Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മനുഷ്യാവകാശവും ന്യൂനപക്ഷ പീഡനവുമൊക്കെ പറഞ്ഞു പതപ്പിച്ച് ന്യായീകരിക്കാൻ എളുപ്പമാണെങ്കിലും പൗരത്വനിയമ ഭേദഗതിയിൽ മതപരമായ വിവേചനം പ്രകടമാണ്; എന്തൊക്കെ പറഞ്ഞാലും ഇത് , മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം വിവേചനപരം തന്നെയാണ്; അവരെ പരോക്ഷമായി അപമാനിക്കലാണത്; വീണാലും നേട്ടം; സി രവിചന്ദ്രൻ എഴുതുന്നു

മനുഷ്യാവകാശവും ന്യൂനപക്ഷ പീഡനവുമൊക്കെ പറഞ്ഞു പതപ്പിച്ച് ന്യായീകരിക്കാൻ എളുപ്പമാണെങ്കിലും പൗരത്വനിയമ ഭേദഗതിയിൽ മതപരമായ വിവേചനം പ്രകടമാണ്; എന്തൊക്കെ പറഞ്ഞാലും ഇത് , മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം വിവേചനപരം തന്നെയാണ്; അവരെ പരോക്ഷമായി അപമാനിക്കലാണത്; വീണാലും നേട്ടം; സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

(1) ഇന്നലെ പാർലമെന്റ് പാസ്സാക്കിയ ദേശീയ പൗരത്വഭേദഗതി ബില്ലിനെതിരെ(The Citizenship (Amendment) Bill, 2019) കിഴക്ക് വടക്കൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം രൂക്ഷമാണ്. മണിപ്പൂർ, ത്രിപുര, മേഘാലയ, നാഗാലാൻഡ് തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗിരിവർഗ്ഗ മേഖലകളിൽ അഭയാർത്ഥികളെ പൗരന്മാരായി അംഗീകരിക്കുന്നത് തദ്ദേശിയരുടെ ജീവിതത്തിനും സംസ്‌കാരത്തിനും ആഘാതമേൽപ്പിക്കും എന്ന പരാതിയാണ് മിക്കയിടത്തും പ്രക്ഷോഭത്തിന് ആധാരം.വിദേശ അഭയാർത്ഥികളെ കൊണ്ടുവന്ന് തട്ടാനുള്ള സ്ഥലമല്ല (dumping yard) തങ്ങളുടെ പ്രദേശം എന്നാണവർ തെരുവുകളിൽ ഇറങ്ങി പ്രഖ്യാപിക്കുന്നത്. നിയമഭേദഗതി ഈ സംസ്ഥാനങ്ങളിലെ അഭയാർത്ഥികളുടെ കാര്യത്തിൽ ബാധകമല്ല എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രക്ഷോഭം തുടരുകയാണ്. പൗരത്വബില്ല് അനുസരിച്ച് അഭയാർത്ഥികളെ പൗരന്മാരായി സ്വീകരിക്കുന്നതിന് എതിരെയാണ് ഇവിടെ നടക്കുന്ന പ്രക്ഷോഭമെങ്കിൽ മുസ്ലിം അഭയാർത്ഥികളെ പൗരത്വത്തിന് പരിഗണിക്കാത്തതാണ് മറ്റു മേഖലകളിലെ അമർഷത്തിന് കാരണം. ആസ്സാം, പശ്ചിമ ബംഗാൾ, ഒറിസ്സ തുടങ്ങിയ സംസ്ഥാനങ്ങളെ വളരെയധികം ബാധിക്കുന്ന നിയമമാണ് ഇന്നലെ പാസ്സാക്കിയത്.

(2) കഴിഞ്ഞ 14 വർഷത്തിൽ 11 വർഷം രാജ്യത്ത് ഉണ്ടായിരിക്കുക, അതിൽ തന്നെ കഴിഞ്ഞ 12 മാസം സ്ഥിരതാമസം ഉണ്ടായാരിക്കുക എന്നതാണ് 1956 മുതലുള്ള പൗരത്വം സംബന്ധിച്ച ഇന്ത്യൻനിയമം. അതിൽ നാച്ചുറലൈസേഷന് 11 വർഷം എന്നത് 5 വർഷമായി (2014 ഡിസമ്പർ 31 വരെയുള്ളവർ) കുറച്ചു എന്നതാണ് ഭേദഗതി ബില്ല് കൊണ്ടുവരുന്ന പ്രധാന മാറ്റം. ഏതാണ്ട് മുപ്പതിനായിരം പേർക്ക് ഈ നിയമത്തിന്റെ ഗുണം ലഭിക്കുമെന്ന് കരുതപ്പെടുന്നു. അഭയാർത്ഥികളെ പൗരർ ആക്കാനുള്ള മാനദണ്ഡങ്ങളാണ് മറ്റൊന്ന്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മതപീഡനം സഹിക്കാനാവാതെ 2014 ഡിസമ്പർ 31 ന് മുമ്പ് ഇന്ത്യയിൽ അഭയംതേടുകയും മതിയായ രേഖകൾ ഇല്ലാത്തതിനാൽ അഭയാർത്ഥികളായി കഴിയുകയും ചെയ്യുന്നവർക്ക് പൗരത്വം നൽകും എന്നാണ് പുതിയ നിയമം പറയുന്നത്. പക്ഷെ അത്തരം അഭയാർത്ഥികൾ മുസ്ലിം-ഇതര മതവിഭാഗഗങ്ങളിൽ പെട്ടവരായിരിക്കണം എന്നാണ് നിബന്ധന. മേൽപ്പറഞ്ഞ മുസ്ലിംരാജ്യങ്ങളിൽ നിന്നും രക്ഷനേടുന്നവർ മുസ്ലിങ്ങൾ ആകാൻ സാധ്യമല്ലെന്ന വാദമാണ് സർക്കാർ ഉന്നയിക്കുന്നത്. ആഭ്യന്തരപീഡനങ്ങളും സ്പർദ്ധകളും കാര്യമായിതന്നെ നിലനിൽക്കുന്ന മതമാണ് ഇസ്ലാം. മുസ്ലിങ്ങൾ തന്നെ മുസ്ലിങ്ങളെ കൊന്നുതള്ളുന്ന വർത്തമാനകാല സാഹചര്യത്തിൽ ഇസ്ലാംകൊണ്ട് മുറിവേൽക്കുന്ന മുസ്ലിങ്ങളുടെ എണ്ണവും കുറവല്ലെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ മേൽ സൂചിപ്പിച്ച മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം അഭയാർത്ഥികളെ ഇന്ത്യയിൽ പൗരത്വത്തിനായി പരിഗണിക്കില്ല എന്ന വാദം വിവേചനപരം(discriminatory) തന്നെയാണ്.

(3) അനധികൃത കുടിയേറ്റം നിയമവിരുദ്ധമാണ്. അതാകട്ടെ, എല്ലാവർക്കും ഒരുപോലെ ബാധകമാണ്. അനധികൃത കുടിയേറ്റം/നുഴഞ്ഞുകയറ്റം പല കാരണങ്ങളാൽ സംഭവിക്കാം. മതിയായ യാത്രാ രേഖകൾ ഇല്ലാതെ കുടുങ്ങിപോയവർ മുതൽ കൊലക്കത്തിയിൽ നിന്ന് പലായനം ചെയ്തു വന്നവർ വരെ ആ പട്ടികയിലുണ്ടാവും. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി ഇപ്പോഴും ഭദ്രമല്ല. It is still very porous and difficult to scrutinize. പഴുതടച്ച സുരക്ഷയും പരിശോധനയും അസാധ്യമാക്കുന്ന രീതിയിലാണ് ഭൂമിശാസ്ത്രപരമായി ഇരു രാജ്യങ്ങളും നിലകൊള്ളുന്നത്. ബംഗ്ലാദേശിൽ നിന്ന് രാജ്യത്തെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അനധികൃമായി കടന്നുകയറിയവരിൽ മുസ്ലീങ്ങൾ ഒഴികെയുള്ളവർക്ക് അഭയാർത്ഥി എന്ന പരിഗണനയിൽ പൗരത്വം ലഭിക്കുമ്പോൾ മുസ്ലീങ്ങൾക്ക് അത് ലഭിക്കില്ല എന്നതാണ് പ്രധാന വിഷയം. ഇവരെല്ലാം കുറഞ്ഞത് ഒരു ദശകമായി ഇന്ത്യയിൽ വസിക്കുന്നവരാണ് എന്നതാണ് വാസ്തവം. ബംഗ്ലാദേശ് മുസ്ലിം ഭൂരിപക്ഷ രാജ്യമായതിനാൽ അവിടെ നിന്ന് വരുന്ന മുസ്ലീങ്ങൾ വിവേചനംമൂലം അതിർത്തി കടന്നതായി കണക്കാക്കാനാവില്ല എന്ന് കേന്ദ്ര സർക്കാർ വാദിക്കുമ്പോൾ നിങ്ങൾ എന്തിന് അഭയാർത്ഥിയുടെ മതം നോക്കുന്നു എന്ന എതിർചോദ്യം വരുന്നു.

(4) പൗരാവകാശത്തിന് അർഹരായ അഭയാർത്ഥികളുടെ പട്ടികയിൽ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർ മാത്രം എന്നതിലും ജനാധിപത്യബോധമില്ലായ്മ പ്രകടമാണ്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്. ഇവിടങ്ങളിൽ മതപരമായ വിവേചനവും പീഡനവും അനുഭവിക്കുന്ന ന്യൂനപക്ഷം അമുസ്ലീങ്ങളായിരിക്കും എന്ന വാദം എത്രമാത്രം ശരിയാണ്? മറ്റ് അയൽ രാജ്യങ്ങളിൽ (നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക) നിന്നുള്ള അഭയാർത്ഥികൾ ഒഴിവാക്കപ്പെട്ടതിന്റെ അർത്ഥം അവിടങ്ങളിൽ ന്യൂനപക്ഷപീഡനം ഇല്ല എന്നാണോ? പാക്കിസ്ഥാനിലും ബംഗ്ലാദേശിലും വിഭജനത്തിന് ശേഷം മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യാനുപാതം വൻതോതിൽ കുറഞ്ഞപ്പോൾ ഇന്ത്യയിൽ 9.5 ശതമാനത്തിൽ നിന്ന് 14.5 ശതമാനമായി മുസ്ലിം ജനസംഖ്യ വർദ്ധിച്ചു എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രസംഗിച്ചത്. ഇതിൽ പാക്കിസ്ഥാനിലെ ന്യൂനപക്ഷ ജനസംഖ്യ കുറഞ്ഞു എന്ന വാദം പൊതുവെ ഉന്നയിക്കപ്പെടുന്ന ഒന്നാണെങ്കിലും വസ്തുതാപരമായി ശരിയല്ല(സിക്കുലറിസം എന്ന പ്രഭാഷണത്തിൽ ഇക്കാര്യം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്). അതേസമയം ബംഗ്ലാദേശിൽ ന്യൂനപക്ഷ ജനസംഖ്യാനുപാതം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതിന്റെ കാരണങ്ങളിൽ പ്രധാനം ഒരു രാജ്യം എന്ന നിലയിൽ ബംഗ്ലാദേശിന്റെ പരാജയവും അവിടെ വർദ്ധിച്ചുവരുന്ന മതതീവ്രവാദവുമാണ്.

(5) പുതിയ പൗരത്വനിയമ പ്രകാരം ഭൂട്ടാനിലെ ക്രിസ്ത്യാനി അഭയാർത്ഥികൾക്കും ശ്രീലങ്കയിലെ ഹിന്ദു അഭയാർത്ഥികൾക്കും ഇന്ത്യയിൽ പൗരത്വം ലഭിക്കില്ല. ഇവിടെ മതങ്ങളെയല്ല മറിച്ച് രാജ്യങ്ങളെയാണ് ഒഴിവാക്കിയിരിക്കുന്നത്. അതായത് മാനദണ്ഡങ്ങളിൽ തന്നെ വൈരുദ്ധ്യം. മൂന്ന് മുസ്ലിം രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്കാണ് പൗരത്വവകാശം നൽകുന്നത്. മറ്റ് അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് എന്താണ് യോഗ്യതക്കുറവെന്ന് മനസ്സിലാകുന്നില്ല. മുസ്ലീങ്ങൾ മുസ്ലിം ഭൂരിപക്ഷരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്നില്ല എന്നു പറയുന്നത് ശരിയല്ല. ഉദാഹരണമായി, മുസ്ലിംപേരുള്ള നാസ്തികരും അവിശ്വാസികളും ഇത്തരം രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് മാത്രമല്ല പലർക്കും ജീവൻ തന്നെ നഷ്ടപെട്ടു. മുപ്പതോളം നാസ്തികരാണ് കഴിഞ്ഞ നാല് വർഷംകൊണ്ട് ബംഗ്ലാദേശിൽ മതതീവ്രവാദികളുടെ കൊലക്കത്തിക്ക് ഇരകളായത്. തസ്ലിമ നസ്രീനെപോലൊരു എഴുത്തുകാരി നിലയുറപ്പിക്കാനാവാതെ ലോകമെമ്പാടും അലയുന്നു. പാക്കിസ്ഥാനിൽ അഹമ്മദീയ വിഭാഗത്തെ അമുസ്ലീങ്ങളായാണ് സിയാ ഉൾ ഹഖിന്റെ കാലംമുതൽ അവിടുത്തെ സർക്കാർ പരിഗണിക്കുന്നത്. ലോകത്തുതന്നെ ഏറ്റവുമധികം പീഡനം നേരിടുന്ന മത ഉപവിഭാഗമാണ് അഹമ്മദീയർ.

(6) പാക്കിസ്ഥാനിൽ പീഡനം നേരിടുന്ന മറ്റൊരു വിഭാഗമാണ് ഷിയാകൾ. വെള്ളിയാഴ്ചകളിൽ പാക്കിസ്ഥാനിൽ പൊട്ടിത്തെറിച്ചുകൊണ്ടിരുന്ന പള്ളികളിൽ മിക്കവയും ഷിയാകളുടേതാണ്. തൊട്ടടുത്തുള്ള ഇറാൻ ഷിയാ ഭൂരിപക്ഷ രാജ്യമായിട്ടും പാക്കിസ്ഥാനിൽ നിന്നും ഷിയകളെ തുടച്ചുനീക്കാനുള്ള വ്യഗ്രതയിലാണ് പാക്കിസ്ഥാനിലെ സുന്നി തീവ്രവാദികൾ. 98 ശതമാനം മുസ്ലീങ്ങളുള്ള അഫ്ഗാനിസ്ഥാനിലും 26 ശതമാനത്തിലധികം ഷിയകളാണ്. പക്ഷെ പുതുക്കിയ പൗരാവകാശ നിയമം അനുസരിച്ച് അഭയാർത്ഥികളായ അഹമ്മദിയർക്കോ ഷിയകൾക്കോ ഇന്ത്യയിൽ പൗരാവകാശം ലഭിക്കില്ല. ഇരു വിഭാഗങ്ങളെയും മുസ്ലീങ്ങൾ ആയിട്ടാണ് നിയമം പരിഗണിക്കുന്നതെന്ന് സാരം. വിട്ടുകളഞ്ഞ മറ്റൊരു വിഭാഗം ലോകത്തെ ഏറ്റവും വലിയ അഭയാർത്ഥികളായ ബംഗാളികളായ റോഹിഞ്ച്യരാണ്. വംശപരമായും ഭാഷാപരവുമായും 'ബംഗാളികൾ ' ആണെന്നതിനാൽ മ്യാന്മാറും സ്ഥലപരമായി മ്യാന്മാറിലുള്ളവരാണെന്നതിനാൽ ബംഗ്ലാദേശും അവരെ സ്വീകരിക്കാൻ തയ്യാറല്ല. ഈ ദേശരഹിത ജനതയിൽ പെട്ട 40000 പേർ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്.

(7) ഭരണഘടയുടെ ആർട്ടിക്കിൾ 14 സമത്വത്തെ സംബന്ധിച്ചുള്ളതാണ്. Equality before law: The State shall not deny to any person equality before the law or the equal protection of the laws within the territory of India Prohiion of discrimination on grounds of religion, race, caste, sex or place of birth എന്നാണ് അവിടെ പറയുന്നത്. any person എന്നു പറയുമ്പോൾ ഇന്ത്യൻ പൗരന്മാർക്ക് മാത്രമല്ലത് ബാധകം എന്ന് വ്യക്തമാണ്. മനുഷ്യരെ ജാതി-മത-ലിംഗ-ജന്മസ്ഥല വ്യത്യാസമില്ലാതെ തുല്യരായി പരിഗണിക്കണം എന്നാണ് ആർട്ടിക്കിൾ 14 പറയുന്നത്. അതായത് നിയമത്തിന് മുന്നിലുള്ള തുല്യത! ഈ അവകാശത്തിൽ വെള്ളംചേർക്കുകയാണ് ഫലത്തിൽ പുതിയ പൗരാവകാശനിയം. സമത്വനിയമത്തിൽ വെള്ളംചേർക്കുന്ന നടപടികൾ സർക്കാരുകൾ കൈകൊണ്ടിട്ടില്ലേ എന്ന ചോദ്യം തൽക്കാലം അവിടെ നിൽക്കട്ടെ. പുതിയ പൗരത്വനിയമം ഭരണഘടനയെ അപമാനിക്കുന്ന ഒന്നായതിനാൽ സുപ്രീംകോടതി പാർലമെന്റിനെ നിയമം പഠിപ്പിക്കുന്ന അവസ്ഥ സംജാതമാകും എന്നു പ്രതീക്ഷിക്കാം. അതേസമയം, അയോദ്ധ്യാക്കേസിൽ വിധിപറഞ്ഞപോലെയാണ് സുപ്രീംകോടതി പെരുമാറുന്നതെങ്കിൽ കളി മാറും.

(8) മതപരമായ വിവേചനം നേരിടുന്നവർ മാത്രമാണോ പീഡിതർ? ഇത് വല്ലാത്ത ചുരുക്കി കാണലാണ്. വംശീയമായ, ഭാഷാപരമായ, സ്ഥലപരമായ പീഡനം നേരിടുന്നവരാണ് റോഹിഞ്ച്യർ. ഭൂരിപക്ഷം മുസ്ലീങ്ങളാണെങ്കിലും അവരിൽ മറ്റ് മതവിഭാഗങ്ങളുമുണ്ട്. പീഡനത്തിന്റെ ഏക മാനദണ്ഡമായി മതത്തെ പരിഗണിക്കുന്നത് വസ്തുതാവിരുദ്ധമാണ്. അഭയാർത്ഥികളുടെ പ്രശ്നം ലോകത്തെ ഏറ്റവുമധികം നിറ്റുന്ന ഒന്നാണ്. ഇന്ത്യാ വിഭജനം ഒരു കോടി മനുഷ്യരെയാണ് അവരവരുടെ വാസസ്ഥലങ്ങളിൽ നിന്ന് പറിച്ചെറിഞ്ഞത്. ലോകമെമ്പാടും അഭയാർത്ഥികളുണ്ട്. വേരുകൾ നഷ്ടപെട്ടവർ, വിവിധ കാരണങ്ങളാൽ ജീവനും കയ്യിൽ പിടിച്ച് പലായനം ചെയ്യുന്നവർ, പുറന്തള്ളപ്പെടുന്നവർ.... അഭയാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഐക്യരാഷ്ട്ര സഭ 1951 ൽ രൂപീകരിച്ച യു.എൻ റെഫ്യുജി കമ്മീഷൻ എന്ന പേരിലുള്ള കരാറിൽ 145 അംഗരാജ്യങ്ങൾ ഒപ്പിട്ടുണ്ട്.

(9) അംഗരാജ്യങ്ങൾ അഭയാർത്ഥികളോട് മനുഷ്യത്വപരമായ സമീപനം കൈകൊള്ളണം എന്ന ധാരണയാണ് കരാറിന്റെ കാതൽ. ഇത്തരം അന്താരാഷ്ട്ര കരാറുകളുടെ അന്തസത്ത അനുസരിച്ചാണ് തങ്ങൾ ഭേദഗതി ബിൽ പാസ്സാക്കിയതെന്ന് കേന്ദ്രസർക്കാർ വാദിക്കുമ്പോൾ അതെന്തുകൊണ്ട് മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ കാര്യത്തിലേക്ക് പരിമിതപെടുത്തി, എന്തുകൊണ്ട് അഭയാർത്ഥികളെ മതപരമായി വേർതിരിച്ചുകാണുന്നു എന്നീ ചോദ്യങ്ങൾക്ക് ഉത്തരമില്ല. ഏകപക്ഷീയവും(unilateral) സ്വേച്ഛാപരവുമായ(arrary) ഒരു തീരുമാനമാണത്. രാജ്യത്തിനുള്ളിൽ അനധികൃതമായി കടന്ന എല്ലാവരെയും നിയമപരമായി സമന്മാരായി (equal before law) കാണാനുള്ള ബാധ്യത സർക്കാരിനുണ്ട്.

(10) പൗരത്വനിയം ഭേദഗതി അഭയാർത്ഥികളെ സംബന്ധിച്ചുള്ളതാണ്. നിലവിൽ ഇന്ത്യൻ പൗരന്മായവർക്ക് ബിൽ ബാധകമല്ല. അപ്പോൾപിന്നെ രാജ്യത്തെ മുസ്ലിങ്ങൾ എന്തിന് അസ്വസ്ഥരാകണം? ഇന്ത്യയിൽ തങ്ങുന്ന അഭയാർത്ഥികളിൽ മുസ്ലിങ്ങളല്ലാത്തവരെ മാത്രമേ രാജ്യം സ്വീകരിക്കൂ എന്നാണ് പുതിയ ഭേദഗതി നിയമം സ്പഷ്ടമായി പറയുന്നത്. അപ്പോൾ രാജ്യത്തെ മുസ്ലിം അഭയാർത്ഥികൾ എവിടെപ്പോകും? സ്വാഭാവികമായും അവരെ പുറത്താക്കേണ്ടി വരും. അല്ലെങ്കിൽ രാജ്യത്തിനുള്ളിൽ നിരവധി സ്ഥലങ്ങളിൽ സ്ഥിരം അഭയാർത്ഥി ക്യാമ്പുകളുണ്ടാക്കി പാർപ്പിക്കേണ്ടിവരും. രണ്ടായാലും അതൊരു വമ്പൻ മനുഷ്യാവകാശ പ്രശ്‌നം തന്നെയാവും. ജനസംഖ്യ വർദ്ധിപ്പിച്ച് അധികാരം വെട്ടിപിടിക്കുന്നതിൽ താല്പര്യമുള്ള മതമാണെന്ന വസ്തുത ഇസ്ലാം മറച്ചുവെക്കാറില്ല. അതുകൊണ്ടുതന്നെ മുസ്ലിം അഭയാർത്ഥികളെ മാത്രം പൗരത്വത്തിന് പരിഗണിക്കാത്തത് അവരിൽ നഷ്ടബോധം ജനിപ്പിക്കും. വിഭജനത്തിന് ശേഷം അയൽ രാജ്യങ്ങളിൽനിന്നും ധാരാളംപേർ ഇന്ത്യയ്ക്കുള്ളിലേക്ക് വന്നിട്ടുണ്ട്. നമ്മുടെ അതിർത്തികളിൽ സുഷിരങ്ങളേറെ. അതിർത്തിസുരക്ഷ ശക്തമാക്കുകയും നുഴഞ്ഞുകയറ്റം കർശനമായി നേരിടുകയും ചെയ്യാതെ ഈ പ്രശ്നത്തിന് വേറെ പരിഹാരമില്ല.

(11) കാലാകാലങ്ങളിൽ നുഴഞ്ഞുകയറിയവരെ സംരക്ഷിക്കാനും വോട്ട് ബാങ്കാക്കാനും രാഷ്ട്രീയപാർട്ടികൾ മത്സരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നേട്ടങ്ങൾ മാത്രം മുന്നിൽ കാണുന്ന പ്രവണത പിൽക്കാല ദുരിതങ്ങൾക്ക് കാരണമാകും എന്ന ചിന്തയൊന്നും രാഷ്ട്രീയ കക്ഷികൾക്കില്ല. സ്വാഭാവികമായും അവരെല്ലാം ദശകങ്ങളായി ഇന്ത്യയിൽ വസിക്കുന്നു. അവർക്കൊന്നും തിരിച്ചുപോകാനാവില്ല. കണക്കെടുപ്പും മറ്റും വരുമ്പോൾ ഇതേ രാഷ്ട്രീയക്കാർ തന്നെ വലിയ തോതിൽ ഒച്ചവെക്കുന്നു. അതിർത്തി സുരക്ഷ ശക്തമാക്കണം-അനധികൃത കുടിയേറ്റം തടയണം-കുടിയേറ്റക്കാരെയെല്ലാം പൗരത്വം നൽകി ആദരിക്കണം-ഈ മൂന്ന് വാചകങ്ങളും ഒറ്റ ശ്വാസത്തിൽ പറയുന്നു എന്നതാണ് ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികളുടെ പൊതുഗുണം! നിലവിൽ പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലിങ്ങൾക്കെതിരെയുള്ള വിവേചനം ആണോ എന്നു ചോദിച്ചാൽ അല്ല. അഭയാർത്ഥികൾ നിലവിൽ ഇന്ത്യക്കാരല്ലല്ലോ. പക്ഷെ രാജ്യം അഭയാർത്ഥികളെ പൗരന്മാരായി സ്വീകരിക്കുന്നതിൽ കൊണ്ടുവരുന്ന നിയമം, എന്തൊക്കെ പറഞ്ഞാലും, മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം വിവേചനപരം തന്നെയാണ്. അവരെ പരോക്ഷമായി അപമാനിക്കലാണത്.

(12) മുസ്ലീങ്ങൾ സാർവദേശീയ മതാത്മകതയിൽ (Pan Islamic Sentiments) വിശ്വസിക്കുകയും വികാരംകൊള്ളുകയും ചെയ്യുന്നവരാണെന്നതിനാൽ അഭയാർത്ഥി മുസ്ലിം ആണെങ്കിൽ പെട്ടെന്ന് വൈകാരികമായി ഐക്യപെടാൻ അവർക്ക് മതപരമായ പരിശീലനം ലഭിച്ചിട്ടുണ്ട്. പക്ഷെ മതേതരമായ ഭരണഘടനയും ജനാധിപത്യവും ഉയർത്തിപിടിക്കുന്ന ഒരു രാഷ്ട്രത്തിന് അത്തരത്തിലുള്ള തിരിവുകളും വിവേചനങ്ങളും സാധ്യമല്ല. മനുഷ്യാവകാശവും ന്യൂനപക്ഷ പീഡനവുമൊക്കെ പറഞ്ഞു പതപ്പിച്ച് ന്യായീകരിക്കാൻ എളുപ്പമാണെങ്കിലും ഫലത്തിൽ ഇന്നലെ പാസ്സാക്കിയ പൗരത്വനിയമ ഭേദഗതിയിൽ മതപരമായ വിവേചനം പ്രകടമാണ്. ജാതി-മത അടിസ്ഥാനത്തിൽ സാമ്പത്തിക ആനുകൂല്യങ്ങൾ മുതൽ പൗരത്വം വരെ നൽകുന്ന രീതി മാനവിക വിരുദ്ധവും വിഭാഗീയവും രാജ്യത്തെ ഭരണഘടനയ്ക്ക് എതിരുമാണ്. പൗരത്വഭേദഗതി നിയമം ആ പട്ടികയിൽ പെട്ട ഒരു വിവേചനനിയമം തന്നെയാണ്. സുഗന്ധം ഏറെ പുരട്ടിയാലും അതിൽ ഉൾച്ചേർന്നിട്ടുള്ള വിവേചനം വിട്ടുപോകില്ല. നിയമം കൊണ്ടുവരുന്നത് തന്നെ രാഷ്ട്രീയനേട്ടം എന്ന തത്വം ഭരണകക്ഷി മുറുകെ പിടിക്കുന്നതായി കാണാം. പൗരത്വഭേദഗതി നിയമം കോടതിയിൽ പരാജയപ്പെടുമ്പോഴും നിയമം കൊണ്ടുവന്നവർക്ക് നഷ്ടബോധം ഉണ്ടാകാനുള്ള സാധ്യതയില്ല. കാശ്മീരിനെ സംബന്ധിച്ച ആർട്ടിക്കിൾ 370 പരിഷ്‌കരിച്ചതുപോലെ 'വീണാലുംനേട്ടം' എന്ന ചിന്ത പ്രകടമാണ്. അനധികൃത അഭയാർത്ഥികൾ തുല്യരാണ്, പക്ഷെ ചില മതങ്ങളിൽപെട്ടവർ കൂടുതൽ തുല്യരാണ് എന്ന് വാദിക്കുമ്പോൾ അവിടെ കൈമാറപ്പെടുന്ന സന്ദേശം വ്യക്തമാണ്. ആട്ടിപ്പായിക്കപ്പെടേണ്ട ചിന്തയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP