Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജീവ് ഗാന്ധിക്ക് കേരളത്തിന്റെ ഉപഹാരം

രാജീവ് ഗാന്ധിക്ക് കേരളത്തിന്റെ ഉപഹാരം

കേരളത്തിന്റെ അഭിമാനസ്തംഭമായ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ആർഐടി) യുടെ ഔപചാരികമായ ഉദ്ഘാടനവും രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ബുധനാഴ്ച സംയുക്തമായി നടക്കുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് ഉദ്ഘാടക. ഇതൊരു നിയോഗമാണ്. 

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടുള്ള ആദരസൂചകമായി സംസ്ഥാന സർക്കാർ പൂർത്തിയാക്കിയ രാജ്യത്തെ തന്നെ ആദ്യ സ്മാരകമാണ് ഈ സ്ഥാപനം. ശാസ്ത്ര-സാങ്കേതിക രംഗത്ത് രാജ്യം കൈവരിച്ച അഭൂതപൂർവമായ മുന്നേറ്റത്തിന് ആധാരശില പാകിയ ഭരണാധികാരിയാണ് രാജീവ് ഗാന്ധി. ഭാവിഭാരതത്തെ മുന്നിൽ കണ്ട ക്രാന്തദർശി. ആധുനിക ഭാരതത്തിന്റെ ശില്പിയെന്നു വിശേഷിപ്പിക്കാവുന്ന രാജീവ് ഗാന്ധിയുടെ ഓർമ നിലനിർത്താൻ ഏറ്റവും ഉചിതം ഒരു മികച്ച വിദ്യാഭ്യാസസ്ഥാപനം ആയിരിക്കും എന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു സ്ഥാപനം ഉയർന്നത്.

1991 മെയ് 21 നാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ജൂൺ 12 നു ഞാൻ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചപ്പോൾ അതിലെ ഒരു പ്രധാന പ്രഖ്യാപനമായിരുന്നു ഈ സ്ഥാപനം. അതിനായി തുകയും മാറ്റിവച്ചു. വെള്ളൂർ ടെക്‌നിക്കൽ ഹൈസ്‌കൂൾ, പിടിഎം ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ കെട്ടിടങ്ങൾ ഉപയോഗപ്പെടുത്തിയാണ് ആർഐടിയുടെ പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് പാമ്പാടിയിലെ 67 ഏക്കറിൽ എൻജിനീയറിങ് കോളജിന് ആവശ്യമായ കെട്ടിടങ്ങളുടെ പണി പൂർത്തിയാക്കി. 2004ൽ കോളജ് ഉദ്ഘാടനത്തിനു സജ്ജമായിരുന്നു. എന്നാൽ സുനാമി ദുരന്തത്തെത്തുടർന്ന് പരിപാടി റദ്ദാക്കി. 2006 ഫെബ്രുവരിയിൽ സ്റ്റേജും അനുബന്ധ ക്രമീകരണങ്ങളും വരെ ഒരുക്കി ഉദ്ഘാടനത്തിനു തയാറായി. സോണിയ ഗാന്ധി കൊച്ചിവരെ എത്തുകയും ചെയ്തു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പരിപാടി വീണ്ടും റദ്ദാക്കി. മൂന്നാം തവണയാണ് ഇപ്പോൾ ഉദ്ഘാടനത്തിനായി തയ്യാറെടുത്തിരിക്കുന്നത്.

കാൽനൂറ്റാണ്ടു കൊണ്ട് പടിപടിയായ വളർച്ചയിലൂടെ ആർഐടി മികച്ച സാങ്കേതിക സ്ഥാപനമായി വളർന്നു കഴിഞ്ഞു. ആറ് അണ്ടർ ഗ്രാഡ്വേറ്റ് പ്രോഗ്രാമുകളും ഏഴ് പോസ്റ്റ് ഗ്രാഡ്വേറ്റ് പ്രോഗ്രാമുകളുമാണ് ഇവിടെയുള്ളത്. അഞ്ചു വകുപ്പുകൾക്ക് പ്രത്യേക ബ്ലോക്കുണ്ട്. മികച്ച ലൈബ്രറിയും മികച്ച ലബോറട്ടറിയുമാണ് മറ്റൊരു പ്രത്യേകത. പൂർണമായും സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഈ സ്ഥാപനത്തിൽ മെറിറ്റ് മാത്രമാണു യോഗ്യത.

എൻജിനീയറിങ് ഗവേഷണം പ്രോത്സാഹിപ്പിക്കുന്ന മികച്ച ഗവേഷണ കേന്ദ്രം കൂടിയാണ് ഇവിടെയുള്ളത്. ഇന്നോവേഷൻ സെന്റർ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. മൂന്നു പേറ്റന്റുകൾക്ക് ഇതിനോടകം അപേക്ഷ നല്കിയിട്ടുണ്ട്. പ്രമുഖ ഏജൻസികളിൽ നിന്നുള്ള സാമ്പത്തിക സഹായവും ലഭിക്കുന്നുണ്ട്. പത്തുകോടി രൂപ ഗവേഷണത്തിനും ലബോറട്ടറി വികസനത്തിനും വിനിയോഗിച്ചു. പഠനത്തിലും മറ്റും പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കാൻ പ്രത്യേക പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്.

131 അദ്ധ്യാപകരും 58 ടെക്‌നിക്കൽ സ്റ്റാഫുമാണുള്ളത്. എൻജിനീയറിങ് സൊല്യുഷൻസ് നൽകാൻ ഒൻപതു പ്രമുഖ സ്ഥാപനങ്ങളുമായി ധാരണാപത്രമുണ്ട്. യുവസംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ഇൻക്യുബേഷൻ സെന്റർ പ്രവർത്തിക്കുന്നു. രാജ്യത്തെ പ്രമുഖ കമ്പനികൾ റിക്രൂട്ട്‌മെന്റിനായി ആർഐടി കാമ്പസിലെത്തുന്നു. കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്‌മെന്റ് സെൽ വിദ്യാർത്ഥികളെ പ്ലേസ്‌മെന്റിനു സഹായിക്കുന്നു. രജത ജൂബിലി കൂടിയാണ് ഇതോടൊപ്പം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഒരു വർഷം നീളുന്നതാണ് ജൂബിലി ആഘോഷം. രാജ്യാന്തര ചലച്ചിത്രമേള, ദേശീയ സാങ്കേതികവിദ്യ ഫെസ്റ്റിവൽ ഋതു 2016, ടെക്‌നിക്കൽ എക്‌സിബിഷൻ, ഫുട്‌ബോൾ ടൂർണമെന്റ്, ദേശീയ ക്വിസ് മത്സരം, രാജ്യന്തര കോൺഫറൻസുകൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

കാൽനൂറ്റാണ്ടുകൊണ്ട് സംസ്ഥാനത്തെ ഒന്നാംകിട എൻജിനീയറിങ് കോളജായി ആർഐടി രൂപാന്തരപ്പെട്ടു എന്നതിൽ നമുക്ക് അഭിമാനിക്കാം. ആർഐടിയുടെ ഔദ്യോഗിക ഉദ്ഘാടനവും രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സോണിയ ഗാന്ധിയാണ് നിർവഹിക്കുന്നത്. രാജീവ് ഗാന്ധിയുടെ ഓർമകളുടെ സൗരഭ്യം പടർത്തുന്ന ഈ മഹത്തായ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ മറ്റാരേക്കാൾ അർഹത സോണിയ ഗാന്ധിക്കാണ്.

രാജീവ് ഗാന്ധിയുടെ പേരിലുള്ള രാജ്യത്തെ ആദ്യത്തെ ഈ സ്ഥാപനത്തിലേക്ക് സോണിയ ഗാന്ധി കടന്നുവരുമ്പോൾ അത് രാജീവ് ഗാന്ധിക്കു കേരളം നൽകുന്ന ഉപഹാരം കൂടിയാണ്. രാജീവ് ഗാന്ധി കടന്നുപോയിട്ട് കാൽ നൂറ്റാണ്ട് പിന്നിടുന്നു. എങ്കിലും രാജീവിന് ജനഹൃദയങ്ങളിൽ മരണമില്ല. അദ്ദേഹത്തെ കേരളവും രാജ്യവും എന്നും സ്മരിച്ചുകൊണ്ടിരിക്കും. രാജ്യം അസഹിഷ്ണുതയിൽക്കൂടി കടന്നുപോകുമ്പോൾ, രാജ്യത്തിന്റെ ഹൃദയം വിഭജിക്കപ്പെടുമ്പോൾ രാജീവ് ഗാന്ധിയെപ്പോലുള്ള നേതാക്കളിലേക്കാണ് രാജ്യത്തിന്റെ ഓർമകൾ കടന്നുചെല്ലുന്നത്.

രാജീവ് ഗാന്ധി ഇന്ത്യൻ യുവത്വത്തിന്റെ പ്രതീകം കൂടിയായിരുന്നു. രാജ്യത്തെ യുവജനങ്ങൾക്ക് അവസരങ്ങളുടെ വാതായനം തുറന്നിട്ടത് അദ്ദേഹമാണ്. അവരിലൂടെയാണ് ഇന്ത്യ വലിയ മുന്നേറ്റം കാഴ്ചവച്ചത്. രാജീവ് ഗാന്ധിയുടെ വിഖ്യാതമായ ഒരു സന്ദേശം എനിക്ക് ഓർമവരുന്നു- '' ഒരു നൂറ്റാണ്ടിന്റെ പ്രയത്‌നം നമ്മെ വിളിക്കുകയാണ്. ആ ഭൂതകാലത്തിൽ നിന്നുയരണം ശോഭനമായ ഭാവി. നമ്മുടെ പൈതൃക ശക്തിയിലൂടെ, യുവത്വത്തിന്റെ സർഗാത്മകത നിറഞ്ഞ വസന്തകാലത്തിലൂടെ, നമ്മുടെ ജനതയുടെ കീഴ്‌പ്പെടുത്താനാകാത്ത പ്രസരിപ്പിലൂടെ പടുത്തുയർത്താം നമുക്കൊരു നവഭരാതത്തെ.''

(ബുധനാഴ്ച കോട്ടയത്ത് സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിനോട് ബന്ധപ്പെടുത്തി തയ്യാറാക്കിയതാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഈ ലേഖനം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP