Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെളിവുകൾ നയിക്കട്ടെ! കേരളത്തിലെ എത്ര സംഘടനകൾക്ക് ഈ ഒരു മുദ്രാവാക്യം ഉയർത്താൻ കഴിയും; മതങ്ങളെ മാത്രമല്ല അശാസ്ത്രീയമായ തെളിവില്ലാത്ത എന്തിനെയും തള്ളിക്കളയുകയാണ് സ്വതന്ത്ര ചിന്തകർ; 'ലിറ്റ്മസ്' മസ്തിഷ്‌കം പൂജയ്ക്ക് വെക്കാത്തവരുടെ ചരിത്രസംഗമമാണ്; ശ്രീലേഖാ ചന്ദ്രശേഖർ എഴുതുന്നു

തെളിവുകൾ നയിക്കട്ടെ! കേരളത്തിലെ എത്ര സംഘടനകൾക്ക് ഈ ഒരു മുദ്രാവാക്യം ഉയർത്താൻ കഴിയും; മതങ്ങളെ മാത്രമല്ല അശാസ്ത്രീയമായ തെളിവില്ലാത്ത എന്തിനെയും തള്ളിക്കളയുകയാണ് സ്വതന്ത്ര ചിന്തകർ; 'ലിറ്റ്മസ്' മസ്തിഷ്‌കം പൂജയ്ക്ക് വെക്കാത്തവരുടെ ചരിത്രസംഗമമാണ്; ശ്രീലേഖാ ചന്ദ്രശേഖർ എഴുതുന്നു

ശ്രീലേഖാ ചന്ദ്രശേഖർ

 ലിറ്റ്മസ്! ഈ വാക്ക് ഇന്ന് മലയാളികൾക്ക് സ്‌ക്കൂളിലെ രസതന്ത്ര ക്ലാസിൽ പഠിച്ചു മറന്ന, ആസിഡിനെയും അൽക്കലിയെയും തിരിച്ചറിയുന്നതിനുള്ള  ടെസ്റ്റ് മാത്രമല്ല. മലയാളികളുടെ പ്രബുദ്ധതയെയും ശാസ്ത്രബോധത്തെയും അടയാളപ്പെടുത്തുന്ന ഒരു ബൗദ്ധിക വിരുന്നിലേക്കുള്ള കവാടം കൂടിയാണ്. എസ്സെൻസ് ഗ്ലോബൽ എന്ന ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളനമായ ' ലിറ്റ്മസ് ' ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര ചിന്തകരുടെ സംഗമമായി മാറിയിരിക്കയാണ്. ഈവർഷം ഒക്ടോബർ ആറിന് ഞായറാഴ്ച പൂജാ അവധി ദിനത്തുടക്കത്തിൽ, കോഴിക്കോട് സ്വപ്നനഗരിക്കടുത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന മുപ്പതോളം പ്രഭാഷകർ പങ്കെടുക്കുന്ന ലിറ്റ്മസ്-2019, മസ്തിഷ്‌കം പൂജയ്ക്ക് വെക്കാത്തവരുടെ ചരിത്രസംഗമം കൂടിയാവുകയാണ്.

'തെളിവുകൾ നയിക്കട്ടെ' എന്നതാണ് ലിറ്റ്മസിന്റെ മുദ്രാവാക്യം. ഈ ഒരു ക്യാപ്ഷൻ ഉയർത്താൻ കേരളത്തിൽ വേറെ എത്ര സംഘടനകൾ ഉണ്ടെന്ന് ഓർത്തുനോക്കുക. തെളിവിനോട് എന്നും പിൻതിരിഞ്ഞ് നിൽക്കുന്ന സമൂഹമാണ് മലയാളികൾ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തെളിവുകൾ എന്തായിക്കൊള്ളട്ടെ ഞങ്ങൾ ഞങ്ങളുടെ നിലപാടുകൾ തുടരും എന്ന ഡോഗ്മയെ, പൊളിച്ചടുക്കയാണ് കേരളത്തിലെ സ്വതന്ത്ര ചിന്തകർ. മതങ്ങളെ മാത്രമല്ല തെളിവില്ലാത്ത എന്തിനെയും വിമർശിച്ചുകൊണ്ടാണ് നവനാസ്തികതയുടെ ഈ തരംഗം കേരളത്തിലും മുന്നേറുന്നത്. അതിൽ മതേതരമായ വിശ്വാസ പ്രസ്ഥാനങ്ങളും, പ്രത്യയശാസ്ത്രങ്ങളും, ഹോമിയോ- ആയുർവേദം ജൈവകൃഷി പോലുള്ള സമാന്തര ചികിൽസകളും ഒക്കെ വരും. അശാസ്ത്രീയമായ എന്തിനെയും തള്ളുക എന്ന ചിന്താരീതി വളർത്തിയെടുക്കാനാണ് ലിറ്റ്മസ് ശ്രമിക്കുന്നത്. അല്ലാതെ വെറും മത വിമർശനം മാത്രമല്ല. ശാസ്ത്രബോധം എന്ന സമൂഹ പുരോഗതിക്ക് അനിവാര്യമായ എൻജിന്റെ വളർച്ചയാണ് എസ്സെൻസ് ലക്ഷ്യമിടുന്നത്.

'അടച്ചിട്ട മുറിയിൽ അഞ്ചാറു പേർ'- പൊതുവെ നാസ്തികരുടെയും സ്വതന്ത്ര ചിന്തകരുടെയും പ്രോഗ്രാമുകളെ പറ്റി വിശ്വാസികൾ കളിയാക്കാറുള്ളതിങ്ങനെയാണ്. രാഹുൽ ഈശ്വർ ഒരിക്കൽ പറഞ്ഞത് കേരളത്തിൽ സിംഹവാലൻ കുരങ്ങുകളുടെ അത്രയെ യുക്തിവാദികൾ ഉള്ളൂ എന്നായിരുന്നു. എന്നാൽ ഇന്ന് കാലം മാറി. എസ്സൻസ് ഗ്ലോബലിന്റെ കഴിഞ്ഞ വാർഷിക സമ്മേളനം നിശാഗന്ധിയിൽ നടന്നപ്പോൾ ഏതാണ്ട് മൂവായിരത്തോളം പേരാണ് പങ്കെടുത്തത്. അതായത് അൽപ്പം വൈകിയാണെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്ന നവനാസ്തികതയുടെ വസന്തം കേരളത്തിലും എത്തിയെന്ന് ചുരുക്കം.

എന്താണ് എസ്സെൻസ്?

ശാസ്ത്രപ്രചാരണം, നാസ്തികത, സ്വതന്ത്രചിന്ത, മാനവികത തുടങ്ങിയ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഭാഷകർ, എഴുത്തുകാർ, ചിന്തകർ, അഭ്യുദയകാംക്ഷികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സൈബർ കൂട്ടായ്മ ആണ് esSENSE എന്ന നിലയിലേക്ക് മാറിയത്. ശാസ്ത്ര പ്രചാരണത്തിനുള്ള പൊതുജന വിദ്യാഭ്യാസ പരിപാടിയാണ് ലക്ഷ്യമിടുന്നത്. രണ്ടായിരത്തിൽപരം അംഗസംഖ്യയുള്ള 'നാസ്തികനായ ദൈവം' ഫേസ്‌ബുക്ക് സീക്രട്ട് ഗ്രൂപ്പിലാണ് esSENSE എന്ന ആശയം 2016 ഓഗസ്റ്റിൽ രൂപം കൊള്ളുന്നത്. ഗ്രൂപ്പിന്റെ സ്ഥാപക അഡ്‌മിനും എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രൻ ആണ് ഈ ആശയം നിർദ്ദേശിക്കുന്നതും പ്രസ്തുത പേര് കണ്ടെത്തുന്നതും. പിന്നീടുവന്ന ലോകമെമ്പാടുമുള്ള വിവിധങ്ങളായ എസ്സെൻസ് ഗ്രൂപ്പുകളും കൂട്ടായ്മകളുമെല്ലാം 'നാസ്തികനായ ദൈവം' ഗ്രൂപ്പിന്റെ അനുബന്ധങ്ങളാണ്.

കേരളത്തിനു പുറത്തും വിദേശത്തുമുള്ള യൂണിറ്റുകളുമായി സഹകരിച്ചാണ് കേരളത്തിലെ esSENSE മൂവ്മെന്റ് പ്രവർത്തിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും യൂണിറ്റുകളുണ്ട്. എല്ലാ യൂണിറ്റുകളും സെമിനാറുകൾ സംഘടിപ്പിച്ച് ശാസ്ത്ര പ്രചാരണത്തിന് ശക്തമായി ഇടപെടുന്നു. മതം തിന്ന് ജീവിക്കുന്ന ജനസമൂഹത്തെ പ്രതിഫലേച്ഛയോടെ പ്രീണിപ്പിക്കാനോ അവരുടെ മുന്നിൽ സ്വയം മിനുക്കാനോ, ശാസ്ത്രപക്ഷപാതത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനോ തയ്യാറായില്ലെന്നതാണ് ഈ സംഘടനയെ വ്യത്യസ്തമാക്കുന്നത്. എസ്സെൻസ് മെംബെർഷിപ്പിന് ഫീസ് ഈടാക്കാറില്ല. താല്പര്യമുള്ളവർക്ക് എസ്സെൻസ് ഗ്ലോബൽ പേജിൽ റിക്വസ്റ്റ് അയച്ചു എസ്സെൻസിൽ ചേർക്കാവുന്നതാണ്. esSENSE കൂട്ടായ്മയുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കാനും പരിപാടികള് അവതരിപ്പിക്കാനും താല്പര്യമുള്ളവർക്ക് എസ്സെൻസ് കണക്ട് എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. http://essenseglobal.com/office/manager/memberadd.p-hp

2016 സെപ്റ്റംമ്പർ നാലിനാണ് എസ്സെൻസ് ഫ്രീതിങ്കേഴ്സ് ഡയറി എന്നൊരു ഫേസ് ബുക്ക് ചാനൽ നാസ്തികനായ ദൈവം (ND ഗ്രൂപ്പ്) തുടങ്ങുന്നത്. തുടർന്ന് അതേപേരിൽ വെബ് മാഗസിനും ട്വിറ്റർ അക്കൗണ്ടും ഓഡിയോ ചാനലും തുടങ്ങി. 2016 ഒക്ടോബര് രണ്ടിന് ഈ നാല് സംരംഭങ്ങളും മൂവാറ്റുപുഴ വെച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു. ND ഗ്രൂപ്പ് ഒരു ഫേസ് ബുക്ക് സീക്രട്ട് ഗ്രൂപ്പായതിനാല് നേരിട്ട് സംഭാവനകളും മറ്റും സ്വീകരിക്കാന് സാധിക്കാത്തതിനാല് 2016 ഒക്ടോബര് 19 ന് ഗ്രൂപ്പ് അംഗവും അഡ്‌മിനുമായ സജീവൻ അന്തിക്കാട് തൃശൂർ കേന്ദ്രമായി ഒരു ക്ലബ് രജിസ്റ്റർ ചെയ്യുന്നു. esSENSE Club(TSR/TC/541/2016). പ്രസ്തുത ക്ലബിന്റെ വാർഷിക പരിപാടിയാണ് Essentia. Essentia 2017 ഒക്ടോബര് ഏഴിന് esSENSE Club ന്റെ വാർഷികമായി എറണാകുളത്ത് ടൗൺഹാളില് വെച്ച് ആഘോഷിച്ചിരുന്നു. അത് 2018ൽ esSENSE Club ന്റെ നേതൃത്വത്തില് അതേ വേദിയിൽവെച്ച് ഡിസം 25,26 തീയതികളില് നടത്തി. Essentia എന്ന പേര് കണ്ടെത്തുന്നതും സമ്മേളനം നടത്തിയതും ND ഗ്രൂപ്പാണ്. ഈ വർഷവും ഡിസംബെരിൽ Essentia എറണാകുളം ടൗൺ ഹാളിൽ വച്ച് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

രാജ്യാന്തര പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന്റെ ഭാഗമായി മേൽ സൂചിപ്പിച്ച ഫേസ്‌ബുക്ക് സീക്രട്ട് ഗ്രൂപ്പിന്റെ നേതൃത്വത്തില് 2018 ജൂണില് esSENSE Global (TSR/TC/352/2018) എന്നൊരു ക്ലബും തൃശൂർ കേന്ദ്രമായി ഗ്രൂപ്പ് ആംരംഭിച്ചു. എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനമായി 2018 ഒക്ടോബറിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില് നടന്ന Litmus'18 അന്തര്ദേശീയ സെമിനാർ സംഘാടനമികവുകൊണ്ടും പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. നിശാഗന്ധി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടത്തിയ ലിറ്റ്മസ് 18ൽ മൂവായിരം പേര് പങ്കെടുത്തു.

വിജ്ഞാന കുതുകികളുടെ ഉത്സവം

ഈ വർഷവും ഒക്ടോബർ ആറാം തീയതി litmus നടക്കുകയാണ്. പതിനായിരത്തോളം ആൾക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള എസി ഇൻഡോർ ഹാളായ കാലിക്കറ്റ് ട്രേഡ് സെന്റർ ഓഡിറ്റോറിയത്തിൽ ആണ് ഇത് സംഘടിപ്പിക്കുന്നത് . ഒക്ടോബർ 6ന് അന്തർദേശീയ സെമിനാറും 7, 8 തീയതികളിൽ വിനോദയാത്രയുമായാണ് പരിപാടി.

ലിറ്റ്മസ് 19 ന്റെ ഓൺലൈൻ രജിസ്ട്രേഷന് പുരോഗമിക്കയാണ്. രജിസ്ട്രേഷന് ഫീസ്-300 രൂപ (ഭക്ഷണച്ചെലവ് ഉൾപ്പെടെ). രജിസ്ട്രേഷന് 2019 ഒക്ടോബര് 5 വൈകിട്ട് 6.30 ന് അവസാനിക്കും. ഓൺലൈൻ രജിസ്ട്രേഷന് നടത്താൻ സാധിക്കാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷന് ഉണ്ടായിരിക്കുന്നതാണ്. വിനോദയാത്രക്കുള്ള രജിസ്ട്രേഷൻ ഇപ്പോൾ പൂർത്തിയായിരിക്കയാണ്.

യു.കെ-അയർലൻഡ്, യു.എ.ഇ, അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ബാംഗ്ലൂര്, ചൈന്നൈ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ 31 പ്രഭാഷകരാണ് ഇക്കുറി ലിറ്റ്മസിൽ വിഷയങ്ങൾ അവതരിപ്പിക്കുന്നത്. പരിപാടിയുടെ മറ്റൊരു സവിശേഷത AL-MED 2019 എന്ന പൊതുജന സമ്പർക്ക ചോദ്യോത്തര പരിപാടിയാണ്. ആയുവേദം, ഹോമിയോ, യുനാനി, സിദ്ധ തുടങ്ങിയ ബദൽ ചികിത്സ മാർഗ്ഗങ്ങൾ എത്രമാത്രം ശാസ്ത്രീയമാണ് എന്നതാണ് ഇതിന്റെ കേന്ദ്രപ്രമേയം. എസ്സെൻസ് പാനലിസ്റ്റുകളുമായി ഈ വിഷയത്തിൽ സദസ്സിന് നേരിട്ട് സംവദിക്കാം. ഏറ്റവും മികച്ച മൂന്ന് ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്ക് ക്യാഷ് പ്രൈസും നൽകും. ഒന്നാംസമ്മാനം 3000 രൂപ, രണ്ടാം സമ്മാനം 2000 രൂപ, മൂന്നാം സമ്മാനം 1000രൂപ. സമ്മാനവിജയികളെ അൽമെഡ് പാനലും മോഡറേറ്ററും ചേർന്ന് തിരഞ്ഞെടുക്കും. ഒരു മണിക്കൂറാണ് ദൈർഘ്യം. സ്വാതന്ത്രചിന്താ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്കുള്ള എസ്സെൻസ് പ്രൈസ് വിതരണവുമുണ്ട്. പ്രായംചെന്നവരും പ്രമേഹരോഗികളും മുലയൂട്ടുന്ന അമ്മമാരും പങ്കെടുക്കുന്ന, 12 മണിക്കൂർ നീളുന്ന ഒരു മീറ്റിങ്ങിൽ സദസ്സിന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ശ്രദ്ധിക്കാതിരിക്കാനാവില്ല. ലിറ്റ്മസ് 19ൽ അത്തരക്കാർക്ക് കുറച്ചു സമയം വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കും. മികച്ച ഡോക്ടർമാരുടെ ഒരു പാനലിന്റെ മേൽനോട്ടവും ഉണ്ടായിരിക്കും. litmus-19 ന്റെ മറ്റൊരു സവിശേഷത മരണാനന്തര അവയവദാനം പോലെ സാമൂഹ്യ നന്മയ്ക്കായുള്ള പ്രവർത്തനങ്ങളും നടത്തുന്നു എന്നുള്ളതാണ്. താല്പര്യമുള്ളവർക്ക് അവിടെയുള്ള കൗണ്ടറിൽ സമ്മതപത്രം സൈൻ ചെയ്തു നൽകാവുന്നതാണ്.

ഈ സെമിനാർ കൊണ്ട് എസ്സെൻസ് ലക്ഷ്യമിടുന്നത് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഒട്ടനവധി പ്രതിഭാശാലികളെ ശ്രവിക്കാനുള്ള അവസരം കേരളത്തിലെ സ്വതന്ത്ര ചിന്തകർക്കു നൽകുക എന്നുള്ളതാണ്. മസ്തിഷ്‌കം പൂജയ്ക്ക് വെക്കാത്തവരുടെ ഈ ചരിത്രസംഗമത്തിലേക്ക് ഏവർക്കും സ്വാഗതം...

ലിറ്റിമസ് -19 സംബന്ധിച്ച എല്ലാ വിവരങ്ങൾക്കും 99 46 76 74 34 എന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുക. http://essenseglobal.com/

( എസ്സെൻസ് ഗ്ലോബൽ പ്രസിഡന്റാണ് ലേഖിക)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP