Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഎപിയെ ഓർത്തു കരയാതിരിക്കുവിൻ

എഎപിയെ ഓർത്തു കരയാതിരിക്കുവിൻ

ആം ആദ്മി പോർട്ടി പോലൊരു നല്ല പ്രസ്ഥാനം തമ്മിൽ തല്ലി തകരുന്നതിൽ ഒരുപാടു പേർ ദുഃഖിക്കുകയും ധാർമ്മിക രോഷം കൊള്ളുകയും ഒക്കെ ചെയ്യുന്നത് കാണുമ്പോൾ അതിൽ എന്തോ പന്തി കേടുണ്ടെന്ന് തോന്നും. ആ പന്തികേട് എന്താണെന്ന് ഉടനെ പിടികിട്ടുകയും ചെയ്യും. രണ്ടാമതൊരു വിജയം ഡൽഹിയിൽ ഉണ്ടാകില്ലെന്നും എഎപി നിലം പരിശായി എന്നും കരുതിയിരുന്നവരാണ് മേൽപ്പറഞ്ഞ ദുഃഖിതരിൽ അധികവും. രണ്ടാമതും ഉജ്ജ്വല വിജയം നേടിയ സ്ഥിതിക്ക് ഇനി ഒന്നേ അവർക്ക് പ്രതീക്ഷിക്കാനുള്ളൂ. അധികാരത്തിന്റെ രുചിയറിഞ്ഞ് എഎപി ക്രമേണ അഴിമതിക്കാരും അധികാര മോഹികളുമായി മാറി കൊള്ളും. രാജ്യത്തെവിടെയും നാല് അനുയായികളുള്ളിടത്തെല്ലാം തിരഞ്ഞെടുപ്പിൽ മത്സരിക്കയും ജയിക്കയോ തോൽക്കയോ ഒക്കെ ചെയ്ത് മറ്റേതൊരു രാഷ്ട്രീയ പാർട്ടിയേയും പോലെ ആയിക്കൊള്ളും എന്ന ഒരേയൊരു പ്രതീക്ഷ!

ആ പ്രതീക്ഷയ്ക്ക് മങ്ങലേറ്റതുകൊണ്ടാണ് ഈ തീവ്ര പ്രതികരണക്കാർ രംഗത്ത് വന്നിട്ടുള്ളത്. തമ്മിൽ തല്ലി തകരുന്നു എന്നു പറയാൻ മാത്രം എന്താണുണ്ടായത്. നാല് പ്രമുഖ നേതാക്കളെ ദേശീയ കൗൺസിലിൽ നിന്ന് പുറത്താക്കി. പാർട്ടിയിൽ നിന്നു പുറത്താക്കിയിട്ടു പോലുമില്ല. അതും 25 നെതിരെ 200 വോട്ടിന്റെ തീരുമാനത്തിൽ.

എഎപിയുടെ അടിസ്ഥാന തത്വങ്ങളിലൊന്നിനെയാണ് ഈ വിമത നേതാക്കൾ ലംഘിക്കാൻ പ്രേരണയും പ്രചാരണവും കൊടുക്കുന്നത് എന്ന കാര്യം അധികം പേരും ഓർമ്മിക്കുന്നില്ല. അതായത് എഎപിയുടെ ഒന്നാമത്തെ ലക്ഷ്യം ഭരണത്തിൽ കയറുകയും നല്ല ഭരണം നടത്തുകയും എന്നതല്ല. രാജ്യത്ത് നല്ല രാഷ്ട്രീയം സൃഷ്ടിക്കുക, അഴിമതി രഹിത ഭരണം നടത്താൻ രാഷ്ട്രീയ പാർട്ടികളെ നിർബന്ധിതരാക്കുക എന്നതാണ് ഒന്നാമത് ലക്ഷ്യം. ഇത് കേജ്‌രിവാളും ഇപ്പോൾ നടപടിക്കു വിധേയരായ നേതാക്കളും ഒക്കെ ആവർത്തിച്ചു പറയുകയും ജനങ്ങൾ കേൾക്കുകയും ചെയ്തതാണ്. എല്ലാ പാർട്ടികളും ഭാവിയിൽ നന്നാകുകയും നല്ല ഭരണം കാഴ്ച വയ്ക്കുകയും ചെയ്താൽ എഎപി എന്ന പാർട്ടിയുടെ പ്രസക്തി തന്നെ ഇല്ലാതാകുമെന്നും വേണമെങ്കിൽ പാർട്ടി പിരിച്ചു വിടുമെന്നും വരെ ഇവർ പറഞ്ഞു ജനം കേട്ടിട്ടുള്ളതാണ്!

പക്ഷെ പറഞ്ഞത് പോലെ പ്രവർത്തിക്കും എന്ന് മാത്രം ഓർത്തില്ല. മേൽപ്പറഞ്ഞ വിമത നേതാക്കളും അധികാരത്തിന്റെ ആകർഷണത്താലും മിത്രം ചമയുന്ന ശത്രുവിന്റെ ഉപദേശങ്ങളിലും പരിഹാസത്തിലും പെട്ടു പോയതിനാലും ആയിരിക്കണം ഇങ്ങനെയൊക്കെ സംഭവിച്ചത്. എന്തായാലും ശിക്ഷാ നടപടിയുടെ ആദ്യ ഘട്ടത്തിൽ തന്നെ ചർച്ചയും സന്ധി സംഭാഷണങ്ങളും ധാരാളം നടന്നു കഴിഞ്ഞതായി നമ്മൾ വായിച്ചതാണ്.

ഒരു കാര്യം കൂടി ഓർമ്മിക്കണം; സാധാരണയായി ഒരു പാർട്ടിയിൽ പ്രശ്‌നമുണ്ടാകുമ്പോൾ സംഘടനാ പക്ഷത്തിന്റെ അധികാര മോഹത്തെയും അതിന് വേണ്ടി നടത്തുന്ന അവിഹിത പ്രവൃത്തിയേയുമൊക്കെ എതിർക്കുന്ന വിമത പക്ഷത്തെയാകും നാം കാണുക. ഇവിടെ പക്ഷെ തിരച്ചാണ്. അതുകൊണ്ട് തന്നെയാണ് ഇവിടെ സംഘാടനാ വിഭാഗത്തെ പിൻതുണയ്ക്കാൻ തോന്നുന്നതും. സംഘാടന ശക്തിപ്പെടാതെ സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കേണ്ടതില്ല എന്ന് പാർട്ടി നേതൃത്വം പറയുമ്പോൾ സംസ്ഥാനങ്ങളിൽ പാർട്ടി ഉണ്ടാക്കേണ്ട എന്നോ വളർത്തേണ്ടാ എന്നോ അല്ല പറയുന്നത്. സംഘടന ശക്തിപ്പെടും വരെ ക്ഷമിക്കണം. എന്ന് തന്നെയല്ല, ആം ആദ്മികൾ തനിയെ ഉണ്ടായി വരേണ്ടതാണ്. മുകളിൽ നിന്നു വന്ന പാർട്ടി ഘടകങ്ങൾ ഉണ്ടാക്കുന്ന രീതിയാണല്ലോ മറ്റ് പാർട്ടികളിലെല്ലാം ഉള്ളത്. അതിനൊക്കെ എഎപി മാറ്റം വരുത്തുന്നത് തന്നെ മറ്റ് പാർട്ടികൾക്ക് ആപത്താണ് എന്ന് ആ പാർട്ടികൾ തിരിച്ചറിയുന്നുണ്ട്.

ഡൽഹിയിൽ ശ്രദ്ധ കേന്ദ്രീകരണം എന്ന് പറയുമ്പോൾ അധികാരം നിലനിർത്തലല്ല ലക്ഷ്യം. വലിയൊരു ജനാധിപത്യ മൂല്യത്തെയാണ് എഎപി തിരികെ കൊണ്ട് വരാനും ഉയർത്തിപ്പിടിക്കാനും ശ്രമിക്കുന്നത്. അതായത് ജനങ്ങളുടെ മുന്നിൽ വച്ച പ്രകടന പത്രികയിൽ പറയുന്ന എല്ലാ കാര്യങ്ങളും നിറവേറ്റുകയാണ് ഭരണത്തിൽ കയറുന്നവരുടെ ആദ്യത്തേതും അവസാനത്തേതുമായ ഉത്തരവാദിത്വം. നമ്മുടെ നാട്ടിൽ മറിച്ചൊക്കെ ആയിപ്പോയി എന്നേയുള്ളു. വാസ്തവത്തിൽ പ്രകടന പത്രിക എന്ന ജനങ്ങളെടുത്ത വാഗ്ദാനം പാലിക്കാത്ത ഏതൊരു ഗവൺമെന്റിന്റെ മേലും തിരഞ്ഞെടുപ്പു കമ്മീഷൻ ശിക്ഷാ നടപടി എടുക്കേണ്ടതാണ്. കാര്യത്തിന്റെ ഗൗരവമനുസരിച്ച് ഭരണം നടത്തിയ പാർട്ടിയുടെ അംഗീകാരം പിൻവലിക്കുക വരെ ചെയ്യാൻ തിരഞ്ഞെടുപ്പു കമ്മീഷനും ഇന്ത്യൻ പ്രസിഡന്റിനും സുപ്രീം കോടിതിക്കും ഒക്കെ ബാധ്യതയുള്ളതാണ്. കാരണം രാഷ്ട്രീയ പാർട്ടികൾ ഒരുപാടു പ്രിവിലേജുകൾ അനുഭവിക്കുന്നവരാണ്. ആവയാകട്ടെ ജനങ്ങളെ സേവിക്കുന്നു എന്ന കാരണം പറഞ്ഞ് തന്നെ നേടിയിട്ടുള്ളതുമാണ്.

ജനാധിപത്യത്തിന്റെ ഇത്തരം ഒരുപാട് അടിസ്ഥാനങ്ങളെ വഴിയിൽ ഉപേക്ഷിച്ച് പോന്ന ഒരു സമൂഹമാണ് നമ്മുടേത് അവയെ തിരികപ്പിടിക്കാൻ തന്നെയാണ് കേജ്‌രിവാൾ നേതൃത്വം കൊടുക്കുന്ന എഎപി ഉറച്ചിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എഎപി മുന്നോട്ട് വച്ച ഒരു ചെറിയ തിരഞ്ഞെടുപ്പ് വഗ്ദാനം മാത്രം ഇവിടെ ഓർമ്മിപ്പിക്കുന്നു. ഡൽഹിയിലെ ചില മേഖലകളിൽ സൈക്കിൾ റിക്ഷ അനുവദിക്കാൻ ശ്രമിക്കും എന്നതാണ് ആ വാഗ്ദാനം. ആദ്യം കേൾക്കുമ്പോൾ ഒരു പിന്നോക്കം പോക്ക് എന്ന് തോന്നിപ്പിക്കുന്ന ഇക്കാര്യത്തിൽ അടങ്ങിയിരിക്കുന്ന വിവിധ തലങ്ങളിലുള്ള നന്മകൾ മനസ്സിലാക്കേണ്ടതാണ്. യാത്ര ചെലവ് കുറയും എന്നതാണ് ഒന്നാമത്തേത്. പെട്രോൾ കത്തിച്ചുള്ള അന്തരീക്ഷ മലിനീകരണം ഒഴിവാകും. ഇന്ധന ലാഭം മറ്റൊന്ന്. കുറഞ്ഞ മൂലധനം കൊണ്ട് ഏതൊരു പാവപ്പെട്ടവനും സൈക്കിൾ റിക്ഷ വാങ്ങിച്ച് തൊഴിൽ ചെയ്യാം. ഇന്ധനത്തിന് പകരം ശരിരത്തിന്റെ ഊർജ്ജം ഉപയോഗിക്കുന്നതിനാൽ അയാളുടെ ആരോഗ്യം വർദ്ധിക്കും. ഈ അവസരത്തിൽ കേരളത്തിലെ ആയിരക്കണക്കായ ഓട്ടോറിക്ഷ തൊഴിലാളികളായ യുവാക്കളുടെ കാര്യം ഓർമ്മിക്കുക. സാറ്റാർട്ട് ചെയ്യാൻ വേണ്ടി ഓട്ടോയുടെ ലിവർ വലിക്കുക എന്നതല്ലാതെ മറ്റ് യാതൊരുവിധമായ വ്യായാമവും ചെയ്യാൻ ഈ യുവാക്കൾക്ക് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ അവരുട ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യ സ്ഥിതി മോശമാകുന്നു.

സൈക്കിൾ റിക്ഷ അപ്രത്യക്ഷമായതോടു കൂടി ഒരാൾക്ക് അൽപ്പ ദൂരം യാത്ര ചെയ്യണമെങ്കിൽ പോലും ഓട്ടോറിക്ഷയുടെ മൂന്ന് യാത്രക്കാർക്കുള്ള മിനിമം കൂലി കൊടുക്കേണ്ടി വരുന്നു.

എന്തായാലും എഎപിയുടെ അടിസ്ഥാന തത്വങ്ങളോടു യോജിപ്പിക്കാത്തവരെ എത്ര വലിയ നേതാക്കളാണെങ്കിലും പാർട്ടിയിൽ നിന്നു മാറ്റുക തന്നെയാണ് നല്ലത്. ഇനി അത് ജനാധിപത്യ വിരുദ്ധമാണെങ്കിൽ അഥവാ അവർക്കാണ് പാർട്ടിയിൽ ഭൂരിപക്ഷമെങ്കിൽ കേജ്‌രിവാൾ പക്ഷക്കാർ കുടിയിറങ്ങിപ്പോകണം. അതും ഏറ്റവും ശുദ്ധമായ രാഷയ്‌രീയ സംസ്‌കാരമാണ്. കേജ്‌രിവാളിന്റെതായി പുറത്ത് വന്നിട്ടുള്ള ഒരു ഫോൺ സംഭാഷണം ഇതാണ് ''ഞാനും എന്റെ എംഎൽഎമാരും അനുയായികളും എഎപി വിട്ട് പുതിയ പാർട്ടിയുണ്ടാക്കും'' എന്ന് ഇത് പലരിലും ഞടുക്കമുണ്ടാക്കി. പക്ഷെ അതാണ് നല്ല രാഷ്ട്രീയം എഎപി എന്ന പേരും ചൂൽ എന്ന ചിഹ്നവുമല്ല പ്രധാനം എന്ന് ഓർമ്മിക്കുക. അതേ സമയം മറ്റ് ചില പാർട്ടികൾ പാർട്ടിയുടെ കൊടിയും ചിഹ്നവും കാണുമ്പോൾ അണികളുടെ ചോര തിളയ്ക്കണം എന്ന തത്വം സമൂഹത്തിൽ സ്ഥാപിച്ചെടുത്തവരാണ്. അവർക്കൊക്കെയാണ് എഎപി തല്ലിത്തകരുന്നതിൽ സഹിക്കാൻ വയ്യാത്ത സങ്കടവും രോക്ഷവും തോന്നുന്നത്.

ഫോൺ - 9446203858, ഇമെയിൽ - [email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP