Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

സവർണ്ണജാതികളിൽ ജനിച്ചവരിൽ വളരെ ചെറിയ വിഭാഗം മാത്രമാണ് ജന്മിത്വ ആഢ്യ പാരമ്പര്യത്തിന്റെ പിന്മുറക്കാർ; ബാക്കിയുള്ളവർ കുചേലവൃത്ത പരിധിയിൽ ഒട്ടിയ വയറുമായി ജീവിച്ച് മരിച്ചവരാണ്; റിസർവേഷൻ ഇന്നൊരു രാഷ്ട്രീയ ആയുധമാണ്; സജീവ് ആല എഴുതുന്നു

സവർണ്ണജാതികളിൽ ജനിച്ചവരിൽ വളരെ ചെറിയ വിഭാഗം മാത്രമാണ് ജന്മിത്വ ആഢ്യ പാരമ്പര്യത്തിന്റെ പിന്മുറക്കാർ; ബാക്കിയുള്ളവർ കുചേലവൃത്ത പരിധിയിൽ ഒട്ടിയ വയറുമായി ജീവിച്ച് മരിച്ചവരാണ്; റിസർവേഷൻ ഇന്നൊരു രാഷ്ട്രീയ ആയുധമാണ്; സജീവ് ആല എഴുതുന്നു

സജീവ് ആല

രണ്ട് സെന്റ് ഭൂമി

അതിലൊരു പണി തീരാത്ത വീട് 

ഹോട്ടൽ തൊഴിലാളിയായ അച്ഛൻ
ഫേസ്‌ബുക്കിലെ സ്വത്വവാദികൾ സവർണ്ണ ഫാസിസ്റ്റ് എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന ഒരാളുടെ ഗാർഹിക അന്തരീക്ഷം ഇതാണ്.
ആത്മഹത്യ ചെയ്ത അനുവിന്റെ വീടാണത്. പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടയിൽ ഉപജീവനത്തിനായി വയറിങ് പണിക്കും അനു പോകുന്നുണ്ടായിരുന്നു. ഏറ്റവും കടുത്ത മത്സരം നടക്കുന്ന തിരുവനന്തപുരം ജില്ലയിൽ എക്സൈസ് ഗാർഡ് പരീക്ഷയിൽ എല്ലാ ഇല്ലായ്മകൾക്ക് ഇടയിലും അനു എഴുപത്തിയേഴാം റാങ്ക് നേടി. വളരെ മികച്ച റാങ്കായിരുന്നു 77 അടുത്ത പിഎസ്‌സി പരീക്ഷയിൽ ഇതിലും ഉയർന്ന റാങ്ക് അനുവിന് ലഭിക്കുമെന്ന് ഉറപ്പായിരുന്നു. ആ യുവാവ് കൊതിച്ച സർക്കാർ ജോലി ലഭിക്കുകയും ചെയ്യുമായിരുന്നു.

പക്ഷെ നിരാശയുടെ ആഴക്കയങ്ങളിലേക്ക് പതിച്ചുപോയ ഏതോ ഒരു നിമിഷത്തിൽ അനു സ്വയം ജീവനൊടുക്കി. അനുവിന്റേത് പോലെയുള്ള നൂറുകണക്കിന് സവർണ്ണ ദരിദ്ര കുടുംബങ്ങൾ കേരളത്തിലുണ്ട്. അവർ ഹോട്ടൽ പണിക്കും മൈക്കാട് ജോലിക്കും മറ്റ് ശാരീരികാധ്വാനം വേണ്ടിവരുന്ന ജോലിക്കും പോയാണ് കുടുംബം പുലർത്തുന്നത്. ( ഈ പാവങ്ങൾ മേലനങ്ങാതെ ജീവിക്കുന്നവരാണെന്നാണ് ചില സ്വത്വജീവികൾ പറയുന്നത്. ഇവരുടെ കുടുംബങ്ങൾക്ക് ചെലവിന് കൊടുക്കുന്നത് ഈ മഹാന്മാരാണ്,) പട്ടികജാതി കോളനിയിൽ ഒന്നര സെന്റിൽ നരകജീവിതം നയിക്കുന്ന ദരിദ്ര ദളിതനും അനുവും പിഎസ്‌സി പരീക്ഷ എഴുതുന്നത് ഒരേ ലക്ഷ്യത്തോടെയാണ്. സ്ഥിരവരുമാനമുള്ള ഒരു സർക്കാർ ജോലി ലഭിച്ച് ജീവിതം ഒന്ന് കരുപ്പിടിക്കണം.

അധികാരത്തിൽ പങ്കാളിത്തം പോലെയുള്ള യമണ്ടൻ ദുരാഗ്രഹമൊന്നും ഈ പാവങ്ങൾക്കില്ല. ഭൂമിയിൽ ഓക്സിജൻ ശ്വസിച്ച് ജീവിക്കാനുള്ള ഒരു പിടിവള്ളി അതുമാത്രമാണ് പരമദരിദ്ര മലയാളിക്ക് സർക്കാർ ജോലി. വീട്ടിൽ ബിഎംഡബ്ല്യു കാർ ഉള്ളവർക്ക് ഒബിസി സംവരണം ലഭിക്കും. മാസം ഒരു ലക്ഷം ശമ്പളമുള്ള ടൗൺ പ്ളാനറുടെ മകന് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങി റിസർവേഷൻ വാങ്ങി ജോലിയിൽ കയറാം.
ഒരു കോടി രൂപ തലവരി കൊടുത്ത് എംബിബിഎസ് അഡ്‌മിഷൻ വാങ്ങി ഓരോ സെമസ്റ്ററിനും ലക്ഷങ്ങൾ ഫീസ് കൊടുത്ത്പു റത്തിറങ്ങുന്നവർക്കും സർക്കാർ ജോലിക്ക് സംവരണം കിട്ടും.

സവർണ്ണജാതികളിൽ ജനിച്ചവരിൽ വളരെ ചെറിയ വിഭാഗം മാത്രമാണ് ജന്മിത്വ ആഢ്യ പാരമ്പര്യത്തിന്റെ പിന്മുറക്കാർ. ബാക്കിയുള്ളവർ കുചേലവൃത്ത പരിധിയിൽ ഒട്ടിയ വയറുമായി ജീവിച്ച് മരിച്ചവരാണ്. ഈ പാവപ്പെട്ടവരുടെ കണ്ണികൾക്ക് സ്വന്തമായി അഞ്ച് സെന്റ് ഭൂമി പോലുമില്ല. ഇവർക്കായി 10% സംവരണം കൊണ്ടുവന്ന ഉത്തരവാണ് ഒരു ജാതീയ വിവേചനവും അനുഭവിക്കാതെ സവർണ്ണ മുസ്ലിം ജന്മിയുടെ സമ്പന്ന പാരമ്പര്യത്തിൽ ആഘോഷജീവിതം നയിക്കുന്ന ഒരു പോപ്പുലർ ഫ്രണ്ടിനി കത്തിച്ചത്.

റിസർവേഷന്റെ എല്ലാ ആനുകൂല്യങ്ങളും അതാത് സമുദായങ്ങളിലെ മേൽത്തട്ടുകാർ കരസ്ഥമാക്കുന്നു. ദരിദ്ര ദളിതന് സംവരണ മത്സരത്തിൽ സമ്പന്ന ദളിതനെ തോല്പിക്കാനുള്ള കരുത്തോ ബലമോ ഇല്ല. ഒബിസി സംവരണം കിട്ടാനുള്ള നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ഏതാണ്ട് എല്ലാ പിന്നോക്ക കോടീശ്വരന്മാർക്കും ലഭിക്കും. ഫ്യൂഡലിസത്തിന്റെ എല്ലാ സുഖഭോഗങ്ങളും അനുഭവിച്ച് ആസ്വദിച്ച് ജീവിച്ച പാലേരിയിലെ മുരിക്കും കുന്നത്ത് അഹമ്മദ് ഹാജിയുടെ മക്കളും ഇന്ന് പിന്നോക്ക വിഭാഗമാണ്.

സംവരണവിഷയത്തിൽ ഭൂമിയിലെ യാഥാർത്ഥ്യത്തോട് നീതി പുലർത്തുന്ന സമീപനം സ്വീകരിച്ചിട്ടുള്ളത് സിപിഎം മാത്രമാണ്. റിസർവേഷൻ ബനിഫിറ്റ്സ് അതാത് സമുദായങ്ങളിലെ സൂപ്പർ പണക്കാർക്ക് ലഭിക്കത്തക്ക രീതിയിൽ ഓരോ വർഷവും മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ച് കൊടുക്കുന്നു. ഈ സ്ഥിരം ഗുണഭോക്താക്കൾ സംവരണം വെറും ജോലിയല്ല അധികാരത്തിന്റെ പീഠത്തിലേക്കുള്ള വഴിയാണെന്നൊക്കയുള്ള വമ്പൻ ഡയലോഗുകൾ ഫേസ്‌ബുക്കിൽ വീശി ലക്ഷം വീട് കോളനിയിലെ ദരിദ്ര യുവതയെ പറ്റിക്കുന്നു. പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങളിലെ അതിദരിദ്രർക്ക് മാത്രമാണ് സംവരണം നല്കേണ്ടത്. ഇപ്പോഴത്തെ SC/ST റിസർവേഷൻ ഇരട്ടിയാക്കി അതിൽ കടുത്ത സാമ്പത്തിക മാനദണ്ഡം കൊണ്ടുവരികയും വേണം.

മറ്റെല്ലാ സംവരണവും എടുത്ത് കളയണം. അവയെല്ലാം ഓപ്പൺ മെറിറ്റിലേക്ക് വന്നാൽ ഹിന്ദു- മുസ്ലിം- ക്രിസ്ത്യൻ വിഭാഗത്തിൽ ഉൾപ്പെട്ട കഠിനാധ്വാനികളായ പാവപ്പെട്ട യുവതിയുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്യും. അനുവിനെ പോലുള്ളവർ ആത്മഹത്യ ചെയ്യുന്നതുകൊണ്ട് അന്തരീക്ഷത്തിൽ ഓക്സിജൻ അളവ് ഗണ്യമായി കൂടുമെന്ന് സ്വന്തം പേരിൽ നായർ വാൽ കൊണ്ടുനടക്കുന്ന ഒരു ഫാസിസ്റ്റ് വിരുദ്ധ പോരാളിനി വിലയിരുത്തിയിട്ടുണ്ട്.

റിസർവേഷൻ ഇന്നൊരു രാഷ്ട്രീയ ആയുധമാണ്. അതുകൊണ്ട് വിദൂരഭാവിയിൽ പോലും ഇപ്പോഴത്തെ നിലയ്ക്ക് ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല. സൂപ്രീംകോടതിയുടെ അതിശക്തമായ ഇടപെടൽ വന്നാൽ എന്തെങ്കിലും ചെറിയ ഗുണം പാവപ്പെട്ടവർക്ക് ലഭിച്ചേക്കും.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അടിച്ചമർത്തപ്പെട്ടവരുടെ പേരും പറഞ്ഞ് അതാത് സമുദായങ്ങളിലെ രാജാക്കന്മാർ ആനൂകൂല്യങ്ങൾ തട്ടിയെടുക്കുന്ന അനീതി ലോകാവസാനം വരെ ഇന്ത്യയിൽ തുടരുക തന്നെ ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP