Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എ.കെ.ആന്റണിയാണ് കേരളത്തിൽ ചാരായം നിരോധിച്ചത്; മദ്യക്കച്ചവടത്തിലൂടെ സർക്കാറിന്റെ വരുമാനം വർദ്ധിപ്പിച്ചതും അദ്ദേഹം തന്നെ;എല്ലാ സർക്കാരുകൾക്കും സാമ്പത്തിക പ്രശ്‌നം പരിഹരിക്കാനുള്ള ഏക പ്രതിവിധിയായി മദ്യവില വർദ്ധനവ് മാറി; അത് നാലാം ക്ലാസും ഗുസ്തിയും മാത്രമറിയുന്ന ധനമന്ത്രിയായാലും ഡോക്ടറേറ്റുള്ള ധനമന്ത്രിയായാലും!കേരളം മനുഷ്യരുടെ ഇന്ധനത്തിൽ രണ്ടു കണ്ണുവെച്ചപ്പോൾ കേന്ദ്രം വാഹനങ്ങളുടെ ഇന്ധനത്തിൽ ഒരു കണ്ണ് വെച്ചു; ഒരൽപ്പം മദ്യവിചാരം; സജീവൻ അന്തിക്കാട് എഴുതുന്നു

സജീവൻ അന്തിക്കാട്

ഒരൽപ്പം മദ്യവിചാരം

എ.കെ.ആന്റണിയെ ആദർശ ധീരൻ എന്നാണ് പറയുക .അദ്ദേഹമാണ് കേരളത്തിൽ ചാരായം നിരോധിച്ചത്. മദ്യക്കച്ചവടത്തിലൂടെ സർക്കാറിന്റെ വരുമാനം വർദ്ധിപ്പിച്ചതും അദ്ദേഹം തന്നെ .

36 വയസ്സിൽ കേരളത്തിന്റെ മുഖ്യ മന്ത്രിയായ വ്യക്തിയാണ് ശ്രീ.എ കെ ആന്റണി. പക്ഷെ രണ്ടു കൊല്ലമായപ്പോഴേക്കും ആദർശത്തിന്റെ പേരിൽ രാജി വെച്ചു. 

അടിയന്തിരാവസ്ഥയുടെ മറവിൽ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള ഇന്ദിരാഗാന്ധിയുടെ തീരുമാനത്തെ എതിർത്ത രണ്ടു കോൺഗ്രസ് നേതാക്കളിൽ 'ഒരാൾ ആന്റണിയായിരുന്നു.
സഞ്ജയ് ഗാന്ധിയെ വാഴിക്കാനുള്ള ശ്രമങ്ങളെ എതിർക്കാനും അദ്ദേഹം തയ്യാറായി.
1977 ൽ തെരഞ്ഞെടുപ്പിൽ തോറ്റ ഇന്ദിരയെ വീണ്ടും സ്ഥാനാർത്ഥിയാക്കി ചിക്മംഗളൂരിൽ നിന്നും മത്സരിപ്പിക്കാനുള്ള പാർട്ടി തീരുമാനം വന്നപ്പോൾ ആന്റണി കേരള മുഖ്യമന്ത്രിയാണ് .
സത്യത്തിൽ അന്നാണ് ആന്റണി ആദർശവാനാണെന്ന് കേരളത്തിന് ബോധ്യമായത്.
മുഖ്യമന്ത്രി സ്ഥാനം ഒരു ഡിസ്‌പോസിബിൾ ഗ്ലാസ് പോലെ അദ്ദേഹം വലിച്ചെറിഞ്ഞു.
ഒരു രാഷ്ട്രീയക്കാരന് എത്തിച്ചേരാൻ കഴിയുന്ന കുറയേറെ സ്ഥാനങ്ങളിലൊക്കെ എത്തിയിട്ടും ആന്റണി ഇന്നും സിമ്പിൾ ആണ്.
അദ്ദേഹത്തോളമെത്താത്ത സഹപ്രവർത്തകരും എതിർപക്ഷത്തെ കമൂണിസ്റ്റ് സമകാലീനരും ഉണ്ടാക്കിയതൊന്നും ഉണ്ടാക്കിയിട്ടുമില്ല .
ലോയറായ ഭാര്യ എലിസബത്ത് . രണ്ട് മക്കൾ.
സന്തുഷ്ട കുടുംബം.
സംതൃപ്ത ജീവിതം.

ഇക്കാര്യങ്ങളൊക്കെ ഓർമ്മയുണ്ടായിരുന്നതിനാൽ 1996 മാർച്ച് 31ന് അദ്ദേഹം ചാരായം നിരോധിച്ചപ്പോൾ പിന്തുണക്കാൻ തന്നെയാണ് തോന്നിയത്.
1996 ന് മുമ്പ് കേരളത്തിൽ ചാരായം സർവ്വവ്യാപിയായിരുന്നു.
ഒരു പഞ്ചായത്തിൽ തന്നെ നാലഞ്ചു ഷാപ്പുകളും ഉപഷാപ്പുകളും.
അവിടെ വിൽക്കുന്ന സാധനം എന്തു വിഷമാണെന്ന് ആർക്കും ഒരു പിടിയുമില്ല. അബ്കാരി കോൺട്രാക്ടർമാരുടെ ഡപ്പോകളിൽ സ്പിരിറ്റ് മാഫിയകൾ കള്ളക്കടത്തായി സ്പിരിറ്റെത്തിക്കും.
അത് ആളെക്കൊല്ലുമോ എന്ന് പരിശോധിക്കാൻ പറ്റിയ ഒരു ശാസ്ത്രീയ സംവിധാനവും ഇല്ലായിരുന്നു. ഒരു കുടിയനായ ടെസ്റ്റർ എല്ലാ ഡപ്പോയിലും ഉണ്ടായിരിക്കും.
ആശുപത്രിയിലേക്ക് പോകാൻ ജീപ്പു റെഡിയാക്കി നിർത്തി ഈ ടെസ്റ്റർക്ക് സ്പിരിറ്റ് കൊടുത്ത് നിരീക്ഷിക്കും.
രണ്ടു മൂന്ന് മണിക്കൂർ നിരീക്ഷിച്ചിട്ടും ടെസ്റ്റർക്ക് ആരോഗ്യ പ്രശ്‌നമില്ലെങ്കിൽ ആ സ്പിരിറ്റ് വെള്ളം ചേർത്ത് ചാരായമാക്കും. നാട്ടിൽ ചറപറ വിൽക്കും.

എക്‌സൈസ് ഓഫീസർമാർ അക്കാലത്ത് പ്രവർത്തിച്ചിരുന്നത് അബ്കാരികൾക്ക് വേണ്ടിയായിരുന്നു.
മാസപ്പടി എന്നൊരു സമ്പ്രദായം നിലവിലുണ്ടായിരുന്നു.
വാറ്റുചാരായം പിടിക്കൽ ആയിരുന്നു അവരുടെ പ്രധാന പണി . വാറ്റുചാരായം സുലഭമായാൽ ഷാപ്പിൽ കച്ചവടം കുറയുമല്ലോ. അതിനാൽ
റെയ്ഡുകളൊക്കെ നടത്തിക്കുക അബ്കാരികൾ ആണ്. അതിനായി ജീപ്പും വിദേശമദ്യവും തങ്ങാൻ ഹോട്ടൽ മുറികളും അവർ സ്‌പോൺസർ ചെയ്തു.

ആന്റണി ചാരായം നിരോധിച്ച് വിദേശമദ്യത്തിന് വില കൂട്ടി. അങ്ങിനെ മദ്യ ഉപയോഗം കുറക്കാനാകും എന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. 1996 ൽ പുതിയ നിയമസഭ തെരഞ്ഞെടുപ്പ് വരുന്നതിനാൽ സ്ത്രീകൾ ഈ തീരുമാനത്തെ പിന്തുണക്കുമെന്ന് അദ്ദേഹം കരുതി.

തീർച്ചയായും നാട്ടിൽ മാറ്റമുണ്ടായി. കൈവിരൽ ഒരു ദിശയിലേക്ക് ചൂണ്ടി കുടിച്ച് ഫിറ്റായി പെരുവഴിയിൽ കിടക്കുന്നവരുടെ എണ്ണം വളരെയധികം കുറഞ്ഞു.
( കുടിച്ചു ഫിറ്റായി വഴിയിൽ കിടക്കുന്നവരുടെ ചൂണ്ടുവിരൽ ശ്രദ്ധിച്ചാൽ അതൊരു പ്രത്യേക ദിശയിലേക്ക് ചൂണ്ടപ്പെട്ടിരിക്കുന്നതായി കാണാം. അതിനർത്ഥം സിമ്പിളാണ്. 'ആ ഭാഗത്താണ് എന്റെ വീട്, പറ്റുമെങ്കിൽ കൊണ്ടാക്കണേ ' എന്നാണ് ആ മുദ്ര പറയുന്നത് )

തീരുമാനം പാളുന്നു.

വിദേശമദ്യത്തിന് വില കൂട്ടിയാൽ മദ്യപാനം കുറയുമെന്നുള്ള ആന്റണിയുടെ ധാരണ പാളിപ്പോയി.
അതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം ആന്റണി മദ്യപിക്കില്ല എന്നതായിരുന്നു.
പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി ചൊവ്വയിൽ നിന്നു പോലും വരുമെന്ന് മുൻകൂട്ടിക്കാണാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല .

ചാരായം നിരോധിക്കുന്ന കാലത്ത് ചാരായത്തിന് അര കുപ്പിക്ക് 30 ൽ താഴെ രൂപയായിരുന്നു. (375 മി.ലി)
5 രൂപ 50 പൈസ കൊടുത്താൽ ഒരു ഡ്രിങ്ക് ചാരായം കിട്ടും.
കാലത്ത് കൂലിപ്പണിക്ക് വന്ന ഒരു തൊഴിലാളി കാലത്ത് പത്തരയാകുമ്പോൾ ഒരു ചായ കുടിച്ചിട്ട് വരാം എന്ന് പറഞ്ഞിട്ട് പോയാൽ തിരിച്ചെത്താൻ15 മിനിട്ടെ എടുക്കുമായിരുന്നുള്ളൂ.
അത്രക്കടുത്തുണ്ടായിരുന്നു. ലൂസായി അളന്ന് കിട്ടുമായിരുന്നു. നിങ്ങളൊരു ധാരാളിയാണെങ്കിൽ ഒരു മുട്ട പുഴുങ്ങിയതും കൂടി കഴിക്കാം. പക്ഷെ ആകെ ഏഴു രൂപ ചെലവ് മാത്രം.

അന്ന് തൊഴിലാളിയുടെ കൂലി ഏകദേശം നൂറു രൂപയാണ് . പുതിയതായി ജോലിക്ക് കയറിയ LD ക്ലർക്കിന് ഒരു ദിവസത്തേക്ക് നോക്കുമ്പോൾ 90 രൂപ.

ആന്റണി ചാരായം നിർത്തി വിദേശമദ്യമാക്കിയപ്പോൾ ലഹരി കിട്ടുന്ന ഇടങ്ങൾ കുറഞ്ഞു. പക്ഷെ ലഹരിക്ക് വില കൂടി.
അഞ്ചു രൂപ അമ്പതു പൈസക്ക് കിട്ടിയിരുന്ന ലഹരി കിട്ടാൻ മിനിമം 18 രൂപ കൊടുക്കേണ്ടി വന്നു. 18 രൂപ കൊണ്ട് ഫിറ്റാകില്ലല്ലോ.
60 രൂപയോളം ഒരു ദിവസം മദ്യത്തിനായി ചെലവ് വന്നു. 40 രൂപയുടെ അധിക ചെലവ്.

തൊഴിലാളിയായ ഒരു മദ്യപാനി അയാളുടെ സങ്കടം ആരോടാണ് പറയുക. ആകെ ഒരാളെ ഉള്ളൂ.
പണിക്ക് വിളിച്ച തൊഴിലുടമ.

150 രൂപയെങ്കിലും കൂലി കിട്ടിയാലെ മുതലാകൂ എന്ന് തൊഴിലാളി ഉടമയോട് പറഞ്ഞു.
'എങ്കിൽ നീ വരണ്ട, വേറെ ആളെ വെച്ചോളാം' എന്ന് പറയാൻ മാത്രം ഇതരസംസ്ഥാന തൊഴിലാളികൾ അന്ന് നാട്ടിലില്ലായിരുന്നു.
അങ്ങിനെ കൂലി കൂടി. (മറ്റ് ഘടകങ്ങളും ഉണ്ട് )

ചാരായം തിരിച്ചു കൊണ്ടുവരുമെന്ന ഉറപ്പ് LDF തൊഴിലാളികൾക്ക് നൽകിയിരുന്നുവെങ്കിലും സർക്കാറിന് നികുതിയിനത്തിൽ ലഭിക്കുന്ന വൻ വരുമാനവും സ്ത്രീകളുടെ എതിർപ്പും ഭയന്ന് അവരത് ചെയ്തില്ല.
പിന്നെ പിന്നെ വിദേശമദ്യമെന്നത് കോഴിത്തല പോലെയായി.
ബാധ ഏതു പ്രേതമായാലും മന്ത്രവാദിക്ക് ഒരു പ്രതിവിധിയേ ഉള്ളൂ. അത് കോഴിയുടെ തല കൊണ്ടുള്ള ക്ഷുദ്രകർമ്മമാണ് .
അതുപോലെ എല്ലാ സർക്കാരുകൾക്കും സാമ്പത്തിക പ്രശ്‌നം പരിഹരിക്കാനുള്ള ഏക പ്രതിവിധിയായി മദ്യവില വർദ്ധനവ് മാറി. അത് നാലാം ക്ലാസും ഗുസ്തിയും മാത്രമറിയുന്ന ധനമന്ത്രിയായാലും ഡോക്ടറേറ്റുള്ള ധനമന്ത്രിയായാലും !

കേരളം മനുഷ്യരുടെ ഇന്ധനത്തിൽ രണ്ടു കണ്ണുവെച്ചപ്പോൾ കേന്ദ്രം വാഹനങ്ങളുടെ ഇന്ധനത്തിൽ ഒരു കണ്ണ് വെച്ചു.
കേന്ദ്രവും സംസ്ഥാനവും കേറിയിറങ്ങി മേഞ്ഞപ്പോഴൊക്കെ കേരളത്തിലെ തൊഴിലാളി തൊഴിലുടമയോട് കൂലി കൂട്ടി വാങ്ങിക്കൊണ്ടിരുന്നു.
അങ്ങിനെ പോയി പോയി നാലഞ്ചു വർഷങ്ങളെടുത്തപ്പോഴേക്കും കേരളത്തിലെ കൂലി വ്യവസ്ഥ മറ്റു ദരിദ്ര സംസ്ഥാനങ്ങളേക്കാൾ മുന്നിരട്ടിയെങ്കിലുമായി തീർന്നു.
അങ്ങിനെയാണ് ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തെ ലക്ഷ്യമിട്ടത്.

മദ്യത്തിനും പെട്രോളിനും വില വർദ്ധിക്കുന്നതിനനുസരിച്ച് കൂലി വർദ്ധിപ്പിക്കാൻ തൊഴിലാളി നോക്കുന്നു. തൊഴിലുടമ കൂട്ടിക്കൊടുക്കുന്നു.
ഈ കൂടുതൽ കൊടുക്കാനുള്ള പണം ഉടമക്ക് എങ്ങിനെ ഉണ്ടാകുന്നു.
നോട്ടടിച്ച് കൊടുക്കാനാകില്ലല്ലോ.
സർക്കാർ ജോലിക്കാരായ തൊഴിലുടമകൾക്ക് കാലാകാലങ്ങളിൽ ജീവിത സൂചികക്ക് അനുസരിച്ച് ശമ്പളം കൂട്ടിക്കിട്ടുന്നതിനാൽ അതു സാധിക്കുന്നു.
പക്ഷെ കേരളത്തിലെ ബഹു ഭൂരിപക്ഷം പേർക്കും അത് 'എടുത്തു കൊടുക്കാൻ ' സാധിച്ചത് ഗൾഫ് - വിദേശ മലയാളി പണം കൊണ്ടായിരിക്കുമോ?

എങ്കിൽ ഈ കൊറോണക്കാലത്തെ മദ്യവില വർദ്ധനവ് എന്തെല്ലാം പ്രത്യാഘാതങ്ങളാണ് കേരളത്തിലുണ്ടാക്കുക?

ഇന്ന് 'കൂലി ഏകദേശം ആയിരം രൂപയാണ്.
ഒരു കുപ്പി മദ്യത്തിന് ശരാശരി നൂറു രൂപ വർദ്ധിപ്പിച്ചിട്ടുണ്ട്. ബസ് ചാർജും ഇരട്ടിയാകും. അങ്ങിനെയെങ്കിൽ കൂലിയിനത്തിൽ 150 രൂപയെങ്കിലും തൊഴിലാളിക്ക് വർദ്ധിപ്പിക്കേണ്ടി വരും.

പക്ഷെ എവിടന്നെടുത്തുകൊടുക്കും?
ഗൾഫ് കാരിൽ അധികം പേർക്കും ജോലിയില്ല, വരുമാനമില്ല. സർക്കാർ ജോലിക്കാർക്കാണെങ്കിൽ വരുമാനം 20% കുറവുമാണ്.
ഇപ്രാവശ്യം ഈ സൂത്രപ്പണി എളുപ്പമായിരിക്കില്ല എന്ന് മനസ്സിലാക്കാൻ യാതൊരു പ്രയാസവും തോന്നുന്നില്ല.

( Didclaimer :ഇതൊരു സാമ്പത്തിക ശാസ്ത്ര പഠനമല്ല)

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP