Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

സിപിഎമ്മിന് ഏറെ ഗുണം ചെയ്തിട്ടുള്ള ചാനലാണ് ഏഷ്യാനെറ്റ്; തുടക്കത്തിൽ ചാനലിന് പ്രകടമായും ഇടതുപക്ഷ സ്വഭാവമുണ്ടായിരുന്നു; സ്ഥാപകൻ ശശികുമാർ പുറത്തായപ്പോഴാണ് പിണറായി വിജയൻ പാർട്ടി ചാനൽ ഉണ്ടാക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്; ഈ ഘട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിൽ നിന്നുള്ള പിൻവാങ്ങലിനെ സമ്മർദം ചെലുത്താനുള്ള തന്ത്രമായേ കാണാനാകൂ; ചാനൽ ചർച്ചകൾ കൊണ്ട് എന്തു പ്രയോജനം? മുതിർന്ന മാധ്യമ പ്രവർത്തകൻ ബി ആർ പി ഭാസ്‌കർ നിലപാട് വിശദീകരിക്കുമ്പോൾ

സിപിഎമ്മിന് ഏറെ ഗുണം ചെയ്തിട്ടുള്ള ചാനലാണ് ഏഷ്യാനെറ്റ്; തുടക്കത്തിൽ ചാനലിന് പ്രകടമായും ഇടതുപക്ഷ സ്വഭാവമുണ്ടായിരുന്നു; സ്ഥാപകൻ ശശികുമാർ പുറത്തായപ്പോഴാണ് പിണറായി വിജയൻ പാർട്ടി ചാനൽ ഉണ്ടാക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്; ഈ ഘട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിൽ നിന്നുള്ള പിൻവാങ്ങലിനെ സമ്മർദം ചെലുത്താനുള്ള തന്ത്രമായേ കാണാനാകൂ; ചാനൽ ചർച്ചകൾ കൊണ്ട് എന്തു പ്രയോജനം? മുതിർന്ന മാധ്യമ പ്രവർത്തകൻ ബി ആർ പി ഭാസ്‌കർ നിലപാട് വിശദീകരിക്കുമ്പോൾ

ബി ആർ പി ഭാസ്‌കർ

ലയാള ടെലിവിഷൻ ചാനലുകളുടെ ചർച്ചാവേദികൾ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചിട്ടുള്ള രാഷ്ട്രീയകക്ഷി സിപിഎമ്മാണ്. അവയുടെ സാധ്യതകളും അവയിലടങ്ങിയ അപകടങ്ങളും തിരിച്ചറിഞ്ഞ് വളരെ നേരത്തേതന്നെ അവർ ചർച്ചകളിൽ പങ്കെടുക്കാൻ ഔപചാരികമായി വക്താക്കളെ നിയോഗിച്ചിരുന്നു.

ചില പാർട്ടി പ്രതിനിധികളുടെ പ്രകടനം കാണുമ്പോൾ ഐക്യരാഷ്ട്ര സഭയിലെ കശ്മീർ ചർച്ചയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ സർദാർ സ്വരൺ സിങ്ങിനെ നിയോഗിച്ചതിന് പ്രധാനമന്ത്രി ലാൽബഹാദുർ ശാസ്ത്രി നൽകിയ വിശദീകരണം ഓർമ വരുമായിരുന്നു. വി.കെ. കൃഷ്ണമേനോൻ എട്ടു മണിക്കൂർ പ്രസംഗിച്ച് ചരിത്രം സൃഷ്ടിച്ചിടത്ത് സ്വരൺ സിങ് എന്തുചെയ്യാനാണ് എന്നുചോദിച്ച സഹപ്രവർത്തകനോട് ശാസ്ത്രി പറഞ്ഞത്രേ: ''കൃഷ്ണമേനോൻ ആളുകളെ വസ്തുതകൾ പഠിപ്പിക്കാൻ ശ്രമിച്ചു. ഞാൻ സ്വരൺ സിങ്ങിനെ അയക്കുന്നത് അവരെ പഠിപ്പിക്കാനല്ല, അവരിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ്.''

Stories you may Like

സിപിഎമ്മിന് ഏറെ ഗുണം ചെയ്തിട്ടുള്ള ചാനലാണ് ഏഷ്യാനെറ്റ്. തുടക്കത്തിൽതന്നെ ചാനലിന് പ്രകടമായും ഇടതുപക്ഷ സ്വഭാവമുണ്ടായിരുന്നു. അതിന് ആ സ്വഭാവം നൽകുന്നതിൽ നിർണായക പങ്കുണ്ടായിരുന്ന സ്ഥാപകൻ ശശികുമാർ പുറത്തായപ്പോഴാണ് പിണറായി വിജയൻ പാർട്ടി ചാനൽ ഉണ്ടാക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. സിപിഎമ്മിന്, ഒരുപക്ഷേ, സ്വന്തം ചാനലിനേക്കാൾ ഗുണം ഏഷ്യാനെറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ചർച്ചകളിൽനിന്ന് പിൻവാങ്ങാനുള്ള പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം എന്നെ അത്ഭുതപ്പെടുത്തുന്നു.

സ്വർണക്കടത്ത് സംബന്ധിച്ച അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പേര് ഉയർന്നുവരുകയും അദ്ദേഹത്തിന്റെ സെക്രട്ടറി ചോദ്യം ചെയ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് പാർട്ടി കടുത്ത പ്രതിരോധത്തിലായ സാഹചര്യത്തിലാണ് ഈ തീരുമാനമെടുത്തിട്ടുള്ളത്. സർക്കാർ ആ ഉദ്യോഗസ്ഥനെ നീക്കുകയും പിന്നീട് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. പക്ഷേ, അദ്ദേഹത്തിന്റെ നിയമനത്തിൽ ജാഗ്രതക്കുറവുണ്ടായോ തുടങ്ങിയ പല ചോദ്യങ്ങളും ഇപ്പോഴും പ്രസക്തമാണ്. ഈ ഘട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിൽനിന്നുള്ള പിൻവാങ്ങൽ ചാനലിനുമേൽ, പ്രത്യേകിച്ച് ചർച്ചകൾ നിയന്ത്രിക്കുന്ന ആങ്കർമാരുടെ മേൽ, സമ്മർദം ചെലുത്താനുള്ള തന്ത്രമായേ കാണാനാകൂ.

വിമർശനങ്ങൾക്ക് ഇനി സമൂഹമാധ്യമങ്ങളിലൂടെ മറുപടി പറയാനാണ് പാർട്ടി ഉദ്ദേശിക്കുന്നതെന്നു കേൾക്കുന്നു. ഇപ്പോൾ അവിടെ പാർട്ടിയെ പ്രതിരോധിക്കുന്ന ചുമതല ഏറ്റെടുത്ത് നടത്തുന്നവരിൽ പലരുടെയും പ്രധാന യോഗ്യത അശ്ലീലസാഹിത്യത്തിലെ പ്രാവീണ്യമാണ്. മുന്നിൽനിന്ന് നയിക്കുന്ന നേതാവിനെ പിന്നിട്ടു കഴിഞ്ഞിട്ടുള്ളവരാണവർ. പരനാറി, കുലംകുത്തി തുടങ്ങിയ പ്രാചീന ക്ലാസിക് പദങ്ങൾ ഉപേക്ഷിച്ച് നിഘണ്ടുവിൽ എത്തിയിട്ടില്ലാത്ത പദങ്ങൾ ഉപയോഗിച്ച് അവർ പാർട്ടിയെയും നേതാവിനെയും പ്രതിരോധിക്കുന്നു.

ടി.വി ചർച്ചകളിൽ കഴിവ് തെളിയിച്ചവർ അവരിൽനിന്ന് പ്രതിരോധ ചുമതല ഏറ്റെടുക്കുന്നത് നവമാധ്യമ മേഖലയിലെ മാലിന്യത്തിന്റെ തോത് ഗണ്യമായി കുറക്കുമെന്നതുകൊണ്ട് അവിടെ ചെറിയ തോതിൽ വ്യാപരിക്കുന്ന ഈ ലേഖകൻ അതിനെ സ്വാഗതാർഹമായി കാണുന്നു. എന്നാൽ, ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽനിന്നുള്ള പിൻവാങ്ങൽ ഉണ്ടാക്കുന്ന നഷ്ടം അതുകൊണ്ട് പരിഹരിക്കാനാകില്ല.

ബഹിഷ്‌കരണം ഏഷ്യാനെറ്റ് ന്യൂസിന് പുതിയ അനുഭവമല്ല. ഇപ്പോൾ ചാനലിന്റെ ഉടമ ഒരു ബിജെപി രാജ്യസഭാംഗമാണ്. അദ്ദേഹത്തിന്റെ പാർട്ടിയും കുറേക്കാലം ചാനൽ ചർച്ചകളിൽനിന്ന് വിട്ടുനിന്നിരുന്നു. ഇപ്പോൾ ചെയ്തതുപോലെ പത്രപ്രസ്താവനയിലൂടെ വിളംബരം ചെയ്യാതെ സിപിഎംതന്നെ ചെറിയ കാലയളവിലേക്ക് ചാനലിൽ നിന്ന് വിട്ടുനിന്നിട്ടുണ്ട്. ഈ ചരിത്രപശ്ചാത്തലത്തിൽ പാർട്ടി നേതൃത്വം വൈകാതെ വിഷയം പുനഃപരിശോധിക്കുകയും ചാനലിൽ തിരിച്ചെത്തുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

അതിനിടെ, ഭരണകക്ഷി ഗുരുതരമായ പക്ഷപാതിത്വം ആരോപിച്ച സ്ഥിതിക്ക്, അത് എത്രമാത്രം ശരിയാണെന്ന് പരിശോധിക്കേണ്ടതുണ്ട്. പാർട്ടി പ്രതിനിധികൾക്ക് വിമർശനങ്ങൾക്ക് മറുപടി പറയാൻ വേണ്ടത്ര സമയം നൽകുന്നില്ലെന്നും അവർ സംസാരിക്കുമ്പോൾ ആങ്കർ ഇടപെട്ട് തടയുന്നെന്നുമാണ് പാർട്ടിയുടെ ആക്ഷേപം. സ്‌കൂൾ ഡിബേറ്റുകളിലെ പോലെ എല്ലാവർക്കും തുല്യസമയം നൽകാനാകില്ലെന്നാണ് ഇതിനു മറുപടിയായി ചാനലിന്റെ വാർത്ത വിഭാഗം മേധാവി എം.ജി. രാധാകൃഷ്ണൻ പറയുന്നത്.

യഥാർഥത്തിൽ സിപിഎം ആവശ്യപ്പെടുന്നത് തുല്യസമയമല്ല, കൂടുതൽ സമയമാണ്. പാനലിലുള്ള മറ്റുള്ളവരെല്ലാം പാർട്ടിയെ ആക്രമിക്കുന്നവരാകുമ്പോൾ ഓരോരുത്തർക്കും മറുപടി പറയേണ്ടതുണ്ടെന്നും അതുകൊണ്ട് കൂടുതൽ സമയം നൽകണമെന്നുമാണ് സിപിഎം പറയുന്നത്. അതു ന്യായമായ ആവശ്യമാണ്. ആങ്കർ ചെയ്തത് ശരിയാണോ എന്ന് തീരുമാനിക്കേണ്ടത് സമയം അളന്നുതിട്ടപ്പെടുത്തിയല്ല. ഒരു ചർച്ചയിൽ ആങ്കർ എടുത്ത സമീപനം നീതിപൂർവകമായിരുന്നോ എന്ന് തീരുമാനിക്കേണ്ടത് പ്രഫഷനൽ വിലയിരുത്തലിലൂടെയാണ്.

രാത്രിചർച്ചകളിൽനിന്ന് പുതിയ അറിവോ വീക്ഷണമോ ലഭിക്കാനില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് അവ കാണുന്നത് മതിയാക്കിയതുകൊണ്ട് സിപിഎമ്മിനെ പ്രകോപിപ്പിച്ച ചർച്ചയിലെ ആങ്കറുടെ പെരുമാറ്റത്തെക്കുറിച്ച് എനിക്ക് ഒന്നും പറയാനാകില്ല. ഈ വിഷയം തങ്ങൾ പരിശോധിച്ചെന്നും ചർച്ച കൈകാര്യം ചെയ്തതിൽ അപാകതയുണ്ടായില്ലെന്നുമുള്ള രാധാകൃഷ്ണന്റെ പ്രസ്താവം ഞാൻ സ്വീകരിക്കുന്നു. കാരണം രാധാകൃഷ്ണനും ആങ്കർ വിനു വി. ജോണും പ്രഫഷനലുകളെന്ന നിലയിൽ ഞാൻ ബഹുമാനിക്കുന്നവരാണ്.

ഈ വിവാദം ചാനൽചർച്ചകളുടെ സാംഗത്യത്തെക്കുറിച്ച് ആലോചിക്കാൻകൂടി എല്ലാവരെയും പ്രേരിപ്പിച്ചെങ്കിലെന്ന് ആശിച്ചുപോകുന്നു. ലോകത്തെ വളരെയധികം വിഭവശേഷിയുള്ള ഒരു ചാനലും ഒരു മണിക്കൂർ ചർച്ച നടത്തുന്നില്ല. ഇന്ത്യയിലെ ചാനലുകൾക്ക് നീണ്ട ചർച്ചകൾ പ്രിയങ്കരമാകുന്നത് വിഭവശേഷിക്കുറവുമൂലമാണ്. കാശ് ചെലവാക്കാതെ നടത്താവുന്ന പരിപാടിയാണത്. അമേരിക്കൻ ചാനലുകൾ വാർതതാ ചർച്ചകൾക്ക് നീക്കിവെക്കുന്നത് ഏറിയാൽ അരമണിക്കൂറാണ്. ഒരു മണിക്കൂറോ അതിലധികമോ ഉള്ള വിദേശ ചാനൽ പരിപാടികൾ വിജ്ഞാനപ്രദമായവയാണ്, വെറും വായിട്ടലക്കലല്ല.

ടെലിവിഷൻ ചർച്ചകളിലൂടെ ഏതെങ്കിലും പ്രശ്‌നത്തിനു പരിഹാരം കണ്ടെത്തിയതായി എനിക്കറിവില്ല. എല്ലാ വിഷയങ്ങളെയും എൽ.ഡി.എഫ്-യു.ഡി.എഫ്-ബിജെപി ചട്ടക്കൂടിൽ തള്ളിക്കയറ്റി രാഷ്ട്രീയ പ്രശ്‌നമാക്കുകവഴി സുഗമമായി പരിഹരിക്കാവുന്നവ പോലും സങ്കീർണമാക്കുകയാണ് ചെയ്യുന്നത്. കേരളത്തിൽ ഒരു മണിക്കൂർ ചർച്ച അവതരിപ്പിച്ച ചാനൽ ഇന്നില്ല. ചർച്ച ജനപ്രിയ പരിപാടിയായിട്ടും അതിനു പിടിച്ചുനിൽക്കാനായില്ല. പക്ഷേ, അതിന്റെ വിജയം മറ്റുള്ളവരെ അത് ഏറ്റെടുക്കാൻ പ്രേരിപ്പിച്ചു. ഇപ്പോൾ അതാണ് അവരെ നിലനിർത്തുന്നതെന്ന് അവർ വിശ്വസിക്കുന്നു.

വിഡ്ഢിപ്പെട്ടിക്കു മുന്നിൽ ഒന്നോ രണ്ടോ മണിക്കൂർ ഇരിക്കുന്നത് മലയാളി പ്രേക്ഷകർ ശീലമാക്കുകയും രാഷ്ട്രീയ നേതാക്കളുടെ വാക്‌പോര് അവരുടെ ഇഷ്ടവിഭവമാവുകയും ചെയ്ത സ്ഥിതിക്ക് അതിൽനിന്ന് ആർക്കും ഒറ്റക്ക് പിൻവാങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്. പക്ഷേ, ചട്ടക്കൂട് പരിഷ്‌കരിച്ച് ചർച്ചകൾ കൂടുതൽ പ്രയോജനപ്രദമാക്കുന്നതിനെ കുറിച്ചെങ്കിലും അവർ ചിന്തിക്കണം. (മാധ്യമം, ജൂലൈ 24, 2020).

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP