Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ആയുധങ്ങളുമായി ഭ്രാന്തമായി പാഞ്ഞടുക്കുന്ന, ചാനലുകളിൽ ആക്രോശിക്കുന്ന ഹിസ്ടീരിയ ആകരുത് ദേശീയത; ജനാധിപത്യത്തിന്റെ ഏറ്റവും വലിയ നന്മ, അത് സംവാദത്തിനും, എതിരഭിപ്രായങ്ങൾക്കും സ്‌പേസ് കൊടുക്കുന്നു എന്നത് തന്നെയാണ്; അത് അപകടത്തിലാക്കുന്ന കാഴ്ചയാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്; കക്ഷി രാഷ്ട്രീയം നോക്കാതെ എല്ലാ മതേതര ലിബറൽ ജനാധിപത്യ വിശ്വാസികളും ജെഎൻയുവിനൊപ്പം നിൽക്കേണ്ട സമയമാണിത്: സുധാ മേനോൻ എഴുതുന്നു

ആയുധങ്ങളുമായി ഭ്രാന്തമായി പാഞ്ഞടുക്കുന്ന, ചാനലുകളിൽ ആക്രോശിക്കുന്ന ഹിസ്ടീരിയ ആകരുത് ദേശീയത; ജനാധിപത്യത്തിന്റെ ഏറ്റവും വലിയ നന്മ, അത് സംവാദത്തിനും, എതിരഭിപ്രായങ്ങൾക്കും സ്‌പേസ് കൊടുക്കുന്നു എന്നത് തന്നെയാണ്; അത് അപകടത്തിലാക്കുന്ന കാഴ്ചയാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്;  കക്ഷി രാഷ്ട്രീയം നോക്കാതെ എല്ലാ മതേതര ലിബറൽ ജനാധിപത്യ വിശ്വാസികളും ജെഎൻയുവിനൊപ്പം നിൽക്കേണ്ട സമയമാണിത്: സുധാ മേനോൻ എഴുതുന്നു

സുധാ മേനോൻ

യിരത്തി തൊള്ളായിരത്തി എഴുപത്തി ഏഴു സെപ്റ്റംബർ അഞ്ചാംതിയതി രാവിലെ ഡൽഹി നഗരം കണ്ടത് അസാധാരണമായ ഒരു സമരമായിരുന്നു. ജെഎൻ യു വിലെ അഞ്ഞൂറോളം വിദ്യാർത്ഥികൾ അന്നത്തെ സ്റ്റുഡന്റ് യൂണിയൻ പ്രസിഡണ്ട് സീതാറാം യച്ചൂരിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ വസതിയിലേക്ക് മാർച്ചു നടത്തി. ഇന്ദിരാ ഗാന്ധിയെ തൊട്ടു മുന്നിൽ നിർത്തി അടിയന്തിരാവസ്ഥക്കാലത്തെ അധികാരദുർവിനിയോഗത്തിന്റെ പേരിൽ അവർ JNU ചാൻസലർ സ്ഥാനം രാജിവെക്കണമെന്നു

വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. പിറ്റേന്ന് തന്നെ അവർ ചാൻസലർ സ്ഥാനം രാജിവെച്ചു.

പിന്നീട്, ഇതേ സീതാറാം യെച്ചൂരി തന്നെ ടിയാനന്മെൻ സ്‌ക്വയർ സംഭവത്തിന് ശേഷം 1989 ഇൽ കാമ്പസിൽ എത്തിയപ്പോൾ, അദ്ദേഹത്തിന്റെ വാദങ്ങളെ വിദ്യാർത്ഥികൾ അതിശക്തമായി എതിർക്കുകയുണ്ടായി. യെച്ചൂരിയെ നിരായുധനാക്കിയ വാദങ്ങൾ..

മന്മോഹൻ സിംഗിനെ കരിങ്കൊടി കാണിച്ചവരാണ് ജെഎൻയു വിദ്യാർത്ഥികൾ. അത് അടച്ചു പൂട്ടണം എന്ന് ഒരിക്കലും അദ്ദേഹം പറഞ്ഞില്ല.

ചുരുക്കത്തിൽ JNU എന്നും മൗലികവും സാഹസികവുമായ റിബൽ മാനവിക ചിന്തയുടെ ശ്രോതസ് ആയിരുന്നു. എന്നിട്ടും ഒരിക്കലും ഇന്ദിരാ ഗാന്ധിയോ കോൺഗ്രെസ്സോ ജെഎൻയു വിന്റെ മൗലിക സ്വഭാവം നശിപ്പിക്കാനോ, സ്വതന്ത്ര ചിന്തയുടെ രാഷ്ട്രീയത്തെ ഉന്മൂലനം ചെയ്യാനോ ശ്രമിച്ചിട്ടില്ല. ഇന്ന് സംഘ് പരിവാർ പക്ഷെ ശ്രമിക്കുന്നത് ആ ആശയം തന്നെ ഇല്ലാതാക്കാനാണ് ഇരുട്ടിന്റെ മറവിൽ ഇന്നലെ അവർ ചെയ്തത് ആ കടുത്ത പ്രയോഗം ആണ്. ഭയത്തിന്റെ വ്യാപനം.

പേര് മുതൽ തുടങ്ങുന്നു, ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയോടുള്ള വലതുപക്ഷത്തിന്റെ ശത്രുത. സംഘപരിവാർ പ്രതിനിധാനം ചെയ്യുന്ന എല്ലാ ആശയങ്ങളുടെയും നേർവിപരീതമാണ് JNU. ഇന്ത്യയിലെ മതേതര പുരോഗമന ലിബറൽ ആശയങ്ങളുടെ സംവാദ ഭൂമി. വൻകിട മാനേജ്മെന്റ് ഇൻസ്‌റിറ്റിയൂട്ടുകൾ പോലെ ക്ലാസ്സ് മുറികളിൽ അടയിരുന്നു അധികാരത്തിന്റെ എല്ലാ രൂപങ്ങളെയും ഉപാധികൾ ഇല്ലാതെ പിന്തുണക്കുന്ന, ബ്രോയ്‌ലർ കുഞ്ഞുങ്ങൾ അല്ല, മറിച്ച് ഉദാത്തമായ സാമൂഹ്യ രാഷ്ട്രീയ മാനവിക ബോധമുള്ള ലിബറലുകൾ ആണ് JNU വിന്റെ നെടുംതൂണുകൾ. രാവും പകലും ഒരുപോലെ തുറന്നു കിടക്കുന്ന വിശാലമായ ക്യാംപസ്, പാരസ്പര്യവും സുതാര്യതയും നിറഞ്ഞ വ്യക്തി-സാമൂഹ്യ കൂട്ടായ്മകൾ, സമാനതകൾ ഇല്ലാത്ത ഹ്യൂമനിസം, സർവോപരി സ്വതന്ത്ര ചിന്തയുടെയും യുക്തിയിൽ അധിഷ്ഠിതമായ സംവാദത്തിന്റെയും സാമൂഹ്യ പരിസരം....ഇതൊക്കെയും ചേർന്നതാണ് ജെ എൻ യു. ഇതെല്ലാം തന്നെ സംഘപരിവാർ പ്രതിനിധാനം ചെയ്യുന്ന അടഞ്ഞ, ചോദ്യങ്ങൾക്കു പ്രസക്തി ഇല്ലാത്ത, യാഥാസ്ഥിതികമായ, പാരമ്പര്യത്തിന് നേർ വിപരീതമാണ്. മാത്രമല്ല, സമരവും, ആശയസംഘട്ടനവും ജെ എൻ യു വിന്റെ DNA യുടെ അവിഭാജ്യ ഭാഗമായിട്ടും, ആ യൂണിവേഴ്‌സിറ്റി ഇന്നും ഇന്ത്യയിലെ ഏറ്റവും മികച്ച അദ്ധ്യാപകരെ, അക്കാദമിക വിദഗ്ധരെ, രാഷ്ട്രീയ നേതാക്കന്മാരെ,ഭരണവിദഗ്ധരെ വാർത്തെടുക്കുന്ന മികവിന്റെ ന്യൂക്ലിയസ് ആയി തുടരുകയാണ്.

ലോകത്തെ എല്ലാ സർവകലാശാലകളും സ്വതന്ത്ര ആശയങ്ങളുടെ വിനിമയകേന്ദ്രം കൂടിയാണ്. ഇരുട്ടിന്റെ മറവിൽ കുറുവടികളും കല്ലുമെടുത്തു ആക്രമിക്കുന്നത് അങ്ങേയറ്റത്തെ ഭീരുത്വമാണ്. ആശയത്തെ എതിരിടേണ്ടത് സംവാദത്തിലൂടെയാണ്. അല്ലാതെ, എതിർ വാദങ്ങൾ ഉയർത്തുവരെ മുഴുവൻ രാജ്യദ്രോഹികൾ ആയി ബ്രാൻഡ് ചെയ്തുകൊണ്ടല്ല. ഓർക്കണം, നോം ചോംസ്‌കി അമേരിക്കൻ സാമ്രാജ്യത്വത്തെ എതിര്ക്കുന്നത്, ആ രാജ്യത്ത് വെച്ച് തന്നെയാണ്. ആരും അദ്ദേഹത്തെ തല്ലാൻ പോയിട്ടില്ല. അങ്ങനെ എത്രയോ പേർ..

യുനിവേര്‌സിടികളിൽ ഇനിയും സംവാദങ്ങൾ നടക്കട്ടെ. എന്നാലെ ജനാധിപത്യം കൂടുതൽ പക്വവും, വിശാലവും ആകൂ. നമ്മോടൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളിലും ജനാധിപത്യം തകര്ന്നും വീണു പട്ടാള ഭരണകൂടങ്ങൾ നിലവിൽ വന്നപ്പോഴും ഇന്ത്യ പിടിച്ചു നിന്നത്, ഈ വിശാല ലിബറൽ മതേതര മൂല്യങ്ങൾ പണ്ഡിറ്റ് ജവഹര്‌ലാൽ നെഹ്രുവും, അംബേദ്കറും, പിന്മുറക്കാരും ഉയർത്തിപിടിച്ചതുകൊണ്ട് തന്നെയായിരുന്നു. ആയുധങ്ങളുമായി ഭ്രാന്തമായി പാഞ്ഞടുക്കുന്ന, ചാനലുകളിൽ ആക്രോശിക്കുന്ന ഹിസ്ടീരിയ ആകരുത് ദേശിയത. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ നന്മ, അത് സംവാദത്തിനും, എതിരഭിപ്രായങ്ങള്ക്കും , ബഹുസ്വരതക്കും കൃത്യമായ സ്‌പേസ് കൊടുക്കുന്നു എന്നത് തന്നെയാണ്. അത് അപകടത്തിലാക്കുന്ന കാഴ്ചയാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. വലതു പക്ഷ മാധ്യമങ്ങളും, കുഴലൂത്തുകാരും അതിനു കൂട്ട് നില്ക്കുന്നു.

കക്ഷി രാഷ്ട്രീയം നോക്കാതെ എല്ലാ മതേതര ലിബറൽ ജനാധിപത്യ വിശ്വാസികളും JNU വിനൊപ്പം നില്‌ക്കേണ്ട സമയമാണിത്. ഇല്ലെങ്കിൽ ഹൈന്ദവ തീവ്ര ദേശിയതക്ക് ഇവിടെ സോഷ്യൽ ലെജിറ്റിമസി കിട്ടാൻ അധികദൂരം പോകേണ്ടി വരില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP