Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓഡിറ്റോറിയത്തിലേക്ക് കയറും മുമ്പാണ് രാജീവ് എന്നോട് സെമിനാർ വിഷയം ചോദിച്ചത്; നടുങ്ങിപ്പോയി; നെഞ്ചിടിപ്പോടെ കയറിയപ്പോൾ കാഞ്ഞിരപ്പള്ളി സെയിന്റ് ഡൊമിനിക്‌സ് കോളേജിൽ അന്ന് സംഭവിച്ചത്; വ്യവസായ മന്ത്രി പി.രാജീവിനെ കുറിച്ചുള്ള അഭിലാഷ്‌ ശിവന്റെ രസികൻ ഓർമ

ഓഡിറ്റോറിയത്തിലേക്ക് കയറും മുമ്പാണ് രാജീവ് എന്നോട് സെമിനാർ വിഷയം ചോദിച്ചത്; നടുങ്ങിപ്പോയി; നെഞ്ചിടിപ്പോടെ കയറിയപ്പോൾ കാഞ്ഞിരപ്പള്ളി സെയിന്റ് ഡൊമിനിക്‌സ് കോളേജിൽ അന്ന് സംഭവിച്ചത്; വ്യവസായ മന്ത്രി പി.രാജീവിനെ കുറിച്ചുള്ള  അഭിലാഷ്‌ ശിവന്റെ രസികൻ ഓർമ

അഭിലാഷ് ശിവൻ

കേരളത്തിന്റെ പുതിയ വ്യവസായ / നിയമ വകുപ്പ് മന്ത്രി സ. പി രാജീവിനെക്കുറിച്ചാണ് ...

ർഷം 2002 , ഞാൻ കാഞ്ഞിരപ്പള്ളി സെയിന്റ് ഡൊമിനിക്‌സ് കോളേജിൽ എം എ എക്കണോമിക്‌സ് വിദ്യാർത്ഥി ആയിരുന്ന കാലം. പഠനത്തോടൊപ്പം കോളേജിൽ വിദ്യാർത്ഥി സംഘടനാ ഭാരവാഹിത്വവും, അല്പം പാഠ്യേതര പ്രവർത്തനങ്ങളും എല്ലാം കൊണ്ടുപോയിരുന്നു. അക്കാലത്താണ് ഒരിക്കൽ എക്കണോമിക്‌സ് അസോസിയേഷൻ ഒരു സെമിനാർ സംഘടിപ്പിക്കുന്നതിനെക്കുറിച്ചു ഡിപ്പാർട്‌മെന്റിൽ അദ്ധ്യാപകർ ആലോചിക്കുകയും പ്രഭാഷകനായി കൊണ്ടുവരേണ്ട ആളെക്കുറിച്ചു ചർച്ച ഉണ്ടാക്കുകയും ചെയ്തത്. ഇതറിഞ്ഞപ്പോൾ സുഹൃത് സാഖാക്കളുമായി ആലോചിച്ചു ഞാനാണ് 'പി രാജീവ്' എന്ന നിർദ്ദേശം അദ്ധ്യാപരുടെ മുൻപിൽ വെച്ചത്.

ഒന്നിലധികം കാരണങ്ങൾ കൊണ്ട് ആ പേര് നിരസിക്കപ്പെടാനുള്ള എല്ലാ സാധ്യതയും അപ്പോൾ മുന്നിൽ കണ്ടിരുന്നു. അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധന്മാരാണ് സാധാരണ ഇത്തരം സെമിനാറുകൾ ക്യാമ്പസ്സിൽ സംഘടിപ്പിക്കുമ്പോൾ പങ്കെടുക്കുക. മാത്രമല്ല, പി രാജീവ് എന്ന പേര് അക്കാലത്ത് അദ്ധ്യാപകരിൽ പലർക്കും അപരിചിതം ആയിരുന്നു. വിദ്യാർത്ഥി, യുവജന സംഘടനാ രംഗത്ത് നിന്നും മാറി ദേശാഭിമാനി റസിഡന്റ് എഡിറ്റർ ആയിരുന്നു രാജീവ് അപ്പോൾ. 'അദ്ദേഹം ഒരു രാഷ്ട്രീയക്കാരൻ അല്ലെ, സാമ്പത്തികശാസ്ത്രം അടിസ്ഥാനപ്പെടുത്തി ഒതികച്ചും അക്കാഡമിക് ആയ ഒരു ക്ലാസ് ആണ് നമുക്ക് വേണ്ടത്' എന്നതായിരുന്നു അദ്ധ്യാപകരിൽ പൊതുവെയുള്ള അഭിപ്രായം. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി രാജീവിന്റെ പ്രഭാഷണങ്ങൾ മുൻപ് കെട്ടുള്ള അനുഭവം നൽകിയ ആത്മവിശ്വാസത്തിന്റെ പിൻബലത്തിൽ പരമാവധി ശ്രമം ഞങ്ങൾ നടത്തി നോക്കി. ഇടയിൽ നേരിട്ട ചില കടമ്പകളും തടസങ്ങളും മാറിക്കിട്ടിയതോടെ പി രാജീവ് എന്ന നിർദ്ദേശം പൊതുവിൽ അംഗീകരിക്കപ്പെടുകയും, ഞങ്ങളുടെ ശ്രമം അങ്ങനെ പാതി വഴി വിജയത്തിൽ എത്തുകയും ചെയ്തു. ഒടുവിൽ പ്രഭാഷകന്റെ സമ്മതവും തീയതിയും വാങ്ങി നൽകാൻ ഡിപ്പാർട്‌മെന്റ് മേധാവി നിർദ്ദേശം നൽകി.

അന്ന എസ്എഫ്‌ഐ ഏരിയ സെക്രട്ടറി ആയിരുന്ന കെ രാജേഷ് (ഇന്നത്തെ സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി) മുഖാന്തിരം രാജീവിന്റെ പങ്കെടുക്കാമെന്നുള്ള സമ്മതവും തീയതിയും കിട്ടി, അത് കോളേജിൽ അറിയിച്ചു. തുടർന്ന് സെമിനാർ ഒരുക്കങ്ങൾ ആരംഭിച്ചു .സെമിനാർ നിശ്ചയിച്ച ദിവസം രാവിലെ ട്രെയിനിൽ കോട്ടയം പാർട്ടി ജില്ലാ ഓഫീസിൽ എത്താം എന്നാണ് അദ്ദേഹം ഞങ്ങളെ അറിയിച്ചിരുന്നത്. അതിൻപ്രകാരം ഞാനും രാജേഷും ഒപ്പം കോളേജിലെ സഖാക്കൾ ആയിരുന്ന ജോബി ജോയ്, വിനോദ് എന്നിവർ രാവിലെ തന്നെ കോട്ടയം പാർട്ടി ഓഫീസിൽ എത്തി. കുറെ കഴിഞ്ഞപ്പോൾ ഒരു ഓട്ടോറിക്ഷയിൽ രാജീവ് എത്തി. വന്നപാടെ രാജേഷ് വിദ്യാർത്ഥികളായ ഞങ്ങളെ രാജീവിന് പരിചയപ്പെടുത്തി. പോരുന്ന വഴി പ്രഭാത ഭക്ഷണം കഴിക്കാം എന്ന ഞങ്ങളുടെ നിർദ്ദേശം നിരസിച്ച അദ്ദേഹം പാർട്ടി ഓഫീസിലെ അടുക്കളയിൽ കയറി അവിടെ ഇരുന്ന കുറച്ചു പുട്ടും കടലക്കറിയും കഴിച്ച ശേഷം ഞങ്ങൾ വന്ന മാരുതി ആൾട്ടോ കാറിന്റെ പിൻസീറ്റിൽ കയറി.

ഞങ്ങൾ മുൻപിലും പുറകിലുമൊക്കെയായി അഡ്ജസ്റ്റ് ചെയ്തിരുന്ന് റേഡിയോയിൽ ബാറ്ററി ഇട്ട കണക്കെ കോളേജിലേക്ക് യാത്ര തുടങ്ങി.ഏകദേശം ഒരു മണിക്കൂർ അധികം യാത്ര ഉണ്ട് കോളേജിൽ എത്താൻ. ഞങ്ങൾ അല്പം വൈകിയിരുന്നു. കോളേജിൽ സെമിനാർ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു അപ്പോൾ. വരുന്ന വഴി ശ്വാസം വിടാൻ ഇടയില്ലാതെ ഞെരുങ്ങി ഇരുന്നുകൊണ്ട് ഒരുപാട് ദേശീയ അന്തർദേശീയ വിഷയങ്ങൾ അദ്ദേഹം സംസാരിച്ചു. ഇടയിൽ വെച്ച്, അല്പം മടിച്ചു ഞാൻ ചോദിച്ചു - 'സഖാവിന്റെ കോളേജ് അക്കാഡമിക് പഠന വിഷയം എക്കണോമിക്‌സ് ആയിരുന്നു അല്ലെ ?' ഉത്തരം എന്നെ അല്പം ഞെട്ടിച്ചു. 'ഹേയ് അല്ല. ഡിഗ്രി എക്കണോമിക്‌സ് ആയിരുന്നു,പിന്നെ കെമിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ, നിയമം, പത്രപ്രവർത്തനം അങ്ങനെ പോകുന്നു'. ഞാൻ ചെറുതായി വിയർക്കാൻ തുടങ്ങി.

സാമ്പത്തികശാസ്ത്രത്തിൽ പിഎച്ച്ഡി ഒക്കെ ഉള്ള സാമ്പത്തിക വിദഗ്ധന്മാരും മറ്റുമൊക്കെയാണ് സാധാരണ ഇത്തരം സെമിനാറുകളിൽ കോളേജിൽ പങ്കെടുക്കുക. അത്തരത്തിൽ ഒരാളായിട്ടാണ് ഞാൻ അദ്ദേഹത്തെ ഡിപ്പാർട്ടുമെന്റിൽ അവതരിപ്പിച്ചതും സമ്മതം വാങ്ങിയതും. എന്നാലും വൈവിധ്യ വിഷയങ്ങളിൽ രാജീവിന്റെ പാണ്ഡിത്യത്തിൽ ഞങ്ങൾക്കെല്ലാവർക്കും ഏകദേശ ധാരണ അന്നും ഉണ്ടായിരുന്നു എന്നത് അല്പം ആശ്വാസത്തിന് നിദാനമായി.

ഞങ്ങളുടെ കാർ കോളേജ് എത്താറായി. സമയം വൈകിയതിനാൽ നേരെ ഓഡിറ്റോറിയത്തിൽ എത്താനായിരുന്നു നിർദ്ദേശം. വിദ്യാർത്ഥികളും അദ്ധ്യാപകരുമൊക്കെ ഓഡിറ്റോറിയത്തിൽ എത്തി കാത്തിരിക്കുകയായിരുന്നു അപ്പോൾ. ഞങ്ങൾ കോളേജിൽ എത്താൻ ഏകദേശം അഞ്ചു മിനിറ്റു ബാക്കി ഉള്ളപ്പോളാണ് കാറിന്റെ മുൻപിലിരുന്ന എന്നോട് പിന്നിൽ നിന്നും രാജീവിന്റെ ചോദ്യം - 'സെമിനാറിൽ എന്താണ് വിഷയം? ' അക്ഷരാർത്ഥത്തിൽ ഞാൻ ഞടുങ്ങിപ്പോയി. എക്കണോമിക്‌സ് അസോസിയേഷന്റെ പരിപാടിയാണ് എന്ന് അറിയിച്ചിരുന്നതിനൊപ്പം വിഷയവും നേരത്തെ പറഞ്ഞിരുന്നു എന്നായിരുന്നു എന്റെ വിശ്വാസം. കാർ കോളേജ് ഗേറ്റ് തുറന്നു ഓഡിറ്റോറിയത്തിലേക്കു പ്രവേശിക്കുമ്പോളാണ് ഞാൻ പിന്നിൽ ഞെരുങ്ങി അമർന്നിരിക്കുന്ന രാജീവിനോട് ഒരു ക്ഷമാപണത്തോടെ വിഷയം പറയുന്നത് ' - വിഷയം - 'The Impact of Globalization on Indian economy'.

സാമ്പത്തികശാസ്ത്രം ഐശ്ചിക വിഷയമായി എടുത്തിരിക്കുന്ന ഡിഗ്രി, പിജി വിദ്യാർത്ഥികൾ, കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം മേധാവി, പ്രൊഫസർസ്, കോളേജ് പ്രിൻസിപ്പൽ, മറ്റു വിദ്യാർത്ഥികൾ, മറ്റു ഡിപ്പാർട്‌മെന്റിൽ നിന്നുമുള്ള അദ്ധ്യാപകർ - അങ്ങനെ നല്ല ഒരു അക്കാഡമിക് സദസ്സ്. കാറിൽ നിന്നും രാജീവുമായി ഞങ്ങൾ സ്റ്റേജിലേക്ക്. ആദ്യം പറഞ്ഞപോലെ അക്കാലത്തു രാജീവിന്റെ പ്രൊഫൈൽ എല്ലാവർക്കും അത്ര പരിചിതം അല്ലാതിരുന്നതിനാൽ ചടങ്ങിൽ സ്വാഗതവും അതിഥിയെ പരിചയപ്പെടുത്തുക എന്നീ കർത്തവ്യങ്ങളും നിർവഹിച്ചത് ഞാൻ ആയിരുന്നു. തുടർന്ന് പ്രിൻസിപ്പൽ, സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി എന്നിവർ പ്രസംഗിച്ചു. അതിനു ശേഷം പ്രഭാഷണത്തിനായി പി രാജീവിനെ ക്ഷണിച്ചു.

സെമിനാറിന്റെ വിഷയം നേരത്തെ രാജീവിനെ അറിയിക്കാൻ മറന്നത് പ്രഭാഷണത്തിന്റെ ഗുണപരതയെ സാരമായി ബാധിച്ചേക്കാം എന്ന കലശലായ ഭയം അദ്ദേഹം പ്രസംഗിക്കാൻ എണീക്കുമ്പോൾ അടുത്തിരുന്ന എനിക്ക് ഉണ്ടായിരുന്നു. അപ്പോഴും നേരത്തെ പറഞ്ഞപോലെ വൈവിധ്യമായ വിഷയങ്ങളിൽ രാജീവിന്റെ അഗാധ പാണ്ഡിത്യം ഞങ്ങളിലെ ഭയത്തിന്റെ മുകളിൽ ഊർജമായി നിലകൊണ്ടു.

രാജീവ് പ്രഭാഷണം തുടങ്ങി. 'ഗ്ലോബലൈസഷൻ'' എന്ന കോൺസെപ്റ്റിന് മുൻ ക്യൂബൻ പ്രസിഡന്റ് ആയിരുന്ന ഫിദൽ കാസ്‌ട്രോ നൽകിയ നിർവചനം അതേപടി ഓർമയിൽ നിന്നെടുത്തു ഇംഗ്ലീഷിൽ തന്നെ പറഞ്ഞുകൊണ്ട് ഗംഭീര തുടക്കം. 'Globalization is the consequences of the development of productive forces, that means development of science and technology'. ഐക്യരാഷ്ട്ര സഭയിൽ ഗിന്നസ് റെക്കോർഡ് തിരുത്തികൊണ്ട് തുടർച്ചയായി 7 മണിക്കൂർ പ്രസംഗിക്കവേ ഫിദൽ കാസ്‌ട്രോ 'ആഗോളവൽക്കരണത്തിന്' നൽകിയ നിർവചനം ആയിരുന്നു അത്. ഒരു മണിക്കൂറിൽ അധികം ഇടതടവില്ലാതെ ഒരു അദ്ധ്യാപകൻ ക്ലാസ് എടുക്കുന്നതിനു തുല്യമായ പ്രഭാഷണം. സദസ്സിൽ ഉള്ള വിദ്യാർത്ഥികൾ മാത്രമല്ല അദ്ധ്യാപകർ പലരും ക്ലാസ്സിൽ നമ്മൾ ലെക്ചർ നോട്ട് എഴുതുന്ന പോലെ രാജീവ് തന്റെ പ്രഭാഷണത്തിൽ കൈമാറിയ അറിവുകൾ കുറിച്ചെടുക്കുന്നത് അല്പം അഹങ്കാരത്തോടെ ഞാനും സുഹൃത്തുക്കളും നോക്കിയിരുന്നു.

രാജീവിന്റെ സുദീർഘമായ പ്രഭാഷണം കഴിഞ്ഞതോടെ സെമിനാർ അവിടെ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ മറ്റൊരു ഡിപ്പാർട്‌മെന്റിൽ നിന്നും വന്ന ഡോക്ടർ ബാബു സർ എണീറ്റു നിന്ന് രാജീവിന്റെ ഒരു സെഷൻ കൂടെ വേണം എന്ന് പറഞ്ഞു. അദ്ധ്യാപകരും വിദ്യാർത്ഥികളുമായി പലരും വന്ന് വിഷയത്തെ അധികരിച്ച് പല സംശയങ്ങളും നിരീക്ഷണങ്ങളും ഉന്നയിച്ചു. ശേഷം സംശയങ്ങൾക്കുള്ള രാജീവിന്റെ മറുപടി. ആദ്യത്തേതിനെ കവച്ചു വെക്കുന്നതായിരുന്നു രണ്ടാമത്തെ സെഷൻ.

അന്ന് ആ ക്ലാസ്സിൽ രാജീവ് പറഞ്ഞ പല ഉദ്ധരണികളും നിർവചനങ്ങളും ഇപ്പോഴും സ്വകാര്യ സംഭാഷണത്തിൽ അന്നത്തെ കോളേജ് സുഹൃത്തുക്കൾ അതേപടി പറയാറുണ്ട് എന്നത് ഒരു അതിശയോക്തി അല്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. അത്രമാത്രം വിദ്യാർത്ഥികളിലേക്കു ആഴ്ന്നിറങ്ങി ഒരു ക്ലാസ് എടുക്കാൻ രാജീവിന്റെ പാണ്ഡിത്യത്തിനും അദ്ദേഹത്തിന്റെ ഉള്ളിലെ അദ്ധ്യാപകനും കഴിഞ്ഞു എന്നതാണ് യാഥാർഥ്യം.

സെമിനാർ കഴിഞ്ഞു പുറത്തിറങ്ങി, കോളേജ് ക്യാന്റീനിൽ നിന്നും അല്പം ചോറും മോര് കറിയും കഴിച്ചു രാജേഷിനൊപ്പം രാജീവിനെ യാത്രയാക്കി. അപ്പോളാണ് എക്കണോമിക്‌സ് ഡിപ്പാർട്മെന്റിലേക്കു ചെല്ലാൻ പറഞ്ഞു എന്ന് കോളേജിലെ അറ്റൻഡർ എന്നോട് വന്ന് പറഞ്ഞത്. അല്പം ആശ്ചര്യത്തോടെ ഞാൻ ചെന്നു. ആദ്യം തന്നെ Prof ടെസ്സി ടീച്ചർ എന്നെ നോക്കി പറഞ്ഞു - '''an excellent speech'. ഡോക്ടർ ജോസ് നടുത്തൊട്ടി സാറും സമാന അഭിപ്രായം പറഞ്ഞു. പിന്നെ രാജീവിനെപ്പറ്റി കൂടുതൽ കാര്യങ്ങൾ അവർ എന്നോട് ചോദിച്ചു. രാജീവിനെക്കുറിച്ചു വിദ്യാർത്ഥി സംഘടന പ്രവർത്തനരംഗത്ത് നിന്നും മനസിലാക്കിയ എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞു.

ഇക്കണോമിക്സിൽ ഡിഗ്രിക്കു ശേഷം മറ്റൊരു വിഷയം പഠിച്ച ആൾ ആണ് രാജീവ് എന്ന് പറഞ്ഞത് പ്രഭാഷണം കേട്ട അദ്ധ്യാപർക്കെല്ലാം അവിശ്വനീയം ആയിരുന്നു. കാരണം അത്രമാത്രം ഉയർന്ന അക്കാഡമിക് ബ്രില്യൻസ് ഉള്ള ഒരു പ്രഭാഷണം അല്ലെങ്കിൽ ക്ലാസ് ആയിരുന്നു അത്.
രാജ്യസഭയിൽ നിന്നും വിടവാങ്ങിയ സമയത്തു അന്നത്തെ ഇന്ത്യൻ ധനകാര്യ മന്ത്രി ആയിരുന്ന അരുൺ ജെയ്റ്റ്‌ലിയുടെ ഒരു പ്രസംഗം കേൾക്കാനിടയായി. അതിൽ ജെയ്റ്റ്ലി പറഞ്ഞു - 'P Rajeev is an encyclopedia' .. അത് കേട്ടപ്പോൾ എനിക്ക് ഒരു പുതുമയോ അത്ഭുതമോ തോന്നിയില്ല. എനിക്ക് മാത്രമല്ല, രാജീവിനെ അറിയുന്ന ആർക്കും. - 'he is really an encyclopedia'.
ഉറപ്പാണ് ... പശ്ചാത്തപിക്കേണ്ടി വരില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP