Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

സംഘപരിവാറിനേക്കാൾ മത വിഷം ചീറ്റുന്ന സഖാക്കളെയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്; കമ്മ്യൂണൽ പാർട്ടി ഓഫ് ഇന്ത്യ (മതം): ആർ എസ് പി നേതാവ് സി കൃഷ്ണചന്ദ്രന്റെ കുറിപ്പ്

സംഘപരിവാറിനേക്കാൾ മത വിഷം ചീറ്റുന്ന സഖാക്കളെയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്; കമ്മ്യൂണൽ പാർട്ടി ഓഫ് ഇന്ത്യ (മതം): ആർ എസ് പി നേതാവ് സി കൃഷ്ണചന്ദ്രന്റെ കുറിപ്പ്

സി കൃഷ്ണചന്ദ്രൻ

കമ്മ്യൂണൽ പാർട്ടി ഓഫ് ഇന്ത്യ (മതം)

ഇജ്ജാതി മതസൗഹാർദ്ദ ബാലൻസിങ്ങ് ആരും കാണാതെ പോകരുത്

1) ലണ്ടനിൽ പോയ എം വി ഗോവിന്ദൻ ക്രിസ്ത്യൻ പള്ളികൾ ബാറായി മാറുന്നതിനെ കുറിച്ച് ഒരു ബോറൻ പരാമർശം നടത്തി തുടക്കമിടുന്നു.

ഹിന്ദു- ക്രിസ്ത്യൻ

2) കേരളത്തിൽ എ എൻ ഷംസീർ ഗണപതി, മിത്താണ് എന്ന് പറഞ്ഞ് വിത്തിടുന്നു.

മുസ്ലിം- ഹിന്ദു

3) സൗദിയിൽ പോയ സജി ചെറിയാൻ, അവിടെ പള്ളികളിൽ ബാങ്ക് വിളി കേൾക്കാനില്ലെന്നും, പുറത്തു ശബ്ദം കേട്ടാൽ വിവരമറിയുമെന്നും പറയുന്നു.

ക്രിസ്ത്യൻ- മുസ്ലിം

പറയുന്ന പുരോഗമന പുരോഹിതർ ആരൊക്കെയാണ്? ബാറിൽ മണി മുഴക്കിയ എം വി ഗോവിന്ദൻ സിപിഎം പാർട്ടി സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം മിത്തിൽ മുങ്ങിയ എ എൻ ഷംസീർ നിയമസഭാ സ്പീക്കർ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ബാങ്ക് വിളിയുടെ ഫ്രീക്വൻസി (തീവ്രത) അളക്കുന്ന സജി ചെറിയാൻ സാംസ്‌കാരിക വകുപ്പ് മന്ത്രി, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം മൂന്ന് പേരുടെയും അവകാശവാദം;
കറകളഞ്ഞ മതേതര വാദികൾ നവോത്ഥാന നായകർ വൈരുദ്ധ്യാത്മക ഭൗതികവാദക്കാർ.

സംഘപരിവാർ ശക്തികൾക്കെതിരേ പോരാടാൻ കോൺഗ്രസ്സിന് ആർജ്ജവമില്ല, കോൺഗ്രസ്സ് എക്കാലത്തും വർഗ്ഗീയതയുമായി സമരസപ്പെട്ടു പോകുകയാണ്, കോൺഗ്രസ്സ് മതനിരപേക്ഷത കൈവിട്ടു, എന്ന് നാഴികക്ക് നാല്പത് വട്ടം ഉരിയാടുന്ന സിപിഎം പാർട്ടിയുടെ സർവ്വസമ്മതരായ നേതാക്കൾ, ജനപ്രതിനിധികൾ. എന്താണ് ഇവർ കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്? സംഘപരിവാറിനേക്കാൾ മത വിഷം ചീറ്റുന്ന സഖാക്കളെയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

മതജാതി പരിഗണനയില്ലാതെ ആരെയും സ്വീകരിക്കുന്ന മണ്ണാണ് കേരളമെന്നത് മനസ്സിലാക്കിക്കൊണ്ട് അതിതീവ്ര വർഗ്ഗീയത ജനങ്ങളിലേക്ക് നിരന്തരം കുത്തി വയ്ക്കുകയാണ് സിപിഎം. നവ കേരള മാതൃക എന്നത് പച്ചക്ക് വർഗ്ഗീയ സ്പർദ്ധ പടർത്തുന്ന ഒന്നായി മാറിയിരിക്കുന്നു. രാഷ്ട്രീയ സ്വത്വം നഷ്ടപെട്ട സിപിഎം, കേവലം തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് മാത്രമായി തങ്ങളുടെ പ്രത്യയശാസ്ത്രം വഴി തിരിച്ച് വിടുന്നത് ജനാധിപത്യ കേരളത്തിന് അപകടമാണ്. ബാറും, മിത്തും, ബാങ്കും യാദൃശ്ചികമായി സദുദ്ദേശ്യത്തോടെ ഉദ്ഭവിച്ചതല്ല. ബാറിൽ തെന്നി വീണപ്പോൾ, മിത്തിൽ പിടിവിട്ടപ്പോൾ, ബാങ്കിൽ കയറി പിടിച്ചത് കൃത്യമായ പ്ലാനിംഗോട് കൂടി തന്നെയാണ്.
കാലാകാലങ്ങളായി സിപിഎം ജനങ്ങളെ പറ്റിക്കുന്ന ചില കടുകട്ടി പദ പ്രയോഗങ്ങളുണ്ട്.

സാമ്രാജ്യത്വം
ആഗോളവത്കരണം
ഉദാരവത്കരണം
സാമ്പത്തിക നയം

കോൺഗ്രസ്സ് തുടങ്ങിവച്ചു, ബിജെപി തുടരുന്നു. ഇതാണല്ലോ സ്ഥിരം ആരോപണം. കുറ്റം പറയുന്നതല്ലാതെ ഒരു ബദൽ നയം കൊണ്ടുവരാൻ സിപിഎമ്മിന് നാളിത് വരെ സാധിച്ചിട്ടുണ്ടോ? പതിറ്റാണ്ടുകളോളം എതിരില്ലാതെ ഭരിച്ച ബംഗാൾ, ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും ഇത്തരത്തിൽ ഒരു ബദലിന് ശ്രമിച്ചോ? ഇല്ലെന്ന് മാത്രമല്ല, സാമ്രാജ്യത്വം/ആഗോളവത്കരണം/ഉദാരവത്കരണം എന്നിവയുടെ കുഴലൂത്തുകാരായി മാറുകയല്ലേ ചെയ്തത്? കേരളത്തിൽ ഉത്സവമേളം പോലെ കൊണ്ടാടിയ കിഫ്ബി ഇന്നെവിടെ? എന്താണ് കേരളത്തിന്റെ സാമ്പത്തിക അവസ്ഥ? മാർക്‌സും, ആദം സ്മിത്തും വിഭാവനം ചെയ്ത ''ക്ലാസിക്കൽ ധനശാസ്ത്രത്തിന്റെ'' രീതിയാണോ സ: തോമസ് ഐസക്കിന്റെ ''നിയോ ക്ലാസിക്കൽ'' കിഫ്ബി?

എവിടെ കേരളത്തിലെ വൻ വ്യവസായങ്ങൾ?
എവിടെ കേരളത്തിലെ ക്ഷേമ പെൻഷനുകൾ?
എവിടെ സ്ത്രീ സുരക്ഷ?

അഴിമതിയും, ഭരണ പരാജയവും മറച്ച് വയ്ക്കുന്നതിനായി ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിച്ച്, മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ തിരിക്കുന്നതിനായി ബോധപൂർവ്വം തിരക്കഥ രചിച്ച് തയ്യാറാക്കിയ ഈ മൂന്നാം കിട രാഷ്ട്രീയ നാടകം അവതരിപ്പിക്കാൻ കേരളത്തിൽ വേദി കൊടുക്കരുത്.

മാർക്‌സിസ്റ്റ് രീതിശാസ്ത്രമനുസരിച്ച്, അധികാര കേന്ദ്രങ്ങൾക്കും മത പൗരോഹിത്യത്തിനും മൂലധനാധിപത്യത്തിനും എതിരായ, സമത്വത്തിന് വേണ്ടിയുള്ള വിപ്ലവചിന്തകളെ ആധുനികതയിൽ പ്രതിഷ്ഠിക്കാൻ കഴിയണം എന്നാണ് മാർക്‌സ് പറയുന്നത്. യഥാർത്ഥ കമ്മ്യൂണിസ്റ്റ് മനസ്സിലാക്കേണ്ട സത്യം; ന്യൂനപക്ഷ വർഗ്ഗീയതയും ഭൂരിപക്ഷ വർഗീയതയും പരസ്പരപൂരകമാണ്. ഇതിൽ ഏതെങ്കിലും ഒന്നിനോട് യാതൊരു തരത്തിലുമുള്ള മൃദുസമീപനം സ്വീകരിക്കാനാകില്ല എന്ന വസ്തുതയാണ്. ഈ കാര്യം ഉൾക്കൊള്ളണമെങ്കിൽ സാർവത്രികമായ മാനവികബോധത്തിന്റെ ആവശ്യമൊന്നുമില്ല. ഉറച്ച നിലപാടാണ് വേണ്ടത്. തരാതരം പോലെ ഭൂരിപക്ഷ-ന്യൂനപക്ഷ പ്രീണനം നടത്തുന്ന കേരളത്തിലെ സിപിഎം പാർട്ടിയും, നേതാക്കളും എല്ലാക്കാലവും ജനങ്ങളെ വിഡ്ഢിയാക്കാം എന്ന് കരുതരുത്.

മാർക്‌സ് മതത്തെ വിശേഷിപ്പിക്കുന്നത്;
''ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണ് മതം'' എന്നാണ്
എന്നാൽ സിപിഎം ഇപ്പോൾ വിശേഷിപ്പിക്കുന്നത്;
''രക്ഷയില്ലാത്ത കേരളത്തിന്റെ പിടിവള്ളിയാണ് മതം''
എന്നതാണ്.
പ്രബുദ്ധരായ കേരളത്തിലെ ജനങ്ങളോട് കൊഞ്ഞനം കുത്തുന്ന ''മത മാർക്‌സിസ്റ്റുകളായ'' സിപിഎം നേതാക്കൾക്ക് നല്ല നമസ്‌കാരം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP