Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

എന്ത് അടിയന്തിരസാഹചര്യമായാലും പ്രതിപക്ഷം പത്രസമ്മേളനം നടത്തിയിട്ടല്ല നിർണായകവിവരങ്ങൾ ജനങ്ങൾ അറിയേണ്ടത്; അത് ഭരിക്കുന്നവരുടെ ബാധ്യതയാണ്; ഇപ്പോൾ പോലും അതിനെപ്പറ്റി മാത്രം സംസാരമില്ല; അപ്പോൾ നിങ്ങൾ എങ്ങനെ ജനാധിപത്യത്തെപ്പറ്റി സംസാരിക്കും? സ്പ്രിങ്‌ളർ വിവാദത്തിൽ ടി അരുൺകുമാർ എഴുതുന്നു

എന്ത് അടിയന്തിരസാഹചര്യമായാലും പ്രതിപക്ഷം പത്രസമ്മേളനം നടത്തിയിട്ടല്ല നിർണായകവിവരങ്ങൾ ജനങ്ങൾ അറിയേണ്ടത്; അത് ഭരിക്കുന്നവരുടെ ബാധ്യതയാണ്; ഇപ്പോൾ പോലും അതിനെപ്പറ്റി മാത്രം സംസാരമില്ല; അപ്പോൾ നിങ്ങൾ എങ്ങനെ ജനാധിപത്യത്തെപ്പറ്റി സംസാരിക്കും? സ്പ്രിങ്‌ളർ വിവാദത്തിൽ ടി അരുൺകുമാർ എഴുതുന്നു

ടി അരുൺകുമാർ

സ്പ്രിങ്‌ളർ വിവാദത്തിൽ ഒരു മലയാളി ‍എന്ന നിലയിൽ മനസ്സിലായ ചില കാര്യങ്ങൾ, ചില സന്ദേഹങ്ങൾ ഇവിടെ കുറിക്കാമെന്ന് കരുതുന്നു: കോവിഡ് ബിഗ് ഡാറ്റ അനാലിസിന്റെ ഭാഗമായി ശേഖരിച്ച ഡാറ്റ ഏതെങ്കിലും തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുമോ ഇല്ലയോ എന്നതിനെപ്പറ്റി എനിക്കറിയില്ല. പക്ഷെ, എ എന്നയാൾ ബിയുടെ കൈയിൽ നിന്നും വ്യക്തിപരമായ മെഡിക്കൽ വിവരങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യഡാറ്റ രേഖാമൂലം ശേഖരിക്കുമ്പോൾ ഇത് മറ്റ് ആവശ്യങ്ങൾക്കായി (ഈ മറ്റ് ആവശ്യങ്ങൾ മോശമാവണമെന്നില്ല, നല്ലത് തന്നെ ആവാം) ഉപയോഗപ്പെടുത്തില്ല എന്നതിന് രേഖാമൂലമായ ഒരു സാക്ഷ്യപ്പെടുത്തൽ വേണമല്ലോ. നിലവിൽ സ്പിങ്‌ളർ ഡാറ്റാ ശേഖരണം അത്തരമൊരു സാക്ഷ്യപ്പെടുത്തൽ നൽകുന്നുണ്ടോ?

ഇല്ല എന്നാണ് വിശ്വാസം. ഇത്തരത്തിൽ സ്വകാര്യമായ ഡാറ്റശേഖരിക്കുമ്പോൾ അത് അതിന്റെ ഉദ്ദേശത്തിന് പുറത്ത് മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കുകയില്ലെന്ന് ഒന്നുകിൽ ബി എയ്ക്ക് രേഖാമൂലം ഉറപ്പ് നൽകണം. അല്ലെങ്കിൽ അത്തരം ആവശ്യങ്ങൾക്ക് തന്റെ ഡാറ്റ ഉപയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് എ ബിക്ക് രേഖാമൂലം സമ്മതം നൽകണം. ഇത് സ്പ്രിങ്‌ളർ ഡാറ്റാശേഖരണം പാലിച്ചിട്ടുണ്ടോ? ഇല്ല എന്ന് കരുതുന്നു. അങ്ങനെയാണെങ്കിൽ പ്രാഥമികതലത്തിൽ തന്നെ ഡാറ്റ സ്വകാര്യത സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനാവകാശം ഹനിക്കപ്പെട്ടില്ലേ ?

ചുരുക്കത്തിൽ ആ വിവരശേഖരണ പത്രത്തിന് താഴെ രണ്ട് വരി സ്വസമ്മതമായി അടിച്ചു ചേർക്കാനും അവിടെ വിവരദാതാവിന്റെ ഒരൊപ്പിനുള്ള ഇടം മാറ്റിവയ്ക്കാനുമുള്ള ഇത്തിരി വിവേകം ഇതിന് പിന്നിലെ ബുദ്ധിമാന്മാർക്ക് ഇല്ലാതെ പോയതിന്റെ അനന്തരഫലം കൂടിയാണ് ഈ ഡാറ്റാ വിവാദം. എങ്കിലും കാതലായ രാഷ്‌ട്രീയ – നൈതിക ചോദ്യങ്ങൾ നില നിൽക്കും. അതിലേക്ക് പിന്നെ വരാം.

ഇപ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങൾ കുറച്ചു കൂടി വിശദമാക്കാം : അതായത് നമ്മൾ ഒരു ക്രഡിറ്റ് കാർഡ് എടുക്കാൻ നമ്മുടെ തിരിച്ചറിയൽ രേഖയുടെ കോപ്പി കൊടുക്കുന്നു. അതിൽ നമ്മൾ ക്രഡിറ്റ് കാർഡ് എടുക്കാനുള്ള ആവശ്യത്തിനായി മാത്രം എന്നെഴുതി ഒപ്പിട്ടുകൊടുക്കുന്നത് എന്തിനാണ് ? നാളെ ഇത് ദുരുപയോഗം ചെയ്യപ്പെട്ടാൽ നമുക്ക് ഒരു നിയമസംവിധാനത്തിന് മുന്നിൽ നമ്മുടെ കൺസെന്റ് ഇല്ലാതെ ചെയ്ത ഒരു കാര്യത്തെ നേരിടാനുള്ള അവകാശത്തെ ഉറപ്പിക്കാൻ വേണ്ടിയാണ്.

സ്പ്രിങ്‌ളർ ഡാറ്റയുമായി ബന്ധപ്പെട്ട് കേൾക്കുന്ന ന്യായവാദമാണ് ഗുഗിളും, ജി.മെയിലും, ഫേസ്‌ബുക്കും, ആമസോണുമെല്ലാം നമ്മുടെ ഡാറ്റ ഉപയോഗിക്കുന്നുണ്ട് എന്നത്. പക്ഷെ, നമ്മുടെ ഡാറ്റ ഉപയോഗിക്കുന്നതിന് നാം അവർക്ക് അനുമതി കൊടുക്കുന്നുണ്ട്. നമ്മളാരും വായിച്ചു നോക്കാതെ ഒ.കെ അടിക്കുന്ന ഒരു ടേംസ് ആൻഡ് കണ്ടീഷൻസ് ഇല്ലേ, അതിൽ ഈ ഡാറ്റ അനുമതിയും പെടും. ഇനി അവർക്കും നമ്മുടെ സ്വകാര്യമായ മെഡിക്കൽ ഡാറ്റ, അതും സെൽഫ് റിവീൽ ചെയ്തത്, ലഭ്യമാകുമെന്ന് തോന്നുന്നില്ല.

സ്വയംസാക്ഷ്യപ്പെടുത്തിയ ഡാറ്റയും ഇന്റർനെറ്റ് സർഫിംഗിനെ ആധാരമാക്കി എടുക്കുന്ന ഡാറ്റയും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ടെന്ന് വിശ്വസിക്കുന്നു. ഉദാഹരണത്തിന് ഞാൻ ആമസോൺ വഴി ഒരു ആന്റി-ഡാൻഡ്രഫ് ജെൽ വാങ്ങുന്നു എന്ന് കരുതുക. അത് ഞാനാണോ അതോ മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നത് എന്ന് കണ്ടെത്താൻ ആമസോണിന് വഴിയൊന്നുമില്ല. ഇനി ഇത്തരം ധാർമ്മിക / നിയമ പ്രശ്നങ്ങൾ സർക്കാരും സ്പ്രിങ്‌ളറും തമ്മിലുള്ള കരാറിൽ ചർച്ച ചെയ്ത് ധാരണയിൽ ആയിട്ടുണ്ടെന്ന് തത്വത്തിൽ സമ്മതിക്കുക. അങ്ങനെയെങ്കിലും അതിൽ ചോദ്യങ്ങളുണ്ടല്ലോ. സർക്കാർ ഈ പ്രക്രിയെപ്പറ്റി, കരാറുകളുടെ പകർപ്പടക്കം, പറ്റുമെങ്കിൽ ഒപ്പിടുന്നതിന് മുമ്പ് തന്നെ അതൊരു പബ്‌ളിക് ഡോക്യുമെന്റ് ആക്കേണ്ടതായിരുന്നില്ലേ? ഇവിടെ അത് സംഭവിച്ചിരുന്നോ, ഇല്ല.

ഇനി പൗരന്റെ സ്വകാര്യതാഅവകാശം ജനങ്ങൾ നൽകിയ മാൻഡേറ്റിനെ ഒരു പവർ ഓഫ് അറ്റോർണി ആയി എടുത്തു കൊണ്ട് ഒരു ഭരണകൂടത്തിന് മറ്റൊരു സ്വകാര്യസ്ഥാപനത്തിന് ഒരടിയന്തിര ഘട്ടത്തിൽ ഏൽപ്പിച്ചു കൊടുക്കാമോ എന്നെനിക്കറിയില്ല. ഈ പ്രശ്‌നത്തിന് നിയമവിദഗ്ധരാണ് മറുപടി പറയേണ്ടത്. പക്ഷെ നിയമവകുപ്പുമായി ഈ വിഷയം ചർച്ച ചെയ്തിട്ടില്ല എന്നല്ലേ ഐ.ടി സെക്രട്ടറി പറഞ്ഞത്?സ്പ്രിങ്‌ളർ ഡാറ്റശേഖരണത്തിന്റെ രാഷ്ട്രീയവിശകലനം ഇവിടത്തെ ഇടതുപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നതും അവരുടെ കാലത്തോട് പ്രതികരിക്കുന്നതിലെ ഭാവനയില്ലായ്മയും ഇരട്ടത്താപ്പും വെളിപ്പെടുത്തുന്നതാണ്.

എങ്ങനെയാണന്നല്ലേ? പറയാം. അതിനാദ്യം നാം കംപ്യൂട്ടറുകൾ നിത്യജീവിതത്തിൽ ഇടപെട്ട് തുടങ്ങിയ കാലത്തേക്ക് തിരിച്ചു പോകണം. അതിന് ശേഷം ഇന്റർനെറ്റ് വന്നു. അതിന് ശേഷം സ്മാർട്ട്‌ഫോണുകളും ത്രീജി-ഫോർജി വയർലെസ് ഹൈസ്പീഡ് ഇന്റർനെറ്റും വന്നു. വിവരവിപ്‌ളവം നമ്മുടെ നിത്യജീവിതത്തിൽ ഇടപെട്ട് തുടങ്ങുക ആയിരുന്നു. ജീവിതത്തിന്റെ രൂപകൽപന തന്നെ വിവരവിപ്‌ളവവും അനുബന്ധസംഗതികളും ചേർന്ന് ഏറ്റെടുത്തു. വിവരവിപ്‌ളവത്താൽ നിയന്ത്രിക്കപ്പെടുന്ന ലോകത്ത് വിവരം അഥവാ ഡാറ്റ പ്രധാനപ്പെട്ട ഒന്നായി മാറുന്നത് സ്വാഭാവികമാണ്. തീർച്ചയായും അത് ഏറ്റവും പ്രധാനപ്പെട്ട അസംസ്‌കൃതവസ്തുവായും സാമൂഹികവിഭവമായും മാറി. പ്രധാനമായതിന് മൂല്യവും കൂടുതലായിരിക്കും.
ഇവിടെയാണ് ആ പരമപ്രധാനചോദ്യം വരുന്നത് ? ഇതിന്റെയൊക്കെ പ്രാഥമികമായ ഉടമസ്ഥാവകാശം ആർക്കാണ് എന്നതായിരുന്നു ആ ചോദ്യം.

ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ നമ്മൾ കോഗ്നിറ്റീവ് റെവല്യൂഷൻ മുതലുള്ള കാലത്തിലേക്ക് തിരിച്ചു ചെല്ലണം. ഏതാണ്ട് 70000 വർഷങ്ങൾക്ക് മുമ്പാണ് അത് സംഭവിച്ചതെന്ന് നരവംശശാസ്ത്രം കണക്ക് കൂട്ടുന്നു. ലോകത്തെയും മനുഷ്യരാശിയെയും പുതുക്കിപ്പണിത കണ്ടുപിടിത്തങ്ങളെല്ലാം ലോകത്തിന്റെ പൊതുസ്വത്തായി മാറുന്ന, പരമാവധി ജനാധിപത്യവൽക്കരിക്കപ്പെടുന്ന ഒരവസ്ഥ കൊഗ്നിറ്റീവ് റെവല്യൂഷന് ശേഷം ഉണ്ടായിട്ടുള്ളതായി കാണാം. അത് അക്ഷരങ്ങൾ ആയാലും അച്ചടി അയാലും, ഗണിതമായാലും, വൈദ്യശാസ്ത്രമോ, മറ്റ് ശാസ്ത്രീയനേട്ടങ്ങളോ ആയാലും ഒക്കെ.

ലോകത്തെ പുതുക്കിപ്പണിയുന്ന സൈബർ-ഇന്റർനെറ്റ്-ഡാറ്റ മേഖലയിൽ സ്വകാര്യമൂലധനം ഇടപെടുമെന്നും അത് ഈ ജ്ഞാനസമ്പത്തിനെ കുത്തവൽക്കരിക്കുകയും ലാഭത്തിനായി മാത്രം ഉപയോഗിക്കുകയും ചെയ്യുമെന്നും മുൻകൂട്ടി കണ്ടവരുണ്ടായി. പിന്നീട് ലോകത്തിൽ ഉണ്ടായ അതിസമ്പന്നർ ഈ മേഖലയിൽ നിന്നായത് അതിനെ അക്ഷരം പ്രതി ശരിവച്ചു. ഇതേത്തുടർന്നാണ് ഈ മേഖലയിലെ ജനാധിപത്യത്തിനായി വലിയ സംവാദങ്ങൾ ആരംഭിച്ചതും ഡാറ്റസ്വകാര്യത സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമായതും.

അങ്ങനെയാണ് സ്വതന്ത്ര സോഫ്ട്വെയറുകളുടെ പ്രയോക്താവായ റിച്ചാർഡ് സ്റ്റാൾമാൻ തുടങ്ങിയവരുടെയും മറ്റ് സ്വതന്ത്രചിന്തകരുടെയും ആശയങ്ങൾ ഇടതുപക്ഷം ഉയർത്തിപ്പിടിക്കാനും കോർപ്പറേറ്റുകളുടെ ഫ്രീഇന്റർനെറ്റ് വാഗ്ദാനങ്ങൾ, ഭരണകൂടപദ്ധതികളായ ആധാർ (ബയോമെട്രിക് ഡാറ്റായിൽ അധിഷ്ഠിതമായ ഐഡന്റിഫിക്കേഷൻ പദ്ധതികൾ) എന്നിവയെ ഒക്കെ എതിർക്കാനും തുടങ്ങിയത്. ഈ എതിർപ്പിന്റെ അടിസ്ഥാനം എന്തായിരുന്നു? ഡാറ്റസ്വകാര്യത സംബന്ധിച്ച് കൃത്യമായ അവബോധമോ ചർച്ചകളോ നടക്കാത്ത സമൂഹത്തിൽ ഇത്തരം നടപടികൾ ധാർമ്മികമായി തെറ്റാണെന്നും അത് ചൂഷണമാണെന്നും ഇത്തരം വിവരങ്ങൾ ഭരണകൂടങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ഇടതുപക്ഷം പ്രചരിപ്പിച്ചു.

ഇത് സംബന്ധിച്ച പല കേസുകളിലും ഇപ്പോഴും സുപ്രീംകോടതിയിൽ നടന്നു കൊണ്ടിരിക്കുകയാണെന്നും നാമോർക്കണം. (ആധാർ ആഭ്യന്തരസുരക്ഷാഡാറ്റാബേസ് വിപുലീകരിക്കുന്നതിനായി യു.പി.എ സർക്കാർ കൊണ്ടുവന്നതാണ്. അത് അന്താരാഷ്ട്രതലത്തിൽ വ്യാപകമായ സുരക്ഷാ ആശങ്കകളുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്രതലത്തിൽ തന്നെ രൂപപ്പെട്ട്, പങ്കുവയ്ക്കപ്പെട്ട ആശയമാണെന്ന് വ്യക്തിപരമായി വിശ്വസിക്കുന്നു ) ഈ ഇടത് നിലപാട് ശരിയായിരുന്നു എന്ന് വിശ്വസിക്കുന്നൊരാളാണ് ഞാൻ. പിന്നെ എവിടെയാണ് പ്രശ്‌നം ?

പ്രശ്‌നം വിവരവിപ്‌ളവവും അനുബന്ധമാറ്റങ്ങളും ജീവിതത്തെ ഉടച്ചുവാർത്തു കൊണ്ടിരുന്നപ്പോഴും അതുമായി ബന്ധപ്പെട്ട യാഥാർത്ഥ്യങ്ങളെ കാലാനുസൃതമായി പരിഷ്‌ക്കരിക്കാത്തതിലും സംവാദങ്ങൾക്ക് വിധേയമാക്കാത്തതിലുമാണ്. ഉദാഹരണത്തിന് ഡാറ്റയിലൂടെ ചലിക്കുന്ന, പുതുക്കപ്പെടുന്ന, രൂപീകരിക്കപ്പെട്ടുന്ന ഒരു ലോകക്രമത്തിൽ ഡാറ്റ പങ്കുവയ്ക്കാതെ നിങ്ങൾക്ക് എങ്ങനെ മുന്നോട്ട് പോകാനാവും? അസാധ്യമാണ്.

നിങ്ങളുടെ സ്വകാര്യതയായ നഗ്നത നിങ്ങൾ ഒരു ഡോക്ടറുടെ മുന്നിൽ അനാവൃതമാക്കുന്നത് നിലനിൽക്കുന്ന ഒരു മെഡിക്കൽ എത്തിക്‌സിനെ വിശ്വസിച്ചാണ്. അത്തരത്തിൽ ഒരു ഡാറ്റ എത്തിക്‌സ് ഉണ്ടാവണം. അത്രമെച്ചപ്പെട്ട രൂപത്തിലല്ലെങ്കിലും നിലവിൽ അത്തരത്തിലൊന്ന് ഈ ലോകത്ത് നിലനിൽക്കുന്നുണ്ട്. അതിനിയും പരിഷ്‌ക്കരിക്കപ്പെടും. അത് അങ്ങനെയേ പറ്റൂ. അടിമക്കച്ചവടം നിയമവിധേയമായിരുന്ന ഒരു ലോകത്തിൽ നിന്നാണ് ഡാറ്റ സ്വകാര്യതയുടെ ആശങ്കകൾ പങ്കുവയ്ക്കുന്ന ഒരു ലോകത്തിലേക്ക് നാമെത്തിയിരിക്കുന്നത് എന്നോർക്കുമ്പോൾ മാറ്റത്തെ മനസ്സിലാക്കാനും കാലാനുസൃതമായി കാര്യങ്ങളെ പരിഷ്‌ക്കരിക്കാനുമുള്ള ഭാവന എത്ര പ്രധാനമാണ് എന്ന് മനസ്സിലാവും. ഡാറ്റയുടെ കാര്യത്തിൽ, ഡാറ്റ നിങ്ങൾക്ക് ഇനി നൽകാതിരിക്കാനാവില്ല. പക്ഷെ ഡാറ്റാദാതാവിന്റെ സ്വകാര്യതാഅവകാശങ്ങളെ പരമാവധി സംരക്ഷിച്ചും, ഈ മേഖലയിലെ ചൂഷണങ്ങളെ പരമാവധി തടഞ്ഞും അങ്ങേയറ്റം ജനാധിപത്യവും അവകാശസംരക്ഷണവും ഈ മേഖലയിൽ നിയമനിർമ്മാണത്തിലൂടെ ഉറപ്പുവരുത്തുകയാണ് സർക്കാരുകൾ ചെയ്യേണ്ടത്.

പക്ഷെ, ഡാറ്റ കൊടുക്കാതിരിക്കാനോ ഉപയോഗപ്പെടുത്താതിരിക്കാനോ ആവില്ലെന്ന് ഇടതുപക്ഷത്തിന് മനസ്സിലായത് അവർ ഭരണത്തിലെത്തി ഒരു വലിയ പ്രതിസന്ധിയെ നേരിട്ടപ്പോൾ മാത്രമാണ്. ഈ മങ്ങിക്കത്തൽ ഇവർക്ക് ചരിത്രപരമായി ഉള്ളതാണ്. അത് കംപ്യൂട്ടർവത്കരണമായാലും, കൃഷിയിലെ യന്ത്രവത്ക്കരണമായാലും, എ.ഡി.ബി വായ്പ ആയാലും ഏറ്റവുമൊടുവിൽ ഡാറ്റ സ്വകാര്യത ആയാലും അതുണ്ട്. ഇത് മാറുന്ന കാലത്തോട് സൃഷ്ടിപരമായി പ്രതികരിക്കാനുള്ള കഴിവില്ലായ്മയിൽ നിന്ന് ഉണ്ടാകുന്നതാണ്, അപ്പോൾ പ്രതിസന്ധി മുന്നിലെത്തി. അങ്കലാപ്പായി. പരിഭ്രാന്തിയായി. സ്പ്രിങ്‌ളർ സൗജന്യ ഓഫറുമായി രംഗത്തെത്തി. ആര് കൊണ്ടുവന്നു, സ്വയമേവ വന്നതാണോ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല. അതൊക്കെ മാധ്യമങ്ങൾ കണ്ടെത്തേണ്ട കാര്യങ്ങളാണ്. പക്ഷെ, ദേയർ ഈസ് നോ ഫ്രീലഞ്ചസ് സെർവ്ഡ് എന്ന് നമുക്ക് പണ്ടേ അറിയാം. വിവരവിപ്‌ളവകാലത്ത് അത് ഒട്ടുമുണ്ടാവില്ല എന്നും തോന്നുകയാണ്.

ഇനിയാണ് രസകരമായ കാര്യം. ഡാറ്റ കൊടുക്കാതിരിക്കാനോ ഉപയോഗപ്പെടുത്താതിരിക്കാനോ പറ്റില്ല. അത് മുൻകൂട്ടിക്കണ്ട് ഒരു നയപരിപാടിയോ, നിയമങ്ങളോ രൂപപ്പെടുത്തിയുമില്ല. അടിയന്തിരഘട്ടം വന്നപ്പോൾ ധൃതിയിൽ ചിലത് ചെയ്യേണ്ടി വന്നു. എന്നാൽ അത് ജനങ്ങളുടെ മുമ്പാകെ സമ്മതിച്ചാൽ പോരേ? ഇല്ല. പകരം ചില ചോദ്യങ്ങൾ ഉന്നയിച്ചു. ഗൂഗിൾ ഡാറ്റ എടുക്കുന്നില്ലേ? ഫേസ് ബുക്കിന് ഡാറ്റ കൊടുക്കുന്നില്ലേ ? ദരിദ്രനാരായണന്റെ ഡാറ്റ കിട്ടിയിട്ട് അമേരിക്കയ്ക്ക് എന്ത് കാര്യം? ഡാറ്റസ്വകാര്യത എന്നൊന്ന് പ്രായോഗികമേ അല്ല!
ഇത് ഇടത്പക്ഷം ഡാറ്റയിലെ പൗരാവകാശവും ജനാധിപത്യവും ഉയർത്തിപ്പിടിച്ച് ആദ്യകാലത്ത് എടുത്ത നൈതികമായ നിലപാടിനെതിരെ ഇവിടത്തെ വലതു പക്ഷം പരിഹസിച്ച് ചോദിച്ച ചോദ്യങ്ങളാണ് ഇവയോരോന്നും. ഇനിയും ഇഷ്ടം പോലെയുണ്ട് താനും. ഇന്നിത് ഇടതുപക്ഷം ഏറ്റെടുക്കുകയാണ്. വലതിന്റെ പരിഹാസച്ചോദ്യം അതേപടി തിരിച്ചു ചോദിക്കാനാണെങ്കിൽ എന്തിനാണ് ഇവിടെ പ്രത്യേകിച്ചൊരു ഇടതുപക്ഷം ? ഇതിന് പേര് ഇരട്ടത്താപ്പ് എന്നല്ലെങ്കിൽ മറ്റെന്താണ്? അപ്പോൾ ചിലകാര്യങ്ങൾ പൊതുവായ, തുറന്ന സംവാദങ്ങൾ ആവശ്യപ്പെടുന്നുണ്ട്. കേരളത്തിൽ ഒരു ഇടത് മനസ്സ് വേരോടിയിരുന്നത് തന്നെ ഇത്തരം സംവാദങ്ങൾ പൊതുഇടങ്ങളിലും മാധ്യമങ്ങളിലൂടെയും നടന്ന് കൊണ്ടിരുന്നതുകൊണ്ടല്ലേ? എന്നാണ് അത് ഉപേക്ഷിക്കപ്പെട്ടത്? പുതിയ സാഹചര്യങ്ങളെ ആശയസംവാദങ്ങളിലൂടെ മനസ്സിലാക്കി, നിലപാട് സ്വീകരിക്കലാണ് മനുഷ്യന് സ്വീകാര്യമായിട്ടുള്ളത്.

നിലവിൽ സ്പ്രിങ്‌ളറിൽ സംഭവിക്കുന്നത് എന്താണെന്ന് നോക്കൂ. ചില ആശയക്കുഴപ്പങ്ങൾ ചൂണ്ടിക്കാട്ടുന്നവരെ മുഴുവൻ സൈബർ സഖാക്കൾ തെറി വിളിക്കുകയും പരിഹസിക്കുകയുമാണ്. എന്റെ ഡാറ്റ എടുത്തോ എന്ന് സാഹിത്യകാരന്മാർ അതിനെ നിസ്സാരവത്ക്കരിക്കുകയാണ്. ഡാറ്റ കൊടുക്കാതെ നിങ്ങൾക്ക് ഭാവിയില്ല. ഡാറ്റ കൊടുക്കാത്തവർ ജീവിതത്തിന്റെ പുറമ്പോക്കിൽ ഇനി ഉപേക്ഷിക്കപ്പെടും. അക്ഷരാഭ്യാസമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം പോലെ. പഠിച്ചിട്ട് എന്തെടുക്കാനാണ് എന്ന മണ്ടത്തരം ഇന്ന് വലിയ വിവരദോഷി പോലും ചോദിക്കില്ലല്ലോ.അപ്പോൾ ഡാറ്റ സ്വകാര്യതസംബന്ധിച്ച് ഫലവത്തായ ചർച്ചകൾക്ക് തുടക്കമിടേണ്ടവർ ഏത് ഡാറ്റയും എങ്ങനെയും കൊടുക്കാം എന്ന് പ്രചാരണം അഴിച്ചു വിടുകയാണ്. ഇതിനെ നാളെ നിങ്ങൾ എന്ത് പറഞ്ഞ് ന്യായീകരിക്കും?

ചുരുക്കത്തിൽ ഒരു സവിശേഷസാഹചര്യത്തിൽ പിടിച്ചു നിൽക്കാനായി നിങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത് എന്തെല്ലാമാണ്? ഡാറ്റയ്ക്ക് പ്രത്യേകിച്ച് വിലയൊന്നുമില്ല. കോടിക്കണക്കിന് ആളുകളിലേക്കാണ് ഈ പ്രചരണം എത്തുന്നത്. ഇത് ചരിത്രപരമായി തന്നെ വലിയ പാതകവും തെറ്റുമല്ലേ? ഡാറ്റയ്ക്ക് എന്ത് വിലയുണ്ട് എന്ന് കമന്റിടാൻ വരുന്നവർ ഡാറ്റാ ഡ്രിവൺ ആയ ലോകം എങ്ങനെയാണ് സ്വയം പുതുക്കിപ്പണിയുകയും മനുഷ്യജീവിതത്തെ മാറ്റിമറിക്കുകയും ചെയ്യുന്നതെന്ന് സ്വയം മനസ്സിലാക്കാൻ ശ്രമിക്കുക. ആദ്യത്തെ സപ്പോർട്ട് ഞാൻ തന്നെ തരാം : ഹരാരി എഴുതിയ ഹോമോദിയൂസ് എന്ന ബെസ്റ്റ് സെല്ലർ വായിക്കുക.

ഇനി ഒരടിയന്തിരസാഹചര്യം ആണ് ഇതെല്ലാം ചെയ്യിപ്പിച്ചത്, ജീവനുണ്ടെങ്കിലല്ലേ ഡാറ്റയുള്ളൂ എന്ന വാദത്തിലേക്ക് വരാം. ഡാറ്റാവിവാദം സംബന്ധിച്ച ഇടത് വാദങ്ങളെല്ലാം ചെന്നവസാനിക്കുന്നത് ഈ പോയിന്റിലാണ്. ഒരടിയന്തിരസാഹചര്യത്തിൽ എന്തുമാവാമെങ്കിൽ ഇന്ദിരാഗാന്ധി ശരിയാവും. അടിയന്തരാവസ്ഥയുടെ മറവിലെ പൗരാവകാശലംഘനവും ഏകാധിപത്യവും പൊലീസ് രാജും കൊലപാതകങ്ങളും, മാധ്യമസെൻസറിംഗും സഞ്ജയ് ഗാന്ധിയുടെ സൂപ്പർ പ്രൈംമിനിസ്റ്റർഷിപ്പും എല്ലാം ശരിയായാവും. കാരണം ഇന്ദിരാഗാന്ധി പറഞ്ഞത് രാജ്യം അപകടത്തിലാണ് എന്നായിരുന്നു. അടിയന്തിരാവസ്ഥയാണ് എന്നായിരുന്നു. അതിനെതിരെ പൊലീസിനെ വെല്ലുവിളിച്ച യുവനേതാവാണ് ഇന്ന് കേരളം ഭരിക്കുന്നത്.

എന്നെ സംബന്ധിച്ച് അടിയന്തിരാവസ്ഥ ന്യായീകരിക്കപ്പെടില്ല. സ്പ്രിങ്‌ളറിലെ രാഷ്ട്രീയ ഇരട്ടത്താപ്പുകളും മറച്ചു വയ്ക്കലുകളും ന്യായീകരിക്കപ്പെടില്ല. ഇപ്പോഴും സ്പ്രിങ്‌ളർ വിഷയത്തിൽ അനുകൂലവാദങ്ങൾ എല്ലാം സമ്മതിച്ചു കൊടുത്താലും ഒരു ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കും. അതിതാണ്: സ്പ്രിങ്‌ളർ ഡാറ്റാ ശേഖരണം, അതിന്റെ പ്രൊസംസിങ്, തുടങ്ങി ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെയും അച്ചടി-ദൃശ്യമാധ്യമങ്ങളിലൂടെയും വരുന്ന വിവരങ്ങളൊന്നും ഭരണാധികാരികൾ പറഞ്ഞല്ല നാം അറിഞ്ഞത്. പൗരന്റെ ഡാറ്റ ഓണർഷിപ്പ് സർക്കാരിന് ആണോ എന്നറിയില്ല. സർക്കാരിന് ആവണമെങ്കിൽ പൗരന് അതെന്തിനുപയോഗിക്കുന്നു എന്ന അറിവ് വേണം, അല്ലെങ്കിൽ റിട്ടൺ കൺസെന്റ് അവൻ നൽകണം. ആധാറിനടക്കം ഈ കൺസെന്റ് സർക്കാർ എഴുതി വാങ്ങിച്ചിട്ടുണ്ട്. ഈ അറിവ് സർക്കാർ നൽകിയിരുന്നില്ല. ഒരു പത്രസമ്മേളനമോ, ഒരു ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്‌റ്റോ മാത്രം മതിയായിരുന്നു അതിന്. എന്ത് അടിയന്തിരസാഹചര്യമായാലും പ്രതിപക്ഷം പത്രസമ്മേളനം നടത്തിയിട്ടല്ല ഇത്തരം നിർണായകവിവരങ്ങൾ ജനങ്ങൾ അറിയേണ്ടത്. അത് ഭരിക്കുന്നവരുടെ ബാധ്യതയാണ്. ഇപ്പോൾ പോലും അതിനെപ്പറ്റി മാത്രം സംസാരമില്ല. അപ്പോൾ നിങ്ങൾ എങ്ങനെ ജനാധിപത്യത്തെപ്പറ്റി സംസാരിക്കും?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP