Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202226Sunday

ലഹരി പൂക്കുന്ന തെരുവുകൾക്കൊപ്പം പാമ്പുകൾ ഇഴയുന്ന ബസ്സ്റ്റാൻഡുകൾ കൂടിയാകുമ്പോൾ ഖേരളം വേറെ ലെവലാകും ! ഇനി കിറ്റിൽ കൂടി കുപ്പി കിട്ടുന്ന മധുരമനോജ്ഞമായ നാളുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

ലഹരി പൂക്കുന്ന തെരുവുകൾക്കൊപ്പം പാമ്പുകൾ ഇഴയുന്ന ബസ്സ്റ്റാൻഡുകൾ കൂടിയാകുമ്പോൾ ഖേരളം വേറെ ലെവലാകും ! ഇനി കിറ്റിൽ കൂടി കുപ്പി കിട്ടുന്ന മധുരമനോജ്ഞമായ നാളുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

 ഇപ്പോഴാണ് എല്ലാം ശരിയായത്. കേരളം എല്ലാ അർത്ഥത്തിലും ഡെവിൾസ് ഓൺ കൺട്രിയാണെന്ന് ഭരണകർത്താക്കൾ തന്നെ അരക്കിട്ടുറപ്പിക്കുന്നു. ജോസഫൈൻ മോഡലിൽ എല്ലാം അനുഭവിച്ചോ എന്നു ജനങ്ങളുടെ മണ്ടയ്ക്കിട്ട് കൊട്ടി മേലാളന്മാർ പുതിയ നയങ്ങൾ നടപ്പാക്കുന്നു. KSRTC ഡിപ്പോകളിലും സ്റ്റാൻഡുകളിലും ബുദ്ധിമുട്ടുണ്ടാക്കാതെ മദ്യം വില്ക്കുമെന്ന ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന കേട്ടപ്പോൾ അത്ഭുതമൊന്നും തോന്നിയില്ല. കാരണം മദ്യപാനത്തെ ഇത്രമേൽ പ്രോത്സാഹിപ്പിക്കുന്ന, മദ്യം വാരിക്കോരി പ്രജകൾക്ക് നല്കുന്ന ഒരു കരുതൽ സർക്കാർ കഴിഞ്ഞ അഞ്ച് വർഷമായി ഭരിക്കുന്ന കേരളത്തിൽ ഈ ഒരു പ്രസ്താവന കേൾക്കുമ്പോൾ എന്തത്ഭുതം തോന്നാനാണ്?

കോവിഡ്-19 ഭീഷണി അതിഭയങ്കരമായി നേരിടുന്ന ഒരു സംസ്ഥാനത്തിലെ, നിലപാട് കടുപ്പിക്കും എന്ന് ശക്തമായ താക്കീത് നല്കിയ ഒരു ഭരണാധികാരി ഭരിക്കുന്ന പ്രബുദ്ധരെന്നു അവകാശപ്പെടുന്നവർ ജീവിക്കുന്ന ഒരു നാട്ടിൽ മദ്യത്തിനും മദ്യപന്മാർക്കും ഒരു പ്രോട്ടോക്കോളും ഇല്ലായെന്ന് നമ്മൾ എന്നേ തിരിച്ചറിഞ്ഞതാണ്. എല്ലാ വിധത്തിലും ഉള്ള സോഷ്യൽ ഒത്തുചേരലുകൾ ഒഴിവാക്കാൻ സർക്കാർ തന്നെ അഭ്യർത്ഥിക്കുകയും സ്വന്തം കാലിലേക്ക് സർക്കാർ തന്നെ വെടിവെയ്ക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയുടെ നേർക്കാഴ്ച ബെവ്‌ക്കോ ഔട്ട്‌ലെറ്റുകളിൽ എത്രയോ വട്ടം നമ്മൾ കണ്ടതാണ്. കുടിക്കുന്ന ആൾക്ക് മദ്യത്തോടുള്ള ആസക്തിയെ തോല്പിക്കുന്ന ആസക്തിയാണ് സർക്കാരിന് അവരിൽ നിന്ന് കിട്ടുന്ന പണത്തോടെന്ന് കാട്ടിത്തരുന്നുണ്ട് ഈ അടിയന്തര സാഹചര്യത്തിലും മദ്യം വില്ക്കാൻ പുതുമാനങ്ങൾ തേടുന്ന സർക്കാർ. കുടിവെള്ളം, ഭക്ഷണം പോലെ മദ്യവും അവശ്യവസ്തുവായി മാറ്റിയ നെന്മയുള്ള സർക്കാരാണ് നമ്മുടേത്.

മുൻ സർക്കാർ പൂട്ടിച്ച ബാറുകൾ എല്ലാം തുറന്നു കൊടുത്തുകൊണ്ട് മദ്യപന്മാർക്ക് റെഡ് സല്യൂട്ട് കൊടുത്ത സർക്കാരാണ് പിണറായി സർക്കാർ .ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കപ്പെട്ട നമ്മുടെ കേരളത്തിൽ പരിഷ്‌കൃത സമൂഹത്തിന് ചിന്തിക്കാൻ പോലും കഴിയാത്ത നീചകൃത്യങ്ങൾ ചെയ്യാൻ തയ്യാറാവുന്ന മനുഷ്യമൃഗങ്ങൾ വർധിച്ചു വരാൻ കാരണമായതിന്റെ ഒരേ ഒരു കാരണം ഈ സർക്കാരും ഈ സർക്കാർ പച്ചക്കൊടി കാട്ടിയ മദ്യ നയവുമാണ്. ചിന്താശേഷിയും വിവേചനബുദ്ധിയും നശിപ്പിക്കുന്ന മദ്യം വില്ലനായ എത്രമാത്രം സംഭവവികാസങ്ങളാണ് ദിനംപ്രതി ക്രൈമുകളായി ഇവിടെ അരങ്ങേറുന്നത്.

മദ്യപാനം അത് ചെയ്യുന്നയാളുടെ ആരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത് ; സമൂഹത്തെയാകെയാണ്.രോഗത്തിലൂടെ, ആത്മഹത്യയിലൂടെ, അപകടത്തിലൂടെ മലയാളികളുടെ ജീവൻ അകാലത്തിൽ തട്ടിയെടുക്കുന്നതിലെ പ്രധാന വില്ലൻ മദ്യമാണ്.അനിയന്ത്രിതമായ മദ്യപാനം മൂലം ഒരു സമൂഹം തന്നെ നശോന്മുഖമായിപ്പോകുന്നതിനു അട്ടപ്പാടി പോലുള്ള ആദിവാസി മേഖലകൾ ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്.കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ പ്രധാനമാണ് മദ്യപാനവും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും. മുൻകാലങ്ങളിൽ സംസ്ഥാനം നേടിയെടുത്ത സാമൂഹിക നേട്ടങ്ങൾ പലതും ഇല്ലാതാക്കുന്ന ഒന്നായി മദ്യം മാറിയിരിക്കുന്നു. മദ്യപാനം സൃഷ്ടിക്കുന്ന ദുരിതങ്ങൾ കേരളത്തിലെ കുടുംബങ്ങളിലും സമൂഹത്തിലും സമ്പദ്ഘടനയിലും രാഷ്ട്രീയ രംഗത്തുമെല്ലാം വൻതോതിൽ കൂടിക്കൊണ്ടിരിക്കുന്നു.. മദ്യപനായ ഒരാൾക്ക് വിവേചന ശേഷി നഷ്ടപ്പെടുന്നു. പല ലൈംഗിക കുറ്റകൃത്യങ്ങളിലും ഉൾപ്പെടുന്ന പ്രതികൾ മദ്യപിച്ചിട്ടാണ് അത് ചെയ്യുന്നതെന്നതിനു നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിൽ തന്നെയുണ്ട്.

നേരമൊന്ന് ഇരുട്ടിയാൽ ഞരമ്പന്മാരെ പേടിച്ച് സ്ത്രീകൾ പോകാൻ ഭയക്കുന്ന ഒരു സ്ഥലമാണ് കേരളത്തിലെ KSRTC സ്റ്റാൻഡുകൾ. രാത്രി യാത്ര നടത്തിയ പല സ്ത്രീകളും തങ്ങൾ ബസ് സ്റ്റാൻഡുകളിൽ നേരിട്ട ദുരനുഭവങ്ങൾ പറയുന്നത് ഭീതിയോടെ കേട്ടിട്ടുണ്ട്. നേരമിരുട്ടി തുടങ്ങുന്നതോടെ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രമാണ് കേരളത്തിലെ മിക്ക ബസ് സ്റ്റാൻഡുകളും കാടു പിടിച്ചു കിടക്കുന്ന ഡിപ്പോകളും. അവിടെ മദ്യവില്പന കൂടിയാകുമ്പോൾ എന്താകും സ്ഥിതി? ക്രിമിനലുകൾക്കും മദ്യപന്മാർക്കും സാമൂഹിക വിരുദ്ധർക്കും വളരാനുള്ള ഫാക്ടംഫോസ് വളം ഇത്രമേൽ ഇട്ട് പരിപോഷിക്കുന്ന വേറെ ഏതു സർക്കാരുണ്ട് ഇന്ത്യാ മഹാരാജ്യത്ത് ! ലഹരി പൂക്കുന്ന തെരുവുകൾക്കൊപ്പം പാമ്പുകൾ ഇഴയുന്ന ബസ്സ്റ്റാൻഡുകൾ കൂടിയാകുമ്പോൾ ഖേരളം വേറെ ലെവലാകും ! ഇനി കിറ്റിൽ കൂടി കുപ്പി കിട്ടുന്ന മധുരമനോജ്ഞമായ നാളുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ്..

കുടിയന്മാരെ നിങ്ങൾ വാഴ്‌ത്തപ്പെട്ടവരാകുന്നു. കാരണം ഇനി മുതൽ ഡൈബ രാജ്യമായ ക്യൂബളം നിങ്ങളുടേതു മാത്രമാകുന്നു. : ചെഗു സങ്കീർത്തനം .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP