Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിരപരാധികളുടെ രക്തവും നിലവിളിയും കട്ടപിടിക്കുമ്പോൾ, നീതിന്യായവ്യവസ്ഥ കുറ്റവാളികളെ കണ്ടില്ലെന്ന് നടിക്കുമ്പോൾ, അധോലോക രാജാക്കന്മാരെ നേർക്കുനേർ നേരിടാൻ ഒരു യോഗി ആദിത്യനാഥ് മുന്നോട്ട് വന്നാൽ സാധാരണ മനുഷ്യർ കയ്യടിക്കും; സജീവ് ആല എഴുതുന്നു

നിരപരാധികളുടെ രക്തവും നിലവിളിയും കട്ടപിടിക്കുമ്പോൾ, നീതിന്യായവ്യവസ്ഥ കുറ്റവാളികളെ കണ്ടില്ലെന്ന് നടിക്കുമ്പോൾ, അധോലോക രാജാക്കന്മാരെ നേർക്കുനേർ നേരിടാൻ ഒരു യോഗി ആദിത്യനാഥ് മുന്നോട്ട് വന്നാൽ സാധാരണ മനുഷ്യർ കയ്യടിക്കും; സജീവ് ആല എഴുതുന്നു

സജീവ് ആല

നൂറുകണക്കിന് കൊലപാതകങ്ങൾ, കിഡ്‌നാപ്പിങ്‌സ്, റേപ്പ് കേസുകൾ, ഭൂമി പിടിച്ചെടുക്കലുകൾ... നാല് ദശകത്തോളം ചോരക്കളി നടത്തി അരങ്ങ് വാണിരുന്ന കൊടുംക്രിമിനലായ അതീഖ് അഹമ്മദിനെ ഒരു ചുക്കും ചെയ്യാൻ രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് കഴിഞ്ഞിരുന്നില്ല.

നിരവധി കൊലക്കേസുകളിൽ പ്രതിയായിരുന്ന അതീഖ് 1989ൽ അലഹാബാദ് വെസ്റ്റ് മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച് എംഎൽഎ ആയി. പിന്നെയും അയാൾ തുടർച്ചയായി ജയിച്ചു കൊണ്ടേയിരുന്നു. ഗുണ്ടകൾക്ക് വേണ്ടി ഗുണ്ടകളാൽ നടത്തപ്പെടുന്ന സമാജ് വാദി പാർട്ടിയിൽ ചേർന്ന ഈ കൊടുംക്രിമിനൽ സാക്ഷാൽ ജവഹർലാൽ നെഹ്‌റുവിന്റെ സ്വന്തം മണ്ഡലമായിരുന്ന ഫുൽപ്പൂരിൽ നിന്ന് പാട്ടുംപാടി വിജയിച്ച് ലോക്‌സഭയിലുമെത്തി.

ഇക്കാലയളവിൽ അതിഖും അയാളുടെ സഹോദരങ്ങളും മക്കളും ഏല്ലാം ഉൾപ്പെട്ട മാഫിയാ സംഘം നൂറുകണക്കിന് മനുഷ്യരെ കൊലപ്പെടുത്തി, പലരെയും ജീവച്ഛവമാക്കി മാറ്റി, ആളുകളെ തട്ടിക്കൊണ്ടുപോയി വിലപേശി കോടികൾ പിരിച്ചെടുത്തു, സാധാരണക്കാരുടെ കണ്ണായസ്ഥലങ്ങൾ തോക്കിന്മുനയിൽ എഴുതി വാങ്ങിച്ചു. അതീഖിനെ ഒരു ദിവസം ജയിലിൽ അടയ്ക്കാൻ പോലും സ്വതന്ത്ര ജനാധിപത്യ ഇന്ത്യയിലെ നിയമസംവിധാനത്തിന് കഴിഞ്ഞില്ല. 1500 കോടി ആസ്തിയുള്ള മാഫിയാ സാമ്രാജ്യത്തിന്റെ ആശ്രിതരായി മാറിക്കഴിഞ്ഞ യുപിയിലെ രാഷ്ട്രീയവ്യവസ്ഥയും പൊലീസ് സംവിധാനവും അതീഖിന് ചാമരം വീശിക്കൊണ്ടേയിരുന്നു.

നിരപരാധികൾ അതീഖ് ഗാംഗിന്റെ വെടിയുണ്ടകളേറ്റ് പട്ടാപ്പകൽ പിടഞ്ഞു മരിച്ചു കൊണ്ടേയിരുന്നു സ്ത്രീകൾ റേപ്പ് ചെയ്യപ്പെട്ടു കൊണ്ടേയിരുന്നു. ഒരാളും ഈ മാഫിയാ പിശാചിനെതിരെ മൊഴി നല്കാൻ ധൈര്യപ്പെട്ടില്ല ഒരാളും സാക്ഷി പറയാൻ മുന്നോട്ട് വന്നില്ല.
പക്ഷേ യോഗി ആദിത്യനാഥ് അധികാരമേറ്റതോടെ കളി മാറി. എങ്ങനെയും ബില്യനറാകുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ അധികാരക്കസേരയിൽ കയറിപ്പറ്റിയ മുലായം സിങ്, മായാവതി, അഖിലേഷ് യാദവ് കൂട്ടത്തിൽ പെട്ടയാളായിരുന്നില്ല യോഗി. അവിഹാഹിതിനായ മുഖ്യമന്ത്രിയുടെ സഹോദരിസഹോദരങ്ങൾ സാധാരണ മനുഷ്യരെ പോലെ പണി ചെയ്ത് ജീവിക്കുന്നവരാണ്. പണത്തിനോട് ആഗ്രഹമില്ലാത്ത ഭരണാധികാരി ക്രിമനലുകളെയും മാഫിയാ സംഘങ്ങളെയും ഭയക്കില്ല.

യോഗി ഗുണ്ടാനേതാക്കളെ ഒന്നൊന്നായി തിരഞ്ഞുപിടിച്ച് വേട്ടയാടി. പൊലീസിന്റെ വീര്യവും വീറും ഏറ്റുവാങ്ങിയവരിൽ ബ്രാഹ്മണരും താക്കൂറും യാദവും മുസ്ലീമും എല്ലാമുണ്ടായിരുന്നു. കോടതിയും നീതിപീഠവും ഒരിക്കലും ലഭിക്കാനിടയില്ലാത്ത തെളിവുകളും സാക്ഷികളെയും തെരഞ്ഞ് സാധാരണക്കാരന്റെ വിശ്വാസത്തെ ഒറ്റിക്കൊടുത്തപ്പോൾ യോഗിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മാഫിയാരാജിന്റെ അടിത്തറയിളകി തുടങ്ങി.
ക്രിമിനലുകളുടെ തേർവാഴ്ചയിൽ നിന്ന് ഒരുപരിധിവരെ യുപിയെ മോചിപ്പിച്ച യോഗിക്ക് 2022ൽ, യുപിയിലെ സ്ത്രീകൾ അവരുടെ വിലപ്പെട്ട വോട്ടുകൾ നല്കി വൻ ഭൂരിപക്ഷത്തിൽ വീണ്ടും വിജയിപ്പിച്ചു.

അതീഖ് അഹമ്മദിന്റെ സഹോദരനായ അഷറഫിനെതിരെ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ബിഎസ്‌പി എംഎൽഎ രാജു പാലിനെ അതീഖ് ഗ്യാങ് 2005ൽ വെടിവെച്ചു കൊന്നിരുന്നു. തുടർന്ന് നടന്ന ഇലക്ഷനിൽ അഷ്‌റഫ് വിജയിച്ചു. ഉമേഷ്പാൽ കൊലപാതകത്തിന്റെ ഏകസാക്ഷിയായ ഉമേഷ് പാലിനെ ആദ്യം തട്ടിക്കൊണ്ടുപോയി പിന്നിട് അതീഖ് ഗുണ്ടകൾ പട്ടാപ്പകൽ വെടിവെച്ചു കൊന്നു.

അതീഖ് അഹമ്മദിന്റെ മാഫിയാ ഗാംഗിനെ എന്തുവിലകൊടുത്തും അമർച്ച ചെയ്യുമെന്ന് യോഗി ആദിത്യനാഥ് നിയമസഭയിൽ പ്രഖ്യാപിച്ചു. പൊലീസ് ഈ കൊലയാളിക്കൂട്ടത്തെ നിർദ്ദാക്ഷിണ്യം നേരിട്ടപ്പോൾ അധോലോക സഹോദരങ്ങൾ അകത്തായി. ഉമേഷ്പാൽ മർഡർ കേസിലെ മുഖ്യപ്രതിയായിരുന്ന ആതിഖിന്റെ മകനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

മെഡിക്കൽ പരിശോധന കഴിഞ്ഞ് പൊലീസ് വിലങ്ങണിയിച്ച് കൊണ്ടുവരുമ്പോൾ മാധ്യമപ്രവർത്തക വേഷത്തിൽ എത്തിയ മൂന്ന് യുവാക്കൾ ഗുണ്ടാ ബ്രദേഴ്‌സിനെ വെടിവെച്ചു കൊന്നു. സ്വയം കീഴടങ്ങിയ ഈ കൊലയാളികളും ഏതോ മാഫിയാ സംഘത്തിന്റെ ഭാഗമാകാൻ തന്നെയാണ് എല്ലാ സാദ്ധ്യതയും. ഇവരുടെ ഗാംഗും തച്ചുടയ്ക്കപ്പെടണം.

രണ്ട് മാസം മുമ്പ് യുപിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മറ്റൊരു മാഫിയാ ഡോണായിരുന്ന വിനയ് ദ്യൂബേ ബ്രാഹ്മണ സമുദായക്കാരനായിരുന്നു. അതിഖ് അഹമ്മദ് മുസ്ലീമാണ്. അയാളുടെ ഗുണ്ടാസംഘം വെടിവെച്ചും വെട്ടിയും കുത്തിയും കൊന്നവരിൽ നല്ലൊരു ശതമാനം മുസ്ലീങ്ങൾ തന്നെയാണ്. മാഫിയാത്തലവന്മാർ ആവശ്യം വരുമ്പോൾ മതത്തിന്റെ പടച്ചട്ടയും എടുത്തണിയാറുണ്ട്. പക്ഷേ അവർ ജീവനെടുത്ത ഇരകൾക്ക് ജാതിയുമില്ല മതവുമില്ല.

ഒരു സ്വതന്ത്ര ജനാധിപത്യ വ്യവസ്ഥയിൽ പൗരന് ജീവനും ജീവിതവും ഉറപ്പ് നല്‌കേണ്ട ഏല്ലാ സംവിധാനങ്ങളും മാഫിയാവത്ക്കരിക്കപ്പെട്ട ഒരു ദേശത്ത് കുറ്റവാളികളെ അമർച്ച ചെയ്യാൻ അസാധാരണ നടപടികൾ തന്നെ വേണ്ടിവരും. സുരക്ഷിതത്വത്തിന്റെ സുഖശീതളിമയിൽ അമർന്നിരുന്നുകൊണ്ട് ക്രിമിനലുകളുടെ മനുഷ്യാവകാശങ്ങളെ പറ്റി വാദിക്കുന്നത് വളരെ സുഖമുള്ള ഏർപ്പാടാണ്.

വീടിനുള്ളിലും ഗലികളിലും തെരുവകളിലും നിരപരാധികളുടെ രക്തവും നിലവിളിയും കട്ടപിടിക്കുമ്പോൾ, നീതിന്യായവ്യവസ്ഥ കുറ്റവാളികളെ കണ്ടില്ലെന്ന് നടിക്കുമ്പോൾ, അധോലോക രാജാക്കന്മാരെ നേർക്കുനേർ നേരിടാൻ ഒരു യോഗി ആദിത്യനാഥ് മുന്നോട്ട് വന്നാൽ സാധാരണ മനുഷ്യർ കയ്യടിക്കും. ഉദാരജനാധിപത്യത്തിന്റെ ഉദാത്തവാക്യങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത് അധോലോകവാഴ്ചയ്ക്ക് ഒളിസേവ ചെയ്യാനല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP