Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

വിസ ചട്ടങ്ങൾ മുതൽ സർക്കാരിന്റെ ഉത്തരവുകളെയും പൊലീസിന്റെ ആജ്ഞകളെയും പല തവണ ലംഘിക്കാൻ തബ്ലീഗിന് മടിയുണ്ടായില്ല; ഇന്ത്യയുടെ വിദേശകാര്യ വകുപ്പ്‌പോലും വിശ്വാസത്തിന് മുമ്പിൽ അടിയറവ് പറഞ്ഞു; മതാധിപത്യത്തിന് മുന്നിൽ മുട്ടിലിഴയാൻ ശീലിച്ചതാണ് ഇന്ത്യൻ ജനാധിപത്യം; ഡൽഹിയെ കോവിഡ് വിഴുങ്ങിയ കഥ; സജീവൻ അന്തിക്കാട് എഴുതുന്നു

വിസ ചട്ടങ്ങൾ മുതൽ സർക്കാരിന്റെ ഉത്തരവുകളെയും പൊലീസിന്റെ ആജ്ഞകളെയും പല തവണ ലംഘിക്കാൻ തബ്ലീഗിന് മടിയുണ്ടായില്ല; ഇന്ത്യയുടെ വിദേശകാര്യ വകുപ്പ്‌പോലും വിശ്വാസത്തിന് മുമ്പിൽ അടിയറവ് പറഞ്ഞു; മതാധിപത്യത്തിന് മുന്നിൽ മുട്ടിലിഴയാൻ ശീലിച്ചതാണ് ഇന്ത്യൻ ജനാധിപത്യം; ഡൽഹിയെ കോവിഡ് വിഴുങ്ങിയ കഥ; സജീവൻ അന്തിക്കാട് എഴുതുന്നു

സജീവൻ അന്തിക്കാട്

ൽഹിയിലെ അധികാരികൾ ആൻഡമാൻ ദ്വീപിൽ നിന്നും ലഭിച്ച ഒരു സന്ദേശം വായിച്ച് ഞെട്ടിത്തരിച്ചു. ആൻഡമാൻ ദ്വീപിലെ ആറു രോഗികൾക്ക് കൊറോണയുടെ ടെസ്റ്റ് പോസറ്റീവായിരിക്കുന്നു. 

ഈ ആറു പേർക്കും ഒരേ യാത്രാ ചരിത്രമുണ്ടായിരുന്നു. അവരെല്ലാം ഒരു യഥാസ്ഥിതിക മുസ്ലിം കൂട്ടായ്മയായ തബ്ലീഗ് ജമാഅത്തിന്റെ ന്യൂഡൽഹിയിലെ മർക്കസിൽ നടന്ന കൺവെൻഷനിൽ പങ്കെടുത്തിരുന്നു.2020 മാർച്ച് 25 ന് വന്ന ഈ സന്ദേശം വായിച്ചപ്പോൾ മാത്രമാണ് നിസാമുദ്ദീനിൽ പൊട്ടിയ വൈറസ് ബോംബിനെക്കുറിച്ച് ഡൽഹിയിലെ അധികാരികൾ അറിയുന്നത്.

ഡൽഹിയിലെ അധികാരികളുടെ ശ്വാസം ഒരു നിമിഷം നിന്നു. ലോകമെമ്പാടു നിന്നും 4500 പേരാണ് ആ കൺവെൻഷനിൽ പങ്കെടുത്തിരിക്കുന്നത്. അവരൊക്കെ തിരിച്ചു പോയോ?'
തിരിച്ചു പോയവർ എത്ര പേരുമായി ബന്ധപ്പെട്ടു കാണും. അവർ അറിയാതെ എത്ര പേരിൽ കോവിഡ് പകർത്തിയിരിക്കും.

ഒരു പ്ലാൻ തയ്യാറാകുന്നു

ഡൽഹി പൊലീസും ജില്ലാ അധികാരികളും ആരോഗ്യ വിദഗ്ദ്ധരും ഉടനടി ഒരു മീറ്റിങ്ങ് ചേർന്നു. മാർച്ച് 12 നും മാർച്ച് 22നും ഇടയിൽ മർക്കസിൽ കൺവെൻഷനുവന്ന എല്ലാവരെയും പിന്തുടരുക.
തബ്ലീഗിന്റെ കൺവെൻഷൻ എന്നത് ഒരു മോട്ടിവേഷൻ ക്ലാസ് പോലെയാണ്. സന്നിഹിതരായ എല്ലാ വിശ്വാസികളെയും കുറെ ' ഗ്രൂപ്പുകളായി തിരിച്ചിരുന്നു. ഓരോ ഗ്രൂപ്പിനും മൂന്ന് ദിവസ വർക്ക്‌ഷോപ്പ്. പലരും ആവശ്യത്തിന് 'വിശ്വാസം' കിട്ടിയതോടെ സ്ഥലം വിട്ടിരുന്നു. പക്ഷെ മാർച്ച് 22 ന് പ്രധാനമന്ത്രി ജനതകർഫൂ പ്രാഖ്യാപിച്ചതോടെ ബാക്കിയുള്ളവർ മർക്കസിൽ പെട്ടു .

എന്താണ് മർക്കസിൽ സംഭവിച്ചതെന്ന് വിലയിരുത്തിയ ഉന്നതാധികാരികളുടെ യോഗം ഉടനടി ചെയ്യേണ്ടതെന്തെന്ന് തീരുമാനിച്ചു. മർക്കസ് ഒഴിപ്പിക്കുക, കെട്ടിടം അണുവിമുക്തമാക്കുക , കെട്ടിടത്തിനുള്ളിൽ ഉള്ളവരെ ക്വാറൻന്റൈനിൽ നിർത്തുക.

ഇതാണ് നടപ്പാക്കേണ്ട ആദ്യ അജണ്ട. പക്ഷെ ഈ കെട്ടിടം നിൽക്കുന്ന സ്ഥലം എവിടെയാണെന്നതാണ് പ്രശ്‌നം. സൽഹിയിലെ ജനനിബിഡമായ നിസാമുദീനിലാണ്. മർക്കസിന് അടുത്തു താമസിക്കുന്ന പലർക്കും അറിയില്ല തങ്ങൾക്കു സമീപം ഒരു കൊറോണ ബോംബു പൊട്ടി അണു പ്രസാരണം നടക്കുന്നുണ്ടെന്ന്. അതു കൊണ്ട് തന്നെ മനസമാധാനത്തോടെ ജീവിക്കുന്ന പരിസരവാസികളെ പാനിക്ക് ആക്കാതെ എല്ലാവരെയും ഒഴിപ്പിക്കണം. മാർച്ച് 26 മുതൽ 30 വരെയുള്ള അഞ്ചു ദിവസങ്ങൾക്കുള്ളിൽ.

ഡിഫൻസ് കോളനിയിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (SDM) ആയിരുന്ന വിനോദ് കുമാറിനായിരുന്നു മർക്കസിനുള്ളിൽ പോയി സ്ഥിതിഗതികൾ പരിശോധിക്കേണ്ട ചുമതല .
തെക്ക് കിഴക്കെ ഡൽഹിയിലെ ഡപൂട്ടി കമ്മീഷണർക്ക് ഭയപ്പാടോടെ അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചു. 'മർക്കസിനുള്ളിൽ ആരും സാമൂഹ്യ അകലം പാലിക്കുന്നില്ല. ഒരാൾക്ക് പോലും മാസ്‌ക്കില്ല. സാനിറ്റൈസർ എന്ന സാധനം അവർ കണ്ടിട്ടുപോലുമില്ല'

ഒഴിപ്പിക്കൽ തുടങ്ങിയ മാർച്ച് 29 ന് പല വിശ്വാസികളും ചുമക്കുന്നുണ്ടായിരുന്നു. നല്ല തലവേദനയും പനിയുമുണ്ടെന്നും അവർ പറഞ്ഞു.
ഭയപ്പെട്ടതു തന്നെയാണ് സംഭവിച്ചത്. അവരെയെല്ലാവരെയും കോവിഡ് വരിഞ്ഞുമുറുക്കിയിരുന്നു.
മാർച്ച് 29 ന് രാത്രി തന്നെ 34 പേരെ
ഉടനടി ആശുപത്രിയിലേക്ക് മാറ്റി.
മർക്കസ് കെട്ടിടത്തിന് പുറത്ത് ഒരു മെഡിക്കൽ ക്യാമ്പും സ്ഥാപിച്ചു. ഇനി ആരെ മറച്ചുവെക്കാൻ

മഹത്തായ ഒഴിപ്പിക്കൽ

മാർച്ച് 30ന് കാലത്ത് തന്നെ തുണികൊണ്ട് വിതാനിച്ച ഒരു ടെന്റ് മർക്കസിനു മുമ്പിൽ ഉയർന്നു. പൊലീസ് അവിടെ നിരന്നു. മർക്കസിലേക്കുള്ള വഴികളിൽ ബാരിക്കേഡുകൾ നിരന്നു. അയൽപക്കത്തു നിന്നുള്ള പച്ച പരമാർത്ഥികൾ ഒരാൾ പോലും മർക്കസ് കെട്ടിടത്തിനടുത്തേക്ക് വരില്ല എന്ന് പൊലീസ് ഉറപ്പാക്കി.

ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെ സന്നദ്ധ പ്രവർത്തകർ ടെന്റിൽ സർവ്വ സന്നാഹങ്ങളുമായി നിന്നു. മർക്കസിൽ നിന്നു പുറത്തു വരുന്ന ഓരോ വിശ്വാസിയെയും തെർമൽ സ്‌ക്രീനിങ്ങിന് വിധേയമാക്കി. അവരുടെ പേര്, വിലാസം, മർക്കസിൽ കഴിഞ്ഞ ദിവസങ്ങളുടെ വിവരം എല്ലാം ശേഖരിച്ചു. തെർമൽ സ്‌ക്രീനിങ്ങ് കഴിഞ്ഞവരെല്ലാം അവരാവരുടെ ലഗേജുകൾ കയ്യിലെടുത്ത് അമ്പതു മീറ്ററിനപ്പുറത്തുള്ള ബാരിക്കേഡിനു പുറത്തേക്ക് റോഡിലൂടെ നടന്നു. അവരെ വിവിധ ആശുപത്രികളിലേക്കോ ക്വാറൻന്റൈൻ സെന്ററുകളിലേക്കൊ കൊണ്ടുപോകാനുള്ള എഴുപതു ബസ്സുകൾ ബാരിക്കേഡിന് പുറത്തുള്ള റോഡിൽ കിടപ്പുണ്ടായിരുന്നു. വൈറസ് ബാധയേൽക്കാത്ത ഹസ്മത്ത് സ്യൂട്ട് ധരിച്ച ഡൽഹി ട്രാൻസ് കോർപ്പറേഷൻ ഡ്രൈവർമാർ വിശ്വാസികളെ കാത്തു നിന്നു. ഓരോ ബസിലും മുപ്പതു പേർ മാത്രം യാത്ര ചെയ്തു.

കുടിയൊഴിപ്പിക്കൽ വിജയകരമായി അവസാനിച്ചു. പക്ഷെ അതിന്റെ ആശ്വാസം അധികനേരം നീണ്ടുനിന്നില്ല. മർക്കസിൽ നിന്നും തെലുങ്കാനയിലേക്ക് മടങ്ങിപ്പോയ ആറു തബ്ലീഗ് വിശ്വാസികൾ മരിച്ചെന്ന വാർത്ത ഏവരെയും ഭയത്തിലാഴ്‌ത്തി. അവർക്കെല്ലാം കോവിഡ് പോസറ്റീവ് ആയിരുന്നു.

എല്ലാം നിയമം ലംഘിച്ച്

സുപ്രധാന ചോദ്യങ്ങൾ പലതും ബാക്കി നിർത്തിയാണ് മർക്കസ് കെട്ടിടം ഒഴിപ്പിച്ചത്. ലോകമെമ്പാടും കൊറോണ ബാധിച്ചു കൊണ്ടിരുന്ന ഒരു നിർണ്ണായക സന്ദർഭത്തിൽ ഇത്രക്കധികം മുന്നറിയിപ്പുകൾ നിലവിലിരിക്കെ നിസാമുദീൻ പോലുള്ള ഒരിടത്ത് അയ്യായിരത്തോളം ആളുകൾ എങ്ങിനെ കൂട്ടം കൂടി?
സമ്മേളനം എന്തുവന്നാലും നടത്തുമെന്നുള്ള തബ്ലീഗുകാരുടെ കൂസലില്ലായ്മ ഒരു വശത്ത് , ഈ തീവ്രതയെ ' തൽക്കാലം വിടാം എന്ന് കരുതിയാൽ പോലും വിദേശകാര്യ വകുപ്പ് എന്തിനാണ് വിദേശി മുസ്ലീങ്ങൾക്ക് സമ്മേളനം ചേരുന്നതിനായി വിസ കൊടുത്തത് എന്ന ചോദ്യം മുഴച്ചു നിന്നു. ആരൊക്കെയായിരുന്നു ആ വിദേശികൾ? ഇന്തോനേഷ്യ, മലേഷ്യ, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ഫ്രാൻസ്, ഇറ്റലി, മ്യാന്മർ, അൾജീരിയ, കിയറിഗസ്ഥാൻ, ഉക്രൈൻ, തായ്‌ലന്റ് , ശ്രീലങ്ക, ബംഗ്ലാദേശ് , യു.കെ , സിംഗപ്പൂർ, ബൽജിയം, ടുണീഷ്യ, യു എസ് പിന്നെ കുവൈറ്റ്.
ഇവിടങ്ങളിൽ നിന്നുള്ള വിദേശികളൊക്കെ ഈ രാജ്യത്തേക്ക് കടക്കുമ്പോൾ അവരുടെ മാതൃരാജ്യങ്ങളിൽ കോവിഡ് പടരുകയായിരുന്നു.

അക്കാര്യം വിദേശകാര്യ മന്ത്രാലയത്തിന് അറിയുകയും ചെയ്യാം. എന്നിട്ടും എല്ലാവരും ഡൽഹിയിലേക്ക് ചേക്കേറി .ഈ കൃത്യവിലോപത്തിൽ എന്തായിരുന്നു കേന്ദ്ര അഭ്യന്തര വകുപ്പിന്റെ റോൾ? അവരുടെ കീഴിലല്ലേ ഡൽഹിയിലെ ക്രമസമാധാനം. ആയിരക്കണക്കിന് മനുഷ്യർ ഒരിടത്തു കൂട്ടം കൂടുന്നത് അവർ അറിഞ്ഞില്ലേ? കേന്ദ്ര ഇന്റലിജൻസിന്റെ സമ്പൂർണ പരാജയമല്ലേ അത്.? ഡൽഹി സർക്കാർ രണ്ട് ഓർഡറുകൾ വളരെ മുമ്പ് തന്നെ പുറപ്പെടുവിച്ചിരുന്നു എന്ന കാര്യവും ഇത്തരുണത്തിൽ ഓർക്കേണ്ടതുണ്ട്. മാർച്ച് 13ന് സർക്കാർ ഇറക്കിയ ഓർഡർ പ്രകാരം 200 പേരിൽ കൂടുതൽ വരുന്ന ആൾക്കൂട്ടം നിരോധിച്ചിരുന്നു. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് കണ്ടപ്പോൾ മാർച്ച് 16ന് വീണ്ടും ഓർഡർ ഇറക്കി. അത് പ്രകാരം 50 പേരിൽ കൂടുതലുള്ള ആൾക്കൂട്ടം നിരോധിക്കപ്പെട്ടു.

പക്ഷെ എന്നിട്ടും 5000 പേർ ഒരിടത്തു കൂട്ടം കൂടി. മതത്തിന്റെയും വിശ്വാസത്തിന്റെയും താങ്ങുണ്ടെങ്കിൽ ഇന്ത്യയിൽ എന്ത് നിയമ ലംഘനവും സാധ്യമാണ്. ഹിന്ദുത്വ ഗവൺമെന്റായാലും മതേതര ഗവൺമെന്റായാലും മതങ്ങൾക്ക് സമ്പൂർണ്ണമായി അടിപ്പെട്ടാണ് മുന്നോട്ടു പോകുക. അതാണ് ശീലം.

ഏതെങ്കിലും പ്രത്യേക മതത്തിന് എതിരാണെന്ന് തോന്നിപ്പിക്കുന്ന നിയമങ്ങൾ നിർമ്മിക്കാൻ ചില സർക്കാരുകൾ ശ്രമിക്കുന്നതായി നടിക്കാറുണ്ട്. പക്ഷെ അത് ആ പ്രത്യേക മതത്തിനെതിരായ മറ്റു മത വിശ്വാസികളെ പ്രീണിപ്പിച്ചു കൂടെ നിർത്തി തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കാൻ വേണ്ടി മാത്രമാണ്. ശത്രുപക്ഷത്തു നിർത്തിയെന്ന് കരുതപ്പെടുന്ന മതവും സർക്കാരിന്റെ ആ ഗിമ്മിക്ക് ഇഷ്ടപ്പെടുന്നു. അതിന്റെ പേരിൽ ഇരവാദം ഉയർത്തി വേണം അവർക്ക് അവരുടെ മതവിശ്വാസികളെ തീവ്ര മതബോധമുള്ളവരാക്കി കൂടെ നിർത്താൻ.
'സർക്കാർ ഏതായാലും സ്ഥായിയായ ഭാവം സർവ്വ മത പ്രീണനമാണ് എന്നതിന് തബ്ലീഗ് മർക്കസ് കൺവെൻഷനും തെളിയിച്ചു.

ഡൽഹി പൊലീസിന്റെ ഇടപെടൽ

തബ്ലീഗ് കൺവെൻഷനിൽ വൻ വിശ്വാസിക്കൂട്ടം എത്തിച്ചേരുമെന്നറിഞ്ഞ ഉടനെ തന്നെ ഡൽഹി പൊലീസ് മർകസ് പ്രതിനിധികളുമായി ബന്ധപ്പെട്ടു.
ആളുകൾ കൂട്ടം കൂടരുതെന്ന ഓർഡർ ഉണ്ടെന്ന് സൗമ്യമായി വാക്കാൽ പറഞ്ഞു.
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥൻ ദു ഹിന്ദു പത്രലേഖകനോട് ഇങ്ങിനെ പറഞ്ഞു.
' മർക്കസ് ഒരു വമ്പൻ കെട്ടിടമാണ്. അഞ്ചു നിലകളും രണ്ട് ബേസ്‌മെന്റുകളും അതിനുണ്ട്. പൊലീസിനൊന്നും അവിടെ കയറി നോക്കാനാകില്ല'.
പക്ഷെ പൊലീസ് മർക്കസിലേക്ക് ഒരു കത്തുകൊടുത്തയച്ചു. നിസാമുദീൻ പൊലീസ് സ്റ്റേഷനിലേക്ക് ഹാജരാകാൻ തബ്ലീഗ് പ്രതിനിധികളോട് ആവശ്യപ്പെടുന്ന കത്ത്.
മാർച്ച് 24ന് തബ്ലീഗുകാർ എത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ മുകേഷ് വാലിയയുമായി ചർച്ച നടത്തി.
'എത്ര പെട്ടെന്ന് കഴിയുന്നുവോ അത്രയും പെട്ടെന്ന് മർക്കസിൽ നിന്ന് ആളൊഴിപ്പിക്കണം ' SHO തബ്ലീഗുകാരോട് പറഞ്ഞു.
ഈ ചർച്ചയുടെ വീഡിയോ പൊലീസ് ഷൂട്ട് ചെയ്ത് വെച്ചിരുന്നു. ഡൽഹി പൊലീസിനെതിരെ ആരോപണമുയർന്നപ്പോൾ ഈ വീഡിയോ പുറത്തു വിട്ടാണ് പൊലീസ് പിടിച്ചു നിൽക്കാൻ ശ്രമിച്ചത്.

'1500 പേരെ ഞങ്ങൾ മർക്കസിൽ നിന്നൊഴിപ്പിച്ചു '
മാർച്ച് 25ന് തന്നെ മർക്കസിലെ യൂസഫ് എന്ന മൗലാന പൊലീസിന് ഇങ്ങനെ എഴുതി.
'എന്നാൽ വ്യത്യസ്ത സംസ്ഥാനങ്ങളിൽ പെട്ട 1000 പേർ ഇനിയും ബാക്കിയാണ് ; നിങ്ങൾ പറഞ്ഞതനുസരിച്ച് വാഹനങ്ങൾക്കായി ഞങ്ങൾ SD മജിസ്‌ട്രേറ്റിനെ ബന്ധപ്പെട്ടിരുന്നു; പൊലീസ് ഉടൻ SDM നെ ബന്ധപ്പെട്ട് വാഹനത്തിനുള്ള പാസ് ശരിയാക്കിതരണം. പൊലീസിന്റെ ഏതു നിർദ്ദേശവും അംഗീകരിക്കാൻ ഞങ്ങൾ തയ്യാറാണ്, എല്ലാവരെയും കയറ്റി വിട്ടാൽ ഞങ്ങൾക്ക് മർക്കസിന് ഷട്ടർ ഇടാൻ വിരോധമില്ല'

എഴുത്തുകുത്തുകൾ പ്രത്യേകിച്ച് ഗുണം ചെയ്തില്ല. വലിയ ഒരു കൂട്ടം വിശ്വാസികൾ മർക്കസിൽ ബാക്കിയായി. ലാജ്പത് നഗറിലെ പൊലീസ് അസി.കമ്മീഷണർ അതുൽ കുമാർ തബ്ലീഗ് പ്രതിനിധികൾക്ക് മാർച്ച് 28ന് വീണ്ടും എഴുതി.
''ഞങ്ങൾ നിയമ നടപടികൾക്ക് ഒരുങ്ങുകയാണ്.'മൗലാന യൂസഫ് പിറ്റേ ദിനം തിരിച്ചെഴുതി ' ഒഴിപ്പിക്കൽ നടപടികളൊക്കെ ലോക് ഡൗൺ മൂലം മുടങ്ങിയിരിക്കുന്നു'

തബ്ലീഗ് മർക്കസിന്റെ ഡൽഹി തലവന്റെ പേര് മൗലാന മുഹമ്മദ് സാദ് എന്നാണ്. മാർച്ച് 21 ന് അദ്ദേഹം പുറപ്പെടുവിച്ച ഒരു സന്ദേശം വാട്ട്‌സ് അപ്പിലൂടെ പ്രചരിച്ചിരുന്നു.
'ലോക്ക് ഡൗണോ, സാമൂഹ്യ അകലം പാലിക്കലുമൊക്കെ തബ്ലീഗുകാർ ലംഘിക്കണം, കൺവെൻഷൻ നടന്നേ മതിയാകൂ.''അദ്ദേഹം ആജ്ഞാപിച്ചു .

എന്തായാലും FIR ഇട്ട രണ്ട് കേസുകൾ അദ്ദേഹത്തിന്റെ പേരിൽ ഡൽഹി പൊലീസ് ചാർജ് ചെയ്തിട്ടുണ്ട്.

കുടിയൊഴിച്ചിട്ടും തീരാത്ത പ്രശ്‌നങ്ങൾ

'രണ്ടായിരം പേരെ ഒരു ക്ലോസ്ഡ് ബിൽഡിങ്ങിൽ ഇട്ടടച്ചാൽ രണ്ടായിരം പേർക്കും കോവിഡ് പോസറ്റീവാനല്ലേ സാധ്യത 'ഡൽഹിയിലെ ഒരു ഉദ്യോഗസ്ഥൻ നെടുവീർപ്പോടെ പറഞ്ഞു. 

അത് ശരിയായെന്ന് പിന്നീടുള്ള ദിവസങ്ങൾ തെളിയിച്ചു .
മർക്കസ് കുടിയൊഴിപ്പിക്കാൻ ചെന്ന സമയം കുറെ വിശ്വാസികൾ മറ്റു മോസ്‌ക്കുകളിലേക്ക് മാറ്റപ്പെട്ടീട്ടുണ്ടായിരുന്നു. അവരെ പിടികൂടാൻ മറ്റൊരു സംയുക്ത ഓപ്പറേഷൻ വേണ്ടി വന്നു.
അതിനെ തുടർന്ന് 275 വിദേശികളെ വിവിധ മോസ്‌കുകളിൽ ക്വാറൻന്റൈൻ ചെയ്യിച്ചു. ആ വിദേശികൾ മുഴുവൻ തബ്ലീഗ് കൺവെൻഷനിൽ പങ്കെടുത്തവരായിരുന്നു.
അവർക്കെങ്ങിനെ വിസ കിട്ടി?

അവർക്ക് കിട്ടിയത് ടൂറിസ്റ്റ് വിസ ആയിരുന്നു. ടൂറിസ്റ്റ് വിസയിൽ വരുന്നവർ മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിലക്കുള്ള രാജ്യമാണ് ഇന്ത്യ . അതിന് മറ്റൊരു കാറ്റഗറി വിസയുണ്ട്. അങ്ങിനെ നോക്കുമ്പോൾ മൊത്തം നിയമലംഘനങ്ങളാണ് നടന്നീട്ടുള്ളത്.

275 വിദേശികൾക്ക് പുറമെ രോഗലക്ഷണങ്ങളില്ലാത്ത 1744 വിശ്വാസികളെ നരേള, വാസിറാബാദ്, ദ്വാരക, ജരോദ എന്നിവിടങ്ങളിൽ ക്വാറൻന്റൈനിൽ താമസിപ്പിച്ചിട്ടുണ്ട്. 4500 പേർ പങ്കെടുത്ത സമ്മേളനമായതിനാൽ ഇനിയും ആളുകൾ രോഗവാഹകരായി പുറത്തുണ്ടാകാം. തമിഴ്‌നാടിന്റെ ഹെൽത്ത് സെക്രട്ടറി വാർത്താക്കുറിപ്പിലൂടെ കാലുപിടിച്ച് അപേക്ഷിച്ച പോലെ 'സ്വയം മുന്നോട്ട് വന്ന് തബ്ലീഗിന് പോയെന്ന് ' പറയാൻ ഇവർ തയ്യാറായാലെ ലക്ഷക്കണക്കിനു ഇന്ത്യക്കാരെ രക്ഷിക്കാനാകൂ.

വൈറസ് വ്യാപനത്തിനെതിരെ

ഡൽഹിയിലെ 12 പൊലീസുകാർ തല മൊട്ടയടിച്ചു. നിസാമുദീൻ തബ്ലീഗ് മർക്കസ് ഒഴിപ്പിക്കാൻ സന്നദ്ധ സേവനത്തിനിറങ്ങിയവരായിരുന്നു അവർ. പൊലീസ് സ്റ്റേഷന്റെ മുക്കും മൂലയും സാനിറ്റൈസ് ചെയ്യപ്പെട്ടു. നിസാമുദീൻ മൊത്തതിൽ വൈറസ് ബാധിത ഏരിയയായി കണക്കാക്കപ്പെട്ടു. കുടിയൊഴിക്കപ്പെടുമ്പോൾ വിശ്വാസികൾ ബാരിക്കേഡ് വരെ നടന്ന അമ്പതു മീറ്റർ റോഡും അടിച്ചു കഴുകി അണുവിമുക്തമാക്കി.

പൊലീസിപ്പോൾ വലിയ ഒരു ഡാറ്റക്ക് പിറകിലാണ്. 'കൺവെൻഷൻ അറ്റൻഡ് ചെയ്തവർ തിരിച്ചു പോയ വഴികൾ, അവർ ഇടപഴകിയവർ എല്ലാവരെയും കണ്ടെത്തുകയാണ്.
സംസ്ഥാനങ്ങളിലേക്ക് നീളുന്ന ഒരു പ്രക്രിയയാണത്. '
ഒരു ഓഫീസർ പറഞ്ഞു.

തീവ്രമതവിശ്വാസികളും കൊറോണയും : ഒരു കൊറിയൻ തുടർക്കഥ

തെക്കൻ കൊറിയയിലും ഇതിനു സമാനമായ ഒരു ആളിപ്പടരൽ ഉണ്ടായി. തബ്ലീഗിനു സമാനമായി കൊറിയയിൽ ഉള്ള ഒരു ക്രിസ്ത്യൻ മത സമൂഹമാണ് ഷെൻചിയോഞ്ചി ചർച്ച്. യേശുവിന്റെ പിന്തുടർച്ചാവകാശിയായി സ്വയം അവകാശപ്പെട്ട് 1980കളിലാണ് ലീ എന്നൊരാൾ ഈ ക്ലസ്റ്റർ സ്ഥാപിക്കുന്നത്. ലക്ഷക്കണക്കിന് വിശ്വാസികളും വമ്പൻ കെട്ടിടങ്ങളും ഇന്നവർക്ക് സ്വന്തമായുണ്ട്. ഷെൻജിയോജി വിശ്വാസിയായ ഒരു സ്ത്രീക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടപ്പോൾ അവരെ ഒരു ഡോക്ടർ കോവിഡ് ടെസ്റ്റ് നടത്തി.
റിസൽട്ട് വരുന്നതുവരെ ആരുമായും ഇടപഴകരുതെന്ന് വിലക്കുകയും ചെയ്തു.
എന്നാൽ ആ സ്ത്രീ പിറ്റേന്ന് തന്നെ പള്ളിയിൽ പോയി ആയിരം പേരുള്ള കുഞ്ഞാടുകൾക്കുള്ളിൽ നിന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

 

അവരിൽ നിന്ന് 1024 പേർക്ക് രോഗം പകരുകയും ആ മതം മൂലം 5028 പേർക്ക് തെക്കൻ കൊറിയയിൽ രോഗം ബാധിക്കുകയും ചെയ്തു.
കൊറിയയുടെ മൊത്തം രോഗവ്യാപനത്തിന്റെ പകുതി ഈ ക്ലസ്റ്റർ ആയിരുന്നു.
ഇന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പ്രത്യേകിച്ച് തമിഴ്‌നാട് നേരിടുന്നത് തബ്ലീഗ് വഴി വന്ന കോവിഡ് ആണ്.രോഗം കണ്ടെത്താൻ ചവറു കണക്കിന് ടെസ്റ്റു നടത്തി കൊറോണയെ പമ്പ കടത്തിയ കൊറിയ ആകാൻ ഇന്ത്യക്കാകുമോ? ഇല്ല എന്ന് പറയാൻ കാത്തിരിക്കേണ്ടതില്ല.

ഷെൻജിയോജീ വഴിയുള്ള കോവിഡിനെതിരെ കൊറിയൻ പൊതു സമൂഹം ആഞ്ഞടിച്ചു.
ദൈവമായ ലീ പ്രത്യക്ഷപ്പെട്ട് ആദ്യം പറഞ്ഞത് 'എല്ലാം പിശാചിന്റെ പ്രവർത്തനമാണെന്നാണ് '.
'തന്റെ മതത്തിന്റെ ക്ഷിപ്രവളർച്ചയിൽ ആധിപൂണ്ടവരും കൂട്ടിനുണ്ട്.'

ഇതോടെ ജനം മൊത്തം ലീയുടെ മതത്തിനെതിരായി. ലീയെ കൊലക്കുറ്റത്തിന് പ്രോസിക്യൂട്ട് ചെയ്യെമെന്ന് പൊതുസമൂഹം ആവശ്യപെട്ടു. അതോടെ ലീ പത്രക്കാർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഒരൊറ്റ മാധ്യമ പ്രവർത്തകനും പ്രതീക്ഷിക്കാത്ത ഒരു കാര്യം ആ പത്രസമ്മേളനത്തിൽ സംഭവിച്ചു .
ലോകത്തിലാദ്യമായി ഒരു ദൈവം പത്രപ്രവർക്കു മുന്നിൽ മുട്ടുകുത്തി നിന്ന് കൊറിയൻ ജനതയോട് മാപ്പ് പറഞ്ഞു.

അതുകൊറിയ . ഇത് ഇന്ത്യ .
വിസ ചട്ടങ്ങളുടെ ലംഘനം മുതൽ സർക്കാരിന്റെ ഉത്തരവുകളെയും പൊലീസിന്റെ ആജ്ഞകളെയും 'പല തവണ ലംഘിക്കാൻ തീവ്രമതവിശ്വാസികൾക്ക് മടിയുണ്ടായില്ല. ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് പോലും വിശ്വാസത്തിന് മുമ്പിൽ അടിയറവ് പറഞ്ഞു. മതാധിപത്യത്തിനു മുന്നിൽ മുട്ടിലിഴയാൻ ശീലിച്ച ഇന്ത്യൻ ജനാധിപത്യത്തോട് മാപ്പു പറയാൻ ആറ്റുകാലമ്മയോ തബ്ലീഗ് 'ജമാ അത്തോ തയ്യാറാകില്ല.
കാരണം ഇന്ത്യയിൽ ഇതൊക്കെ സ്വാഭാവികം മാത്രമാണ്.
ഇറ്റ് കാൻ ഹാപ്പൻ ഇൻ ഇന്ത്യ അറ്റ് എനി ടൈം .

With inputs from Saurab Trivedi, The Hindu Daily

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP