Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

ഇസ്രയേൽ കൊന്നാലും ഫലസ്തീനി കൊന്നാലും കൊല്ലപെടുന്നത് നിരപരാധികളായ മനുഷ്യജന്മങ്ങളാണ്; ചില മരണങ്ങൾ ആസ്വാദ്യകരവും മറ്റുചിലവ അസഹനീയവുമാകുന്നത് മത റഡാറുകളിലൂടെ നോക്കുമ്പോഴാണ്; ഫലസ്തീനിലെ എണ്ണയും തീയും; പ്രൊഫ. സി രവിചന്ദ്രൻ എഴുതുന്നു

ഇസ്രയേൽ കൊന്നാലും ഫലസ്തീനി കൊന്നാലും കൊല്ലപെടുന്നത് നിരപരാധികളായ മനുഷ്യജന്മങ്ങളാണ്; ചില മരണങ്ങൾ ആസ്വാദ്യകരവും മറ്റുചിലവ അസഹനീയവുമാകുന്നത് മത റഡാറുകളിലൂടെ നോക്കുമ്പോഴാണ്; ഫലസ്തീനിലെ എണ്ണയും തീയും; പ്രൊഫ. സി രവിചന്ദ്രൻ എഴുതുന്നു

പ്രൊഫ. സി രവിചന്ദ്രൻ

(1) തുർക്കി സുൽത്താനെ(Ottoman Empire) ബ്രിട്ടീഷുകാർ സ്ഥാനഭ്രഷ്ടനാക്കിയതിനെ തുടർന്ന് ലോകെമ്പാടുമുള്ള സുന്നി മുസ്‌ളീങ്ങളുടെ മതവികാരം വ്രണപെട്ടതാണ് ഇന്ത്യയിൽ ഖിലാഫത്ത് പ്രസ്ഥാനമായി (1920) മാറിയത്. സുൽത്താന്റെ തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമായിരുന്നതും തുർക്കിയിൽപോലും അത്തരം ദൗത്യങ്ങൾക്ക് കാര്യമായ പിന്തുണയില്ലാതിരുന്നതും ഇന്ത്യൻ ഖിലാഫത്തുകാരുടെ മതവീര്യത്തെ ദുർബലപെടുത്തിയില്ല. അവിടെ ബ്രിട്ടീഷുകാർ ചെയ്തതിനോടുള്ള പക ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രയോജനപെടുത്താം എന്നു കണ്ട ഗാന്ധിജിയും കൂട്ടരും ഖിലാഫത്തിനെ ദേശീയപ്രസ്ഥാനവുമായി കൂട്ടികെട്ടി. അന്യന്റെ വ്രണം വളമാക്കി വളരാമെന്ന രാഷ്ട്രീയ തന്ത്രം തുടങ്ങിയത് ഗാന്ധിജിയല്ല. പക്ഷെ അത് വ്യക്തമായി ഇന്ത്യയിലെ രാഷ്ട്രീയക്കാർക്ക് പഠിപ്പിച്ചുകൊടുത്തത് അദ്ദേഹമാണ്. ഗാന്ധിജിക്ക് തീരുമാനം എളുപ്പമായിരുന്നു, കുറുക്കുവഴിയായിരുന്നു;പക്ഷെ അതൊരു വമ്പൻ പരാജയംകൂടിയായിരുന്നു.

(2) നിങ്ങളുടെ വ്രണം എന്റെ വ്രണമാണ് എന്നു ഗാന്ധി വിതുമ്പിയപ്പോൾ മുഹമ്മദ് അലി ജിന്നപോലും വിമർശിച്ചു. മതവികാരത്തെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വിമോചനപോരാട്ടത്തിന്റെ മുന്നണിയുമായി കൂട്ടികെട്ടുന്നതിന്റെ 'യുക്തി' അക്കാലത്ത് ജിന്നയ്ക്ക് മനസ്സിലായിരുന്നില്ല. ഗാന്ധിജി മുന്നോട്ടുപോയി, രാഷ്ട്രീയക്കറികളെല്ലാം മതംപുരട്ടി പൊരിച്ചെടുത്തു. അവസാനം എല്ലാം കരിഞ്ഞുപോയെന്ന് ഗാന്ധിജിക്ക് മനസ്സിലായപ്പോഴേക്കും മതരാഷ്ട്രീയത്തിന്റെ എലിക്കെണിയിലേക്ക് രാജ്യം വീണുപോയിരുന്നു. ഗാന്ധിജിയുടെ അമളി മനസ്സിലാക്കി കരിയാതെ പൊരിച്ചെടുത്താൽ നേട്ടംകൊയ്യാമെന്ന് തിരിച്ചറിഞ്ഞ ജിന്ന അതേ രാഷ്ട്രീയതൈലം വിതറി നേട്ടംകൊയ്തു. വിദൂരങ്ങളിലെ കലാപങ്ങളിലും കെടുതികളിലും പെട്ടുപോകുന്ന മനുഷ്യർ സ്വന്തം മതത്തിൽപെട്ടവരാണെങ്കിൽ മാത്രം പൊട്ടിയൊലിക്കുന്ന സവിശേഷവും ക്ഷുദ്രവുമായ 'ഉമ്മബോധം' മനുഷ്യരിൽ ഉള്ളിടത്തോളംകാലം ഖിലാഫത്തുകൾ ആവർത്തിക്കപെടും. Otherwise, they will oppose every oppression against humanity.They will feel like belonging to biggest possible tribe, the homo sapience sapience.

(3) ഫലസ്തീൻ സംഘർഷം സൃഷ്ടിക്കുന്ന തീരാദുരിതങ്ങളും മാറാവ്യാധികളും അപരിമിതമാണ്. കൊല്ലപെടുന്ന കുട്ടികളും സ്ത്രീകളും മാത്രമല്ല നിരന്തര സംഘർഷം ജനിപ്പിക്കുന്ന മാനസികവ്യധകളും ലോകത്തെയാകെ വേട്ടയാടുന്നു. It is horrible out there. ഇസ്രയേൽ കൊന്നാലും ഫലസ്തീനി കൊന്നാലും കൊല്ലപെടുന്നത് നിരപരാധികളായ മനുഷ്യജന്മങ്ങളാണെന്ന തിരിച്ചറിവ് മനുഷ്യർക്കുണ്ട്. ചില മരണങ്ങൾ ആസ്വാദ്യകരവും മറ്റുചിലവ അസഹനീയവുമാകുന്നത് മതറഡാറുകളിലൂടെ നോക്കുമ്പോഴാണ്. ആ റഡാറിൽ അഫ്ഗാനിസ്ഥാനിലെയോ സിറിയയിലെയോ ഇറാഖിലെയോ എന്തിന് തൊട്ടടുത്തുകൊഴിഞ്ഞുവീഴുന്ന മനുഷ്യരുടെ ചിത്രംപോലും പതിയില്ല. മതജീവികൾ മതജീവികൾക്ക് വേണ്ടിമാത്രം കരയുന്ന, മനുഷ്യൻ അവഗണിക്കപെടുന്ന പരവിദ്വേഷാധിഷ്ഠിതവുമായ റഡാറാണത്.

(4) ഒരു ദശകത്തിന് മുമ്പ് വരെ ശ്രീലങ്ക ദിനംപ്രതി സംഘർഷപൂരിതമായി പൊട്ടിത്തെറിക്കുകയും എണ്ണമറ്റ തോതിൽ സ്ത്രീകളും കുട്ടികളും കൊല്ലപെടുകയും ചെയ്തപ്പോൾ ഭയക്രാന്തരായി അനുശോചനസന്ദേശം തിരുത്തേണ്ട ഗതികേട് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്കാർക്കും ഉണ്ടായില്ല. മതംമൂത്ത് മോങ്ങുന്നവരും മതപിന്തുണയോർത്ത് വിതുമ്പുന്നവരും ലങ്കൻ സംഘർഷവുമായി ബന്ധപെട്ട് കേരളത്തിന്റെ തെരുവുകളിൽ വ്രണപ്രകടനങ്ങൾ നടത്തിയില്ല. ഹർത്താലും പ്രമേയങ്ങളുമില്ലാതെ ലങ്ക സംഘർഷത്തിൽ എരിഞ്ഞമരുന്നത് മലയാളി മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞു. വെടിയേറ്റ് കൊല്ലപെടുന്നതിന് തൊട്ടുമുമ്പ് എടുത്ത വേലുപ്പിള്ളൈ പ്രഭാകരന്റെ മകന്റെ ചിത്രം ഓർമ്മയുണ്ടോ! ലങ്ക ഖിലാഫത്ത് ആയില്ല, ഫലസ്തീൻപോലെ മതവ്രണമായില്ല. മനുഷ്യരല്ല മതമാണ് പ്രധാനം എന്ന് ചിന്തിക്കുന്ന മനുഷ്യർ തെരുവിലും സൈബറിടങ്ങളിലും ചാനൽമുറികളിലും പുകഞ്ഞുനീറിയില്ല; വ്രണപെട്ട് വിതുമ്പിയവരും ആ വ്രണങ്ങളിൽ ഉപ്പുംമുളകും വിതറി നേട്ടംകൊയ്യാമെന്ന് കൊതിക്കുന്നവരും അടച്ചിടാതെ പണിയെടുത്തില്ല.

(5) ഇസ്രയേൽ-ഫലസ്തീൻ സംഘർഷത്തിന്റെ ചരിത്രവും നാൾവഴികളുമൊക്കെ ആവേശപൂർവം ചർച്ച ചെയ്യുന്ന കാലമാണിത്. റോമാക്കാർ മുതൽ ബ്രിട്ടീഷുകാരും യു.എൻ മാൻഡേറ്റും ഓസ്ളോകരാറും വെസ്റ്റ് ബാങ്കിലെ യഹൂദ ജനവാസംവരെ തലനാരിഴകീറി പരിശോധിക്കപെടുന്ന വ്രണിതകാലം. It is good to know history, but you can't solve everything historically. ആരാണ് ആദ്യം വന്നത്? പിറകോട്ട് പോയാൽ ആഫ്രിക്കയിലെ ഓസ്ട്രോലോപിതിക്കസിൽ ചെന്നു നിൽക്കാനിടയുള്ള അന്വേഷണം! ചരിത്രം അറിയുന്നത് നല്ല കാര്യമാണ്, ചരിത്രത്തിൽ ജീവിക്കുന്നത് ദുരന്തവും. പുനർസൃഷ്ടിക്കാനും വർത്തമാനത്തെ കറുപ്പിക്കാനുമല്ല ചരിത്രം പഠിക്കേണ്ടത്. ബ്രിട്ടീഷുകാർ ഇന്ത്യയെ 250 വർഷങ്ങൾ അടിച്ചമർത്തി പീഡിപ്പിച്ചതിനെക്കുറിച്ച് വായിച്ച് ഉത്തേജിതനായി ലണ്ടനിൽ ചെന്ന് ബ്രിട്ടീഷുകാരെ ഓടി നടന്നു കുത്തി മലർത്താനുള്ള ലൈസൻസായി ചരിത്രം മാറരുത്. ചരിത്രത്തെ അത്തരത്തിൽ വിചാരണ ചെയ്യുന്നത് മതം മാത്രമാണ്, ആയിരിക്കണം. Humanism has nothing to do with.

(6) വിദൂരചരിത്രത്തിൽ ജനതകൾ അനുഭവിച്ച ഗതികേടുകളും ദുരന്തങ്ങളും വിജയങ്ങളും വർത്തമാനത്തിന്റെ സമവാക്യങ്ങളിൽ അപ്പടി പ്രയോഗിക്കുന്നത് മതതിമിരമാണ്. മനുഷ്യാവകാശനിയമങ്ങളും പൗരാവകാശങ്ങളും രാജ്യാന്തരനിയമങ്ങളും നാം ഇന്നിന്റെ വെളിച്ചത്തിൽ പരിഷ്‌കരിച്ചിട്ടുണ്ട്. ഇന്നത്തെ അധിനിവേശങ്ങളെല്ലാം ഇന്നലെകളിൽ കീഴടക്കലുകളായിരുന്നു. കീഴടിക്കിയതൊക്കെ അനുഭവിക്കുക എന്നതാണ് പ്രാചീനനിയമം. അധിനിവേശം നടത്തിയവർ അരങ്ങൊഴിയണമെന്നതാണ് വർത്തമാനത്തിന്റെ സമവാക്യം.1967 ൽ ഇസ്രയേൽ വെസ്റ്റ് ബാങ്കും ഗസ്സാമുനമ്പും യുദ്ധംചെയ്ത് പിടിച്ചെടുത്തതാണെങ്കിലും പൂർണ്ണമായോ ഭാഗികമായോ അവയൊക്കെ വിട്ടുകൊടുക്കണമെന്നും ഇസ്രയേൽപോലും സമ്മതിക്കുന്നത് വർത്തമാനത്തിന്റെ സമവാക്യങ്ങളുടെ വെളിച്ചത്തിലാണ്. എത്ര തലകുത്തി മറിഞ്ഞാലും സമാധാനപരമായ സഹവർതിത്വം (peaceful co-existence) എന്നതല്ലാതെ യാതൊരു പരിഹാരവും ഫലസ്തീൻ പ്രശ്നത്തിൽ സാധ്യമല്ല. ഇസ്രയേലിന്റെ ഭൂപടത്തിൽ നിന്ന് നീക്കംചെയ്യുമെന്ന വിദ്വേഷ മതനിലപാടുകൾ ഒരിക്കലും സഹായകരമാകില്ല. ഇസ്രയേലും ഫലസ്തീനും പരസ്പരം വിട്ടുവീഴ്ച ചെയ്യണം. Discuss, negotiate n' settle.... keep on doing that. പരസ്പരം അംഗീകരിക്കുക, സഹിക്കുക, സഹകരിക്കുക-ഇതാണ് രാഷ്ട്രീയ പരിഹാരം. പക്ഷെ പ്രശ്നം മതപരമെങ്കിൽ രാഷ്ട്രീയപരിഹാരം എളുപ്പമല്ല, മതം മങ്ങണം...To be precise, there is no other way.

(7) ഫലസ്തീൻ വിഷയത്തിന്റെ പ്രധാന ഇന്ധനം മതമല്ല 'ആണോ കുഞ്ഞേ'എന്ന മലയാള സിനിമാ ഡയലോഗ് ഉണ്ടായത് തന്നെ ഈ മതവിങ്ങൽ കേട്ടിട്ടായിരിക്കണം. ചക്കരമതമല്ല മറിച്ച് ഭൂമിശാസ്ത്ര-രാഷ്ട്രീയ-വംശീയ കാരണങ്ങളാണത്രെ! അടിപൊളി. ഏക കാരണമില്ല, പ്രപഞ്ചം ബഹുകാരണസംബന്ധി. എന്നിട്ടും മതത്തെ കാരണത്തിന്റെ കള്ളിയിൽ നിന്ന് മാറ്റി നിറുത്തുന്ന ഈ കരുതലിന്റെ പേര് എന്തായിരിക്കും? മതംപുരട്ടിയില്ലെങ്കിൽ എത്രപേർ ഫലസ്തീൻ പ്രശ്നത്തെ കുറിച്ചറിയും? എത്രപേർ പ്രാർത്ഥിച്ച് കുഴഞ്ഞുവീഴും? എത്രപേർ മതചാനലുകളിലിരുന്നു ദ്രവാസ്ഥയിലേക്ക് പരിണമിക്കും?

(8) ഇസ്രയേൽ-ഫലസ്തീൻ പ്രശ്നം മതപ്രശ്നമല്ലെന്ന് വാദിക്കുന്നവരെല്ലാം മൂന്ന് കാര്യങ്ങൾ അറിയാതെ സമ്മതിക്കുന്നുണ്ട്.1 ഇസ്രയേൽ മതപരമയ കാരണങ്ങളാൽ രൂപംകൊണ്ട രാജ്യമാണ്. It is a Jewish democratic state. മതപരമായ പീഡനമാണ് മുഖ്യപ്രകോപനം 2. ഇസ്രയേലിനെ എതിർക്കുന്ന ഫലസ്തീൻ തീവ്രവാദ സംഘടനകളുടെ ഭരണഘടനയിൽ വരെ തുടിച്ച് നിൽക്കുന്നത് ഇസ്ലാമികദൈവവും ശരിഅത്ത് തത്വങ്ങളുമാണ്. 3. ഇസ്ളാമിക മതസാഹിത്യം അനുസരിച്ച് ലോകാവസാനംവരെ യഹൂദരുമായി മരണമില്ലാത്ത വൈരം പുലർത്താനുള്ള മതപരമായ അന്ധവിശ്വാസ ബാധ്യത നിലവിലുണ്ട്. അപ്പോൾ രണ്ടറ്റത്തും മതം, പ്രതികരണങ്ങൾ മതപരം, പിന്തുണകളും എതിർപ്പും മതപരം, വിദ്വേഷവും പ്രേമവും മതപരം, സ്വത്വങ്ങൾപോലും മതപരം.. പക്ഷെ മതമല്ല പ്രശ്നം തർക്കം അതിർത്തിയെക്കുറിച്ചായിരിക്കും,സമ്പത്തിനെകുറിച്ചായിരിക്കും. പക്ഷെ കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് മതം മുഖ്യ ഇന്ധനമായി മാറുന്നു. It is fuel to the fire. Once it happens, it is almost irreversible until you fix religion.

(9) ലോകമെമ്പാടും നിലവിലിരിക്കുന്ന അതിർത്തി തർക്കങ്ങളുടെയും രാഷ്ട്രീയ സംഘർഷങ്ങളുടെയും പട്ടിക വളരെ നീണ്ടതാണ് (https://en.wikipedia.org/wiki/List_of_territorial_disputes). പ്രദേശ തർക്കങ്ങൾ, യുദ്ധങ്ങൾ, ആക്രമണങ്ങൾ, പീഡനങ്ങൾ, അധിനിവേശങ്ങൾ.... ഇവയിൽ എത്രയെണ്ണം നിങ്ങളുടെ തെരുവുകളിലെത്തുന്നു? എത്രയെണ്ണം നിങ്ങളുടെ ചാനലുകളെ വിഷമയമാക്കുന്നു? എത്രയെണ്ണം നിങ്ങളുടെ നേതാക്കളിൽ മുട്ടിടിയും സന്ധിവാതവും നിർമ്മിക്കുന്നു? അത്യാവശ്യം മതംപുരണ്ടവ മാത്രമേ നമ്മുടെ തീന്മേശയിൽ വരുന്നുള്ളൂ; അപ്പോൾ മതത്തിൽ പൊരിച്ചെടുത്തവയുടെ കാര്യം പറയേണ്ടതില്ലല്ലോ! ഇന്ത്യൻ രാഷ്ട്രീയം മതം എന്ന റാവുത്തർ ഭരിക്കുന്ന വിയറ്റ്നാംകോളനിയാണ്. മതത്തിനപ്പുറം ഇന്ത്യയിൽ രാഷ്ട്രീയമില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ, ഏറ്റവും ഭയാനകമായ വംശീയ ശുദ്ധീകരണത്തിന് വിധേയമായ ജനതയാണ് അർമേനിയൻ വംശജർ. ഇവരിൽ ഭൂരിപക്ഷവും ക്രിസ്ത്യാനികളാണ്. 1915-16 കാലഘട്ടത്തിൽ 10-15 ലക്ഷം അർമേനിയക്കാരാണ് * തുർക്കിയിലെ ഓട്ടോമാൻ സാമ്ര്യാജ്യത്തിന്റെ ശുദ്ധീകരണത്തിൽ ജീവൻ വെടിഞ്ഞത്(https://en.wikipedia.org/wiki/Armenian_Genocide). കുപ്രസിദ്ധമായ Death March ഓർക്കുക. ലോകം മുഴുവൻ അംഗീകരിച്ചിട്ടും, മലയോളം തെളിവുണ്ടായിട്ടും ഇന്നും അർമേനിയൻ കൂട്ടക്കൊല സംഭവിച്ചിട്ടില്ലെന്ന വിചിത്രവാദമാണ് തുർക്കി മുന്നോട്ടുവെക്കുന്നത്. ഇതേ അർമേനിയൻ വംശജർ കഴിഞ്ഞ വർഷം വീണ്ടും ആവാസകേന്ദ്രങ്ങളിൽ നിന്ന് പറിച്ചെറിയപെട്ടു(https://en.wikipedia.org/wiki/Nagorno-Karabakh#Antiquity_and_Early_Middle_Ages).

(10) അസർബെയ്ജാൻ-അർമേനിയ സംഘർഷം അടിസ്ഥാനപരമായി വംശീയമാണ്. Or it is one of the cardinal reasons. ഇസ്ലാമിക ഭൂരിപക്ഷമുള്ള അസർബെയ്ജാനും ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള അർമേനിയയും പഴയ സോവിയറ്റ് റിപബ്ലിക്കുകളായിരുന്നു. പക്ഷെ മതം സംഘർഷത്തിൽ മുഖ്യ ഇന്ധനമല്ല. അസർബൈജാൻ തുർക്കിക്കും ഇറാനും ഇടയിൽ സ്ഥിതിചെയ്യുന്ന രാജ്യമാണ്. അസർബൈജാന്റെ ഉള്ളിലുണ്ടായിരുന്ന അർമേനിയൻ വംശജരുടെ തുരുത്താണ്(enclave) നഗർണോ-കാറബാക്ക് (Nagorno-Karabakh). ഈ പ്രദേശത്തെ ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. പണ്ട് നാം സ്ഥിരം റേഡിയോ വാർത്തകളിലൂടെ കേട്ടിരുന്ന സംഘർഷം! സോവിയറ്റ് കാലത്ത് നഗർണോ-കാറബാക്ക് ഏറെക്കുറെ സ്വയംഭരണ പ്രദേശമായിരുന്നു. 1990 ൽ ഈ പ്രദേശം അസർബൈജാനു നൽകാൻ സോവിയറ്റ് യൂണിയൻ തത്വത്തിൽ തീരുമാനിച്ചെങ്കിലും പ്രാദേശിക സർക്കാർ അർമേനിയയുടെ ഭാഗമാകാൻ തീരുമാനിച്ചു. ജനങ്ങളിൽ ഭൂരിപക്ഷവും ഈ തീരുമാനത്തിനൊപ്പമായിരുന്നു. വീണ്ടും സംഘർഷമായി. തുർക്കി വംശജരായ അസർബൈജാനികളും അർമേനിയൻ വംശജരും തമ്മിലടിച്ചു, 25000 പേർ മരണമടഞ്ഞു. ഈ യുദ്ധത്തിലൂടെ അർമേനിയക്ക് കുറച്ച് ഭാഗങ്ങൾ കിട്ടി.

(11) 1991 ൽ നഗർണോ-കാറബാക്ക് സ്വതന്ത്ര റിപബ്ളിക്കായി പ്രഖ്യാപിച്ചു. കനൽ അണഞ്ഞില്ല. 2020 നവമ്പറിൽ വീണ്ടും യുദ്ധം. ഇക്കുറി അസർബൈജാൻ വിജയിച്ചു, തർക്ക പ്രദേശത്തിൽ ഭൂരിഭാഗവും പിടിച്ചെടുക്കുന്നു. റഷ്യയും തുർക്കിയും അസർബൈജാന്റെ പക്ഷത്തായിരുന്നു. ഇതു സംബന്ധിച്ച് റഷ്യ-അസർബെയ്ജാൻ-അർമേനിയ സന്ധി നിലവിൽവന്നു. ആയിരക്കണക്കിന് അർമേനിയൻ വംശജർ നഗർണോ-കാറബാക്കിൽ നിന്ന് പറിച്ചെറിയപെട്ടു. പോകുന്നതിന് മുമ്പ് അവർ സ്വന്തം വീടുകൾ തകർത്തു, വളർത്തുമൃഗങ്ങളെ കൊന്നു, ആർത്തലച്ചു കേണ് അഭയാർത്ഥികളെപോലെ എന്നെന്നേക്കുമായി വിട പറഞ്ഞു. ഒരു ജനതയെന്ന നിലയിൽ സ്വാഭിമാനം (dignity) ചതഞ്ഞരഞ്ഞാണ് അർമേനിയക്കർ പലായനം ചെയ്തത്. ഈ ദാരുണ ഈ ദൃശ്യങ്ങളും വീഡിയോകളും അന്താരാഷ്ട്രമാധ്യമങ്ങളിൽ വന്നിരുന്നു. എത്ര മലയാളികൾ അറിഞ്ഞു? ആരൊക്കെ ഐക്യദാർഡ്യം പ്രകടിപ്പിച്ചു, ആരൊക്കെ ബ്രേക്ക് ദ ചെയിൻ പ്രോട്ടോക്കോൾ അതിജീവിച്ച് ചേർത്തുനിർത്തി?

(12) LTTE ക്ക് തമിഴ്‌നാട്ടിൽ കടുത്ത ആരാധകരുണ്ടായിരുന്നു, മുൻപ്രധാനമന്ത്രിയെ കൊലപെടുത്തുന്നതിൽ വരെ അത് കലാശിച്ചു. MDMK നേതാവ് വൈകോ രാമസ്വാമി ശ്രീലങ്കൻ(Jafna) കാടുകളിൽ ചെന്ന് വേലുപ്പിള്ളൈ പ്രഭാകരനെ നേരിൽ കണ്ടു അഭിമുഖം നടത്തി. ദ്രാവിഡകക്ഷികൾ അനുതാപതരംഗം ഉണ്ടാക്കി. എല്ലാം തമിഴ് വംശീയതയുടെ ബഹിർസ്ഫുരണമായിരുന്നു. ക്രമേണ കെട്ടടങ്ങി. ശക്തമായ വിദേശസഹായവും ആയുധപിന്തുണയും ഉണ്ടായിട്ടും LTTE അമർച്ച ചെയ്യപെട്ടു. ഇന്ത്യയിലെ ചില മാവോയിസ്റ്റു വിഭാഗങ്ങൾ അവരെ പിന്തുണച്ചതായി ആരോപണമുണ്ട്. ഖാലിസ്ഥാനവാദം തഴച്ചത് സിഖ് ദേശീയതയെ ആസ്പദമാക്കിയതാണ്. വിദേശസഹായവും ആഭ്യന്തരപിന്തുണയും ഉണ്ടായിട്ടും അതും ദുർബലമായി. പിന്നീട് ഈ കനലുകൾ ഉണരുന്നത് ഈയിടെ നടന്ന കാർഷികസമരത്തിന്റെ കാലത്താണ്.

(13) ആസ്സാമിലെ പ്രക്ഷോഭം വിദേശിയരുടെ കുടിയേറ്റം(migration) ഉണ്ടാക്കിയ സാമൂഹികസംഘർഷത്തിന്റെ പരിണിതഫലമായിരുന്നു. ഇടയ്ക്കിടെ മറ്റു രൂപങ്ങിളിൽ സജീവമാകുമെങ്കിലും ആസ്സാം പ്രക്ഷോഭത്തിന്റെ തിരി താഴ്ന്നുപോയി. ബംഗാളിലും ആസ്സമിലുമൊക്കെ വിദേശിപ്രശ്നം മാത്രം കത്തിച്ചാൽ ഉദ്ദേശിച്ച നേട്ടം ഉണ്ടാകില്ലെന്ന് രാഷ്ട്രീയക്കാർ തിരിച്ചറിഞ്ഞു. പകരം ഹിന്ദു-മുസ്ലിം പ്രശ്നമാക്കാനവർ യത്നിക്കുന്നു. ഈയിടെ നടന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പും തുടർന്നു നടന്ന അക്രമങ്ങളും ഹിന്ദു-മുസ്ലിം പ്രശ്നമാക്കാനാണ് ബിജെപി ശ്രമിച്ചത്. മുസ്ലിങ്ങൾ ആസൂത്രണബോധത്തോടെ തങ്ങൾക്ക് വോട്ട് ചെയ്യണമെന്ന് തൃണമൂൽ നേതാവ് മമത ബാനർജി പരസ്യമായി ആവശ്യപെട്ടു. മതംവിൽക്കുന്നതുപോലെ ഒന്നും വിൽക്കില്ലെന്ന സവിശേഷജ്ഞാനം ഇന്ത്യൻ രാഷ്ട്രീയക്കാരെ ആരും പഠിപ്പിക്കേണ്ടതില്ല. മതം എന്ന റാവുത്തർ കെട്ടിയാടാത്ത മിക്ക തർക്കങ്ങളും ത്വക് രോഗംപോലെ ലേപനചികിത്സയുമായി മുന്നോട്ടുപോകും. മതമാണ് മുഖ്യ ഇന്ധനമെങ്കിൽ അത് ഫലസ്തീനാവും, കാശ്മീരാകും. ആചാരസംരക്ഷകർ ശ്രദ്ധിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP