Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെറുക്കപ്പെടാൻ എന്താണ് ഈ കുലസ്ത്രീ കൺസപ്റ്റ്? അതെന്താ വെറുപ്പിന്റെ നീതിശാസ്ത്രമോ? ആണുങ്ങളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്താൽ ഉടൻ കൽപ്പിച്ചുനൽകുന്ന പേരാണ് കുലസ്ത്രീ; ഗോവിന്ദചാമിയോ അമീറോ മുകേഷോ ചെയ്ത കുറ്റത്തിനു ആണിനെ മൊത്തം അടച്ചാക്ഷേപിക്കുന്ന ആ മനസ്ഥിതിയല്ല ഫെമിനിസം; ജെസ്ലയു വീണയും അടങ്ങുന്ന ബിഗ്‌ബോസ് ഹൗസ് എന്നത് സമൂഹത്തിന്റെ പരിച്ഛേദമാണ്: അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

വെറുക്കപ്പെടാൻ എന്താണ് ഈ കുലസ്ത്രീ കൺസപ്റ്റ്? അതെന്താ വെറുപ്പിന്റെ നീതിശാസ്ത്രമോ? ആണുങ്ങളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്താൽ ഉടൻ കൽപ്പിച്ചുനൽകുന്ന പേരാണ് കുലസ്ത്രീ; ഗോവിന്ദചാമിയോ അമീറോ മുകേഷോ ചെയ്ത കുറ്റത്തിനു ആണിനെ മൊത്തം അടച്ചാക്ഷേപിക്കുന്ന ആ മനസ്ഥിതിയല്ല ഫെമിനിസം; ജെസ്ലയു വീണയും അടങ്ങുന്ന ബിഗ്‌ബോസ് ഹൗസ് എന്നത് സമൂഹത്തിന്റെ പരിച്ഛേദമാണ്: അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവ്വതി പ്രഭീഷ്

ബിഗ്‌ബോസ് ഷോയിൽ ജസ്ലയെന്ന മത്സരാർത്ഥി വന്നതു മുതൽ സ്ത്രീസമത്വം, സ്ത്രീശാക്തീകരണം തുടങ്ങിയ പോസ്റ്റുകളുമായി വരുന്ന അടിമകൾ അറിയാൻ! ഒപ്പം അതിനെ മുൻനിറുത്തി ജസ്ലയ്‌ക്കെതിരെ പ്രതികരിക്കുന്നവരെ കുലസ്ത്രീയെന്ന ടാഗ്ലൈനിൽ ആക്ഷേപിക്കുന്ന ഭക്തർ മനസ്സിലാക്കാൻ! ബോഡി ആർട്ട് എന്ന പേരിൽ തുണിയുരിഞ്ഞ ഫോട്ടോയിട്ട് പ്രശസ്തയാകുന്നതും തന്നിഷ്ടം പോലെ പാതിരാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്നതും കണ്ടവരുടെ കൂടെ അഴിഞ്ഞാടി പരസ്യമായി ഉമ്മ വെയ്ക്കുന്നതും താലി പൊട്ടിച്ചെറിയുന്നതും വായിൽ തോന്നിയത് കോതയ്ക്ക് പാട്ടെന്ന പോലെ പ്രസംഗിക്കുന്നതുമല്ല സ്ത്രീസ്വാതന്ത്ര്യം. സ്വയം പര്യാപ്തത കൈവരിക്കുന്നതും സാമൂഹികവിഷയങ്ങളിൽ ഇടപെടുന്നതും തന്നാൽ കഴിയുന്ന രീതിയിൽ സാമൂഹ്യസേവനം നടത്തുന്നതും അനാചാരങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ കഴിയുന്നതുമാണ് സ്ത്രീസ്വാതന്ത്ര്യം..എല്ലാറ്റിനുമുപരി കുടുംബത്തിന്റെ കാര്യങ്ങൾ വേണ്ടരീതിയിൽ നോക്കിനടത്താൻ കഴിയുന്ന സന്നദ്ധതയുമാണ് പെണ്ണത്തം..കുടുംബത്തിന്റെ നടത്തിപ്പിനൊപ്പം എങ്ങനെ സാമൂഹികപരമായുംപ്രവർത്തിക്കാൻ കഴിയുമെന്ന ബോധവൽക്കരണമാണ് സ്ത്രീപക്ഷവാദികൾ ചെയ്യേണ്ടത്.അല്ലാതെ പുരുഷന്റെ മേൽ എങ്ങനെ കുതിര കയറാമെന്ന ഗവേഷണം നടത്തുകയല്ല വേണ്ടത്.യഥാർത്ഥ സ്ത്രീശാക്തീകരണം കാണാൻ പുരോഗമനവാദികളായ സെലിബ്രിട്ടികളുടെ വാളുകളല്ല നിരങ്ങേണ്ടത്,മറിച്ച് കുടുംബശ്രീ പ്രവർത്തകരുടെ സംരംഭങ്ങൾ ഒന്ന് കാണാൻ ശ്രമിച്ചാൽ മതി.

അതുപോലെ തന്നെ ഇത്രയും വെറുക്കപ്പെടാൻ എന്താണ് ഈ കുലസ്ത്രീ കൺസപ്റ്റ്? അതെന്താ വെറുപ്പിന്റെ നീതിശാസ്ത്രമോ?മലയാളിയുടെ സോഷ്യൽ മീഡിയ വ്യാഖ്യാനങ്ങൾ പലതും കണ്ടു. ഒരുവൾ അവളുടെ വിശ്വാസം ഉറക്കെ വിളിച്ചുപ്പറഞ്ഞാൽ,കുടുംബത്തിനും കുഞ്ഞുങ്ങൾക്കും പ്രാധാന്യം നല്കിയാൽ ,സമൂഹം കല്പിച്ച ചില നടപ്പുരീതികൾ സ്വമനസ്സാലെ പാലിക്കാൻ ഇഷ്ടപ്പെട്ടാൽ, ആർക്കും ഒരു രീതിയിലും തടസ്സമാകാത്ത ആചാരാനുഷ്ഠാനങ്ങൾ ജീവിതത്തിൽ പാലിച്ചാൽ, കുടുംബത്തിലെ ആണുങ്ങളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്താൽ ഉടൻ കൽപ്പിച്ചുനൽകുന്ന പേരാണ് കുലസ്ത്രീ. നല്ലൊരു കുടുംബത്തിൽ പിറന്നതുക്കൊണ്ടും സാമൂഹ്യമൂല്യങ്ങളെ മുറുകെപ്പിടിക്കുന്നതുക്കൊണ്ടും കുടുംബത്തിൽ നിന്നും പകർന്നുകിട്ടിയ വിശ്വാസങ്ങളെ ജീവിതത്തിൽ പകർത്തുന്നതുക്കൊണ്ടും ഇത്തിരി അടക്കവും ഒതുക്കവും അച്ചടക്കവും ശീലിക്കുന്നതുക്കൊണ്ടും അവരെ പുരോഗമനവാദികൾ എന്തിന് രണ്ടാംതരക്കാരായി ചിത്രീകരിക്കുന്നു. നിങ്ങൾ കുലസ്ത്രീകൾ എന്നു കളിയാക്കി വിളിക്കുന്ന ജനുസിൽപ്പെട്ട സ്ത്രീകൾ ഇവിടെ സമൂഹത്തിൽ എന്ത് അരാജകത്വമാണ് സൃഷ്ടിക്കുന്നത്? അവർ അവരുടെ കാര്യം നോക്കി,കുടുംബം നോക്കി മാന്യമായി ജീവിക്കുന്നു.അവർ തുല്യസമത്വം വേണമെന്നു നാഴികയ്ക്ക് നാല്പതുവട്ടം വിളിച്ചുപ്പറയുന്നില്ലായെന്നു കരുതി ആരുടെയും അടിമകളല്ലാ. അവർ ജീവിച്ചുപ്പോരുന്ന സോഷ്യൽകണ്ടീഷനിൽ അവർ സംതൃപ്തരാവുന്നത് കുടുംബമെന്ന സോഷ്യൽ ഇൻസ്റ്റിറ്റിയൂഷനു നൂറുശതമാനം പ്രാധാന്യം നല്കുന്നതിനാലും കുടുംബത്തിൽ നിന്നും പൂർണ്ണ പിന്തുണ അവർക്ക് കിട്ടുന്നതിലുമാണ്. ഒരു യഥാർത്ഥ സ്ത്രീ ഒരിക്കലും പുരുഷൻ സ്ത്രീയേക്കാൾ താഴെയാണേന്നോ അല്ലെങ്കിൽ തിരിച്ചോ ആണെന്ന് വിശ്വസിക്കുന്നില്ല. ഒരു വ്യക്തി എങ്ങനെ ജീവിക്കണം എന്നത് അവരുടെ വ്യക്തിപരമായ കാര്യം.

ഭരണഘടന വായിച്ചിട്ടല്ല ഇവിടെ വെറും സാധാരണക്കാരായ സ്ത്രീകൾ ഇത്രനാളും കുടുംബത്തെ നോക്കിയിരുന്നത്. പുരോഗമനം, സമത്വം,ശാക്തീകരണം തുടങ്ങി വലിയ വായിൽ നിലവിളിക്കുന്നവരും അതിന് എന്ത് വൃത്തിക്കേടും കാട്ടികൂട്ടാൻ ഒരുങ്ങുന്നവരും ഒരേ ഒരു കാര്യം ഓർക്കുക. നിങ്ങളെ കണ്ടു വളരുന്ന കുഞ്ഞുങ്ങൾ നിങ്ങളിൽ നിന്നും മനസ്സിലാക്കുന്നത് കുടുംബങ്ങളിലെ ശിഥിലബന്ധങ്ങളും സമൂഹത്തിലെങ്ങനെ വേർതിരിവ് ഉണ്ടാക്കാമെന്നുള്ള തത്വങ്ങളും മാത്രമാണ്.തെറ്റായ ഇസങ്ങളെ ചോദ്യം ചെയ്യുന്നവരെ കുലസ്ത്രീകൾ എന്ന് പരിഹസിക്കുന്നതിന് മുമ്പ് ഒരിക്കൽ കൂടി ആലോചിക്കൂ.അല്ലെങ്കിൽ പരിഹാസ്യരാകുന്നത് നിങ്ങൾ തന്നെയാവാം.

ഓരോ പെണ്ണിന്റെയുള്ളിലും ഒരു ഫെമിനിസ്റ്റ് ഉറങ്ങി കിടപ്പുണ്ട്. അത് ഉയിർത്തെഴുന്നേല്ക്കുന്നത് നമ്മിലുള്ള ആത്മാഭിമാനത്തിനു മുറിവേല്ക്കുമ്പോഴാണ്. ഒരുവൻ അനുവാദമില്ലാതെ ശരീരത്ത് തൊടുമ്പോൾ അതിനെ തടയുന്നതിനും അതിനെതിരെ പ്രതികരിക്കാൻ കെല്പുണ്ടാകുന്നതും കന്മുന്നിൽ ഒരുവൾ അല്ലെങ്കിൽ ഒരുവൻ ആക്രമിക്കപ്പെടുമ്പോൾ അതിനെതിരെ ശക്തമായി പ്രതികരിക്കാനും അവർക്കൊപ്പം നില്ക്കാനും കഴിയുന്നത് ഫെമിനിസം. നിസ്സഹായതയുടെ പടിക്കൽ നില്ക്കുന്ന പെണ്ണുടലുകൾക്കും ബാല്യങ്ങൾക്കും വാർദ്ധക്യങ്ങൾക്കും തന്നാലാവുന്ന വിധം സഹായം ചെയ്യാൻ കഴിഞ്ഞാൽ അതും ഫെമിനിസം.. ഇളം മേനികളിൽ കാമത്തിന്റെ രുചി തേടുന്നവന്മാരെ കല്ലെറിഞ്ഞു കൊല്ലാൻ കഴിയുന്ന ആ തന്റേടത്തെ വിളിക്കണം ഫെമിനിസമെന്ന്.. സ്വാർത്ഥലാഭത്തിനു വേണ്ടി ശരീരം നല്കി പിന്നീട് പീഡിപ്പിച്ചുവെന്ന് അലമുറയിടുന്ന കുലടകളുടെ ചെകിടത്ത് രണ്ടെണ്ണം പൊട്ടിക്കുന്ന ധീരതയെ വിളിക്കണം ഫെമിനിസമെന്ന്.അല്ലാതെ ഒരു ഗോവിന്ദചാമിയോ അമീറോ മുകേഷോ ചെയ്ത കുറ്റത്തിനു ആണിനെ മൊത്തം അടച്ചാക്ഷേപിക്കുന്ന ആ മനസ്ഥിതിയല്ല ഫെമിനിസം..ഓരോ പെണ്ണിനും വേണ്ടത് ആണിൽ നിന്നുമുള്ള വിമോചനമല്ല മറിച്ച് ലിംഗഭേദമെന്യേ അനീതിക്കെതിരെയും അക്രമത്തിനെതിരെയും പോരാടാനുള്ള മനസ്സാണ്.

ബിഗ്‌ബോസ് ഹൗസ് എന്നത് സമൂഹത്തിന്റെ പരിച്ഛേദമാണ്.ഇവിടെയുള്ള 17 മത്സരാർത്ഥികളെ സ്ത്രീയെന്നോ പുരുഷനെന്നോ വേർതിരിക്കാതെ 17 വ്യക്തികളായ കാണുന്ന പ്രേക്ഷകസമൂഹത്തിനു വ്യക്തമായിട്ടറിയാം ആരാണ് ഗെയിമിനെ വ്യക്തമായ സ്ട്രാറ്റജിയുമായി നേരിടുന്നതെന്ന്.അതുക്കൊണ്ടാണ് എത്രമേൽ വ്യക്തിഹത്യ ചെയ്യപ്പെട്ടിട്ടും അയാൾക്ക് മാത്രം ആരാധകർ ഏറുന്നതെന്ന്! അയാളുടെ ഒരു മണിക്കൂർ വീഡിയോയിലെ ഒരു മിനിറ്റ് ക്ലിപ്പ് മാത്രം എടുത്ത് നാഴികയ്ക്ക് നാല്ലതുവട്ടം സ്ത്രീവിരുദ്ധൻ എന്ന് പരാമർശിക്കുന്നതുകൊണ്ട് മാത്രം ഇത്രയും പറയണമെന്നു തോന്നി. ഒപ്പം എന്തിനുമേതിനും ഭരണഘടനയുടെ ആമുഖവുമായി പോരിനിറങ്ങുന്ന ജസ്ലയോട് ഒരൊറ്റ കാര്യം ചോദിക്കട്ടെ ഒരാളെ ഒറ്റപ്പെടുത്തി തെളിഞ്ഞും ഒളിഞ്ഞും അയാൾക്കെതിരെ പടനയിക്കുന്നതാണോ ഭരണഘടനയിലെ ആമുഖത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന നീതി? ഒരാളുടെ അഭിപ്രായസ്വാതന്ത്ര്യത്തെയും ചിന്താഗതിയേയും കൂട്ടത്തോടെ അപഹസിക്കുന്നതും വിമർശിക്കുന്നതിനെയുമാണോ സ്വാതന്ത്ര്യം കൊണ്ട് ഉദ്ദേശിക്കുന്നത്? സ്ഥാനമാനങ്ങൾ നേടുന്നതിനും അവസരങ്ങളിലുമുള്ള സമത്വം അവിടെ ഒരാൾക്ക് മാത്രം നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ട്?ഇരുപതാമത്തെ എപ്പിസോഡിലെ ക്യാപ്റ്റൻസി ടാസ്‌ക് അവിടുത്തെ ആ ഒറ്റപ്പെട്ട മനുഷ്യൻ നേരിടുന്ന അസമത്വത്തെ കാട്ടിത്തരുന്നുണ്ട്.ഇനി വ്യക്തിയുടെ അന്തസ്സ് ഉയർത്തുന്ന ഭാതൃഭാവത്തെക്കുറിച്ച് പറയുമ്പോൾ അവിടെ അദ്ദേഹത്തിനെതിരെ നടത്തുന്ന വ്യക്തിഹത്യയിൽ മുന്നിൽ നില്ക്കുന്ന നിങ്ങൾക്ക് യഥാർത്ഥത്തിൽ അറിയുമോ ഭരണഘടനയുടെ അന്ത:സത്ത?

ചആ: ബിഗ്‌ബോസ് ഒഫീഷ്യൽ പേജിലിടാൻ എഴുതിയതാണ്..പക്ഷേ അതിന്റെ കുത്തകാവകാശം മൊത്തത്തിൽ കനേഡിയൻ കമ്പനിയെ ഏല്പിച്ചതുക്കൊണ്ടു അപ്രൂവൽ കിട്ടാതെ മരണമടഞ്ഞ പോസ്റ്റുകൾ നിരവധി ഉള്ളതിനാൽ ഇത് ഓൺലൈൻ ഡെയിലിയിലെ ലേഖനമാക്കാമെന്നു കരുതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP