Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202126Tuesday

'ജനാഭിമുഖമായി കുർബ്ബാന അർപ്പിക്കുമ്പോൾ എന്റെ ജീവിതമൂല്യങ്ങൾ സാംശീകരിക്കുന്നവർ അങ്ങനെ കുർബ്ബാന അർപ്പിക്കട്ടെ; മറിച്ച് ചെയ്യണമെന്നുള്ളവർ അങ്ങനെയും ചെയ്യട്ടെ, നിങ്ങളുടെ ഹൃദയത്തിലും സമൂഹത്തിലും ഞാൻ അനുശാസിച്ച സ്‌നേഹവും സാഹോദര്യവും കരുണയും വളരുന്നുണ്ടോയെന്നതാണ് പ്രധാനം'

'ജനാഭിമുഖമായി കുർബ്ബാന അർപ്പിക്കുമ്പോൾ എന്റെ ജീവിതമൂല്യങ്ങൾ സാംശീകരിക്കുന്നവർ അങ്ങനെ കുർബ്ബാന അർപ്പിക്കട്ടെ; മറിച്ച് ചെയ്യണമെന്നുള്ളവർ അങ്ങനെയും ചെയ്യട്ടെ, നിങ്ങളുടെ ഹൃദയത്തിലും സമൂഹത്തിലും ഞാൻ അനുശാസിച്ച സ്‌നേഹവും സാഹോദര്യവും കരുണയും വളരുന്നുണ്ടോയെന്നതാണ് പ്രധാനം'

അച്ചായൻ

രിക്കൽ റുവാണ്ടയിലെ ഹുട്ടു ഗോത്രവർഗ്ഗക്കാരുടെയിടയിൽ ഒരു തർക്കമുണ്ടായി. കൈകൊണ്ടു ഭക്ഷണം കഴിക്കണോ അതോ സ്പൂണും ഫോർക്കും ഉപയോഗിച്ചു കഴിക്കണോ? ഇടക്കാലം കൊണ്ട് സ്പൂണും ഫോർക്കും ഉപയോഗിക്കുന്നവരുടെ എണ്ണം അവരുടെയിടയിൽ കൂടിക്കൂടി വരുകയായിരുന്നു. തർക്കം മൂത്ത് കലഹത്തിന്റെ വക്കിലെത്തിയപ്പോൾ അവർ ഗോത്രമഹാസഭ വിളിച്ചുകൂട്ടി.

മഹാസഭയിലും ഇരു ചേരിയായിരുന്നു. വഴക്ക് മൂത്തപ്പോൾ ഗോത്രപിതാവ് അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. വേഷഭൂഷാദികൾ കണ്ടപ്പോഴേ അവർക്ക് ആളെ മനസ്സിലായി, അവർ കുമ്പിട്ടു നമസ്‌കരിച്ചു. ഇരുകൂട്ടരുടെയും വാദം ശ്രദ്ധാപൂർവ്വം കേട്ട ശേഷം അദ്ദേഹം പറഞ്ഞു: 'നിങ്ങൾ ഒരു കാര്യം മറക്കരുത്. ആരോഗ്യമാണ് ഏറ്റവും മുഖ്യം. അതിന്, ശുചിത്വത്തോടെ ഭക്ഷണം കഴിക്കുകയാണ് പ്രധാനം. ഈ ലക്ഷ്യം സാധിക്കാൻ മാലിന്യമില്ലാത്ത സ്പൂണും മാലിന്യമില്ലാത്ത കയ്യും ഒരേപോലെ ഉപകാരപ്രദമാണ്. നിങ്ങൾ വഴക്കടിച്ച് നിങ്ങളുടെ മനസ്സമാധാനം നഷ്ടപ്പെടുത്തിയാൽ അപകടത്തിലാകുന്നത് നിങ്ങളുടെ ആരോഗ്യവും ജീവനുമാണ്. അതിനാൽ, ഉടൻ തന്നെ നിങ്ങളുടെ തർക്കം അവസാനിപ്പിക്കുക. കൈകൊണ്ട് കഴിക്കുന്നതിൽ സന്തോഷം കിട്ടുന്നവരെ അതിന് അനുവദിക്കുക; സ്പൂൺ കൊണ്ട് കഴിക്കുന്നതിൽ തൃപ്തി കിട്ടുന്നവരെ അതിനും അനുവദിക്കുക.'

തോമസ് യേശുവിനെയും കൂട്ടി സൂനഹദോസിലേക്ക് ചെന്നുകയറുമ്പോൾ അവിടെ ചൂടേറിയ ചർച്ച നടക്കുകയായിരുന്നു. ചർച്ചാവിഷയം, കുർബ്ബാനയുടെ നേരത്ത് പുരോഹിതൻ എങ്ങോട്ട് തിരിഞ്ഞു നിൽക്കണം? ദൈവജനത്തിന് അഭിമുഖമായി നിൽക്കണമെന്ന് ഒരു പക്ഷം; അതല്ല, ദൈവജനത്തിന് പുറംതിരിഞ്ഞ് നിൽക്കണമെന്ന് മറുപക്ഷം.

ഇരുപക്ഷത്തെയും പണ്ഡിതർ അവരവരുടെ വാദമുഖങ്ങൾ ആവേശപൂർവ്വം നിരത്തി. തെക്കർ വാദിച്ചു: 'ഒരുകാലത്ത് നമുക്ക് നഷ്ടപ്പെട്ട പാരമ്പര്യങ്ങളാണ് നമ്മൾ തിരിച്ചുപിടിക്കേണ്ടത്. അല്ലാതെ, അവയെ നഷ്ടപ്പെടുത്തിക്കളയുകയല്ല വേണ്ടത്. ബലിയർപ്പിക്കുമ്പോൾ കിഴക്കോട്ട് തിരിയുന്നതാണ് നമ്മുടെ പുരാതനമായ പാരമ്പര്യം.'

തങ്ങളുടെ നിലപാട് തെളിയിക്കാൻ അവർ ഉദയംപേരൂർ സുന്നഹദോസിൽ പോർച്ചുഗീസ് മിഷനറിമാർ വരുത്തിയ മാറ്റങ്ങളെ അക്കമിട്ടു നിരത്തി. എന്നാൽ വടക്കരുടെ വാദം മറ്റൊന്നായിരുന്നു. ക്രിസ്തീയ പാരമ്പര്യത്തിന്റെ തുടക്കം നാലാം നൂറ്റാണ്ടിലല്ലന്നും, അതിന് നസ്രസ്സിലെ യേശുവിലേക്ക് തന്നെ പോകണമെന്നും വടക്കർ വാദിച്ചു.

അവരുടെ വാക്കുതർക്കം അടിപിടിയിലെത്തുമെന്നായപ്പോഴാണ് യേശു മൗനം വെടിഞ്ഞത്. അവൻ തോമസിനോട് ചോദിച്ചു: 'നമ്മൾ അന്ന് സെഹിയോൻ ഊട്ടുശാലയിൽ എങ്ങനെ ഇരുന്നാണ് അന്ത്യാത്താഴം കഴിച്ചതെന്ന് നീ ഓർക്കുന്നുണ്ടോ?''അത് ഞാൻ എങ്ങനെ മറക്കും, ഗുരോ? നമ്മൾ അന്ന് കഴിച്ചത് പെസഹാ ഭക്ഷണമായിരുന്നല്ലോ. ഒരു കുടുംബമായി ഒരുമിച്ചിരുന്നല്ലേ നമ്മളന്ന് അത്താഴം കഴിച്ചത്.'

'അതിന് ശേഷമോ?'

'നിന്റെ കാലശേഷം പിന്നീട് ഏറെക്കാലം അപ്പസ്‌തോലരായ ഞങ്ങളും ഞങ്ങളുടെ പിൻതലമുറക്കാരും നിന്നെ അനുകരിച്ച് വീടുകളിൽ ഒരുമിച്ചിരുന്നാണ് അപ്പം മുറിച്ചിരുന്നത്,' തോമസ് കുർബ്ബാനയുടെ ആദിമ ചരിത്രത്തിലേക്ക് കടന്നു.

'പിന്നെ എന്നാണ് ഞാൻ തുടങ്ങിയ ഈ രീതി മാറ്റിമറിക്കപ്പെട്ടത്?' അസ്വസ്ഥതയോടെ യേശു ചോദിച്ചു.

'റോമാചക്രവർത്തി മതം മാറിയതോടെയാണ് അങ്ങ് കൊണ്ടുവന്ന രീതികളൊക്കെ തകിടം മറിഞ്ഞത്. അതോടെയാണ്, സൂര്യദിനമായ ഞായറാഴ്ചയും, സൂര്യഭഗവാന്റെ ജന്മദിനമായ ഡിസംബർ 25-ഉം അങ്ങയുടെ പേരിലേക്ക് ചാർത്തപ്പെട്ടത്. ദൈവാരാധനക്ക് കിഴക്കോട്ട് തിരിയണമെന്ന പാരമ്പര്യവും അങ്ങനെ വന്നതാണ്. തൽഫലമായി, കുടുംബാത്താഴത്തിന്റെ ഓർമ്മപുതുക്കലായിരുന്ന അങ്ങയുടെ കുർബ്ബാന, സർവ്വശക്തനായ ദൈവത്തിനുള്ള ആരാധനയായി മാറി. അത് കിഴക്കോട്ട് തിരിഞ്ഞു നിന്ന് അർപ്പിക്കുന്നതും പുതിയ ശീലമായി വളർന്നുവ്യാപിച്ചു.'

കുർബ്ബാനയുടെ ചരിത്രം കേട്ട യേശു നിശബ്ദനായി. സ്‌നേഹത്തിന്റെ നിറവിൽ താൻ കൈമാറിയ വിടവാങ്ങൽ സമ്മാനത്തിന് സംഭവിച്ച അപഭ്രംശത്തിൽ യേശു ഏറെ ദുഃഖിതനായി. സൂനഹദോസിൽ ഇപ്പോൾ നടക്കുന്ന വാദപ്രതിവാദം കലഹത്തിലും അടിപിടിയിലുമേ അവസാനിക്കുള്ളുവെന്ന് അവന്റെ മനസ്സ് പറഞ്ഞു. അതിനാൽ ഹൃദയവേദനയോടെ യേശു തോമസിനോട് ചോദിച്ചു: 'അന്ത്യ അത്താഴത്തിൽ അപ്പവും വീഞ്ഞും ആശീർവദിച്ച് തന്നശേഷം ഞാൻ എന്താണ് നിങ്ങളോട് നിർദ്ദേശിച്ചതെന്ന് നീ ഓർക്കുന്നോ?'

'സത്യത്തിൽ നിന്റെ ആ നിർദ്ദേശമായിരുന്നല്ലോ കുർബ്ബാന തുടങ്ങാനുള്ള ഞങ്ങൾക്കുള്ള പ്രചോദനം. നിന്റെ ഓർമ്മക്കായി അപ്പം മുറിക്കാനും വീഞ്ഞ് പങ്കുവക്കാനുമാണല്ലോ നീ അന്ന് നിർദ്ദേശിച്ചത്.'

'നീ പറഞ്ഞത് പൂർണമായും ശരിയാണ്,' ശിഷ്യന്റെ ഉത്തരം പകർന്നു കൊടുത്ത അഭിമാനത്തോടെ യേശു വിശദീകരിക്കാൻ തുടങ്ങി. 'എന്റെ ഓർമ്മക്കായിട്ടാണ് കുർബ്ബാനയർപ്പണം. അങ്ങനെയെങ്കിൽ, നിങ്ങൾ കുർബ്ബാന അർപ്പിക്കുമ്പോൾ എന്റെ ഓർമ്മ സജീവമാകണം. അതായത്, ഞാൻ നിങ്ങളുടെ സമൂഹത്തിലും നിങ്ങളുടെ ജീവിതത്തിലും സന്നിഹിതനാകണം. എന്നുവച്ചാൽ, എന്റെ ജീവിതമൂല്യങ്ങളായ സ്‌നേഹവും സാഹോദര്യവും കരുണയും നീതിയും നിങ്ങളുടെ സമൂഹത്തിൽ സംജാതമാകണം. ഇവയില്ലാതുള്ള നിങ്ങളുടെ കുർബ്ബാന അർപ്പണമാണ് യഥാർത്ഥ ദൈവദൂഷണം.'

'അങ്ങനെയെങ്കിൽ, എങ്ങോട്ട് തിരിഞ്ഞുനിൽക്കണമെന്ന ഇവരുടെ ഇപ്പോഴത്തെ തർക്കമോ?' പ്രായോഗികബുദ്ധിയോടെ തോമസ് ചോദിച്ചു.

'അധരത്തെക്കാൾ ഹൃദയത്തിനും, ശരീരത്തെക്കാൾ മനസ്സിനും, ബലിയർപ്പണത്തേക്കാൾ സ്‌നേഹത്തിനും പ്രഥമസ്ഥാനം കൊടുക്കണമെന്ന് ഞാൻ നിങ്ങളെ പഠിപ്പിച്ചതല്ലേ? നീ അത് മറന്നു പോയോ?' കുറ്റപ്പെടുത്തലിന്റെ സ്വരത്തിൽ യേശു ചോദിച്ചു. 'അതുകൊണ്ടുതന്നെ, ജനാഭിമുഖമായി കുർബ്ബാന അർപ്പിക്കുമ്പോൾ എന്റെ ജീവിതമൂല്യങ്ങൾ സാംശീകരിക്കുന്നവർ അങ്ങനെ കുർബ്ബാന അർപ്പിക്കട്ടെ. മറിച്ച് ചെയ്യണമെന്നുള്ളവർ അങ്ങനെയും ചെയ്യട്ടെ. നിങ്ങൾ എങ്ങോട്ട് നോക്കി നിൽക്കുന്നുവെന്നതല്ല, മറിച്ച്, നിങ്ങളുടെ ഹൃദയത്തിലും സമൂഹത്തിലും ഞാൻ അനുശാസിച്ച സ്‌നേഹവും സാഹോദര്യവും കരുണയും വളരുന്നുണ്ടോയെന്നതാണ് പ്രധാനം.'

യേശുവിന്റെ വിധിപ്രസ്താവം കേട്ട ഞാൻ അവനോട് ഒരു നാടകകഥ പറയട്ടേയെന്ന് ചോദിച്ചു. അവൻ സന്തോഷത്തോടെ സമ്മതിച്ചു തലയാട്ടി. അപ്പോൾ ഞാൻ ജി. ശങ്കരപ്പിള്ളയുടെ അമാലന്മാർ എന്ന നാടകത്തിന്റെ ഇതിവൃത്തം പറഞ്ഞു തുടങ്ങി: 'നാല് അമാലന്മാർ അവരുടെ രാജ്ഞിയെ പല്ലക്കിൽ ചുമന്നുകൊണ്ട് നടക്കുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. ഏറെക്കാലമായിട്ട് അവർ രാജ്ഞിയെയും ചുമന്നു കൊണ്ട് നടക്കുകയാണ്. അവർ ചുമക്കുന്നത് ആ രാജ്യത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെയാണെന്നാണ് അവർ പറഞ്ഞുകേട്ടിട്ടുള്ളത്. എന്നാൽ അവരാരും ഇതുവരെ രാജ്ഞിയെ കണ്ടിട്ടില്ല. ഏറെദൂരം മുന്നോട്ട് പോയപ്പോൾ ഒരു ദിവസം അവർ തമ്മിൽ തർക്കമായി, വഴക്കായി. അങ്ങനെ അതിലൊരുത്തൻ കൊല്ലപ്പെട്ടു. അതോടെ, മൂന്നുപേരെക്കൊണ്ട് പല്ലക്ക് ചുമക്കാൻ പറ്റില്ലെന്നായി. യാത്ര മുടങ്ങിയ കാര്യം രാജ്ഞിയെ അറിയിക്കാനായിട്ട് അവർ പല്ലക്കിന്റെ കിളിവാതിൽ തുറന്നുനോക്കുമ്പോൾ കാണുന്നത് രാജ്ഞിയുടെ ഭൗതികശേഷിപ്പുകളാണ്. ഏറെക്കാലം മുമ്പുതന്നെ അവരുടെ രാജ്ഞി മരിച്ചുപോയിരുന്നു; അവർ അത് അറിഞ്ഞിരുന്നില്ല.'

കഥ കേട്ട യേശു സൂനഹദോസിന്റെ നടുവിലേക്ക് ഓടിക്കയറി. പ്രധാനപുരോഹിതരുടെ നേരെ കൈചൂണ്ടി ഉച്ചത്തിൽ അരുളിച്ചെയ്തു: 'നിങ്ങളും അമാലന്മാർ തന്നെ! ജീവസറ്റ ഭൗതികശേഷിപ്പുകൾ ചുമന്നുകൊണ്ട് നടക്കുന്ന അമാലന്മാർ!'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP