Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരള യൂണിവേഴ്സിറ്റി സ്ഥാപിച്ച സി പി അതിന്റെ ആദ്യ വൈസ് ചാൻസലറായി കണ്ടത് സാക്ഷൽ ആൽബർട്ട് ഐൻസ്റ്റൈനെയായിരുന്നു; കോൺഗ്രസ് പേര് കൊണ്ട് വലതുപക്ഷമായിരുന്നെങ്കിലും പ്രവർത്തനത്തിൽ അവരും ഇടതുപക്ഷമായിരുന്നു; കേരളം ഇന്ന് കൈവരിച്ചിട്ടുള്ള നേട്ടങ്ങളുടെ ഫുൾ ക്രഡിറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതല്ല; 35 വർഷം തുടർച്ചയായി കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിച്ചിട്ടും ഇന്നും ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ ജില്ലകളിലൊന്ന് പശ്ചിമബംഗാളിലെ മൂർഷിദാബാദാണ്; സജീവ് ആല എഴൂതുന്നു

കേരള യൂണിവേഴ്സിറ്റി സ്ഥാപിച്ച സി പി അതിന്റെ ആദ്യ വൈസ് ചാൻസലറായി കണ്ടത് സാക്ഷൽ ആൽബർട്ട് ഐൻസ്റ്റൈനെയായിരുന്നു; കോൺഗ്രസ് പേര് കൊണ്ട് വലതുപക്ഷമായിരുന്നെങ്കിലും പ്രവർത്തനത്തിൽ അവരും ഇടതുപക്ഷമായിരുന്നു; കേരളം ഇന്ന് കൈവരിച്ചിട്ടുള്ള നേട്ടങ്ങളുടെ ഫുൾ ക്രഡിറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതല്ല; 35 വർഷം തുടർച്ചയായി കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിച്ചിട്ടും ഇന്നും ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ ജില്ലകളിലൊന്ന് പശ്ചിമബംഗാളിലെ മൂർഷിദാബാദാണ്; സജീവ് ആല എഴൂതുന്നു

സജീവ് ആല

ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടത്തിൽ കാലപ്പഴക്കത്താൽ മാഞ്ഞും മങ്ങിയും പോയ ഒരു ശിലാഫലകമുണ്ട്. സൂക്ഷിച്ച് നോക്കിയാൽ അതിലൊരു പേര് വായിച്ചെടുക്കാനാവും.

സി പി രാമസ്വാമി അയ്യർ

അതായത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പുതന്നെ ഞങ്ങളുടെ നാട്ടിൽ ഒരു സർക്കാർ ആശുപത്രി സ്ഥാപിക്കപ്പെട്ടിരുന്നു.

എഫ് എ സി ടി, ടൈറ്റാനിയം, എം സി റോഡ്, പബ്ളിക് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഇവയെല്ലാം ജനായത്ത ഭരണം നിലവിൽ വരുന്നതിന് മുമ്പുതന്നെ തിരുവിതാംകൂറിൽ സ്ഥാപിക്കപ്പെട്ട് കഴിഞ്ഞിരുന്നു.

കേരള യൂണിവേഴ്സിറ്റി സ്ഥാപിച്ച സിപി അതിന്റെ ആദ്യ വൈസ് ചാൻസലറായി സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റൈനെ കൊണ്ടുവരാൻ ശ്രമിച്ചുവെന്നത് അതിശയത്തോടെ മാത്രമേ ഇന്നും ഓർക്കാനാവുകയൂള്ളു.

ഇന്ത്യ സ്വതന്ത്രമാകുന്ന സമയത്ത് നമ്പർ.1 നാട്ടുരാജ്യം തിരുവിതാംകൂർ ആയിരുന്നു.

ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ ഭാരതത്തിന്റെ ഇതരമേഖലകളേക്കാൾ അന്നേ ട്രാവൻകൂർ ബഹുദൂരം മുന്നിലായിരുന്നു. ഈ മികവ് ഉയർത്തിക്കാട്ടിയാണ് സിപി രാമസ്വാമി അയ്യർ സ്വതന്ത്ര തിരുവിതാംകൂർ വാദം ഉയർത്തിയത്.

സിപി കണ്ണിൽച്ചോരയില്ലാത്ത ഏകാധിപതിയായിരുന്നു.

ഇന്ത്യയിലെ ഇന്നത്തെ പല ഭരണാധികാരികളും അടിസ്ഥാനപരമായി സിപിയേക്കാൾ ബ്രൂട്ടലാണ്. ജനാധിപത്യത്തിന്റെ സുതാര്യതയും നിയന്ത്രണങ്ങളുമാണ് പലരേയും മര്യാദരാമന്മാരാക്കുന്നത്.

പറഞ്ഞുവരുന്നത് തിരുവിതാംകൂർ ഭൂമിയിലെ സ്വർഗ്ഗം ആയിരുന്നെന്നല്ല മറിച്ച് അന്നത്തെ നിലവാരമനുസരിച്ച് മറ്റ് നാട്ടുരാജ്യങ്ങളേക്കാൾ വളരെ ഭേദമായിരുന്നുവെന്ന് മാത്രമാണ്.

താഴേക്കിടയിലെ ജനങ്ങളുടെ ജീവിതം പരിതാപകരം തന്നെയായിരുന്നപ്പോഴും രാജകീയ സുഖഭോഗങ്ങൾക്ക് ഒട്ടും കുറവുമില്ലായിരുന്നു.

ജാതീയമായ വിവേചനങ്ങൾ സർക്കാർ അംഗീകാരത്തോടെ ഇവിടെ നിലനിന്നിരുന്നു.

പക്ഷെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സമാനമായ ഉച്ചനീചത്വങ്ങൾ അക്കാലത്ത് നിലവിലുണ്ടായിരുന്നു. എബ്രഹാം ലിങ്കൺ അടിമത്തം നിയമപരമായി ഇല്ലാതാക്കിയിരുന്നെങ്കിലും ജീവിതത്തിന്റെ എല്ലാ തുറകളിലും കടുത്ത വിവേചനം നേരിട്ട അമേരിക്കയിലെ കറുത്ത ജനത മോണ്ട്ഗോമറി ബസ് ബഹിഷ്‌കരണം നടത്തിയതും മാർട്ടിൻ ലൂഥർ കിംഗിന്റെ നേതൃത്വത്തിൽ പൗരാവകാശ പ്രക്ഷോഭം നടന്നതും ഇതേ കാലഘട്ടത്തിൽ തന്നെയായിരുന്നു.

ക്രൈസ്തവ മിഷനറിമാരും സഭകളും തിരുവിതാംകുറിനെ ആധുനീകരിക്കുന്നതിൽ വഹിച്ച പങ്ക് നിസ്തുലമാണ്.

പള്ളിയോട് ചേർന്ന് പള്ളിക്കൂടം കെട്ടാത്ത പാരിഷുകളുടെ അംഗീകാരം റദ്ദാക്കുമെന്നുള്ള ബ്രിട്ടീഷ് മിഷനറിയുടെ സർക്കുലർ ഉയർത്തിപ്പിടിച്ചാണ് ചാവറയച്ചൻ നാടുനീളെ സ്‌ക്കൂളുകൾ സ്ഥാപിച്ചത്.

കേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ കോട്ടയം സിഎംഎസ് കോളേജാണ് തിരുവിതാംകൂറിൽ ജ്ഞാനത്തിന്റെ വിജ്ഞാനത്തിന്റെ തിരിതെളിച്ചത്.

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജ് സ്ഥാപിക്കാൻ തിരുവിതാംകൂർ രാജാവിൽ സമ്മർദ്ദം ചെലുത്തിയതും മിഷനറിമാരാണ്.

പെൺകുട്ടികൾക്കായി പള്ളിക്കൂടങ്ങൾ തുറന്നതും അവരെ തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിപ്പിച്ച് മറുനാടുകളിൽ ജോലി നേടാൻ പ്രാപ്തരാക്കിയതിലും മുഖ്യപങ്ക് വഹിച്ചത് കേരളത്തിലെ ക്രൈസ്തവ സമൂഹമാണ്.

നഴ്സിങ് വിപ്ലവത്തിലൂടെ വിദേശനാണ്യം നാട്ടിലെത്തിച്ചത് ക്രിസ്ത്യൻ പെൺകുട്ടികളാണ്.

സ്വന്തം കാലിൽ നില്ക്കാനുള്ള പ്രാപ്തിയും വരുമാനവും സ്ത്രീകൾക്കുണ്ടാകണമെന്ന ക്രൈസ്തവ ശാഠ്യമാണ് പെൺകുട്ടികളുടെ വിവാഹപ്രായം കേരളത്തിൽ ഉയർത്തിയത്.

അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് നട്ടെല്ലുയർത്തി ജീവിക്കാനുള്ള അവകാശത്താനായി പോരാടിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിന്റെ സിരകളിൽ പോരാട്ടവീര്യമുണർത്തി.

പി കൃഷ്ണപിള്ളയും എകെജിയും ഇഎംഎസും പാവങ്ങളുടെ പടത്തലവന്മാരായി മാറി.

1957ലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ ആദ്യം ഒപ്പുവെച്ച ഉത്തരവ് കുടിയൊഴിപ്പിക്കൽ നിർത്തിവച്ചുകൊണ്ടുള്ളതായിരുന്നു.

ഭൂപരിഷ്‌കരണനിയമവും വിദ്യാഭ്യാസ ബില്ലും കേരളത്തിൽ ഒരേസമയം പ്രത്യാശയുടേയും പ്രതിഷേധത്തിന്റെയും തിരമാലകൾ തീർത്തു.

ഇഎംഎസ് സർക്കാർ പിരിച്ചുവിടപ്പെട്ടുവെങ്കിലും ആ സർക്കാർ കൊളുത്തിയ ജ്വാലയുടെ പ്രകാശത്തിൽ നിന്ന് പിന്നീട് വന്ന സർക്കാരുകൾക്കും അകന്ന് നില്ക്കാനായില്ല.

കോൺഗ്രസ് പേര് കൊണ്ട് വലതുപക്ഷമായിരുന്നെങ്കിലും പ്രവർത്തനത്തിൽ അവരും ഇടതുപക്ഷമായിരുന്നു.

അഞ്ചു വർഷം കൂടുമ്പോൾ ഭരണമാറ്റമുണ്ടായെങ്കിലും എൽഡിഎഫും യുഡിഎഫും ക്ഷേമരാഷ്ട്ര സങ്കല്പത്തിൽ തന്നെയാണ് ഊന്നിയത്.

പ്രവാസിമലയാളികളുടെ വിയർപ്പ് നാട്ടിൽ ആധുനിക സൗകര്യങ്ങൾ തീർത്തു. വീട്ടുകാരുടെ അക്കൗണ്ട് നിറയെ കാശ് വന്നു. അത് മാർക്കറ്റിലേക്ക് ഒഴുകി.

എന്നാൽ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരേപോലെ നവോത്ഥാനവിതരണവും വിനിമയവും നടന്നില്ല. സ്വാതന്ത്ര്യം നേടുന്നതിന് മുൻപേ തിരുവിതാംകൂർ നേടിയെടുത്ത മേൽക്കെ പിന്നെയും തുടർന്നു ഇപ്പോഴുമത് തുടരുന്നു.

സാമൂഹിക-വിദ്യാഭ്യാസ വികസനത്തിൽ മലബാർ ഒത്തിരി പിന്നിലായിപ്പോയി. ഇഎംഎസിനെ വിജയിപ്പിച്ച നീലേശ്വരവും നായനാരെ തുടർച്ചയായി തെരഞ്ഞെടുത്ത തൃക്കരിപ്പൂരും ഉൾപ്പെട്ട കാസർഗോഡ് ഇന്നും ഏറ്റവും പിന്നോക്ക ജില്ലയായി തുടരുന്നു.

കേരളം ഇന്ന് കൈവരിച്ചിട്ടുള്ള നേട്ടങ്ങളുടെ ഫുൾ ക്രഡിറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന വാദത്തിന് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല.

ക്രൈസ്തവ മിഷനറിമാർ തിരുവിതാംകൂർ രാജാക്കന്മാർ സി പി രാമസ്വാമി അയ്യർ വിവിധ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യത്തെ ഇഎംഎസ് ഗവണ്മെന്റ് അച്യുതമേനോൻ ഭരണം ഉമ്മൻ ചാണ്ടി ഇന്നത്തെ പിണറായി സർക്കാർ അങ്ങനെ അനേകം കൈവഴികളിലൂടെ വളർന്ന് വികസിച്ചതാണ് ആധുനിക കേരളം.

35 വർഷം തുടർച്ചയായി കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിച്ചിട്ടും ഇന്നും ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ ജില്ലകളിലൊന്ന് പശ്ചിമബംഗാളിലെ മൂർഷിദാബാദാണെന്നത് കേരളമോഡലിന്റെ നാനാത്വഭാവം വ്യക്തമാക്കുന്നു.

ഞങ്ങളാണ്
ഞങ്ങൾ മാത്രമാണ് നിന്നെ നീയാക്കിയതെന്ന് സദാസമയവും വിളിച്ചു കൂവിന്നിടത്തോളം മോശമായുള്ള മറ്റൊരു അശ്ളീലമില്ല പോലും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP