Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിംഗപ്പൂർ മോഡൽ മാജിക്ക് നടത്താൻ മോദിക്ക് കഴിയുമെന്ന് കരുതിയവർക്കും കാര്യം മനസ്സിലായി; മാനുഫാക്ച്ചരിങ് വിപ്ലവത്തിനു പകരം ഫാക്ടറികളുടെ സമ്പൂർണ്ണമായ അടച്ചുപൂട്ടൽ വിപ്ലവം ആണ് ഇന്ത്യയിൽ ഇന്ന് നടക്കുന്നത്; സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് ലീ ക്വാൻ യു ലക്ഷ്യമിട്ടതു പോലുള്ള അനുസരണയുടെ, നിശബ്ദതയുടെ, അച്ചടക്കത്തിന്റെ ഒരു ജനകീയ സംസ്‌ക്കാരം നാമ്പിട്ടു കഴിഞ്ഞിരിക്കുന്നു; പ്രതിപക്ഷം പോലും ചലനാത്മകം അല്ലാതാവുന്ന സമ്പൂർണ്ണ നിശബ്ദത: സുധാ മേനോൻ എഴുതുന്നു

സിംഗപ്പൂർ മോഡൽ മാജിക്ക് നടത്താൻ മോദിക്ക് കഴിയുമെന്ന് കരുതിയവർക്കും കാര്യം മനസ്സിലായി; മാനുഫാക്ച്ചരിങ് വിപ്ലവത്തിനു പകരം ഫാക്ടറികളുടെ സമ്പൂർണ്ണമായ അടച്ചുപൂട്ടൽ വിപ്ലവം ആണ് ഇന്ത്യയിൽ ഇന്ന് നടക്കുന്നത്; സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് ലീ ക്വാൻ യു ലക്ഷ്യമിട്ടതു പോലുള്ള അനുസരണയുടെ, നിശബ്ദതയുടെ, അച്ചടക്കത്തിന്റെ ഒരു ജനകീയ സംസ്‌ക്കാരം നാമ്പിട്ടു കഴിഞ്ഞിരിക്കുന്നു; പ്രതിപക്ഷം പോലും ചലനാത്മകം അല്ലാതാവുന്ന സമ്പൂർണ്ണ നിശബ്ദത: സുധാ മേനോൻ എഴുതുന്നു

സുധാ മേനോൻ

ണ്ടായിരത്തി അഞ്ചു മുതലുള്ള എന്റെ അടുത്ത സുഹൃത്താണ് രാമകൃഷ്ണ റാട്ടി. മാർവാഡി ആണെങ്കിലും വര്ഷങ്ങളായി ഗുജറാത്തിൽ താമസിക്കുന്ന, ഞങ്ങൾ കൂട്ടുകാർ സ്‌നേഹത്തോടെ രാംകി എന്ന് വിളിക്കുന്ന രാമകൃഷ്ണ കടുത്ത വലതുപക്ഷക്കാരനാണ്. ഒരു വൻകിട FMCG കമ്പനിയില് മാർക്കറ്റിങ് വിഭാഗത്തിൽ സീനിയർ മാനേജർ. ജമ്‌നലാൽ ബജാജ് ഇന്‌സ്ടിട്ടുട്ടിൽ നിന്നും MBAയും, NIT യിൽ നിന്നും എഞ്ചിനീയരിങ്ങും കഴിഞ്ഞ മിടുക്കനായ രാംകിയുടെ റോൾ മോഡൽ ലീ ക്വാൻ യു ആയിരുന്നു. ആധുനിക സിംഗപൂരിന്റെ മുഖച്ചായ മാറ്റിയ, സാക്ഷാൽ ലീ.

ഇന്ത്യയുടെ പ്രശ്‌നം ലീ ക്വാൻ പോലുള്ള നേതാക്കന്മാർ ഇല്ലാത്തത് ആണെന്നും, നെഹ്രുവിനു പകരം, കറ കളഞ്ഞ വലതുപക്ഷ-സ്വകാര്യമുതലാളിത്തത്തിന്റെ വക്താവ് ആയിരുന്ന സർദാർ പട്ടേൽ ആയിരുന്നു ആദ്യപ്രധാനമന്ത്രി എങ്കിൽ ഇന്ത്യ എന്നേ ഒരു മാനുഫാക്ച്ചരിങ് ഹബ് ആയിരുന്നേനെ എന്നും രാംകി സ്ഥിരമായിവാദിക്കും. ഒരു സിറ്റി- സ്റ്റേറ്റ് മാത്രമായ സിംഗപ്പൂർ അല്ല, ഇന്ത്യയെന്ന മഹാരാജ്യവും, അതിന്റെ സങ്കീർണ്ണമായ സാമൂഹ്യ- സാമ്പത്തിക ഘടനയും എന്ന് പറഞ്ഞാൽ രാംകി, നെഹ്രുവിന്റെ അനാവശ്യമായ സോഷ്യലിസ്റ്റ് ഗൃഹാതുരതയാണ് ഇന്ത്യൻ യുവാക്കളുടെ കുതിപ്പിന്റെ ചിറക് ഒടിച്ചത് എന്ന് പ്രാകും.

രാംകി എന്റെ വീട്ടിലേക്കു ആദ്യമായി മധുരം കൊണ്ടുവന്നത്, രത്തൻ ടാറ്റാ നാനോ പ്ലാന്റ് അഹമ്മദാബാദിലെ സാനന്തിലേക്ക് മാറ്റാൻ തീരുമാനിച്ച ദിവസമായിരുന്നു.
രാംകി ജീവിതത്തിൽ പങ്കെടുത്ത ഒരേ ഒരു സമരം, അണ്ണാഹസാരെയുടെ അഴിമതിവിരുദ്ധ പോരാട്ടമായിരുന്നു. അണ്ണാക്യാപ്പും ഇട്ട്, വൈകുന്നേരങ്ങളിൽ രാംകി അഴിമതിക്കെതിരെ മെഴുകുതിരി കത്തിക്കാൻപോയി. മന്മോഹൻ സിംഗിനെ എന്നും ചീത്ത വിളിച്ചു.
പക്ഷെ ആപ്പിൽ രാംകിക്ക് വിശ്വാസം ഉണ്ടായിരുന്നില്ല.

രാംകിയുടെ വികാസ് പുരുഷൻ എന്നും നരേന്ദ്ര മോദി ആയിരുന്നു. പുരോഗതിയിലേക്ക് കുതിക്കാൻ കൊതിക്കുന്ന ഓരോ ഇന്ത്യൻ യുവാവും, സാധാരണക്കാരനായ, 'എലീറ്റ്- ഹാർവാർഡ്- ലുട്ട്യെൻസ് ഡൽഹി' പ്രിവിലെജുകൾ ഒന്നുമില്ലാത്ത നരേന്ദ്ര മോദിയിൽ ആണ് ഇന്ത്യയുടെ ലീ ക്വാനെ തിരയേണ്ടത് എന്ന് അസന്നിഗ്ദ്ധമായി രാംകി വിശ്വസിച്ചു. മുഖച്ഛായ മാറിയ ഗുജറാത്ത് അത് അരക്കിട്ടുറപ്പിച്ചു. ജഗദീഷ് ഭഗവതിയും, അരവിന്ദ് പനാഗരിയയും എഴുതിയ ഗുജരാത്ത് മോഡൽ വാഴ്തുപാട്ട് നിരന്തരം ആവർത്തിക്കാൻ തുടങ്ങി.

സന്ഘിയോ മൃദുഹിന്ദുവോ ഒന്നും അല്ലാത്ത രാംകി, അതുകൊണ്ട് തന്നെ രണ്ടായിരത്തി പതിനാലിലെ പൊതു തിരഞ്ഞെടുപ്പിൽ ആദ്യമായി, വളരെ സജീവമായി BJP ക്ക് വേണ്ടി പ്രവർത്തിച്ചു. പപ്പു തമാശകളും, ഗാന്ധികുടുംബ അശ്ലീലതമാശകളും നിരന്തരം എനിക്ക് ഫോർവേർഡ് ചെയ്തു. മുഖച്ഛായ മാറുന്ന, അഴിമതിമുക്തമായ ഇന്ത്യൻ എക്കോണമി ആയിരുന്നു രാംകിയുടെയും, അവനെപോലുള്ള ധാരാളം urban- middle class കോർപ്പറേറ്റ് ചുണക്കുട്ടന്മാരുടെയും പ്രതീക്ഷ. അച്ചാ ദിൻ വാഗ്ദാനം ചെയ്ത നരേന്ദ്ര മോദി ആ പ്രതീക്ഷകൾക്ക് ചിറകുകൾ മുളപ്പിച്ചു.

നോട്ടു നിരോധനവും, GSTയും ഒക്കെ ലീ ക്വാന് ആകാനുള്ള ചുവടുവെയ്‌പ്പുകള് ആണെന്ന് രാംകി ആത്മാർഥമായി വിശ്വസിച്ചു. കാർഷികപ്രതിസന്ധിയും, distress sales ഉം, കടക്കെണിയും, അസംഘടിതമേഖലയിലെ കടുത്ത തൊഴിലില്ലായ്മയും ഒക്കെ ചൂണ്ടിക്കാണിച്ചപ്പോൾ അവന്, അടുത്ത ടേമിൽ എല്ലാം ശരിയാകുമെന്നും, കോൺഗ്രസ് തകർത്തുകളഞ്ഞ ഇക്കോണമിയെ ശരിയാക്കൽ എളുപ്പമല്ലെന്നും ഓർമിപ്പിച്ചു. NREGA പോലുള്ള പദ്ധതികളെ എന്നും പഴിച്ചു.

പക്ഷെ, ഇന്നലെ, ഉലഞ്ഞ ഷർട്ടും, സങ്കടം നിറഞ്ഞ മുഖവുമായി രാംകി എന്നെ കാണാൻ വന്നു. കമ്പനി പിരിച്ചു വിടല് നോട്ടീസ് കൊടുത്തിരിക്കുന്നു. മൂന്നു മാസത്തെ സമയം. ഗ്രാമീണമേഖലയിൽ കച്ചവടം തീരെ കുറവ്. ടാർഗറ്റ് തികക്കാൻ പോയിട്ട് കച്ചവടം ഇല്ലാതായി. കടുത്ത മത്സരവും. കുറെ പേർക്ക് തൊഴിൽ പോകും. കുട്ടികളുടെ ഫീസ്, ഹൗസിങ് ലോൺ തിരിച്ചടവ്,ജീവിത നിലവാരം...സമ്പാദ്യം ഏറെയും സ്റ്റോക്ക് മാർക്കറ്റിൽ.. അടുത്തെങ്ങും അങ്ങോട്ട് നോക്കിയിട്ട് കാര്യമില്ല. ഭാവി ഇരുട്ടിൽ. എന്ത് ചെയ്യണം എന്നറിയില്ല.ആദ്യമായാണ് ഇത്ര ഉള്ളുലഞ്ഞു അവനെ കാണുന്നത്. എല്ലാ പ്രതീക്ഷകളും തകർന്ന മുഖം.

പാവം രാംകിയെപോലെ എത്രയോ പേർ ഇങ്ങനെ കരയുന്നുണ്ടാകും? രണ്ടായിരത്തി ഒൻപതിൽ- ആഗോളമാന്ദ്യത്തിന്റെ കാലത്ത് പോലും FMCG യിൽ തൊഴിൽ പ്രതിസന്ധി ഉണ്ടായിട്ടില്ലെന്ന് അവൻ പറഞ്ഞു. ഒരു ആശ്വാസവാക്കുപോലും പറയാനാവാതെ ഞാൻ ഇരുന്നുപോയി. 'ഇവർക്കിത് മാനേജ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല ദീദി, 'tripling effect of this slow down will be disastrous'. അവന്റെ ദയനീയത കണ്ടിട്ട് എനിക്ക്ഒന്നും പറയാൻ തോന്നിയില്ല. കർഷകരുടെ ഐതിഹാസികമായ മാർച്ച് പോലും പരിഹസിച്ച് തള്ളിയവർ ആണ് ഇന്ന് ദുരന്തം സ്വന്തം ജീവിതത്തിലേക്ക് ചുവടുവച്ചപ്പോൾ പകച്ചുപോകുന്നത്.

നോട്ടുനിരോധനവും, വരൾച്ചയും, കാർഷികരംഗത്തെ തകര്തുകളഞ്ഞപ്പോൾ, ആത്യന്തികമായി അത് ബാധിക്കുന്നത് തങ്ങളുടെ rural salesകൂടെയാണെന്ന് ലീ ക്വാനെ കാത്തിരുന്നവർ മറന്നുപോയി. ഇന്ത്യൻ അസംഘടിതമേഖലയുടെ വ്യാപ്തിയും, ഘടനാപരമായ സങ്കീർണ്ണതയും, മനസിലാക്കാതെയുള്ള ഏതു എടുത്തു ചാട്ടവും അതിഭയങ്കരമായ തിരിച്ചടികൾ ഉണ്ടാക്കുമെന്ന് അവർ മനസിലാക്കിയില്ല. വൈകി ആണെങ്കിലും രാംകിക്ക് അത് മനസിലായി.

ഇന്ന് ഗ്രാമങ്ങളിൽ പാവപ്പെട്ട സ്ത്രീകൾക്ക് റൊട്ടിയും ചോറും കഴിക്കാൻ പറ്റുന്നത്, ദേശിയ വേസ്റ്റ് എന്ന് urban middleക്ലാസ്സ് പരിഹസിച്ച NREGS കാരണമാണ്. അതൊരു ' ഗ്യാരണ്ടി' ആയതുകൊണ്ട് മാത്രമാണ്. കാരണം, കൃഷി മാത്രമല്ല, നെയ്ത്തും, തുണിയും,ആഭരണനിർമ്മാണവും ഒക്കെ വൻ നഷ്ടത്തിൽ ആണ്. എനിക്ക് നേരിട്ട് അറിയാവുന്ന പല ചെറുകിട കമ്പനികളും ഉൽപ്പാദനം നിർത്തി. ഞാൻ കൂടി ഭാഗമായ Artisan സഹകരണസംഘങ്ങൾ ഒരു വർഷമായിവൻ പ്രതിസന്ധിയിൽ ആണ്. ഓർഡരുകള് നന്നേ കുറഞ്ഞു. ഇപ്പോൾ retail സ്ഥാപനങ്ങൾക്ക് വേണ്ടി കുറഞ്ഞ കൂലിയിൽ പീസ് വർക്ക് ചെയ്യേണ്ടിവരുന്നു. ബാങ്ക് ലോൺ കിട്ടാതായതും, കയറ്റുമതി കുറഞ്ഞതും, ഒക്കെ കാരണങ്ങൾ. നിർമ്മാണതൊഴിലാളികൾ മാസങ്ങൾ ആയി പട്ടിണിയിൽ ആണ്. സങ്കീർണ്ണമായ ഒരു സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ് രാജ്യം.

ആരാണ് ഇതിനുത്തരം പറയേണ്ടത്? ജവഹർലാൽ നെഹ്റു ആണോ? ഹിന്ദുത്വം മാത്രമല്ല, പർവതീകരിച്ച വികസനസ്വപ്നങ്ങളും കൂടി തിരഞ്ഞെടുപ്പ് വിപണിയിൽ വിറ്റ് വോട്ടാക്കി ഒരുപാട് യുവാക്കളുടെ സ്വപ്നങ്ങളെ ചൂഷണം ചെയ്തുകൊണ്ട് അധികാരം നേടിയവർ എന്തുകൊണ്ട് മൗനം പാലിക്കുന്നു? . പ്രഗൽഭരായ ഉപദേശകരും, വിദഗ്ദ്ധരും ഒഴിഞ്ഞുപോയിക്കഴിഞ്ഞു. RBI യും Niti ആയോഗും ഒടുവിൽ മൗനം ഉടച്ചു. എന്നിട്ടും മണ്ടത്തരങ്ങൾ കൊണ്ട് പിന്നെയും പിടിച്ചു നിൽക്കാൻ ശ്രമിക്കുകയാണ് ലീ ക്വാൻ ആകാൻ പുറപ്പെട്ടവർ.

പക്ഷെ, ഇന്ത്യൻജനത നിശബ്ദരാണ്. ആരും മെഴുകുതിരി കത്തിക്കുകയോ, അണ്ണാ ഹസാരെ തൊപ്പിയിടുകയോ ചെയുന്നില്ല. ആർക്കും സമരം ചെയ്യേണ്ട.

ഒരു കാര്യത്തിൽ രാംകിയെ പോലുള്ളവർക്ക് ആശ്വസിക്കാം. സാമ്പത്തിക രംഗത്ത് സിംഗപ്പൂർ- ഈസ്റ്റ് ഏഷ്യൻ മാജിക് നടത്താൻ കഴിഞ്ഞില്ലെങ്കിലും, മാനുഫാക്ച്ചരിങ് വിപ്ലവത്തിനു പകരം ഫാക്ടറികളുടെ സമ്പൂർണ്ണമായ അടച്ചുപൂട്ടൽ വിപ്ലവം ആണ് ഇന്ത്യയിൽ ഇന്ന് നടക്കുന്നതെങ്കിലും, സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് ലീ ക്വാൻ യു ലക്ഷ്യമിട്ടതു പോലുള്ള അനുസരണയുടെ, നിശബ്ദതയുടെ, അച്ചടക്കത്തിന്റെ ഒരു ജനകീയ സംസ്‌ക്കാരം നാമ്പിട്ടു കഴിഞ്ഞിരിക്കുന്നു. പ്രതിപക്ഷം പോലും ചലനാത്മകം അല്ലാതാവുന്ന സമ്പൂർണ്ണ നിശബ്ദത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP