Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202123Friday

അഭിപ്രായ സ്വാതന്ത്രത്തെ അടിച്ചമർത്തുന്ന സ്വേഛാധിപതി; സംസാരിക്കുമ്പോൾ നിലച്ചുപോകുന്ന മൈക്ക് പറിച്ചെടുക്കുന്ന അസഹിഷ്ണു; സ്വർണ്ണക്കടത്തും ഡോളർ കടത്തും നിറഞ്ഞ അധോലോക ഭരണമാക്കിയ നായകൻ; ഇഷ്ടപ്പെട്ടവർക്ക് പിൻവാതിൽ നിയമനം പതിവാക്കിയത് ഒഴിവാക്കാൻ; പിണറായിയുടെ തുടർഭരണത്തെ എന്തുകൊണ്ട് ഭയപ്പെടുന്നു?

അഭിപ്രായ സ്വാതന്ത്രത്തെ അടിച്ചമർത്തുന്ന സ്വേഛാധിപതി; സംസാരിക്കുമ്പോൾ നിലച്ചുപോകുന്ന മൈക്ക് പറിച്ചെടുക്കുന്ന അസഹിഷ്ണു; സ്വർണ്ണക്കടത്തും ഡോളർ കടത്തും നിറഞ്ഞ അധോലോക ഭരണമാക്കിയ നായകൻ; ഇഷ്ടപ്പെട്ടവർക്ക് പിൻവാതിൽ നിയമനം പതിവാക്കിയത് ഒഴിവാക്കാൻ; പിണറായിയുടെ തുടർഭരണത്തെ എന്തുകൊണ്ട് ഭയപ്പെടുന്നു?

ഷാജൻ സ്‌കറിയ

തുടർഭരണത്തിന്റെ ആരവത്തിൽ കേരള രാഷ്ട്രീയം മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നോളം കേട്ടുകേൾവിപോലുമില്ലാത്ത ഒരു പ്രതിഭാസത്തിന് ഇത്തവണ രാഷ്ട്രീയ കേരളം സാക്ഷ്യം വഹിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വി എസ് അച്യുതാനന്ദന്റെ കാലത്ത് ഒരു ഭരണത്തുടർച്ചയ്ക്ക് സാധ്യതകൾ തെളിഞ്ഞിരുന്നെങ്കിലും അവസാന ലാപ്പിൽ കാലിടറി സിപിഎമ്മിന് അത് നഷ്ടമായി. എന്നാൽ ഇത്തവണ അതിൽ നിന്നും വ്യത്യസ്തമാണ്. അന്നുണ്ടായിരുന്നതിനേക്കാൾ വിശ്വാസവും പ്രതീക്ഷയും ഇത്തവണ ഇടതുപക്ഷത്തിനുണ്ട്. നിപ്പ, കോവിഡ്, പ്രളയം തുടങ്ങി പ്രതിസന്ധികളെ തരണം ചെയ്ത രീതിയിൽ തുടങ്ങി കിറ്റിലും പെൻഷനിലും വരെ എത്തി നിൽക്കുന്ന ഇടതു സർക്കാറിന്റെ ഇടപെടൽ ഇത്തവണ വോട്ടായി മാറുമെന്നു തന്നെയാണ് കണക്കുകൂട്ടൽ.

തിരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കത്തിൽ ഭരണത്തുടർച്ച ഉറപ്പിച്ച രീതിയിൽ തന്നെയാണ് മുന്നോട്ട് പോയതെങ്കിലും ഇത്തവണയും അവസാനലാപ്പിലേക്ക് എത്തുമ്പോൾ കാര്യങ്ങളിൽ ചില മാറ്റങ്ങൾ വന്നുതുടങ്ങി എന്നുവേണം കരുതാൻ. സർവ്വെകളിൽ ഉൾപ്പടെ അവസാനഘട്ടത്തിലുണ്ടായ മാറ്റം സൂചിപ്പിക്കുന്നതും ഇത് തന്നെയാണ്. പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും കളംനിറഞ്ഞു പ്രചരണം നടത്തിയപ്പോൾ ഇളകി മറിഞ്ഞ ജനക്കൂട്ടം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് അനുയായികൾ. എങ്കിലും ഭരണത്തുടർച്ചയെന്ന ഇടതുപക്ഷ സ്വപ്നം യാഥാർത്ഥ്യമായൽ അത് ജനാധിപത്യത്തിന് തന്നെ ഉയർത്തിയേക്കാവുന്ന വെല്ലുവിളികൾ ചെറുതല്ലെന്ന നിരീക്ഷണം ഉയർത്തുന്നവരുമാണ്. വികസന മുരിടിപ്പ് മുതൽ കെട്ടഴിഞ്ഞ അഴിമതിയിലേക്കുവരെ ഇത് ഭരണത്തെ കൊണ്ടെത്തിക്കും എന്നാണ് വിലയിരുത്തൽ. ഒരു ഘടകത്തെ മാത്രം മുൻനിർത്തി ഭരണത്തുടർച്ച ഉയർത്തുന്ന വെല്ലുവിളികളെ നമുക്ക് നിർവചിക്കാനാവില്ല. മറിച്ച് ഭരണത്തുടർച്ച കടുത്ത പ്രത്യാഘാതം ഉണ്ടായേക്കാവുന്ന വിവിധ വിഷയങ്ങളെ മുൻനിർത്തിയാണ് ഈ വിഷയം ചർച്ച ചെയ്യേണ്ടത്.

അഭിപ്രായ സ്വാതന്ത്ര്യം

ലോകത്തിലെ ഏറ്റവും വലിയ കള്ളം നിഷ്പക്ഷത എന്നതാണ്. എല്ലാവർക്കും ഒരു പക്ഷമുണ്ട്. അത് മതത്തിന്റെ പേരിലാണെങ്കിലും ശരി, രാഷ്ട്രീയത്തിന്റെ പേരിലാണെങ്കിലും ശരി, നേരിന്റെ പേരലാണെങ്കിലും ശരി. നിങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടൊ മതത്തോടെ യോജിപ്പില്ല എന്നതിനർത്ഥം നിങ്ങൾ നിഷ്പക്ഷനാണ് എന്നതല്ല. നിങ്ങൾ എന്തിൽ വിശ്വസിക്കുന്നുവോ അതിനോട് നിങ്ങൾ പക്ഷം ചേരുന്നു എന്നതുകൊണ്ട് തന്നെ നിഷ്പക്ഷത എന്നൊന്നില്ല. അതുകൊണ്ടാണ് നിങ്ങൾ നിഷ്പക്ഷനല്ലെ എന്നുചോദിക്കുമ്പോൾ ആണ് എന്നു പറയേണ്ടിവരുന്നത്. നീയൊരു സംഘിയല്ലെ എന്നാണ് ചിലരുടെ ചോദ്യം. അത്തരമൊരു ചോദ്യം ഉയരാൻ കാരണം ഞാനൊരു സംഘവിരുദ്ധനല്ലാത്തതു കൊണ്ടാണ്. കേരളത്തിന്റെ പൊതുബോധം സംഘവിരുദ്ധതയാണ്. പക്ഷെ ഞാൻ ഒരു വിരുദ്ധതിയിലും വിശ്വസിക്കുന്നില്ല. എന്റെ മതം അഭിപ്രായമാണ്. അതുകൊണ്ടാണ് നീയൊരു പിണറായി വിരുദ്ധനല്ലേ എന്ന് ചോദിക്കുമ്പോൾ അല്ല എന്നു പറയാൻ കഴിയുന്നത്. ഞാൻ പിണറായി വിരുദ്ധനോ കമ്മ്യൂണിസ്റ്റ് വിരുദ്ധനോ അല്ല. എങ്കിലും എന്റെ മതമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ ആര് കത്തിവച്ചാലും അവരോട് ഞാൻ കലഹിക്കും.

സ്വേഛാധിപതിയായ നമ്മുടെ മുഖ്യമന്ത്രി പിണറായി അഭിപ്രായങ്ങളെ ഭയപ്പെടുന്നു എന്നു പലവുരി തെളിയിച്ചതാണ്. സ്തുതി ഗീതങ്ങളെ മാത്രം ഇഷ്ടപ്പെടുന്നു വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ടാണ് ഞാൻ നിരന്തരം അദ്ദേഹത്തോട് കലഹിക്കുന്നത്. ഈ കാരണം കൊണ്ടാണ് ഞാൻ തുടർഭരണത്തെ ഭയപ്പെടുന്നത്. ജനാധിപത്യത്തിന്റെ ശുദ്ധവായു എന്നു പറയുന്നത് ഒരാൾക്ക് നിർഭയം സംസാരിക്കാൻ കഴിയുന്നുവെന്നതാണ്. അവൻ പറയുന്നത് നുണയാവാം വിവരക്കേടാവാം. നുണ പറയാൻ പാടില്ലെന്നോ വിവരക്കേട് പാടില്ലെന്നോ നമ്മുടെ രാജ്യത്ത് നിയമമൊന്നുമില്ല. ഒരാൾ പറയുന്ന നുണ അല്ലെങ്കിൽ വിവരക്കേട് വസ്തുതകളുടെ അടിസ്ഥാനത്തിൽ നുണയാണ് അല്ലെങ്കിൽ വിവരക്കേടാണ് എന്ന് ബോധ്യപ്പെടുത്താൻ നമ്മുടെ നാട്ടിൽ സംവിധാനങ്ങൾ ഉള്ളിടത്തോളം കാലം അതിന്റെ പേരിൽ പറയുന്ന ആൾക്കെതിരെ പൊലീസിനെക്കൊണ്ട് നടപടിയെടുപ്പിക്കാൻ പാടില്ല. അതിന്റെ പേരിൽ വ്യക്തിഹത്യ ചെയ്യാൻ പാടില്ല.

എന്നാൽ പിണറായിസത്തിന്റെ ഏറ്റവും വലിയ മൂലധനം എന്നു പറയുന്നത് അഭിപ്രായം പറയുന്നവരെ അടിച്ചമർത്തുകയും വ്യക്തിഹത്യ ചെയ്യുകയും പൊലീസിനെക്കൊണ്ട് വീഡിപ്പിക്കുകയും ചെയ്യുന്നതാണ്. അതുകൊണ്ടാണ് വീണ്ടും നിർഭയം അഭിപ്രായം പറയുവാൻ വേണ്ടിയാണ് തുടർഭരണം വേണ്ട എന്ന് ഞാൻ പറയുന്നത്. 118 എ എന്നൊരു നിയമം കൊണ്ടുവരാൻ ഇന്ത്യാ മഹാരാജ്യത്ത്  പിണറായിക്കല്ലാതെ മറ്റാർക്കും സാധിക്കില്ല. ഒരാൾ എന്തുപറഞ്ഞാലും ജാമ്യം ഇല്ലാതെ അയാളെ ജയിലിലിടാൻ കഴിയുന്ന ഒരു ഭരണാധികാരിക്ക് എങ്ങിനെയാണ് അഭിപ്രായ സ്വാതന്ത്രം സംരക്ഷിക്കാൻ കഴിയുക? മുഖ്യമന്ത്രിയുടെ ഓഫീസുമായും സിപിഎമ്മിന്റെ ഉന്നതനേതൃത്വവുമായി അടുത്തബന്ധമുള്ളവർ ഒളിഞ്ഞും തെളിഞ്ഞും എന്നോട് പറയുന്നു നീ കരുതിയിരുന്നോ നിന്റെ നാവ് ഞങ്ങൾ പിഴുതെടുക്കുമെന്ന്.

അവർക്കിപ്പോൾ എന്റെ വാക്ക് ഭയമാണ്. എന്റെ നാക്ക് പിഴുതാൽ അത് തുടർഭരണത്തിന് എതിരാകുമെന്ന് കരുതി അവർ കാത്തിരിക്കുന്നു. തുടർഭരണം വന്നാൽ അവർക്ക് ധൈര്യമായി എന്റെ നാക്ക് പിഴുതെടുക്കാം.കാരണം ഞാനിത്രയെറെ പറഞ്ഞിട്ടും പിണറായിസത്തിനൊപ്പമാണ് കേരളം നിൽക്കുന്നതെങ്കിൽ പിന്നെന്താണ് അവർക്ക് വേണ്ടത്.നാളെയും ഇതുപോലെ ഉത്തമബോധ്യത്തോടെ എന്തും വിളിച്ചുപറയുന്ന എന്റെ അവകാശം സംരക്ഷിക്കാൻ ഞാൻ തുടർഭരണത്തെ വെറുക്കുന്നു. സാധാരണക്കാരനെ നിശ്ബ്ദനാക്കാൻ ഇവർ ഉപയോഗിക്കുന്ന ചില തന്ത്രങ്ങളുണ്ട്. ഫേസ്‌ബുക്ക് പോ്സ്റ്റിന്റെ പേരിൽ പിടിച്ച് ജയിലിലടക്കുക, ഡിഫമേഷന്റെ പേരിൽ അറസ്റ്റു ചെയ്യുക,ഭയപ്പെടുത്തി നിശബ്ദരാക്കുക. അതൊന്നും എന്റെ നേർക്ക് അവർ പ്രയോഗിക്കില്ല. മറിച്ച് മാധ്യമ മുതലാളിമാരും കുത്തക ഭീമ്ന്മാരെയും പവർ ബ്രോക്കർമാരും ഒരുമിച്ച് ചേർന്ന് ഇല്ലാത്ത കേസ് ചുമത്തി തന്നെ നിശ്ബദ്നാക്കാൻ ശ്രമിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല.

ജനാധിപത്യം

ജനാധിപത്യത്തിന് നല്ലത് തുടർഭരണമല്ല. കാരണം അഞ്ചുവർഷം ഒരു സർക്കാർ ഭരിക്കുമ്പോൾ അടുത്ത അഞ്ചുവർഷം ഭരിക്കുന്ന സർക്കാരിന് കഴിഞ്ഞ സർക്കാരിന്റെ ചെയ്തികളെ തിരുത്താൻ കഴിയും. അഞ്ച് വർഷം കഴിയുമ്പോൾ ഭരണം കിട്ടുമോ എന്ന ആശങ്കകൊണ്ട് സ്വേഛാധിപതികളാകാതെ  ജനാധിപത്യ വിരുദ്ധരാകാതെ, ജനങ്ങളോട് കുറച്ചെങ്കിലും കൂറ് കാണിക്കുവാൻ കഴിയും. ജനങ്ങളോട് ഒരു കൂറുമില്ലാതെ, ധൂർത്തും ധാർഷ്ട്യവും സ്വജനപക്ഷപാതവും വർഗ്ഗീയ പ്രീണനവുമൊക്കെ മാനദണ്ഡമാക്കി ഭരിച്ചുകൊണ്ടിരിക്കുന്ന ഈ സർക്കാർ ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ ജനാധിപത്യം എവിടെ ചെന്ന് നിൽക്കും? ഈ ചെയ്തതൊക്കെ പതിന്മടങ്ങ് ശക്തിയോടെ അവർ ഈ സമൂഹത്തിന് മുന്നിൽ അടിച്ചേൽപ്പിക്കും. അതുകൊണ്ട് ജനാധിപത്യം സംരക്ഷിക്കാൻ തുടർഭരണം അരുത്..

സ്വേഛാധിപത്യം

പിണറായി വിജയൻ ജനാധിപത്യ സംവിധാനത്തിന്റെ പ്രതിനിധിയല്ല. മറിച്ച് സ്വേഛാധിപതിയാണ്. സാനിറ്റൈസ് ചെയ്യാൻ വരുന്ന കൊച്ചു പെൺകുട്ടിയുടെ കൈ തല്ലിയകറ്റുന്ന, സംസാരിക്കുമ്പോൾ നിലച്ചുപോകുന്ന മൈക്ക് പറിച്ചെടുക്കുന്ന അസഹിഷ്ണു. സ്വേഛാധിപതിയുടെ ഭാവവും ചേഷ്ഠകളും അദ്ദേഹത്തിന്റെ നടപ്പിൽ പോലുമുണ്ട്. ഒരു നോട്ടം കൊണ്ട് ഉദ്യോഗസ്ഥരെപ്പോലും തന്റെ വരുതിയിലാക്കുന്ന സ്വേഛാധിപതി. അത്തരമൊരു സ്വേഛാധിപതി എനിയുമെന്റെ നാട് ഭരിച്ചാൽ ജനാധിപത്യം ഇല്ലാതായിത്തീരും. കമ്മ്യൂണിസ്റ്റ് പാർട്ടി ല്ലാതായിത്തീരും. ഇവിടെ ജനഹിതത്തിന് യാതൊരു പ്രസക്തിയും ഇല്ലാതായിത്തീരും.

ഉദ്യോഗസ്ഥ മാഫിയ

പിണറായി സർക്കാറിന്റെ ഏറ്റവും വലിയ ബലഹീനത ഉദ്യോഗസ്ഥ മാഫിയയുടെ അഴിഞ്ഞാട്ടം നടക്കുന്നുവെന്നതാണ്. സർക്കാരിന്റെ ആജ്ഞക്കനുസരിച്ച് നിയമത്തെ വ്യാഖ്യനിച്ചുകൊടുക്കുന്നവർക്ക് ഉന്നതപദവി കിട്ടും. നിയമത്തെ നന്മയുടെ പേരിൽ വ്യാഖ്യാനിക്കുന്നവരെ ചവിട്ടിപ്പുറത്താക്കും. ജേക്കബ് തോമസ് എന്ന അഴിമതി വിരുദ്ധൻ മാത്രം ഉത്തമ ഉദാഹരണം. ബിശ്വാസ മേത്ത എന്ന സിവിൽ സർവ്വീസുകാരൻ ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം സഹായം ചെയ്തുകൊടുത്ത് അഴിമതിക്ക് കുടപിടിച്ച് ധാർഷ്ട്യത്തിന്റെ പങ്കുപറ്റി ചീഫ് സെക്രട്ടറി പദവിയിൽ നിന്ന് ഇറങ്ങിപ്പോയത് അതിനേക്കാൽ വിലമതിക്കുന്ന വിവരാവകാശ കമ്മീഷ്ണർ സ്ഥാനത്തേക്ക്. ടോംജോർജ്, കെ എം എബ്രാഹം ഉൾപ്പടെ സ്വേഛാധിപതിക്ക് സ്തുതിപാടുകയും കൂട്ടുകച്ചവടത്തിന് കൂട്ടുനിൽക്കുകയും ചെയ്തവർ ഒക്കെത്തന്നെയും ഇപ്പോൾ ഉന്നതപദവിയിൽ.

എന്നാൽ ജനാധിപത്യത്തെ വിശ്വസിച്ച്, ഭരണഘടനയിൽ വിശ്വസിച്ച് ജനങ്ങളുടെ ഭാഗത്ത് നിന്ന് പ്രവർത്തിച്ചവരൊക്കത്തന്നെയം പടിക്ക് പുറത്തായി. ടിപി സെൻകുമാറും ജേക്കബ് തോമസും മാത്രമല്ല. അഴിമതിക്കെതിരെ നിലപാടെടുത്ത എൻ പ്രശാന്തെന്ന ഐഎഎസ്സുകാരന്റെ ഭാവിയും തുലാസിലാണ്. കാരണം സ്വേഛാധിപതി വാഴുമ്പോൾ അദ്ദേഹത്തിന്റെ ഇംഗിതത്തിന് വേണ്ടി സിവിൽസർവ്വീസ് നിയമങ്ങൾ വളച്ചൊടിച്ച് കൊടുക്കുകയാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ ജോലി. അതുകൊണ്ടാണ് ഇവിടെ ഉദ്യോഗസ്ഥ മാഫിയ ഭരണമാണ് നടക്കുന്നതെന്ന് പറയുന്നത്. വിജിലൻസ് എന്നൊരു സംവിധാനം നമുക്കുണ്ടോ എന്നതും സംശയമാണ്. പ്രതികാര വാഞ്ചയോട് കൂടി എതിരാളികളെ കുടുക്കുന്നതിനപ്പുറത്തേക്ക് എത്ര അഴിമതിക്കഥകൾ അന്വേഷിച്ചുവെന്നതും കണ്ടെത്തിയെന്നതും ചോദ്യമാണ്. അഴിമതിക്കാർ വാഴുകയാണ്. അവരെ സംരക്ഷിക്കുകയാണ് ഈ സർക്കാർ.

കൊലപാതക രാഷ്ട്രീയം

കൃപേഷിന്റെയും ശരത്ത്ലാലിന്റെയും ഷൂഹൈബിന്റെയും അമ്മമാരുടെ കണ്ണൂനീർ ഇപ്പോഴും മാഞ്ഞിട്ടില്ല. ജീവിച്ച് തുടങ്ങും മുൻപ് നിഷ്‌കരണും വെട്ടയരിയപ്പെട്ട ജീവിതങ്ങളാണ് അവരുടേത്. അത്തരം 38 ജന്മങ്ങളാണ് ഈ കാലയളവിൽ തെരുവിൽ ചോരവാർന്ന് ഈ സർക്കാറിന്റെ കാലയളവിൽ മരിച്ചു പോയത്. ഇതുകൂടാതെ 20 ഓളം നിരപരാധികളെ പിണറായിയുടെ പൊലീസ് തല്ലിയും ചിവിട്ടിയും വെടിവച്ചും കൊന്നു. അതിൽ പത്തോളം പേർക്ക് അവർ മാവോയിസ്റ്റ് എന്ന് ഓമനപ്പേരിട്ടു. അവർ മാവോയിസ്റ്റുകളാണോ.. ആയുധധാരികളാണോ എന്ന് ഒരിടത്തും തെളിവുകളില്ല. പരാതി പറയാൻ ചെന്നയാളെ പിടിച്ച് ജയിലിലിട്ട് ചവിട്ടിക്കൂട്ടി കൊന്ന പൊലീസ് ഈ കാലയളവിൽ മാത്രമാണ്. കൊലപാതക രാഷ്ട്രീയത്തെയും പൊലീസിന്റെ മൂന്നാംമുറയെയും ഞാൻ ഭയപ്പെടുന്നു.

ഖജനാവ് കൊലയാളിക്ക്

കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോൾ ടി പി ചന്ദ്രശേഖരന്റെ കാര്യം വിട്ടുപോയതല്ല. മറിച്ച് അദ്ദേഹത്തിന്റെ വിധവ ഇത്തവണ പ്രതികാര ദാഹത്തോടെ മത്സരരംഗത്തെത്തുമ്പോൾ ഇപ്പുറത്താകട്ടെ ടിപിയുടെ കൊലപാതകികളെ രക്ഷിക്കാൻ ഖജനാവിലെ പണം ഉപയോഗിച്ച് സുപ്രീംകോടതി വരെ പോയ കഥയാണ് പറയാനുള്ളത്. ലോകത്ത് ഒരുടത്തും കേട്ട് കേൾവിപോലുമില്ലാത്തതാണ് കൊലയ്ക്ക് ഇരയാകേണ്ടിവന്നവരുടെ ഭാഗത്ത് നിൽക്കേണ്ട സർക്കാർ കൊലയാളിക്ക് വേണ്ടി സുപ്രീംകോടതി വരെ പോരാടുന്ന ഞെട്ടിക്കുന്ന ചരിത്രം. ഇത്തരത്തിലൊരു സർക്കാർ ഇനി ഭരിക്കാൻ പാടില്ലെന്ന് പറയുന്നതിൽ എന്താണ് തെറ്റ്?

നുണ വ്യാപാരികൾ

നുണ വ്യാപാരമാണ് ഈ സർക്കാരിന്റെ മുഖമുദ്ര. എല്ലാ കൊള്ളരുതായ്മകളും ചെയ്തിട്ട് അത് മറക്കുന്നതിനായി സൈബർ സേനയെ ഉണ്ടാക്കി രക്ഷപ്പെടുകയാണ് ഇവരുടെ പതിവ്. ഖജനാവിലെ പണം ഉപയോഗിച്ച് അവർക്ക് നക്കാപ്പിച്ച തിരുകിക്കൊടുത്ത് എല്ലാം കള്ളമാണ് എന്ന് പറഞ്ഞ് ജനങ്ങളുടെ ചിന്താശക്തിയെ വിലക്ക് വാങ്ങുക. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആഴക്കടൽ വിവാദം. നമ്മുടെ കടൽ എഴുതിക്കൊടുത്ത് നമ്മുടെ ഉദ്യോഗസ്ഥനെ ബലിയാടാക്കി ധീരനും വീരനുമായി വിഡ്ഢിച്ചിരി ചിരിച്ച് ഞെളിഞ്ഞ് നടക്കുന്നു.

അധോലോക ഭരണം

ഇന്ന് കേരളം ഭരിക്കുന്നതേ അധോലോകമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ചുകൊണ്ട് സ്വർണം കള്ളക്കടത്തു നടത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ സൂത്രധാരനെ ഇരുത്തി അഴിമതിപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തുന്നു. രാജ്യദ്രോഹികൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വീട്ടിലേക്കും കയറിയിറങ്ങുന്നു. ഇതൊന്നും പോരാഞ്ഞ് പാർട്ടി സെക്രട്ടറിയുടെ മക്കളുടെ നേതൃത്വത്തിൽ മയക്കുമരുന്ന് വ്യാപാരം. ഇതുപോലെ ലജ്ജാകരമായ ഭരണകാലം ഇതിന് മുൻപ് ഉണ്ടായിട്ടില്ല. ഈ മാഫിയ ഭരണം ഇനി വേണ്ട.

ധൂർത്ത്

ഖജനാവിനോട് ഇത്രയേറെ ബഹുമാനമോ കടപ്പാടോ ഇല്ലാത്ത സർക്കാർ കേരള ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. സത്യപ്രതിജ്ഞ മുതൽ ചെലവഴിച്ച തുകകൾ കണക്കില്ലാത്തതാണ്. വേണ്ടപ്പെട്ടവർക്ക് ഇഷ്ടം പോലെ വിതരണം ചെയ്തു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പറക്കാൻ ഹെലികോപ്ടർ വാടകയ്ക്കെടുത്ത് ഒരോ മാസവും പൊടിക്കുന്നത് കോടികൾ, സോഷ്യൽ മീഡിയ പ്രചരണത്തിന് വേണ്ടി വാരിയെറിഞ്ഞത് കോടികളുടെ നികുതിപ്പണം. നിയമങ്ങൾ മാറ്റിയെഴുതി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇഷ്ടക്കാരെ തിരുകിക്കയറ്റി അവർക്ക് ലക്ഷങ്ങൾ ശമ്പളം കൊടുക്കുന്നു. സൈബർ ഗുണ്ടകൾക്കെല്ലാം ഓമനപ്പേരിട്ട് ആനുകൂല്യ വിതരണം, അങ്ങിനെ എണ്ണിയാൽ തീരാത്ത ധൂർത്തിന്റെ ഭയാനകമായ കഥയാണ് ഈ അഞ്ചുവർഷത്തെ ഭരണം നമുക്ക് മുന്നിൽ അനാവരണം ചെയ്യുന്നത്. ഈ കഥകൾ ഇനിയും ആവർത്തിച്ചുകൂടാ.

പിൻവാതിൽ നിയമനം

മുഖ്യമന്ത്രിയുടെ സ്വന്തമാണെങ്കിൽ സിപിഎമ്മിന്റെ നേതാവാണെങ്കിൽ നേതാക്കന്മാരുടെ അടുക്കള തീനികളാണെങ്കിൽ പിഎസ് സി പരീക്ഷപോലും എഴുതാതെ ഉദ്യോഗം ഉറപ്പ്. പത്താം ക്ലാസ് പോലും പാസാകാത്ത സ്വപ്ന സുരേഷിന് ഒന്നേകാൽ ലക്ഷം ശമ്പളം. പുറമെ അഴിമതി പണത്തിന് കമ്മീഷൻ. എന്നാൽ പകൽ പണിക്ക് പോയി രാത്രിയിൽ ഇരുന്ന് പഠിച്ച് പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് തെരുവിൽ മുട്ടിലിഴയണം. സർക്കാർ ഉദ്യോഗമൊക്കെ സ്വന്തക്കാർക്ക് മാത്രം.

മൂക്കോളം മുട്ടുന്ന കടം

അമ്പത്തിയേഴിലെ ആദ്യത്തെ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭ മുതൽ കഴിഞ്ഞ ഉമ്മൻ ചാണ്ടിയുടെ മന്ത്രിസഭ വരെ ഈ നാട്ടിലെ ആകെ പൊതുകടം ഒരുകോടി അറുപത് ലക്ഷമായിരുന്നു. എന്നാൽ അഞ്ച് വർഷംകൊണ്ട് തോമസ് ഐസക് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഉണ്ടാക്കിയെടുത്തതാകട്ടെ ഒരു കോടി അറുപത്തിരണ്ട് ലക്ഷത്തിന്റെ അധിക കടം. ഇതേ രീതി തുടർന്നാൽ ഈ നാട് മുടിയും. ജീവനക്കാർ ശമ്പളം കിട്ടാതെ അലയും. പട്ടിണി കിടന്ന് ജനം നരകിക്കും. ബംഗാൾ നൽകുന്ന പാഠവും മറ്റൊന്നല്ല. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ പശ്ചിമ ബംഗാളാകാൻ വിട്ടുകൊടുക്കരുത്. തുടർഭരണമെന്ന ഭയപ്പെടുത്തുന്ന സ്വപ്നത്തിനെതിരെയുള്ള ഒരു പ്രധാനവാദം ഇതാണ്.

സ്വജനപക്ഷപാതം

പ്രളയം കയറി നാട് വിറങ്ങലിച്ചപ്പോൾ കേരളത്തെ പുനർസൃഷ്ടിക്കാൻ ലോകത്തിന്റെ നാനാഭാഗത്തു നിന്നും സംഭാവനകളെത്തി. എന്നാൽ ആ സുമനസ്സുകളെയൊക്കെയും ഇളിഭ്യരാക്കി ആ തുക പാർട്ടിക്കാർ അടിച്ചുമാറ്റി. ഒരു വിഹിതം അന്തരിച്ച പാർട്ടി നേതാവിന്റെ കുടുംബത്തിന്റെ കടബാധ്യത തീർക്കാനും ഉപയോഗിച്ചു. പാർട്ടിയുടെ എംഎൽഎ മരിച്ചു പോയപ്പോൾ മകന് ഉദ്യോഗം കൊടുക്കുകയും ബാങ്ക് ലോൺ അടച്ചു തീർക്കുകയും ചെയ്തു. കണക്കിൽ പെടാത്ത തുകകൾ വേറെയും പക്ഷെ ഒരു ചോദ്യം മാത്രം ബാക്കി എവിടെയാണ് കേരളം റീബിൽഡ് ചെയ്തത്.

ക്യാപ്റ്റൻ ഈ പണമൊക്കെ എവിടെക്കൊണ്ട് വച്ചു? യുഎഇയിലെ സകലനഗരങ്ങളിലും ഷോപ്പിങ്ങ് മാളുകളിലും ബക്കറ്റിലൂടെ പിരിച്ച പണം എവിടെക്ക് പോയി. അതൊക്കെ സ്വന്തക്കാർക്ക് വീതിച്ചുകൊടുത്തിരിക്കുന്നു. സ്വജനപക്ഷപാതത്തിന്റെ മൂർത്തിമത്ഭാവം. രാജ്യത്തെ സകല നിയമങ്ങളെയും വെല്ലുവിളിച്ച് സിപിഎമ്മിന്റെ തട്ടിക്കൂട്ട് പ്രസ്ഥാനമായ ഊരാളുങ്കൽ സൊസൈറ്റിക്ക് സകല നിർമ്മാണ പ്രവർത്തനങ്ങളും കൊടുക്കുന്നു. അതിന്റെ കമ്മീഷൻ കൊണ്ട് ഈ പാർട്ടി തടിച്ചുകൊഴുക്കുന്നു.

പട്ടിണി വ്യാപാരം

രണ്ട് രൂപയുടെ കിറ്റ് പതിനാല് രൂപ ഈടാക്കി ഖജനാവിൽ നിന്ന് പണമെടുത്ത് ആർക്കുംകൊള്ളാത്ത ശർക്കരയും പഞ്ചസാരയും അരിയും പയറുമൊക്കെ കൂടിയ വിലക്ക് വാങ്ങി അതിലും കമ്മീഷൻ അടിച്ചുമാറ്റി അതൊക്കെ ഖജനാവിലെ പണം ഉപയോഗിച്ച് കിറ്റായി വിതരണം ചെയ്യുന്നു. എന്നിട്ട് പാവപ്പെട്ടവനെ പട്ടിണിയിൽ നിന്ന് മാറ്റി എന്നുപറഞ്ഞ് വോട്ട് തേടുന്നു. കിറ്റ് കൊടുത്തില്ലെങ്കിൽ പട്ടിണികിടന്ന് മരിക്കുന്നവരായി നമ്മുടെ തലമുറയെ അവർ മാറ്റിയെഴുതി. പണ്ടുമുതലേ ഉള്ള പെൻഷനും കിറ്റുമൊക്കെ മാർക്കറ്റിങ്ങിനായി ഉപയോഗിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുകയായിരുന്നു. വോട്ടിനായി ഇവർ ചൂഷണം ചെയ്യുന്നത് ഈ നാട്ടിലെ ജനങ്ങളുടെ ദാരിദ്ര്യത്തെയാണ്. ആ കിറ്റിന്റെയും പെൻഷന്റെയും രാഷ്ട്രീയവും ഭാവികേരളത്തിന് നല്ലതല്ല.

തുടർഭരണമെന്ന് ദു:സ്വപ്നം വിരൽ ചൂണ്ടുന്നത് ഇത്തരം ഭീതിതമായ സത്യത്തിലേക്കാണ്. ജനാധിപത്യത്തിന്റെ ശുദ്ധവായു ശ്വസിക്കണമെന്ന് കരുതുന്ന ആർക്കും തുടർഭരണം വേണമെന്ന് ആഗ്രഹിക്കാൻ സാധിക്കില്ല. ഇതിനൊക്കെ പുറമെയാണ് നിസാരമായി പരിഹാരിക്കാവുന്ന ഒരു വിഷയത്തെ ഗൂഢലക്ഷ്യത്തോടെ പൊലിപ്പിച്ച് ആചാരലംഘനം വരെ എത്തിച്ച് വിശ്വാസി സമൂഹത്തെയാകമാനം മുറിവേൽപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP