Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിയന്ത്രിക്കാൻ ഏറ്റവുമെളുപ്പമുള്ള കുറ്റകൃത്യമാണ് റാഗിങ്; കുറ്റം ചെയ്താലും തലയൂരി പോരാം എന്ന ധാരണയാണ് പ്രധാന പ്രശ്‌നം: റാഗിങ് എന്ന ക്രിമിനൽ കുറ്റം അവസാനിപ്പിക്കാൻ മുരളി തുമ്മാരുകുടി എഴുതുന്ന നിർദ്ദേശങ്ങൾ

നിയന്ത്രിക്കാൻ ഏറ്റവുമെളുപ്പമുള്ള കുറ്റകൃത്യമാണ് റാഗിങ്; കുറ്റം ചെയ്താലും തലയൂരി പോരാം എന്ന ധാരണയാണ് പ്രധാന പ്രശ്‌നം: റാഗിങ് എന്ന ക്രിമിനൽ കുറ്റം അവസാനിപ്പിക്കാൻ മുരളി തുമ്മാരുകുടി എഴുതുന്ന നിർദ്ദേശങ്ങൾ

മുരളി തുമ്മാരുകുടി

നാട്ടകത്തെ പോളിടെക്നിക്കിൽ റാഗിങ്ങിനിരയായി ഒരു കുട്ടിയുടെ വൃക്ക തകരാറിലായി എന്നത്, ഒരു വ്യക്തി എന്ന നിലയിലും ഒരു അച്ഛൻ എന്ന നിലയിലും എന്നെ നടുക്കുന്നു. പണ്ടൊക്കെ പ്രൊഫഷണൽ കോളേജുകളിൽ മാത്രമുണ്ടായിരുന്ന ഈ രോഗം ഇപ്പോൾ പോളിടെക്നിക്കും ഐ ടി ഐ യും കടന്ന് +2 സ്‌കൂളുകളിൽ വരെ എത്തിയിരിക്കുന്നു. ഇതിനെ മൂടോടെ പിഴുതു മാറ്റിയില്ലെങ്കിൽ മൂന്നുകാര്യങ്ങളാണ് സംഭവിച്ചേക്കാവുന്നത്. ക്രിമിനൽ വാസനയുള്ള, വികലമനസ്‌കരായ ഒരു പറ്റം പൗരന്മാരെ നാം സൃഷ്ടിക്കും. അതിലേറെ പേർ പഠനകാലത്ത് ഉണ്ടായ പീഡനത്തിന്റെ മാനസിക പ്രത്യാഘാതങ്ങൾ ജീവിതം മുഴുവൻ പേറിക്കൊണ്ടുനടക്കും. മൂന്നാമത് റാഗിംഗിന്റെ ഫലമായി എവിടെയെങ്കിലും ഒരു മരണമോ ആത്മഹത്യയോ ഉറപ്പായും നടക്കും.

ഇത് കഷ്ടമാണ്. വാസ്തവത്തിൽ നിയന്ത്രിക്കാൻ ഏറ്റവുമെളുപ്പമുള്ള കുറ്റക്ര്യത്യമാണ് റാഗിങ്. ഒന്നാമത് നമ്മുടെ സമൂഹമൊന്നടങ്കം ഇതിനെതിരാണ്. രണ്ടാമത് മയക്കുമരുന്ന് മാഫിയയോ മദ്യമാഫിയയോ ഒക്കെപ്പോലെ റാഗിംഗിൽ നിന്നും സാന്പത്തികലാഭമുണ്ടാകുന്ന ആരുമില്ല. അപ്പോൾ ഇതിനെ നിലനിർത്താൻ സംഘടിതമായ ഒരു ശ്രമമൊന്നും ആരും നടത്തില്ല. മൂന്ന്, സുപ്രീം കോടതി തൊട്ടു താഴേക്കുള്ള നമ്മുടെ കോടതികൾ ശക്തമായ നയങ്ങളാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്. കേസ് കോടതിയിലെത്തിയാൽ മാതൃകാപരമായ ശിക്ഷ വിധിക്കാൻ കോടതികൾ മടി കാണിച്ചിട്ടില്ല.

എന്നിട്ടും എന്തുകൊണ്ടാണ് ഈ രോഗം ക്യാൻസർ പോലെ പടരുന്നത്? ബോധവൽക്കരണത്തിന്റെ കുറവൊന്നുമല്ല. പ്രൊഫഷണൽ കോളേജുകളിലെല്ലാം ആന്റി റാഗിങ് കമ്മിറ്റിയും വർഷാരംഭത്തിൽ പൊലീസുകാരും ജഡ്ജിമാരും ഒക്കെ പങ്കെടുക്കുന്ന സെമിനാറുകളും ഒക്കെയുണ്ട്. അപ്പോൾ അറിവിന്റെ അഭാവം ഒന്നുമല്ല പ്രശ്‌നം. കുറ്റം ചെയ്താലും തലയൂരി പോരാം എന്ന ധാരണയാണ് പ്രധാന പ്രശ്‌നം. ഇത് സത്യവുമാണ്. കേരളത്തിലിപ്പോൾ പ്രൊഫഷണൽ കോളേജുകളുൾപ്പെടെ ഏതാണ്ട് നാലായിരം കോളേജുകളുണ്ട്. അതിൽ പത്തു ശതമാനത്തിലെങ്കിലും വർഷത്തിൽ ഒന്നെങ്കിലും ഇങ്ങനെയുള്ള സംഭവം ഉണ്ടായി എന്നു കരുതിയാൽ തന്നെ നാനൂറ് റാഗിങ് കേസുകൾ കേരളത്തിലെ കോടതികളിലെത്തേണ്ടതാണ്. സത്യത്തിൽ ഇതിലും എത്രയോ കൂടുതലായിരിക്കണം. എന്നാൽ വാസ്തവത്തിൽ പൊലീസിലെത്തുന്ന കേസുകൾ ഇതിലും പത്തു ശതമാനത്തിൽ താഴെയാണ്.

ഈ രോഗം പടരുന്നതിന്, പല അടിസ്ഥാന കാരണങ്ങളുമുണ്ട്. അവയെ ചികിൽസിച്ചാൽ മാത്രമേ ഇത് മാറൂ. അല്ലാതെ വല്ലപ്പോഴും എവിടെയെങ്കിലും പുറത്തുവരുന്ന കേസുകൾ മാത്രം നോക്കിയിട്ട് കാര്യമില്ല.

സംഘബോധം: കുട്ടികൾ സംഘമായിട്ട് ചെയ്യുന്നതാണ് റാഗിങ്. ഭൂരിഭാഗം സീനിയേഴ്സും ഇതിൽ നേരിട്ട് ഇടപെട്ടില്ലെങ്കിലും എന്തെങ്കിലുമൊരു പ്രശ്‌നമുണ്ടായാൽ എല്ലാവരും കൂടെയുണ്ടെന്ന ഒരു ബോധം തെറ്റ് ചെയ്യുന്നവർക്കുണ്ട്. അതുകൊണ്ട് ചികിത്സയും ഇവിടെ ഗ്രൂപ്പായിട്ട് തന്നെ വേണം. ഏതെങ്കിലും ഒരു സംഘത്തിലെ ഒരാൾ റാഗിങ് എന്ന കുറ്റം ചെയ്താൽ അപ്പോൾ സ്ഥലത്തുണ്ടായിരുന്ന, അത് തടയുവാൻ കഴിയുമായിരുന്ന സീനിയേഴ്സിനെ എല്ലാം, അവരതിൽ പങ്കെടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ലെങ്കിൽ പോലും ഒരുമിച്ച് സസ്പെൻഡ് ചെയ്യുക. അപ്പോൾ കുറച്ചു പേരെങ്കിലും ഇതിനെ എതിർക്കും, ഏറെ പേർ മാറി നിൽക്കുകയും ചെയ്യും. കുറ്റവാളികൾക്ക് സംഘബലം ഉണ്ടെന്ന ഹുങ്ക് അതോടെ കുറയും.

അദ്ധ്യാപകരുടെ അനാസ്ഥ: അദ്ധ്യാപകർ റാഗിങ് എന്ന കുറ്റത്തെ ഒരു ക്രിമിനൽ കുറ്റമായി കാണാതെ ഏറെ ഫിസിക്കൽ വയലൻസ് ഉണ്ടായാൽ മാത്രമേ ഇതിലിടപെടൂ. കോളേജിൽ വരുന്ന കുട്ടികൾക്കുണ്ടാകുന്ന മാനസിക സംഘർഷവും അതിന്റെ പ്രത്യാഘാതവും ശരീരത്തിലെ മുറിവിനേക്കാൾ വലുതും, നീണ്ടുനിൽക്കുന്നതുമാണ്. അതുകൊണ്ട് വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ഉണ്ടാകുന്ന ഏതു റാഗിംഗും ഒരുപോലെ ഗൗരവതരമായിക്കണ്ട് നടപടിയെടുക്കേണ്ടത് അദ്ധ്യാപകരുടെ ഉത്തരവാദിത്തമാക്കുക. അങ്ങനെ ചെയ്യാതിരിക്കുന്നവരെ പ്രേരണാകുറ്റമായി പരിഗണിച്ച് അവരെയും സസ്പെൻഡ് ചെയ്യുക.

മാതാപിതാക്കളുടെ പരോക്ഷ പിന്തുണ: കോളേജിൽ കുട്ടികൾ റാഗിങ് നടത്തിയാൽ 'അതൊക്കെ കുട്ടികളല്ലേ' എന്ന മട്ടിൽ അതിനെ ന്യായീകരിക്കാനും, കേസിൽ നിന്ന് ഒഴിവാക്കിയെടുക്കാനും മാപ്പു പറയിച്ചോ കാശു കൊടുത്തോ പ്രശ്‌നം തീർക്കാനുമാണ് കുറ്റവാളികളുടെ മാതാപിതാക്കളും ബന്ധുക്കളും ശ്രമിക്കുന്നത്. മക്കൾക്ക് വേണ്ട നിയമസഹായം ലഭ്യമാക്കുന്നതല്ലാതെ, കേസ് ഒഴിവാക്കാനോ മക്കളെ ഒളിവിൽ താമസിപ്പിക്കാനോ കൂട്ടുനിൽക്കുന്നവരെ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്യണം.

രാഷ്ട്രീയക്കാരുടെയും പൊലീസിന്റെയും സമ്മർദ്ദം: കേസിൽ കുട്ടികൾ പെട്ടാൽ ''ഇവരുടെ ഭാവി പോകും, ഇപ്രാവശ്യത്തേക്ക് ഒന്നു ക്ഷമിച്ചുകൂടെ'' എന്ന മട്ടിൽ ഇരയുടെ ബന്ധുക്കളെയും ഇരയേയും സമ്മർദം ചെയ്യുന്ന രീതിയാണ് പൊലീസിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും കണ്ടുവരുന്നത്. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയക്കാരും മുൻകൂർ തീരുമാനം എടുക്കണം. റാഗിങ് കേസിൽ ശുപാർശ പറയാൻ ഒരാളും സമ്മതിക്കരുത്. അനുരഞ്ജനത്തിന് ശ്രമിക്കുന്ന പൊലീസുകാർക്ക് യാതൊരു പിന്തുണയും നൽകുകയുമരുത്.

വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ താൽപര്യക്കുറവ്: കേരളത്തിലെ വിദ്യാർത്ഥിപ്രസ്ഥാനം ഒറ്റ വർഷം ശരിക്കൊന്നു ശ്രമിച്ചാൽ തീരാവുന്നതേയുള്ളു റാഗിങ് എന്ന പ്രശ്‌നം. ഇക്കാര്യത്തിന്റെ ഗൗരവം അവർ മനസ്സിലാക്കാത്തതാണ് മറ്റൊരു കുഴപ്പം എന്നു തോന്നുന്നു. നേതാക്കളെ ഇക്കാര്യത്തിൽ ബോധവൽക്കരിക്കണം.

വേഗത്തിലും മാതൃകാപരമായും ഉള്ള ശിക്ഷയുടെ അഭാവം: റാഗിങ്ങിന് അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് ജാമ്യം കൊടുക്കാതെ തൊണ്ണൂറു ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച് ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണം. റാഗിംഗിന് ഒരു മിനിമം നിശ്ചിത ശിക്ഷ ഉണ്ടാകണം. മൂന്നു വർഷം ജയിൽ ശിക്ഷ, അതുകഴിഞ്ഞ് കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് അതിൽ കൂടുതലാകാം. ഇതുപോലെ തന്നെ അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും ആറുമാസമോ മറ്റോ മിനിമം ശിക്ഷ വിധിക്കണം. മുൻപ് പറഞ്ഞത് പോലെ റാഗിങ് നടത്തിയവരെയും, അത് കണ്ടു നിന്നവരെയും, അതറിഞ്ഞിട്ടും നടപടി എടുക്കാത്ത വാർഡന്മാരേയും അദ്ധ്യാപകരെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്യണം. കോടതിയുടെ വിധി വരാതെ ഇവരെ ഒന്നും തിരിച്ചെടുക്കരുത്...

പോസിറ്റിവ് ആയി ഒന്നും പറഞ്ഞില്ല എന്ന് വേണ്ട. റാഗിംഗിനെ പറ്റി, അതുണ്ടാക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങളെ പറ്റി, അതിനെതിരായ നിയമങ്ങളെ പറ്റി, അതനുഭവിച്ചവർക്കുണ്ടായ മാനസിക പ്രശ്‌നങ്ങളെ പറ്റി, അതിന്റെ പേരിൽ കേസിൽ കുടുങ്ങിയവരുടെ ജീവിതം കുഴപ്പത്തിൽ ആയതിനെ പറ്റി ഒക്കെ ഉദാഹരണ സഹിതം പ്രതിപാദിക്കുന്ന ഒരു അര മണിക്കൂർ വീഡിയോ കേരള സർക്കാർ തയ്യാറാക്കണം. എന്നിട്ട് കോളേജിലും +2 സ്‌കൂളിലും പുതിയ കുട്ടികൾ വരുന്നതിന്റെ തലേ ദിവസം ഇത് എല്ലാ കുട്ടികളും അദ്ധ്യാപകരും നിർബന്ധമായി കാണണം. എന്നിട്ട് ഒരു റാഗിങ് വിരുദ്ധ ഡിക്ലറേഷനിൽ ഒപ്പിടുകയും വേണം. ഇത്രയും ആയിട്ടും പഠിക്കാത്തവർ പിന്നെ കുറച്ചു നാൾ ജയിലിൽ കിടന്നുതന്നെ പഠിക്കട്ടെ.

ഇതൊക്കെ അൽപം കടുപ്പമായി തോന്നുമെങ്കിലും ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ, സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഈ കാൻസർ കരിച്ചുകളയണമെങ്കിൽ അൽപം കടുത്ത പ്രയോഗങ്ങൾ വേണ്ടിവരും. അല്ലെങ്കിൽ ഒരു മരണമോ ആത്മഹത്യയോ എന്തിന്, കൊലപാതകം വരെയോ ഇതിന്റെ പേരിൽ നടന്നേക്കാം. അന്ന് നമ്മൾ തലയിൽ കൈ വച്ചിട്ട് കാര്യമില്ല.

(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആണ് മലയാളിയായ മുരളി തുമ്മാരുകുടി. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്, ഐക്യ രാഷ്ട്ര സഭയുടെതാകണം എന്നില്ല.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP