Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

പ്രാദേശിക സംരഭങ്ങളുടെ മേൽ അധിനിവേശം നടപ്പാക്കാനുള്ള കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയം കുറെക്കാലമായി ഇന്ത്യയിലുണ്ട്; അതിനെ നമുക്ക് നിസ്സാരമായി തള്ളാനാകില്ല; മലയാളിയുടെ ഒരു സംരംഭം കൂടി മുടിക്കാൻ കേന്ദ്ര സർക്കാർ; സജീവൻ അന്തിക്കാട് എഴുതുന്നു

പ്രാദേശിക സംരഭങ്ങളുടെ മേൽ അധിനിവേശം നടപ്പാക്കാനുള്ള കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയം കുറെക്കാലമായി ഇന്ത്യയിലുണ്ട്; അതിനെ നമുക്ക് നിസ്സാരമായി തള്ളാനാകില്ല; മലയാളിയുടെ ഒരു സംരംഭം കൂടി മുടിക്കാൻ കേന്ദ്ര സർക്കാർ; സജീവൻ അന്തിക്കാട് എഴുതുന്നു

സജീവൻ അന്തിക്കാട്

മലയാളിയുടെ ഒരു സംരംഭം കൂടി മുടിക്കാൻ കേന്ദ്ര സർക്കാർ.

ജിയോ എന്ന കമ്പനിക്ക് വേരുറക്കാൻ കഴിയാത്ത സംസ്ഥാനങ്ങൾ ഇന്ത്യയിലെവിടെയെങ്കിലുമുണ്ടെങ്കിൽ അത് കേരളമാണ്.
ഒരു സംസ്ഥാനത്ത് നില നിന്നു വരുന്ന ബ്രോഡ്ബാൻഡ് നെറ്റ് വർക്കുകളെ വിഴുങ്ങിയോ സ്വന്തമായി നെറ്റ് വർക്കുകൾ സ്ഥാപിച്ചോ ആണ് ജിയോ എന്ന കമ്പനി അവരുടെ അധിനിവേശം എല്ലായിടത്തും നടപ്പാക്കി വരുന്നത്. കേന്ദ്ര സർക്കാർ സംവിധാനങ്ങൾ അവരുടെ വളർച്ച ലാക്കാക്കി അതിനു കൂട്ടായി നിൽക്കുന്നു എന്ന് പൊതുവെ പറയപ്പെടുന്നു എന്നിട്ടുമെന്തെ ജിയോക്ക് കേരളത്തിലെ വിനോദ വ്യവസായത്തിൽ കാലിടറി?

അതിനൊരു ചരിത്രമുണ്ട്.

ആ ചരിത്രം രചിച്ചത് കേരളത്തിലെ കുഞ്ഞുകുഞ്ഞു കേബിൾ ടി.വി.ഓപ്പറേറ്റർമാരാണ്. കുവൈറ്റ് യുദ്ധകാലം മുതലാണ് ആ ചരിത്രം തുടങ്ങുന്നത്. ആദ്യമായി യുദ്ധം ലൈവായി ടി.വിയിൽ വന്നത് അന്നാണ്. മലയാളി യുദ്ധം ലൈവായി കണ്ടതും അന്ന് തന്നെ. CNN എന്ന ചാനൽ അന്ന് മുതൽ കേരളത്തിൽ അറിയപ്പെട്ടു. അത് സാധ്യമാക്കിയത് തൊഴിൽ രഹിതരായ കേരളത്തിലെ ചെറുപ്പക്കാരാണ്. ഉപഗ്രഹ ചാനലുകളെ വരാനിരിക്കുന്ന വിജ്ഞാന വിസ്ഫോടനത്തിന്റെ അടയാളങ്ങളായി കരുതിയ അവർ ലോണെടുത്തും കടം വാങ്ങിയും ഭീകര വലിപ്പമുള്ള ഡിഷ് ആന്റിനകൾ സ്ഥാപിച്ച് ആ ചാനലുകൾ ആകാശത്തു നിന്നും പിടിച്ചെടുത്തു. അന്ന് ലഭ്യമായ ട്രാൻസ്മിറ്ററുകളിലൂടെ അത് വിതരണം ചെയ്യാൻ കഴിയുന്ന വിധമാക്കി പരിവർത്തനം ചെയ്തു. ആറെഫ് എന്ന് വിളിക്കുന്ന കേബിളിലൂടെ ( റേഡിയോ ഫ്രീക്വൻസി ) ആ സിഗ്നലുകൾ ഓരോ വീടുകളിലേക്കും എത്തിച്ചു.

അതു വരെ മീന്മുള്ളുപോലുള്ള ആന്റിനയിൽ നിന്നുള്ള കേബിൾ ഒരു ടെലിവിഷന്റെ പിൻഭാഗത്ത് കുത്തിയാണ് മലയാളി ചാനൽ കണ്ടിരുന്നത്.  അതും സർക്കാർ തന്നിരുന്ന ചാനൽ. ദൂരദർശൻ. ആ ചെറുപ്പക്കാർ ആന്റിനയുടെ കേബിൾ ടി.വിയിൽ നിന്നൂരി അവരുടെ പുതിയ കേബിൾ തൽസ്ഥാനത്തു ഫിറ്റ് ചെയ്തു നോക്കി. എന്തത്ഭുതം? ലോകത്തു നടക്കുന്ന സംഭവങ്ങളെല്ലാം 21 ഇഞ്ച് ടെലിവിഷനിൽ തെളിയുന്നു. മലയാളിയും അങ്ങിനെ യുദ്ധം കണ്ടു.

അന്ന് ആ തൊഴിൽ രഹിതരായ ചെറുപ്പക്കാർ തുടങ്ങി വെച്ച സേവന സംരഭത്തെയാണ് ചെറുകിട കേബിൾ ടി.വി സർവ്വീസ് എന്ന് വിളിക്കുന്നത്.  ആ സംരഭകത്വം കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പടർന്നു. ഒരു പഞ്ചായത്തിൽ തന്നെ കേബിൾ ടി.വി സർവ്വീസ് തുടങ്ങാനായി പത്തും പതിനഞ്ചും ചെറുപ്പക്കാർ മുന്നോട്ടുവന്നു. അങ്ങിനെ കേരളം കൊച്ചു കൊച്ചു കേബിൾ ടി.വി. നെറ്റ് വർക്കുകളുടെ നാടായി മാറി.

ഏഷ്യാനെറ്റ് വരുന്നു.

ഇതരസംസ്ഥാനങ്ങളിലെന്നപോലെ വമ്പൻ കമ്പനികൾ ഈ മേഖലയിലേക്ക് വന്നു. ഈ പ്രാദേശിക ഓപ്പറേറ്റർമാരെ വിഴുങ്ങാനുള്ള ശ്രമങ്ങൾക്ക് കേരളവും സാക്ഷ്യം വഹിച്ചു. 1994 ൽ ഏഷ്യാനെറ്റ് എന്ന ചാനലിനോടൊപ്പം എത്തിയ ഏഷ്യാനെറ്റ് കേബിൾ വിഷൻ എന്ന കമ്പനി (ACV) വൻ ഭീഷണിയാണ് കേരളത്തിലെ കൊച്ചു കൊച്ചു കേബിൾ ടി.വി ഓപ്പറേറ്റർക്കു മുന്നിൽ ഉയർത്തിയത്. ACVക്ക് കീഴടങ്ങി ആ കമ്പനിയുടെ പിരിവുകാരാകാൻ അവർ കേബിൾ ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ നശിച്ചുപോകുമെന്ന് ഭീഷണിപ്പെടുത്തി.
ഏഷ്യാനെറ്റ് ചാനൽ ഒരു ഇടതു ബുദ്ധിജീവി സംരഭമായിരുന്നെങ്കിലും അന്നത്തെ യു.ഡി.എഫ് സർക്കാർ ആ കമ്പനിക്കനുകൂലമായാണ് നിലകൊണ്ടത്. വെറും ഒരു രൂപക്കാണ് കെ.എസ് ഇ ബിയുടെ ഇലക്ട്രിക് പോസ്റ്റുകൾ സർക്കാർ ACVക്ക് നൽകിയതെന്ന് കേബിൾ ടി.വി.ഓപ്പറ്റേഴ്സ് അസോസിയേഷന്റെ പ്രവർത്തനങ്ങളെപ്പറ്റി പഠനം നടത്തിയ ശ്രീ ഹരികുമാർ ഓർത്തെടുക്കുന്നു.

എ സി വിക്ക് ഒരു രൂപക്ക് കെ എസ് ഇ ബി പോസ്റ്റുകൾ നൽകിയ സർക്കാർ പാവപ്പെട്ട ഗ്രാമീണ സംരഭകന് ആ അനുകൂല്യം നൽകിയില്ല.  ഇതു മൂലം നഗരങ്ങളിൽ നിന്ന് എ സി വി യുടെ നെറ്റ് വർക്കുകൾ ഗ്രാമാന്തരങ്ങളിലേക്ക് കെ.എസ്.ഇ.ബി പോസ്റ്റുകളിലൂടെ നീണ്ടുചെന്നു. തെങ്ങിലും കവുങ്ങിലും കെട്ടി കേബിൾ വലിച്ചിരുന്ന ലോക്കൽ ഓപ്പറേറ്ററെ പലയിടത്തും ജനം കൈവെടിഞ്ഞു. അവർ എ.സി. വിയുടെ നെറ്റ് വർക്കിലേക്ക് മാറി. സ്വന്തം വരുമാനം മുട്ടുമെന്ന ഭയത്താൽ ചില പ്രാദേശിക ഓപ്പറേറ്റർമാർ എ. സി വി ക്ക് മുമ്പിൽ കീഴടങ്ങി. പിടിച്ചു നിന്ന ചിലർ സാമ്പത്തികമായി തകർന്ന് ആത്മഹത്യ ചെയ്തു. ബാക്കിയുള്ളവർ കീഴടങ്ങാതെ പിടിച്ചു നിന്നു. അവർ ഒരു സംഘടനയുണ്ടാക്കി. അതാണ് കേബിൾ ടി.വി.ഓപ്പറേറ്റേഴ്സ്അസോസിയേഷൻ അഥവാ സി. ഒ.എ.

സംഘടനയുടെ ബലത്താൽ ഓപ്പറേറ്റർമാർ കോടതിയിൽ പോയി. കുത്തകകൾക്ക് മാത്രം കെ.എസ്.ഇ.ബി പോസ്റ്റുകൾ അനുവദിക്കുന്നതിനെ ചോദ്യം ചെയ്തു. കെ.എസ്.ഇ.ബി. എതിർത്തു. പക്ഷെ കോടതി ഒരു പൗരന്റെ തുല്യാവകാശത്തെ അംഗീകരിച്ചു. അങ്ങനെ കെഎസ്ഇബി പോസ്റ്റുകൾ ഈ നാട്ടിലെ പ്രാദേശിക സംരഭകന് കിട്ടി.

ഒപ്ടിക് ഫൈബർ സാങ്കേതിക വിദ്യ കേരളത്തിൽ..

അവിടന്നങ്ങോട്ട് പ്രാദേശിക ഓപ്പറേറ്റർ അവരുടെ നെറ്റ് വർക്കുമായി കുതിക്കുക തന്നെയായിരുന്നു. ഒപ്ടിക് ഫൈബർ സാങ്കേതിക വിദ്യ ബി.എസ് എൻ എല്ലിനു ശേഷം കേരളത്തിൽ കൊണ്ടുവന്നത് അവരാണ്. എ. സി. വിയോ മറ്റു കുത്തക കമ്പനികളോ അല്ല. പൊൻകുന്നത്തു നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് ശ്രീ അനിൽകുമാർ പൊൻകുന്നം എന്ന പ്രാദേശിക ഓപ്പറേറ്റർ വലിച്ച ആറു കിലോമീറ്റർ കേബിളാണ് കേരളത്തിൽ ആദ്യം വലിച്ചിട്ട ഓവർ ഹെഡ് ഒപ്ടിക് ഫൈബർ കേബിൾ.

ഇന്ന് കേരളത്തിലെ മുഴവൻ നഗരപ്രദേശങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലും പ്രാദേശിക ഓപ്പറേറ്റർമാർ ഒപ്ടിക് ഫൈബർ കൊണ്ട് കെട്ടിയ വലകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. വിജ്ഞാനത്തിന്റെ വിനിമയത്തിന് ഇന്ന് കേരള ജനതയിൽ അധികം പേരും ആ വലകളെയാണ് ആശ്രയിക്കുന്നത്. ഇന്ന് ബിഎസ്എൻഎല്ലിന്റെ ഇന്റർനെറ്റ് കണക്ഷൻ കൊടുക്കുന്നത് പോലും പ്രാദേശിക ഓപ്പറേറ്ററുടെ കേബിളുകൾ ഉപയോഗിച്ചാണ് എന്നോർക്കുക. ഇന്ത്യയിലെ കേബിൾ ടി.വി. നെറ്റ് വർക്കുകൾ മുഴുവൻ ഡിജിറ്റൽ ആക്കണമെന്ന നിർദ്ദേശം വന്നപ്പോൾ ആ നിർദ്ദേശം ആഹ്ലാദത്തോടെ നടപ്പാക്കിയത് ഈ കേബിൾ ഓപ്പറേറ്റർമാരാണ്. അതിനായി അവരെല്ലാം ചേർന്ന് ഷെയർ എടുത്ത് രൂപീകരിച്ച പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് കേരള കമ്യൂണിക്കേറ്റഡ് കേബിൾ ലിമിറ്റഡ് അഥവാ കെ.സി.സി എൽ. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ കേബിൾ ടി.വി കമ്പനിയാണിത്. മുപ്പതു ലക്ഷം വീടുകളിൽ കെ.സി.സി.എൽ നൽകുന്ന സിഗ്നലുകളിലൂടെ കേബിൾ ടി.വി. കാണുന്നു.  "തൊട്ടടുത്ത കമ്പനിയായ എ.സി.വിക്ക് 'വെറും പന്ത്രണ്ടു ലക്ഷം വീടുകളേ ഉള്ളൂ എന്നറിയുമ്പോഴാണ് പ്രാദേശിക ഓപ്പറേറ്റർമാർ കേരളത്തിൽ നടത്തിയ നിശ്ശബ്ദ വിപ്ലവത്തെക്കുറിച്ച് നാം ബോധവാന്മാരാകുക " ശ്രീ ഹരികുമാർ പറഞ്ഞു.

മറ്റെല്ലാ സംസ്ഥാനങ്ങളിലും DEN, ഹാത്ത് വേ, ജിയോ പോലുള്ള കുത്തകകളുടെ അധിനിവേശത്തിന് പ്രാദേശിക സംരഭകർ വഴങ്ങി കൊടുത്തപ്പോൾ കേരളത്തിലെ സംരഭകർ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിച്ചു - കേരള മോഡലിന് പുതിയ ഒരു ചരിത്രം കൂടി കുറിച്ചു. അതാണ് കെ.സി.സി.എൽ. പ്രാദേശിക നെറ്റവർക്കുകളെ 1995 ൽ തന്നെ വിഴുങ്ങാനെത്തിയ എ.സി.വി എന്ന കമ്പനിക്ക് തങ്ങളുടെ 25 വർഷത്തെ മത്സരത്തിനിടയിൽ മനസ്സിലായ ഒരു കാര്യമുണ്ട്. കേരളത്തിലെ വിനോദ വ്യവസായത്തെ ആർക്കും വിഴുങ്ങാനാകില്ല.
ആ യാഥാർത്ഥ്യത്തോട് പൊരുത്തപ്പെട്ട എ.സി.വി. അവർക്കുള്ള കണക്ഷൻ നിലനിർത്തി പോകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ ഇന്ത്യ മുഴുവൻ കീഴടക്കാനെത്തിയ ഒരു പുതിയ കമ്പനി പരാജയം സമ്മതിക്കാൻ തയ്യാറല്ല. തോറ്റ ചരിത്രം കേൾക്കാത്തവരാണവർ. കേന്ദ്ര സർക്കാറിലും കേരളത്തിലെ ഉയർന്ന -ഉദ്യോഗസ്ഥ വൃന്ദത്തിനിടയിലും വലിയ പിടിപാടുള്ള അവർ അവസാനത്തെ അടവുകൾ പുറത്തെടുത്തു തുടങ്ങിയെന്ന് കെ.സി.സി.എൽ വാക്താവ് കൂടിയായ ഹരികുമാർ സൂചിപ്പിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനമായ ജി.എസ്.ടി അധികൃതരെ രംഗത്തിറക്കി ഒരാഴ്ച മുമ്പ് കെ.സി.സി എൽ കമ്പനിക്കുള്ളിൽ നടത്തിയ റെയ്ഡ് കമ്പനിയെ പൂട്ടി കെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു.

ജി എസ് ടി ക്കെന്താണ് കെ.സി.സി എല്ലിൽ കാര്യം.

കെ.സി.സി എല്ലിന്റെ ഷെയർ ഹോൾഡേഴ്സെല്ലാം പ്രാദേശിക കേബിൾ ടി.വി ഓപ്പറേറ്റർമാരാണ്. 25000 രൂപ വീതം ഷെയർ എടുത്താണ് ഈ കമ്പനി അവർ പടുത്തുയർത്തിയത്. ഓരോ ഓപ്പറേറ്റർക്കും ശരാശരി നാനൂറ് കണക്ഷനാണ് ഉള്ളത്. ആ ഓപ്പറേറ്റർമാർ കേബിൾ ടി.വിയുടെ വാടകയായി ഒരു ഉപഭോക്താവിൽ നിന്ന് ഒരു മാസം വാങ്ങിക്കുന്നത് ശരാശരി 240 രൂപയാണ്. 240 രൂപ വെച്ച് 400 പേരുടെ കയ്യിൽ നിന്നും 12 മാസം വാങ്ങിയാൽ പതിനൊന്നര ലക്ഷം രൂപയാണ് മൊത്തം ടേണോവർ വരിക. ഇരുപതുലക്ഷം രൂപക്കു മേൽ വിറ്റുവരവുള്ളവർക്ക് മാത്രമെ ജി എസ് ടി ബാധകമാകൂ എന്നാണ് നിയമം. അതു കൊണ്ട് തന്നെ അധികം കേബിൾ ഓപ്പറേറ്റർമാരും ഉപഭോക്താക്കളുടെ കയ്യിൽ നിന്നും ജി എസ് ടി പിരിക്കാറില്ല. പിരിക്കാത്ത ജി എസ് ടി അടക്കേണ്ട കാര്യവുമില്ലല്ലോ. കെ.സി സി എൽ കമ്പനിയിൽ റെയിഡിനു വന്ന ജി എസ് ടി ഉദ്യോഗസ്ഥർ കെ.സി.സി എൽ കമ്പനിയിൽ കണ്ട കുറ്റം ജി എസ് ടി വെട്ടിപ്പാണ്. ജി എസ് ടി പിരിക്കാത്ത കമ്പനി എങ്ങിനെയാണ് വെട്ടിക്കുന്നത്.  കെ.സി.സി എൽ കമ്പനി വല്ല ഇടപാടും നടത്തുന്നുണ്ടെങ്കിൽ അത് പേ ചാനലുകളുമായിട്ടാണ്. അതായത് ഏഷ്യാനെറ്റും സൂര്യയും സോണിയും പോലുള്ള ചാനലുകൾ അവർ വില കൊടുത്തു വാങ്ങിക്കുന്നു.

30 ലക്ഷം ഉപഭോക്താക്കൾ ഉള്ളതിനാൽ അവർ വിലപേശി ചുരുങ്ങിയ വിലക്ക് ഈ ചാനലുകൾ വാങ്ങുന്നു. എന്നിട്ട് ഒരു പാക്കേജ് ഉണ്ടാക്കുന്നു. ഒറ്റക്ക് ഒരാൾ ഏഷ്യാനെറ്റ് വാങ്ങിയാൽ 19 രൂപ കൊടുക്കണം. എന്നാൽ മുപ്പതു ലക്ഷം പേർക്കായി ഒരുമിച്ച് ഏഷ്യാനെറ്റ് ചാനൽ വാങ്ങുമ്പോൾ സമവാക്യങ്ങൾ മാറുന്നു. 19 രൂപക്ക് പകരം ഏഷ്യാനെറ്റിന്റെ വില 6 രൂപയോ 8 രൂപയോ ആകുന്നു. മറ്റു ചാനലുകളും ഇതുപോലെ കെ.സി.സിഎല്ലിനു വേണ്ടി ചെറിയ തുക ക്വാട്ട് ചെയ്യുന്നു. ഇതു മൂലം ഒറ്റക്കൊറ്റക്ക് ഒരു വ്യക്തി 200- 300 രൂപക്ക് വാങ്ങേണ്ടി വരുന്ന ഒരു പറ്റം ചാനലുകൾ വെറും നാല്പത് അമ്പതു രൂപക്ക് കെ.സി .സി എല്ലിന് കിട്ടുന്നു. ഈ ലാഭം കെ.സി.സി എൽ ഓപ്പറേറ്റർക്കു പങ്കു വെക്കുന്നു. അതോടെ ആ ലാഭം ഓരോ ഉപഭോക്താവിനും കിട്ടുന്നു. ഇന്ന് 500 രൂപക്ക് കിട്ടേണ്ട ചാനലുകൾ 240 രൂപക്ക് ഓരോ ഉപഭോക്താവിനും കിട്ടുന്നത് ഇങ്ങിനെയാണ്. അപ്പോൾ കെ.സി. സി.എൽ ഓപ്പറേറ്റർക്കു കൊടുക്കുന്ന സർവ്വീസ് എന്താണ്? തീർച്ചയായും വളരെ വില കുറച്ച് പേ ചാനലുകൾ അവർ ഓപ്പറേറ്റർക്കു നൽകുന്നു. അതിന് ശരാശരി അമ്പത് രൂപ അവർ ഓരോ ഓപ്പറേറ്ററിൽ നിന്നും അവർ വാങ്ങിക്കുന്നു. ആ അമ്പതു രൂപക്കുള്ള ജി എസ് ടി യും കൃത്യമായി ഓപ്പറേറ്റർമാരിൽ നിന്നവർ വാങ്ങുന്നു. അത് കൃത്യമായും ജി എസ് ടി യായി അടക്കുകയും ചെയ്യുന്നു.  "പിന്നെ എന്ത് വെട്ടിപ്പാണ് കെ.സി.സി .എൽ നടത്തുന്നതായി ഈ ഉദ്യോഗസ്ഥർ ആരോപിക്കുന്നത്?" ഹരികുമാർ ചോദിക്കുന്നു.

അധികൃതർ പറയുന്നത് അമ്പതു രൂപയുടെ ജിഎസ് ടി മാത്രമല്ല , ഓപ്പറേറ്റർ മാസ വരിസംഖ്യയായി വാങ്ങുന്ന 240 രൂപയുടെയും ജി എസ് ടി മൊത്തമായി 'കെ സി സി എൽ അടക്കണം എന്നാണ്. അതെങ്ങിനെ ശരിയാകും. 'ഓപ്പറേറ്റർ വരിസംഖ്യ വാങ്ങുന്നു. ജി എസ് ടി 'വാങ്ങുന്നുമില്ല. ഇരുപത് ലക്ഷത്തിൽ താഴെ വിറ്റുവരവുള്ള ഓപ്പറേറ്റർക്ക് ജി എസ് ടി അടക്കേണ്ട എന്നാണല്ലോ നിയമം. അതു കൊണ്ട് അത്തരം ചെറിയ ഓപ്പറേറ്റർമാർ ടാക്സ് അടക്കുന്നില്ല. എന്നാൽ കൂടുതൽ കണക്ഷനുള്ള ഓപ്പറേറ്റർമാർ ജി എസ് ടി അടക്കുന്നുമുണ്ട്. കെ.സി.സി എൽ പിരിക്കാത്ത പണത്തിനും നൽകാത്ത സേവനത്തിനും അവരെന്തിന് സർവീസ് ടാക്സക്കണം.? ഈ ചോദ്യത്തിന് ഉത്തരം പറയാൻ ഇനിയും ജി എസ് ടി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. ഒരു കോടി രൂപയുടെ ചെക്ക് പിഴയായി വാങ്ങിയാണ് ജി എസ് ടി ഉദ്യോഗസ്ഥർ റെയ്ഡിനു ശേഷം സ്ഥലം വിട്ടത്. എന്നാൽ എന്തെങ്കിലും വകുപ്പിൽ ഇൻവോയ്സ് തരാൻ അവർ തയ്യാറായിട്ടില്ല. ഇൻവോയ്സ് ഇല്ലാതെ ചെക്ക് പണമാക്കി കൊടുക്കേണ്ട കാര്യവും കെ.സി.സി.എല്ലിനില്ല.

"അപ്പോൾ എന്തിനാണീ റെയ്ഡ് നാടകം? ജിയോക്ക് വേണ്ടിയാണോ?
എങ്കിൽ അങ്ങിനെ പേടിച്ച് ഓടുന്നവരല്ല കേരളത്തിലെ ഓപ്പറേറ്റർമാർ.
ജി.എസ്.ടി അധികൃതർ പറയുന്ന പോലെ എല്ലാ ഓപ്പറേറ്റർമാരും ഉപഭോക്താക്കളിൽ നിന്ന് നികുതിയായി 40 രൂപ കൂടുതൽ വാങ്ങേണ്ടി വരും. അതായത് ഇന്ന് കേബിൾ ടിവി കാണാനായി മലയാളി 240 രൂപ ചെലവാക്കുന്നിടത്ത് 280 രൂപ നൽകേണ്ടി വരും.  കൊറോണ മൂലം സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരുടെ തലയിൽ അധികഭാരം എടുത്തു വെക്കുന്ന നടപടിയായിരിക്കും ഇത്. ഇങ്ങനെ നാട്ടുകാരെ ഉപദ്രവിക്കാനാണോ ഈ കൊറോണക്കാലത്ത് ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിൽ കയറി റെയിഡ് നടത്തേണ്ടത്. മൂന്നു കൊല്ലമായി നല്ല രീതിയിൽ നടന്നു വരുന്ന ഒരു സർവ്വീസ് സെക്ടറിനെ പതിയിരുന്നാക്രമിച്ച് "ഇവർ നികുതി വെട്ടിക്കുന്നു" എന്നാരോപിച്ച് പത്രപ്രസ്താവന കൊടുക്കുന്നത് എന്തു തെളിവു കണ്ടെത്തിയിട്ടാണ്. ഇതാണോ സർക്കാരുകൾ സംരഭകർക്ക് വാഗ്ദാനം ചെയ്യുന്ന ബിസിനസ് സൗഹാർദ്ദം.  ജി.എസ്ടിയുമായി ബന്ധപ്പെട്ട് ട്രായിയുടെ നിയമം മാറിയിട്ടുണ്ടെങ്കിൽ ആ വിവരം മാന്യമായി നോട്ടീസ് അയക്കുകയല്ലേ ഉത്തരവാദിത്വപ്പെട്ടവർ ചെയ്യേണ്ടത്.

പകരം സ്ഥാപനം അടച്ചു പൂട്ടുവാൻ നിർബന്ധിക്കുന്നത് ഏതു കമ്പനിയുടെ താൽപ്പര്യമാണ്?

അടക്കാൻ വേണ്ടിയല്ല ഇത് തുടങ്ങിയത് ; ആ സ്വപ്നം ആരും കാണണ്ട. കുത്തകകളുടെ എത് അധിനിവേശത്തെയും നേരിടാൻ ഇന്ന് കേരളത്തിലെ കേബിൾ ഓപ്പറേറ്റർമാർക്ക് കഴിയും" ഹരികുമാറിന്റെ വാക്കുകളിൽ ആത്മവിശ്വാസം തുളുമ്പി നിൽക്കുന്നു. ഒരു ശരാശരി മലയാളി പുലർത്തുന്ന ഈ ആത്മവിശ്വാസത്തെ വെല്ലാൻ മാത്രം വളർന്ന ഒരു കുത്തകയും ഇതുവരെ കേരളത്തിലെ വിനോദ വ്യവസായത്തിൽ ഇല്ല. പക്ഷെ  ഇനി ഉണ്ടാകുമോ എന്ന്
പുതിയ സാഹചര്യത്തിൽ പറയാനുമാകില്ല, കാരണം പ്രാദേശിക സംരഭങ്ങളുടെ മേൽ അധിനിവേശം നടപ്പാക്കാനുള്ള കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയം കുറെക്കാലമായി ഇന്ത്യയിലുണ്ട്. അതിനെ നമുക്ക് നിസ്സാരമായി തള്ളാനാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP