Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202228Tuesday

ലോകത്തിലെ ഏറ്റവും വലിയ പ്രത്യക സാമ്പത്തിക മേഖല ഷാങ്ഹായിൽ; മിക്ക ബഹുരാഷ്ട്ര കമ്പനികളുടെയും ആസ്ഥാനം ഹോംഗ് കോങ്ങിൽ; ലോകത്തിലെ ചൂതാട്ട തലസ്ഥാനമായി മക്കാവുവും; ലോകത്തെ ഏറ്റവും കൂടുതൽ സമ്പന്നരെ കാണണമെങ്കിലും കമ്മ്യൂണിസ്റ്റ് ചൈനയിലേക്ക് നോക്കിയാൽ മതി!

ലോകത്തിലെ ഏറ്റവും വലിയ പ്രത്യക സാമ്പത്തിക മേഖല ഷാങ്ഹായിൽ; മിക്ക ബഹുരാഷ്ട്ര കമ്പനികളുടെയും ആസ്ഥാനം ഹോംഗ് കോങ്ങിൽ; ലോകത്തിലെ ചൂതാട്ട തലസ്ഥാനമായി മക്കാവുവും; ലോകത്തെ ഏറ്റവും കൂടുതൽ സമ്പന്നരെ കാണണമെങ്കിലും കമ്മ്യൂണിസ്റ്റ് ചൈനയിലേക്ക് നോക്കിയാൽ മതി!

സന്തോഷ് മാത്യു

ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ഏത് ? ഉത്തരം: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിപിസി).ലോകത്തിലെ ഏറ്റവും ജനസംഖ്യ ഉള്ള രാജ്യത്തെ ഔദോഗിക കക്ഷി വലിയ രാഷ്ട്രീയ പാർട്ടി ആകുന്നതിൽ വലിയ അത്ഭുതമൊന്നുമില്ല. മറ്റു കക്ഷികളുമുണ്ട് അവിടെ-അതെല്ലാം സിപിസി നിയന്ത്രണത്തിലാണെന്ന് മാത്രം. എന്നാൽ ഇപ്പോൾ സിപിസി വാർത്തകളിൽ നിറയുന്നത് അതിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ടാണ്. 1921 ജൂലൈ ഒന്നിന് അതീവരഹസ്യമായി ഷാങ്ഹായിൽ ചേർന്ന 12 കമ്യൂണിസ്റ്റുകാരുടെ യോഗമാണ് സിപിസി രൂപീകരിച്ചത്. 57 പേർ മാത്രമായിരുന്നു ആദ്യവർഷം അംഗങ്ങൾ. 1927 ആയപ്പോഴേക്ക് 57967 ആയി അംഗസംഖ്യ ഉയർന്നെങ്കിലും അടുത്തവർഷം അത് പതിനായിരമായി ചുരുങ്ങി. പതിനായിരക്കണക്കിന് കമ്യൂണിസ്റ്റുകാരെയും അനുഭാവികളെയും അന്ന് രാജ്യം ഭരിച്ച കുമിന്താങ്ങുകൾ കൊന്നൊടുക്കി. ജനകീയ ചൈന റിപബ്ലിക്കിന്റെ ഉദയം കുറിക്കുമ്പോൾ പാർട്ടി അംഗങ്ങളുടെ എണ്ണം 45 ലക്ഷമായി ഉയർന്നിരുന്നു. ഇപ്പോൾ 9.2 കോടി അംഗങ്ങൾ ഉണ്ട്.

സിപിസി ജനറൽ സെക്രട്ടറി ആണ് രാജ്യത്തിന്റെ പ്രെസിഡന്റും. പോളിറ് ബ്യൂറോ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളാണ് യഥാർത്ഥ ക്യാബിനറ്റ്. സിപിസി നിയന്ത്രണത്തിലുള്ള സെൻട്രൽ മിലിറ്ററി കമ്മീഷൻ ആണ് സേനയെ നിയന്ത്രിക്കുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യ ഉള്ള രാജ്യത്ത് വാർത്ത ചാനലുകളുടെ ബഹളമില്ല. ഒരേയൊരു വാർത്ത ചാനൽ മാത്രം:cctv . നിയന്ത്രിക്കുന്നത് സിപിസി. ഒരേയൊരു വാർത്ത ഏജൻസി മാത്രം: XINHUA നിയന്ത്രണം മറ്റാരുമല്ല.ഒരേയൊരു പത്രം നാഷണൽ പീപ്പിൾസ് ഡെയിലി.അതും സിപിസി ചട്ടക്കൂടിൽ തന്നെയാണ്.

1921 ജൂലൈ ഒന്നിന് ഷാങ്ഹായിൽ വച്ച് ചെൻ ദുസ്സ്(ചൈനീസ് ലെനിൻ എന്നും അറിയപ്പെടുന്നു ), ലി ഡച്ചയോ എന്നിവർ ചേർന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിക്കുന്നത്. റെഡ് ആർമിയുടെ നേതൃത്വം 1927 യോടെ മാവോയും ചൗ എൻലായും ഏറ്റെടുത്തതോടെ കൂമിന്റാങ് ഭരണത്തിന്റെ മരണ മണി അടിച്ചു തുടങ്ങിയിരുന്നു. മാവോ പാർട്ടി ചെയർമാനായി 1945ഇൽ ചുമതലയേറ്റു. 1949ഒക്ടോബർ ഒന്നിന് കമ്മ്യൂണിസ്റ്റ് ചൈന യാഥാർത്യമായത് മുതൽ 1976 വരെ ചൈനയുടെ പരമോന്നത നേതാവായി മാവോ വിരാചിച്ചു. മാവോയിസം പേറുന്ന റെഡ് ബുക്ക് കമ്മ്യൂണിസ്റ്റ് ചൈനയുടെ ബൈബിളിമായി മാറി. ബഹുജന ലൈൻ(മാസ്സ് ലൈൻ കമ്മ്യൂണിക്കേഷൻ) മാവോ വിജയകരമായി പ്രയോഗിച്ചതിലൂടെ മാർക്‌സിസ്റ്റ് പദാവലികൾ സാമാന്യ ജനത്തിന് മനസിലാക്കാൻ സാധിച്ചു. താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ ജനാധിപത്യപരമായ പങ്കാളിത്തം, വിപ്ലവഭരണകൂട സങ്കല്പങ്ങളുമായി ഒത്തിണക്കി മാർക്‌സിസ്റ്റ് ആശയങ്ങളെ വികസിപ്പിക്കുക എന്നതാണ്. വിപ്ലവവിജയത്തിൽ മാവോയുടെ നിർണായകമായ ഈ ആശയ സംവാദത്തിന് വലിയ പങ്കുള്ളതായി പിൽക്കാലത്ത് പൊതുവെ വിലയിരുത്തിയിട്ടുണ്ട്.

മാവോക്കും, ഡെങ്ങിനും, ജിയാങ് സെമിനും,ഹു ജിന്റാവോക്കും ശേഷം ഷി ജി പിങിൽ എത്തി നില്കുന്നു അഞ്ചാം തലമുറ സിപിസി. മാവോ ലോങ്ങ് മാർച്ചിലൂടെ നേടിയെടുത്ത സിപിസി യുടെ ജനകീയത ഇപ്പോളും തുടരുന്നു എന്നത് എടുത്തു പറയേണ്ടതാണ്. ഏതാണ്ട് ഇതേ പഴക്കമുള്ള സോവിയറ്റ് പാർട്ടി മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപേ തകർന്നു. എന്നാൽ മാവോക്ക് ശേഷം വന്ന ഡെങ്ങിന്റെ തുറന്ന വാതിൽ നയവും മറ്റും ചൈനയെ ലോക കരുത്തരിൽ ഒന്നാക്കി മാറ്റി. അഞ്ചാം തലമുറയിൽ എത്തി നിൽകുമ്പോൾ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ചൈന ഉയർന്നിരിക്കുകയാണ്.ഗാങ് ഓഫ് ഫോർ എന്ന പേരിൽ അറിയപ്പെട്ട മാവോയുടെ നാലാം ഭാര്യ ജിയാങ് ക്വിങ് നേതൃത്വം നൽകിയ ഉപചാപക സംഘത്തിന്റെ പിടിയിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയെ മോചിപ്പിച്ചതും ഡെങാണ്.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിപിസി) സ്ഥാപിച്ചതിന്റെ നൂറാം വാർഷികാഘോഷത്തിനായി ചൈനയിൽ വിപുലമായ ഒരുക്കങ്ങൾ നടക്കുകയാണ്. ഇതിന്റെ ഭാഗമായി ബീജിങ്ങിലെ പ്രധാന ആകർഷണകേന്ദ്രമായ ടിയാനന്മെൻ സ്‌ക്വയർ അടച്ചു. ജൂലൈ രണ്ടുവരെ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. വിപ്ലവ നായകൻ മാവോയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്‌ക്വയറിലെ തുറന്ന മൈതാനിയിൽ കസേരകൾ നിരത്തലടക്കം തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. ആഭ്യന്തര യുദ്ധവും വിപ്ലവത്തിന്റെ തുടക്കം മുതലുള്ള ദുഷ്പ്രചാരണങ്ങളും അതിജീവിച്ച് ലോകത്തെ വൻശക്തിയായി വളർന്ന രാജ്യത്തിന്റെ ചരിത്രത്തിലെ പ്രധാന നിമിഷങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. ജൂലൈ ഒന്നിന്റെ ആഘോഷത്തിനായി വിലക്കപ്പെട്ട നഗരം ഉൾപ്പെടെ പ്രധാനകേന്ദ്രങ്ങളെല്ലാം അടച്ചിട്ടുണ്ട്. സൈനികാഭ്യാസം ഉൾപ്പെടെ ഉണ്ടാവുമെന്ന് ഉറപ്പാണ് . വിവിധ പരിപാടികൾക്ക് തുടക്കമായി.

ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് മാധ്യമപ്രവർത്തകർ എത്തുന്നതിനാൽ മീഡിയ സെന്റർ തുറന്ന് കഴിഞ്ഞു. വെബ്സൈറ്റും വി ചാറ്റ് അക്കൗണ്ടും ഇതിനായി പ്രത്യകം തുടങ്ങി കഴിഞ്ഞു. മികച്ച പാർട്ടി പ്രവർത്തകർക്കായി ആദ്യമായി സിപിസി കേന്ദ്ര കമ്മിറ്റി ഏർപ്പെടുത്തിയ മെഡലും ആഘോഷവേദിയിൽ വിതരണം ചെയ്യും. 1912ലെ ക്വിങ് രാജവംശത്തിന്റെ പതനത്തിനുശേഷം 1921ലാണ് അതീവരഹസ്യമായി പാർട്ടി രൂപീകരിച്ചത്. ഷാൻഹായിലെ പെൺകുട്ടികളുടെ വിദ്യാലയത്തിലായിരുന്നു ആദ്യ യോഗം.

മവോയുടെ ഭരണ പരിഷ്‌കാരങ്ങളായ ഗ്രേറ്റ് ലീപ് ഫോർവേഡും സാംസ്‌കാരിക വിപ്ലവവും ചൈനയെ വല്ലാതെ പിന്നോട്ടടിച്ചു. 1958 മുതൽ 1962 വരെ ദാ മാക്വേ യുംദോങ് (കുരുവികളെ കൊല്ലൂ)എന്ന പേരിൽ പാർട്ടിയുടെ നേതൃത്വത്തിൽ ജനകീയ കാമ്പയിൻ നടന്നിരുന്നു. ചൈനയിലെ ഭക്ഷ്യക്ഷാമത്തിന് കാരണം പാടങ്ങളിൽ വന്നിരിക്കുന്ന കുരുവികളാണെന്ന് പോളിറ്റ് ബ്യൂറോ കണ്ടെത്തിയതിനെ തുടർന്ന് കുരുവികളെ കൊന്നൊടുക്കാൻ സ്‌കൂൾ കുട്ടികൾ മുതൽ മുഴുവൻ പൗരന്മാരെയും ചുമതലപ്പെടുത്തിയ പദ്ധതിയായിരുന്നു അത്. എന്നാൽ,കുരുവികൾ കൂട്ടത്തോടെ കൊല്ലപ്പെട്ടതോടെ കൃഷിനിലങ്ങളിലാകമാനം കീടങ്ങൾ പെരുകുകയും കാർഷികോൽപാദനം വൻതോതിൽ കുറയുകയും അത് 'മഹത്തായ ചൈനീസ് ക്ഷാമം' എന്ന ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തത്തിന് നിമിത്തമായതുമാണ് നാം കണ്ടത്.

ദശലക്ഷങ്ങളാണ് ആ പട്ടിണിക്കാലത്ത് ചൈനയിൽ മരിച്ചുവീണത്. മില്യൺ കണക്കിന് മനുഷ്യരെ നേരിട്ട് മരണത്തിന് എറിഞ്ഞു കൊടുത്ത രണ്ടു പാർട്ടി പരിപാടികൾക്കുശേഷം 1980ൽ ചൈനീസ് പാർട്ടി നടപ്പാക്കിയ പദ്ധതിയാണ് ഒറ്റക്കുഞ്ഞ് നയം. ഒന്നിലേറെ കുഞ്ഞുങ്ങളുണ്ടാവുന്നവർക്കുള്ള ആനുകൂല്യങ്ങൾ എടുത്തുകളയൽ, കൂട്ട വന്ധ്യംകരണം, നിർബന്ധിത ഗർഭഛിദ്രം തുടങ്ങിയ പരിപാടികൾ രാജ്യമാകെ നടന്നു. 2016ൽ ഒറ്റക്കുട്ടി നയം തിരുത്തി രണ്ടു കുട്ടികളെ പ്രസവിക്കാനുള്ള അവകാശം ചൈനീസ് പാർട്ടിയും ഭരണകൂടവും സ്ത്രീകൾക്ക് അനുവദിച്ചുനൽകുന്നത്.അനിഷേധ്യ നേതാവ് മാവോ സേ തുങ്ങിന്റെ നേതൃത്വത്തിൽ ബൂർഷ്വാസികളെയും പ്രതിവിപ്ലവകാരികളെയും ഇല്ലാതാക്കി ചൈനീസ സമൂഹത്തെ ശുദ്ധീകരിക്കാൻ 1966 മുതൽ 1976 വരെ നടപ്പാക്കിയ 'സാംസ്‌കാരിക വിപ്ലവ'ത്തിൽ ദശലക്ഷക്കണക്കിന് മനുഷ്യർക്കാണ് ജീവൻ നഷ്ടമായത്.

ടിയാന്മെൻ ചത്വര കൂട്ടക്കൊലയും ഉയിഗുർ മുസ്ലിംകളോടുള്ള മനുഷ്യവകാശ ലംഘനങ്ങളും ടിബറ്റൻ വംശജരെ കുടിയിറക്കിയതും ഇതേ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വികല നയങ്ങളാണ്. ചൈനയിലെ വുഹാനിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ തന്നെ ദുരൂഹതകളും ഉയരുന്നുണ്ട്. അമേരിക്കയുൾപ്പെടെയുള്ള ലോകരാജ്യങ്ങൾ സംശയത്തിന്റെ മുൾമുനയിൽ നിറുത്തുമ്പോഴും ചൈന വാക്സിൻ വിറ്റഴിച് ലാഭമുണ്ടാകാനുള്ള തത്രപ്പാടിലാണ്. 2019 ൽ ഹോങ്കോംഗിൽ നടന്ന ജനകീയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിനെ തുടർന്ന് നിരവധിയാളുകളാണ് വിചാരണ നേരിടുന്നത്.

26 വർഷം പാരമ്പര്യമുള്ള രാജ്യത്തെ ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട ആപ്പിൾ ഡെയ്ലി എന്ന പത്രം പൂട്ടുകയാണ്. 2019 ൽ ഹോങ്കോംഗിൽ നടന്ന ജനകീയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിനെ തുടർന്ന് ആപ്പിൾ ഡെയ്ലിയുടെ ഉടമയായ ജിമ്മി ലായെ ജയിലിലടച്ചിരിക്കുകയാണ്. ആപ്പിൾ ഡെയ്ലി ഹോങ്കോംഗിലെ ഏറ്റവും ജനപ്രീയമായ പത്രങ്ങളുലൊന്നാണ്. ബ്രിട്ടനിൽനിന്നു 1997 ജൂലൈ ഒന്നിനു ഹോങ്കോങ് തിരിച്ചുകിട്ടുമ്പോൾ നൽകിയിരുന്ന ഉറപ്പുകൾ ചൈന നിരന്തരം നിരാകരിക്കുകയാണ്. നിലവിലുള്ള ജനാധിപത്യ രീതികൾ 50 വർഷത്തേക്കു (2047 വരെ)മാറ്റമില്ലാതെ തുടരുമെന്നാണ് ചൈന ഉറപ്പ് നൽകിയിരുന്നത്. ഹോങ്കോങ്ങിന്റെ കൈമാറ്റം സംബന്ധിച്ച് ചൈനയും ബ്രിട്ടനും 1984ൽ ഒപ്പുവച്ച സംയുക്ത പ്രഖ്യാപനത്തിലും അതിന്റെ അടിസ്ഥാനത്തിൽ നിലവിൽവന്ന അടിസ്ഥാന നിയമം (ബേസിക് ലോ) എന്നറിയപ്പെടുന്ന ഭരണഘടനാ രേഖയിലും അതു വ്യക്തമാക്കിയിരുന്നു.

അമേരിക്കൻ പ്രസിഡന്റ് നിക്‌സണും മാവോയും സൗഹ്രദം സ്ഥാപിച്ചതിന് പുറമെ യു ൻ അംഗതവും സുരക്ഷാ സമിതിയിലെ സ്ഥിര അംഗ പദവിയും വിപ്ലവ ചൈനയെ തേടി 1971 യിൽ എത്തി. ഉപഭോഗ ശക്തിയുടെ അടിസ്ഥാനത്തിൽ ജിഡിപി അളക്കുമ്പോൾ അമേരിക്ക ഇന്ന് ലോകത്തിൽ രണ്ടാമത്തെ സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. ഒന്നാം സ്ഥാനത്ത് ചൈന ആണെന്ന സത്യം അംഗീരിക്കാൻ നമുക്കെല്ലാം ബുദ്ധിമുട്ടുണ്ട്. മൂന്നാം സ്ഥാനത്ത് ഇന്ത്യയും ഇപ്പോൾ എത്തിയിരിക്കുന്നു. 2030 ആകുമ്പോഴേക്കും ചൈനയുടെ ജിഡിപി 42 ട്രില്യൻ ഡോളർ ആയി വളരാൻ സാധ്യതയുണ്ട് (42,000,000,000,000). എന്നാൽ അമേരിക്കയുടെ ജിഡിപി 24 ട്രില്യനിൽ ഒതുങ്ങാനാണ് സാധ്യത. അങ്ങനെ ഒരു പ്രതിയോഗിയെ വളരാൻ അമേരിക്ക സമ്മതിക്കുമോ എന്ന ചോദ്യത്തിന് ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഗ്രഹാം ആലിസൺ നൽകിയ ഓമനപ്പേരാണ് 'തുസിഡൈഡിസ് ട്രാപ്' എന്ന യുദ്ധക്കെണി. യുദ്ധം അനിവാര്യമല്ലെങ്കിലും കോവിഡ് എത്തിയതിനു ശേഷം അമേരിക്കയും ചൈനയും ഒരു പക്ഷെ ഇന്ത്യയും കെണിയിൽ പെടുമോ എന്ന ചോദ്യം ഉയർന്നു വരുന്നുണ്ട്. ഇന്ത്യയെ മുന്നിൽ നിർത്തി അതിർത്തിയിൽ സംഘര്ഷങ്ങള് കത്തിച്ചു ചൈനീസ് കുതിപ്പിനെ തടയാൻ അമേരിക്ക ഒരുക്കുന്ന കെണികളാണിതെന്നൊക്കെയുള്ള വാദങ്ങളും ഉയരുന്നുണ്ട്. ഒരുയുദ്ധം താങ്ങാൻ ഇപ്പൊ ഇന്ത്യക്കും ചൈനക്കും കഴിയില്ല.അതും മഹാമാരിമൂലം ആയിരങ്ങൾ മരിച്ചു വീഴുന്ന സമയത്.രണ്ട് രാജ്യങ്ങളും ഒരുമേശക്ക് ചുറ്റുമിരുന്ന് ചർച്ച ചെയ്തു പ്രശ്‌നം പരിഹരിക്കുക എന്നത് മാത്രമേ നമ്മുടെ മുന്നി ലുള്ള ഏകമാർഗം.

ചൈനയും,ഇന്ത്യയും ബുദ്ധിപൂർവം ഒത്തുതീർപ്പുകളിൽ എത്തിയില്ലെങ്കിൽ നാമറിയാതെ തന്നെ അമേരിക്ക ഒരുക്കുന്ന തുസ്സിഡിഡീസ് കെണിയിൽ വീണുപോകാനുള്ള സാധ്യതകൾ ഏറിയിരിക്കുകയാണ്.ചൈനയുമായി യുദ്ധത്തിൽ നേരിട്ട് ഏറ്റുമുട്ടാതെ ഇന്ത്യയുമായി മുട്ടിക്കുക എന്നതാണ് അവരുടെ തുസ്സിഡിഡീസ് കെണി. തുസ്സിഡിഡീസ് ട്രാപ് എന്നൊരു സിദ്ധാന്തം ചൈന കൊറോണ വൈറസ് തുറന്ന് വിട്ടതിലൂടെ പ്രായോഗിക വത്കരിക്കുകയാണെന്നുള്ള നിഗമനങ്ങളുമുണ്ട്. Thucydides ട്രാപ് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വൻശക്തി,മറ്റൊരു ശക്തിയെ അസ്ഥിരപ്പെടുത്താൻ നടത്തുന്ന ഇടപെടലുകളാണ്. Tacitus ട്രാപ് എന്നൊരു ചൈനീസ് സിദ്ധാന്തവും കൊറോണയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട് .റോമൻ ചരിത്രകാരനും ഇതിഹാസ കർത്താവുമായ ടാസിറ്റസ് അഭിപ്രായപ്പെടുന്നത് ഭരണകൂടമോ അധികാരികളോ ജനവിരുദ്ധരോ ,ജനങ്ങൾക്ക് വിശ്വാസം നഷ്ടപെടുമ്പോളോ ഇത്തരം ചെപ്പടി വിദ്യകൾ ഉപയോഗിച്ചു കൂടുതൽ ബന്ധിപ്പിക്കും.' സത്യം ചെരിപ്പുമിട്ട് വരുമ്പോഴേക്കും നുണ ലോകംമുഴുവൻ ചുറ്റി തിരികെ എത്തിയിട്ടുണ്ടാകും ' എന്നത് ഈ സിദ്ധാന്തവുമായി നമുക്ക് ചേർത്ത് വായിക്കം .ഏതായാലും വുഹാൻ വൈറസ്,ചൈന വൈറസ്, എന്നിങ്ങനെ കൊറോണ കോൺസ്പിരസി സിദ്ധാന്തങ്ങളും നീളുകയാണ്.

ജൂലായ് ഒന്നിന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സി.പി.സി.) ശതാബ്ദിയാഘോഷിക്കുന്നതിന്റെ ഭാഗമായി വലുപ്പത്തിൽ ലോകത്ത് രണ്ടാംസ്ഥാനമുള്ള ബായ്‌ഹെതൻ ജലവൈദ്യുതനിലയം ചൈനയിൽ തുറന്നിരിക്കയാണ്. 2017ൽ നിർമ്മാണം ആരംഭിച്ച പദ്ധതി 2022 ജൂലൈയിൽ പൂർത്തിയാക്കും. ആകെ ചെലവ് 3.4 കോടി ഡോളറാണ്. പദ്ധതിക്കായി ചൈന നിർമ്മിച്ചത് 10 ലക്ഷം കിലോവാട്ടിന്റെ ജനറേറ്ററാണ്. ഇതിന് 8000 ടൺ ഭാരവും 50 മീറ്റർ ഉയരവുമുണ്ട്. ഈഫൽ ടവറിന്റെ ഭാരത്തിന് സമാനമാണിത്. പൂർണതോതിൽ പ്രവർത്തിക്കാൻ തുടങ്ങിയാൽ മണിക്കൂറിൽ 6240 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയും. യുഎസിലെ ഹൂവർ ഡാമിൽനിന്ന് ഉൽപ്പാദിപ്പിക്കുന്നതിന്റെ 15 ഇരട്ടി. ചൈനയിലെത്തന്നെ ത്രീ ഗോജെസ് നിലയമാണ് ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത നിലയം.

മവോയുടെ മരണശേഷം 1976മുതൽ പരമോന്നത നേതാവായ ഡെങ്ങിന്റെ പൂച്ച കറുത്തതോ വെളുത്തതോ കറുത്തതോ ആകട്ടെ എലിയെ പിടിച്ചാൽ മതി എന്നതാണ് മുതലാളിത്തോട് ഉള്ള ചൈനീസ് കാഴ്പ്പാട്. ഫലമോ ലോകത്തിലെ ഏറ്റവും വലിയ പ്രത്യക സാമ്പത്തിക മേഖല ഷാങ്ഹായിൽ. ഏറ്റവും ലാഭമുണ്ടാക്കുന്ന മിക്ക ബഹുരാഷ്ട്ര കമ്പനികളുടെയും ആസ്ഥാനം ഹോംഗ് കോങ്ങിൽ. ലോകത്തിലെ ചൂതാട്ട തലസ്ഥാനമായി മക്കാവും മാറി. ലോകത്തെ ഏറ്റവും കൂടുതൽ സമ്പന്നരെ കാണണമെങ്കിലും കമ്മ്യൂണിസ്റ്റ് ചൈനയിലേക്ക് നോക്കിയാൽ മതി!.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP