Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202108Monday

കേരള ചരിത്രത്തിൽ ആദ്യമായി ഒരു കന്യാസ്ത്രീ സ്വതന്ത്രചിന്താ വേദിയിൽ എത്തുന്നു; 'പൊട്ടക്കിണറ്റിലെ അഭയമാർ' എന്ന വിഷയവുമായി സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ എസൻസ് ഗ്ലോബലിന്റെ വേദിയിൽ; ജനുവരി 24ന് കൽപ്പറ്റയിൽ നടക്കുന്ന സെമിനാർ ചരിത്രം കുറിക്കുന്നു; ടോമി സെബാസ്റ്റ്യൻ എഴുതുന്നു

കേരള ചരിത്രത്തിൽ ആദ്യമായി ഒരു കന്യാസ്ത്രീ സ്വതന്ത്രചിന്താ വേദിയിൽ എത്തുന്നു; 'പൊട്ടക്കിണറ്റിലെ അഭയമാർ' എന്ന വിഷയവുമായി സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ എസൻസ് ഗ്ലോബലിന്റെ വേദിയിൽ; ജനുവരി 24ന് കൽപ്പറ്റയിൽ നടക്കുന്ന സെമിനാർ ചരിത്രം കുറിക്കുന്നു; ടോമി സെബാസ്റ്റ്യൻ എഴുതുന്നു

ടോമി സെബാസ്റ്റ്യൻ

വിപ്ലവ-പുരോഗമന കേരളമെന്ന് നാം വീമ്പടിക്കുമ്പോഴും സത്യത്തിൽ നവോത്ഥാനം നടന്നിട്ടില്ലാത്ത ഒരു സമൂഹമാണ് കേരളമെന്നതാണ് യാഥാർഥ്യം. ശ്രീനാരായണഗുരു, അയ്യങ്കാളി, ഡോക്ടർ പൽപ്പു, ചട്ടമ്പിസ്വാമികൾ, സഹോദരൻ അയ്യപ്പൻ, ബ്രഹ്മാനന്ദ ശിവയോഗി, ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ എന്നിവരിലൂടെയാണ് കേരളത്തിൽ അൽപമെങ്കിലും നവീകരണം ഉണ്ടായിട്ടുള്ളത്. നവോത്ഥാനം എന്നതിനേക്കാൾ ഉപരിയായി മതത്തിനുള്ളിൽ നിന്നുകൊണ്ടുള്ള പരിഷ്‌കരണം മാത്രമായിരുന്നു കേരളസമൂഹത്തിൽ സംഭവിച്ചത്. ഒരുപാട് അന്ധവിശ്വാസങ്ങളുടെയും അശാസ്ത്രീയ മനോഭാവങ്ങളും പിടിയിൽ തന്നെയാണ് കേരളമെങ്കിലും അവിടവിടെയായി ഉണ്ടാകുന്ന ചെറിയ ചില മാറ്റങ്ങൾ ആശാവഹമാണ് എന്ന് പറയാതിരിക്കാനാവില്ല.

പത്തു നാൽപതു വർഷം മുൻപ് ശബരിമലയിലെ മകരവിളക്ക് ആളുകൾ തന്നെ തെളിയിക്കുന്നതാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ച ആളുകളെ സർക്കാർ തന്നെ അടിച്ചമർത്തിയിരുന്നു. മതത്തിനെതിരെ പറഞ്ഞിരുന്നതിനാൽ യുക്തിവാദികളെ എല്ലാ കാലവും ഭയത്തോടും വെറുപ്പോടും കൂടിയായിരുന്നു വിശ്വാസ സമൂഹം കണ്ടിരുന്നത്. പാശ്ചാത്യ സമൂഹങ്ങളിൽ റിച്ചാർഡ് ഡോക്കിൻസ്, സാം ഹാരിസ്, ഡാനിയൽ ഡെനെറ്റ്, ലോറൻസ് ക്രോസ് എന്നിവരുമായി മത നേതൃത്വം നിരന്തര സംവാദങ്ങളിൽ ഏർപ്പെട്ടിരുന്നുവെങ്കിലും യുക്തിവാദ മണ്ഡലത്തെ അംഗീകരിക്കാൻ ഇന്ത്യയിൽ ഒരു മത സമൂഹവും തയ്യാറായിരുന്നില്ല.

എന്നാൽ കഴിഞ്ഞ പത്ത് വർഷക്കാലമായി കേരളത്തിൽ സ്വതന്ത്ര ചിന്താ പ്രസ്ഥാനങ്ങൾക്ക് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. സ്വതന്ത്രചിന്തകനായ സി. രവിചന്ദ്രനുമായി സ്വാമി ചിദാനന്ദപുരി, സന്ദീപാനന്ദഗിരി, ഫാദർ അഗസ്റ്റിൻ പാംപ്ലാനി, എന്നിവർ നടത്തിയ സംവാദങ്ങൾ വളരെ താൽപര്യത്തോടെ കൂടിയാണ് കേരള സമൂഹം ശ്രദ്ധിച്ചത്.ഈയടുത്ത ദിവസം മലപ്പുറത്ത് വെച്ച് ഇ. എ ജബ്ബാർ, എം. എം അക്‌ബർ എന്നിവർ തമ്മിൽ നടന്ന സംവാദത്തിന്റെ അലയൊലികൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ഇതുവരെ അവസാനിച്ചിട്ടില്ല. മഴ പെയ്തു കഴിഞ്ഞാലും മരം പെയ്തു കൊണ്ടിരിക്കുന്നു എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന വിധത്തിൽ സംവാദത്തിലെ വിഷയങ്ങൾ ജനങ്ങൾ സസൂക്ഷ്മം ഇഴകീറി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഒരു സമൂഹത്തിന്റെ ബൗദ്ധിക വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.

കേരളത്തിൽ മാത്രമല്ല ലോക ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു കന്യാസ്ത്രീ യുക്തിവാദ വേദിയിൽ കടന്നുവരുന്നത്. ഇതിനെ അത്ഭുതത്തോടും ആകാംക്ഷയോടും കൂടിയാണ് സാധാരണക്കാർ കാണുന്നതെങ്കിൽ ഭയത്തോടും നെഞ്ചിടിപ്പും കൂടിയാണ് ക്രൈസ്തവ നേതൃത്വം ഇതിനെ കാണുന്നത്. ലോകത്തിൽ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത ഒരു മാറ്റത്തിന് കേരളം തുടക്കമിടുന്നു എന്നത് ഒരുപക്ഷേ ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്ന സംഭവമായിരിക്കും. കേരളത്തിന്റെ സ്വതന്ത്രചിന്താ രംഗത്ത് ഒട്ടനവധി ചർച്ചകളും പ്രഭാഷണങ്ങളും വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിച്ചിട്ടുള്ള എസ്സൻസ് ഗ്ലോബൽ  ജനുവരി
 24ാം തീയതി വയനാട് കൽപ്പറ്റയിൽ ഉള്ള ഹോട്ടൽ ഇന്ദ്രിയയിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ ആദ്യമായി സ്വതന്ത്രചിന്താ വേദിയിൽ എത്തുന്നത്.

പീഡനങ്ങളെയും ചൂഷണങ്ങളെയും എല്ലാ കാലവും അടിച്ചമർത്താമെന്നുകരുതിയ സഭാനേതൃത്വത്തിന് ഇത് കനത്ത പ്രഹരം തന്നെ ആയിരിക്കും. താൻ അപമാനിക്കപ്പെട്ടു, ഇപ്പോഴും അപമാനിക്കപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്നെ രക്ഷിക്കാൻ അലിവുണ്ടാവണം എന്ന പരാതിയുമായി മുട്ടാവുന്ന വാതിലുകളെല്ലാം മുട്ടിയതിനു ശേഷം ഗതികെട്ടപ്പോഴാണ് ഒരു കന്യാസ്ത്രീ തനിക്ക് നീതി വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നീതിപീഠത്തെ സമീപിക്കുന്നത്. അവിടെയും ക്രൈസ്തവ സഭാ നേതൃത്വം അധികാരവും സ്വാധീനവും ഉപയോഗിച്ച് പരാതിക്കാരിയെ ഇല്ലായ്മചെയ്യാൻ ശ്രമിച്ചപ്പോഴാണ് ഇതുവരെ അമർത്തിപ്പിടിച്ച തേങ്ങലുകൾ മഠത്തിന് അകത്തുനിന്നും ഉയർന്നു പൊങ്ങാൻ തുടങ്ങിയത്. ക്രൈസ്തവസഭ അതിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കൊണ്ട് ഇങ്ങനെ നിസ്സഹായരും നിരാലംബരുമായ അല്ലെങ്കിൽ അങ്ങനെ ആക്കിത്തീർത്ത മനുഷ്യരെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ഒരു എതിർ ശബ്ദമായി നമ്മൾ സിസ്റ്റർ ലൂസിയെ ശ്രദ്ധിക്കുന്നത്.

തുടർന്നങ്ങോട്ട്, മാനന്തവാടിയിലെ ഒരു യുവ വൈദികനായ നോബിൾ പാറയ്ക്കനെ ഉപയോഗിച്ചുകൊണ്ട് അതിഹീനമായ ലൈംഗിക ചുവയോടുകൂടിയ, സ്ത്രീവിരുദ്ധ പരാമർശങ്ങൾ നിറഞ്ഞ, വ്യക്തിഹത്യകൾക്ക് ക്രൈസ്തവ സഭാ നേതൃത്വം തുടക്കമിട്ടത്. തുടർന്ന് സഭയുടെ മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച് സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ അതിഭീമമായ ആക്രമണം ഉണ്ടായിട്ടും തന്നെപ്പോലെ മതത്തിന്റെ ഇരുട്ടറകളിൽ ഭീതിയോടെ കഴിയേണ്ടി വരുന്ന തന്റെ കുഞ്ഞു സഹോദരിമാർക്ക് വേണ്ടി പോരാടാനിറങ്ങിയ സിസ്റ്റർ ലൂസിയുടെ ആത്മവീര്യം തകർക്കാനായില്ല. താനൊരു അധമനാണ് എന്ന മിഥ്യാബോധം പേറി നടന്ന അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ ആ മിഥ്യാബോധം അവസാനിപ്പിക്കുക എന്നതായിരുന്നു ഡോക്ടർ അംബേദ്കർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. തങ്ങൾ വൈദികരുടെ കളിപ്പാവകൾ ആണ് എന്ന് കരുതിയിരിക്കുന്ന പാവം കന്യാസ്ത്രീകൾക്കു മുൻപിൽ നമ്മളും മനുഷ്യാവകാശങ്ങൾ ഉള്ള മനുഷ്യരാണ് എന്ന് ബോധ്യപ്പെടുത്തുക എന്നത് ആധുനിക സമൂഹത്തിന് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ആ ഒരു ദൗത്യമാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിലൂടെ എസ്സൻസ് സമൂഹത്തിനു മുൻപിൽ വയ്ക്കുന്നത്.

ഇരുപത്തിയെട്ടുവർഷങ്ങൾക്ക് ശേഷം മാത്രമാണ് സിസ്റ്റർ അഭയയുടെ ഘാതകർ ശിക്ഷിക്കപ്പെട്ടത്. കന്യാസ്ത്രീ മഠത്തിലെ കിണറുകളിലും, ഉത്തരത്തിലെ ഒരു മുഴം കയറിലും ജീവിതം അവസാനിക്കേണ്ടിവരുന്ന ഈ പാവം സഹോദരിമാർക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് ഐക്യദാർഢ്യം നൽകുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനെ ന്യായീകരിക്കാൻ വേണ്ടി ധ്യാന ഗുരുക്കന്മാർ എന്നറിയപ്പെടുന്നവർ അഭയയുടെ ആത്മാവിനെ വരെ വിളിച്ചുവരുത്തി എന്നുള്ള മുട്ടൻ നുണപ്രചാരണമാണ് നടത്തുന്നത്. സത്യം ചെരുപ്പ് ധരിച്ച് വരുമ്പോൾ നുണ ഒരുപാട് ദൂരം സഞ്ചരിച്ചിരിക്കും.

ഒരുപക്ഷേ കേരള സമൂഹത്തിലേക്ക് ചെന്നെത്താൻ മടിച്ച നവോത്ഥാന ആശയങ്ങളുടെ പ്രകാശകിരണങ്ങളാണ് ഈ പ്രവർത്തനങ്ങളിലൂടെ കേരള സമൂഹത്തിലേക്ക് വന്നെത്തുന്നത്. ഇതിനെ അംഗീകരിക്കുവാനോ മനസ്സിലാക്കുവാനോ പറ്റുന്ന വിധം മാനസിക പക്വത നമ്മുടെ സമൂഹത്തിന് ഉണ്ടോ ഇല്ലയോ എന്ന കാര്യം കാത്തിരുന്ന് കാണേണ്ടതാണ്. ചരിത്രമെന്നത് പണവും അധികാരവും ഉള്ളവർ എഴുതിയതാണ്. പണവും അധികാരവുമുള്ളവർ അടിച്ചമർത്തിയ നിസ്വരും നിസ്സഹായരുമായവരുടെ ശബ്ദം എന്നെങ്കിലും ചരിത്രത്തിൽ എഴുതപ്പെടുമ്പോൾ മാത്രമേ ആ സമൂഹം നവോത്ഥാനത്തിലേക്ക് കടന്നു എന്ന് നമുക്ക് ചിന്തിക്കാനാവൂ. ജുഡീഷ്യറിയും ബ്യൂറോക്രസിയും അധികാരത്തിനും പണത്തിന്റേയും മുമ്പിൽ മുട്ടു മടക്കേണ്ടി വരുന്ന സാഹചര്യത്തിൽ തന്റെ പോരാട്ടവഴികളിൽ എവിടെയെങ്കിലും വീണുപോകുമെന്നറിഞ്ഞുകൊണ്ടു തന്നെ പോരാടുന്നവനാണ് യഥാർത്ഥ പോരാളി. സിസ്റ്റർ ലൂസിയുടെ പോരാട്ടങ്ങൾ ചരിത്രത്തിൽ എഴുതപ്പെട്ടിട്ടില്ല എങ്കിൽ അത് സിസ്റ്റർ ലൂസിയുടെ പോരായ്മയല്ല മറിച്ച് നമ്മൾ ഓരോരുത്തരുടെയും കഴിവുകേടാണ്. അതിനുള്ള ശ്രമമാണ് ഫെബ്രുവരി 24ന് കൽപ്പറ്റയിൽ നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP