Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എൺപതുകളിൽ ജീവിതം തേടി ബോംബെയ്ക്ക് തീവണ്ടി കയറിയ മലയാളികളുടെ പേടിസ്വപ്നമായിരുന്നു ബാൽ താക്കറെയുടെ ശിവസേന; പാവങ്ങളുടെ തലതല്ലിപ്പൊട്ടിച്ച മണ്ണിന്റെ മക്കൾ ഗുണ്ടാസംഘം; സന്മനസ്സുള്ളവർക്ക് സമാധാനത്തിൽ ബോംബെയിൽ നിന്നുവന്ന ദാദാ ദാമോദർജി തട്ടിവിടുന്ന ഡയലോഗിൽ യാഥാർത്ഥ്യത്തിന്റെ നിറമുണ്ട്: സജീവ് ആല എഴുതുന്നു

എൺപതുകളിൽ ജീവിതം തേടി ബോംബെയ്ക്ക് തീവണ്ടി കയറിയ മലയാളികളുടെ പേടിസ്വപ്നമായിരുന്നു ബാൽ താക്കറെയുടെ ശിവസേന; പാവങ്ങളുടെ തലതല്ലിപ്പൊട്ടിച്ച മണ്ണിന്റെ മക്കൾ ഗുണ്ടാസംഘം; സന്മനസ്സുള്ളവർക്ക് സമാധാനത്തിൽ ബോംബെയിൽ നിന്നുവന്ന ദാദാ ദാമോദർജി തട്ടിവിടുന്ന ഡയലോഗിൽ യാഥാർത്ഥ്യത്തിന്റെ നിറമുണ്ട്: സജീവ് ആല എഴുതുന്നു

സജീവ് അല

'ശിവസേനക്കാരെന്ന് കേട്ടിട്ടുണ്ടാകുമല്ലോ. ബോംബെയിലെ കൊലക്കൊമ്പൻ ശിവസേനക്കാർ ഒരാളുടെ മുന്നിൽ മാത്രമേ അവരുടെ മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ട് നടക്കാറുള്ളു. ആ ആളാണ് ഈ ദാമോദർജി.'സന്മനസ്സുള്ളവർക്ക് സമാധാനത്തിൽ ഹൗസോണർ ഗോപാലകൃഷ്ണ പണിക്കരെ വിരട്ടാൻ ബോംബെയിൽ നിന്നുവന്ന ദാദാ ദാമോദർജി തട്ടിവിടുന്ന ഡയലോഗിൽ യാഥാർത്ഥ്യത്തിന്റെ നിറമുണ്ട്.

എൺപതുകളിൽ ജീവിതം തേടി ബോംബെയ്ക്ക് തീവണ്ടി കയറിയ മലയാളികളുടെ പേടിസ്വപ്നമായിരുന്നു ശിവസേന. ദാദറിലും ബാന്ദ്രയിലുമെല്ലാം ഫുട്പാത്തിലും തെരുവോരങ്ങളിലും കരിക്ക് വിറ്റും ഉന്തുവണ്ടിയിൽ ചായയും വടയും കച്ചോടം ചെയ്തും കുടുംബം പുലർത്താൻ ശ്രമിച്ച പാവപ്പെട്ട മലയാളികളുടെ തലതല്ലിപ്പൊട്ടിച്ച നാഭി തൊഴിച്ചുകലക്കിയ മണ്ണിന്റെ മക്കൾ ഗുണ്ടാസംഘമായിരുന്നു ശിവസേന.

ഉടുതുണിക്ക് മറുതുണിയില്ലാത്ത ബീഹാറി റിക്ഷാവാലക്കാരുടെ നടുതല്ലിയൊടിച്ച മറാത്താ റൗഡി സേനയുടെ പേര് കേൾക്കുമ്പോൾ ബോംബെയിലെ ഇതരസംസ്ഥാന ദരിദ്രർ ഞെട്ടിവിറയ്ക്കുമായിരുന്നു.ബാൽതാക്കറേ എന്ന ഫാസിസ്റ്റിന്റെ കുടിലസംഘം ഹിന്ദു വർഗ്ഗീയത ആളിക്കത്തിച്ച് കലാപങ്ങൾ സംഘടിപ്പിച്ച് ഇതിനിടയിൽ രാഷ്ട്രീയ പ്രാമുഖ്യവും നേടിയെടുത്തു.

സെൻസസ് വിവരം ശേഖരിക്കാനെന്ന വ്യാജേന മുസ്ലിം വീടുകൾ നോട്ട് ചെയ്ത് കലാപം അഴിച്ചുവിട്ട് നിരപരാധികളെ കൂട്ടക്കൊല ചെയ്ത ഭീകരസംഘമാണ് ശിവസേന.മഹാരാഷ്ട്രയിലെ മുസ്ലീങ്ങൾ ബിജെപിയേക്കാൾ ഭയന്നിരുന്നത് താക്കറേയുടെ ഗുണ്ടാപ്പടയെയാണ്.ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ ഓരോ അക്ഷരവും വിഷവും വിദ്വേഷവും ജനിപ്പിക്കുന്നതായിരുന്നു.മുസ്ലിം വിരോധം, അതുമാത്രമാണ് ശിവസേനയേയും ബിജെപിയേയും അടുപ്പിച്ചത്.

ഗസൽ സമ്രാട്ട് ഗുലാം അലിയുടെ പരിപാടി അലങ്കോലമാക്കിയ ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് നടന്ന വാങ്കഡേ സ്റ്റേഡിയത്തിലെ പിച്ച് നശിപ്പിച്ച, മുംബൈ നഗരത്തിന് പലവട്ടം തീകൊളുത്തിയിട്ടുള്ള,ബാബറി മസ്ജിദ് തകർക്കാൻ ബിജെപിക്ക് ഒപ്പം പോയ ശിവസേന ഇന്ന് മതേതര വിശുദ്ധരും ജനാധിപത്യ പോരാളികളുമായി മാറിയിരിക്കുന്നു.

ചാണകംവാരികളും ഗോമൂത്രം കുടിക്കാരുമായ ബിജെപി നേതാക്കളിൽ നിന്ന് തികച്ചും വ്യത്യസ്തനാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫട്നാവിസ്. ജാതി മതം ഗോത്രം തുടങ്ങിയവയുടെ പേരിൽ വ്യക്തികളെയോ കുടുംബങ്ങളെയോ സാമൂഹ്യമായി ബഹിഷ്‌ക്കരിക്കുന്നതിനെതിരെ ശക്തമായ നിയമം പാസാക്കിയ മോഡേൺ ഔട്ട്ലുക്കുള്ള ലീഡറാണ് ഫട്നാവിസ്.

അദ്ദേഹം തന്നെ വീണ്ടും മുഖ്യമന്ത്രിയാകണമെന്നായിരുന്നു ജനവിധി. എന്നാൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെന്ന് കണ്ട് ശിവസേന കളംമാറ്റി ചവിട്ടി.ഇനിയൊരിക്കൽ കൂടി ഫട്നാവിസ് മുഖ്യമന്ത്രിയായാൽ ശിവസേനയുടെ പൊടിപോലും മറാത്താമണ്ണിൽ കാണില്ലെന്ന് താക്കറേ ഫാമിലി ശരിക്കും ഭയപ്പെട്ടിരുന്നു.

അഴിമതിക്കേസ് കാണിച്ച് കണ്ണുരുട്ടി അജിത് പവാറിനെ അടർത്തിയെടുത്ത അമിത്ഷായുടെ അർദ്ധരാത്രി കുതന്ത്രം പാളിയെന്നത് സത്യമാണ്.
പക്ഷെ അതുകൊണ്ട് ജനാധിപത്യം സംരക്ഷിക്കപ്പെട്ടു മതേതരത്വം തിളക്കം വീണ്ടെടുത്തു എന്നൊക്കെയുള്ള വീരവാദങ്ങൾ മുഴക്കുന്നത് പരിഹാസ്യം മാത്രമാണ്.വെള്ളാപ്പള്ളി നവോത്ഥാനസമിതി അധ്യക്ഷനായത് പോലെയുള്ള കുടുകുടെ ചിരിപ്പിക്കുന്ന മറ്റൊരു ഫലിതമാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സെക്കുലർ സർക്കാർ.മഹാരാഷ്്വട നിയമസഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തുക. അതുമാത്രമാണ് ഒരേയൊരു പോംവഴി.

അവിശുദ്ധ രാഷ്ട്രീയസഖ്യങ്ങളിലൂടെ ലോകത്തൊരിടത്തും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെട്ടിട്ടില്ലെന്ന് തന്നെയാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP