Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ജിഹാദിനു തയ്യാറുള്ളവർ കൈപൊക്കുക' എന്നാവശ്യപ്പെട്ടുള്ള തീവ്രപ്രസംഗം; ഐഎസ്എസ് റൂട്ടുമാർച്ച് കടന്ന് പോകുന്ന വഴിയിൽ ഒതുങ്ങി തരാത്തവരെ ചൂരലിനു അടിച്ചവർ; മദനിയുടെ ജയിൽ വാസം അയാൾ അർഹിച്ചത് തന്നെയാണു; അയാൾ തീവ്രവാദി ആണെന്ന് പറയാൻ എനിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ട: അനീഷ് ഷംസുദ്ദീൻ എഴുതുന്നു

'ജിഹാദിനു തയ്യാറുള്ളവർ കൈപൊക്കുക' എന്നാവശ്യപ്പെട്ടുള്ള തീവ്രപ്രസംഗം; ഐഎസ്എസ് റൂട്ടുമാർച്ച് കടന്ന് പോകുന്ന വഴിയിൽ ഒതുങ്ങി തരാത്തവരെ ചൂരലിനു അടിച്ചവർ; മദനിയുടെ ജയിൽ വാസം അയാൾ അർഹിച്ചത് തന്നെയാണു; അയാൾ തീവ്രവാദി ആണെന്ന് പറയാൻ എനിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ട: അനീഷ് ഷംസുദ്ദീൻ എഴുതുന്നു

അനീഷ് ഷംസുദ്ദീൻ

ദനി തീവ്രവാദി ആണെന്ന് പറയാൻ എനിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടിവരില്ല. നൂറു തവണ പറയും അയാൾ തീവ്രവാദി തന്നെ ആണെന്ന്. കണ്ണൂരു പോലും ബോംബ് എന്താന്ന് അറിഞ്ഞു തുടങ്ങുന്നതിനു മുൻപ് തൊണ്ണൂറുകളിൽ iSS കാരുടെ ആയുധ ശേഖരത്തിൽ നിന്ന് ബോംബ് സ്ഫ്ടനം ഉണ്ടായ നാടാണു എന്റ നാട്. ആ എനിക്ക് ഇയാൾ തീവ്രവാദി അല്ലാന്ന് പറയാൻ ഒരു നിമിഷം പോലും ആലോചിക്കേണ്ട ആവശ്യമില്ല. ചിന്ത്കളെ മാത്രമല്ല രോമകൂപങ്ങളെപോലും തീപിടിപ്പിക്കുന്ന മദനിയുടെ പ്രസംഗങ്ങൾ കേട്ട് ഇസ്ലാമിക രാജ്യം പടുത്തുയർത്താൻ ജീവിതം ത്യജിച്ച് ഇറങ്ങിയ ഒരു കൂട്ടം യുവാക്കൾ എന്റ നാട്ടിൽ ഉണ്ടായിരുന്നു. മദനിയുടെ ബ്ലാക്ക് ക്യാറ്റ് വരെ ആയിരുന്നു അവരിൽ പലരും. രണ്ട് കാലുണ്ടായിരുന്നപ്പോൾ മദനി എന്റ നാട്ടിൽ iSS ഓഫീസ് ഉൽഘാടനം ചെയാൻ വന്നിരുന്നത് ഇന്നും എനിക്കോർമ്മയുണ്ട്. 'ഇതിൽ ജിഹാദിനു തയാറുള്ളവർ കൈപൊക്കുക ' എന്നയാൾ ആവശ്യപ്പെട്ട ഞാൻ നേരിട്ട് കേട്ടതാണു.

ജിഹാദെന്നാൽ ചക്കയാണൊ മാങ്ങയാണൊ എന്നുപോലും അറിയാത്ത ഒരു കാലമായിരുന്നു അന്നൊക്കെ. അന്നുമുതലേ ഇയാൾ ജിഹാദിനു തയാറുള്ളവരുടെ കണക്കെടുപ്പ് നടത്തുകയായിരുന്നു, എന്ന് ഇന്ന് അൽഭുതത്തോടെ മാത്രമേ ഓർക്കാൻ കഴിയുന്നൊള്ളു. അന്നൊക്കെ നാട്ടിൽ സ്ഥിരം പൊലീസ് ക്യാംബുകളാണു. നാട്ടിലെ പത്തൊ പതിനഞ്ചൊ വരുന്ന കുറച് യുവാക്കൾ മാത്രമാണു മദനി ശിഷ്യന്മാരായ iSS കാർ. പക്ഷെ പൊലീസിന്റെ കണക്കിൽ 'കലാപ ബാധിതപ്രദേശമായിരുന്നു 'എന്റ നാട്. തൊട്ടടുത്ത പ്രദേശത്തുള്ളവരൊക്കെ ഭീതിയോടെ മാത്രം സംസാരിച്ചിരുന്ന ഒരു നാടായിരുന്നു എന്റത് . 'പഞ്ചാബ് ' എന്നായിരുന്നു അടുത്തുള്ളവരൊക്കെ ഞങ്ങളുടെ നാടിനെ വിളിചിരുന്നത്.

ഇന്നത്തെ പോലെ മനുഷ്യാവകാശങ്ങൾക്കൊന്നും വല്യ വിലയില്ലാത്ത കാലമായിരുന്നു. പൊലീസ് ക്യാംബ് എന്നത് ഇന്നത്തെ കാലഘട്ടത്തിൽ ചിന്തിച്ചാൽ അതിന്റെ ഭീകരത മനസിലാകില്ല. നാട്ടിൽ മര്യാദക്ക് ജീവിച്ചിരുന്ന ആളുകൾക്ക് പോലും ഒളിവിൽ പോകേണ്ടിവന്നു. വീടുകളിൽ സ്ത്രീകൾ മാത്രമാണുള്ളത്. തങ്കമണി സംഭവത്തിന്റെയൊന്നും അലയൊലികൾ അടങ്ങിയട്ടില്ല . ഏത് സമയവും വാതിൽ തൊഴിച് തെറിപ്പിക്കുന്ന ബൂട്ടിന്റെ കാലൊച്ച പ്രതീക്ഷിച്ചായിരുന്നു ഓരോ ഉമ്മമാരും എന്റ നാട്ടിൽ ജീവിച്ചിരുന്നത്. ഇതൊക്കെ കണ്മുന്നിൽ കണ്ടുകൊണ്ട് വളർന്ന ഒരു ബാല്യമായിരുന്നു എന്റേത്. iSS റൂട്ട് മാർച്ച് ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവൻ അജീവാനന്തരം ഒരു മുസ്ലിം വിരോധി ആകും. പട്ടാപ്പകൽ കടകളിൽ കയറി കൊള്ളചെയ്യുക , ഹോട്ടലിൽ ആഹാരം കഴിച്ച് കഴിഞ്ഞ് ' അള്ളാഹു അക്‌ബർ ' എന്ന് വിളിച് ഇറങ്ങിപോരുക , റൂട്ടുമാർച്ച് കടന്ന് പോകുന്ന വഴിയിൽ ഒതുങ്ങി തരാത്തവരെ ചൂരലിനു അടിക്കുക ... ഇപ്പോൾ ഇതൊക്കെ കേട്ടാൽ , കേൾക്കുന്ന നിങ്ങൾക്ക് അവിശ്വസനീയമായി തോന്നാം . എന്നാൽ ഇത് തൊണ്ണൂറുകളിൽ സംഭവിച കാര്യം തന്നെയാണു.

മിനി പഞ്ചാബായ എന്റ നാട്ടിലെ തീവ്രവാദത്തെയും പഞ്ചാബിലെ പോലെ തന്നെ പൊലീസ് അടിച്ചമർത്തുകയായിരുന്നു. ഇന്ന് കേരള പൊലീസിലെ SP മാരായ ഉണ്ണി രാജയും , ശശിധരനുമൊക്കെ ആലുവയിൽ ജോലി ചെയ്തിരുന്നപ്പോൾ അടിച്ചമർത്തിയതാണു എന്റ നാട്ടിലെ iSS തീവ്രവാദത്തെ. ഒന്നൊഴിയാതെ എല്ലാവരെ അറസ്റ്റ് ചെയ്തു. ലോക്കപ്പ് മർദ്ദനവും, ദീർഘനാളത്തെ കോടതി വരാന്ത കയറി ഇറങ്ങലുമായി ഒരു സംഘം യുവാക്കളുടെ ജീവിതം തന്നെ നരകതുല്യമായി. എല്ലാവർക്കും തിരിച്ചറിവ് വന്നപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു , പരോക്ഷമായി രണ്ട് മരണങ്ങളും. ഇപ്പോഴും ഓർമ്മകളിൽ ഇങ്ങനെ നിറഞ്ഞ് നിൽക്കുകയാണു ' അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള പൊലീസിന്റെ മൈക്ക് അനൗൺസ്‌മെന്റും, പൊലീസിന്റെ റൂട്ട് മാർച്ചുമൊക്കെ. അതുകൊണ്ട് തന്നെ പത്തൊംബതല്ല ഇരുപത്തി ഒംബത് വർഷം മദനി ജയിലിൽ കിടന്നാലും എനിക്ക് സന്തോഷം മാത്രമേ ഒള്ളു.

മദനിയുടെ ജയിൽ വാസം അയാൾ അർഹിച്ചത് തന്നെയാണു. എന്റ നാട്ടിലെ പോലെ അനേകം നാടുകളിലെ ഉമ്മമാരുടെ ശാപം ഇയാളുടെ തലയിലുണ്ട്. ഇനിയും പത്ത് വർഷം ജയിലിൽ കിടന്നാലും കേരളത്തിലെ സെക്യുലറിസത്തിന്റെ കടക്കൽ കത്തിവെച്ചതിനു പ്രായശ്ചിതമാകില്ല. ഭീമാപ്പള്ളി , പുതിയതുറ , ഫോർട്ടുകൊച്ചി , ജോനകപ്പുറം , വെടിമറ , കണ്ണൂർ സിറ്റിയിലെ ഒക്കെ ഒരുപാട് യുവാക്കളുടെ കൂംബടഞ്ഞ് പോയത് മദനിയുടെ വാക്‌ദ്ധോരണിയിൽ മയങ്ങിയായിരുന്നു മദനി ജയിലിൽ പോയതിനു ശേഷം ആയിരുന്നല്ലൊ അനുയായികൾ മുഖ്യമന്ത്രി സഖാവ് ഇ കെ നായനാരെ കൊല്ലാൻ നടന്നത്. ആ കേസിലെ ഒരു പ്രതിയെ ഞാനൊരിക്കൽ ദുബായിൽ വെച്ച് കണ്ടിട്ടുണ്ട് ( മറ്റൊരു കേസിൽ ജീവപര്യന്തരം ശിക്ഷയിലാണു ആൾ ) അയാളുമായി സംസാരിക്കുന്നതിനു മുൻപ് വരെ ' നായനാർ വധശ്രമം മറ്റേതൊരു മലയാളിയെയും പോലെ എനിക്കും തമാശ ആയിരുന്നു.

KSRTC ബസുകൾ തല്ലിപ്പൊളിക്കുക , തീ വെക്കുക എന്നതൊക്കെ ഒരു കാലഘട്ടം വരെയും സാധാരണ സമരമാർഗ്ഗങ്ങൾ ആയിരുന്നു . എന്നാൽ സർക്കാർ ബസ് ആയുധങ്ങൾ ചൂണ്ടി തട്ടിക്കൊണ്ട് പോയി വിജനമായ സ്ഥലത്തിട്ട് കത്തിച്ചത് ഐക്യകേരളം കണ്ട ആദ്യത്തെ ഭീകരാക്രമണം തന്നെ ആയിരുന്നു. സമരം ചെയ്തു ബസ് കത്തിച്ചു എന്ന് ലാഘവത്തോടെ പറയാൻ പറ്റുന്ന കാര്യമല്ല. വ്യക്തമായ പ്ലാനിങ്ങോടെയുള്ള ഭീകരാക്രമണം തന്നെ ആയിരുന്നു കളമശേരി ബസ് കത്തിക്കൽ. എങ്ങനെയൊക്കെ എടുത്തുനോക്കിയാലും മദനി ജയിലിൽ കിടക്കേണ്ട ആൾ തന്നെയാണു . അതിൽ യാതൊരു സംശയവും ഇല്ല . മദനി മതേതര കേരളത്തെ ബാധിച്ച ആദ്യത്തെ ക്യാൻസർ ആണെന്നതിൽ ഒരു സംശയവും ഇല്ല . എത്ര തന്നെ മുറിച് മാറ്റിയട്ടും പല പേരുകളിലായി ആ ക്യാൻസർ ഇന്നും സമൂഹത്തിൽ പടരുന്നുണ്ട് എന്നത് ലിബറൽ സമൂഹം കൂടുതൽ ജാഗ്രത പുലർത്തേണ്ട കാര്യം തന്നെയാണു. വിചാരണ തടവുകാരനായി ഇത്രകൊല്ലം ജയിലിൽ ഇട്ടതിനോട് മാത്രമാണു വിയോജിപ്പുള്ളത് . ജനാധിപത്യ സമൂഹത്തിനു ഒരിക്കലും യോജിക്കാൻ കഴിയാത്ത കാര്യമാണു . എന്ന് കരുതി അയാൾ തീവ്രവാദി അല്ലാതെ ആവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP