Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോവിഡ് കാലഘട്ടത്തിൽ, "ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീര് കണ്ടാൽ മതിയെന്ന്" മട്ടിൽ കേരളത്തിൽ രാഷ്ട്രീയം കളിക്കുവാൻ ഇറങ്ങിയവരെ, നിഷ്പക്ഷമതികൾ നിങ്ങൾക്ക് മാപ്പു തരില്ല; കോവിഡ് കാലത്തെ രാഷ്ട്രീയ നാടകങ്ങളെ കുറിച്ച് വിത്സൺ കരിമ്പന്നൂർ എഴുതുന്നു

കോവിഡ് കാലഘട്ടത്തിൽ,

വിത്സൺ കരിമ്പന്നൂർ

കോവിഡ് ഉളവാക്കിയ നടുക്കത്തോടെയാണ് ലോകത്തിലെ ഓരോ മനുഷ്യരും ഇന്ന് കഴിയുന്നത്. എങ്ങനെയെങ്കിലും ഈ മാറാവ്യാധി ഒന്ന് മാറിക്കിട്ടിയാൽ മതിയെന്നാണ് ഓരോരുത്തരും പ്രാർത്ഥിക്കുക. മനുഷ്യർ പുഴുക്കളെപ്പോലെ മരിച്ചു വീഴുന്നത് കണ്ടും കേട്ടും മനസ്സ് മരവിച്ചിരിക്കുകയാണ്. സത്യം പറയാം; ഇതുപോലെയൊരു പ്രതിസന്ധി ഈ ജീവിതത്തിൽ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയും ഭീകരമായി കാര്യങ്ങൾ മാറിയിട്ടും, നാം പ്രതീക്ഷ വച്ച് പുലർത്തിയ ചിലർ നാണംകെട്ട ശൈലിയിൽ രാഷ്ട്രീയം കളിക്കുന്നത് കണ്ടു സഹികെട്ടാണ് ഈ കുറിപ്പ് എഴുതുവാൻ തുനിഞ്ഞത്. എഴുതിക്കൊണ്ടിരുന്നപ്പോൾ ആണ് ശശി തരൂരിനെ പറ്റി ഒരു നല്ല വാർത്ത വന്നത്.

ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് ലഭിച്ചത് അർഹിച്ച അംഗീകാരം തന്നെ എന്ന് ചൂണ്ടിക്കാട്ടി, ശൈലജ ടീച്ചറെ റോക്ക് സ്റ്റാർ ആക്കി പ്രശംസിച്ചുള്ള ഗാർഡിയൻ അഭിമുഖം ഷെയർ ചെയ്ത്കോവിഡ് കാലത്തെ പോസിറ്റീവ് രാഷ്ട്രീയക്കളി നടത്തിയ ശശി തരൂരിനെ പറ്റിയുള്ള വാർത്തയാണത്. അതിൽ വലിയ സന്തോഷം തോന്നി. നാലാംകിട രാഷ്ട്രീയത്തിനുപരി കാര്യങ്ങൾ വ്യക്തമാക്കുന്ന ചിലരെങ്കിലും നമ്മുടെ ഇടയിൽ ഉണ്ടല്ലോ, ആശ്വാസം തോന്നി. ശശി തരൂ ർ തുടക്കം മുതലേ സർക്കാരിന്റെ പ്രവർത്തനങ്ങളോട് സഹകരിച്ച് മാതൃക കിട്ടിയതാണ്.

കോവിഡ് കൈകാര്യം ചെയ്തതിൽ ലോകത്തിലെ വികസിത രാജ്യങ്ങൾ മിക്കതും അതിദയനീയമായി പരാജയപ്പെട്ടുവെന്നത് ആർക്കും നിഷേധിക്കുവാൻ ആവാത്ത വസ്തുതയാണ്. കാരണം ഈ രോഗം അതുപോലെ ഭീകരവും വ്യത്യസ്തവും ആണ്. ഇതുവരെ മനുഷ്യരാശി കൈകാര്യം ചെയ്തിട്ടുള്ള രോഗങ്ങളിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്ന ഈ രോഗം പകരുന്നത് അതിവേഗമാണ്. പ്രതിരോധ വാക്സിനുകൾ ഇല്ല, ചികിൽസിക്കുവാൻ മരുന്നുകൾ ഇല്ല. ആകെ കൂടിയുള്ള വഴി സാമൂഹിക അകൽച്ച പാലിക്കുക എന്നത് മാത്രമാണ്.

സാമൂഹ്യഅകൽച്ച പാലിക്കുവാൻ ഏറ്റവും മികച്ച ശ്രദ്ധ നൽകി, ഈ രോഗത്തിന്റെ വ്യാപനം നിയന്ത്രിക്കുന്നതിൽ വിജയിച്ച സംസ്ഥാനമാണ് കേരളം. ലോകം തന്നെ അത്ഭുതത്തോടെയാണ് കേരളത്തിന്റെ നേട്ടത്തെ കാണുന്നത്. അതിൽ ലോകത്തുള്ള ഓരോ മലയാളിയും അഭിമാനിക്കുന്നുണ്ട്. അതിന്റെ നേട്ടം ഭരിക്കുന്ന സർക്കാരിനും, ഒപ്പം കേരളത്തിൽ വസിക്കുന്ന ജനങ്ങൾക്കും അർഹതപ്പെട്ടതാണ്. കേരളീയരുടെ ഉയർന്ന ആരോഗ്യശ്രദ്ധയും ശുചിത്വബോധവും ആണ് അതിനു സഹായിച്ചത്

കേരളം ഇത്രയും മികച്ച നേട്ടം കൈവരിച്ചപ്പോൾ കേരളത്തിലെ രാഷ്ട്രീയരംഗത്തുള്ള ചില നേതാക്കന്മാർക്ക് അത് സഹിച്ചില്ലായെന്ന് തോന്നുന്നു . അവർ കേരളത്തിൽ നടക്കുന്നതെല്ലാം എന്തോ പരാജയമാണ് എന്ന മട്ടിൽ പ്രതികരിക്കുവാൻ തുടങ്ങി. ലോകത്തിൽ എങ്ങുമില്ലാത്തവണ്ണം കോവിഡിനെ പ്രതോരോധിക്കുവാൻ സാധിച്ചത് ഒരു അപരാധം പോലെയാണവർ കാണുന്നത് എന്നാണ് അവരുടെ നിലപാടുകൾ വ്യക്തമാക്കുന്നത്. അവരിൽ ചിലരെങ്കിലും ഇവിടെ ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ, യു എസ്‌ പോലെയുള്ള അവസ്ഥയിൽ കാര്യങ്ങൾ പോകണമായിരുന്നുവെന്നു ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു. കുറഞ്ഞ പക്ഷം മഹാരാഷ്ട്ര പോലെയോ, ഗുജറാത്തു പോലെയോ ആയിരുന്നുവെങ്കിൽ ഭരിക്കുന്നവരുടെ മെയ്‌ക്കിട്ടു കയറാമായിരുന്നു. അതൊന്നും നടക്കാത്തതിൽ അവർക്കു നിരാശ ഉള്ളത് പോലെ തോന്നുന്നു

"പുര കത്തുമ്പോൾ വാഴ വെട്ടുവാൻ കാത്തിരിക്കുന്നവരെ" പറ്റി കേട്ടിട്ടുണ്ട്. ഈ വിമർശകരിൽ ചിലരൊക്കെ ആ ഗണത്തിൽ ഉള്ളവരെന്നു തോന്നിപ്പോയി. അങ്ങനെ വാഴ വെട്ടുവാൻ നടക്കുന്നവരെ നാട്ടുകാർ കൈകാര്യം ചെയ്യുന്നത്, മുരിക്കിൻ പത്തല് വച്ചാണ്. ഈ കൂട്ടരിൽ ചിലർക്ക് അതിനു യോഗ്യത ഉണ്ട്. നാട്ടിൽ ഒരു പ്രതിസന്ധി വരുമ്പോൾ അതിനെ ഒറ്റക്കെട്ടായി നേരിടുകയെന്നത് ഒരു സാധാരണമര്യാദ ആണ്. ലോകത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്തവണ്ണം ഒരു ഭീകര വ്യാധി തകർത്താടുമ്പോൾ അതിൽ നിന്ന് സ്വന്തം ജനങ്ങളെ കാത്തു പരിപാലിക്കുവാൻ വേണ്ടി കക്ഷിരാഷ്ട്രീയം മറന്നു പോരാടേണ്ടത് ഓരോ നേതാവിന്റെയും കടമയാണ്. അതിനു ശ്രമിക്കാതെ "ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീര് കണ്ടാൽ മതിയെന്ന്" മട്ടിൽ രാഷ്ട്രീയം കളിക്കുവാൻ ഇറങ്ങിയവർ, കേരളത്തിൽ രാഷ്ട്രീയതിമിരം ബാധിക്കാത്ത മനുഷ്യരും ഉണ്ടെന്ന് ഓർക്കുന്നത് നല്ലതായിരിക്കും

ഏറ്റവും സങ്കടകരമായ സംഗതി ഈ കൂട്ടരിൽ പലരും യുവനേതാക്കൾ ആണെന്നുള്ളതാണ്. സാധാരണഗതിയിൽ യുവനേതൃത്വത്തിൽ ആണ് പലരുടെയും പ്രതീക്ഷ. എന്നാൽ ഇവിടെ അവരാണ് ഏറ്റവും അസഹിഷ്ണത കാട്ടിയത്. ഈ ലേഖകൻ വലിയ പ്രതീക്ഷയോടെ കണ്ട ചിലർ ഈ കൂട്ടത്തിൽ ഉണ്ട്. ഇപ്പോൾ അവരുടെ ചെയ്തികൾ കണ്ടപ്പോൾ ഈ കളിമൺവിഗ്രഹങ്ങളെയാണല്ലോ ഇത്രയും കാലം സ്വർണ്ണവിഗ്രഹം ആയി കണ്ടത് എന്നോർത്ത് പോകുകയാണ് .

ഇത്രയും എഴുതിയതുകൊണ്ട്, ലേഖകൻ ഏതോ രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധിയാണെന്നു ധരിക്കരുത്. ഒരു കക്ഷിയിലും അംഗവുമല്ല, ആരുടേയും വക്താവും അല്ല. നന്മയെ നന്മ ആയി കാണും. തെറ്റിനെ തെറ്റായിട്ടും കാണുവാൻ ഒരു മടിയുമില്ല. കേരളത്തിലെ കോവിഡ് പ്രതിരോധത്തിലെ വിജയം ചക്ക വീണ്‌ ഒരു മുയൽ ചത്തത് പോലെയാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അവർക്കു തെറ്റി. മറ്റേതൊരു കാര്യം പോലെ അത്ര നിസ്സാരമല്ല കോവിഡ് 19 പ്രതിരോധം.അത് ലോകം മുഴുവനും തെളിഞ്ഞതാണ്.

ഇന്ത്യയിലെ കോവിഡ് തലസ്ഥാനമായ മുംബൈയിൽ നിന്നാണ് ഈ കുറിപ്പ് എഴുതുന്നത്. ഇവിടെ കഴിയുന്നവർക്ക് അറിയാം കോവിഡ് 19-ന്റെ മുമ്പിൽ, ജനങ്ങൾ സാമൂഹിക അകലം പാലിക്കാത്തതിന് കൊടുക്കേണ്ടി വന്ന വിലയെന്താണെന്ന്. കേരളം സാമൂഹിക അകലം പാലിക്കുന്നതിനുവേണ്ടി എത്രമാത്രം പ്രാധാന്യം കൊടുത്തുവെന്ന് ഊഹിക്കുവാൻ കഴിയും.

കേരളത്തിന്റെ ഈ രംഗത്തെ പ്രവർത്തനത്തിന്റെ മേൽമ കാണിക്കുവാൻ, രണ്ട്‌ സംഭവങ്ങൾ താരതമ്യപ്പെടുത്തി എഴുതുന്നു. മുംബൈയിലെ ഒരു പരിചയക്കാരൻ പറഞ്ഞ കാര്യമാണ്, അദ്ദേഹം മുംബൈയുടെ അടുത്തുള്ള വസായ് എന്ന ടൗണിലെ ഒരു ബാങ്കിലെ ഉദ്യോഗസ്ഥൻ ആണ്. ആ ബാങ്കിൽ കഴിഞ്ഞ ദിവസം, പൻവേൽ എന്ന സ്ഥലത്തു നിന്ന് ഒരാൾ സ്വന്തം കാറിൽ വന്നു. റായ്‌ഗഡ് ജില്ലയിലെ പൻവേലിൽ നിന്ന് അയാൾ ആദ്യം താനാ ജില്ലയിൽ പ്രവേശിച്ചു.അവിടെ നിന്ന് മുംബൈ ജില്ലയിൽ കയറിട്ട് യാത്ര തുടർന്ന് വീണ്ടും താനാ ജില്ലയിൽ കൂടി അവസാനം പാൽഘർ ജില്ലയിലെ വസായിൽ എത്തി ഇതിനിടയിൽ 4 തവണ ജില്ലയുടെ അതിർത്തി കടന്നു. ഏറ്റവും അതിശയിക്കപ്പെടുന്ന സംഗതി ഇതിനിടയിൽ ഒരു വട്ടം പോലും പൊലീസ് അയാളെ തടയുകയോ പാസ്‌ ആവശ്യപ്പെടുകയോ ചെയ്തില്ല. ഇതിൽ മുംബൈ ജില്ലയും താനാ ജില്ലയും റെഡ് സോൺ ആണ്. ഒപ്പം രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ കോവിഡ് 19 കേസുകൾ ഉള്ളതുമായ ജില്ലകൾ ആണ് . അവിടുത്തെ ജാഗ്രതയുടെ തീവ്രത മനസ്സിൽ ആയല്ലോ

ഇനിയും മറ്റൊരു സുഹൃത്തിന്റെ അനുഭവം പറയാം. ഓഎൻജിസിയുടെ, മുംബൈ ആഴക്കടലിലെ പ്ലാറ്റഫോമിൽ 14 ദിവസം ജോലി ചെയ്യുന്ന ഷിഫ്റ്റിന് പകരം, ലോക്ക് ഡൗൺ കാരണം 60 ദിവസം ജോലി ചെയ്യേണ്ടി വന്ന ആളാണ്. പ്രസ്തുത വ്യക്തിയെ കമ്പനിചാർട്ടേഡ് ഫ്ലൈറ്റിൽ നെടുമ്പാശേരിയിൽ ഈ മാസം 13 നു രാത്രിയിൽ എത്തിച്ചു. അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനു വേണ്ടി സർക്കാരിന്റെ എയർപോർട്ടിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വേണ്ട ക്രമീകരണങ്ങൾ ചെയ്തുകൊടുത്തു. ഓരോ ജില്ലയും കടക്കുവാനുള്ള അനുവാദവും ഓൺലൈനിൽ കൂടി അദ്ദേഹത്തിന് ലഭിച്ചു. രാത്രി പതിനൊന്നരയോട് കൂടി അദ്ദേഹം കാറിൽ തിരുവനന്തപുരത്തേക്കു തിരിച്ചു. പാതിരാത്രിയിൽ ആലപ്പുഴ ജില്ലയുടെ അതിർത്തിയിലും, കൊല്ലം ജില്ലയുടെ അതിർത്തിയിലും, തിരുവനതപുരം ജില്ലയുടെ അതിർത്തിയിലും പൊലീസുകാർ വണ്ടി തടഞ്ഞു നിർത്തി, പെർമിഷൻ ചെക്ക് ചെയ്‌തിട്ട്‌ പോകുവാൻ അനുവദിച്ചു. ഒരു കോവിഡ് രോഗിയും ഇല്ലാത്ത ആഴക്കടലിലെ പ്ലാറ്റഫോമിൽ നിന്ന് എത്തിയ ആൾ 14 ദിവസത്തെ ഭവനകോറന്റൈനിൽ ഇപ്പോൾ വസിക്കുകയാണ്.

മുകളിൽ കൊടുത്ത സംഭവങ്ങൾ രണ്ടും പരിശോധിച്ചാൽ കേരളത്തിന്റെ നേട്ടത്തിന്റെ പിന്നിലെ ശ്രദ്ധയും അദ്ധ്വാനവും എന്താണെന്നു മനസ്സിലാകും. ആ യാഥാർഥ്യം കാണാതെ തിമിരം ബാധിച്ച കണ്ണുമായി രാഷ്ട്രീയം കളിച്ചാൽ കാലം മാപ്പു തരില്ല.രാഷ്ട്രീയം കളിക്കുന്നവരെ അതിനു പ്രേരിപ്പിക്കുന്ന വസ്തുത ഭരിക്കുന്ന സർക്കാരിനെ മോശപ്പെടുത്തിയില്ലേൽ, അടുത്ത തിരഞ്ഞെടുപ്പിൽ അവർ വലിയ നിലയിൽ ജയിച്ചു കയറുമെന്നായിരിക്കും. എന്നാൽ ഒരു കാര്യം പറയട്ടെ; അങ്ങനെയൊന്നും കേരളത്തിൽ സംഭവിക്കില്ലായെന്നു കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് തെളിയിച്ചതാണ്.

2018 ഓഗസ്റ്റ് മാസത്തിൽ കേരളത്തിൽ ഉണ്ടായ പ്രളയം ആരും ഇതിനോടകം മറന്നു കാണില്ലല്ലോ. ആ പ്രളയത്തിനെയും നിലവിലെ ഗവർമെന്റ് നല്ല നിലയിൽ ആണ് നേരിട്ടത്. അന്ന് പ്രതിപക്ഷം ഇന്നത്തെ നാണംകെട്ട പൊളിറ്റിക്സ് കളിച്ചിരുന്നില്ല. ഒറ്റപ്പെട്ട കളികൾ ഉണ്ടായിരുന്നുവെന്ന വസ്തുത മറക്കുന്നില്ല. ലോകത്തിന്റെ പല ഭാഗത്തു നിന്നും ഗവർമെന്റിന്റെ ദുരിതനിവാരണപ്രക്രീയയെ അഭിനന്ദിച്ചിരുന്നു. അന്നത്തെ നിലവച്ച് നോക്കിയാൽ ഭരണകക്ഷി നല്ല ജനപിന്തുണയിൽ ആയിരുന്നു. എന്നാൽ ഒരു വർഷം പോലും തികയുന്നതിനു മുമ്പ്, 2019 ഏപ്രിലിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഭരണകക്ഷി ഇരുപതിൽ പത്തൊമ്പത് ഇടത്തും തോറ്റമ്പി.

അന്നത്തെ ഇലക്ഷൻ തോൽവിയുടെ കാരണം തേടി പാഴുർ പടിപ്പുരയൊന്നും പോകണ്ട. കേരളത്തിലെ മിക്കവാറും ജനങ്ങൾക്കും വ്യക്തമായ രാഷ്ട്രീയം ഉണ്ട്. അവർ ഗവർമെന്റിന്റെ ഭരണം നോക്കിയല്ല വോട്ടു ചെയ്യുന്നത്, തികച്ചും പാർട്ടി നോക്കിയാണ് വോട്ട് ചെയ്യുന്നത്. പിന്നെ വിജയപരാജയം തീരുമാനിക്കുന്ന ഒരു നിഷ്പക്ഷം ഉണ്ട്, അവർ ഇലക്ഷൻ സമയത്തെ സ്ഥിതി നോക്കിയാണ് വോട്ടു ചെയ്യുന്നത്. അതിലും ഭരണവിരുദ്ധവികാരമാണ് മിക്കപ്പോഴും നിഴലിക്കുന്നത്. അതിനാൽ അടുത്ത തിരഞ്ഞെടുപ്പ് നോക്കി കൂട്ടായ പ്രവർത്തനങ്ങൾ നടക്കേണ്ട സമയത്തു് ഇടുങ്ങിയ രാഷ്ട്രീയം കളിക്കുന്നത്, ജനവിരുദ്ധതയാണെന്നു മനസ്സിലാക്കണം. അത് നിഷ്പക്ഷമതികളുടെ അപ്രീതിയിലേക്കു നയിക്കുവാൻ സാധ്യത ഏറെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP