാണ്. ഭരണകൂട വിധേയത്വം എന്നത് രാജ്യസ്‌നേഹത്തിന്റെ മാനദണ്ഡമായി മാറ്റുകയും ചോദ്യങ്ങൾ ഉയരാത്ത ക്ലാസ് റൂമുകളെ സൃഷ്ടിക്കുകയുമാണവർ. ബീഫിൽ തുടങ്ങി അടുക്കളയിൽ നിന്ന് അക്കാഡമികളിലേക്ക് കടന്നു കയറുന്നതിലൂടെ ബൗദ്ധിക തലത്തിലുള്ള വളർച്ചകൂടി ലക്ഷ്യം വെക്കുന്നുണ്ട്. ജെ.എൻ.യുവിലെയും ഹൈദ്രബാദ് സെൺട്രൽ യൂണിവേഴ്‌സിറ്റിയിലേയുമൊക്കെ കോലാഹലങ്ങൾക്ക് വഴി ഒരുക്കുന്നതും സംഘപരിവാറിന്റെ യൂണിവേഴ്‌സിറ്റികളിലേക്കുള്ള ഫാസിസ്റ്റ് ധിനിവേശമാണ്. എങ്കിലും കാലലയങ്ങൾ ഈ സാംസ്‌കാരിക ഫാസിസത്തെ തിരിച്ചറിയുകയും സർഗാത്മകമായി പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന് ഇപ്പോഴും ഉൾകരുത്ത് നൽകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP