Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202420Thursday

നവ്യ നായർ ഉദ്ദേശിച്ചത് യോഗയിലെ 'വസ്ത്ര ധൗതി' എന്ന ക്ഷാളനക്രിയയെ കുറിച്ച് ആയിരിക്കും; അത് ഒരു ഗുരുവിന്റെ മേൽനോട്ടത്തിൽ ചെയ്യാവുന്ന ക്രിയകൾ; 'ആന്തരിക അവയവങ്ങൾ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കുക' എന്ന നവ്യയുടെ വാക്കിനെ ട്രോളും മുമ്പ് അറിയേണ്ട കാര്യങ്ങൾ

നവ്യ നായർ ഉദ്ദേശിച്ചത് യോഗയിലെ 'വസ്ത്ര ധൗതി' എന്ന ക്ഷാളനക്രിയയെ കുറിച്ച് ആയിരിക്കും; അത് ഒരു ഗുരുവിന്റെ മേൽനോട്ടത്തിൽ ചെയ്യാവുന്ന ക്രിയകൾ; 'ആന്തരിക അവയവങ്ങൾ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കുക' എന്ന നവ്യയുടെ വാക്കിനെ ട്രോളും മുമ്പ് അറിയേണ്ട കാര്യങ്ങൾ

വെള്ളാശേരി ജോസഫ്

ടി നവ്യ നായർ ഒരു വിവരക്കേട് പറഞ്ഞു. അതിനെതിരായി സോഷ്യൽ മീഡിയയിലെ 'പണ്ഡിതർ' അതിനേക്കാൾ വലിയ വിവരക്കേടാണ് എഴുതി വിടുന്നത്. 'ഭാരതത്തിലെ സന്യാസിമാർ ആന്തരിക അവയവങ്ങൾ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കി അകത്ത് വെക്കുമായിരുന്നു' എന്ന് നടി നവ്യാ നായർ പറഞ്ഞതായി സോഷ്യൽ മീഡിയയിൽ ചിലരൊക്കെ പോസ്റ്റ് ചെയ്യുന്നൂ; എന്നിട്ട് ആ പ്രസ്താവനയെ അവർ ട്രോളുന്നൂ. സത്യം പറഞ്ഞാൽ, 140 കോടിയോളം ജനസംഖ്യയുള്ള ഈ ഇന്ത്യാ മഹാരാജ്യത്തിൽ ആരും വിവരക്കേട് പുലമ്പരുത് എന്ന് ചിലർ നിർബന്ധം പിടിക്കുന്നതാണ് ശരിക്കുള്ള വിവരക്കേട്. കേരളത്തിലാണെങ്കിൽ, ഇത്തരം പ്രസ്താവനകളൊക്കെ ഏറ്റു പിടിക്കാൻ അത്യധ്വാനം ചെയ്യുന്ന കുറെയേറെ പേരുണ്ട്. പാരമ്പര്യ വാദികൾക്കെതിരേ ഇപ്പോൾ ശാസ്ത്രബോധം പൊക്കിപ്പിടിക്കുന്നവർ 'ആയുർവേദം, യോഗ, നാച്ചുറോപ്പതി - ഇവയൊന്നും ഒരു പ്രയോജനവുമുള്ള ചികിത്സാ രീതികളല്ലാ' എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ കൂടി അടിച്ചു വിടുന്നത്. വിവരക്കേടിന്റ്റെ അങ്ങേയറ്റമാണ് ഇത്തരം പ്രസ്താവനകൾ.

'ആന്തരിക അവയവങ്ങൾ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കുക' എന്നതിലൂടെ നവ്യ നായർ ഉദ്ദേശിച്ചത് മിക്കവാറും യോഗയിലെ 'വസ്ത്ര ധൗതി' എന്ന് പറയുന്ന ഒരു ക്ഷാളന ക്രിയയെ കുറിച്ച് ആയിരിക്കും. യോഗയിലെ ഈ 'വസ്ത്ര ധൗതി'-യെ കുറിച്ച് കണ്ടമാനം തെറ്റിദ്ധാരണ പലർക്കുമുണ്ട്. ആറു മീറ്ററോളം വരുന്ന ഒരുതരം വെള്ള റിബൺ ആണ് 'വസ്ത്ര ധൗതി' -ക്ക് വേണ്ടി സാധാരണ ഉപയോഗിക്കാറുള്ളത്. ചെറു ചൂടുള്ള ഉപ്പു വെള്ളത്തിന്റ്റെ കൂടെ ഒരറ്റം കയ്യിൽ പിടിച്ചുകൊണ്ട് ആ റിബൺ വിഴുങ്ങാറാണ് പതിവ്. പിന്നീട് 'വസ്ത്ര ധൗതി'-യിൽ അത് പതുക്കെ പതുക്കെ പുറത്തേക്ക് വലിച്ചെടുക്കും. ഗ്യാസ് ട്രബിളിനും അസിഡിറ്റിയിൽ നിന്നും രക്ഷ നേടാനായാണ് ഈ ശുദ്ധീകരണ ക്രിയ ചെയ്യുന്നത്. 'വമന ധൗതി' എന്നുള്ള ശർദ്ദിപ്പിക്കൽ പരിപാടിയെക്കാൾ കുറച്ചുകൂടി അഡ്വാൻസ്ഡ് ആയുള്ള ഒരു ക്രിയ മാത്രമാണിത്. ശരീരത്തിന് അകത്തുള്ള ഒരു അവയവും വലിച്ച് പുറത്തേക്കെടുക്കുന്നില്ല. ആയുർവേദത്തിലും പഞ്ചകർമ്മ ചികിത്സയുടെ ഭാഗമായി 'വമനം' ഉണ്ട്. വമനം, വിരേചനം, നസ്യം, വസ്തി, രക്തമോക്ഷം - ഇവയാണല്ലോ ആയുർവേദത്തിലെ പഞ്ച കർമ ചികിത്സയിൽ ഉള്ളത്. യോഗയിൽ മരുന്നില്ലാതെ, വ്യക്തി കുറച്ചുകൂടി 'എഫർട്ട്' എടുത്ത് ചെയ്യണമെന്നേയുള്ളൂ. ആയുർവേദത്തിലുള്ള രക്തമോക്ഷം യോഗയിലെ ക്ഷാളന ക്രിയകളിൽ ഇല്ലാ.

സത്യം പറഞ്ഞാൽ, പൊലിപ്പിച്ച് പൊലിപ്പിച്ച് യോഗയെ കുറിച്ചും, ക്ഷാളന ക്രിയകളെ കുറിച്ചും കണ്ടമാനം തെറ്റിദ്ധാരണകൾ ആണ് സാധാരണ ജനത്തിനുള്ളത്. സാധാരണ ജനത്തിന് മാത്രമല്ലാ; വിദ്യാഭ്യാസമുള്ളവർക്ക് പോലും കണ്ടമാനം തെറ്റിധാരണകളുണ്ട്. പൗരാണിക ഇന്ത്യയിൽ നിലനിന്നിരുന്ന 6 'ഫിലോസഫിക്കൽ സിസ്റ്റങ്ങളിൽ' ഒന്നാണ് യോഗ. 'ഷഡ് ദർശനം' എന്നറിയപ്പെട്ടിരുന്ന ഇവ താഴെ പറയുന്നതാണ്:
1) സാഖ്യാ
2) യോഗ
3) ന്യായ
4) വൈശേഷിക
5) മീമാംസ
6) വേദാന്ത

ഈ ആറു 'ഫിലോസഫിക്കൽ സിസ്റ്റങ്ങളിൽ' ഒന്നായ യോഗ എന്താണ്? യമ, നിയമ, ആസന, പ്രാണായാമം, പ്രത്യഹര, ധ്യാന, ധാരണ, സമാധി - ഇവയാണ് അഷ്ടാംഗ യോഗത്തിലെ എട്ടു രീതികൾ. യമ നിയമങ്ങൾ പാലിച്ചുകൊണ്ടാണ് യോഗ ചെയ്യേണ്ടത്. ഈ യോഗയിൽ, യാതൊരു ദുരൂഹതകളുമില്ലാ. നല്ല ഒരു ഗുരുവിന്റ്റെ കീഴിൽ ഇതൊക്കെ അഭ്യസിച്ചാൽ മാത്രം മതി. മുൻഗറിലെ 'ബീഹാർ സ്‌കൂൾ ഓഫ് യോഗ' പോലെ ഇതൊക്കെ നന്നായി പഠിപ്പിക്കുന്ന സ്ഥാപനങ്ങളുമുണ്ട്.

ഇനി ക്ഷാളന ക്രിയകളെ കുറിച്ച് പറഞ്ഞാൽ, ജലനേതി, സൂത്രനേതി, വമന ധൗതി, വസ്ത്ര ധൗതി, പ്രക്ഷാളൻ - എന്നിങ്ങനെയുള്ള ആറു ക്ഷാളന ക്രിയകളുണ്ട് യോഗയിൽ. ഇവിടേയും യാതൊരു ദുരൂഹതകളുമില്ലാ. നല്ല ഒരു ഗുരുവിന്റ്റെ കീഴിൽ ഇതൊക്കെ അഭ്യസിച്ചാൽ മാത്രം മതി. 'വസ്ത്ര ധൗതി' പോലുള്ള അഡ്വാൻസ്ഡ് ആയുള്ള ക്രിയകൾ ഒരു ഗുരുവിന്റ്റെ മേൽനോട്ടത്തിൽ മാത്രമേ ചെയ്യാവൂ. അതല്ലെങ്കിൽ ശരീരത്തിൽ പല അസ്വസ്ഥകളും വരും.

സൈനസൈറ്റിസിനും മൂക്കടപ്പിനും തുമ്മലിനും ജലദോഷത്തിനും എതിരേ പ്രയോഗിക്കുന്ന ഒരു സിമ്പിൾ ടെക്‌നിക്കാണ് ജലനേതി. മുക്കിന്റ്റെ ഉൾഭാഗം വൃത്തിയാക്കാൻ, ഹഠയോഗത്തിലെ ക്ഷാളന ക്രിയകളിലുള്ളതാണ് ജലനേതിയും സൂത്രനേതിയും. 'ലോട്ടാ നേതി' എന്ന ഒരു പാത്രം ജലനേതി ചെയ്യാനായി ഉണ്ട്. ജലനേതി ചെയ്യുമ്പോൾ ചെറുചൂടുള്ള ഉപ്പുവെള്ളം നാസികാ ദ്വാരത്തിലൂടെ കയറ്റുകയാണ് ചെയ്യുന്നത്. മുഖം ചെരിച്ചു ചെറുചൂടുള്ള ഉപ്പുവെള്ളം ജലനേതി ചെയ്യുന്ന പാത്രത്തിലൂടെ മൂക്കിന്റ്റെ വലതു സൈഡിൽ കയറ്റുമ്പോൾ, വെള്ളം മൂക്കിന്റ്റെ ഇടതു സൈഡിലൂടെ പുറത്തു വരും. പിന്നെ ഇടതു സൈഡിൽ നിന്ന് ഉപ്പു വെള്ളം കയറ്റി വലതു സൈഡിലൂടെയും പുറത്തേക്ക് വരുത്തുന്നു. കടുകെണ്ണ ചിലപ്പോൾ ജലനേതി ചെയ്യുമ്പോൾ ഉപ്പുവെള്ളത്തിന്റ്റെ കൂടെ ചേർക്കാറുണ്ട്. സൈനസ് പ്രശ്‌നത്തിനും, വിട്ടുമാറാത്ത ജലദോഷത്തിനും ആഴ്ചയിൽ ഒരിക്കൽ ജലനേതി ചെയ്താൽ മതി. ജലനേതി സിമ്പിൾ ടെക്‌നിക്ക് ആണ്. മൂക്കിന് ഉൾക്കൊള്ളാനാകുന്ന ചെറു ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് മൂക്കിന്റ്റെ ഉൾഭാഗം കഴുകുന്ന രീതിയാണിത്. കുറച്ചു കൂടി 'അഡ്വാൻസ്ഡ്' ആയ സൂത്ര നേതിയും ഉണ്ട് യോഗയിലെ ക്ഷാളന ക്രിയകളുടെ ഭാഗമായി മൂക്കിന്റ്റെ ഉൾഭാഗം ക്‌ളീൻ ചെയ്യാൻ. സൂത്രനേതിയിൽ ഇപ്പോൾ മൂക്കിലൂടെ കടത്താൻ യോഗാ കേന്ദ്രങ്ങൾ നീളം കുറഞ്ഞ ചെറിയ റബർ ട്യൂബ് ആണ് ഉപയോഗിക്കുന്നത്. പണ്ടൊക്കെ ചകിരിനാര് ഉപയോഗിച്ചിരുന്നു. മുക്കിന്റ്റെ ഉൾഭാഗവും തലച്ചോറും തമ്മിൽ ബന്ധമുണ്ട്. അതുകൊണ്ട് ജലനേതിയും സൂത്ര നേതിയും ചെയ്യുമ്പോൾ തല ഉണരുന്നതുപോലെ തോന്നും. കടുകെണ്ണ ഉപ്പുവെള്ളത്തിന്റ്റെ കൂടെ ജലനേതി ചെയ്യുമ്പോൾ ചേർത്താൽ തീർച്ചയായും തലയ്ക്ക് ഒരു നല്ല ഉണർവ് വരും. ആയുർവേദത്തിലെ നസ്യത്തിന് സമാനമാണ് ജലനേതിയും സൂത്രനേതിയും. രണ്ടും വളരെ 'എക്‌സ്‌പേർട്ട്' ആയിട്ടുള്ള യോഗാ ശിക്ഷകരുടെ മേൽനോട്ടത്തിൽ മാത്രമേ ചെയ്യാവൂ. ഉപ്പുവെള്ളം ഒരു കാരണവശാലും മുക്കിന്റ്റെ ഉൾഭാഗത്ത് തങ്ങി നിൽക്കരുത്. വെറും വയറ്റിൽ അതിരാവിലെ ജലനേതിയും സൂത്രനേതിയും ചെയ്യുന്നതാണ് നല്ലത്.

ഇങ്ങനെ യോഗയിലെ ഓരോരോ ക്രിയകളെ കുറിച്ചും, 'പോസ്റ്ററുകളെ' കുറിച്ചും സമർത്ഥനായ ഒരു യോഗാ ഗുരുവിന്റ്റെ കീഴിൽ പഠിച്ചവർക്ക് സംസാരിക്കാം. പഠിക്കുകയും അഭ്യസിക്കുകയും ചെയ്യാത്തവർ സംസാരിക്കാതിരിക്കുന്നതായിരിക്കും ഉത്തമം. എല്ലാ ഫീൽഡിലും അങ്ങനെയാണല്ലോ. നവ്യ നായർ അറിവില്ലായ്മ കൊണ്ടായിരിക്കാം വിവരക്കേട് പറഞ്ഞത്. പോട്ടെ, സാരമില്ല. മനുഷ്യ ശരീരത്തെ കുറിച്ചും, ആന്തരിക അവയവങ്ങളെ കുറിച്ചും, ചിട്ടയായ യോഗാഭ്യസത്തിലൂടെ മനുഷ്യാവയവങ്ങൾ എങ്ങനെ സ്വാധീനിക്കപ്പെടുന്നു എന്നതിനെ കുറിച്ചും 'ബീഹാർ സ്‌കൂൾ ഓഫ് യോഗയും', BKS അയ്യങ്കാറുമൊക്കെ ഇഷ്ടം പോലെ പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 'ബീഹാർ സ്‌കൂൾ ഓഫ് യോഗ'-യുടെ ചില പുസ്തകങ്ങൾ ഒക്കെ എഴുതിയിരിക്കുന്നത് ഗ്ലാസ്‌ഗോയിൽ നിന്ന് മെഡിസിനിൽ MD വരെ നേടിയ സന്യാസികളാണ്. അത്തരക്കാർ അഭിപ്രായം പറയട്ടെ. നവ്യാ നായരെ പോലുള്ളവർ അറിവില്ലാത്ത മേഖലകളെ കുറിച്ച് ഒന്നും സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.

'യോഗയിൽ ഒരു കാര്യവുമില്ലാ' എന്നൊക്കെ സോഷ്യൽ മീഡിയയിൽ കൂടി അടിച്ചു വിടുന്നവർ ആദ്യം യോഗയെ മനസിലാക്കുവാനാണ് ശ്രമിക്കേണ്ടത്. ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ യോഗാ സ്‌കൂളായ 'ബീഹാർ സ്‌കൂൾ ഓഫ് യോഗ'-യുടെ ചില പുസ്തകങ്ങളെങ്കിലും വായിച്ചിരുന്നുവെങ്കിൽ ആളുകൾ യോഗയുടെ പ്രാധാന്യത്തെ ഇകഴ്തത്തില്ലായിരുന്നു; മണ്ടത്തരങ്ങൾ പറയില്ലായിരുന്നു. ബീഹാർ സ്‌കൂൾ ഓഫ് യോഗയുടെ പ്രസിദ്ധീകരണങ്ങളായ അനവധി പുസ്തകങ്ങൾ വെറുതെ ഒന്ന് മറിച്ചുനോക്കിയാൽ പോലും കണ്ണ് തള്ളിപ്പോകും. കാരണം അത്ര 'കോബ്രിഹെൻസീവ്' ആയാണ് അവർ വിഷയങ്ങളെ സമീപിക്കുന്നത്.

'ബീഹാർ സ്‌കൂൾ ഓഫ് യോഗ'-യുടെ പല പുസ്തകങ്ങളും എഴുതിയിട്ടുള്ളത് സായ്പന്മാരാണ്; വിദേശികളാണ്. പ്രസിദ്ധ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളായ എഡിൻബറോ സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്നും, ഗ്‌ളാസ്‌ഗോ സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്നും ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച ഡോക്ടർമാരാണ് 'ബീഹാർ സ്‌കൂൾ ഓഫ് യോഗ'-യിൽ താമസിച്ചു പഠിക്കുന്നതും പുസ്തകങ്ങളെഴുതുന്നതും. കഴിഞ്ഞ നൂറ്റാണ്ടിൽ ഋഷികേശിൽ ഡിവൈൻ ലൈഫ് സോസേറ്റി സ്ഥാപിച്ച സ്വാമി ശിവാനന്ദ പൂർവാശ്രമത്തിൽ പ്രസിദ്ധനായ MBBS ഡോക്ടറായിരുന്നു. ഡോക്ടർ കുപ്പു സ്വാമിയാണ് പിന്നീട് സ്വാമി ശിവാനന്ദ സരസ്വതി ആയി മാറിയത്. കേവല യുക്തി വാദവും, യാന്ത്രിക ഭൗതിക വാദവും പറഞ്ഞു യോഗയെ എതിരിടുന്ന ആളുകൾ സത്യത്തിൽ സ്വാമി ശിവാനന്ദയെ പോലുള്ളവരുടെ മുമ്പിൽ ഒന്നും അല്ല. അക്കാഡമിക് രീതിയിൽ തന്നെ ചിന്തിച്ചാൽ പോലും, മുന്നൂറോളം പുസ്തകങ്ങൾ എഴുതിയ സ്വാമി ശിവാനന്ദയെ പോലുള്ളവർ അഗാധ പണ്ടിതന്മാരായിരുന്നു. ഇത്തരം ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച ഡോക്ടർമാർ യോഗയുടെ 'തെറാപ്പിക് ഇഫക്റ്റ്' അർത്ഥ ശങ്കക്ക് ഇടയില്ലാത്ത രീതിയിൽ അവരുടെ പുസ്തകങ്ങകളിലൂടെ വ്യക്തമാക്കി തരുന്നുണ്ട്.

യോഗയുടെ ഗുണങ്ങൾ 99 ശതമാനം 'പ്രാക്റ്റിസിലൂടെ' അല്ലെങ്കിൽ പരിശീലനത്തിലൂടെ മാത്രമാണ് ലഭിക്കുന്നത്. അപ്പോൾ, യാതൊരു രീതിയിലും ഉള്ള യോഗാ പരിശീലനവും ഇല്ലാത്തവർ എങ്ങനെയാണ് ആധികാരികമായി യോഗയെ കുറിച്ച് അഭിപ്രായം പറയുന്നത്? ചിലർ യോഗയെ തീർത്തും പരിഹസിച്ചു കൊണ്ട് തുടരെ തുടരെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നു. ഇങ്ങനെ പോസ്റ്റുകൾ ഇടുന്നവർക്ക് യോഗയോട് 'പോസിറ്റീവ് സമീപനം' ഇല്ല. എല്ലാത്തിനേയും കളിയാക്കുക, പുച്ഛിക്കുക - എന്ന മലയാളിയുടെ സ്ഥിരം സ്വഭാവം മാത്രമാണ് ചിലർ ഇത്തരം പ്രവൃത്തികളിലൂടെ പുറത്തെടുക്കുന്നത്.

സായിപ്പിന് യോഗയും, ധ്യാനവും പോലെയുള്ള കാര്യങ്ങളിൽ തുറന്ന സമീപനമുണ്ട്. ഭൗതിക വാദം പ്രചരിപ്പിക്കുന്ന ഇന്ത്യയിലെ അക്കാഡമിക് പണ്ഡിതർ ഇപ്പോഴും യാന്ത്രിക ഭൗതിക വാദവും, വരട്ടു വാദവും ആയി മുന്നോട്ടു പോകുന്നു. അതുകൊണ്ട് തന്നെ, ഇന്ത്യയിലെ അക്കാഡമിക് പണ്ഡിതരിൽ പലരും യോഗയിലൂടെ സിദ്ദിഖുന്ന ആത്മബോധത്തെയോ, ആത്മജ്ഞാനത്തെയോ അംഗീകരിക്കുന്നില്ല. യുക്തി വാദത്തിന്റ്റേയും, ഭൗതിക വാദത്തിന്റ്റേയും വിള നിലങ്ങളായിരുന്ന അമേരിക്കയും, പാശ്ചാത്യ രാജ്യങ്ങളും വരെ ഇപ്പോൾ യോഗയും, ധ്യാനവും ഒക്കെ അംഗീകരിച്ചു തുടങ്ങി. അപ്പോൾ കേരളത്തിലിരുന്ന് വെറും പൊട്ടൻ കുളത്തിലെ തവളകളെ പോലെ അഭിപ്രായം പറയുന്നവർ പല കാര്യങ്ങളും മനസിലാക്കുന്നില്ല എന്നതാണ് വാസ്തവം.

ആധുനിക ലോകത്തിലെ പ്രകൃതി ചികിത്സ എന്ന് പറയുന്നത് പഴയപോലെ കറിവേപ്പില ചമ്മന്തിയും, പുതിന വെള്ളവും, പച്ചക്കറിയും പഴങ്ങളും മാത്രം കഴിച്ചുള്ള ഒന്നല്ല. അത്യാധുനിക യന്ത്രങ്ങളുടെ സഹായത്താൽ 'കൊളോൺ ഹൈഡ്രോ തെറാപ്പി' പോലുള്ള വളരെ സങ്കീർണമായ ചികിത്സാ രീതികൾ ഉൾപ്പെടുത്തിയിട്ടുള്ള ഒന്നാണ് ഇന്നത്തെ പ്രകൃതി ചികിത്സ. ബാംഗ്ലൂരിലെ 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി ആൻഡ് യോഗിക് സയൻസസിൽ' പോയാൽ ഇതൊക്കെ മനസിലാകും. ആറു വർഷം പഠനം കഴിഞ്ഞ ഡോക്ടർമാരാണ് അവിടെ 'നാച്ചുറോപ്പതി' പ്രാക്റ്റീസ് ചെയ്യുന്നത്. അവർ ആധുനിക മെഡിസിനും എതിരല്ലാ. ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി ആൻഡ് യോഗിക് സയൻസസിന്' അടുത്തുതന്നെ 'സൂപ്പർ സ്‌പെഷ്യാലിറ്റി' ആശുപത്രിയും ഉണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ അലുമിനിയം കമ്പനികളിൽ ഒന്നായ 'ജിൻഡാൽ അലുമിനിയം' നടത്തുന്ന സ്ഥാപനമാണ് അത്.

ഇപ്പോൾ മലയാളികളിൽ കുറെ പേർ യോഗയേയും, ആയുർവേദത്തെ കുറിച്ചും 'ഹൈന്ദവ വൽക്കരണമാണ്' എന്നു പറഞ്ഞു വരുന്നുണ്ട്. ബാന്ഗ്ലൂരിലെ പ്രസിദ്ധമായ 'Institute of Naturopathy & Yogic Sciences'-ൽ കുറെ വർഷങ്ങൾക്കു മുമ്പ് വരെ ഒരു മുസ്ലീമായിരുന്നു ചീഫ് യോഗാ ഇൻസ്ട്രക്ട്ടർ. കേരളത്തിൽ എത്രയോ പ്രസിദ്ധരായ മുസ്ലിം വൈദ്യന്മാരും, ക്രിസ്ത്യൻ വൈദ്യന്മാരും ഉണ്ടായിരുന്നു. കേരള ചരിത്രത്തിൽ, മാമാങ്കത്തിന് പരിക്കേറ്റ ഭടന്മാരെ ചികിത്സിച്ചിരുന്നത് മർമ ഗുരുക്കന്മാരായ ചങ്ങമ്പള്ളി വൈദ്യന്മാർ ആയിരുന്നില്ലേ? മലയാളത്തിലെ പ്രസിദ്ധനായ വിമർശകനും, മുൻ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ പല സ്ഥലത്തും ചികിത്സിച്ചിട്ടും മാറാതിരുന്ന നടുവ് വേദന മാറ്റിയത് ചങ്ങമ്പള്ളിയിലെ അന്ധനായ ഒരു മുസ്ലിം വൈദ്യന്റ്റെ ചികിത്സയിലൂടെ ആയിരുന്നു. മർമ വിദഗ്ധനായ പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിയാണ് പല സ്ഥലത്തും ചികിത്സിച്ചിട്ടും മാറാതിരുന്ന നടൻ മോഹൻലാലിന്റ്റെ നടുവ് വേദന മാറ്റിയതും. ഈ പറഞ്ഞ പ്രശസ്തരായ രണ്ടു പേരും അതിനെ കുറിച്ച് ദീർഘമായി എഴുതിയിട്ടുള്ളതിനാൽ, ഇതെഴുതുന്നയാൾ അതിനെ കുറിച്ചൊന്നും എഴുതുന്നില്ലാ.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആയുർവേദ ചികിത്സാ കേന്ദ്രങ്ങളുള്ള കേരളത്തിലിരുന്ന് 'ആയുർവേദ ചികിത്സകൊണ്ട് ഒരു പ്രായോജനവുമില്ലാ' എന്നൊക്കെ എഴുതി മറിക്കാൻ നിസാര ഉളുപ്പൊന്നും പോരാ. ഒന്നുമില്ലെങ്കിലും കോട്ടക്കൽ ആര്യ വൈദ്യ ശാലയിൽ ഓരോ വർഷവും ചികിത്സക്ക് വരുന്ന ധനാഢ്യരായ അറബികളേയും, സായപ്പന്മാരേയും, മാദാമ്മമാരേയും നോക്ക്. കോട്ടക്കൽ സ്വദേശിയായ ഒരു മുസ്ലിം സുഹൃത്ത് വർഷങ്ങൾക്ക് മുമ്പ് ഇതെഴുതുന്നയാളോട് പറഞ്ഞത് ഇപ്പോൾ കോട്ടക്കൽ ആര്യ വൈദ്യ ശാലയിൽ ഓരോ വർഷവും ചികിത്സക്ക് വരുന്നവരിൽ ഏറ്റവും കൂടുതൽ ഉള്ളത് ധനാഢ്യരായ അറബികൾ ആണെന്നാണ്. ധനാഢ്യരായ അറബികൾ അവരുടെ ജോലിക്കാരോടോപ്പം വന്നാണ് അവിടെ താമസിക്കുന്നതെന്നും ആ മുസ്ലിം സുഹൃത്ത് പറഞ്ഞു.

ധനാഢ്യരായ അറബികൾക്ക് ലോകത്തിലെവിടേയും ചികിത്സക്ക് പോകാൻ സാമ്പത്തിക ശേഷി ഉണ്ടല്ലോ. പിന്നെന്തിനാണ് അവർ കോട്ടക്കൽ ആര്യ വൈദ്യ ശാലയിലേക്ക് മാത്രം വരുന്നത്? ഇതെഴുതുന്നയാൾ പണ്ട് തിരൂരിലെ ചങ്ങമ്പള്ളി വൈദ്യശാലയിൽ ചെന്നപ്പോൾ, അവിടെ ചികിത്സക്ക് വിധേയമായിക്കൊണ്ടിരുന്ന സമ്പന്നനായ ഒരു അറബിയെ നേരിട്ട് കണ്ടിരുന്നു. മാസങ്ങൾക്ക് മുമ്പേ ബുക്ക് ചെയ്താണ് വിദേശികൾ കേരളത്തിൽ ആയുർവേദ ചികിത്സക്ക് വരുന്നത്. മാസങ്ങൾക്ക് മുമ്പേ ബുക്ക് ചെയ്തു കേരളത്തിലെ ആയുർവേദ കേന്ദ്രങ്ങളിൽ ചികിത്സക്ക് വരുന്നവരുടെ തലക്ക് യാതൊരു ഓളവുമില്ലാ. സ്വന്തം നാടിന്റ്റെ എല്ലാ മഹനീയമായ പാരമ്പര്യങ്ങളേയും നിഷേധിക്കുന്നവരുടെ തലയ്ക്കാണ് സത്യത്തിൽ 'നെല്ലിക്കാ തളം' വെക്കേണ്ടത്.

(ലേഖകന്റ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP