Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭരണഘടന നമ്മളെയാണോ, നമ്മൾ ഭരണഘടനയെ ആണോ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത്? ഒരൊറ്റ ചോദ്യത്തിലൂടെ അദ്ദേഹം അന്നത്തെ ബിജെപി സർക്കാരിനെ നിശബ്ദമാക്കി; കെ. ആർ നാരായണൻ എന്ന മുൻ രാഷ്ട്രപതി ഏറെ പ്രസക്തനാകുന്നുണ്ട്; അദ്ദേഹം ഓർമ്മിക്കപ്പെടേണ്ടതുണ്ട്: സുധാ മേനോൻ എഴുതുന്നു

ഭരണഘടന നമ്മളെയാണോ, നമ്മൾ ഭരണഘടനയെ ആണോ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത്? ഒരൊറ്റ ചോദ്യത്തിലൂടെ അദ്ദേഹം അന്നത്തെ ബിജെപി സർക്കാരിനെ നിശബ്ദമാക്കി; കെ. ആർ നാരായണൻ എന്ന മുൻ രാഷ്ട്രപതി ഏറെ പ്രസക്തനാകുന്നുണ്ട്; അദ്ദേഹം ഓർമ്മിക്കപ്പെടേണ്ടതുണ്ട്: സുധാ മേനോൻ എഴുതുന്നു

സുധാ മേനോൻ

ന്ന് വാജ്‌പേയ് ആയിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി. പുതിയ നൂറ്റാണ്ടിന്റെ തുടക്കം. ആദ്യമായി അധികാരത്തിൽ വന്ന സംഘപരിവാർ 'ഇന്ത്യൻ ഭരണഘടന' മാറ്റിയെഴുതാൻ സമർത്ഥമായി ശ്രമിക്കുന്ന കാലം. പക്ഷെ, അതിശക്തമായ എതിർപ്പിലൂടെ ആ ശ്രമത്തെ എന്നന്നേക്കുമായി പരാജയപ്പെടുത്തിയത്, എക്കാലത്തും ഭരണഘടനാ ധാർമികതയെ ഉയർത്തിപ്പിടിച്ച, രാഷ്ട്രപതി എന്നാൽ ആചാരപദവിക്ക് അപ്പുറം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ കാവലാൾ കൂടി ആണെന്ന് നമ്മെ ബോധ്യപ്പെടുത്തിയ മഹാനായ ഒരു മനുഷ്യൻ ആയിരുന്നു. കെ. ആർ നാരായണൻ എന്ന ബഹുമുഖ പ്രതിഭ. ഭരണഘടന നമ്മളെയാണോ, നമ്മൾ ഭരണഘടനയെ ആണോ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത് എന്ന ഒരൊറ്റ ചോദ്യത്തിലൂടെ അദ്ദേഹം അന്നത്തെ ബിജെപി സർക്കാരിനെ നിശബ്ദമാക്കി. അത്തരം സംഭവങ്ങൾ ഇന്ത്യാ ചരിത്രത്തിൽ തന്നെ അപൂർവതയാണ്.

തന്റെ നിശിതമായ ഒറ്റ ചോദ്യത്തിലൂടെ കെ. ആർ. നാരായണൻ സംരക്ഷിക്കാൻ ശ്രമിച്ചത് ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയെയും റിപ്പബ്ലിക്കിന്റെ നിലനിൽപ്പിനെയും തന്നെ ആയിരുന്നു. എല്ലായ്‌പ്പോഴും, അദ്ദേഹം രാഷ്ട്രപതിയുടെ അധികാരത്തിന്റെ നാലതിരുകൾക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ ആ പദവിക്ക് വിശാലവും, നീതിയുക്തവുമായ ഭാഷ്യം ചമച്ചു.

2002ൽ ഗുജറാത്ത് വംശഹത്യയുടെ സമയത്ത്, നമ്മുടെ രാഷ്ട്രവും, സമൂഹവും നേരിടുന്ന കടുത്ത പ്രതിസന്ധിയായി അതിനെ വിശേഷിപ്പിച്ച നാരായണൻ, ഗുജറാത്തിലേക്ക് പട്ടാളത്തെ അയക്കാൻ വാജ്‌പേയിയോട് നിർദ്ദേശിക്കുകയും ചെയ്തു. പിന്നീട്, തന്നെ തേടി ഡൽഹിയിലെത്തിയ കലാപത്തിന്റെ ഇരകളെ അദ്ദേഹവും ഭാര്യയും നേരിൽ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തത് ഉദാത്തമായ ധാർമിക ബോധത്തിന്റെയും ഭരണഘടനക്ക് ഒരു പൗരനോടുള്ള അടിസ്ഥാനപരമായ ഉത്തരവാദിത്വം തിരിച്ചറിഞ്ഞതിന്റെയും പ്രതിഫലനമാണ്.

വി. ഡി സവർക്കർക്ക് ഭാരതരത്‌ന നൽകണമെന്ന ശുപാർശ അംഗീകരിക്കാതിരിക്കാൻ കെ. ആർ നാരായണന് കൂടുതൽ ആലോചനകൾ ആവശ്യമായിരുന്നില്ല. ഇന്ത്യൻ രാഷ്ട്രപതി എന്നത് ഭരിക്കുന്ന സർക്കാരിന്റെ ഭൃത്യനോ, വെറും റബ്ബർ സ്റ്റാമ്പൊ അല്ലെന്നും നിരന്തരം പ്രവർത്തന സന്നദ്ധനായ, സർക്കാരിലും ജനങ്ങളിലും 'സോഫ്റ്റ് പവർ' ഉപയോഗിക്കാൻ ശേഷിയുള്ള അത്യുന്നതമായ ഭരണഘടനാപദവി ആണെന്നും അദ്ദേഹം വാക്കുകൾ കൊണ്ടും പ്രവൃത്തി കൊണ്ടും സദാ തെളിയിച്ചുകൊണ്ടിരുന്നു.

സമൂഹത്തിലെ അടിസ്ഥാനവർഗ്ഗത്തിൽ നിന്ന്, ഇന്നാട്ടിലെ ചൂടും, പൊടിയും ഏറ്റ് വളർന്ന ഒരാൾ രാഷ്ട്രപതിയാകുന്നത് രാജ്യത്തെ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ മുഖ്യധാരയിലേക്ക് ഉയർത്തപ്പെടുന്നതിന്റെ തുടക്കം ആയിട്ടാണ് കാണേണ്ടത് എന്ന് അദ്ദേഹം സ്ഥാനമെടുത്തപ്പോൾ തന്നെ കൃത്യമായി പറഞ്ഞിരുന്നു.

നെഹ്രുവിയൻ ആധുനികതയും, ശാസ്ത്രബോധവും, മതേതരത്വവും കൃത്യമായി പിന്തുടർന്ന ഒരു മനുഷ്യൻ കൂടി ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കാലത്ത് , രാഷ്ട്രപതി ഭവൻ ഇറക്കിയ പുതുവർഷ കലണ്ടറുകളിൽ നെഹ്രുവും ഐൻസ്റ്റീനും സ്ഥാനം പിടിക്കുകയും ശാസ്ത്രവും മാനവികതയും തമ്മിലുള്ള കൂടിച്ചേരലാണ് ഭാവിലോകത്തിനു ആവശ്യം എന്ന നെഹ്രുവിന്റെ വാക്കുകൾ അതിൽ ചേർക്കുകയും ചെയ്തു. അതേസമയം അംബേദ്കർ മുന്നോട്ടു വെച്ച 'സാമൂഹ്യനീതി' യെ നെഹ്രുവും ഗാന്ധിജിയും അവഗണിച്ചതിനെയും അദ്ദേഹം വിമർശിച്ചിരുന്നു. ഗാന്ധിയൻ ധാർമികതയുടെയും, നെഹ്രുവിയൻ ആധുനികതയുടെയും, അംബേദ്കറിയൻ സാമൂഹ്യദർശനത്തിന്റെയും അടിത്തറയിൽ പടുത്തുയർത്തിയ വിശാലമായ ലോകബോധമായിരുന്നു കെ. ആർ നാരായണൻ പിന്തുടർന്നത്. സാമൂഹ്യനീതിയും സാമൂഹ്യ ജനാധിപത്യവുമാണ് ഇന്ത്യൻ ഭരണഘടനയുടെ രണ്ടു പ്രധാനപ്പെട്ട നെടുംതൂണുകൾ എന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു.

അതുകൊണ്ടാണ് സ്വാമി അഗ്‌നിവേശിനെ കേൾക്കാനും, ഒഡീഷയിലെ ആദിവാസികളുടെ മേലുള്ള കോർപറേറ്റ് ചൂഷണത്തെ വിമർശിക്കാനും, ബാബ്റി മസ്ജിദിന്റെ തകർച്ചയെ ഗാന്ധിവധത്തിനു ശേഷം നടന്ന ഏറ്റവും വലിയ ദുരന്തമായി വിലയിരുത്താനും ഒക്കെ അദ്ദേഹത്തിന് കഴിഞ്ഞത്. അതുകൊണ്ടാണ്, സ്വകാര്യസ്ഥാപനങ്ങളിൽ ദളിതുകൾക്കും ആദിവാസികൾക്കും സംവരണം നൽകേണ്ടത്, ഒരു പരിഷ്‌കൃത സമൂഹമെന്ന നിലയിൽ അനിവാര്യമാണെന്ന് ആഗോളവൽക്കരണ, സ്വകാര്യവൽക്കരണ നയങ്ങൾ തുടങ്ങിയപ്പോൾ തന്നെ അദ്ദേഹം ദീർഘവീക്ഷണത്തോടെ നിർദ്ദേശിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ ദളിത് പ്രസിഡന്റ് ആയ നാരായണൻ ആണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്ന കീഴ് വഴക്കം തുടങ്ങി വച്ചത് . ആദ്യത്തെ മലയാളി രാഷ്ട്രപതിയും അദ്ദേഹമായിരുന്നു. ആദ്യമായി തന്റെ സമുദായത്തിൽ നിന്ന് ഒന്നാം ക്ലാസോടെ MA ബിരുദം നേടിയ വിദ്യാർത്ഥി കൂടിയായിരുന്നു നാരായണൻ. തിരുവിതാംകൂർ രാജാവ് കാണാൻ വിസമ്മതിച്ചതുകൊണ്ട് ബിരുദദാനച്ചടങ് ബഹിഷ്‌ക്കരിച്ച ആത്മാഭിമാനി. വിഖ്യാത രാഷ്ട്രീയ ചിന്തകൻ ഹാരോൾഡ് ലാസ്‌കിയുടെ പ്രിയശിഷ്യൻ..

അതിസമർത്ഥനായ ഡിപ്ലോമാറ്റ് കൂടിയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് 1976ൽ ചൈനയുമായുള്ള നയതന്ത്രം പുനഃസ്ഥാപിക്കുമ്പോൾ ആ മിഷൻ നയിക്കാൻ ഇന്ദിരാഗാന്ധി നാരായണനെ തന്നെ തിരഞ്ഞെടുത്തത്. നമ്മുടെ ഭരണഘടനാ മൂല്യങ്ങളും, സ്ഥാപനങ്ങളും ഓരോന്നായി അട്ടിമറിക്കപ്പെടുകയും, നിശ്ശബ്ദതയുടെയും അനുസരണയുടെയും സംസ്‌കാരം ഇന്ത്യക്കാരുടെ ജീവനകലയായി ആഘോഷിക്കപ്പെടുകയും, നെഹ്രുവിയൻ ആധുനികതയുടെ മുകളിൽ വർഗീയതയുടെയും അന്ധവിശ്വാസങ്ങളുടെ ഗോപുരങ്ങൾ കെട്ടി ഉയർത്തുകയും ചെയ്തിരിക്കുന്ന ഇക്കാലത്തു ഭരണഘടനയുടെ അനന്യത എന്നും ഉയർത്തിപിടിച്ച കെ. ആർ നാരായണൻ എന്ന മുൻ രാഷ്ട്രപതി ഏറെ പ്രസക്തനാകുന്നുണ്ട്. പക്ഷെ, വേദനയോടെ പറയട്ടെ, കെ. ആർ. നാരായണനെ നമ്മൾ മറന്നു കഴിഞ്ഞിരിക്കുന്നു. ഇന്ന്, അദ്ദേഹത്തിന്റെ നൂറ്റിഒന്നാം ജന്മദിനത്തിൽ കേരളത്തിൽ എങ്കിലും കെ. ആർ നാരായണൻ ഓർമ്മിക്കപ്പെടേണ്ടതല്ലേ? എന്തൊരു മനുഷ്യരാണ് നമ്മൾ! മഹാനായ കെ. ആർ നാരായണന്റെ ദീപ്ത സ്മരണകൾക്ക് മുന്നിൽ പ്രണാമം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP