Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പേരറിവാളന് കാൽപ്പനികപരിവേഷം നൽകിയുള്ള ഈ അമിതാഘോഷവും വീരാരാധനയും അത്ര നല്ല പ്രവണതയല്ല; എൽടിടിഇ യുടെ സ്ലീപ്പിങ് സെല്ലുകൾ ഇപ്പോഴും സജീവമാണെന്ന് ഓർമ്മ വേണം: സുധാ മേനോൻ എഴുതുന്നു

പേരറിവാളന് കാൽപ്പനികപരിവേഷം നൽകിയുള്ള  ഈ അമിതാഘോഷവും വീരാരാധനയും അത്ര നല്ല പ്രവണതയല്ല; എൽടിടിഇ യുടെ സ്ലീപ്പിങ് സെല്ലുകൾ ഇപ്പോഴും സജീവമാണെന്ന് ഓർമ്മ വേണം: സുധാ മേനോൻ എഴുതുന്നു

സുധ മേനോൻ

ന്നേക്ക് കൃത്യം പതിമൂന്ന് വർഷം മുൻപ്, 2009 മെയ് മാസം 19 നാണ് ബാലചന്ദ്രൻ പ്രഭാകരൻ എന്ന 12 വയസുകാരൻ കുട്ടിയെ ശ്രീലങ്കൻ പട്ടാളം വെടിവെച്ച് കൊന്നത്. ആ കുഞ്ഞ് ആകെ ചെയ്ത കുറ്റം വേലുപ്പിള്ളൈ പ്രഭാകരന്റെ മകനായി ഈ ഭൂമിയിൽ പിറന്നു വീണു എന്നത് മാത്രമായിരുന്നു. ശ്രീലങ്കൻ പട്ടാളത്തിന്റെ നീതിബോധം അത്രമേൽ ദുർബലമായതുകൊണ്ട്, ഒരു ചെറുബാലൻ പോലും ഭാവിയിൽ തക്ഷകനായി വളരാതിരിക്കാൻ, നെഞ്ചിൻകൂടു തകർത്ത് അവനെ വെടിവെച്ച് കൊന്നു.

ഇന്ത്യയിലോ?

1991 ങമ്യ 21 ന് അർധരാത്രി, ശ്രീപെരുംപുത്തൂരിലേക്ക് യാത്ര തിരിച്ച സോണിയാഗാന്ധിക്കും പ്രിയങ്കക്കും അവസാനമായി ഒരു നോക്ക് കാണാൻ രാജീവ് ഗാന്ധിയുടെ മുഖം പോലും ബാക്കിയുണ്ടായിരുന്നില്ല. ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ അടക്കം ചെയ്ത ഒരു പെട്ടിയല്ലാതെ! എന്നിട്ടും, രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളോട് ക്ഷമിക്കാനും, നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്യാൻ മുൻകൈ എടുക്കാനും അവർക്കും മക്കൾക്കും കഴിഞ്ഞത് പ്രതികാരവും പകയും ഇല്ലാത്ത തെളിമനസ്സ് ഉണ്ടായതുകൊണ്ടാണ്. പ്രിയങ്കക്ക് നളിനിയെ ജയിലിൽ പോയി നേരിട്ടു കാണാനും ഹൃദയത്തോട് ചേർത്തു പിടിക്കാനും കഴിഞ്ഞത് അതുകൊണ്ടു തന്നെയാണ്.

ഇന്നിപ്പോൾ, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അതിദാരുണമായി കൊലപ്പെടുത്തിയതിൽ പങ്കാളിയായ കുറ്റത്തിന് ദീർഘകാലം ജയിൽ ശിക്ഷ അനുഭവിച്ച പേരറിവാളൻ ഇന്ത്യൻ നീതിന്യായവ്യവസ്ഥയിലൂടെ തന്നെ മോചിപ്പിക്കപെടുകയാണ്. വേലുപ്പിള്ളൈ പ്രഭാകരൻ കൊല്ലപ്പെട്ട് കൃത്യം പതിമൂന്നു വർഷം പൂർത്തിയായ മെയ് 18 ന് തന്നെ! പേരറിവാളൻ നിഷ്‌കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല. മാനായും മാരീചനായും മിനിട്ടുകൾക്കകം മാറി മറിയാൻ ഏറ്റവും മികച്ച പരിശീലനം നൽകുന്ന ഭീകരസംഘടനയുടെ ഭാഗമായിരുന്നു അയാൾ എന്നത് തന്നെ കാരണം.

പക്ഷെ, പേരറിവാളന്റെ മോചനവും, പ്രഭാകരന്റെയും മകൻ ബാലചന്ദ്രന്റെയും മരണത്തിന്റെ പതിമൂന്നാം വാർഷികവും, ആദരണീയനായ രാജീവ്ഗാന്ധിയുടെ ഓർമയുടെ മുപ്പത്തിരണ്ടാം വാർഷികവും, ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയും ഒക്കെ കടന്നു വരുമ്പോൾ വീണ്ടും പലരും എൽടിടിയെയും പേരറിവാളനെയും വാഴ്‌ത്തിപ്പാടുന്നത് ആണ് കാണുന്നത്. ശ്രീലങ്ക ഇന്ന് കടന്നുപോകുന്ന പ്രതിസന്ധികൾ, പ്രഭാകരനോടും ബാലചന്ദ്രനോടും ഒക്കെ അവർ കാണിച്ച ക്രൂരതയോടുള്ള ചരിത്രത്തിന്റെ കാവ്യനീതിയാണെന്ന് പറയുന്നവർ, എൽടടിഇ നശിപ്പിച്ച പതിനായിരക്കണക്കിന് ജീവിതങ്ങളെ മറക്കരുത്.

ഒരു രാജ്യത്തെ പൗരന്മാരെ തുല്യരായി കാണുന്നതിന് പകരം, വംശീയതയുടെ അടിസ്ഥാനത്തിൽ അപരസ്ഥാനത്തു പ്രതിഷ്ഠിച്ച് കൊണ്ട് പ്രതികാരരാഷ്ട്രീയത്തിലും, സമാനതകൾ ഇല്ലാത്ത ക്രൂരതയിലും മാത്രം അഭിരമിക്കുകയാണ് ശ്രീലങ്കൻ സർക്കാർ ചെയ്തത്. അതിൽ സംശയം ഒന്നുമില്ല. പക്ഷെ, മറുവശത്ത് സമാധാനപരമായ പ്രതിരോധം ഉയർത്തുന്നതിന് പകരം എന്താണ് പ്രഭാകരനും പുലികളും ശ്രീലങ്കയോടും ഇന്ത്യയോടും ലോകത്തോടും ഒക്കെ ചെയ്തത്?

രണ്ടു രാഷ്ട്രത്തലവന്മാരെയാണ് അവർ നിഷ്‌ക്കരുണം കൊന്നത്. ചുടുരക്തത്തിൽ നിന്നു തമിഴ് ഈഴം ആവാഹിച്ചു എടുക്കാൻ തുനിഞ്ഞിറങ്ങിയ എൽടിടിഇ പ്രവർത്തകർ സ്‌കൂളിൽ നിന്നും കളിസ്ഥലത്തു നിന്നും തട്ടിക്കൊണ്ടുപോയി അവരുടെ പട്ടാളത്തിൽ ചേർത്തത് പതിനഞ്ചു വയസ്സിൽ താഴെയുള്ള നിരവധി കുട്ടികളെയാണ് . ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭീകരമായ ഗറില്ലാ സംഘടനകളിലൊന്നാണ് എൽടിടിഇ. ഈഴത്തിന് വേണ്ടി ഓരോ തമിഴനും ജീവൻ വരെ ബലികൊടുക്കണമെന്ന നിർദ്ദേശം വന്നതോടെ ഓരോ കുടുംബത്തിൽ നിന്നും ചെറിയ കുട്ടികളെ വരെ എൽടിടിഇ തങ്ങളുടെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാൻ തുടങ്ങി. സയനൈഡ് കഴുത്തിൽ കെട്ടി, തോക്കും കൈയിൽ ഏന്തി യുദ്ധമുന്നണിയിലേക്ക് പറഞ്ഞയക്കാനുള്ള വെറുമൊരു കാലാൾ മാത്രമായിരുന്നു അവർക്ക് ആ കൊച്ചുകുട്ടികൾ. ആദ്യമായി മനുഷ്യചാവേർ എന്ന രീതിയെ റൊമാന്റിസൈസ് ചെയ്തത് ഇവരാണ്. അത് പിന്നെ മറ്റു ഭീകരസംഘടനകളും ഏറ്റെടുത്തു.

ചുരുക്കിപറഞ്ഞാൽ, ശ്രീലങ്കയിൽ ഒരിടത്തും സമാധാനമായി ജീവിക്കാൻ ഒരു തമിഴനും സാധിക്കാത്ത വിധത്തിൽ, അവരുടെ വിധിയെ പരുവപ്പെടുത്തി എടുക്കുന്നതിൽ പുലികൾക്കും, സിംഹളപട്ടാളകാർക്കും ഒരുപോലെ പങ്കുണ്ട്. റേപ്പ് ചെയ്യപ്പെട്ട ആയിരക്കണക്കിനു പെൺകുട്ടികളും, ചെറുപ്രായത്തിൽ പുലികളോടൊപ്പം ചേർന്ന് പിഞ്ചുവിരല്‌കൊണ്ട് ബോംബ് എറിയാനും, തോക്ക് പിടിക്കാനും വിധിക്കപ്പെട്ട ആൺകുട്ടികളും, അംഗഭംഗം സംഭവിച്ച മനുഷ്യരും, വീടും ദേശവും ഉപേക്ഷിച്ചു പല നാടുകളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായ ലക്ഷക്കണക്കിന് അഭയാർഥികളും മാത്രമാണ് പ്രഭാകരന്റെയും, കരുണയുടെയും, ഒക്കെ കണക്കുപുസ്തകത്തിൽ ബാക്കിയാവുന്നത്. അതുകൊണ്ട്, ദേശിയതയും ഈഴവും മറന്നു സ്വന്തം ജീവൻ മാത്രം മതിയെന്ന അവസ്ഥയിലേക്ക് ശ്രീലങ്കൻ തമിഴകത്തെ തള്ളിയിട്ട പ്രഭാകരനെയും കൂട്ടരെയും ന്യായീകരിക്കാനും വീരപുരുഷന്മാരായി കാണാനും ഒരിക്കലും സാധ്യമല്ല.

ഭീകരവാദവും യുദ്ധവും സംഘട്ടനവും ഒന്നിനും പരിഹാരമല്ല. ഒരു ബഹുസ്വരസമൂഹത്തിൽ ശാശ്വതമായ സമാധാനത്തിലേക്ക് ഒരൊറ്റ വഴി മാത്രമേയുള്ളൂ- സമഭാവനയുടെയും, പരസ്പരബഹുമാനത്തിന്റെയും, ജനാധിപത്യത്തിന്റെയും തെളിമയാർന്ന വഴി. രാജപക്ഷെയും പ്രഭാകരനും ഒരു പോലെ പരാജയപ്പെട്ടത് ഇവിടെയാണ്. പേരറിവാളൻ ഈ ചതുരംഗകളിയിലെ വെറുമൊരു കരു മാത്രം ആകാം. എങ്കിലും അയാൾക്ക് കാൽപ്പനികപരിവേഷം നൽകിയുള്ള ഈ അമിതാഘോഷവും വീരാരാധനയും അത്ര നല്ല പ്രവണത ആണെന്ന് തോന്നുന്നില്ല. എൽടിടിഇ യുടെ സ്ലീപ്പിങ് സെല്ലുകൾ ഇപ്പോഴും സജീവമാണ്; പല പേരുകളിൽ, പല നാടുകളിൽ. അതും ഓർമ്മ വേണം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP